ഇത് ഓര്‍ഗനൈസ്ഡ് ക്രൈം ആണ്. അതിനെ വെളിച്ചത്ത് കൊണ്ടുവരും: ഡോ പി സരിന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുമുള്ളൂ. അങ്ങേയറ്റം കലുഷിതമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ഒക്കെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി ഡോ പി സരിനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് കേരളം. ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു ഡോക്ടര്‍ എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ഈ നീക്കത്തെ എങ്ങനെ നോക്കിക്കാണുന്നു?
കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ നമ്മള്‍ ഹത്റാസിലെ നിരോധനാജ്ഞയുമായി കൂട്ടിവായിക്കണം. അവിടെ എന്തുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്, അവിടെ നടന്നത് അനീതിയാണ്. അതിനെതിരെ ജനങ്ങള്‍ സംഘടിക്കരുത് എന്നുള്ളത് കൊണ്ടാണ്. ഇവിടെയോ. കൊവിഡ് പ്രതിരോധത്തില്‍ പിടിച്ചുനിര്‍ത്താന്‍ പറ്റുന്ന പല ഘട്ടങ്ങളും കേരള സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
അണ്‍ലോക്ക് ഒന്നാം ഘട്ടം പ്രഖ്യാപിച്ചപ്പോള്‍, ആ നാല് ആഴ്ചയില്‍ ടെസ്റ്റിംഗ് കൂട്ടിയില്ല. അന്ന് ടെസ്റ്റിംഗ് വേണ്ട രീതിയില്‍ നടത്തിയിരുന്നെങ്കില്‍ ലക്ഷണമില്ലാതെ കൊവിഡ് വന്ന, അവര്‍ അറിയാതെ അവര്‍ ഈ രോഗത്തിന്റെ വാഹകരായ കുറച്ചുപേരേ ട്രേസ് ചെയ്യാമായിരുന്നു. അന്ന് അത് ചെയ്തില്ല. ടെസ്റ്റിംഗ് നടത്തിയില്ല. ഒരുപക്ഷേ കേരളം മാത്രമാണ് ഇത്രയും ഗതികെട്ട പീക്കിംഗിലേക്ക് എത്തിയത്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേസുകള്‍ ഇങ്ങനെ പീക്ക് ചെയ്യുന്നില്ല, ഉള്ള കേസുകളുടെ തുടര്‍ച്ചയാണ് മറ്റിടങ്ങളില്‍. പക്ഷേ ഇവിടെയോ… യൂറോപ്പിലെ കാര്യമൊക്കെ പറയുന്നില്ലേ, യൂറോപ്പില്‍ ഇത് രണ്ടാം തരംഗമാണ് കൊവിഡിന്റെ. നമ്മുടെ നാട്ടില്‍ ആദ്യ തരംഗം പോലും പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. പീക്ക് കുറയുന്നില്ല, ഷിഫ്റ്റ് ചെയ്യുകയാണ് ഇവിടെയുണ്ടായത്.
സാധാരണയായി പറയുന്നത് കര്‍വ് ഫ്ളാറ്റന്‍ ചെയ്തു എന്നാണ്, ഇവിടെ നടന്നത് പീക്ക് ഷിഫ്റ്റിംഗ് ആണ്. നമ്മള്‍ നഷ്ടപ്പെടുത്തിയ സമയത്തെ ഇനി ഉപയോഗപ്പെടുത്താനാകില്ല. ഇനി ടെസ്റ്റിംഗ് കൂട്ടിയിട്ടും കാര്യമില്ല. ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വെച്ച് നോക്കിയാല്‍ കൂടുതല്‍ പേരും പോസിറ്റീവ് ആകും.
നമ്മുടെ ആരോഗ്യസംവിധാനത്തിന് കെട്ടുറപ്പ് ഉള്ളതുകൊണ്ട് ആരും മരണത്തിലേക്ക് പോകുന്നില്ലെന്നേയുള്ളൂ. നമുക്ക് ചെയ്യാനാകുമായിരുന്ന പലതും കൈവിട്ട് കളഞ്ഞുകൊണ്ട്, ഇനി പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയത്തിലേക്ക് പോകുമെന്ന് ഉള്ളതുകൊണ്ടാണ് ഈ നടപടി. കൊവിഡിന്റെ പേരില്‍ ഇവിടെ ഒരു സമരവും ഉണ്ടായിട്ടില്ല. പക്ഷേ ഇനി കേരളത്തില്‍ ഉണ്ടാവുക, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് കാട്ടിയുള്ള സമരമായിരിക്കും.
