‘പ്രതിഭ തെളിയിച്ചിട്ടും ഗോത്രവാസിയായ മണിയെ മലയാള സിനിമ പുറത്ത് നിര്‍ത്തുന്നു’
മലയാള സിനിമയിലേക്ക് പച്ചപ്പുല്‍ച്ചാടിയായി എത്തിയ മണി എന്ന ആറാം ക്ലാസുകാരന് പിന്നീട് ക്യാമറയുടെ മുന്നിലെത്തുന്നത് ഉടലാഴം എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ മണിയുടെ അഭിനയം പ്രേക്ഷകരുടെ കൈയടി നേടുന്നു. 2006-ല്‍ ഇറങ്ങിയ ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മണി പിന്നീട് വയനാട്ടിലെ ഊരിലേക്ക് മടങ്ങിപ്പോയി. അവിടെ നിന്നും ജീവിതത്തിന്റെ തിരക്കുകളിലേക്കും. സിനിമ സ്വപ്നം കണ്ടിട്ടും സിനിമ ലോകത്ത് നിന്ന് ലഭിച്ച തിരസ്കാരം അദ്ദേഹത്തെ ജീവിതം പുലര്‍ത്താന്‍ ഷിമോഗയിലെ വാഴത്തോട്ടത്തിലേക്കും മറ്റും നയിച്ചു. അദ്ദേഹത്തെ ക്യാമറയുടെ മുന്നിലേക്ക് എത്തിക്കാന്‍ ഏറെ പണിപ്പെട്ടുവെന്ന് ഉടലാഴത്തിന്റെ സംവിധായകന് ഉണ്ണിക്കൃഷ്ണന് ആവള പറയുന്നു. ഉടലാഴത്തില്‍ മണിയുടെ അഭിനയ പ്രതിഭ വീണ്ടും തെളിഞ്ഞിട്ടും അദ്ദേഹത്തെ മലയാള സിനിമ പുറത്ത് നിര്‍ത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഉടലാഴം ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുകയാണ്. ഉണ്ണിക്കൃഷ്ണന് ആവളയുമായി കെ സി അരുണ്‍ സംസാരിക്കുന്നു.
ഉടലാഴത്തിലേക്ക് എത്തുന്നത്
ഉടലാഴം കൈകാര്യം ചെയ്യുന്നത് ശരീരത്തിനകത്ത് കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ കഥയാണ്. ഒരാളുടെ ശരീരം സമൂഹത്തില്‍ അയാളുടെ ഐഡിന്റിറ്റിയാണ്. കറുത്ത മനുഷ്യന്, കുള്ളനായ മനുഷ്യന് എന്നൊക്കെയാണ് നമ്മള് ഓരോരുത്തരേയും പറയുക. ഞാന്‍ ആണാണോ അതോ പെണ്ണാണോ എന്ന ആശയക്കുഴപ്പമുള്ള ചെറുപ്പക്കാരന് അയാള്‍ പൂര്‍ണമാണെന്ന് വിശ്വസിക്കുന്ന ആളുകളിലൂടെയുള്ള അന്വേഷണങ്ങള്‍ ആണ് ഈ സിനിമ. ഞാന്‍ എന്നാല്‍ എന്റെ ശരീരം മാത്രമാണോയെന്ന് പ്രധാനകഥാപാത്രമായ ഗുളികന് ചോദിക്കുന്നുണ്ട്.
