‘വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനല്ല, നേര്‍വഴി കാട്ടാനാണ് സംസ്കൃത സംഘം’
രാമായണമാസം ആചരിക്കാന്‍ സിപിഐ(എം) അനുകൂല സംഘടന എന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ് ഇപ്പോള്‍. സംസ്കൃതസംഘം എന്ന കൂട്ടായ്മ സിപിഐ(എം) പിന്തുണയുള്ള സംഘടനയല്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും അത്തരമൊരു പ്രചാരണം എന്തുകൊണ്ടുണ്ടായി? സംഘത്തെ ചിലര്‍ ഭയക്കുന്നതെന്തിന്? സംസ്കൃത സംഘത്തിന്റെ കണ്‍വീനര്‍ ടി.തിലകരാജ് പി ആര് പ്രവീണുമായി സംസാരിക്കുന്നു.
എന്താണ് സംസ്കൃത സംഘം എന്ന ആശയത്തിനു പിന്നില്‍?
സംസ്കൃതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സംസ്കരിക്കപ്പെട്ടത് എന്നാണ്. ചില ആളുകള്‍ സംസ്കൃത ഭാഷയെ ഉപയോഗിച്ച് വിശ്വാസികളായ ആളുകളെ ചൂഷണം ചെയ്യുകയാണ്. അതിനെതിരായി വിശ്വാസികള്‍ക്ക് ഭാരതീയ ഇതിഹാസ കൃതികളായ രാമായണവും മഹാഭാരതവും ഭാഗവതവും മറ്റ് പുരാണങ്ങളും സാഹിത്യകൃതികളും വ്യാഖ്യാനിച്ച് കൊടുക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ ആ വിശ്വാസികള്‍ ചൂഷണത്തില്‍ നിന്ന് മോചിതരാകും. പല രീതിയിലാണ് സംഘപരിവാര്‍ സംഘടനകള്‍ സംസ്കൃതഭാഷയെ ദുരുപയോഗം ചെയ്യുന്നത്. അതിന് ഒരുപ്രതിരോധം ഉണ്ടാക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് ഉദ്ദേശം.
മാറ്റം ഉണ്ടാക്കാന്‍ സംസ്കൃത സംഘത്തിന് രാഷ്ട്രീയ പിന്തുണ ആവശ്യമുണ്ടോ? അത്തരത്തിലാണ് പ്രചരണം.
ഇതുവരെയും ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പിന്തുണയുമില്ല. ഇനി ഞങ്ങളുടെ പ്രവര്‍ത്തനം കണ്ട് ഭാവിയില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷി പിന്തുണ നല്‍കുമോ എന്നറിയില്ല. ഈ നിമിഷം വരെയും സംസ്കൃതസംഘം സ്വതന്ത്ര സംഘടനയാണ്. സംഘം രൂപീകരിച്ച് അതിന് ശരിയായ സംഘടനാ സ്വഭാവം പോലും ആയിട്ടില്ല. സെക്രട്ടറിയോ പ്രസിഡന്റോ ഒന്നും ആയിട്ടില്ല. ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി മാത്രമാണ് ഉള്ളത്. സംസ്കൃത പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും അധ്യാപകരുടെയും ഗവേഷക വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മ ഉണ്ടാക്കിയിട്ടേ ഉള്ളൂ. അപ്പോള്‍ത്തന്നെ ഇത്തരം പ്രചാരണങ്ങള്‍ വരുന്നു.
പൂര്‍ണമായ സംഘടനാ രൂപം എപ്പോഴേക്ക് കൈവരും?