ജില്ലാ കളക്ടര്‍മാരാണ് സാധാരണ 144 പ്രഖ്യാപിക്കുന്നത്, ഇവിടെ ഒരു ഭീഷണിയുടെ സ്വരമാണ്. കൊവിഡ് വ്യാപനത്തെ മുന്‍ നിര്‍ത്തിയാണ് ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കാത്തത്. ഇവിടെ പ്രഖ്യാപിച്ചതും ഹത്റാസില്‍ പ്രഖ്യാപിച്ചതും രണ്ടും ആളുകളുടെ വായടപ്പിക്കാനാണ്.
പ്രതിപക്ഷം മരണത്തിന്റെ വ്യാപാരികളെന്ന് സര്‍ക്കാരും ഇടത് നേതാക്കളും ഇടയ്ക്കിടെ പറയുന്നുണ്ട്..
നമ്മുടെ ആരോഗ്യമന്ത്രി ആഗസ്റ്റ് മാസത്തില്‍ പറഞ്ഞത് എന്താണ്, ഒക്ടോബറില്‍ കൊവിഡ് വ്യാപനം മൂര്‍ധന്യത്തിലേക്ക് എത്തുമെന്ന്. അന്ന് എന്താണ് മന്ത്രി അങ്ങനെ പറഞ്ഞത്, പ്രതിപക്ഷം സമരം ചെയ്യുമെന്ന് അറിയാം, അതുകൊണ്ട് പറയാമെന്നാണോ അല്ലല്ലോ. സ്വാഭാവികത മനസിലാക്കിയല്ലേ, അവര്‍ക്കറിയാം അവരുടെ പിടിപ്പുകേട് വെച്ച് എപ്പോള്‍ കൂടുമെന്ന്. ഇവര്‍ക്കതിനെ പിടിച്ചുനിര്‍ത്താനുള്ള വഴികള്‍ തേടാനായില്ല.
ലോക്ക്ഡൗണില്‍ ജനങ്ങള്‍ കഴിയുന്ന മാനസികാവസ്ഥയല്ല അണ്‍ലോക്കില്‍. അവര്‍ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കും, വരുമാനമില്ലാതെ അവര്‍ക്ക് ജീവിക്കാനാകില്ല. അപ്പോള്‍ ലോക്ക്ഡൗണിനെ അവര്‍ എതിര്‍ക്കും. കേരളത്തിലുള്ള ഒരാളും ഇനിയൊരു ലോക്ക്ഡൗണിനെ പിന്തുണയ്ക്കില്ല. ഇതുമായി ഫൈറ്റ് ചെയ്ത് പോകാനേ അവര്‍ക്ക് താത്പര്യമുള്ളൂ.
അങ്ങനെയൊരു ഡിഫന്‍സ് സ്ട്രാറ്റജി രൂപീകരിക്കാന്‍ പരാജയപ്പെട്ട ആരോഗ്യമന്ത്രി തന്നെയാണ് ഒക്ടോബര്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോള്‍ പിന്നെ പ്രതിപക്ഷമാണോ മരണത്തിന്റെ വ്യാപാരികള്‍. ഇവര്‍ക്കറിയാമായിരുന്നു മരണം എപ്പോഴാണ് വ്യാപാരം ചെയ്യപ്പെടേണ്ടതെന്ന്. മരണത്തെക്കുറിച്ച് അറിയാമായിരുന്നവര്‍ തന്നെയാണ് ഇവിടെ കൊവിഡ് മരണങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രതിപക്ഷമല്ല ഇവിടെ മരണത്തിന്റെ വ്യാപാരികള്‍.