ഞാന്‍ ലാസ്റ്റ് പേജ് എന്നൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. അക്കാലത്ത് ഞാന്‍ രാജു എന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ടൊരു യുവാവിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം മാധ്യമം ആഴ്ചപ്പതിപ്പില്‍ കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. അത് ഡിസി പുസ്തകമാക്കുകയും ചെയ്തു. രാജുവിന്റെ ജീവിതവും ലാസ്റ്റ് പേജിന്റ ഇടവും ചേര്‍ന്ന പരിസരമാണ് ഉടലാഴത്തിന്റെ കഥയിലേക്ക് എത്തിച്ചത്. ഞാനൊരു സ്കൂള്‍ അധ്യാപകനാണ്. താമസം കുറെക്കാലമായി നിലമ്പൂരിലാണ്. ഗോത്രവാസികളുടെ ജീവിതം അടുത്ത് നിന്ന് കാണാന്‍ സാധിച്ചിട്ടുണ്ട്. അവരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍, കാഴ്ചകള്‍ എല്ലാം ഈ കഥയെഴുത്തില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കാടിനും നാടിനും ഇടയില്‍പ്പെട്ട് പോയവരുടെ കഥ കൂടിയാണിത്.
ഞാന്‍ ഡിസി ബുക്സിനുവേണ്ടി എഴുതിയ പുസ്തകം ആണ് സിനിമയെന്ന തെറ്റിദ്ധാരണ ഐ എഫ് എഫ് കെയില്‍ സിനിമ കാണാന്‍ എത്തിയവര്‍ക്ക് ഉണ്ടായിരുന്നു. ആ പുസ്തകത്തിലെ കഥയേയല്ല സിനിമ. ആ പുസ്തകമെഴുത്തിലെ അനുഭവ മണ്ഡലം ഈ സിനിമയിലേക്ക് എത്തിക്കുയായിരുന്നു. ആ പുസ്തകം വായിച്ചിട്ട് അത് സിനിമയില്‍ പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും.
ആദ്യ സിനിമയിലെ അനുഭവങ്ങള്‍
ഉടലാഴത്തില്‍ എത്തുന്നതിന് മുമ്പ് രണ്ട് ഡോക്യുമെന്ററികള്‍ ഞാന്‍ ചെയ്തിരുന്നു. ഇങ്ങനെയൊരു കഥ എങ്ങനെയാണ് പകര്‍ത്തേണ്ടത് എന്നത് എന്റെയൊരു ആശയക്കുഴപ്പം ആയിരുന്നു. സിനിമയെപ്പോലെ തന്നെ ഈ സിനിമ പറയുന്ന വിഷയവും പ്രധാനപ്പെട്ടതാണ്. ഇങ്ങനെയും കുറെ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നുവെന്നത് രേഖപ്പെടുത്തേണ്ടതുണ്ട്. അത് പറയുമ്പോള്‍ ഇങ്ങനെയും മനുഷ്യര്‍ ജീവിക്കുന്നുണ്ടോയെന്ന് നമ്മുടെ പൊതുസമൂഹം ചോദിക്കുന്ന ഒരവസ്ഥയുണ്ട്.
നമ്മള് വിചാരിക്കുന്നതിനും അപ്പുറത്ത് ദുരിത ജീവിതം നയിക്കുന്ന ധാരാളം പേര് ഇവിടെയുണ്ട്. അത്തരം ആളുകള്‍ ഇവിടെയുണ്ട് എന്നുള്ള പറച്ചിലിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ സിനിമ. അത്തരത്തിലുള്ള നൂറോളം പേര് ഇതുമായി ബന്ധപ്പെട്ട് സഹകരിച്ചിട്ടുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകാത്തെ രീതിയിലായിരുന്നു ക്യാമറ പോലും വച്ചത്. പ്രകൃതിദത്ത വെളിച്ചത്തിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് ഉടലാഴം പൂര്‍ത്തിയാക്കിയത്. അന്നേ സിങ്ക്് സൗണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്.
ഡോക്ടേഴ്സ് ഡിലമയാണ് നിര്‍മ്മാണം. കഥയും തിരക്കഥയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഡോക്ടേഴ്സ് ഡിലമയിലെ ഡോക്ടര്‍ കെ ടി മനോജിനെ പരിചയപ്പെടുന്നത്. മെഡിക്കല്‍ കോളെജില്‍ ഒരുമിച്ച് പഠിച്ച മൂന്ന് ഡോക്ടേഴ്സിന്റെ കൂട്ടായ്മയാണ് ഡോക്ടേഴ്സ് ഡിലമ. ഡോക്ടര്‍ സതീഷ് എം, ഡോക്ടര്‍ രാജേഷ് എംപി എന്നിവരാണ് ഡോക്ടേഴ്സ് ഡിലമയിലെ മറ്റ് അംഗങ്ങള്‍.
