കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വര്‍ഗീയ ധ്രുവീകരണം: റിയാസ് മുക്കോളി
തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അനിവാര്യമായ നവീകരണം നടപ്പിലാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കൊട്ടിഘോഷിച്ച പല നേട്ടങ്ങളും കോവിഡ് പ്രതിരോധത്തിനു കൂട്ടായി എത്താതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്ക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജന സംഘടനയുടെ ഉത്തരവാദിത്വത്തെ കുറിച്ച് മനസ് തുറക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി.
കോവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ പി.എസ്.സി നിയമന പ്രശ്നങ്ങള്‍, പിന്‍വാതില്‍ നിയമനം രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം പ്രതീക്ഷയ്ക്ക് ഒത്തു ഉയര്‍ന്നോ ?
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പൊതു ജനാരോഗ്യസംവിധാനം ഉള്ള സംസ്ഥാനമാണ് കേരളം.നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍ കൊണ്ടും പിടിപ്പുകേട് കൊണ്ടും കൂടിയാണ് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത്. സര്‍ക്കാര്‍ അശാസ്ത്രീയ സമീപനമാണ് തുടക്കം മുതല്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇതെല്ലാം പ്രതിപക്ഷം ചൂണ്ടി കാണിച്ച ഘട്ടത്തിലൊക്കെ മരണത്തിന്റെ വ്യാപാരികളെന്നു പറഞ്ഞു പ്രതിപക്ഷത്തെ പരിഹസിക്കാനും സൈബര്‍ ആക്രമണം നടത്താനുമാണ് ഉത്തരവാദിത്വപെട്ടവര്‍ ശ്രമിച്ചത് .മറ്റു സംസ്ഥാനങ്ങള്‍ ഒക്കെ തന്നെ പൂര്‍ണമായി എന്ന് പറയുന്നില്ലെങ്കിലും ഒരു പരിധി വരെ കോവിഡ് കേസുകള്‍ കുറച്ചു കൊണ്ട് വരുന്നതില്‍ വിജയിച്ചിട്ടുണ്ട് .അവിടങ്ങളില്‍ സ്കൂളുകള്‍ വരെ തുറന്നു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെ കുറെ പാലിക്കപ്പെട്ട സംസ്ഥാനമായിട്ടും കോവിഡ് കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ ഇടയാക്കിയത് സര്‍ക്കാരിന്റെ തുഗ്ലക് പരിഷ്കാരങ്ങള്‍ കൊണ്ടാണ് .സാധാരണ അറേബ്യന്‍ രാജ്യങ്ങളിലൊക്കെയാണ് രാത്രികാല ഷോപ്പിംഗ് ഉള്ളത് .നമ്മുടെ നാട്ടില്‍ രാത്രി പത്തു മണിയാകുമ്പോള്‍ മിക്കവാറും ഷോപ്പുകള്‍ അടയ്ക്കും .അത് കഴിഞ്ഞാല്‍ വളരെ അത്യാവശ്യക്കാര്‍ മാത്രമേ പുറത്തു ഇറങ്ങാറുള്ളൂ .അവിടെയാണ് നമ്മള് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. ഇതെല്ലാം എന്തൊക്കെയോ ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉപകരിച്ചിട്ടുണ്ടാകും. പക്ഷെ കോവിഡ് പ്രതിരോധത്തില്‍ ഒരു ഗുണവും ചെയ്തിട്ടില്ല എന്നതാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നമുക്ക് കാണിച്ചു തരുന്നത് .
ആരോഗ്യ വിദഗ്ദ്ധരും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചു അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരുമൊക്കെ പറയുന്നതിന് ചെവി കൊടുക്കാതെ സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നവരെ മാത്രം വിശ്വസിച്ചു മുന്നോട്ടു പോയതിന്റെ പരിണത ഫലമാണ് സംസ്ഥാനം ഇന്ന് അനുഭവിക്കുന്നത് .ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പിടിപ്പു കേട് മാത്രമാണ് കുറ്റവാളി. സംസ്ഥാനത്തു നടക്കുന്ന കോവിഡ് പരിശോധനയില്‍ മറ്റു സംസ്ഥാനങ്ങളെ പോലെ ആര് .ടി .പി .സി .ആര് ടെസ്റ്റിന് മുന്‍ഗണന കൊടുക്കാത്തത് ദുരൂഹമാണ്. പരിശോധനയുടെ എണ്ണം കൂടുതല്‍ കാണിക്കാനും ശതമാന കണക്കില്‍ ഞങ്ങള്‍ കേമന്മാരാണ് എന്ന് കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമം കൂടിയാണ് ഇതില്‍ നടക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ യുവാക്കള്‍ക്ക് പ്രതീക്ഷ വെക്കാമോ?
യുവജന വിരുദ്ധ നയങ്ങള്‍ മുഖമുദ്രയായി കൊണ്ട് നടക്കുന്ന സര്‍ക്കാരാണ് കേരളം ഇപ്പോള്‍ ഭരിക്കുന്നത്. യുവജന വിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ച തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും. പിന്‍വാതില്‍ നിയമനങ്ങളിലൂടെ പി .എസ്. സി യുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ക്കുന്ന നടപടികളുമായാണ് കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടു പോയത്. തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് വരെ ഞങ്ങള്‍ അതിനെതിരെ സമരം ചെയ്തു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാര്യമായ ആരോപണങ്ങള്‍ കേരളത്തിലെ പി .എസ്. സിയ്ക്കെതിരെ ഉയര്‍ന്നു വന്നിരുന്നില്ല. എന്നാല്‍ പിണറായി വിജയന്റെ കാലത്തു പി. എസ്. സി യുടെ വിശ്വാസ്യത പൂര്‍ണമായും തകരുന്ന കാഴചയാണ് കാണുന്നത്.
