സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് : സ്വാസിക
ഇക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ്. എല്ലാ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ മികവുള്ള പ്രതിഭകളെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും സ്പെഷ്യല്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ സ്വാസികയാണ്. നമുക്കെല്ലാം മിനിസ്‌ക്രീനിലൂടെ കണ്ട് പരിചയമുള്ള സ്വാസിക അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.
പലരും കൊതിക്കുന്ന ഒരു നേട്ടം. എന്താണ് ഇങ്ങനെയൊരു വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. പ്രതീക്ഷിച്ചിരുന്നോ.
ഒട്ടും പ്രതീക്ഷിക്കാത്തൊരു നേട്ടമാണിത്. അതുകൊണ്ട് തന്നെ ഭയങ്കര സന്തോഷമുണ്ട്. ഫൈനല്‍ ലിസ്റ്റില്‍ പോലും വാസന്തിയുണ്ടായിരുന്നില്ല. എന്റെ പേര് ഉണ്ടായിരുന്നില്ല. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ അന്നും രാവിലെ ന്യൂസൊക്കെ നോക്കിയിരുന്നു. പക്ഷേ ലിസ്റ്റില്‍ ഇല്ലാത്തത് കൊണ്ട് അധികം പ്രതീക്ഷ വെച്ചില്ല. പക്ഷേ സ്‌ക്രോള്‍ കണ്ടപ്പോള്‍ അന്ധാളിച്ചുപോയി സത്യത്തില്‍.
ഒന്ന് രണ്ട് വട്ടം ഞാന്‍ ന്യൂസൊക്കെ നോക്കി, ഞാന്‍ തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണിത്. മൂന്ന് അവാര്‍ഡുണ്ട് ഞങ്ങളുടെ സിനിമയ്ക്ക്. ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു അംഗീകാരം കിട്ടിയതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. കാരണം, ഒരുപാട് കഷ്ടപ്പാട് ഇതിന് പിന്നിലുണ്ട്. ഇതിന്റെ പിന്നണിയിലുള്ളവര്‍ നല്ല കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്. അവരുടെയൊരു ഹാര്‍ഡ് വര്‍ക്കിന്റെ ഫലം എല്ലാവര്‍ക്കും ദൈവം വീതിച്ചുകൊടുത്തെന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് കുറേ കാലങ്ങളായി. സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും സീരിയലുകളിലൂടെയും വന്ന എനിക്ക് ഇങ്ങനെയൊരു അവാര്‍ഡ് കിട്ടിയത് മുന്നോട്ടുള്ള യാത്രയില്‍ എന്റെ പ്രതീക്ഷയാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
വാസന്തിയെക്കുറിച്ച്
വാസന്തി എനിക്ക് കിട്ടിയ ഒരു നല്ല അവസരമാണ്. വളരെ ബോള്‍ഡായിട്ടുള്ള ക്യാരക്ടര്‍ ആണ് വാസന്തി. ഞാനിത് വരെ ഇതുപോലെയുള്ള ക്യാരക്ടര്‍ ചെയ്തിട്ടില്ല. എനിക്ക് അങ്ങനെയുള്ള റോളുകള്‍ ചെയ്യാന്‍ ഇഷ്ടമാണ്.
എപ്പോഴും നമുക്ക് അങ്ങനെയുള്ള റോളുകള്‍ കിട്ടണമെന്നില്ലല്ലോ. ഈ റോള്‍ കിട്ടിയതും വളരെ അപ്രതീക്ഷിതമായിട്ടാണ്. കട്ടപ്പനയുടെ ലൊക്കേഷനില്‍ ഇരുന്നപ്പോള്‍ സിജു സംസാരിച്ചതാണ്. അപ്പോള്‍ ഞാന്‍ ഒന്നും നോക്കാതെ യെസ് പറഞ്ഞു. കാരണം എനിക്ക് വാസന്തിയെന്ന ടൈറ്റില്‍ ഇഷ്ടപ്പെട്ടു അപ്പോള്‍ തന്നെ.
ഈ സിനിമ എന്നെ വിശ്വസിച്ച് എനിക്കിത് നല്‍കിയവര്‍ക്ക് ഈ അവസരത്തില്‍ നന്ദി പറയുകയാണ്. ഇങ്ങനെയൊരു സിനിമക്ക് ഈ അംഗീകാരം ലഭിച്ചത് ഇനി വരുന്നവര്‍ക്കും ഒരു പ്രചോദനം ആകുമെന്ന് ഞാന്‍ കരുതുന്നുണ്ട്.
