സിജിന്‍ ബി ടി
കേരളത്തിന്റെ ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാല്‍ ആരാധകരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നുവെങ്കിലും തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചശേഷം സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ട് ഓര്‍മ്മകളിലേക്ക് മറഞ്ഞു പോയ ക്ലബുകള്‍ അനവധിയുണ്ട്. അതുകൊണ്ട് തന്നെ പുതിയൊരു ക്ലബ് കേരളത്തില്‍ തുടങ്ങുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ഗോളിരമ്പം തുടങ്ങുമെങ്കിലും പശ്ചാത്തലത്തില്‍ ഈ ക്ലബ് എത്രനാള്‍ പിടിച്ചു നില്‍ക്കുമെന്ന ചോദ്യം മുഴങ്ങുന്നുണ്ടാകും.
ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുംഐ ലീഗില്‍ ഗോകുലം കേരള എഫ് സിയുമൊക്കെ മടിക്കനമുള്ള മുതലാളിമാരുടെ പിന്തുണയോടെ മുന്നോട്ടു പോകുമ്പോള്‍ ആരാധകരുടെ മുതല്‍മുടക്കില്‍ തിരുവനന്തപുരത്ത് ഒരു ക്ലബ് രൂപം കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പരീക്ഷണം. ആരാധകര്‍ ഉടമകളായി ആരംഭിച്ച ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്ബോള്‍ ക്ലബ്. ആരാധകരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനല്‍ ഫുട്ബോള്‍ ക്ലബിന്റെ മാനേജര്‍ സിജിന്‍ ബി ടി മുന്നോട്ടുള്ള പാതയെ കുറിച്ചും ക്ലബ് രൂപം കൊണ്ടതിനെ കുറിച്ചും അനുവുമായി സംസാരിക്കുന്നു.
ആരാധകര്‍ ഉടമകളായ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് ആണ് ട്രാവന്‍കൂര്‍ റോയല്‍സ്. എങ്ങനെയായിരുന്നു ഇതിന്റെ രൂപീകരണം?
നമുക്കിടയില്‍ പലര്‍ക്കും മറക്കാനാകാത്ത ഒരു കാലഘട്ടമുണ്ടാകും. അമ്പലമുറ്റത്തും സ്ക്കൂളിലും കളിച്ചു നടന്ന സമയം. അവിടെ നിന്നൊക്കെ ഫുട്ബോള്‍ ഏറെ മാറിക്കഴിഞ്ഞു. ഈ കളിയും അതിന്റെ ഗ്രൗണ്ടും ഇന്ന് കളിക്കാരുടെ മാത്രമല്ല ആരാധകരുടെ കൂടിയാണ്. കാല്‍പ്പന്തിന്റെ ആവേശത്തിനൊപ്പം ഉയര്‍ന്നു പൊങ്ങുന്ന പല മനസ്സുകളുടേയുമാണ്. അത്തരം ഒരു ആശയത്തില്‍ നിന്നാണ് ട്രാവന്‍കൂര്‍ റോയല്‍സിന്റെ പിറവി. ഉത്തരവാദിത്തം കളിക്കാര്‍ക്ക് മാത്രമല്ല ആരാധകര്‍ക്ക് കൂടിയാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ഈ ക്ലബിന്റെ ജനനം.
ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി?
നേരത്തെ പറഞ്ഞതുപോലെ ആരാധകര്‍ക്കും ഉത്തരവാദിത്തം തുല്യ അളവില്‍ നല്കുന്ന ക്ലബ് അതാണ് ട്രാവന് കൂര് റോയല്‍സ്. ലോകത്തെ പ്രശസ്ത ഫുട്ബോള്‍ ക്ലബുകളായ റയല്‍ മാഡ്രിഡ്, എഫ് സി ബാര്‍സിലോണ, ബയണ്‍ മ്യൂണിച്ച് എന്നിവയുടെ പ്രവര്‍ത്തന ശൈലിയാണ് ട്രാവന്‍കൂര്‍ റോയല്‍സും പിന്തുടരുന്നത്. എന്നാല്‍ പണക്കൊഴുപ്പിന്റെ ആധിപത്യം നമുക്കുണ്ടാകില്ല. സ്പോര്‍ട്സിനു വേണ്ടി ആരംഭിച്ച ഒരു സ്റ്റാര്‍ട്ട് അപ്പ് അതാണ് ഈ ക്ലബിനെ പിന്നില്‍. അതിനു സര്‍ക്കാരിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നില്ല. പിന്നെ മറ്റെല്ലാ ക്ലബുകളെയും പോലെയല്ലാത്തൊരു ലക്ഷ്യം കൂടിയുണ്ട് ട്രാവന് കൂര് റോയല്‍സിന് സ്വന്തമായി സ്പോര്‍ട്സ് അക്കാദമി തുടങ്ങുക എന്നുള്ളതാണ്.
