“നിറയെ നിറങ്ങള്‍”: ജോഷിന് കോട്ടയം നഗരം ഒരു വലിയ കാന്‍വാസ് ആക്കണം
കോട്ടയം നഗരം ഒരു വലിയ ക്യാന്‍വാസാക്കണം… ചുമരായ ചുമരുകളിലെല്ലാം ഗ്രാഫിറ്റി… നിറയെ നിറങ്ങള്‍, നിറയെ സന്തോഷം… തന്റെ ഈ കുഞ്ഞു സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ജോഷ് വര്‍ഗീസ് എന്ന ജോഷുട്ടന്‍. ആരാണ് ജോഷ് വര്‍ഗീസ്? അതിപ്രസിദ്ധനായ ചിത്രകാരനൊന്നുമല്ല ജോഷ്, പക്ഷേ വരച്ചുവച്ചതിലെല്ലാം ജീവിതമുള്ള, രാഷ്ട്രീയമുള്ള, ഒരു 21 വയസ്സുകാരന്‍. ഗ്രാഫിറ്റിയടക്കമുള്ള കേരളത്തിന് അധികം പരിചയമില്ലാതിരുന്ന ചിത്രരചനാ രീതികള്‍ യുവതലമുറ ആവേശത്തോടെ സ്വീകരിക്കുമ്പോള്‍ പരിചയപ്പെടേണ്ടതുണ്ട് ജോഷിനെയും, ജോഷ് വരച്ച ചിത്രങ്ങളെയും.
വീട് എല്‍പി സ്‌കൂളാക്കിയ ജോഷൂട്ടന്‍!
കുട്ടിക്കാലം മുതല്‍ ചെറിയ രീതിയില്‍ വരയ്ക്കുമായിരുന്നു. പുസ്തകങ്ങളിലും വീടിന്റെ ചുമരുകളിലുമെല്ലാം ജോഷ് തന്റെ പരീക്ഷണങ്ങള്‍ നടത്തി. എന്നാല്‍ ചിത്ര രചനയെ കാര്യമായി എടുക്കാന്‍ തീരുമാനിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. പലരെയും പോലെ വീടിന്റെ ചുമരുകളിലും നോട്ട് പുസ്തകങ്ങളിലും ഒതുങ്ങി പോകുമായിരുന്ന ജോഷിന്റെ കഴിവുകളെ പുറം ലോകത്തെത്തിക്കുന്നത് ചേട്ടനാണ്. അന്ന് കിട്ടിയ ആത്മവിശ്വാസമാണ് പിന്നെയും വരയ്ക്കാന്‍ ജോഷിന് മുതല്‍കൂട്ടായത്.
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ചേട്ടന്‍ ജിക്കു വര്‍ഗീസ്, ജോഷ് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീടിന്റെ ചുമരുകളില്‍ വരച്ച ചിത്രങ്ങള്‍ എടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘വീട് എല്‍ പി സ്‌കൂളായി മാറ്റിയതായി അറിയിച്ചു കൊള്ളുന്നു’എന്ന അടിക്കുറിപ്പോട് കൂടി തമാശ രൂപേണ ഇട്ട പോസ്റ്റ്. ആ ചിത്രതിനു അന്ന് ജോഷിനു ഒരുപാട് പ്രശംസയും കിട്ടി. അങ്ങനെയാണ് വരയിലേക്ക് സജീവമാകാനുള്ള ആത്മവിശ്വാസം തനിക്ക് ലഭിച്ചതെന്നാണ് ജോഷ് പറയുന്നത് .
‘അമ്മ ശാന്തി അച്ഛൻ വർഗീസ്. അമ്മ ടീച്ചറാണ്, നന്നായി വരയ്ക്കും, അമ്മ വരയ്ക്കുന്നത് കണ്ട് തോന്നിയ കൗതുകത്തില്‍ നിന്നാണ് ഞാനും വരച്ചു തുടങ്ങിയത്. ഒപ്പം അച്ഛന്റെയും ചേട്ടന്റയും പിന്തുണയും ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചേട്ടന്‍ തുടങ്ങിത്തന്ന നേര്‍കാഴ്ച എന്ന ബ്ലോഗിലായിരുന്നു ആദ്യം ചെറിയ ചിത്രങ്ങള്‍ ഒക്കെ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. പക്ഷേ ചിത്രം വര അന്ന് സീരിയസായി എടുക്കാത്തതുകൊണ്ട് പിന്നെയത് തുടര്‍ന്നില്ല.
