അരലിറ്റര്‍ വെള്ളം മാത്രം കുടിച്ചു ദിവസങ്ങളോളം ജീവിച്ചു: ആനന്ദ് റോഷന്
സമീര്‍ എന്ന സിനിമയിലൂടെ മലയാള ചലചിത്രരംഗത്തേക്കുളള വരവ് അറിയിച്ച നടനാണ് ആനന്ദ് റോഷന്. സമീറിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനുള്ള അംഗീകാരമായി കഴിഞ്ഞ വര്‍ഷത്തെ നവാഗത നടനുളള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. പുതിയ സിനിമയെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും അഭിമുഖം പ്രതിനിധി ദിനൂപ് ചേലേമ്പ്രയോട് മനസ് തുറക്കുകയാണ് ആനന്ദ് റോഷന്.
എഞ്ചിനിയറിംഗ് ബിരുദം നേടിയ ആള് വഴിമാറി സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?
കുട്ടിക്കാലത്ത് കുറച്ച് സീരിയലിലൊക്കെ അഭിനയിച്ചിരുന്നു. പിന്നീട് കോളേജില്‍ പഠിക്കുമ്പോള്പപ്പേട്ടന് ( എം.പദ്മകുമാര്‍) സംവിധാനം ചെയ്ത ഒറീസ എന്ന സിനിമയുടെ ലൊക്കേഷനില്‍ കുറച്ച് സമയം ചെലവഴിക്കാന്‍ അവസരം കിട്ടി. ഉണ്ണി മുകുന്ദന് ആയിരുന്നു അതിലെ നായകന്. അവിടെ നിന്നാണ് സിനിമ അഭിനയം എന്ന മോഹം ഉദിക്കുന്നത്. ഫേസ് ബുക്കിലൊക്കെ ഓഡിഷന് പരസ്യമൊക്കെ വന്ന് തുടങ്ങുന്ന സമയം ആയിരുന്നു. ആദ്യമൊക്കെ തമിഴ് സിനിമയുടെ ഓഡിഷനൊക്കെ പോകുമായിരുന്നു. ഏകദേശം അന്പതോളംപോയിട്ടുണ്ടാകും. ഓരോ ഓഡിഷന് പോകുമ്പോളും സിനിമയെ പാഷനായി കാണുന്ന ഒരു സുഹൃത്തിനെയെങ്കിലും കിട്ടുമായിരുന്നു. അവരിലൂടെ എവിടെ ചെന്നാല്‍ അവസരം കിട്ടും എന്ന് നമുക്ക് അറിയാന്‍ സാധിക്കും.
ആക്ട് ലാബില്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?
സജീവ് നമ്പിയത്ത് സാര്‍ നടത്തുന്ന ഒരു അഭിനയ പരീശലന കളരിയാണ് ആക്ട് ലാബ്. യാനം മഹായാനം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ച നവമി എന്ന കുട്ടി പറഞ്ഞാണ് ആക്ട് ലാബിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. അവള് അവിടെ പരിശീലനം നേടിയിരുന്നു. അന്ന് പക്ഷെ അത് അത്ര സീരിയസ്സായി എടുത്തിരുന്നില്ല. പിന്നീട് ഒരു വലിയ പ്രൊജക്ട് വന്നപ്പോള്‍ ജോലി രാജി വെച്ച് സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചു. പക്ഷെ എന്ത് കൊണ്ടോ അത് നമ്മളില്‍ നിന്ന് മാറിപ്പോയി.
ഉണ്ടായിരുന്ന ജോലി കളയുകയും ചെയ്തു, ഇനി എന്തെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ആണ് ആക്ട് ലാബില്‍ മൂന്ന് ദിവസത്തെ ഒരു ക്യാമ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പരസ്യം ഫേസ്ബുക്കില്‍ കാണുന്നത്. അങ്ങനെയാണ് ക്യാമ്പില്‍ പോയി നോക്കാം എന്ന്ചിന്തിച്ചത്. അത് വരെ അഭിനയിക്കണം എന്ന് മോഹം ഉണ്ടായിരുന്നു എന്നല്ലാതെ അഭിനയം പഠിക്കണം എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല.
മൂന്ന് ദിവസം കൊണ്ട് തന്നെ അഭിനയം നമ്മള് മനസിലാക്കിയതിനേക്കാള്‍ ഏറെ ഗൗരവമുള്ള കാര്യമാണെന്ന തിരിച്ചറിവ് ലഭിച്ചു. അങ്ങനെയാണ് അവിടെ തന്നെ രണ്ട് മാസത്തെ ഒരു കോഴ്സില്‍ ചേരുന്നത്. ഗുരുകുലരീതിയില്‍ ആണ് പരിശീലനം. തിയേറ്റര്‍ ബേസ് ആയുള്ള പരിശീലനം ആയിരുന്നു. പരിശീലനത്തിനായി നാടകങ്ങളില്‍ അഭിനയിക്കേണ്ടി വരും. രണ്ട് മണിക്കൂര്‍ ഇടവേളകളില്ലാതെ സ്റ്റേജില്‍ നിന്ന് അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മവിശ്വാസം എത്രയോ വലുതാണ്. അഭിനയ ജീവിതത്തിലെ നല്ല അനുഭവങ്ങളാണ് ആക്ട് ലാബ് സമ്മാനിച്ചത്.