എന്തുകൊണ്ടാണ് ആരാധകര്‍ ഉടമകളാകുന്ന സാഹചര്യം ഉണ്ടായത്?
സാധാരണ ഗതിയില്‍ മറ്റേത് ക്ലബുകള്‍ക്കും ആരാധകര്‍ പിന്നിലാണ്. ജയവും തോല്‍വിയും കണക്കെടുപ്പും എല്ലാം ടീം മാനേജ്മെന്റിന്റെ കീഴിലാണ്. എന്നാല്‍ അതല്ല വേണ്ടത് ജയമായാലും പരാജയമായാലും അത് അറിയേണ്ടത് ആരാധകരാണ്. കളിക്കാരോടൊപ്പം അവരുടെ മാനസിക നില എന്താണെന്ന് മനസിലാക്കി കൂടെ നില്‍ക്കണം. ഞങ്ങളുടെ ആപ്തവാക്യം തന്നെ മറ്റ് ക്ലബുകള്‍ക്ക് ആരാധകര്‍ പന്ത്രണ്ടാമനാണെങ്കില്‍ ഞങ്ങള്‍ക്ക് ആരാധകരാണ് ഒന്നാമന് എന്നാണ്. അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതും. അത് അവര്‍ക്ക് നല്കുന്ന പ്രയോജനങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഭാവിതലമുറയ്ക്ക് ഒരു മുതല്‍ കൂട്ട് അതാണ് ഞങ്ങള്‍ നല്കുന്ന വാഗ്ദാനം.

ഈ സ്പോര്‍ട്ടപ്പ് എന്ന ആശയം
അതെ സ്പോര്‍ട്സിലെ സ്റ്റാര്‍ട്ടപ്പ് അതാണ് ഈ ആശയം. നമ്മുടെ നാട്ടിന്‍പുറത്തെ കുട്ടി പന്തുകളിയെ കാണുന്നത് അമിതവണ്ണം കുറയ്ക്കാനുള്ള വ്യായാമമായല്ല. കളി അവന്റെ ജീവിതമാക്കണമെന്ന് തീരുമാനിച്ചുള്ള വരവാണ്. അതുകൊണ്ടുതന്നെ അവന്റെ ആത്മാവിലും ശരീരത്തിലും കാല്‍പ്പന്തിന്റെ കരുത്തും സൗന്ദര്യവും കാണും. അങ്ങനെയൊരു സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബാഹ്യഘടകങ്ങള്‍ ഒരുക്കേണ്ട കടമ നമുക്കുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എന്നുകരുതി ധനസമാഹരണത്തിനായി സര്‍ക്കാറിനെ ആശ്രയിക്കുന്നത് ശരിയാകില്ല. പകരം തുച്ഛമായ ഒരു തുക നല്കി ഈ ക്ലബില്‍ അംഗത്വം എടുക്കാനായി ഞങ്ങള്‍ ആരാധകരെ ക്ഷണിക്കുകയാണ്. നിലവില്‍ 125 അംഗങ്ങളാണ് ക്ലബിലുള്ളത്. സ്പോര്‍ട്സ് എഞ്ചിനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്പോര്‍ട്സ് ബിസിനസുകളുടെ സംരംഭമാണ് സ്പോര്‍ട്ടപ്പ്.
പ്രധാന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ?
ഫുട്ബോളില്‍ മാത്രമൊതുങ്ങുന്നില്ല ട്രാവന്‍കൂര്‍ റോയല്‍സിന്റെ പോരാട്ടം. ക്രിക്കറ്റ്, വോളിബോള്‍, ബാസ്കറ്റ് ബോള്‍ എന്നിവയിലും പ്രൊഫഷണല്‍ ടീമുകളെ രംഗത്തിറക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു കുട്ടിയ്ക്ക് സ്കൂളില്‍ എത്രത്തോളം സമയം സ്പോര്‍ട്സിനു വേണ്ടി മാറ്റിവയ്ക്കാന്‍ കഴിയും. പഠനത്തിനു ശേഷം വളരെ കുറച്ച് സമയം. പക്ഷെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് സ്പോര്‍ട്സിനു മാത്രമായൊരു അക്കാദമിയാണ്. സ്പോര്‍ട്സിനെ സ്നേഹിക്കുന്നവര്‍ക്കായി ഒരു മുഴുവന്‍ സമയ പരിശീലന കേന്ദ്രം. ഇലക്ട്രോണിക്സ് സ്പോര്‍ട്സില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനല്‍ ടീമിനെ കളത്തിലിറക്കാനും ആലോചനയുണ്ട്. തിരുവനന്തപുരത്തെ പഴയ ആ തലയെടുപ്പോടെ ക്ലബുകളുടെ രംഗത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.
സീനിയര്‍ മാത്രമാണോ അതോ ജൂനിയര്‍ ടീമും ഉണ്ടോ ?
