ശ്രീനിവാസന് കൃഷ്ണന്
ഒരു മലയാളിക്ക് എഐസിസി സെക്രട്ടറിയായി ചുമതല നല്കുമ്പോള് സ്വാഭാവികമായും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഫ്ളക്സുകള്‍ കൊണ്ടും സ്വീകരണയോഗങ്ങള്‍ കൊണ്ടും അത് ആഘോഷമാക്കേണ്ടതാണ്. പക്ഷേ ശ്രീനിവാസന് കൃഷ്ണന് എന്ന പഴയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ തെലങ്കാനയുടെ ചുമതല നല്കി സെക്രട്ടറിയാക്കിയത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് (നേതാക്കള്‍ക്ക് എന്നതാകും ശരി) അത്ര സുഖിച്ചിട്ടില്ല.
തൃശൂരില്‍ ജനിച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ തിളങ്ങി നില്ക്കവേ അത് വലിച്ചറിഞ്ഞ് പുതിയ കര്മരംഗങ്ങളുമായി എറണാകുളത്ത് ചേക്കേറിയ ശ്രീനിവാസന്, പുതിയ സ്ഥാനലബ്ധി കൈവരുമ്പോള്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് പദവിയിലെത്തിയിരുന്നു.
ആരവങ്ങളില്ലാതെ തെലങ്കാനയിലെത്തിയ ശ്രീനിവാസന് അവിടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള യത്നത്തിലാണ്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരന് അല്ലാതിരുന്നിട്ടും ഒരു പ്രൊഫഷണല്‍ എന്ന നിലയിലുള്ള അംഗീകാരം ഉണ്ടാക്കിയ എതിര്‍പ്പുകള്‍ ഏതുവരെ? പുതിയകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം കൂടുതല്‍ പ്രൊഷണലാകുന്നുണ്ടോ? ശ്രീനിവാസന് കൃഷ്ണന്‍പി ആര് പ്രവീണുമായി സംസാരിക്കുന്നു.
ശ്രീനിവാസന് കൃഷ്ണന്, താങ്കളുടെ അപ്രതീക്ഷിത നിയമന വാര്‍ത്ത കേരളത്തിലെ കോണ്‍ഗ്രസുകാരെ വല്ലാതെ അമ്പരപ്പിച്ചു. ഈ സ്ഥാനനേട്ടത്തിലേക്കെത്തിച്ച ഘടകങ്ങള്‍?
പൂര്‍ണ സമയ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും പാര്‍ട്ടിക്ക് വേണ്ട ഘട്ടങ്ങളിലൊക്കെ സജീവമായി നിലകൊണ്ടതിന്റെ അംഗീകാരമാണ് ഈ ചുമതല. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പ്രൊഫഷണലുകളെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കുക എന്ന രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന്റെ ഭാഗമാണിത്. 20 വര്‍ഷം മുമ്പ് ഐഐഎസ് ഉപേക്ഷിച്ച ശേഷം കോണ്‍ഗ്രസ് മാധ്യമവിഭാഗവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഭാഗമായി തെലങ്കാനയിലും പ്രവര്‍ത്തിക്കാനായി.
ആ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പിസിസി പ്രസിഡന്റ് മുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ വരെയുള്ളവരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ചുമതലക്കാരെ നിയോഗിക്കാന്‍ രാഹുല്‍ജി തീരുമാനിച്ചപ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളും എന്റെ പേര് നിര്‍ദേശിച്ചു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ദേശീയതലത്തിലും തെലങ്കാനയടക്കമുള്ള സംസ്ഥാനങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഞാന്‍ ഈ സ്ഥാനത്തെ കാണുന്നത്.
എന്നിട്ടും കേരളത്തില്‍ വലിയ എതിര്‍പ്പുകള്‍?
അതാണ് മനസിലാകാത്തത്. കേരളത്തില്‍ സീറ്റ് ഒപ്പിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഈ സാഥാനത്തിന് പിന്നിലെന്ന് വരെ പലരും പറഞ്ഞു പരത്തി. ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. കേരളത്തില്‍ സീറ്റ് നേടിയെടുക്കലല്ല എന്റെ ലക്ഷ്യം. ഇവിടെ ലോക്സഭയിലോ നിയമസഭയിലോ മത്സരിക്കാന്‍ ഞാനില്ല.
എതിര്‍പ്പുകള്‍ അതിന്റെ പേരിലാണെങ്കില്‍ ഇതാണ് എന്റെ നിലപാട്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലെന്ന് മറ്റൊരു വാദം. ഒരു പ്രൊഫഷണല്‍ എന്ന നിലയിലാകണം രാഹുല്‍ ജി എന്നെ വിലയിരുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള മറ്റുള്ളവരെയെല്ലാം നിയമിച്ചവര്‍ തന്നെയാണല്ലോ എന്നെയും ഈ ചുമതല ഏല്‍പ്പിച്ചത്. അവരില്‍ കണ്ടതുപോലെ എന്നിലും എന്തെങ്കിലുമൊക്കെ മികവ് നേതൃത്വം തിരിച്ചറിഞ്ഞ് കാണുമല്ലോ.