യാനം മഹായാനം എന്ന സിനിമയിലേക്ക് എങ്ങനെയാണ് എത്തുന്നത്?
കണ്ണന് സൂരജ് സംവിധാനം ചെയ്ത ചിത്രമാണ് യാനം മഹായാനം. ജയരാജ് സാറിന്റെ നിരവധി സിനിമകള്‍ക്ക് ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട് അദ്ദേഹം. കണ്ണേട്ടന് എടപ്പാളില്‍ കുറേ കാലം താമസിച്ചിരുന്നു. അന്നേ നല്ല പരിചയം ഉണ്ടായിരുന്നെങ്കിലും വളരെ അവിചാരിതമായാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അതില്‍ പൗലോസ് എന്ന നക്സെലെറ്റായാണ് അഭിനയിച്ചത്. കാട്ടില്‍ ആയിരുന്നു ഭൂരിഭാഗവും ചിത്രീകരിച്ചത്. അതായിരുന്നു സിനിമയിലെ ആദ്യ അനുഭവം എന്ന് പറയാം. അത് കഴിഞ്ഞ് സിനിമയെ സീരിയസ്സായി എടുത്ത കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒക്കെ ചെയ്തു.
സമീര്‍ എന്ന സിനിമയില്‍ എങ്ങനെയാണ് അവസരം ലഭിക്കുന്നത്?
റഷീദ്ക്ക (റഷീദ് പാറയ്ക്കല്‍) ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് സമീര്‍. പ്രായോഗികമായ ചില പ്രശ്നങ്ങള്‍ വന്നതോടെയാണ് പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ റഷീദ്ക്ക തീരുമാനിക്കുന്നത്. ആദ്യം തന്നെ തടി കുറച്ച് കുറയ്കേണ്ടി വരും എന്ന് റഷീദ്ക്ക സൂചിപ്പിച്ചിരുന്നു. ഏകദേശം 25 കിലോഗ്രാമോളം ഭാരം കുറച്ചാണ് സമീറില്‍ അഭിനയിക്കുന്നത്. സിനിമയ്ക്ക് അത് അത്യാവശ്യ ഘടകമായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ അതൊക്കെ വലിയ ഒരു പ്രതിസന്ധി ആയിരുന്നു. അവസാന ഭാഗത്ത് ശരീര ഭാരം കൂട്ടേണ്ടി വന്നിരുന്നു. അര ലിറ്റര്‍ വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. അന്നൊക്കെ അമ്മയൊക്കെ വല്ലാതെ ഭയപ്പെട്ടിരുന്നു. എന്നാല്‍ സ്ക്രീനില്‍ വന്നപ്പോള്‍ വലിയ സന്തോഷം തോന്നി.
അംഗീകാരങ്ങള്‍ തേടിഎത്തുമ്പോള് എന്ത് തോന്നുന്നു?
കേരള ഫിലിം ക്രിട്ടിക്സ് പ്രഖ്യാപിച്ചപ്പോള്‍ സമീറിന് മൂന്നു പുരസ്കാരങ്ങള്‍ ലഭിച്ചു. സോദ്ദേശ്യ ചിത്രത്തിലെ രചന, സംവിധാനം, എഡിറ്റിംഗ് പിന്നെ നവാഗത നടനുളള പുരസ്കാരവും. അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നും. നേരത്തെ പ്രേംനസീര്‍ പുരസ്കാരം ലഭിച്ചു. മലയാളത്തിലെ മഹാനടന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് വലിയ വലിയ അംഗീകാരം ആയാണ് കരുതുന്നത്. നാഷണല്‍ അവാര്‍ഡിന് ഫൈനല്‍ റൗണ്ടില്‍ എത്തി. വലിയ സിനിമകള്‍ക്കൊപ്പം സമീര്‍ മത്സരിക്കാന്‍ എത്തി എന്നുള്ളത് തന്നെ വലിയ കാര്യം ആയാണ് കരുതുന്നത്.
നാടകത്തിലൂടെയും മിമിക്രിയിലൂടെയും സീരിയലിലൂടെയുമൊക്കെ ബിഗ് സ്ക്രീനിലെത്തി മികവ് കാട്ടിയ നിരവധി താരങ്ങളുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട് ഫിലിം നിരവധി ആളുകള്‍ക്ക് സിനിമയിലേക്കുള്ള വഴി തുറക്കുന്നുണ്ടോ?