വാസന്തി ഒരു ഇന്‍ഡിപെന്റന്റ് സിനിമയാണ്. നമ്മള്‍ പൊതുവേ പറയുന്ന മെയിന്‍ സ്ട്രീം സിനിമയില്‍ നിന്ന് വളരെ വ്യത്യാസമുള്ള ഒരു സിനിമ. അങ്ങനെയൊരു സിനിമയ്ക്ക് ഇങ്ങനെ മൂന്ന് പുരസ്‌കാരങ്ങള്‍ കിട്ടിയത് ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
കരിയര്‍ ബ്രേക്കിങ് ആകുമോ വാസന്തി
അതിനെക്കുറിച്ചൊക്കെ ഇപ്പോള്‍ പറയാന്‍ ഞാനാളല്ല. മാറുമായിരിക്കാം. ഇനിയൊരിക്കല്‍ ആരെങ്കിലും കഥയെഴുതുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു കഥാപാത്രമായി ഞാന്‍ മനസില്‍ വന്നാലോ. വരുമായിരിക്കാം. ഇത്രനാളും ഇല്ലാത്തൊരു മാറ്റം ചിലപ്പോള്‍ ഇനിയുണ്ടായേക്കാം. അങ്ങനെ ആഗ്രഹിക്കാം.
പത്ത് വര്‍ഷത്തോളമായി ഈ മേഖലയില്‍ വന്നിട്ട്. ഒഴിവാക്കപ്പെട്ടുവെന്ന് തോന്നിയിട്ടുണ്ടോ. വൈകിപ്പോയിയെന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെ വൈകിപ്പോയി എന്ന് ഇതുവരെ തോന്നിയിട്ടില്ല. പത്തുവര്‍ഷം ആയെങ്കില്‍പ്പോലും ഞാന്‍ ഇതുപോലെ ഒരു അംഗീകാരത്തിനര്‍ഹമാകുന്ന തരത്തില്‍ പെര്‍ഫോം ചെയ്തൊരു സിനിമയൊന്നും ഉണ്ടായിട്ടില്ല.
കിട്ടിയതൊക്കെ ചെറിയ ക്യാരക്ടര്‍ റോളുകള്‍ ആയിരുന്നു. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മിനിസ്‌ക്രീനിലേക്ക് മാറി. അതുകൊണ്ട് അവസരങ്ങള്‍ അങ്ങനെ കിട്ടിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് എനിക്ക് തോന്നുന്നത്.
എനിക്ക് സങ്കടമായി തോന്നുന്നത് അതാണ്, നല്ലൊരു സിനിമയില്‍, അല്ലെങ്കില്‍ നല്ലൊരു ക്യാരക്ടര്‍ കിട്ടാന്‍ വൈകിപ്പോയി എന്നാണ്. ഇപ്പോള്‍ വാസന്തിയൂടെ ഒരു ടൈറ്റില്‍ റോളെനിക്ക് കിട്ടി. ഒരു മുഴുനീള കഥാപാത്രം, ഇത് ആദ്യമായിട്ടാണ്.അതിന് അവാര്‍ഡ് കിട്ടിയപ്പോള്‍ വളരെ സന്തോഷം.
അഭിനയത്തിലേക്ക് വന്നത് റിയാലിറ്റി ഷോയിലൂടെ
ആ സമയത്തൊക്കെ അഭിനയിക്കണം എന്നൊരു ആഗ്രഹം മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ വേണം, എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ ഒരുപാട് ഗ്രൂമേഴ്സ് വന്ന് നമ്മളെ ഗ്രൂം ചെയ്തു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകരൊക്കെ നമ്മള്‍ക്ക് ഓരോന്ന് പറഞ്ഞുതന്നു.
അതിലൂടെ കുറേ കാര്യങ്ങള്‍ പഠിക്കാനും നമ്മുടെയുള്ളിലുള്ള ഇന്‍ഹിബിഷന്‍സൊക്കെ മാറ്റാനും പറ്റി. ഡയലോഗ് പറയുമ്പോള്‍ വോയ്സ് മോഡുലേഷന്‍ എങ്ങനെ വേണമെന്നൊക്കെ ഞാന്‍ പഠിച്ചത് ഇവിടെ നിന്നാണ്.
