പാടണം, അഭിനയിക്കണം, ആള്ക്കാര് ഇഷ്ടപ്പെടണം: അനാര്‍ക്കലി മരയ്ക്കാര്‍
ആനന്ദത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനാര്‍ക്കലി മരയ്ക്കാര്‍ പഠനത്തിനുശേഷം സിനിമയില്‍ സജീവമാകുകയാണ്. പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ അനാര്‍ക്കലി രാജി രാമന്‍കുട്ടിയുമായി പങ്കുവയ്ക്കുന്നു.
നായികയായി അഭിനയിച്ച ചിത്രങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. എന്താണ് പ്രതീക്ഷകള്‍?
നായികയായി അഭിനയിച്ച മന്ദാരം, അമല എന്നീ രണ്ടു സിനിമകളിലും ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്. ആളുകള്‍ക്ക് ഇഷ്ടമുള്ള നടിയാവണം എന്നാണ് ആഗ്രഹം. ഈ രണ്ട് സിനിമകളും അതിന് മുതല്‍ക്കൂട്ടാവും എന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ ഇനിയും ഒരുപാട് സിനിമകള്‍ക്കുള്ള അവസരങ്ങള്‍ കിട്ടുമെന്നും. മന്ദാരമാണ് ആദ്യം പ്രദര്‍ശനത്തിനെത്തുക.
മന്ദാരത്തിലേയും അമലയിലേയും കഥാപാത്രങ്ങളെ കുറിച്ച്?
വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തില് ആസിഫ് അലിയുടെ നായികയായാണ് അഭിനയിക്കുന്നത്. ദേവികയെന്നാണ് പേര്. അത്ര മാത്രമേ ഇപ്പോള്‍ പുറത്തു പറയാന്‍ അനുവാദമുള്ളൂ. അമലയില്‍ ഊമയായ ക്യാരക്ടറാണ് അമല. വളരെ പാവമായ ഉള്‍വലിഞ്ഞ പ്രകൃതമുള്ള ആളാണ് അമല. ഒരുപാട് തയ്യാറെടുപ്പുകളൊന്നും അമലയ്ക്കായി നടത്തിയിട്ടില്ല. എങ്കിലും ഊമയായ ആള്‍ക്കാരുടെ പെരുമാറ്റ രീതികള്‍ ഒക്കെ മനസ്സിലാക്കുന്നതിന് ഡോക്യുമെന്ററികള്‍ കണ്ടിരുന്നു.
നായികയാവുന്നത് പതുക്കെ മതി എന്ന് തീരുമാനിച്ചിരുന്നോ?
നോക്കീം കണ്ടും മാത്രം നായികയാവുന്നുള്ളൂ എന്നൊന്നും തീരുമാനിച്ചിരുന്നില്ല. ആദ്യത്തെ രണ്ട് സിനിമയിലും ചെറിയ ക്യാരക്ടര്‍. അതു കഴിഞ്ഞ് നായികയാവുന്നു. ഇതങ്ങനെ സ്വാഭാവികമായി തന്നെ സംഭവിച്ചതാണ്. പിന്നെ സിനിമകള്ക്കിടയിലുണ്ടായ ഇടവേളയൊന്നും മനപൂര്‍വ്വം അല്ല. വിമാനം കഴിഞ്ഞ ഉടന്‍ തന്നെ മന്ദാരവും അമലയും തുടങ്ങി. പക്ഷെ ചില കാരണങ്ങള്‍ കൊണ്ട് റിലീസ് നീണ്ടതാണ്. നായികയാവണം എന്ന നിര്ന്ധമൊന്നും ഉണ്ടായിരുന്നില്ല. ക്യാരക്ടര്‍ നല്ലതാണെങ്കില്‍ ചെയ്യാം എന്നാണ് നിലപാട്.
ഡാന്‍സ് പഠിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്തായി ഡാന്‍സ് പഠനം?
തിരുവനന്തപുരത്തെ ഡിഗ്രി പഠനം കഴിഞ്ഞ് നാട്ടിലെത്തിയത് സാമാന്യം ഗുണ്ടുവായിട്ടാണ്. അതൊന്ന് കുറയ്ക്കുന്നതിന് വേണ്ടി തുടങ്ങിയതാണ് ഡാന്‍സ്. ചെറുപ്പത്തില്‍ രണ്ടു വര്‍ഷത്തോളം ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുണ്ട്. സ്കൂളിലൊക്കെ വെസ്റ്റേണ്‍ ഡാന്‍സ് കളിക്കുമായിരുന്നു. അങ്ങനെ ഡാന്‍സിനോടുള്ള പ്രിയം കൊണ്ട് ജിമ്മില്‍ പോകുന്നതിന് പകരം ഡാന്‍സ് ക്ലാസില്‍ പോകുന്നു എന്നു മാത്രം. വെസ്റ്റേണ്‍ ഡാന്‍സാണ് പഠിക്കുന്നത്.
സിനിമയില്‍ പാടാന്‍ ആഗ്രഹമുണ്ടെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു?