Advt: To Download Kerala PSC Question Bank App: Click Here
സ്വര്‍ണക്കടത്തിലേക്ക് വന്നാല്‍… പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണം…
ഈ കേസുമായി ബന്ധപ്പെട്ട കണ്ണികളെയും വസ്തുതകളെയും കണ്ടെത്തുകയാണ് പല അന്വേഷണ സംഘങ്ങളും. കേരളത്തിലെ ജനങ്ങള്‍ക്കും ഈ അന്വേഷണ ഏജന്‍സികള്‍ക്കും മാത്രമേ ആരൊക്കെ ഇതില്‍ പെട്ട് കിടക്കുന്നുവെന്ന് അറിയാത്തതായി ഉള്ളൂ. ഇതിന് പിന്നിലുള്ളവര്‍ക്ക് നല്ല ധാരണയുണ്ട്. അവര്‍ ഒരു തിരക്കഥയുണ്ടാക്കിയിട്ടുണ്ട്.
തോമസ് ഐസക്കും എകെ ബാലനുമെല്ലാം ഒരുമാസം മുമ്പേ കൃത്യമായി എല്ലാം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഇവരിത് പറഞ്ഞു കൊണ്ടേയിരിക്കുന്നത്. നാളെ ഈ നാലരക്കോടി കൊടുത്തതില്‍, സന്ദീപിനെത്ര കെടുത്തു, സ്വപ്നയ്ക്കെത്ര കൊടുത്തുവെന്ന് ഒക്കെ സന്തോഷ് ഈപ്പനെക്കൊണ്ട് ഒരു മൊഴി കൊടുപ്പിച്ചാല്‍ മതി. ഈ പറയുന്ന സന്തോഷ് ഈപ്പന്‍ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞിരിക്കുന്നു. അവര്‍ക്ക് സൃഷ്ടിക്കാന്‍ പറ്റുന്ന തെളിവുകളെ അവര്‍ ബോധപൂര്‍വം അവര്‍ പലയിടത്തും പറയുന്നു. പക്ഷേ ആ ശ്രമങ്ങളൊന്നും കേരളത്തില്‍ വിലപ്പോവില്ല.
കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യമറിയാം. ഐഫോണ്‍ ബില്‍ ഉണ്ട്, ഐഎംഇ നമ്പര്‍ ഉണ്ടെന്നൊക്കെ പറയുന്നുണ്ട്. അവര്‍ അന്വേഷിക്കട്ടെ, അത് പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസിന് സമീപത്ത് ലൊക്കേഷന്‍ കാണിച്ചാലല്ലേ വിഷയമുള്ളൂ. ഈ ആരോപണം സിപിഐഎം ഏറ്റെടുക്കില്ലായെന്ന് പറഞ്ഞിരിക്കുന്നു. ഇനി ബാക്കി ഐഫോണുകള്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കുടുങ്ങുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ്.
കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് കാരാട്ട് ഫൈസലിനെ അറിയില്ല, കാറില്‍ അപ്രതീക്ഷിതമായി കയറിയതാണ് എന്നാണ്…
ഹഹഹ… നാളെ കോടിയേരി ബിനീഷിനെയും ബിനോയിയെയും അറിയില്ലായെന്ന് പറയേണ്ട ഗതികേടിലേക്ക് വരും. ചില ഡിഎന്‍എ ടെസ്റ്റുകളുടെയും നര്‍കോട്ടിക്സ് കേസുകളുടെ ഫലവും വരുമ്പോള്‍. ഇത്രയും ഗതികെട്ട `ഒരു സാഹചര്യത്തിലേക്ക് ഒരു അച്ഛനും രണ്ട് മക്കളും കൂടി കേരളത്തിലെ ജനങ്ങളെ തള്ളിവിട്ടിട്ട്, ഒരു ഉളുപ്പമില്ലാതെ ന്യായീകരിക്കുകയാണ്. ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടത്.
ഹത്റാസിലേക്ക് വന്നാല്‍…രാഹുലും പൊലീസും തമ്മിലുള്ള വാക്കേറ്റമൊക്കെ കേരളത്തിലും ചര്‍ച്ചയായിരുന്നു…
ഞാന്‍ ഈ വിഷയത്തെ നോക്കിക്കാണുന്നത് ഒരു സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധമെന്ന നിലയിലാണ്. മരണപ്പെട്ട സഹോദരിക്കുവേണ്ടി സഹോദരന്‍ നില കൊള്ളുകയാണ്. ഇവിടെ ആ സഹോദരിയും സഹോദരനും നമ്മുടേതാണ് എന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കും മനസിലാകുന്നു.