പി .എസ് .സിയുടെ ചോദ്യപേപ്പര്‍ ചോരുകഎന്നുള്ളത് നമ്മള് സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമാണ്. സി പിഎമ്മിനു വേണ്ടി ഗുണ്ടാ പണി ചെയ്യുന്നവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടുകയും അവര്‍ പോലീസ് ലിസ്റ്റില്‍ വരികയും ചെയ്തത് നമ്മള് കണ്ടതാണ്. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന കത്തിക്കുത്തു കേസ് ഉണ്ടായത് കൊണ്ട് ഇക്കാര്യം പുറത്തു വന്നു. പുറത്തു വരാത്ത ഏത്ര തിരിമറികള്‍ ഉണ്ടാകും എന്നത് പ്രധാനമാണ്. 493 പി. എസ് .സി ലിസ്റ്റുകള്‍ റദ്ദാക്കിയത് സ്വന്തക്കാരെ നിയമിക്കാന്‍ ഉള്ള പഴുതുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് .
ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളം പോലുള്ള സംസ്ഥാനത്തു പെന്ഷന് പ്രായം ഉയര്‍ത്തണം എന്ന വാദത്തോട് ഇനിയും പുറം തിരിഞ്ഞു നില്‍ക്കേണ്ടതുണ്ടോ?
പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന വാദത്തെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും . കൂടുതല്‍ ചെറുപ്പക്കാര്‍ സര്വിസില്വരുന്നത് സംവിധാനത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കും എന്നുള്ളത് കൂടി പരിഗണിക്കേണ്ടതുണ്ട് . എന്നാല്‍ എയ്ഡഡ് മേഖലയിലെ നിയമനവുമായി ബന്ധപ്പെട്ടു ശമ്പള കമ്മീഷന് മുന്നോട്ടു വെച്ച നിര്‍ദ്ദേശത്തോട് യൂത്ത് കോണ്‍ഗ്രസ് പൂര്‍ണമായും യോജിക്കുന്നുണ്ട് . മേഖലയില്‍ നടക്കുന്ന അഴിമതി തടയാന്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയും . പക്ഷെ വിവാദമാവാന്‍ സാധ്യത ഉള്ള വിഷയം മുന്നോട്ടു വെച്ച് കണ്ണില്‍ പൊടിയിടാനുള്ള ബോധപൂര്‍വമായ ശ്രമമാണോ ഇപ്പോള്‍ നടക്കുന്നത് എന്നുള്ളത് സംശയിക്കേണ്ടി വരും . പ്രതിഷേധത്തിന്റെ മറവില്‍ ആയിരകണക്കിന് തൊഴില്‍ രഹിതരായ യുവാക്കളെ ഇരുട്ടില്‍ നിര്‍ത്തി പെന്ഷന് പ്രായം വര്‍ധിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .യൂണിവേഴ്സിറ്റി നിയമനങ്ങള്‍ പി .എസ്. സി യ്ക്ക് വിട്ട നടപടി നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്താത്ത ഈ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെറുവിരല്‍ അനക്കുംഎന്ന് കരുതാന്‍ വയ്യ .
തൊഴില്‍ ദാതാവ് എന്ന നിലയില്‍ സര്‍ക്കാരിനെ എത്ര കാലം ആശ്രയിക്കാന്‍ സാധിക്കും ? യുവാക്കള്‍ കുറച്ചു കൂടെ ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടതില്ലേ?
തീര്‍ച്ചയായും. വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. സ്വകാര്യ മേഖലയിലും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കഴിഞ്ഞ യുഡി എഫിന്റെ കാലത്തു നിരവധി വന്‍ കിട പ്രൊജെക്ടുകള്‍ സംസ്ഥാനത്തു വന്നു. നിര്‍ഭാഗ്യവശാല്‍ അതിന്റെ ഒരു തുടര്‍ച്ച ഉണ്ടായില്ല.
സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ തുടങ്ങുന്നതിനും മറ്റും യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്കാന് സര്‍ക്കാരിന് കഴിയണം. സര്‍ക്കാര്‍ കൂടെയുണ്ടാകും എന്നുള്ള പ്രതീതി സൃഷ്ടിക്കാന്‍ സാധിക്കണം. യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്തു ഇക്കാര്യത്തില്‍ മികച്ച നിലയില്‍ ആണ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്തിരുന്നത് എന്നുള്ളത് നേരിട്ട് അനുഭവം ഉണ്ട് .
ഒരു പ്രൊജക്റ്റ് റിപ്പോര്‍ട് നല്കി കഴിഞ്ഞാല്‍ അതിനു ആവശ്യമായ ഫണ്ട് കെ .എഫ്. സി നല്‍കുമായിരുന്നു. തിരിച്ചടവ് അടക്കം ലളിതമായ രീതിയില്‍ ആണ് ആ സേവനം ഉറപ്പ് വരുത്തിയത്. അത് കൊണ്ട് തന്നെ അക്കാലയളവില്‍ നിരവധി സംരഭങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ന് അത്തരം കാര്യങ്ങള്‍ എല്ലാം നിശ്ച്ചലമായിരിക്കുകയാണ് .
