കവര്‍ വേര്‍ഷനുകളില്‍ നിന്ന് പിന്നണിയിലേക്ക്, സംഗീതം പഠിച്ചിട്ടില്ലാത്ത അദീഫ് ഇനി സിനിമാപാട്ടുകാരന്‍
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ സ്വയം പഠിച്ച് ഇപ്പോഴിതാ മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ പാടിയ തിരുവനന്തപുരത്തിന്റെ സ്വന്തം പാട്ടുകാരന് അദീഫ് മുഹമ്മദ്. സിനിമകളില്‍ പാടുന്നതിനൊപ്പം ഇലയപ്പം എന്ന സ്വന്തം ബാന്‍ഡിനായി പാട്ടുകള്‍ പിന്നണിയില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അദീഫ്. ജോലി ഉപേക്ഷിച്ച് സംഗീതത്തിന് മാത്രമായി ജീവിതം മാറ്റിവെച്ച ഈ യുവാവ് ഒരു പ്രതീകമാണ്, ദൃഢനിശ്ചയത്തിന്റെ.സിനിമാ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദീഫ് തന്റെ പാട്ട് വിശേഷങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ മൈഥിലി ബാലയോട് പങ്കുവെക്കുന്നു.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നാറേയല്ല. എങ്ങനെയാണ് പാട്ടുകള്‍ പഠിക്കുന്നത്?
ശാസ്ത്രീയമായ ഒരു അടിത്തറ എനിക്ക് സംഗീതത്തിലില്ല. പക്ഷേ പണ്ട് മുതലേ പാടുമായിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ മാപ്പിളപ്പാട്ടുകള്‍ ആണ് കൂടുതലായും പാടിയിരുന്നത്. പിന്നെ പിന്നെ സിനിമാപാട്ടുകളും പാടാന്‍ തുടങ്ങി. ഒരു പാട്ട് ഇഷ്ടപ്പെട്ടാല്‍ അത് കുറേ തവണ കേട്ട് പഠിക്കാന്‍ തുടങ്ങി. അങ്ങനെ കേട്ട് കേട്ടാണ് പഠിച്ചത്.
ഇപ്പോള്‍ സിനിമാ പാട്ടുകളുടെ കവര്‍ വേര്‍ഷനുകള്‍ ചെയ്യുന്നുണ്ടല്ലോ അദീഫും കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന്. നിങ്ങള്‍ക്ക് ഒരു ബാന്‍ഡും ഉണ്ടല്ലോ. എങ്ങനെയാണ് ഒരു ബാന്‍ഡിലേക്ക് നിങ്ങള്‍ എത്തിച്ചേര്‍ന്നത്?
ഇലയപ്പം എന്നാണ് ഞങ്ങളുടെ ബാന്‍ഡിന്റെ പേര്. എല്ലാവരും തിരുവനന്തപുരത്തുകാരാണ്. പക്ഷേ ഞങ്ങളാരും ഒരുമിച്ച് പഠിച്ചവരൊന്നുമല്ലാ. ആദ്യമൊക്കെ ഞങ്ങള്‍ രണ്ടുമൂന്ന് പേര് കൂടി ജാമിംഗ് ചെയ്യാറുണ്ടായിരുന്നു. പിന്നെയാണ് ഒരു കവര്‍ ചെയ്യാമെന്ന് ആലോചിച്ചത്. അങ്ങനെയാണ് മുക്കത്തെ പെണ്ണേ ചെയ്യുന്നത്. അതില്‍ ആകെ വയലിനും കീബോര്‍ഡും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല പ്രതികരണമുണ്ടായി. അപ്പോള്‍ കുറച്ച് കൂടി നന്നായിട്ട് ഇനിയും ചെയ്യണമെന്ന് തോന്നി. കൂടതല്‍ ഇന്‍സ്ട്രമെന്റ്സ് കൊണ്ടുവന്നത് അങ്ങനെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ആറ് പേരുണ്ട് ഇലയപ്പത്തില്.
