“സാങ്കേതിക വിദ്യ വായനയെ വളര്‍ത്തുന്നു”

ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ് എന്ന ജനപ്രിയ നോവലിലൂടെ എഴുത്തിന്റെ ലോകത്ത് വേരുറപ്പിച്ച് ദ സീക്രട്ട് വിഷ് ലിസ്റ്റ്, ദ വണ്‍ യു കെനോട്ട് ഹാവ്, ഇറ്റ്‌സ് ഓള്‍ ഇന്‍ ദ പ്ലാനറ്റ്‌സ്, ഇറ്റ് ഹാപ്പന്‍സ് ഫോര്‍ റീസണ്‍, ടീ ഫോര്‍ ടൂ ആന്റ് എ പീസ് ഓഫ് കേക്ക് തുടങ്ങി ഒരു പിടി മികച്ച കഥകള്‍ പുസ്തകപ്രേമികള്‍ക്ക് സമ്മാനിച്ച വ്യക്തിയാണ് പ്രീതി. 2013 മുതല്‍ ഫോബ്‌സ് ഇന്ത്യ പുറത്തിക്കുന്ന ജനസ്വാധീനമുള്ള 100 പ്രസിദ്ധരുടെ പട്ടികയില്‍ സ്ഥിര സാന്നിദ്ധ്യം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റുപോകുന്ന എഴുത്തുകാരുടെ പട്ടികയിലെ ഒരേയൊരു സ്ത്രീ സാന്നിദ്ധ്യം, 2017ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവ് തുടങ്ങി വിവിധ നേട്ടങ്ങളിലൂടെയാണ് പ്രീതി ഷേണായ് തന്റെ ജീവിതം തുടരുന്നത്. ചിത്രകാരി, പ്രേരണ പ്രസംഗക, സഞ്ചാരി തുടങ്ങി വിവിധ മേഖലകളില്‍ നിലയുറപ്പിക്കുകയാണിവര്‍. എഴുത്തിനാവശ്യം മനസ്സിലൂടെയുള്ള ഒരു യാത്രയാണെന്ന അഭിപ്രായക്കാരിയാണ് ഈ യുവ എഴുത്തുകാരി. പ്രീതി ഷേണായിയുമായി കൃഷ്ണ പ്രിയ സംസാരിക്കുന്നു.

എഴുത്തിലേക്ക് എത്തിയതെങ്ങനെ?

ചെറുപ്പം മുതല്‍ക്കേ തന്നെ എഴുത്തിനോട് നല്ല താല്പര്യമുണ്ടായിരുന്നു. ആറ് വയസ്സ് മുതല്‍ തന്നെ ഞാന്‍ പല കാര്യങ്ങളും കുത്തിക്കുറിക്കുമായിരുന്നു. അങ്ങനെയാണ് 2006ല്‍ ബ്ലോഗിംഗിലേക്കും എത്തുന്നത്. എന്നാല്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരിയാകാന്‍ ഞാന്‍ പ്രാപ്തയാണെന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കിയത് എന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ വിജയമാണ്. 2008ലാണ് ആദ്യ പുസ്തകമായ 34 ബബിള്‍ഗംസ് ആന്റ് കാന്‍ഡീസ് പുറത്തിറങ്ങുന്നത്. ജീവിതത്തില്‍ സംഭവിച്ചതും തന്റെ ചിന്തകളും, ബ്ലോഗ് പോസ്റ്റുകളുമെല്ലാം അടങ്ങിയ ശേഖരമായിരുന്നു അത്. പിന്നീട് 2011ലാണ് ലൈഫ് ഈസ്‌ വാട്ട് യു മേക്ക് ഇറ്റ് പുറത്തിറങ്ങുന്നത്. മികച്ച വിജയമായിരുന്നു ആ പുസ്തകം. 2011ലെ മികച്ച പുസ്തകങ്ങളിലൊന്നായി അത് മാറി. ആ നിമിഷത്തിലാണ് തുടര്‍ന്നുള്ള ജീവിതത്തില്‍ പുസ്തകങ്ങളുമായുള്ള സൗഹൃദമാണ് ജീവിതത്തില്‍ വേണ്ടതെന്നും ഇതാണ് തന്റെ ജീവിതമെന്ന തിരിച്ചറിവുമുണ്ടായത്. പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും എന്റേതായ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.


ബ്ലോഗുകളും പുസ്തകങ്ങളും എങ്ങനെയാണ് വിലയിരുത്തുന്നത്?

