ബൂട്ട് വാങ്ങാൻ ത്രാണിയില്ലാതിരുന്ന കാലത്ത് ചരിത്രത്തിന്റെ ഗോള്‍വല കുലുക്കിയ പെൺ കരുത്ത്
1981 തായ്‌വാനിലെ വനിത ഫുട്ബോൾ രണ്ടാം ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ജർമനിക്കു എതിരെ ഇന്ത്യ ഗോൾ നേടിയപ്പോൾ കമൻ്ററി ബോക്സിൽ ഒരു മലയാളിയുടെ പേരും ആദ്യമായി ഉയർന്നു കേട്ടു… കേരള കായിക രംഗത്ത് അതിന് മുൻപും പിൻപും ഈ നേട്ടം കരസ്ഥമാക്കിയ ആരുമുണ്ടായിട്ടില്ല എന്നത് ചരിത്രം. ഇരുപതാം വയസിൽ ലോകകപ്പിൽ ബൂട്ടണിഞ്ഞ തിരുവനന്തപുരം സ്വദേശി ലളിത, ആ സ്വപ്നത്തിലേക്ക് നടന്നു കയറാൻ താണ്ടിയ ദൂരം ചില്ലറയല്ല… ലോക കപ്പ് വേദിയിൽ വെച്ചു സമ്മാനം കിട്ടിയ ബൂട്ട് ഇപ്പോഴും നിധി പോലെ കാത്തു സൂക്ഷിക്കുന്നുണ്ട് ലളിത. ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന കാൽപ്പന്തു കളിയുടെ ആവേശത്തിലേക്ക് ഒന്നുകൂടി തിരികെ പോവുകയാണ് ലളിത. ലളിതയുടെ ഓർമ്മകളിൽ ഇപ്പോഴും കാൽപ്പന്ത് കളിയുടെ ആരവമുണ്ട്…
എങ്ങനെയാണ് ഫുട്ബോൾ ജീവിതത്തിന്റെ ഭാഗമാകുന്നത്?
എന്റെ വീട് മുട്ടത്തറയാണ്. വീടിന്റെ അടുത്തുള്ള ഉഷ ചേച്ചി ഫുട്ബാൾ കളിയ്ക്കാൻ പോകുമ്പോൾ അവർക്ക് കൂട്ട് പോയിക്കൊണ്ടിരുന്നതാണ് ഞാൻ. അന്ന് വലിയതുറയിൽ വനിതകളുടെ ഫുട്ബാൾ ടീമുണ്ടായിന്നു .എനിക്ക് പ്രായം 12ഒക്കെആകും.
വലിയതുറ കടപ്പുറത്ത് എല്ലാവരും നിന്ന് കളിക്കുമ്പോൾ ഞാൻ നോക്കി ഇരിക്കും , ഇടക്ക് ബോൾ ഗ്രൗണ്ടിന് പുറത്ത് വരുമ്പോൾ തട്ടി അകത്തോട്ട് ഇട്ട് കൊടുക്കും അവരെല്ലാം എന്നെയും കൂടെ കളിയ്ക്കാൻ വിളിക്കും. പക്ഷെ എനിക്ക് പേടിയായിരുന്നു വീട്ടുകാർ വഴക്ക് പറയുമെന്ന്. ഞാൻ ബോള് തട്ടുന്ന രീതിയൊക്കെ കണ്ടിട്ടാകണം ഒരുദിവസം വലിയതുറ ഫുട്ബാൾ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന അനിയച്ചൻ കുശലാന്വേഷണത്തിനിടെ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാത്തതെന്ന് ചോദിച്ചു .കളിയ്ക്കാൻ പോയാൽ വീട്ടുകാർ വഴക്ക് പറയുമെന്ന് ഞാൻ പറഞ്ഞു .