വലിയ ആള്‍ക്കൂട്ടങ്ങളോ സൗകര്യങ്ങളോ ഉപയോഗിച്ച് ഈ സിനിമ ചെയ്യാന്‍ പറ്റില്ല. സൗഹൃദത്തിന്റെ പുറത്ത് എന്റെ കൂടെ നിന്ന ഒരുപാട് പേരുടെ കൂടെ അധ്വാനത്തിന്റെ ഫലമാണ് ഉടലാഴം. അഭിനയിച്ചവരും ഈ കഥയോടുള്ള പ്രതിബദ്ധത കാരണം ഒരുമിച്ച് വന്നവരാണ്.
രംങ്കനാഥ രവിയാണ് സൗണ്ട് ഡിസൈനര്‍. ബിജിപാലാണ് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. സിതാരയും സുഹൃത്ത് മിഥുന് ജയരാജുമാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഇരുവരും സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമ ഉടലാഴമാണ്. ആദ്യമായി മെയ്ക്കപ്പില്‍ ഒരു സ്്ത്രീയെ, നിത്യ ആന്റണി, അവതരിപ്പിക്കുന്നത്് ഉടലാഴത്തിലാണ്. പക്ഷേ, അവര്‍ പ്രവര്‍ത്തിച്ച കൂടെയാണ് ആദ്യം റിലീസ് ആയത്.
മണി വരാന്‍ തയ്യാറായിരുന്നില്ല
മണിയുടെ ജീവിതം വളരെ വ്യത്യസ്തമായ മറ്റൊരു ജീവിതമാണ്. മണി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആകസ്മികമായി ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയും മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു.
പക്ഷേ, അതിന് ശേഷം പത്ത് പതിനാല് വര്‍ഷത്തോളം മണി എവിടെയായിരുന്നുവെന്നത് എനിക്ക് കൗതുകമായിരുന്നു. ഉടലാഴത്തിലെ ട്രാന്‍സ്ജന്ററായ ഗുളികനെ അവതരിപ്പിക്കാന്‍ മുഖ്യധാര സിനിമയിലെ ഒന്ന് രണ്ട് പേരെയാണ് മനസ്സില്‍ കണ്ടിരുന്നത്. ചിലരോട് സംസാരിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴൊക്കെ ഗുളികന് എന്ന കഥാപാത്രത്തിലെ കണ്ണുകളിലെ തീവ്രതയും സ്നേഹവും ആവിഷ്കരിക്കാന്‍ പറ്റിയ ഒരാളെയാണ് ഞാന്‍ തേടിയിരുന്നത്. ജീവിതത്തില്‍ വേദനയുണ്ടെങ്കിലും അതിനിടയിലെ ചിരിയുണ്ട് ഗുളികന്റെ മുഖത്ത്.
അങ്ങനെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് മണിയെ കുറിച്ചുള്ള അഭിപ്രായം വന്നത്. ഞാന്‍ മണിയുടെ നമ്പര്‍ സംഘടിപ്പിച്ച് മണിയെ വിളിച്ചു. അന്ന് മണി ഷിമോഗയിലാണ് ജോലി ചെയ്തിരുന്നത്. വാഴ കൃഷിയായിരുന്നു. സിനിമയില്‍ അഭിനയിക്കാനാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അതിലൊന്നും വലിയ താല്പര്യമില്ലെന്നായിരുന്നു മണിയുടെ പ്രതികരണം. രണ്ട് മൂന്ന് സിനിമാക്കാര് പറ്റിച്ചത് കാരണമാണ് എന്റെ ജീവിതം ഈ നിലയില്‍ ആയത് എന്ന് മണി പറഞ്ഞു.