പണ്ട് നാടകം പോലെ തന്നെ സിനിമയിലേക്കുള്ള വഴിയായി നിരവധി ആളുകള്‍ ഷോര്‍ട്ട് ഫിലിമിനെ കാണുന്നുണ്ട്. എനിക്ക് തന്നെ സിനിമയിലേക്ക് ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് ഷോര്‍ട്ട് ഫിലിം ആയിരുന്നു. സിനിമയില്‍ അവസരം തേടി നിരവധി ഓഡിഷനൊക്കെ പോയി ഒന്നും ശരിയാവാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നിരവധി ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. സമീറിലേക്ക് വഴി തുറന്നതും ഷോര്‍ട്ട് ഫിലിമാണെന്ന് പറയാം. സമീര്‍ സിനിമയുടെ സംവിധായകന് റഷീദ്ക്ക നിരവധി ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. റഷീദ്ക്കയുടേയും ആദ്യ സിനിമ സംരംഭമായിരുന്നു അത്. അദ്ദേഹം സംവിധാന സഹായി ആയൊന്നും വര്‍ക്ക് ചെയ്തിട്ടില്ല.
സിനിമയും ഷോര്‍ട്ട് ഫിലിമും അഭിനയിക്കുമ്പോള്‍ വ്യത്യാസം അനുഭവപ്പെട്ടിരുന്നോ?
തീര്‍ച്ചയായും. ഞാന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമുകളെല്ലാം തന്നെ ഒറ്റ ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീര്‍ത്തിരുന്നു. എന്നാല്‍ സിനിമയ്ക്ക് നമ്മള് രണ്ട് മാസം വരെ ആ കഥാപാത്രമായി നില്‍ക്കണം. സമീറില്‍ അഭിനയിക്കുമ്പോള്‍ ഭാരം ഒക്കെ കുറച്ചിരുന്നു. ഭക്ഷണം ഒക്കെ ക്രമീകരിച്ച് ദിവസങ്ങളോളം തുടരുക എന്നത് വലിയ വെല്ലുവിളി ആണ്. അത് പോലെ ലൊക്കേഷന്‍സ് മാറും. അങ്ങനെ നിരവധി വ്യത്യാസങ്ങള്‍ ഉണ്ട്.
ബാലതാരമായിട്ടായിരുന്നു തുടക്കം
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഷ്യാനെറ്റ് ഗ്ലോബല്‍ സംപ്രേഷണം ചെയ്ത നടനം എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. പിന്നീട് സൂര്യ ടി.വിയില്‍ സ്നേഹാകാശം എന്ന ടെലി സീരിയലില്‍ ബാലതാരമായി വേഷമിട്ടു. പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞാണ് യാനം മഹായാനം എന്ന സിനിമയില്‍ അഭിനയിക്കുന്നത്.
ആദ്യ സിനിമയിലെ അഭിനയത്തിന് പുരസ്കാരം ലഭിക്കുന്നു. പിന്നാലെ വരുന്നവരോട് എന്താണ് പറയാനുള്ളത്?
ആരെയും ഉപദേശിക്കാനൊന്നും ഞാന്‍ ആളല്ല. ചെറിയ കാലത്തെ അനുഭവത്തില്‍ നിന്ന് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം മറ്റുള്ളവരെ അനുകരിക്കാതെ ഓരോരുത്തരുടെ വഴി അവരവര്‍ തന്നെ കണ്ടെത്തുക എന്നുളളതാണ്. ഒരാള്‍ വിജയിച്ച വഴിയിലൂടെ പോകാതെ നമ്മുടെ വഴി നമ്മള്‍തന്നെ കണ്ടെത്തണം. അവര്‍ വിജയിച്ചു എന്ന് കരുതി എല്ലാവര്ക്കും അങ്ങനെ ആയി കൊള്ളണം എന്നില്ല. ഞാനൊക്കെ നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. ചിലതൊക്കെ ഫ്രോഡ് പരിപാടി ആയിരിക്കും. പക്ഷെ നമ്മളെ സംബന്ധിച്ച് അതും പുതിയ ഒരു അറിവ് ആയിരിക്കും. പ്രതീക്ഷ കൈവിടാതെ നമ്മുടെ പരിശ്രമം തുടരുക, ഏതെങ്കിലും ശരിയാവും .
അടുത്ത പ്രൊജക്ട്
ഫ്രാന്‍സിസ് ജോസഫ് ആദ്യമായി സ്വതന്ത്ര സംവിധായകന് ആകുന്ന ത തവളയുടെ ത എന്ന സിനിമയാണ്. അടുത്ത മാസം ഷൂട്ട് തുടങ്ങാനിരുന്നതാണ്. കുറച്ച് ക്രൗഡ് ഒക്കെ വേണ്ട സിനിമയാണ്. കോവിഡ്നിയന്ത്രണങ്ങള്‍ കാരണം ഷൂട്ടിങ് നീണ്ട് പോയതാണ്.
കുടുംബം
ഭാര്യ അശ്വതി എറണാകുളം കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ ലക്ചറര്‍ ആയി വര്‍ക്ക് ചെയ്യുന്നു. അച്ഛനും അമ്മയും സര്‍ക്കാര്‍ ജീവനക്കാരാണ്. മലപ്പുറം ജില്ലയില്‍ എടപ്പാളാണ് സ്വദേശം. ഒരു അനിയന് ഡിഗ്രീ കഴിഞ്ഞിരിക്കുന്നു.
Comments are closed.