ഡോളര്‍ കടത്ത്, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ കടത്ത്, ആഴക്കടല്‍ മത്സ്യബന്ധനത്തിനു കരാര്‍ നല്‍കിയതില്‍ അഴിമതി… തെരഞ്ഞെടുപ്പ് വിജയത്തോടെ അന്നത്തെ പ്രതിപക്ഷം ഉയര്‍ത്തി കൊണ്ട് വന്ന ആരോപണങ്ങള്‍ എല്ലാം അപ്രസക്തമായോ?
അന്ന് ഞങ്ങള്‍ മുന്നോട്ടു വെച്ച വിഷയങ്ങള്‍ ശരിയായിരുന്നു എന്നുള്ളത് കോടതികള്‍ പോലും ശരി വെച്ചിട്ടുള്ളതാണ്. സ്പ്ലിങ്ര് വിഷയത്തില്‍ അടക്കം സര്‍ക്കാരിന് പിന്നോട്ട് പോവേണ്ടി വന്നത് പ്രതിപക്ഷത്തിന്റെ വിജയം തന്നെയാണ്. കോവിഡ് സാഹചര്യമാണ് സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ഗുണം കിട്ടിയത്. കോവിഡ് കാലത്തു അമേരിക്കയില്‍ മാത്രമാണ് ഒരു ഭരണമാറ്റം ഉണ്ടായിട്ടുള്ളത്.
കോവിഡ് ആശങ്കപെടുത്തിയ കാലത്തു ഇവരുടെ അഴിമതി ചൂണ്ടി കാണിച്ചപ്പോള്‍ അതിനെ പറ്റി ജനങ്ങള്‍ ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് ഞങ്ങളുടെവിലയിരുത്തല്. ജീവനോപാധി നഷ്ടപെട്ട കാലത്തു കിട്ടിയ ചെറിയ സൗജന്യങ്ങള്‍ പോലും വലിയ ഘടകമായി മാറിയിട്ടുണ്ട്. അത് മുതലെടുക്കുവാന്‍ ഈ സര്‍ക്കാരിന് പറ്റി. പിന്നെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തി ഈ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാന്‍ പറ്റുന്ന സാഹചര്യം നമുക്ക് ഉണ്ടായിരുന്നില്ല. പത്തു പേരെ വെച്ച് സമരം ചെയ്യുമ്പോളേക്കും മരണ വ്യാപാരി എന്ന് പറഞ്ഞു നമ്മളെ ഒറ്റപ്പെടുത്താന്‍ അവര്‍ ബോധപൂര്‍വം ശ്രമിച്ചു എന്നുള്ളതാണ്.
ഇത് മാത്രമല്ല കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ അഡ്ജസ്റ്മെന്റിന് തയ്യാറായി എന്ന ഞങ്ങളുടെ ആരോപണം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ് .ബി ജെ പി പ്രതിരോധത്തിലായ കൊടകര കുഴല്‍പ്പണ കേസിന്റെ അവസ്ഥ നോക്കിയാല്‍ ഇത് പകല്‍ പോലെ വ്യക്തമാകും .
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ അടക്കം പ്രമുഖ ഘടകകഷികള്‍ വ്യത്യസ്ത നിലപാട് ആണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേത് ഒരു ഒളിച്ചു കളിയാണെന്നു ആക്ഷേപം ഉയര്‍ന്നിരുന്നു. കൃത്യ സമയത് ഒരു നിലപാട് എടുക്കാന്‍ കഴിയാതെ പോയത് സര്‍ക്കാരിന് നേട്ടമായില്ലേ?
സമുദായങ്ങള്‍ക്കിടയിലെ വൈകാരിക വിഷയങ്ങളില്‍ മുതലെടുപ്പ് എടുക്കാനാണ് സി പി എം ശ്രമിക്കുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന പാലോളി കമ്മിറ്റിയും മുന്നോട്ട് വെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത്തരം ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് ലഭിച്ചത്.
ഇതിലെ യഥാര്‍ത്ഥ വസ്തുതകള്‍ ചര്‍ച്ചയാക്കാതെ മുസ്ലിം സമുദായത്തിന് വഴി വിട്ട ആനുകൂല്യങ്ങള്‍ നല്കുന്നു എന്ന തരത്തില്‍ ബോധപൂര്‍വമായ ചര്‍ച്ച സി പി എം തുടങ്ങി വെച്ചു. ഈ നാടിന്റെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാന്‍ പാടില്ലായിരുന്നു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കേണ്ടത് അവരുടെ രാഷ്ട്രീയ ആവശ്യം ആയിരുന്നു. ഇരു സമുദായങ്ങളും ഒരുമിച്ചു നില്‍ക്കുന്നത് ഇടതുമുന്നണിയ്ക്ക് രാഷ്ട്രീയമായി ദോഷം ചെയ്യും എന്നുള്ളത് അവര്‍ക്ക് അറിയാമായിരുന്നു. സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനം കൊണ്ട് നമ്മുടെ നാട് കൊടുത്തത് വലിയ വിലയാണ്. വര്‍ഗീയ ചേരിതിരിവ് അടിത്തട്ടില്‍ തന്നെ ഉണ്ടായിട്ടുണ്ട് .പരസ്പരം വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യം സര്‍ക്കാര്‍ തന്നെ സൃഷ്ടിക്കുകയാണ് …
ന്യൂന പക്ഷവിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിക്കുന്നുണ്ടോ?