കാര്യങ്ങള്‍ എങ്ങനെ പറഞ്ഞിട്ടും മണിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് മണി സമ്മതിക്കുമെങ്കിലും വരുന്ന ദിവസം വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കില്ല. രണ്ട് മൂന്ന് മാസം അത് തുടര്‍ന്നപ്പോള്‍. ഞാന്‍ മണിയുടെ വീട്ടിലേക്ക് ചെന്നു. മണിയുടെ ഭാര്യ അവരുടെ നമ്പര്‍ തന്നു. മണി വരുന്ന ദിവസം വിളിച്ച് പറയാം എന്ന് അവര്‍ പറഞ്ഞു. മണി അക്കാര്യം അറിയണ്ട എന്നും കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ച് മണി എത്തിയത് പറഞ്ഞു. ഞങ്ങള്‍ വീട്ടില്‍ ചെന്നു. മണി കുട്ടികളുടെ കൂടെയിരുന്ന് കളിക്കുകയായിരുന്നു. ഞങ്ങള്‍ മണിയോടൊപ്പം രാവിലെ മുതല്‍ വൈകുന്നേരം വരെ ചെലവഴിക്കുകയും പതിയെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം എടുക്കുന്നില്ലെങ്കിലും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.
തിരുനെല്ലിയിലേക്കൊരു യാത്ര
അങ്ങനെയിരിക്കേ മണിയോടൊപ്പം ഞങ്ങള്‍ തിരുനെല്ലിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തു. ഏഴ് ദിവസം അവിടെ തങ്ങി. കഥയേയും കഥാപാത്രങ്ങളേയും കുറിച്ച് സംസാരിച്ചു. ഒടുവില്‍ മണി സമ്മതിക്കുകയായിരുന്നു. പക്ഷേ, റിഹേഴ്സല്‍ ചെയ്തപ്പോള്‍ മണിക്ക് ഗുളികന് വഴങ്ങിയില്ല. എങ്കിലും ഗുളികനില്‍ ഞാന്‍ കാണുന്ന കണ്ണും ചിരിയുമൊക്കെ മണിയില്‍ ഉണ്ടായിരുന്നു.
ഒരു ദിവസം മണി നിലമ്പൂരിലെ എന്റെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞ് വീട്ടിലെത്തി. ആറ് മാസത്തോളം മണി ഞങ്ങളോടൊപ്പം കഴിഞ്ഞു. ഞാനും ഭാര്യയും മക്കളും പിന്നെ സിനിമയിലെ അസോസിയേറ്റ്സും കൂടെ ഉണ്ടായിരുന്നു. അങ്ങനെ മണിക്ക് ആഴത്തില്‍ ഞങ്ങളുമായി ഒരു ബന്ധം രൂപപ്പെട്ടു. ആ സമയത്ത് തിരക്കഥ അവസാനഘട്ടത്തില്‍ എത്തിയിരുന്നു.
തിരക്കഥയിലെ ഓരോ ഭാഗവും മണി വായിക്കും. മലയാളത്തില്‍ ഞാന്‍ എഴുതിയത് മണി പണിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യും. അങ്ങനെ മണി തിരക്കഥായെഴുത്തിന്റെ ഭാഗമായി. മണിയുടെ സമ്മതവും മൂഡും എങ്ങനെയായിരുന്നുവോ അതിന് അനുസരിച്ചായിരുന്നു ഷൂട്ട്. സിനിമ പൂര്‍ത്തിയാക്കാന്‍ മൂന്ന് നാല് മാസം എടുത്തു. മണിയെ കംഫര്‍ട്ടാക്കി എടുക്കാന്‍ സാധിച്ചത് കൊണ്ട് ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ഉടലാഴം ചെയ്യാനായി.