അദ്ദേഹം എന്നോട് വീടും സ്ഥലവുമൊക്കെ ചോദിച്ചു. ഒരുദിവസം എന്റെ വീട് തേടിപ്പിടിച്ചു ചേട്ടന്റെ അടുത്ത് ഇതേപ്പറ്റി പുള്ളി സംസാരിച്ചു. അന്ന് രാത്രി ഇപ്പോഴും നല്ല ഓർമ്മയുണ്ട് ചേട്ടൻ എന്നെ വിളിച്ചു അവിടെ കളിയ്ക്കാൻ പോകാറുണ്ടോ എന്ന് ചോദിക്കുന്നത് .ഉഷ ചേച്ചിക്ക് കൂട്ടുപോയതാണെന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി . ചേട്ടൻ വഴക്ക് പറയുമെന്നാണ് ഞാൻ കരുതിയത് പക്ഷെ ചേർത്തിരിക്കുത്തി കണ്ണുതുടച്ചിട്ട് ‘നീ ഇനി അവിടെ പോകണം മോളെ, പ്രാക്റ്റീസ് ചെയ്യണം നിന്നെ ഫുട്‍ബോൾ കളിയ്ക്കാൻ വിടണമെന്ന് അനിയച്ചൻ പറഞ്ഞു’ എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു . ചേട്ടന്റെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി .
ചേട്ടൻ സമ്മതിച്ചതിന്റെ ആകാംക്ഷയിൽ ഉറങ്ങാതെ വെളുക്കുന്നതുവരെ കാത്തിരുന്നു… നേരം പുലർന്നപ്പോൾ ഇത് പറയാൻ ഉഷ ചേച്ചിയുടെ വീട്ടിലേക്ക് ഓടി … അന്ന് സന്തോഷം കാരണം ചേച്ചിക്കൊപ്പം പോകാൻ ഒന്നും കാത്തിരുന്നില്ല തനിയെ ഗ്രൗണ്ടിലേക്ക് പോയി… അവിടന്നായിരുന്നു തുടക്കം പിന്നീട് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കളിയ്ക്കാൻ പോകും
എന്റെ ഇഷ്ടം മനസ്സിലാക്കിയിട്ടാകണം കൊത്തുപണിയിൽ കൂടി കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന് ചേട്ടൻ എനിക്കൊരു ബുട്ട് വാങ്ങിതന്നത് . ജി വി രാജ സ്റ്റേഡിയത്തിൽ മത്സരങ്ങൾ വരുമ്പോൾ ചേട്ടൻ കൊണ്ടുപോകും. കളിച്ചു തുടങ്ങിയത് വലിയതുറ ആണെങ്കിലും മുക്കോലയ്ക്കൽ ക്ഷേത്രത്തിന്റെ തൊട്ട് പുറകിൽ ഒരു ഗ്രൗണ്ട് ഉണ്ട് IMA Football Club അവിടെയായിരുന്നു പിന്നീടുള്ള പരിശീലനം. അവിടെ പ്രാക്ടിസിന് ഒപ്പമുണ്ടായിരുന്നത് ആണ്കുട്ടികളായിരുന്നു.അവിടെ നിന്നാണ് ചെറിയ ടൂർണമെന്റുകളിൽ പങ്കെടുത്ത് തുടങ്ങിയത്.
ലോകകപ്പ് ടീമിലേക്ക് സെലക്ഷൻ കിട്ടിയത് എങ്ങനെ ആയിരുന്നു ?
1978-ൽ ജില്ലാ ഫുട്‌ബോൾ ടീമിൽ ഇടംനേടി. അന്നത്തെ ഞങ്ങളുടെ കോച്ച് ഷാജി സി ഉമ്മൻ ആയിരുന്നു.
അടുത്ത വർഷമായപ്പോഴേക്കും ഞാൻ കേരള ടീമിലെത്തി. ശേഷം മണിപ്പൂരിൽ നാഷണൽ കളിച്ചു . അവിടെ ഞങ്ങൾക്ക് മൂന്നാം സ്ഥാനമായിരുന്നു . അത് കഴിഞ്ഞു ലക്‌നൗവിൽ ജൂനിയർ നാഷണൽ, അന്ന് ഞാനായിരുന്നു ടീം ക്യാപ്റ്റൻ , ഞങ്ങൾക്ക് സെക്കന്റ് പൊസിഷൻ കിട്ടി മണിപ്പുരിന് ഫസ്റ്റും . അത് കഴിഞ്ഞു കോഴിക്കോട് സെക്കന്റ് ഏഷ്യ കപ്പ് നടന്നു അതിൽ ഞങ്ങൾ 5 പേര് കേരളത്തിൽ നിന്ന് പങ്കെടുത്തു. അവിടെ നിന്നാണ് ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന്റെ കോച്ചിങ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടുന്നത്.