ഇടതു മുന്നണിയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും ന്യൂന പക്ഷവിഭാഗങ്ങള്‍ നിര്‍ണായകമായ എറണാകുളം ജില്ലയില്‍ യു ഡി എഫ് മികച്ച വിജയം ആണ് നേടിയത്. പത്തനംതിട്ടയില്‍ നേരിയ വോട്ടുകള്‍ക്കാണ് മിക്ക സീറ്റുകളിലും പരാജയം സംഭവിച്ചത്. കോട്ടയത്ത് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. കോവിഡ് സാഹചര്യം അവര്‍ക്ക് അനുകൂലമായി വന്നു എന്നുള്ളത് മാത്രമാണ് .
കുഞ്ഞാലികുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചപോലുള്ള രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയോ?
എം പി മാര്‍ നിയമസഭയിലേക്കും തിരിച്ചും മത്സരിക്കുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവം ഒന്നുമല്ല. സി പി എം നേതാക്കളും മുന്‍ കാലങ്ങളില്‍ ഇങ്ങനെ മത്സരിച്ചിട്ടുള്ള അനുഭവങ്ങള്‍ ഇല്ലേ. ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ തെറ്റായി ചര്‍ച്ച ചെയ്തു അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ അനുഭവ സമ്പത്തു യു ഡി എഫ് ഉപയോഗപ്പെടുത്തന്നതിനെ അനുകൂലിക്കാന്‍ ഇടതു മുന്നണിയ്ക്ക് സാധിക്കില്ലെങ്കില്‍ പോലും അതിനെ വര്‍ഗീയമായി ചര്‍ച്ചയാക്കാന്‍ പാടില്ലായിരുന്നു.
യു ഡി എഫ് വിജയിച്ചാല്‍ കുഞ്ഞാലി കുട്ടിയ്ക്ക് നിര്‍ണായക റോള്‍ ഉണ്ടാകും എന്നൊരു ചര്‍ച്ച തെക്കന്‍ കേരളത്തില്‍ വ്യാപക മായി പ്രചരിപ്പിച്ചു. എന്തോ ഒരു ഭയം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചു എന്നുള്ളത് സത്യമാണ് .
ലവ് ജിഹാദ് പോലുള്ള വിഷയങ്ങള്‍ വര്‍ഗീയ ചേരിതിരിവിനും സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളരാനും കാരണമാകുന്നുണ്ട്. കരുണാകരന്റെ കാലത്തെ സോഷ്യല്‍ എഞ്ചിനീയറിംഗ് കോണ്‍ഗ്രസിന് കൈമോശം വന്നോ?
മുന്‍ കാലത്തേ നേതാക്കള്‍ മികച്ചതായിരുന്നു, ഇപ്പോളത്തെ നേതാക്കള്‍ മോശമാണ് എന്നുള്ള വിലയിരുത്തല്‍ ശരിയല്ല. ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നവരുടെ കാലത്തും തെരെഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ട് . ഭരണത്തില്‍ ഇരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പ്രതിപക്ഷത്തു ഇരിക്കുമ്പോള്‍ ചെയ്യുന്നതിന് പരിമിതിയുണ്ട് .
മണ്ഡല പുനഃസംഘടനയ്ക്ക് ശേഷം ഏകദേശം നാല്പത്തിയഞ്ചോളം സീറ്റുകളില്‍ ഇടതുപക്ഷത്തിന് മേല്‍കൈ ലഭിച്ചിട്ടുണ്ട് . അവിടങ്ങളില്‍ അവര്‍ക്ക് മൃഗീയ ഭൂരിപക്ഷമുണ്ട് എന്നുള്ളത് സത്യമാണ്. പിന്നെ ലവ് ജിഹാദ് പോലുള്ള വിഷയങ്ങള്‍ കോടതി തള്ളിയതാണ്. പി സി ജോര്‍ജിനെ പോലുള്ളവര്‍ വോട്ടിനു വേണ്ടി സമുദായ ധ്രുവീകരണം ഉണ്ടാക്കാന്‍ പറയും എന്നല്ലാതെ സമുദായം അങ്ങനെ ചിന്തിക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
പാലാ ബിഷപ്പ് ഈ അടുത്ത ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം ഖേദകരമാണ്. സമൂഹത്തിനു വെളിച്ചം പകരേണ്ട പുരോഹിതര്‍ വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറേണ്ടതാണ്. അല്ലെങ്കില്‍ വസ്തുനിഷ്ഠമായ തെളിവുകള്‍ കോടതിയിലോ പൊതു സമൂഹത്തിന്റെ മുന്നിലോ വെയ്ക്കാന്‍ തയ്യാറാകണം.
എന്ത് താല്പര്യത്തിന്റെ പേരില്‍ ആണെങ്കിലും ഇത്തരം പ്രസ്താവനകളെ പൊതു സമൂഹം തള്ളിക്കളയുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമായി പ്രസ്താവന ഇറക്കിയ കീഴ്ക്കമ്മിറ്റികളോട് വിശദീകരണം ചോദിക്കും. മതം മാറുന്നതിനെ വൈകാരികമായി കാണേണ്ട കാര്യം ഇല്ല. എല്ലാ സമുദായത്തിലും തീവ്ര നിലപാടുകാര്‍ ഉണ്ടാകുമല്ലോ. അതെല്ലാം തന്നെ ചെറിയ വിഭാഗങ്ങള്‍ ആണ്. അതിനെതിരെ നമ്മള് പ്രചാരണം നടത്തേണ്ടതുണ്ട് .
നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നു. കോണ്‍ഗ്രസ് ഇന്ന് വലിയ ഒരു പ്രതിസന്ധിയിലാണോ?
ഉത്തരേന്ത്യയില്‍ പൊതുവില്‍ രാഷ്ട്രീയം എന്ന് പറയുന്നത് മണിപൊളിറ്റിക്സ് ആണ്. പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു ഉയര്‍ന്നു വന്ന ആളുകള്‍ പാര്‍ട്ടി വിട്ടു പോയിട്ടില്ല. അധികാരം ഉള്ളപ്പോള്‍ പലരും പാര്‍ട്ടിയില്‍ വരും. അധികാരം നഷ്ടമാകുമ്പോള്‍ അത്തരക്കാര്‍ പുതിയ മേച്ചില്‍ പുറം തേടി പോകും.
ഇപ്പോള്‍ ബംഗാളില്‍ ബി ജെ പി ടിക്കറ്റില്‍ ജയിച്ച ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ കാത്തു നില്‍ക്കുകയാണ്. ഇവരില്‍ പലരും മാസങ്ങള്‍ക്ക് മുന്‍പ് ബി ജെ പി യില്‍ ചേര്‍ന്നവരാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായി മുന്നോട്ടു വരും എന്നുള്ള പ്രതീക്ഷയുണ്ട്.
ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട് .കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിക്കാവുന്ന മേഖലയില്‍ എല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചത് പ്രതീക്ഷ നല്‍കുന്നതാണ് .
മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകിച്ചും ഒരുകാലത്തു നെഹ്റു കുടുംബത്തോട് അടുത്ത് നിന്നവര്‍ പോലും വലിയ അതൃപ്തിയിലാണ്?
പല കാര്യങ്ങളും മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണ് .നേതാക്കള്‍ അഭിപ്രായം പറയുന്നുണ്ട് . സോണിയ ഗാന്ധി തന്നെ അവരെ വിളിച്ചു അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായി . അവരെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാന്‍ ആണ് പാര്‍ട്ടി ശ്രമിക്കുന്നത് .സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാനായി പാര്‍ട്ടി നിശ്ചയിച്ച കമ്മിറ്റിയില്‍ ഈ നേതാക്കള്‍ ഒക്കെ ഉണ്ട് . മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയല്ല.
ജി 23 കൂട്ടായ്മ പോലെ അതൃപ്തരുടെ സംഘടിക്കല്‍ അറുപതുകളിലെ ആശയ സംഘര്‍ഷത്തിന് സമാനമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട് ചില രാഷ്ട്രീയ നിരീക്ഷകര്‍. കേരളത്തിലെ മുതിര്‍ന്ന രണ്ടു നേതാക്കള്‍ കൂടി ചേര്‍ന്ന് ജി 23 ജി 25 ആയി മാറാന്‍ സാധ്യത ഉണ്ടോ?
ജി 23 ജി 25 ആവാനുള്ള യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല . ഒരു വിഭജനം പാര്‍ട്ടിയില്‍ ഉണ്ടാകില്ല. വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പാര്‍ട്ടിയുടെ നന്മ ഉദ്ദേശിച്ചാണ് വിമര്‍ശനം ഉന്നയിച്ചത് എന്നാണ് നമ്മള് മനസിലാക്കുന്നത്. പാര്‍ലമെന്റില്‍ ദീര്‍ഘ കാലം ഒരുമിച്ചു പ്രവര്‍ത്തിച്ച കുറച്ചു നേതാക്കള്‍ ഒരു യോഗം ചേര്‍ന്ന് എന്നുള്ളത് കൊണ്ട് പാര്‍ട്ടി പിളരും എന്നൊന്നും അര്‍ത്ഥമാക്കേണ്ട കാര്യം ഇല്ല .
നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടായ മാറ്റം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
സമൂലമായ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നുന്നത്. സംഘടനാ തെരെഞ്ഞെടുപ്പ് വരും എന്നൊക്കെ നേതാക്കള്‍ പലപ്പോഴായി സൂചിപ്പിക്കുന്നുണ്ട്. സംഘടനാ തെരെഞ്ഞെടുപ്പ് വരണം എന്ന് തന്നെയാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നതും. ഈ അടുത്ത കാലത്തെ വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത്.
പാര്‍ട്ടി പ്രവര്‍ത്തര്‍ക്ക് ആത്മ വിശ്വാസം വീണ്ടെടുക്കേണ്ടതുള്ളതു കൊണ്ടാണ് മാറ്റം കൊണ്ട് വരാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പഴയ ടീം മോശമായത് കൊണ്ട് എടുത്ത തീരുമാനം ആയിരുന്നില്ല അത് .കെ പി സി സി പ്രസിഡന്റ് ആയി കെ സുധാകരന് വന്നതും പ്രതിപക്ഷ നേതാവായി വി ഡി സതീശന് വന്നതും പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട് . അത് ഈ കാലഘട്ടത്തിനു ആവശ്യം ആയിരുന്നു എന്നുള്ളതാണ് .