ഇപ്പോള്‍ ഞങ്ങള്‍ എല്ലാ ജില്ലയിലും സംസ്കൃതസംഘം രൂപീകരിച്ച് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാമായണ ചിന്തകള്‍ എന്നതാണ് സെമിനാര്‍ വിഷയം. ഈ മാസം 19-ന് എറണാകുളത്ത് സെമിനാറിന് തുടക്കമാകും.25-ന് തിരുവനന്തപുരത്ത്. ഓഗസ്റ്റ് 15-നു മുന്‍പ് എല്ലാ ജില്ലകളിലും സെമിനാറുകള്‍ നടത്തും. ആ സെമിനാറുകളിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തുടര്‍പദ്ധതികള്‍ തയ്യാറാക്കും. ഇപ്പോള്‍ത്തന്നെ സംസ്കൃതസംഘത്തിന് രാജ്യവ്യാപകമായ പ്രചാരണം കിട്ടിക്കഴിഞ്ഞു. ആരാണോ ഇതിനെ പേടിക്കുന്നത് അവര്‍ തന്നെയാണ് ഈ പ്രചാരണം നടത്തിയത്. എന്തിനാണ് അവര്‍ സംസ്കൃതസംഘത്തിനെ പേടിക്കുന്നത് എന്നറിയില്ല.
സിപിഐഎമ്മിന്റെ പിന്തുണയുള്ള സംഘടന എന്ന ലേബല്‍ തുടക്കത്തിലെ വന്നത് എന്തു കൊണ്ടാകും?
സിപിഐഎമ്മുമായി ബന്ധമെന്നാണ് ആരോപിക്കുന്നവര്‍ പറയുന്നത് .സിപിഐഎം നേതാവ് ഡോ.ശിവദാസനുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ചരിത്ര ഗവേഷകനും ഇപ്പോഴും നല്ലൊരു വിദ്യാര്‍ത്ഥിയുമായി ശിവദാസനെ ചില സംശയങ്ങള്‍ തീര്‍ക്കാനും നിര്‍ദേശങ്ങള്‍ക്കുമായാണ് സമീപിച്ചത്. എസ് എഫ് ഐയുടെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന ഡോ.ശിവദാസന്‍ രാമായണത്തിലടക്കമുള്ള ചരിത്രപരമായ ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ചു തരുന്നുണ്ട്. ഞാനാണെങ്കില്‍ കെ എസ് ടി എയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇതൊക്കെയാകാം സിപിഐ(എ)ം പിന്തുണയുള്ള സംഘടന എന്ന പ്രചാരണത്തിന്റെ കാരണങ്ങള്‍. പക്ഷേ ഇതിനകത്ത് കോണ്‍ഗ്രസുകാരും സിപിഐക്കാരും ഒക്കെയുണ്ട്.
ചരിത്രത്തെ സംഘപരിവാര്‍ വളച്ചൊടിച്ച് തെറ്റായ പ്രചാരണം നടത്തുന്നു എന്നാണോ സംസ്കൃതസംഘം കരുതുന്നത്?
ചരിത്രത്തെയല്ല. ശരിയായ അര്‍ത്ഥത്തെയാണ് അവര്‍ വളച്ചൊടിച്ചത്. ഒരുദാഹരണം ഞാന്‍ പറയാം. 2016 മെയ് 1-ന് തൊഴിലാളികളെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു. നിങ്ങള്‍ കര്‍മയോഗികളാണ്. ജോലിചെയ്യുക എന്നതു മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്വം പല ചിന്ത പാടില്ല എന്ന്. ആരാണ് പറയുന്നത് ആരോടാണ് പറയുന്നത് എന്നാലോചിക്കണം. നിങ്ങള്‍ ജോലിയെടുക്കൂ ഞങ്ങള്‍ കൂലി തരില്ല എന്നാണവര്‍ ഉദ്ദേശിച്ചത്. പക്ഷേ അതല്ല യഥാര്‍ത്ഥ വസ്തുത. എന്തു ജോലിയെടുത്താലും ഫലം ക്രമേണ കിട്ടും എന്നാണ് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത്. കര്‍മയോഗി എന്നാല്‍ ഭഗവാന് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞ് അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരെ തെറ്റായ പ്രചരണങ്ങളാണ് സംസ്കൃത സംഘത്തിന്റെ പിറവിക്കു പിന്നില്‍.