അവര്‍ അതൊക്കെ പഠിപ്പിച്ച് തന്നു. അവിടെ നിന്നാണ് കുറച്ചുകൂടെ സിനിമയെ സ്നേഹിക്കാന്‍ തുടങ്ങിയത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും എന്തെങ്കിലുമൊക്കെ ആകണമെന്നും തോന്നി. റിയാലിറ്റി ഷോയില്‍ വന്നത് കുട്ടിക്കളി ആയിട്ടാണെങ്കിലും പിന്നീടാണ് ഞാന്‍ സീരിയസായത്.
സ്വാസികയുടെ റോളുകള്‍ നോക്കുമ്പോള്‍ കൂടുതലും മുതിര്‍ന്ന സ്ത്രീകളുടെ റോളുകള്‍ ആണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
അങ്ങനെയൊന്നും തോന്നിയിട്ടില്ല. പിന്നെ പേഴ്സണലി എനിക്ക് ഇഷ്ടമാണ് അങ്ങനെയുള്ള മുതിര്‍ന്ന മെച്വേര്‍ഡ് ആയിട്ടുള്ള റോളുകള്‍. കാരണം എന്റെ രൂപത്തിന് അത് ആപ്റ്റ് ആയിരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
നമുക്ക് ചേരാത്ത കാര്യങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ കുറച്ച് പ്രയാസമാണല്ലേ, ഇതാകുമ്പോള്‍ എനിക്ക് എളുപ്പമാണ്. അതുകൊണ്ടാകും അങ്ങനെയുള്ള റോളുകള്‍ എനിക്ക് കിട്ടുന്നത്. ഭയങ്കര ക്യൂട്ടായിട്ടുള്ള, ബബ്ളിയായിട്ടുള്ള ക്യാരക്ടേഴ്സ് ചിലപ്പോള്‍ ഞാന്‍ ചെയ്താന്‍ നന്നാകില്ലായിരിക്കും, അല്ലെങ്കില്‍ അതിന് അത്രയും എഫര്‍ട്ട് എടുക്കേണ്ടി വരും.
Advt: To Download Ekalawya Kerala PSC Question Bank: Click Here
അങ്ങനെയുള്ള ക്യാരക്ടര്‍ കിട്ടിയാല്‍ അങ്ങനെ ചെയ്യും. പക്ഷേ ഇങ്ങനെയുള്ള ക്യാരക്ടര്‍ കിട്ടുന്നത് എന്റെയൊരു ഭാഗ്യമാണെന്ന് തേന്നുന്നു.
വളരെ ബോള്‍ഡായ സ്ത്രീകളുടെ റോളുകള്‍ ഷോര്‍ട്ട് ഫിലിമിലായാലും സിനിമയിലായാലും ചെയ്തിട്ടുണ്ട്. അതിനെ മുന്‍നിര്‍ത്തിക്കൊണ്ട് ഡബ്ല്യുസിസി, അമ്മ, ഈ വിവാദങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
സിനിമ തുടങ്ങിയ കാലം തൊട്ടേ ഇതൊരു മെയില്‍ ഡൊമിനന്റ് ഇന്‍ഡസ്ട്രിയായിരുന്നു. പക്ഷേ ഇപ്പോള്‍ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ശാരദാമ്മ, ഷീലാമ്മ തുടങ്ങിയവരൊക്കെ വളരെ ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇന്നത്തെ കാലത്തേക്ക് വന്നാല്‍ പാര്‍വതിയാണെങ്കിലും രജിഷയാണെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എണ്ണം നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കുറവാണ്. കാലങ്ങള്‍ കഴിയും തോറും അത് മാറ്റം വരുമെന്നാണ് എനിക്ക് തോന്നുന്നത്. അതിന് ഒരു സമയം കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
സിനിമയെന്നത് ഒരു ഫാന്റസിയാണ്. ഇപ്പോഴാണ് കുറേക്കൂടെ റിയലിസ്റ്റിക് സിനിമ വരുന്നത്. റിയല്‍ ലൈഫില്‍ ചെയ്യാത്ത ഫൈറ്റൊക്ക പണ്ട് പുരുഷന്‍മാരാണ് ചെയ്തുകൊണ്ടിരുന്നത്. അത് അങ്ങനേ തുടരുകയായിരുന്നു. പക്ഷേ അതിനും മാറ്റമില്ലേ, ആക്ഷന്‍ ഹീറോയിന്‍മാര്‍ നമുക്ക് ഉണ്ട്. എല്ലാം കാലക്രമേണ മാറും, കുറച്ചുപേര്‍ പ്രസംഗിച്ചതുകൊണ്ടോ ക്യാംപെയ്ന്‍ നടത്തിയതുകൊണ്ടോ അത് മാറില്ല. അത് സമയമെടുക്കും. അത് ഉണ്ടാകും.