ബ്ലോഗിംഗും പുസ്തക രചനയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. രണ്ടും രണ്ട് വിഭാഗമാണ്. അവിടെയുള്ള ഒരേ ഒരു ബന്ധം എന്നത് എഴുത്ത് മാത്രമാണ്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ് ബ്ലോഗിംഗ്. ഒരു വ്യക്തിക്ക് സ്വന്തമായുള്ള ഒരു സ്‌പെയ്‌സ് ആണ് ബ്ലോഗ്. ഒരാളുടെ തോന്നലുകളും ചിന്തകളുമെല്ലാം ബ്ലോഗില്‍ കുറിക്കാം എന്നാല്‍ പുസ്തകം എഴുതുമ്പോള്‍ എഴുത്തുകാരിയില്‍ വരുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. ഇതിവൃത്തം സൃഷ്ടിക്കണം കഥാപാത്രങ്ങളും, സംഭാഷണങ്ങളും നിര്‍മ്മിക്കണം അതിന് വേണ്ട രസക്കൂട്ടുകള്‍ ചേര്‍ക്കണം. എല്ലാം തമ്മില്‍ യോജിപ്പുകള്‍ ഉണ്ടാകണം. ഇതിന് വേണ്ട ചിന്താപ്രക്രിയ വളരെ വലുതാണ്.

എഴുതുമ്പോള്‍ നീരിക്ഷണപാടവം പ്രാധാന്യമര്‍ഹിക്കുന്നുണ്ടോ?

കഥകളിലെ ഓരോ ചെറിയ കാര്യങ്ങളും മികച്ചതായി കൈകാര്യം ചെയ്യുന്നതിന് തന്റെ ഉള്ളിലെ നിരീക്ഷണ പാടവം സഹായിക്കുന്നുണ്ട്. ദൈവത്തിന്റെ വരദാനമായാണ് ഞാന്‍ അതിനെ കണക്കാക്കുന്നത്. ചിത്രരചന ഇഷ്ടപെടുന്ന വ്യക്തിയെന്ന നിലക്ക് ഛായാചിത്രം തയ്യാറാക്കുന്ന സമയത്ത് ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ ഇതിന് ഉദാഹരണമാണ്. അത്ര ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ സാധിക്കുന്നുണ്ട് എന്നത് എനിക്ക് ദൈവം നല്‍കിയ സമ്മാനമാണ്.

ഇതുവരെ പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളിലും വായനക്കാരന്‍ കഥാപാത്രത്തിന്റെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും എഴുതുന്നതിന് മുമ്പ് തന്നെ ഒട്ടനവധി പേരുമായി സംവദിക്കും.പുരുഷ കഥാപാത്രത്തിന്റെ വികാര വിചാരങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഒരുപാട് ആണ്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലെത്തുമ്പോള്‍ അവര്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചറിഞ്ഞിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ എഴുത്തുകാരന്‍ അവന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലണം. ഒട്ടും കൃത്രിമത്വം തോന്നാതെ വളരെ യാഥാര്‍ത്ഥ്യമായ രീതിയിലായിരിക്കണം അവനെ വായനക്കാരിലേക്ക് എത്തിക്കേണ്ടത്. വായനക്കാരന്‍ അറിയാത്ത ഒരു ഗവേഷണമാണ് എഴുത്തുകാരന്‍ ഇവിടെ നടത്തുന്നത്. കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഒരു വരിയിലായിരിക്കും അവന്‍ വായിച്ചെടുക്കുന്നത്. എന്നാല്‍ ആ വരി സത്യമുള്ളതാക്കാന്‍ വളരെ നേരത്തെ ഗവേഷണം എഴുത്തുകാരന്‍ അവിടെ നടത്തിയിട്ടുണ്ടാകും.

പ്രീതിയുടെ കഥാപാത്രങ്ങളെ കുറിച്ച്?

ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് എന്ന പുസ്തകത്തില്‍ അങ്കിത എന്ന പെണ്‍കുട്ടിയിലൂടെയാണ് ബൈപോളാര്‍ എന്ന അവസ്ഥ വായനക്കാരിലേക്കെത്തിക്കുന്നത്. 2011ല്‍ ഈ പുസ്തകം എഴുതുന്ന സമയത്ത് ബൈപോളാര്‍ എന്നത് അത്ര പ്രചാരം നേടിയ ഒരു രോഗാവസ്ഥയായിരുന്നില്ല. ആര്‍ക്കെങ്കിലും ബാധിച്ചാല്‍ തന്നെ ചികിത്സയില്ലാത്തതെന്നോ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതെന്നോ പറഞ്ഞ് കൃത്യമായ ചികിത്സ നല്‍കാതെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്യാറുണ്ടായത്. എന്നാല്‍ അതിന് ഒരു ബോധവത്കരണം എന്ന നിലയിലാണ് ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് പ്രവര്‍ത്തിച്ചത്. ഒരുപാട് വായനക്കാര്‍ പിന്നീട് തന്നോട് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി. പലര്‍ക്കും ശരിയായ ദിശ കാണിച്ചുകൊടുക്കാന്‍ ഈ പുസ്തകത്തിലൂടെ സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഈ വിഷയത്തെ കുറിച്ച് മനസിലാക്കുന്നത് യു.കെ.യില്‍ നടന്ന ഒരു ചിത്രപ്രദര്‍ശന വേദിയിലൂടെയാണ്. ബൈപോളാര്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് ആ പരിപാടി സംഘടിപ്പിച്ചത്. വളരെ മനോഹരമായാണ് ബൈപോളാര്‍ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ അവിടെ ചിത്രം വരച്ചിരുന്നത്. പിന്നീട് യു.കെ.യിലുള്ള സൈക്കാട്രിക് നഴ്‌സിനോടും തുടര്‍ന്ന ഇന്ത്യയിലെത്തിയ ശേഷം ബാംഗ്ലൂരിലെ നിംഹാന്‍സില്‍ എത്തി ഡോക്ടര്‍മാരായും സംസാരിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങളാണ് തന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇവ വളരെ യാതാതഥമായി വായനക്കാരിലേക്ക് എത്തിക്കണമെങ്കില്‍ അങ്കിത എന്ന പെണ്‍കുട്ടി ആവശ്യമായിരുന്നു. തനിക്ക് ചിരപരിചിതമായ എറണാകുളത്തെ രണ്ട് കോളേജിന്റെ പശ്ചാത്തലത്തില്‍ ആ കഥ എഴുതുകയായിരുന്നു.