അത് രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസുകാരനെക്കുറിച്ച് മാത്രമല്ല, രാഹുലും പ്രിയങ്കയും മാത്രമേ അവിടെ ചെന്നുള്ളൂ, അവരേ അതിന് ഉണ്ടായുള്ളൂ എന്ന സത്യം ജനങ്ങള്‍ മനസിലാക്കുന്നു. ഇതല്ലേ യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം. സ്വന്തം പാര്‍ട്ടിക്കാരും അണികളും പൊക്കിപ്പറയുന്നതല്ല, ഒരു രാഷ്ട്രീയക്കാരന്റെ വലിപ്പം ജനങ്ങളുടെ മനസില്‍ ആണ്.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്, ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് എന്ന് ഉറക്കെ പറയുകയായിരുന്നു കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും. രാഹുലിനെതിരെയുള്ള പൊലീസ് അതിക്രമത്തെ എല്ലാവരും എതിര്‍ത്തു.
സഹോദരിക്ക് വേണ്ടി നിലകൊണ്ട സഹോദരനെ പൊലീസ് ചവിട്ടി നിലത്തിട്ടപ്പോള്‍ ഇന്ത്യ ഒരുമിച്ച് നിന്നു. ഇവിടെ രാഷ്ട്രീയമില്ല. ഹത്റാസിലേക്ക് ഒരു അഖിലേഷ് യാദവും വന്നില്ല, ഒരു മായാവതിയും വന്നില്ല. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ഡെമോക്രാറ്റിക് ഇന്ത്യയെ നഷ്ടപ്പെടുത്തില്ലെന്ന് അടിവരയിട്ട് തെളിയിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.
ഡോ പി സരിന്‍, ഈയൊരു സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ സമര രീതികള്‍ എങ്ങനെ?
ഇപ്പോള്‍ സ്വര്‍ണക്കടത്തും ലൈഫും മാത്രമാകില്ല, കുറച്ച് കഴിയുമ്പോള്‍ എസ്എന്‍സി ലാവലിന്‍ കൂടെയുണ്ടാകും പ്രതിഷേധിക്കാനായി. ഇതൊക്കെ മനസില്‍ കണ്ടിട്ടാകും ഇങ്ങനെയൊരു വിചിത്ര ഉത്തരവ്. സിപിഐഎം മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊരു ഓര്‍ഗാനിക് മൂവ്മെന്റാണ്. മൂന്ന് മാസം മുമ്പ് വരെ പല സര്‍വെകളിലും ഭരണത്തുടര്‍ച്ചയെന്നാണ് പറഞ്ഞിരുന്നത്. ആ ഫലത്തില്‍ നിന്ന് ഇവിടേക്ക് അവരെത്തിയത് അവരുടെ കയ്യിലിരുപ്പ് കൊണ്ടാണ്.
ആ കയ്യിലിരുപ്പ് നാല് വര്‍ഷം ജനങ്ങളെ കാണിക്കാതെ അടച്ചുപിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. പക്ഷേ എത്ര അടച്ചുവെച്ചാലും അത് പുറത്തുവരും. ഓരോന്നായി ഇപ്പോള്‍ അഴിഞ്ഞുവീഴുകയാണ്. ജനങ്ങളുടെ മനസിലെ ആശങ്കയെയാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. സമരം കാരണമാണ് കൊവിഡ് തീവ്രതയെന്ന് അവര്‍ ആരോപിച്ചു, കോണ്‍ഗ്രസ് അത് തിരുത്തിയില്ലേ, കഴിഞ്ഞ ഒരാഴ്ചയായി സമരങ്ങള്‍ ഇല്ലല്ലോ.
അതിന്റെയര്‍ഥം നാളെ പിണറായി വിജയനോ മറ്റാരെങ്കിലുമോ എന്തെങ്കിലും നെറികേട് കാണിച്ചാല്‍ മിണ്ടാതെയിരിക്കുമെന്നല്ല. ഒരു നിരോധനാജ്ഞയും നോക്കില്ല. കൊവിഡിനെ വെല്ലുവിളിക്കുകയല്ല, അതിന്റെ പ്രോട്ടോക്കോള്‍ പാലിച്ച് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. അതിനുള്ള ആര്‍ജവമുള്ളവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഇത് കൊവിഡിനോടുള്ള വെല്ലുവിളിയല്ല, സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ തീരുമാനങ്ങളോടുള്ള വെല്ലുവിളിയാണ്.