തല വര മാറ്റിയ പൊടി വരകള്‍
‘ഡിഗ്രി ചങ്ങനാശേരിയിലെ എസ് ബി കോളെജിലാണ് ചെയ്തത്. കോഴ്സിന്റെ ഭാഗമായി കൊച്ചിയിലെ ഡേവിഡ് സണ്‍സ് എന്ന പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയുണ്ടായി. അന്നെന്റെ ചിത്രങ്ങള്‍ കണ്ട അവിടത്തെ ഹെഡ് റിച്ചി അലക്സാണ്ടർ സാറാണ് വര സീരിയസ് ആയി എടുത്തൂടെ എന്ന് ചോദിക്കുന്നത്. തുടര്‍ന്ന് നിനക്കുള്ള ആദ്യ പെയ്ഡ് വര്‍ക്ക് എന്ന് പറഞ്ഞ് അപ്രതീക്ഷിതമായി അവരുടെ തന്നെ പനമ്പള്ളി നഗറില്‍ തുടങ്ങിയ പുതിയ ബ്രാഞ്ചില്‍ ചുമര്‍ ചിത്രങ്ങള്‍ ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചു. ഇപ്പോള്‍ ഏകദേശം പത്തോളം വര്‍ക്ക് ചെയ്തു. കൂടുതലും ഗ്രാഫിറ്റി പെയിന്റിങ്‌സ് ആണ്. അതാണ് എനിക്ക് കൂടുതല്‍ താല്പര്യവും. പണ്ടൊക്കെയായിരുന്നങ്കില്‍ ഇവന് വട്ടാണോ എന്ന് ചോദിക്കും ഇപ്പോ ഇവിടേയും ആളുകള്‍ ഗ്രാഫിറ്റി ഇഷ്ടപ്പെട്ടു തുടങ്ങി. ഗ്രാഫിറ്റി ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ഒപ്പം വാട്ടര്‍ കളര്‍, ബോട്ടില്‍ പെയിന്റിംഗ് അങ്ങനെ എല്ലാം പരീക്ഷിച്ചിട്ടുണ്ട്,” ജോഷ് പറഞ്ഞു.
‘പെയ്ഡ് വര്‍ക്കുകള്‍ പലതും കൊറോണ കാരണം നഷ്ടമായി. പിന്നെ വീട്ടില്‍ തന്നെ ഇരുന്ന് വരപ്പായി. ഞാനിപ്പോ മരിയന്‍ കോളേജില്‍ എം എ മീഡിയസ്റ്റഡീസ് ആദ്യ വര്‍ഷവിദ്യാര്‍ത്ഥിയാണ്. പബ്ലിക് റിലേഷനാണ് താത്പര്യമുള്ള മേഖല. കൂട്ടത്തില്‍ വരയ്ക്കാനും സമയം കണ്ടെത്തണം. ആത്യന്തികമായി മനുഷ്യന് നിലനില്‍പ്പല്ലേ വലുത്, വര കൊണ്ടുഅതിനു കഴിയില്ല. ചെയ്യുന്ന വര്‍ക്കുകള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ഒപ്പം ആ പ്രയത്നത്തിന് ഇപ്പോ കുറച്ച് പ്രതിഫലവും ലഭിക്കുന്നുണ്ട്. കൂട്ടുകാരും വീട്ടുകാരും ഒക്കെ നല്ല സപ്പോര്‍ട്ടുമാണ്,” ജോഷ് കൂട്ടിച്ചേര്‍ത്തു.
സന്തോഷം തരുന്ന തെരുവുകള്‍ സ്വപ്നം കാണുന്നവര്‍…
ഇതൊക്കെ പറഞ്ഞെങ്കിലും അങ്ങനെ ചുമ്മാ വരച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനൊന്നും ജോഷിനു താല്പര്യമില്ല. ഉള്ളില്‍ ഒരു കുഞ്ഞു സ്വപ്നമുണ്ട്. ആ ലക്ഷ്യം നിറവേറ്റാനുള്ളശ്രമത്തിലാണ് ജോഷും കൂട്ടുകാരും. തെരുവുകളിലെ ഒഴിഞ്ഞ ചുമരുകളിലും പരസ്യങ്ങള്‍ എഴുതി നിറച്ച മതിലുകളും നിറയെ ചിത്രങ്ങള്‍. കോട്ടയത് നിന്ന് തുടങ്ങണം എന്നാണ് ഇവരുടെ ആഗ്രഹം. ചുമരുകള്‍ ക്യാന്‍വാസാകുമ്പോള്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റും. അതിനുള്ള സ്പോണ്‍സറെ തിരഞ്ഞു നടക്കുകയാണ് ജോഷും കൂട്ടുകാരും ഇപ്പോള്‍.
കൊച്ചിയിലും തിരുവന്തപുരത്തുമൊക്കെ ഗ്രാഫിറ്റിയെആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു . അതുകൊണ്ട് തന്നെ തങ്ങളുടെ ഈ ആശയത്തിന് നിറം പകരാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് കാര്‍ത്തിക ജി)
Comments are closed.