ആ രാഖി കൂട്ടുകാരി കെട്ടിയത്, ഞാന്‍ ആര് എസ് എസ് അല്ല : അമല്‍ ചന്ദ്ര
വിദ്യാര്‍ഥിക്ക് നേരെ വധശ്രമം ഉണ്ടായതുമുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ് എഫ് ഐ ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും നടന്നു. ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു യൂണിറ്റും അവിടെ തുടങ്ങി. യൂണിവേഴ്സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റിന് നേതൃത്വം നല്കുന്ന അമല്‍ ചന്ദ്രയുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.
അമലിന് യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍?
ഞാന്‍ പണ്ടുതൊട്ടേ ഒരു കോണ്‍ഗ്രസ് അനുഭാവിയാണ്. കോളേജിലേക്ക് വരുന്നതിന് മുമ്പും പാര്‍ട്ടി പ്രവര്‍ത്തനമുണ്ടായിരുന്നു. കോളേജില്‍ അഡ്മിഷനെടുത്ത് കുറച്ച് ദിവസങ്ങള്‍ ആയപ്പോള്‍ തന്നെ, ഇപ്പോ കുത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള ഹൈദറും കോളേജ് യൂണിയന് ചെയര്‍മാനായ അമലും യൂണിറ്റ് റൂമില്‍ വിളിപ്പിച്ചിരുന്നു. പണ്ടത്തെ എന്റെ ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ അവര്‍ അവിടെവെച്ച് നോക്കുകയും എന്നെ അത് കാണിച്ച ശേഷം എല്ലാം കോളേജിന് പുറത്ത് മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യൂണിറ്റ് ഒന്നും ഉണ്ടാക്കാമെന്ന് വിചാരിക്കേണ്ട, അകത്ത് പാര്‍ട്ടി പ്രവര്‍ത്തനവും വേണ്ട, പുറത്ത് എന്തോ ആയിക്കോ. ഇവിടെ ഒന്നേയുള്ളൂയെന്ന് പറഞ്ഞു.
ഞാന്‍ ക്ലാസിലിരിക്കുമ്പോ പ്രത്യേകം ലക്ഷ്യമിട്ട് പരിപാടികള്‍ക്ക് വിളിച്ചോണ്ടുപോകുമായിരുന്നു. ഇപ്പോ കുത്തേറ്റത് എന്റെ സഹപാഠിക്കാണ്. അവന് ഒരു എസ് എഫ് ഐ പ്രവര്‍ത്തകനാണ്. അവരുടെ തന്നെ പാര്‍ട്ടിക്കാരനായിട്ടും ഇങ്ങനെയാണ് ചെയ്തത്. അപ്പോ തന്നെ ഊഹിക്കാല്ലോ അകത്ത് എന്തൊക്കെയായിരിക്കും നടക്കുന്നതെന്ന്.
തിരുവനന്തപുരം നഗരത്തില്‍, സെക്രട്ടറിയേറ്റിനും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുമൊക്കെ അടുത്താണ് ഈ കോളേജ്. എന്നിട്ടും ഗുരുതരമായ പ്രശ്നങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ ഉണ്ടാകുന്നില്ലല്ലോ?
അതേ, പൊലീസ് സ്റ്റേഷനും ഭരണസിരാകേന്ദ്രവുമൊക്കെ അടുത്താണ്. പൊലീസൊന്നും ഒന്നും ചെയ്യില്ല കോളേജിലെ പ്രശ്നത്തില്‍. കുറച്ച് നാള് കഴിഞ്ഞപ്പോള്‍ എനിക്കത് മനസിലായി. ഇതിന് മുമ്പ് എന്റെയൊരു സുഹൃത്തിന് നേരെ ആക്രമണമുണ്ടായി. അവന് പൊലീസില്‍ പരാതി നല്കാന് പോയപ്പോള്‍ അവിടുത്തെ പൊലീസുകാര്‍ പറഞ്ഞത് അവനെതിരെ കോളേജില്‍ നിന്ന് എസ് സി/ എസ് ടി അട്രോസിറ്റിക്ക് പരാതി കിട്ടിയെന്നാണ്. ഇപ്പോള്‍ അവന് പരാതിയും കേസുമായി പോയാല്‍ അവന് തന്നെ കുടുങ്ങും. അങ്ങനെ ചെയ്യേണ്ടെന്ന് പൊലീസ് തന്നെ പറഞ്ഞു.