സംസ്ഥാന ടീം ക്യാപ്റ്റൻ അയോണ, ട്രീസ മാർഗരറ്റ്, എന്നിവരുൾപ്പെടെ കേരളത്തിൽ നിന്ന് മൂന്ന് താരങ്ങൾ വരാനിരിക്കുന്ന ലോകകപ്പിനുള്ള കോച്ചിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ , അന്തിമ ടീമിൽ ഇടം നേടിയത് ഞാൻ മാത്രമാണ്. വളരെ കഠിനമെറിയ പരിശീലനമായിരുന്നു അവിടെ.
അന്ന് എനിക്ക് പാസ്പോർട്ട് ഒന്നുമില്ല, ഒടുവിൽ ഒരുപാട് കഷ്ടപ്പെട്ട് ചേട്ടൻ ശരിയാക്കി അയച്ചുതന്നതൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്. തായ്‌വാനിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിന് പുറപ്പെടുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി വിളിച്ചു അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാകില്ല
എങ്ങനെയായിരുന്നു ലോക കപ്പ് ദിനങ്ങൾ?
അന്നത്തെ ക്യാപ്റ്റൻ കുന്തള ഘോഷ് ആയിരുന്നു. ബംഗാളിൽ നിന്നുള്ള കളിക്കാർ ആയിരുന്നു കൂടുതലും. അർജുന അവാർഡ് കിട്ടിയ ശാന്തി മാലിക്ക്, ശുക്ല ദത്ത , മണിപ്പൂരിലെ റോണി ഒക്കെയായിരുന്നു കൂടെയുള്ള മറ്റ് പ്ലയേഴ്സ്
നമുക്ക് പ്യൂമയുടെയും അഡിഡസിന്റെയും ബൂട്ട് ഒന്നും സ്വപ്നം കാണാൻ പോലും അന്ന് പറ്റില്ലായിരുന്നു. എനിക്ക് ഇട്ടോണ്ട് പോകാനുണ്ടായിരുന്നത് ചേട്ടൻ വാങ്ങി തന്ന ബൂട്ടായിരുന്നു. ബൂട്ട് എന്ന് പറയുന്നത് കോർക്ക് കട്ട് ചെയ്‌ത് എടുത്തിട്ട് അടിഭാഗം ചെറിയ മുള്ളാണി വെച്ച് അടിക്കും … ഇത് തേയുമ്പോൾ സെൻട്രൽ സ്റ്റേഡിയത്തിന്റെ അടുത്ത ഒരു ബൂട്ട് നന്നാക്കുന്ന ആളുണ്ട് പുള്ളിയുടെ അടുത്ത് കൊണ്ട് പോയാണ് ശരിയാക്കുന്നത്. അന്ന് ബാക്കിയുള്ളവർ നല്ല ബൂട്ടിട്ട് കളിക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു.
ആദ്യ കളി ജർമനിയുമായിട്ടായിരുന്നു. അവിടെ വെച്ച് മറക്കാനാവാത്ത ഒരനുഭം ഉണ്ടായി . ടീമിലെ മലയാളി താരം ആരാണെന്ന് ചോദിച്ച് ഒരു മലയാളി തായ്‌വാനിലെ സ്റ്റേഡിയത്തിലേക്ക് വന്നു. അദ്ദേഹത്തിന് എനിക്ക് ഒരു സമ്മാനം തരാൻ ആഗ്രഹമുണ്ട്, എന്ത് വേണമെന്ന് ചോദിച്ചു. ആ സമയത്ത് എനിക്ക് വേണ്ടത് ഒരു ബൂട്ടായിരുന്നു ..ഞാൻ അത് മതിയെന്ന് പറഞ്ഞു …അയാൾ എനിക്ക് ഒരു ജോടി അഡിഡാസ് ബൂട്ട് സമ്മാനിച്ചു. എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു… ഇപ്പോഴും ഞാൻ ആ ഷൂസ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്…
അന്നത്തെ സാഹചര്യവും ഇന്നത്തെ സാമൂഹിക പശ്ചാത്തലവും ഒക്കെ വ്യത്യാമാണ്, എന്നിട്ടും നമ്മുടെ കായിക മേഖലയിൽ കാര്യമായ മാറ്റമുണ്ടോ?