സ്വന്തം ജീവിതം കഥകള്‍ക്ക് പശ്ചാത്തലം ആയിട്ടുണ്ടോ?

നോവലുകള്‍ പുറത്തിറങ്ങുമ്പോള്‍ വായനക്കാരന്‍ ചോദിക്കുന്ന ചോദ്യമാണ് കഥയില്‍ എവിടെയെങ്കിലും സ്വന്തം ജീവിതം കടന്നിട്ടുണ്ടോയെന്ന്. ഈ ചോദ്യം വളരെയധികം സന്തോഷമാണുണ്ടാക്കുന്നത്. അത്ര യാഥാര്‍ത്ഥ്യമെന്ന് വായനക്കാരനെ തോന്നിപ്പിക്കാന്‍ സാധിച്ചു എന്ന സംതൃപ്തിയാണ് അവിടെ നിന്നും ലഭിക്കുന്നത്. സത്യത്തില്‍ എന്റെ ഗവേഷണത്തിന്റെയും പുസ്തകത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെയും ഫലമാണ് ആ ചിന്ത. അഭിനന്ദനമായാണ് ആ ചോദ്യങ്ങളെ ഞാന്‍ കരുതുന്നത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച വായന മരിക്കുന്നതിന് കാരണമാകുന്നുണ്ടോ?

വായന മരിക്കുന്നില്ല. സാങ്കേതിക വിദ്യകളും ഫോണും പുസ്തകത്തിന് വെല്ലുവിളി ആണെന്ന് പറയുമ്പോഴും ഈ മാധ്യമത്തിലൂടെ തന്നെ വായന കൂടുതല്‍ നടക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് കളിക്കാനാണോ വായിക്കാന്‍ ആണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. വായന കുറയുന്നില്ല എന്നതിന് ഉദാഹരണമാണ് ഇന്ത്യയില്‍ വളരുന്ന പ്രസാധക സംരംഭങ്ങള്‍. കൃത്യമായ കണക്കുകളോ വിവരങ്ങളോ ഇല്ലാതെ വായന ഇല്ലാതാവുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

കേരളത്തിനോട് ഒരു പ്രത്യേക ഇഷ്ടമാണ് ഉള്ളതെന്ന് അവര്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ പുസ്തകത്തിലെ വാചകമാണ് ഇതിനായി പ്രീതി തെരഞ്ഞെടുത്തത്. എനിക്ക് കേരളത്തോടുള്ള പ്രണയ ബന്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. തന്റെ കോളേജ് കാലം ചെലവഴിച്ചത് കൊച്ചിയിലാണ്. അതിനാല്‍ തന്നെ ഒത്തിരി ഓര്‍മ്മകളാണ് ഈ നാട് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. കേരളം പശ്ചാത്തലമാകുന്ന പുതിയ പുസ്തകം നവംബറിലാണ് പുറത്തിറങ്ങുന്നത്. അതിന് മുന്നോടിയായി ഈ മാസം ഏഴിന് യു.കെ.യിലെ ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പുസ്തകത്തിന്റെ പേരും കവറും പുറത്തിറക്കും. ഇതേ ചടങ്ങിലായിരിക്കും കഥയുടെ പശ്ചാത്തലവും വായനക്കാരിലേക്ക് എത്തുക. ‘ഞാന്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ കാത്തിരിക്കുന്ന നിമിഷമാണത്, എന്റെ ഏറ്റവും നല്ല പുസ്തകവും അതായിരിക്കും’ പ്രീതി കൂട്ടിച്ചേര്‍ത്തു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് കൃഷ്ണ പ്രിയ)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More