പാര്‍ട്ടിക്കാരുടെ സപ്പോര്‍ട്ടും കോളേജില്‍ എസ് എഫ് ഐയ്ക്കുണ്ട്. നേതാക്കള്‍ക്കൊക്കെ വേണ്ടപ്പെട്ടവരാണ് അവിടെയുള്ളത്. ഏത് സര്‍ക്കാര്‍ വന്നാലും കോളേജില്‍ ഒന്നും നടക്കില്ല, അവിടെ എസ് എഫ് ഐ പറയുന്നതേ നടക്കൂ.
18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ വലിയൊരു വിദ്യാര്‍ഥി പ്രസ്ഥാനമായ കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാനായത്?
ഇപ്പോഴാണ് കോളേജിലെ എസ് എഫ് ഐയുടെ ഭീകരത്വം എല്ലാരിലേക്കും എത്തിയതെന്ന് തോന്നുന്നു. നേരത്തെ പറഞ്ഞതുപോലെ പാര്‍ട്ടിയിലെ തന്നെ ഒരുത്തനെ കോളേജില്‍ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ കുത്തി. ഇതില്‍ വിദ്യാര്‍ഥികളും പേടിച്ചു. പിന്നെ പ്രതിഷേധമായി. എല്ലാവരും ഒറ്റക്കെട്ടായി. ഒരു പ്രതിപക്ഷം എല്ലായിടത്തും വേണമല്ലോ. ഈ പ്രശ്നമുണ്ടായപ്പോ ധാരാളം പൂര്‍വ്വ വിദ്യാര്‍ഥികളും പഴയ അധ്യാപകരുമൊക്കെ വിളിച്ചു. ഇനി പിന്നോട്ട് പോകരുതെന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെയാണ് യൂണിറ്റ് തുടങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അമല്‍ ആര് എസ് എസ് അനുഭാവിയാണെന്ന തരത്തില്‍ പ്രചാരണമുയരുന്നല്ലോ? എങ്ങനെ പ്രതികരിക്കുന്നു അത്തരം പ്രചരണങ്ങളോട്?
യൂണിറ്റ് തുടങ്ങിയതിന് ശേഷമാണ് അത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നത്. ഫേസ്ബുക്കിലൊക്കെ ട്രോളുകളും നിരവധി വരുന്നുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഞാന്‍ പണ്ടുതൊട്ടേ കോണ്‍ഗ്രസ് അനുഭാവിയാണ്. ആര് എസ് എസിനെയും ബിജെപിയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് ഞാന്‍. എനിക്ക് അത്തരമൊരു ആശയവുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് അവിടെയെല്ലാവര്‍ക്കും അറിയാം.
എന്റെ കൈയിലെ രാഖിയുടെ ഫോട്ടോ കാണിച്ചാണ് അവര്‍ ഇങ്ങനെ പറയുന്നത്. അത് എന്റെ ഒരു കൂട്ടുകാരി എനിക്ക് കെട്ടിത്തന്നതാണ്. അതില്‍ രാഷ്ട്രീയമില്ല. ഞാന്‍ അമ്പലത്തിന്റെ മുന്നില്‍ നില്ക്കുന്ന ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ബൃഹദേശ്വര്‍ അമ്പലത്തില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണത്.
എതിര്‍ത്താല്‍ സംഘിയാക്കുന്ന പ്രവണതയാണ് ഇവിടെ. അവരെ വിമര്‍ശിക്കുന്നവര്‍ ആര് എസ് എസ് അല്ലെങ്കില്‍ ബിജെപിയാണ്. നേരത്തെ ഞങ്ങളുടെ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരെയും വലിയ ആരോപണങ്ങളാണ് ഉയരുന്നത്. വിമര്‍ശനത്തിന് അവരുടെ മറുപടി ഇങ്ങനെയൊക്കെയാണ്. സംഘിയാക്കുക അല്ലെങ്കില്‍ വ്യക്തിഹത്യ ചെയ്യുക. അതില്‍ ഒന്നും ചെയ്യാനില്ല. അവര്‍ അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.
യൂണിറ്റ് തുടങ്ങിയ ശേഷം എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ?
നിരവധി ഫോണ്‍കോളുകള്‍ വരുന്നുണ്ട്. പ്രകോപിതരായി വിളിക്കുന്നുണ്ട്. തെറി പറയുന്നുണ്ട്. തിരിച്ച് എന്തെങ്കിലും പറയുമ്പോള്‍ അതിന് മേലേ പറഞ്ഞാണ് സംസാരം. ഞാന്‍ പ്രതികരിക്കാറില്ല. നേരിട്ട് യാതൊരുവിധ പ്രശ്നവുമില്ല. ഇപ്പോഴും ഇതില്‍ ചര്‍ച്ചകള്‍ നടക്കുകയല്ലേ. അതുെകാണ്ടായിരിക്കും.
കോളേജില്‍ കെ എസ് യുവിന് ഇനിയെന്തൊക്കെ ചെയ്യാനുണ്ട്?