മണിയെ കൂടാതെ നിലമ്പൂര്‍ ഉള്‍ക്കാടുകളില്‍ ജീവിക്കുന്ന 80 ഓളം പേര് കുടുംബത്തോടൊപ്പം വന്ന് സെറ്റില്‍ താമസിച്ചു ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അവരില്‍ ഒരാളായി ഞങ്ങള്‍ മാറി. അവരാണ് സിനിമയിലെ സെറ്റിലെ വീടുകളുടെ ഘടനയും മറ്റും ഞങ്ങള്‍ ചെയ്തതിലെ തെറ്റ് കുറ്റങ്ങള്‍ പറഞ്ഞ് തന്ന് ശരിയാക്കിയിട്ടുള്ളത്. കാരണം നമ്മളേക്കാന് നന്നായി അവരുടെ ജീവിതം അവര്‍ക്കാണ് അറിയാവുന്നത്.
മണിയുടെ കുടുംബവും ചിലപ്പോള്‍ സെറ്റില്‍ വന്ന് താമസിച്ചിരുന്നു. മണിക്ക് മക്കളെ കാണണം എന്ന് പറയുമ്പോള്‍ കാര്‍ അയച്ച് കുടുംബത്തെ കൊണ്ടുവരുമായിരുന്നു.
മണി ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യ ഗോത്രവാസി നായകന്
ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് ഗോത്രവാസി വിഭാഗത്തില്‍ നിന്നൊരാള്‍ സിനിമയില്‍ നായകനാകുന്നത്. ഇപ്പോള്‍ മണിയുടെ സ്വപ്നത്തില്‍ മുഴുവന്‍ സിനിമയാണുള്ളത്. മണി വിളിക്കുമ്പോഴെല്ലാം അടുത്ത ചാന്‍സ് വന്നില്ലല്ലോയെന്നാണ് പറയുന്നത്.
ഫോട്ടോഗ്രാഫര്‍ സിനിമയ്ക്ക് ശേഷം മണിയെ ഒരു ആല്‍ബം ചെയ്യാന്‍ വേണ്ടി തൃശൂരിലെ ഒരു ടീം വിളിച്ചു. മണി അവിടെയെത്തി ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് പോകാന്‍ നേരത്ത് ഒരു പൈസയും അവര്‍ കൊടുത്തില്ല. അക്കൗണ്ടില്‍ ഇട്ട് കൊടുക്കാം എന്ന് പറഞ്ഞതല്ലാതെ ഒന്നും ഉണ്ടായില്ല. തിരിച്ച് വരാന്‍ ബസിനുള്ള പണം പോലും അദ്ദേഹത്തിന്റെ കൈയില്‍ ഇല്ലായിരുന്നു. അന്ന് മണിയുടെ അച്ഛന് കൂട്ട് പോയിരുന്നു. ഈ സംഭവത്തിന് ശേഷം അച്ഛന് കൂട്ട് പോകുന്നത് നിര്‍ത്തി.
പിന്നെ കുറിച്ച് കാലം കഴിഞ്ഞപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും ഓഫര്‍ വന്നുവെങ്കിലും അച്ഛന് ജയിലില്‍ ആയത് കാരണം അതിന് പോകാന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചുവെങ്കിലും മണിയുടെ സഹോദരി ആത്മഹത്യ ചെയ്തിന്റെ പെലയില്‍ ആയിരുന്നതിനാല്‍ പോകാന്‍ പറ്റില്ല.
സിനിമയിലെ ഗുളികന് അനുഭവിക്കുന്നതിന്റെ മറ്റൊരു അനുഭവം ആണ് മണിക്ക് ജീവിതത്തില്‍ ഉള്ളത്. ഗുളികന്റെ കരച്ചിലെന്നത് മണിയുടെ കരച്ചില് തന്നെയാണ്. അങ്ങനെയുള്ള ഒരാള്‍ ദേശീയ അന്തര്‍ദേശീയ വേദികളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടും ഇപ്പോഴും മണി മലയാള സിനിമയ്ക്ക് പുറത്താണ്. അദ്ദേഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പോലും ശ്രമിച്ചിട്ടില്ല.