രാഹുല്‍ ഗാന്ധിയും ദേശീയ നേതൃത്വവും കണ്ട മികവ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും മനസ്സിലായിട്ടില്ല?
കേരളത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളില്‍ കഴമ്പില്ല എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പരമ്പരാഗത രാഷ്ട്രീയക്കാര്‍ക്കുള്ള പല ഗുണങ്ങളും എനിക്കുണ്ടാകില്ല. പക്ഷേ എനിക്ക് ഇടപെടാനാവുന്ന നിരവധി മേഖലകളുണ്ട്.
സാമ്പത്തികമേഖലയിലും സാങ്കേതിക രംഗത്തും അടക്കം നൂതന ആശയങ്ങള്‍ പാര്‍ട്ടിക്ക് കൈമാറാന്‍ പ്രൊഫഷണലുകള്‍ക്ക് കഴിയും. അത് ഇന്നത്തെ കാലത്ത് കോണ്‍ഗ്രസിന് അനിവാര്യവുമാണ്. പരമ്പരാഗത രാഷ്ട്രീയക്കാരും പ്രൊഫഷണലുകളും ഒത്തു ചേരുന്ന കൂട്ടായ്മയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ആവശ്യമെന്ന് തിരിച്ചറിയാനായാല്‍ എതിര്പ്പുകളെല്ലം ഇല്ലാതാകും.
ജനങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്ന ആളെന്നാണ് മുഖ്യ വിമര്‍ശനം?
പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന് നിലയില്‍ എറണാകുളത്തെ പാര്‍ട്ടി പരിപാടികളിലെല്ലാം സജീവമായി ഉണ്ടായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടേയും പുറകേ പോയിട്ടില്ല. അവശ്യഘട്ടങ്ങളിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ഉണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് പല വഴികളുണ്ട്.
എന്റെ വഴിയാകില്ല മറ്റൊരാളുടേത്. പാര്‍ട്ടിയോട് കൂറുള്ളയാളായിരിക്കുകയും നമ്മുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണകരമാവുകയും ചെയ്യുക എന്നതാണ് പ്രധാനം. അതിന് എനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ തെലങ്കാനയിലേക്കാണ്. ഭാവിയില്‍ കേരളമാകുമോ തട്ടകം?
പാര്‍ട്ടി എന്തു ചുമതല ഏല്‍പ്പിച്ചാലും അത് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും. ദീര്‍ഘകാലം ഒരിടത്തു തന്നെ പ്രവര്‍ത്തിക്കണം എന്നില്ലല്ലോ. കേരളത്തിലേക്ക് മടങ്ങാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അതാകും പ്രവര്‍ത്തന മേഖല. കേരളത്തിലും പാര്‍ട്ടിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.
എന്താണ് ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ പാര്‍ട്ടിക്കായി ചെയ്യാനാവുന്നത്?
ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നു പോകുന്ന ഒരവസ്ഥയുണ്ട്. രാഷ്ട്രീയത്തോട് പൊതുവേ അവര്‍ അകന്ന് നില്‍ക്കുകയാണ്. പുതിയകാലത്തെ സാധ്യതകള്‍ മനസ്സിലാക്കി യുവാക്കളെ അവിടേക്ക് ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. ഐടി, ടൂറിസം മേഖലകളില്‍ യുവാക്കള്‍ക്കായി സാധ്യതകള്‍ തുറക്കാന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ തയ്യാറാക്കണം.
എതിരാളികളെ തെരഞ്ഞെടുപ്പില്‍ തോല്പ്പിക്കല് മാത്രമാണ് രാഷ്ട്രീയം എന്ന ധാരണ മാറണം. ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യാനായില്ലെങ്കില്‍ അവര്‍ ആ രാഷ്ട്രീയ പ്രസ്ഥാനത്തെ തിരസ്കരിക്കും. കാലത്തിന്റെ ആവശ്യം തിരിച്ചറിയാനായാല്‍ യുവത്വത്തെയും ആകര്‍ഷിക്കാനാകും.

രാഷ്ട്രീയത്തിലേക്കുള്ള വഴി? അതിന് കെ കരുണാകരന്റെ പിന്തുണ?
കെ കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോഴും കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭരണ തലത്തിലും ജനകീയ ഇടപെലുകളിലും എനിക്ക് ഒരുപാട് പുതിയ അനുഭവങ്ങള്‍ ലീഡര്‍ പകര്‍ന്നു തന്നു. ഒരര്‍ത്ഥത്തില്‍ എന്റെ രാഷ്ട്രീയ ഗുരുവായി അദ്ദേഹം മാറുകയായിരുന്നു. അവിടെ നിന്നു പഠിച്ച ജനസേവനത്തിന്റെ നല്ല പാഠങ്ങള്‍, 1999-ല്‍ ജോലി ഉപേക്ഷിച്ച് പൊതുരംഗത്തിറങ്ങിയപ്പോള്‍ ഒരുപാട് ഉപകാരപ്പെട്ടു.