ഒരുപാട് കുട്ടികള്‍ വിളിച്ചിരുന്നു ഇതിന് പിന്നാലെ. പലരും പറയുന്നത് എസ് എഫ് ഐക്കാര്‍ കാണ്‍കെ കെ എസ് യുവിനായി മുന്നോട്ട് വരാന്‍ പേടിയാണ് എന്നാണ്. പിന്നെ ഇപ്പോള്‍ പരീക്ഷ നടക്കുകയാണ്. എങ്കിലും ക്ലാസുകളില്‍ ക്യാംപെയ്ന് നടത്തുന്നുണ്ട്. കുട്ടികളുമായി സംസാരിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ കൊടിമരം സ്ഥാപിക്കാന്‍ അനുമതി തേടി പ്രിന്‍സിപ്പാളിന് കത്ത് കൊടുക്കുന്നുണ്ട്. ഇനി ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. മറ്റ് രാഷ്ട്രീയമുള്ളവര്‍ക്കും അവിടെ പഠിക്കണമല്ലോ. ഇല്ലെങ്കില്‍ അവര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ ക്ലാസ് വിട്ട് പരിപാടിക്ക് പോകണം. മാത്രവുമല്ല, അഡ്മിഷനുമായി ബന്ധപ്പെട്ട അഴിമതിയൊക്കെ മാറണം. അത് ഇവിടെ വലിയൊരു പ്രശ്നമാണ്.
സ്പോട്ട് അഡ്മിഷന് അട്ടിമറിച്ചാണ് പല നേതാക്കള്‍ക്കും ഇവിടെ അഡ്മിഷന് കിട്ടുന്നത്. മെറിറ്റില്‍ ഉള്ളവര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഇതൊക്കെ. 80% മാര്‍ക്ക് വാങ്ങിയവര്‍ പുറത്ത്, 60% ഒക്കെ വാങ്ങിയവര്‍ അകത്ത്. ആ സിസ്റ്റമൊക്കെ മാറേണ്ടതുണ്ട്. പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകുമോയെന്നറിയില്ല. എന്നാല്‍പ്പോലും മാറ്റങ്ങള്‍ ആവശ്യമാണ്. അതിനായി ശ്രമിക്കും. ജനാധിപത്യമുള്ള, മറ്റ് ക്യാമ്പസുകളെപ്പോലെയാകണം ഞങ്ങളുടെ കോളേജും.
അഖിലിനെ കണ്ടിരുന്നോ? അഖിലുമായി പിന്നീട് സംസാരിച്ചിരുന്നോ?
അഖിലിനെ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അമ്മയെയും അച്ഛനെയും മാത്രമേ കാണാന്‍ അനുവദിക്കുകയുള്ളൂയെന്ന് പറഞ്ഞു. ഞാന്‍ മെസേജ് അയച്ചിരുന്നു. അപ്പോഴൊക്കെ സ്നേഹാനുഭൂതിയോടെയാണ് സംസാരിച്ചത്. പക്ഷേ ഫേസ്ബുക്കിലെയൊക്കെ ചില രാഷ്ട്രീയ പോസ്റ്റുകളില്‍ കമന്റ് ചെയ്ത് കണ്ടു. എസ് എഫ് ഐയെ തകര്‍ക്കാനാകില്ല എന്നൊക്ക. പക്ഷേ അതൊക്കെ അഖില്‍ ചെയ്തതാണോയെന്ന് എനിക്ക് സംശയമുണ്ട്. കാരണം അഖിലിന് ഈ അവസ്ഥയില്‍ ഫോണോ സാമൂഹ്യമാധ്യമങ്ങളോ ഇത്തരത്തില്‍ ഉപയോഗിക്കാനാകില്ലല്ലോ. അതിന്റെ സത്യാവസ്ഥ അറിയില്ല.
അഖിലുമായി എങ്ങനെയാണ് യൂണിറ്റിലുള്ളവര്‍ക്ക് ഇത്ര പ്രശ്നമുണ്ടായത്?
അഖിലുമായി ഏതാണ്ട് ഒരുവര്‍ഷത്തെ പ്രശ്നമുണ്ട്. അഖില്‍ പ്രാദേശികമായി ഇടതുപക്ഷത്തിന്റെ നല്ല പ്രവര്‍ത്തകനാണ്. അമ്മയായാലും അച്ഛനായാലുമൊക്കെ അങ്ങനെ തന്നെ. നസീമുമായിട്ടൊക്കെ അഖിലിന് അഭിപ്രായ വ്യത്യാസമുണ്ട്. ഒരു വര്‍ഷം മുന്‍പ് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ അഖില്‍ വണ്ടി കൊണ്ടുവെച്ചു. കോളേജില്‍ ഒരു പരിധി കടന്ന് അകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമേ വണ്ടി കൊണ്ടുവരാന്‍ പാടുള്ളൂ. അങ്ങനെയിരിക്കെ അഖില്‍ വണ്ടി കൊണ്ടുവച്ചപ്പോള്‍ അവന്റെ വണ്ടി തല്ലിപ്പൊളിക്കാനൊക്കെ ശ്രമിച്ചിരുന്നു. പ്രശ്നങ്ങള്‍ പണ്ടുതൊട്ടെയുണ്ടായിരുന്നു.