മുഖ്യധാര സിനിമ മണിയെ മാറ്റി നിര്‍ത്താന്‍ കാരണം
മാര്‍ക്കറ്റ് വാല്യൂ എന്നൊരു സംഗതിയുണ്ട്. മണി ഇപ്പോഴും താരമല്ല. മണിയെപ്പോലൊരു ആളെ സിനിമയിലേക്ക് എടുക്കാന്‍ എത്രയാളുകള്‍ തയ്യാറാകും എന്നത് ഒരു ചോദ്യമാണ്. ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ഏതോ ഒരു സിനിമയില്‍ തല കാണിച്ച് പോകുക മാത്രമാണ് മണി ചെയ്തിട്ടുള്ളത്. സിനിമയുടെ ഭാഗമായി മാറാന്‍ കുറെ ശ്രദ്ധക്ഷണിക്കലുകള്‍ ആവശ്യമാണ്. അത് മണി ചെയ്യില്ല. നമ്മളൊരു കഥാപാത്രത്തെ അങ്ങോട്ടേക്ക് കൊണ്ട് കൊടുത്താല്‍ മാത്രമേ അത് ചെയ്യത്തുള്ളൂ. മണിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ ഇന്ന് കേരളത്തിലുള്ള ഏതൊരു സിനിമ നടനെ പോലെയും കഴിവുള്ളയാള്‍ ആണെന്ന് തെളിയും.
ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് തിയേറ്റുകളില്‍ എത്തുമ്പോള്‍
ആളുകള്‍ സ്വീകരിക്കുമോയെന്ന ആശയക്കുഴപ്പം എനിക്കില്ല. ഉടലാഴത്തിന്റെ ലോക പ്രീമിയര്‍ നടന്നത് മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. അവിടെ മലയാള ഭാഷയറിയാത്തവരുടെ മുന്നിലാണ് സിനിമ കാണിച്ചത്. പക്ഷേ, മൂന്ന് സ്ക്രീനിങ്ങ് കഴിഞ്ഞപ്പോഴും ധാരാളം പേരെ ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. അവരുടെ പ്രതികരണങ്ങളില്‍ നിന്നാണ് ഞാന്‍ ചെയ്തത് ഒരു സിനിമയാണെന്ന് ഞാന്‍ ഉറപ്പ് വരുത്തിയത്. എങ്ങനെ ആളുകള്‍ സ്വീകരിക്കും എന്ന ആശയക്കുഴപ്പം അതോടെ അവസാനിക്കുകയായിരുന്നു.
ഐ എഫ് എഫ് കെയില്‍ വന്നപ്പോള്‍, ആളുകള്‍ ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ കാണാന്‍ കയറാറില്ല. ഞങ്ങളെ ഞെട്ടിച്ച് കൊണ്ട്, ആദ്യ ഷോ ഏകദേശം ഫുള്ളായിരുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും ഷോയ്ക്ക് ആളുകള്‍ തറയില്‍ സ്ക്രീനിന് മുന്നില്‍ ഇരുന്നാണ് സിനിമ കണ്ടത്.
അത് ചലച്ചിത്രോത്സവ കാണികള്‍ അല്ലേ. തിയേറ്ററുകളില്‍ സിനിമ കാണുന്നവര്‍ വേറൊരു കൂട്ടരല്ലേ
അക്കാലമൊക്കെ കഴിഞ്ഞു. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകന് സ്വീകരിക്കും. ഏത് നായകനാണ് അഭിനയിക്കുന്നത് എന്ന് നോക്കുന്ന കാലമൊക്കെ മാറി വരുന്നുണ്ട്.