ജൂനിയര്‍ ടീമും ഒരു ലക്ഷ്യം തന്നെയാണ്. അതിനുള്ള ശ്രമങ്ങളും തുടരുകയാണ്. അതിനുള്ള ഗ്രൗണ്ട് നമുക്കുള്ളത് തന്നെ പ്രയോജനപ്പെടുത്തുകയാണ് ഇപ്പോള്‍. ഭാവിയില്‍ നമുക്ക് കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ഇതൊക്കെ പ്രചോദനമാകണം. ഞങ്ങളുടെ തന്നെ കുട്ടികള്‍ ഉണ്ടാക്കിയ പന്താകും ഉപയോഗിക്കുക. സ്വന്തം കളിക്കാര്‍, സ്വന്തം പന്തുപയോഗിച്ച് കളിക്കുക അത് വലിയൊരു അനുഭവമല്ലേ.

വിദേശതാരങ്ങള്‍ ടീമിലുണ്ടാകുമോ?
ഇല്ല. നമ്മുടെ നാട്ടില്‍ നമ്മുടെ മണ്ണിനെ അറിഞ്ഞ് കളിച്ചവരെയാണ് നമുക്ക് വേണ്ടത്. അല്ലാതെ പണമൊഴുക്കി വിജയിക്കാന്‍ മാത്രമുള്ള ഒരു ക്ലബല്ല ഇത്. മറിച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഒരു ലക്ഷ്യം കൂടിയുണ്ട്.
ബെന്‍ഫിക്കയുടെ റെക്കോര്‍ഡ് ഭേദിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞിരുന്നല്ലൊ?
അതെ ലക്ഷ്യം അത് തന്നെയാണ്. അതിന് നിരവധി ക്ലബുകളുടെ ഈറ്റില്ലമായ തിരുവനന്തപുരത്തെ ആരാധകര്‍ തന്നെ വിചാരിച്ചാല്‍ മതി. ഈ മണ്ണില്‍ നിന്നും താരങ്ങളുണ്ടാകണം. ഐ.എം വിജയന് അക്കാദമിയിലൂടെ വളര്‍ന്നവനല്ല. പരിമിത സാഹചര്യങ്ങളില്‍ ജീവിതത്തോട് ഏറ്റുമുട്ടി കളിക്കാരനായവനാണ്. ജന്മസിദ്ധമായ പന്തുകളിമികവ് കളത്തില്‍ നിറയും. ഇത്തരം മികവിനെ മിനുക്കിയെടുക്കേണ്ട ശാസ്ത്രീയപരിശീലനമാണ് വേണ്ടത്. പണം മുടക്കി പിറ്റേവര്‍ഷം മുതല്‍ ആദായം പ്രതീക്ഷിക്കുന്ന ഒന്നല്ല ഇത്.
ഐ എസ് എല്‍ പോയിന്റ് പട്ടികയില്‍ പിന്നില്‍ നില്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ പരീക്ഷണങ്ങളുടെ കാലഘട്ടമാണ്. അതുകൊണ്ട് തന്നെ നല്ല പോലെ കണക്കുകൂട്ടി ഉള്ള ഒരു രംഗപ്രവേശമാകുമോ ട്രാവന്‍കൂര്‍ റോയല്‍സിന്റേത്?
പട്ടികയില്‍ താഴ്ന്നപ്പോള്‍ പലരും പലതും ബ്ലാസ്റ്റേഴ്സിനെ പറ്റി പറഞ്ഞു. സച്ചിന് തഴഞ്ഞു. ആരാധകര്‍ സച്ചിനെതിരെ തിരിഞ്ഞു അങ്ങനെ പലതും. പക്ഷെ ഒന്നറിയണം ഏതൊന്നിനും ഒരു തിരിച്ചു വരവുണ്ടാകും. പിന്നെ ട്രാവന് കൂര് റോയല്‍സിന് ഇതിനുമപ്പുറമാണ് ലക്ഷ്യങ്ങള്‍ അത് ഞാന്‍ നേരത്തെ പറഞ്ഞല്ലൊ.
കായിക രംഗത്തെ താങ്കളുടെ പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇതില്‍ വിജയിക്കുമെന്ന പ്രതീക്ഷ?
വിജയവും തോല്‍വിയും പണം മുടക്കി പണം വാരാന്‍ ഇരിക്കുന്നവരെയാണ് ബാധിക്കുക. മറിച്ച് കളിക്കാര്‍ക്കു വേണ്ടി സ്വന്തം പണമുടക്കി അംഗങ്ങളായവരെ അത് ബാധിക്കില്ല. പിന്നെ നമ്മുടെ കുട്ടികള്‍ നാളെ അറിയണം. ഇതിന്റെ വിജയ സാധ്യതകളെ പറ്റി അത്രേയുള്ളൂ.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)