സിനിമയേക്കാള്‍ സീരിയലുകള്‍. മിനിസ്‌ക്രീന്‍ താരം.
എനിക്ക് സിനിമകള്‍ കിട്ടാതെയിരുന്ന സമയത്താണ് ഞാന്‍ സീരിയലുകള്‍ ചെയ്യാന്‍ തുടങ്ങിയത്. അപ്പോള്‍ പലരും പറഞ്ഞത് ചെയ്യുന്നത് മണ്ടത്തരമാണ് എന്നാണ്. കുറച്ചുകൂടെ കാത്തിരിക്കാമായിരുന്നെന്നാണ് പലരും പറഞ്ഞത്.
പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായത് ഞാന്‍ ചെയ്തത് ശരിയായെന്നാണ്. ഒരുപാട് കാലം കാത്തിരുന്നാല്‍ അത് നെഗറ്റീവായേനേ. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത് എന്തെങ്കിലും ചെയ്യുന്നതല്ലേ, അങ്ങനെയാണ് ഞാന്‍ സീരിയലുകളിലേക്ക് എത്തിയത്.
അതില്‍ ഇപ്പോഴും എനിക്ക് സന്തോഷമേയുള്ളൂ. സിനിമയില്‍ ചിലപ്പോഴൊക്കെ ചില മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇനി ഉണ്ടാവില്ലെന്ന് തോന്നുന്നു.
അശ്ലീല മെസേജയച്ച ഒരാളുടെ തനിനിറം തുറന്നുകാട്ടി ഒരു പോസ്റ്റ് ഈയടുത്ത് ഇട്ടിരുന്നു. സൈബര്‍ ബുള്ളീയിംഗിനെക്കുറിച്ച്
ഇത് അടുത്തെങ്ങും മാറുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. മുഖം കാണാതെ, നേരിട്ട് കാണാതെ എന്തും പറയാനുള്ളൊരു പ്ലാറ്റ് ഫോം കിട്ടുമ്പോള്‍ എന്തും പറയാന്‍ ആള്‍ക്കാരുണ്ടാകും. എന്നാല്‍ ഇതൊന്നും പെട്ടെന്ന് മാറുമെന്ന് തോന്നുന്നില്ല.
അതിന് സർക്കാരാണ് നടപടികൾ എന്തെങ്കിലും ചെയ്യേണ്ടത്. കുറേ അനുഭവങ്ങള്‍ ഇതുപോലെ ഉണ്ടായിട്ടുണ്ട്. സഹികെട്ടാണ് പ്രതികരിക്കുന്നത്. ഒരു കാര്യം ഇഷ്ടമല്ലെങ്കില്‍ അത് പറയാം. പക്ഷേ വീട്ടുകാരെയൊക്കെ പറഞ്ഞും അശ്ലീലമൊക്കെ പറയേണ്ട കാര്യമില്ല.
വരാനിരിക്കുന്ന പ്രോജക്ടുകള്‍
പദ്മകുമാര്‍ സാറിന്റെ ഒരു സിനിമയാണ് ഇപ്പോളിനി ഉള്ളത്. സുരാജേട്ടനും ഞാനുമാണ് അതിലെ പ്രധാന കഥാപാത്രങ്ങള്‍. വേറൊന്നും അങ്ങനെ കമ്മിറ്റ് ചെയ്തിട്ടില്ല.
പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി ഇതൊക്കെയായിരുന്നു അവസാനത്തേത്. കൊവിഡ് വന്നപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ദിലീപേട്ടന്റെ കൂടെയുള്ള ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നൊരു സിനിമ ഇനി ഇറങ്ങാനുണ്ട്.
(ഫോട്ടോകള്‍ക്ക് കടപ്പാട്: സ്വാസികയുടെ ഫേസ്ബുക്ക് പേജ്)
Kerala State Film Award Winner Swasika Interview
Comments are closed.