ഏറ്റവുമൊടുവില്‍ മോയിന്‍കുട്ടി വൈദ്യരുടെ മുത്ത് നവരത്നമുഖം എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ടിന്റെയും കവര്‍ ഇറക്കിയല്ലോ. അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. മാപ്പിളപ്പാട്ടിന് ഒരു പുതിയ മുഖം അതിലൂടെ നല്കിയല്ലോ. അതിന് ലഭിച്ച പ്രതികരണങ്ങള്‍ എങ്ങനെയാണ്?
പണ്ട് തൊട്ടേ മാപ്പിളപാട്ട് പാടുമായിരുന്നു. വീട്ടിലൊക്കെയാണെങ്കിലും എല്ലാവരും പാടാന്‍ പറയുന്നൊരു പാട്ടായിരുന്നു ഇത്. ഇത് ചെയ്തൂടെ. പാടിക്കൂടെയെന്നൊക്കെ എല്ലാവരും ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയൊക്കെ ആലോചനകള്‍ ഉണ്ടായിരുന്നു. ഈയടുത്ത് ഞങ്ങള്‍ തീരുമാനിച്ചു ഇനി ബാന്‍ഡിന് സ്വന്തമായി പാട്ട് ചെയ്യണമെന്ന്. ബാന്‍ഡിന്റെ യുട്യൂബ് ചാനലില്‍ ഞങ്ങളുടെ സ്വന്തം പാട്ടുകള്‍ മാത്രം ഇനി ഇട്ടാല്‍ മതിയെന്ന് തീരുമാനമായി. കവര്‍ ചെയ്യുന്നത് നിര്ത്തിയെന്നല്ലാ. കവര്‍ വേര്‍ഷനുകള്‍ ഇടുന്നതിനായി ഒരു പുതിയ ചാനല്‍ തുടങ്ങാമെന്ന് വിചാരിച്ചു. അപ്പോഴാണ് എങ്കില്‍പ്പിന്നെ ഈ പാട്ട് തന്നെ പാടി തുടക്കമാകട്ടെയെന്ന് വിചാരിച്ചത്. എന്തായാലും ആ പാട്ടും എല്ലാവര്ക്കും ഇഷ്ടമായി. പല ഭാഗത്ത് നിന്നും ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞ് വിളിക്കുകയുണ്ടായി.
മുത്ത് നവരത്നത്തില്‍ ഒറിജിനലില്‍ നിന്ന് വ്യത്യസ്തമായി ഒരു അറബിക് ടച്ച് കൊണ്ടുവന്നിട്ടുണ്ടല്ലോ. അത് മാത്രവുമല്ല, ചിത്രീകരണമായാലും എല്ലാവരും എടുത്ത് പറയുന്ന തരത്തിലാണ്. അതിന്റെ വിശേഷങ്ങള്‍?
വോക്കലിന് പ്രാധാന്യം കൊടുത്ത് വളരെ മിനിമലായി ഇന്‍സ്ട്രുമന്റ്സ് ഉപയോഗിച്ച് ചെയ്യാമെന്നാണ് തീരുമാനിച്ചത്. പെര്‍ക്കഷനും ഗിറ്റാറും മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഒറിജിനലില്‍ നിന്ന് മാറി ചെയ്യണമെന്ന് വിചാരിച്ച് തന്നെയാണ് അറബിക് ടച്ച് കൊണ്ടുവന്നത്. പെര്ക്കഷന് ചെയ്യുന്ന റാമിന് പല അറബിക് സ്റ്റൈലുകളും അറിയാം. അതുകൊണ്ട് വളരെ കോണ്‍ഫിഡന്റായിരുന്നു. ഗിറ്റാറും അത്പോലെ തന്നെ സനു ആണ് ഗിറ്റാറിസ്റ്റ്. മിനിമം ഇന്‍സ്ട്രുമന്റ്സ് ഉപയോഗിച്ച് വ്യത്യസ്തമായി അതേസമയം നന്നായി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അത് നടന്നു. ഞങ്ങളുടെ ക്യാമറാമാന് ആണ് വിഷ്വലും കുറച്ച് കൂടി വലിയ രീതിയില്‍ ചെയ്യാമെന്ന്. വളരെ കഷ്ടപ്പെട്ടാണ് വേണു ശശിധരന്, ഞങ്ങളുടെ ക്യാമറമാന് ആ വീഡിയോ എടുത്തത്. അത് കാണുന്ന തരത്തില്‍ മനോഹരമാക്കിയത് എഡിറ്ററുടെ കഴിവ് കൂടിയാണ്. സി ജെ അച്ചു അവന്റെ ജോലി വളരെ നന്നായി ചെയ്തതിന്റെ ഫലമാണ് ആ വീഡിയോ ഇങ്ങനെ വന്നത്. അത് കഴിഞ്ഞ് പാട്ടിന്റെ സൗണ്ട് മിക്സ് ആണ് എടുത്തു പറയേണ്ടത്. അത് ചെയ്തത് വിഷ്ണുവാണ്.