പിഎസ് സി നിയമനങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായി
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണല്ലോ. അതിന് മുമ്പ് പ്രഖ്യാപിക്കാനുള്ളതെല്ലാം പ്രഖ്യാപിച്ച് കൂട്ടുന്നതിന്റെ തിടുക്കമാണ്. എത്രയോ ഉദ്ഘാടനങ്ങള്‍ ഇപ്പോള്‍ നടക്കുന്നു. പക്ഷേ ഇതിന്റെയൊക്കെ ഗുണഭോക്താക്കളായുള്ള ജനം മനസിലാക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് ഗുണമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നെങ്കില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും തടയാനാകില്ല. പക്ഷേ ഇവിടെ ജനങ്ങളിലേക്ക് പദ്ധതികള്‍ എത്തിയില്ല. എത്തിയെന്ന് പറഞ്ഞ് പ്രചരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇവിടെ നടക്കുന്നത്. കിറ്റ് വിതരണം, ലൈഫ് ഇങ്ങനെ എത്രയെണ്ണം.
പി എസ് സി നിയമന തട്ടിപ്പ് ഇവിടുത്തെ യുവാക്കള്‍ക്കിടയില്‍ ഉണങ്ങാത്ത മുറിവാണ്. അത് ഉണങ്ങാനുള്ള തട്ടിപ്പാണ്. ഈ പ്രഖ്യാപനങ്ങള്‍ നടപ്പിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു അവസരം കൂടി തരൂ, ബാക്കി കൂടി ശരിയാക്കാമെന്ന് അവര്‍ പറയുമ്പോള്‍ മലയാളികള്‍ എന്താണ് പറയുന്നതെന്ന് ട്രോളുകള്‍ കാണുമ്പോള്‍ മനസിലാകും. ശരിയാക്കിടത്തോളം മതിയെന്ന് ജനങ്ങള്‍ പറയുന്ന സ്റ്റേറ്റ്മെന്റാകും പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കോയ്മ നേടുമോ?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്ല നല്ല സ്ഥാനാര്‍ഥികളെ യുഡിഎഫ് നിര്‍ത്തിയപ്പോള്‍ അതിനോട് കിടപിടിക്കാന്‍ എല്‍ഡിഎഫിനായില്ല. ഈ തെരഞ്ഞെടുപ്പിലും നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തി യുഡിഎഫ് നിര്‍ത്തും. ക്യാംപെയിനുകള്‍ തയ്യാറാക്കണം.
അന്‍പത് ശതമാനത്തിലേറെ സീറ്റുകളില്‍ യുഡിഎഫ് ജയിക്കും. അതില്‍ സംശയമില്ല. പക്ഷേ ഇവിടെയും അഴിമതിയുണ്ട്. വോട്ടര്‍ പട്ടിക പുറത്തുവിട്ടപ്പോള്‍ പലയിടത്തും കണ്ടത് സിപിഎം അനുകൂല വോട്ടുകള്‍ ഇടാന്‍ സാധ്യതയുള്ളവരെ പഞ്ചായത്തുകള്‍ മാറ്റി തിരുകി കയറ്റിയിട്ടുണ്ട്.
പഞ്ചായത്ത് മാറ്റി ജയിക്കാനാവശ്യമായ വോട്ട് ഉറപ്പിക്കുകയാണ് അവര്‍. പഞ്ചായത്ത് തെറ്റാണെന്ന് പരാതി കൊടുത്തവരെപ്പോലും ഒന്നും മാറ്റിയിട്ടില്ല. നഗരസഭാ സെക്രട്ടറിമാരുടെയൊക്കെ ഒത്താശയോടെയാണ് ഈ കളികള്‍. അതിനെ കോണ്‍ഗ്രസ് നേരിടും. ഇലക്ഷന്‍ കമ്മീഷന്റെ ഡാറ്റയും വെച്ച് ഇതിനെതിരെ കോടതി കയറാന്‍ തന്നെയാണ് തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കലാണ് ഇത്. ഇത് ഓര്‍ഗനൈസ്ഡ് ക്രൈം ആണ്. അതിനെ വെളിച്ചത്ത് കൊണ്ടുവരും.
Comments are closed.