കഴിഞ്ഞ ഒരു ഇരുപത്തഞ്ചു വര്‍ഷമായി തെരെഞ്ഞെടുപ്പ് തോല്‍വി വരുമ്പോള്‍ നേതാക്കള്‍ കണ്ടെത്തുന്ന കാരണം സംഘടനാ ദൗര്‍ബല്യമാണ്. അതിനു മരുന്ന് കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
സംഘടനാ രംഗത്തെ പ്രശ്നം മനസിലാക്കി തിരുത്ത് വരുത്തുന്നതിനുള്ള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ ജില്ലയിലും 2500 പരിശീലനം ലഭിച്ച കേഡര്‍ മാരെ സജ്ജരാക്കി മുന്നോട്ടു പോവാന്‍ വേണ്ടി തീരുമാനിച്ചിരിക്കുകയാണ്. അത് പോലെ തന്നെ ഏറ്റവും താഴെ തട്ടില്‍ മൈക്രോ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിയ്ക്കാന്‍ പോവുകയാണ്. തീര്‍ച്ചയായും നിലവില്‍ ഉള്ള സംഘടനാ പ്രശ്നങ്ങള്‍ക്ക് പരിഹാരം തന്നെ ആയിരിക്കും. ജനങളുടെ ദൈനദിന പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരം കണ്ടെത്തി നല്കി നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാനും ഇതിലൂടെ സാധിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത് .
തലമുറ മാറ്റം കോണ്‍ഗ്രസില്‍ നടപ്പിലായ ഒരു തെരെഞ്ഞെടുപ്പ് ആണ് കഴിഞ്ഞു പോയത്. 53 പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടി. പക്ഷെ ജനം അത് സ്വീകരിച്ചില്ല. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ എങ്ങനെയാണു ഈ ഒരു ജനവിധിയെ കാണുന്നത്?
നിരവധി യുവാക്കള്‍ക്ക് അവസരം ലഭിച്ചത് വലിയ അനുഭവം തന്നെയായിരുന്നു. വര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ആവശ്യമായിരുന്നു ഇത് . പക്ഷെ ജനങ്ങള്‍ പൂര്‍ണമായും സ്വീകരിച്ചില്ല എന്ന് പറയുന്നത് ശരിയല്ല . യുവാക്കള്‍ക്ക് മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ കയ്പേറിയ അനുഭവം ഉണ്ടായതു. മുതിര്‍ന്ന നേതാക്കളുടെ മണ്ഡലങ്ങളില്‍ പോലും ഭൂരിപക്ഷം കുറഞ്ഞ സാഹചര്യം ഉണ്ടായി .കരുനാഗപ്പള്ളിയില്‍ സി ആര് മഹേഷിനു മാത്രമാണ് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചത് .പൊതുവില്‍ ഉണ്ടായ തിരിച്ചടി ചെറുപ്പക്കാര്‍ക്കും നേരിടേണ്ടി വന്നു എന്നുള്ള നിലയ്ക്കാണ് കാണേണ്ടത് .
പാര്‍ട്ടിയില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന കേഡര്‍ സംവിധാനം എതിരഭിപ്രായങ്ങളെ കൂച്ചുവിലങ്ങിടാന്‍ വേണ്ടി മാത്രം ഉള്ളതാണോ. അഭിപ്രായം പറയുന്നവരെ മുഴുവന്‍ പുറത്താക്കാന്‍ ഉള്ള കരുത്തു ഈ പാര്‍ട്ടിക്ക് നിലവില്‍ ഉണ്ടോ?
പാര്‍ട്ടിയ്ക്ക് അച്ചടക്കം അനിവാര്യമാണ് .ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് .അച്ചടക്കം പാലിക്കേണ്ടതിന്റെ അനിവാര്യത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യം ഉണ്ട് .ഡി. സി. സി പ്രസിഡന്റുമാരുടെ ലിസ്റ്റ് വന്നപ്പോള്‍ അവരെ അടച്ചു ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന വന്നപ്പോളാണ് പാര്‍ട്ടി നടപടി എടുത്തിട്ടുള്ളത് .ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായി എന്ന് കരുതുന്നില്ല .
പരസ്യ പ്രതികരണങ്ങള്‍ ഒരിക്കലും പാര്‍ട്ടിക്ക് ഭൂഷണമല്ല .അതൊന്നും സഹിക്കാനുള്ള ആരോഗ്യം കേരളത്തിലെ കോണ്‍ഗ്രസിനില്ല .അതൊന്നും കേട്ട് നില്‍ക്കേണ്ട ബാധ്യത ഈ നാട്ടിലെ ജനങ്ങള്‍ക്കുമില്ല .അത് എല്ലാവരും ഉള്‍ക്കൊണ്ടത് നല്ലതാണു എന്നാണ് എന്റെ അഭിപ്രായം .പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളെ വളരെ പോസിറ്റീവ് ആയാണ് എടുത്തിട്ടുള്ളത് .
എത്ര വലിയ നേതാവാണെങ്കിലും പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കണമെന്നാണ് ഇന്ന് എല്ലാവരും ചിന്തിക്കുന്നത് . പെട്ടെന്നുള്ള തീരുമാനങ്ങള്‍ കൊണ്ട് ഒരു പൊട്ടിത്തെറിയിലേക്ക് പോവാതിരുന്നതിന്റെ കാരണവും അത് തന്നെയാണ് .
ഗ്രൂപ്പ് ഈ പാര്‍ട്ടിയില്‍ എല്ലാവര്ക്കും ഉണ്ട് . മുന്‍കാലങ്ങളില്‍ ഗ്രൂപ്പിന്റെ മുന്നണിയില്‍ നിന്നവര്‍ തന്നെയായിരിക്കും ഇപ്പോള്‍ നിയമിതരായിട്ടുള്ള എല്ലാവരും തന്നെ . പക്ഷെ ഇന്നത്തെ സാഹചര്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം .
അത് കൊണ്ട് തന്നെയാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ആളുകള്‍ തന്നെ ഇപ്പോള്‍ യാഥാര്‍ഥ്യം ഉള്‍കൊണ്ട് ഗ്രൂപ്പിനെതിരെ പറയുന്നത് .ഗ്രൂപ്പ് മോശപ്പെട്ട കാര്യം ആണെന്നല്ല .പക്ഷെ ഇന്നത്തെ സാഹചര്യം ഗ്രൂപ്പ് കളിയ്ക്കാന്‍ പറ്റിയതല്ല .ഡി .സി. സി പ്രസിഡന്റ് സ്ഥാനത്തു എത്തിയ പലര്‍ക്കും പ്രമുഖ നേതാക്കളുമായി ബന്ധം ഉണ്ടായിരിക്കാം .
മലപ്പുറം ജില്ലയിലെ നേതാക്കള്‍ക്ക് ആര്യാടന് മുഹമ്മദുമായി ഒരു ആത്മ ബന്ധം ഉള്ളത് പോലെ കണ്ണൂരിലെ നേതാക്കള്‍ക്ക് കെ സുധാകരനുമായും കോട്ടയത്തു ഉമ്മന്‍ ചാണ്ടിയുമായും ഒക്കെ നല്ല ബന്ധം ഉണ്ടാകും .അത് ഒരു അയോഗ്യത ആണെന്ന് പറയാന്‍കഴിയില്ല .
താങ്കളുടെ സഹപ്രവര്ത്തകന് ഡോ.സരിന് അടുത്ത കാലത് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ് ഇങ്ങനെ ആയിരുന്നു. വനിതകളുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയന് രണ്ടാമതും മുഖ്യമന്ത്രി ആയത്. മഹിളാ കോണ്‍ഗ്രസിന് ആറു മാസമായി അധ്യക്ഷയില്ല. ഈ ഒരു ഓര്‍മ്മപ്പെടുത്തല്‍ വേണ്ടി വരുന്നത് ഈ ഒരു കാലത് അപഹാസ്യമല്ലേ?
മഹിളാ കോണ്‍ഗ്രസിന് പ്രസിഡന്റിനെ എത്രയും വേഗം നിയമിക്കേണ്ടതാണ്. ഇത്രയും കാലതാമസമെടുത്ത് പാര്‍ട്ടിയിലെ പുനസംഘടന ചര്‍ച്ചകള്‍ നീണ്ടു പോയത് കൊണ്ടാകും. മഹിളകളുടെ വോട്ടും വളരെ നിര്‍ണായകമാണ് .
സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ശക്തമായ നേതൃത്വം മഹിളാ കോണ്‍ഗ്രസിന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം .കഴിഞ്ഞ തവണ ഒരു ഡി സി സി പ്രസിഡന്റ് വനിത ആയിരുന്നു .
മറ്റൊരു പാര്‍ട്ടിയിലും ജില്ലാ നേതൃത്വത്തില്‍ വനിതകള്‍ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നുള്ളത് നമ്മള് പരിഗണിക്കേണ്ടതുണ്ട് .കെ പി സി സി പുനസംഘടനയിലും കീഴ്ഘടകങ്ങളിലും വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറം ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതില്‍ മുസ്ലിം ലീഗിന്റെ താല്പര്യം പരിഗണിക്കപ്പെടുന്നു എന്നൊരു ആരോപണം പൊതുവില്‍ ഉയര്‍ന്നു വരുന്നുണ്ട്. ആര്യാടന് ഷൗക്കത്തിനെ നിരന്തരം അവഗണിക്കുന്നത് ഇതിന്റെ ഭാഗം ആണോ?
കോണ്‍ഗ്രസിന്റെ പുനഃസംഘടനയില്‍ മുസ്ലിം ലീഗ് ഇടപെടുന്നു എന്നുള്ളത് തെറ്റായ വാര്‍ത്തയാണ് .ഒരു കാലത്തും മുസ്ലിം ലീഗ് അത്തരത്തില്‍ അഭിപ്രായം പറയാറില്ല .അങ്ങനെ കേള്‍ക്കേണ്ട കാര്യം കോണ്‍ഗ്രസിനുമില്ല .ആര്യാടന് ഷൗക്കത്തിനെപാര്ട്ടി ഉചിതമായി പരിഗണിക്കും എന്നാണ് പ്രതീക്ഷ .മികച്ച സംഘാടകന്‍ കൂടിയായ അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി ഉപയോഗപ്പെടുത്തും .
വി എസ് ജോയ് കെ എസ് യുസംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തങ്ങള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടി പുതിയ ചുമതല ഏല്‍പ്പിച്ചത് .മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ് ജില്ലയിലെ യു ഡി എഫ് സംവിധാനം .അതിനെ മുന്നോട്ടു നയിക്കാന്‍ ജോയിക്ക് സാധിക്കും .
കെ എസ് യു യൂണിറ്റ് തലം മുതല്‍ ജില്ലാ സെക്രട്ടറി ,ജില്ലാ അധ്യക്ഷന്‍…സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റ് പ്രസിഡന്റ് നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്.രാഹുല്‍ ഗാന്ധിയുടെ പരീക്ഷണങ്ങള്ഒരുപാട് സാധാരണ പ്രവര്‍ത്തകര്‍ക്ക് മുകളിലേക്ക് കയറി വരാന്‍ വഴി വെച്ച് എന്ന് തോന്നുണ്ടോ?