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലേക്ക് ലീഡര്‍ എന്റെ പേര് നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലും പൊതുരംഗത്തുമുള്ള എന്റെ പ്രവര്‍ത്തനവും പാര്‍ട്ടിയോടുള്ള കൂറും തന്നെയായിരുന്നു കെ കരുണാകരനെ അത്തരമൊരു നിര്‍ദേശത്തിന് പ്രേരിപ്പിച്ചത്. ഓരോഘട്ടത്തിലും പാര്‍ട്ടിയില്‍ പുതു മുഖങ്ങളുടെ കടന്നുവരവ് ഉണ്ടാകണമെന്നും ലീഡര്‍ ആഗ്രഹിച്ചു. അന്നും ഇന്നും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്ന് ഒരാഗ്രഹവും മനസില്‍ കൊണ്ടു നടക്കുന്നില്ല. അതുകൊണ്ടുതന്നെ തുറന്ന മനസ്സോടെ ജനങ്ങള്‍ക്കൊപ്പം നില്ക്കാനാകും.
ഗ്രൂപ്പിന്റെ വിളനിലമാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണോ ശ്രീനിവാസന്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിനെ സ്നേഹിക്കുന്ന ജനങ്ങളുമാണ് എന്റെ ഗ്രൂപ്പ്. കേരളത്തിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗവുമല്ല അതാകാനും ആഗ്രഹമില്ല. കേരളത്തിലെ ഗ്രൂപ്പുകളിയെക്കുറിച്ച് പ്രതികരിക്കാനുമില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് ലക്ഷ്യം.
തെലങ്കാനയിലെ വെല്ലുവിളികള്‍?
നേരത്തെ സൂചിപ്പിച്ചതു പോലെ തെലങ്കാന എനിക്ക് പുതിയ ഇടമല്ല. ഏറെ നാള് അവിടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. തെലങ്കാനക്കു വേണ്ടി കോണ്‍ഗ്രസ് ഒരുപാട് കാര്യങ്ങള്‍ ചെയ്തെങ്കിലും അത് ജനങ്ങളിലേക്ക് എത്തിയില്ല. എല്ലാത്തിന്റെയും ക്രെഡിറ്റ് ടി ആര് എസ് കൊണ്ടുപോയി. ജനങ്ങളുമായുള്ള ആശയവിനിമയത്തിലാണ് തെലങ്കാന കോണ്‍ഗ്രസിന് വീഴ്ച പറ്റിയത്.
ഒരു കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണല്‍ എന്ന നിലയില്‍ അത്തരം വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താന്‍ കഴിയും. അതു തന്നെയാണ് രാഹുല്‍ ഗാന്ധി മുന്നില്‍ കാണുന്നതും. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം വലിയ വെല്ലു വിളികള്‍ മുന്നിലുണ്ട്. പരിശ്രമിച്ചാല്‍ വലിയ തിരിച്ചുവരവ് അവിടെ കോണ്‍ഗ്രസിനുണ്ടാവും. അതിനായാണ് ഇനിയുള്ള പരിശ്രമം.
രാഹുല്‍ ഗാന്ധി എന്ന നേതാവിലൂടെ കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവുണ്ടാകുമോ?
ഉറപ്പായും. അദ്ദേഹത്തോട് അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളതു കൊണ്ട് പറയട്ടെ, ഇത്രയും ദേശീയബോധമുള്ള ജനകീയ കാഴ്ചപ്പാടുള്ള നേതാക്കള്‍ അപൂര്‍വമാണ്. പ്രധാനമന്ത്രി മോദിയെപ്പോലെ പ്രകടനങ്ങളില്ല, പ്രവൃത്തിയിലാണ് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മുദ്രാവാക്യങ്ങളിലൂന്നി കാര്‍ഷിക-ഗ്രാമീണ മേഖലയുടെ വികസനവും യുവാക്കളുടെ നല്ല ഭാവിയും മതേതരസമൂഹവുമാണ് രാഹുല്‍ ലക്ഷ്യം വയ്ക്കുന്നത്.
അതിന് എല്ലാ പുതിയ സങ്കേതങ്ങളേയും അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. കൂടുതല്‍ പ്രൊഫഷണലുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നതും അതിനാലാണ്. പുതിയ കാലത്തിന്റെ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് രാജ്യത്തിനായി ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്യാനാകും.
ശ്രീനിവാസന് കൃഷ്ണന് ശുഭ പ്രതീക്ഷയിലാണ്. തെലങ്കാനയില്‍ മികവ് കാട്ടാനായാല്‍ തന്റെ ജന്മനാട്ടിലെ ചെറിയ എതിര്‍പ്പുകളും ഇല്ലാതാകുമെന്ന പ്രതീക്ഷ. അതിനാല്‍ ഇപ്പോഴത്തെ ചില ഭിന്നസ്വരങ്ങള്‍ ഈ ‘പക്കാ പ്രൊഫഷണ’ലിനെ തെല്ലും അലട്ടുന്നില്ല. നിയോഗം ഭംഗിയായി പൂര്‍ത്തിയാക്കുക മാത്രമാണ് മുന്നിലുള്ള ഏക ലക്ഷ്യം.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)