സിനിമയില്‍ പാടാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. പ്രതീക്ഷ കൈവിട്ടിട്ടില്ല. പാടാന്‍ ഒരുപാട് ഇഷ്ടമാണ്. അഞ്ചാറ് വര്‍ഷത്തോളം കര്‍ണ്ണാടക സംഗീതം പഠിച്ചിട്ടുണ്ട്.
ലാല്‍ ജോസിന്റെ നീനയിലെ റോള്‍ ഉപേക്ഷിക്കാന്‍ കാരണം?
ആ സിനിമയ്ക്ക് വേണ്ടി ലാല്‍ ജോസ് സാര്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്റെ ഫോട്ടോ കണ്ടിട്ട് നീനയ്ക്ക് പറ്റിയ മുഖമാണ് എന്നു പറഞ്ഞാണ് സാര്‍ വന്നത്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ഇത്. പക്ഷെ നേരിട്ട് കണ്ടപ്പോഴാണ് സാറിന് മനസ്സിലായത് എന്റേത് ചൈല്‍ഡിഷ് ഫെയ്സാണ് എന്ന്. പിന്നെ നീനയുടെ പ്രായവും തോന്നിക്കില്ല. അതാണ് ആ ക്യാരക്ടടര്‍ ചെയ്യാത്തതിന് പിന്നിലെ കഥ. പക്ഷെ സംഭവം എന്താന്ന് വെച്ചാല്‍ കുറെയിടത്ത് കണ്ടു നീനയിലെ കഥാപാത്രം ഞാന്‍ വേണ്ടാ എന്ന് വെച്ചതാണ് എന്നൊക്കെ. ഞാനത് തിരുത്താനൊന്നും പോയില്ല.
ആനന്ദത്തില്‍ എത്തുന്നത് എങ്ങനെയാണ്?
എല്ലാ കുട്ടികള്‍ക്കും ഉള്ളതു പോലെ അഭിനയിക്കണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. പക്ഷെ അഭിനയം തൊഴിലാക്കണം എന്നൊന്നും ഇല്ലായിരുന്നു. ആനന്ദത്തിന്റെ സിനിമോട്ടേഗ്രാഫര് ആനന്ദ് സി ചന്ദ്രന് ചേച്ചി ലക്ഷ്മിയുടെ സുഹൃത്താണ്. ചേട്ടനാണ് ആനന്ദത്തിലെ ക്യാരക്ടറിനെ കുറച്ച് പറഞ്ഞത്. ഒരുപാട് സീനൊന്നും കാണില്ല, പക്ഷെ നല്ല ടീമാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഷൂട്ടൊക്കെ ഹംപിയിലും ഗോവയിലും ആണ്. കോളേജില്‍ ഫസ്റ്റ് ഇയര്‍ വെക്കേഷന് സമയമായിരുന്നു ഇത്. എന്തായാലും വെറുതെ ഇരിക്കല്ലേ ഹംപിയും ഗോവയും ഫ്രീ ആയിട്ട് പോയി കാണാല്ലോ എന്നോര്‍ത്താണ് ഓക്കെ പറഞ്ഞ് അഭിനയിക്കാന്‍ പോയത്. പക്ഷെ ആനന്ദം കഴിഞ്ഞ് എനിക്ക് ഇത്രയും സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അതിലെ ക്യാരക്ടര്‍ കൊണ്ടാണ്. അതുകൊണ്ട് ആനന്ദം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് സിനിമ ഇത്രയും വലിയ ഹിറ്റാകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
മാര്‍ ഇവാനിയോസിലെ പഠനം?
സിനിമോട്ടോഗ്രഫിയില്‍ ചെറിയ താല്പര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രിക്ക് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ ചേരുന്നത്. ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞു. കുഴപ്പമില്ലാത്ത മാര്‍ക്കുണ്ട്.
ലക്ഷ്മി വീണ്ടും അഭിനയ രംഗത്ത് എത്തുമോ ?
ചേച്ചിയ്ക്കിപ്പോള് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. സംവിധാനം ഒക്കെയാണ് താല്പര്യം.
ഡിഗ്രിക്ക് ജേര്ണലിസമായിരുന്നല്ലോ. മാധ്യമമേഖലയില്‍ തുടരാനാണോ തീരുമാനം?
ജേണലിസത്തോട് എന്തായാലും താല്പര്യം ഇല്ല. എനിക്ക് പറ്റിയ ഫീല്‍ഡല്ല അത്. സൈക്കോളജി ഇഷ്ടമാണ്. സൈക്കോളജിയില്‍ കൗണ്‍സിലിങ്ങോ അങ്ങനെ എന്തെങ്കിലും ചെയ്യാനാണ് താല്പര്യം.
പുതിയ സിനിമകള്‍?
മന്ദാരവും അമലയും കഴിഞ്ഞ് പുതിയതൊന്നും ചെയ്തില്ല. മന്ദാരം പുറത്ത് ഇറങ്ങിയതിന് ശേഷം മറ്റ് സിനിമകളെ കുറിച്ച് ആലോചിക്കാം എന്നാണ് തീരുമാനം.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.