തീര്‍ച്ചയായും. കോണ്‍ഗ്രസില്‍ മുന്‍ കാലങ്ങളില്‍ നോമിനേഷന് എന്ന് പറയുന്നതു നേതാക്കളുടെ ഇഷ്ടം ഉള്ള നേതാക്കളെ നിയമിക്കുക എന്നതായിരുന്നു. ഇലെക്ഷന് വന്നപ്പോള്‍ കഴിവുള്ള ആര്‍ക്കും മത്സരിച്ചു സംസ്ഥാന കമ്മിറ്റി വരെ എത്താന്സാധിക്കുന്നുണ്ട് .പോരായ്മകള്‍ ഇല്ല എന്നല്ല .അത്തരം പോരായ്മകള്‍ പരിഹരിച്ചു മുന്നോട്ടു പോകണം ..കെ എസ് യു വിലും യൂത്ത് കോണ്‍ഗ്രസിലും സംഘടനാ തെരഞ്ഞെടുപ്പ് നടന്നത് കൊണ്ട് മാത്രം നേതൃ തലത്തില്‍ അവസരം കിട്ടിയ ഒരാളെന്ന നിലയില്‍ നൂറു ശതമാനം ഞാനൊക്കെ ഈ സംവിധാനത്തെ അനുകൂലിക്കുകയാണ് .
തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പട്ടാമ്പിയില്‍ സജീവമാണ്. എങ്ങനെയാണ് അവിടുത്തെ അനുഭവങ്ങള്‍?
പട്ടാമ്പിയില്‍ ഇപ്പോഴും സജീവമായി ഉണ്ട് .കുറച്ചു സമയം മാത്രമേ എനിക്ക് പ്രചാരണത്തിന് അവസരം ലഭിച്ചിട്ടുള്ളൂ. വളരെ കുറച്ചു സമയത്തു വലിയ സ്നേഹം മണ്ഡലത്തില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട് .എം എല്‍ എ എന്നുള്ളഎതിര് സ്ഥാനാര്‍ത്ഥിയുടെ ഒരു മുന്‍തൂക്കം മറികടക്കാന്‍ ഉള്ള സമയം ലഭിച്ചില്ല എന്നുള്ളത് കൊണ്ട് മാത്രമാണ് പരാജയം സംഭവിച്ചത് .
മലപ്പുറം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയ നേതാവാണ് താങ്കള്‍ .ഓരോ മണ്ഡലത്തിലും പേരെടുത്ത വിളിക്കാന്‍ കഴിയുന്ന പത്തോ ഇരുപതോ നേതാക്കള്‍ .ഈ ചെറു പ്രായത്തില്‍ ഇങ്ങനെ ഇടപെടാന്‍ എന്തെങ്കിലും ജാലവിദ്യ കൈയ്യിലുണ്ടോ?
അദ്ധ്യാപകനായ എന്റെ പിതാവില്‍ നിന്ന് ലഭിച്ച ഒരു ഗുണമാണ് അത് .സൗഹൃദം സൂക്ഷിക്കുന്നതില്‍ അദ്ദേഹം വലിയ കരുതല്‍ കാണിക്കുമായിരുന്നു .അതിന്റെ ചെറിയ ഒരു അംശം എനിക്കും കിട്ടി കാണും .മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയില്‍ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ട് പോകാന്‍ സാധിച്ചത് സഹപ്രവര്‍ത്തകര്‍ നല്കിയ പിന്തുണ കൊണ്ടാണ് .കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു എം എല്‍ യോ എം പി യോ ആയി മത്സരിക്കാന്‍ സീറ്റില്ലാത്ത സ്ഥലം ആണ് മലപ്പുറം .അവിടെ സംഘടനാ പ്രവര്‍ത്തനം വലിയ കുഴപ്പം ഇല്ലാതെ മുന്നോട്ടു കൊണ്ട് പോയി എന്നാണ് വിശ്വാസം .
വ്യത്യസ്ത സമരങ്ങള്‍ കൊണ്ട് സംസ്ഥാനം ശ്രദ്ധിച്ച ഒരു യുവ നേതാവാണ് താങ്കള്‍. കോണ്‍ഗ്രസിലെ എസ് എഫ് ഐക്കാരനാണ് എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എങ്ങനെയാണ് പുതിയ സമരരീതികള്‍ സൃഷ്ടിക്കുന്നത്?
രാത്രികളില്‍ പുതിയ സമര രീതികള്‍ എങ്ങനെ ആയിരിക്കണം എന്ന് ആലോചിക്കും. വിഷയത്തിന്റെ സ്വഭാവം അനുസരിച്ചു ഒരു സമരത്തിനുള്ള രീതി മനസ്സില്‍ വന്നാല്‍ അത് സഹപ്രവര്‍ത്തകരോട് ആലോചിച്ചു രൂപപ്പെടുത്തും .കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പ്രദേശവാസികള്‍ക്ക് ജോലി കൊടുക്കണം എന്നാവശ്യപ്പെട്ടു നടത്തിയ ‘ലുങ്കി മാര്‍ച്ചു ‘ അന്ന് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു .പ്രാദേശികമായി എല്ലാവരും ഉപയോഗിക്കുന്ന വസ്ത്രം എന്നുള്ള രീതിയില്‍ ആണ് അങ്ങനെ ഒരു സമരരീതി തെരെഞ്ഞെടുത്തത്.
Comments are closed.