കവര്‍ വേര്‍ഷനുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇത്ര എഫേര്‍ട്ടെടുത്ത് കവര്‍ ചെയ്യുന്നവര്‍ വളരെ കുറവാണ്. സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നത് കവറുകള്‍ തന്നെയാണ് അല്ലേ?
അതെ. കവര്‍ വേര്‍ഷന്‍ ഇറക്കിയതാണ് എന്റെ ലൈഫ് മാറ്റിയത്. എനിക്ക് എന്തെങ്കിലും സംഗീതത്തില്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് കവറുകള്‍ കാരണമാണ്. എന്റെ ശബ്ദം എല്ലാവരും കേട്ടതും ഇഷ്ടപ്പെട്ടതുമെല്ലാം അത് കാരണമാണ്. എല്ലാവരും കണ്ട് അഭിപ്രായം പറയുന്നത് മാത്രമല്ല, എനിക്ക് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതും എന്റെ കവര്‍ വേര്‍ഷനുകള്‍ കാരണമാണ്. മറുവാര്‍ത്തൈ പേസാതെ എന്ന പാട്ടിന് ഞാനൊരു കവര്‍ ചെയ്തിരുന്നു. അത് ഗൗതം വാസുദേവ് മേനോന് സ്വന്തം ചാനലില്‍ ഇട്ടു. അതിന് ശേഷം തമിഴ്നാട്ടില്‍ നിന്നും പലരും വിളിച്ച് ഇഷ്ടപ്പെട്ടു. നന്നായി എന്നൊക്ക അഭിപ്രായം പറഞ്ഞു. തള്ളിപ്പോകാതെ കവര്‍ കണ്ട് ഗായകന് വിനീത് ശ്രീനിവാസനും മ്യൂസിക് ഡയറക്ടര്‍ ഷാന്‍ റഹ്മാനും അഭിനന്ദനമറിയിച്ച് വിളിച്ചു. ഇതൊക്കെ എനിക്ക് നല്‍കിയത് എന്റെ കവര്‍ വേര്‍ഷനുകളാണ്.
പിന്നണി ഗാനരംഗത്തേക്കും കടന്നിരിക്കുന്നു. എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍?
തള്ളിപ്പോകാതെ എന്ന എന്റെ കവര്‍ കാരണമാണ് എനിക്ക് ഒരു തമിഴ് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചത്. കവര്‍ ഇറക്കി മൂന്നുമാസത്തിനകത്താണ് അതുണ്ടായത്. പട്ടിണപക്കം എന്ന സിനിമയിലാണ് പാടിയത്. അത് കഴിഞ്ഞ് ഒരു മലേഷ്യന്‍ തമിഴ് സിനിമയിലും പാടി. തമിഴ് മാത്രമല്ല തെലുങ്ക് സിനിമയിലും പാടി. മലയാളത്തിലേക്കും പിച്ചവെച്ച് തുടങ്ങിയിട്ടുണ്ട്. അടുത്ത ജനുവരിയില്‍ ഇറങ്ങാനിരിക്കുന്ന കുഞ്ചാക്കോ ബോബന് നായകനായ അള്ള് രാമചന്ദ്രന് എന്ന സിനിമയിലും ഒരു പാട്ട് പാടി.
Comments are closed.