ഞാൻ പഠിച്ച മണക്കാട് സ്കൂളിലെ കുട്ടികൾക്ക് ഇപ്പോൾ ഫുട്ബാൾ പരിശീലനം നൽകുന്നുണ്ട്. . ചെറുതായിരിക്കുമ്പോൾ തന്നെ കുട്ടികളെ പരിശീലിപ്പിക്കണം എന്നലെ അവർക്കത് വഴങ്ങൂ. പ്രായം കൂടുംതോറും അവരുടെ ചിന്താഗതിയും മാനസികാവസ്ഥയും മാറും. പിന്നീട് അവരെ പരിശീലിപ്പിക്കാൻ പാടാണ്. അഞ്ചാം ക്ലാസ് മുതൽ കുട്ടികളെ ഇതിലേക്ക് തിരിച്ചുവിടുകയാണെങ്കിൽ അവർ നല്ല സ്വഭാവത്തിൽ വളരും . മയക്കുമരുന്നിനും ലഹരിക്കും കുട്ടികൾ അഡിക്റ്റായി പോകുന്ന ഈ കാലത്ത് കായിക രംഗത്തെ പരിശീലനങ്ങൾ അവരെ നേർവഴിക്കു നടത്തുന്നതിന് സഹായിക്കും.
സ്ത്രീകൾക്ക് കായിക രംഗത്ത് വരാൻ അത്രയധികം പ്രതിസന്ധികൾ ഉണ്ടായിരുന്ന കാലത്താണ് ഞാൻ ഒക്കെ ഇതിലേക്ക് വന്നത് .പഠനത്തിന് പ്രാധാന്യം കൊടുക്കണം ഒപ്പം കുട്ടികളെ ഇതിലേക്കും കടത്തിവിടണം .
കേരള ഗവണ്മെന്റ് ജി വി രാജ അവാർഡ് എനിക്ക് തന്നു .പിന്നീട കെ എസ് ആർ ടി സി യിൽ ജോലി കിട്ടി.എന്തിനാണ് എനിക്ക് ഇതൊക്കെ തന്നതെന്ന് അധികാരപ്പെട്ടവർക്ക് നോക്കാലോ ? ഞാൻ വേൾഡ് കപ്പിൽ പങ്കെടുത്ത ഏക മലയാളിയാണ്. അതിനു ശേഷം ഒരു പെൺകുട്ടി പോലും കടന്നുവന്നിട്ടില്ല , മരിക്കുന്നതിന് മുന്നേ അങ്ങനെ ഒരു വാർത്ത കേൾക്കണമെന്നാണ് എന്റെ ആഗ്രഹം… ഇത്രയും പ്രതിസന്ധികൾ കടന്ന് എന്നെ പോലൊരാൾക്ക് വരാമെങ്കിൽ ഇന്ന് എന്താണ് പറ്റാത്തത്? ഇങ്ങനെ ഒരാൾ ലോകകപ്പിൽ പങ്കെടുത്തിട്ടുണ്ടെന്ന് പലർക്കും അറിയില്ല.. ഒരുപക്ഷെ ഇത് അധികാരപ്പെട്ടവർ പറയാത്തതിന്റെ ഉദ്ദേശം 1991 ലാണ് വനിതാ ഫിഫ ഫുട്ബാൾ അംഗീകരിക്കപ്പെട്ടത്. അതിന് മുൻപാണ് ഇതുപോലെയുള്ള ടൂർണമെന്റുകൾ നടത്തിയത് അതുകൊണ്ടാകും .സനൽ പി തോമസ് ‘കായിക ചരിത്രം’ എന്ന പുസ്തകത്തിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട് .പിന്നീടൊരിക്കൽ ഞാനാപുസ്‌തകം വാങ്ങി വായിച്ചിരുന്നു , ചിലരെങ്കിലും ഓർക്കുന്നുണ്ടല്ലോ എനിക്ക് അതൊക്കെ തന്നെ ധാരാളം .