ഇത് പ്രേക്ഷകന്റെ പ്രശ്നമല്ല. രണ്ട് രീതിയിലാണ് ഇതിന്റെ ബുദ്ധിമുട്ട് വരുന്നത്. എന്നെപ്പോലെയുള്ള സംവിധായകര്‍ നേരിടുന്ന പ്രശ്നം ഇവയാണ്. പണ്ട് നമ്മുടെ മുഖ്യാധാര സിനിമകള്‍ പത്രത്തിലെ അകത്തെ പേജില്‍ ഒരു മൂലയ്ക്ക് പരസ്യം കൊടുത്തിരുന്ന. അതിപ്പോള്‍ മാറി. അവര്‍ ഒന്നാം പേജ് നിറച്ച് ജാക്കറ്റ് കളര്‍ പരസ്യം കൊടുക്കുന്നു. അപ്പോള്‍ അതിനുവേണ്ടി ചെലവഴിക്കുന്ന പണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. എന്റെ സിനിമയും മറ്റൊരു സിനിമയും വരുമ്പോള്‍ ആ സിനിമയ്ക്ക് ഇത്തരമൊരു പരസ്യം വരുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുക ആ സിനിമയാകും. സ്വാഭാവികമായും ആ സിനിമയെ പ്രൊമോട്ട് ചെയ്ത് കൊണ്ടുള്ള വാര്‍ത്തകളും ധാരാളമായി പ്രസിദ്ധീകരിക്കും. മാനിപ്പുലേറ്റഡ് സ്റ്റോറീസ് ആണ് ഇങ്ങനെ പ്രസിദ്ധീകരിക്കുന്നത്. എങ്കിലും ആദ്യത്തെ രണ്ട് ദിവസം കഴിയുമ്പോള്‍ സിനിമ എന്താണെന്ന് ആളുകള്‍ക്ക് മനസ്സിലാകും.
അത്രയൊന്നും പണം മുടക്കാന്‍ ഇല്ലാത്ത നല്ല സിനിമ വരുമ്പോള്‍ തിയേറ്ററുകാര്‍ സഹകരിക്കുകയാണെങ്കില്‍ മൂന്നോ നാലോ ദിവസം കൊണ്ട് ആ സിനിമയെ കുറിച്ച് ആളുകള്‍ അറിഞ്ഞ് തുടങ്ങും. ഞങ്ങളെ സംബന്ധിച്ച് ഇതൊരു ഫെസ്റ്റിവല്‍ സിനിമയല്ല. ഒരു കൊമേഴ്സ്യല്‍ ഹിറ്റ് എന്ന് ഞാന്‍ അവകാശപ്പെടില്ല. കാണാന്‍ ആളുകള്‍ എത്തുന്നു എന്നത് വിജയമാണ്. 40 ഓളം തിയേറ്ററുകളിലാണ് ഉടലാഴം റിലീസ് ചെയ്യുന്നത്.
ആഷിഖ് അബു സിനിമയിലേക്ക് വരുന്നത്
ഐ ഐ എഫ് കെയില്‍ ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴാണ് അദ്ദേഹം ഈ സിനിമയെ ശ്രദ്ധിക്കുന്നത്. അതിന് ശേഷം സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ സഹായം ആവശ്യം ഉണ്ട് എന്ന് പറഞ്ഞ് ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. വിതരണം 72 എന്ന കമ്പനിയാണ്. ആഷിഖ് അബു പ്രസന്റ്സ് എന്ന രീതിയിലാണ് സിനിമ വരുന്നത്.
അദ്ദേഹത്തെ പോലൊരു ആള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെട്ട് ഞങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്നത് സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് അദ്ദേഹം നല്കുന്ന ഒരു ഉറപ്പ് കൂടെയാണ്. അദ്ദേഹം കൂടെയുണ്ടായിരുന്നത് കൊണ്ടാണ് തിയേറ്ററില്‍ എത്തുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള ഒരാള്‍ കൂടെ നിന്നപ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടെ എളുപ്പമായി. അദ്ദേഹം മുന്നോട്ട് വന്നപ്പോഴാണ് വീണ്ടും കുഞ്ഞ് കുഞ്ഞ് വാര്‍ത്തകളില്‍ ഉടലാഴം ഇടം പിടിക്കുന്നത്.
Comments are closed.