യൂണിയന് റൂം ഏറെ വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുകയാണല്ലോ. അതിനെക്കുറിച്ച്?
യൂണിയന് റൂം എന്നത് അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പേടിസ്ഥലമാണ്. 24 മണിക്കൂറും അവിടെ ആള്‍ക്കാരുണ്ടാകും, മദ്യപാനമൊക്കെ നടക്കും. അവിടെ നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തു എന്ന് വാര്‍ത്ത വന്നപ്പോള്‍ അവിടെ പഠിച്ച ആര്‍ക്കും അമ്പരപ്പ് തോന്നാത്തത് അതാണ്. എല്ലാവര്ക്കും അറിയാം. അവിടെ ഇങ്ങനെയൊക്കെ നടക്കുമെന്ന്.
ഇവരെ വിമര്‍ശിക്കുന്നവരെ, എതിര്‍ക്കുന്നവരെ അവിടെ കൊണ്ടുപോയി ഭീഷണിപ്പെടുത്തുക, മര്‍ദ്ദിക്കുക. ഇതൊക്കെ അവിടെ നടക്കും. എന്നെ അവിടെവെച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്, പക്ഷേ മര്‍ദ്ദിച്ചിട്ടില്ല.
അവര്‍ക്ക് മര്‍ദ്ദിക്കാനോ അവരുടെ നിലയ്ക്ക് നിര്‍ത്താനോ കഴിഞ്ഞില്ലെങ്കില്‍ അധ്യാപകരെക്കൊണ്ട് ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുക, കള്ളക്കേസ് വല്കുക ഇതൊക്കെയും നടക്കും.
കോളേജിലെ അധ്യാപകരെക്കുറിച്ച്?
അധ്യാപകരും എസ് എഫ് ഐയുടെ കൈയിലാണ്. അഥവാ ഇനി ആരെങ്കിലും എതിര്‍ത്താല്‍ അവരെ ഭീഷണിപ്പെടുത്തി വശത്താക്കും. അതാണ് നടക്കുന്നത്. ഇനി എസ് എഫ് ഐ അത് ചെയ്തില്ലേലും ടീച്ചേര്‍സ് അസോസിയേഷന് ചെയ്യും. നേതാക്കള്‍ പറയുന്നതിനപ്പുറം ഒന്നും അവരും ചെയ്യില്ല. സ്പോട്ട് അഡ്മിഷനൊക്കെ അട്ടിമറിക്കുന്നത് അങ്ങനെയാണ്. നേതാക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സീറ്റ് വേണമെങ്കില്‍ നേരത്തെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡിനെക്കണ്ട് സീറ്റ് ഉറപ്പിക്കും.
അഡ്മിഷനെടുക്കാന്‍ മെറിറ്റിലെ കുട്ടികള്‍ വരുമ്പോള്‍ സീറ്റ് ഫില്‍ ആയെന്ന് പറയും. പിന്നീട് നേതാക്കള്‍ വന്ന് അഡ്മിഷന് എടുക്കും. പണ്ടുതൊട്ടേ ഇവിടെയുള്ള അധ്യാപകരാണ് ഇന്നും തുടരുന്നത്. അവരിലാണെങ്കിലോ കുട്ടികളുടെ കൈയില്‍ നിന്ന് മദ്യം വാങ്ങി കുടിക്കുന്ന അധ്യാപകര്‍ വരെയുണ്ട്. പിന്നെ സീലൊക്കെ യൂണിയന് റൂമില്‍ നിന്നും വീട്ടില്‍ നിന്നും കണ്ടുകിട്ടിയെന്നതില് അദ്ഭുതമുണ്ടോ?
ഇനി അതൊക്കെ മാറുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ അധ്യാപകര്‍ക്കെതിരെയും പരാതികള്‍ വന്നല്ലോ. സ്ഥലം മാറ്റവും പ്രിന്‍സിപ്പാള്‍ മാറുകയുമൊക്കെ ചെയ്യുമ്പോള്‍ മാറ്റങ്ങള്‍ വരും.
Comments are closed.