ഐഎസ്എൽ അടക്കമുള്ള ലീഗുകൾ സജീവമായിട്ടും പെൺകുട്ടികൾക്ക് മുന്നേറാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ്?
2014ലാണ് ഇങ്ങനെ ഒരാളുണ്ടെന്ന് പുറംലോകം അറിയുന്നത് . അണ്ടർ 17 വേൾഡ് കപ്പ് ഭുവനേശ്വറിൽ 2022ൽ നടന്നു. ഇന്ത്യ പങ്കെടുത്തു പക്ഷെ അതിൽ കേരളത്തിൽ നിന്ന് ഒരു പെൺകുട്ടി പോലും ഇല്ലായിരുന്നു… എനിക്ക് ഒരുപാട് വിഷമം തോന്നി. അതിന് ശേഷം നടന്ന വനിതാ ഫുട്ബാൾ വേൾഡ്കപ്പിലും ഇന്ത്യയുടെ റെപ്രെസെന്റഷൻ ഇല്ലായിരുന്നു .വനിതാ ഫുടബോളിൽ നമ്മൾ 59 ആം സ്ഥാനത്താണ് നിൽക്കുന്നത് .മൊറോക്കോ പോലുള്ള ഇസ്ലാം രാജ്യത്ത് നിന്നും ഒരു ടീമിന് പങ്കെടുക്കാമെങ്കിൽ നമ്മുക്കിത് മതിയാകുമോ? 2017 ൽ കെ പി രാഹുലിന് വേൾഡ് കപ്പ് കളിക്കാൻ അവസരം കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി അന്ന് അവനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
പിന്നീട് മത്സരിച്ചിട്ടിലെ?
1980-81-ൽ 3-ാം മത് ഏഷ്യൻ കപ്പ് ഹോങ്കോങ്ങിൽ നടത്തപ്പെട്ടപ്പോൾ ഇന്ത്യയ്ക് വേണ്ടി കേരളത്തിൽ നിന്ന് എനിക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം കിട്ടിയത് . അതെ വർഷം തന്നെ അർജൻന്റീനയുമായി തായ് ലന്റിൽ ഒരു പ്രദർശന മത്സരവും കളിച്ചു . പിന്നീട് ജോലി കിട്ടിയ ശേഷം 1984 ൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആറാമത് നാഷണൽ വിമൻസ് ഫുട്ബാളിൽ പങ്കെടുത്തു. 84 – ലെ ഫൈനലിൽ ബംഗാളും കേരളവും സംയുക്ത ജേതക്കാളായിരുന്നു. . അന്ന് ഏറ്റവും കൂടുതൽ ഗോൾ അടിച്ചത് ഞാനായിരുന്നു.1987-ൽ വിവാഹം കഴിഞ്ഞു. 1991 ൽ സർവീസിൽ നിൽക്കുമ്പോൾ പാലക്കാട് ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു , അന്നെനിക് വീണ്ടും നാഷണലിൽ പങ്കെടുക്കാനുള്ള കോച്ചിങ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി. പക്ഷെ പോകാൻ പറ്റിയില്ല. കെ എസ് ആർ ടി സിയിലായിരിക്കുമ്പോൾ മെയ് ദിനത്തോട് അനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ മെയ് ദിന സ്പോർട്സ് നടത്തുമ്പോൾ അതിൽ പങ്കെടുക്കുമായിരുന്നു…
2014ൽ ശംഖുമുഖത്ത് സ്ത്രീകൾക്ക് പെനാലിറ്റി ഷൂട്ട് ഔട്ട് നടത്തിയപ്പോൾ ഞാൻ ഓഫിസിൽ നിന്ന് അവധിയെടുത്ത് കാണാൻ പോയി . അവിടെ ചെന്ന് ഇതൊക്കെ കണ്ട് ആവേശം തോന്നിയപ്പോൾ ഞാനും ഗ്രൗണ്ടിൽ ഇറങ്ങി. ഞാൻ ചെയ്ത 3 ഷൂട്ടും ഗോളായി. പണ്ട് പഞ്ചാബിലെ പട്ട്യാലയിലെ കോച്ചിങ് ക്യാമ്പിൽ ഒക്കെ കിട്ടിയ പരിശീലത്തിന് ഫലമായിരിക്കും….
Comments are closed.