എന്തുകൊണ്ട് സംസ്കൃത സംഘം രാമായണത്തില്‍ നിന്ന് തുടങ്ങുന്നു?
ആളുകള്‍ കൂടുതല്‍ ഇപ്പോള്‍ അറിയുന്ന കൃതിയാണ് അദ്ധ്യാത്മരാമായണം. ഞങ്ങള്‍ അതേക്കുറിച്ചല്ല പറയുന്നത്. വാല്മീകി രാമായണവും അദ്ധ്യാത്മരാമായണവും കമ്പര്രാമായണവും ഒക്കെ സാമ്യപ്പെടുത്തിയിട്ട് ഇതിലൊക്കെ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. തുടര്‍ന്ന് മറ്റു കൃതികളും വിഷയങ്ങളും എടുക്കും.
രാമായണമാസാചരണമൊക്കെ കേരളത്തില്‍ പണ്ടേ നിലവിലുണ്ട്. എന്‍എസ് എസ് അടക്കം അത് വിപുലമായി നടത്തുന്നുണ്ട്. അത് ഹൈജാക്ക് ചെയ്യപ്പെട്ടെന്നാണോ?
അതെ. ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. ചിലരുടെ മാത്രം കുത്തകയായി രാമായണത്തെ അവര്‍ കാണുന്നു. അതിനോട് യോജിക്കാന്‍ കഴിയില്ല. രാമായണം ഒരു മതഗ്രന്ഥമല്ല. ഭാരതത്തിന്റെ ഇതിഹാസ കൃതിയാണ്. എന്നുമുതലാണ് അവര്‍ മതഗ്രന്ഥമാക്കിയത് എന്നറിയില്ല. നമ്മളെല്ലാം പഠിച്ചത് ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും എന്നാണ്. അതിനെ പിന്നെ മതഗ്രന്ഥമാക്കി മാറ്റുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. വാല്മീകി രാമായണത്തില്‍ രാമന് സാധാരണ മനുഷ്യന് മാത്രമാണ്. പിന്നീടാണ് അദ്ധ്യാത്മ രാമായണത്തിലൂടെ അത് ശ്രീരാമന് ആയിമാറുന്നത്്. എന്താണ് ഇതിലെ വസ്തുതയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
വിശാലമായ കാന്‍വാസിലേക്ക് സംസ്കൃത സംഘം മാറുമോ?
ചിലരുടെ പ്രചാരണങ്ങളിലൂടെ സംഘത്തെ രാജ്യമെങ്ങും അറിഞ്ഞല്ലോ. അപ്പോള്‍ ആ നിലയില്‍തന്നെ പോകേണ്ടി വരും. സംസ്കാര സമ്പന്നരായ ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മയാണല്ലോ ഇത്. സംസ്കാരം ഉള്ളവരുടെ കൂട്ടം. അല്ലാതെ സംസ്കൃതം അറിയാവുന്നവരുടെ കൂട്ടമല്ല. അസംസ്കൃതര്‍ അസംസ്കൃതമായി ദുരുപയോഗം ചെയ്തതിനെ തിരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
വിശ്വാസികളെ തിരുത്താനാണ് ശ്രമമെന്ന് ആരോപണമുണ്ട്?
വിശ്വാസികളെ ഒരിക്കലും തെറ്റായ വഴിയെ നയിക്കലല്ല ഞങ്ങളുടെ ഉദ്ദേശം. നേരായ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തലാണ്. വിശ്വാസികളോട് ഒരു എതിര്‍പ്പും ഞങ്ങള്‍ക്കില്ല. ഒരു മതവിശ്വാസത്തിനും ഈശ്വര വിശ്വാസത്തിനും എതിരല്ല ഞങ്ങള്‍. പിന്നെന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
Comments are closed.