ജേക്കബ് വര്‍ഗീസ് പെപ്പയെപ്പോലെ അത്ര ലോക്കല്‍ അല്ല: ആന്റണി വര്‍ഗീസ്
അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് രണ്ടാമത്തെ ചിത്രം മാര്‍ച്ച് അവസാനത്തോടെ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ്. പുതിയ ചിത്രത്തിന്റെ പ്രതീക്ഷകളും വിശേഷങ്ങളും ആന്റണി രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു.
പുതിയ ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഹിറ്റായല്ലോ.. എന്തൊക്കെയാണ് പ്രതീക്ഷകള്‍?
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. സിനിമ മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യും. പ്രേക്ഷകരുടെ പ്രതികരണം എന്താവും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ സിനിമയായ അങ്കമാലി ഡയറീസ് ഇറങ്ങുന്ന സമയത്തുള്ള അതേ ടെന്ഷനൊക്കെയാണ് ഇപ്പോഴുമുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക്
പോസ്റ്ററിനും ടീസറിനുമൊക്കെ നല്ല പ്രതികരണമാണ് കിട്ടിയത്. മാസ്സാണ്, ക്ലാസാണ് ജീവനുള്ള ചിത്രമാണ് എന്നൊക്കെയാണ് അഭിപ്രായങ്ങള്‍. കട്ട വെയിറ്റിങ്ങാണ്.
സിനിമയിലെ ലുക്കും ശ്രദ്ധിക്കപ്പെട്ടല്ലോ?
ലുക്കിനെ കുറിച്ച് എല്ലാവരും പറയുന്നുണ്ട്. കാടന്‍ ലുക്കാണ്. കാട്ടാളനെ പോലെയുണ്ട് എന്നൊക്കെയാണ് ചിലര്‍ പറഞ്ഞത്. ആള്‍ക്കാര്‍ക്ക് ഈ ലുക്ക് ഇഷ്ടമായി എന്നതില്‍ എനിക്ക് ശരിക്കും അത്ഭുതമുണ്ട്.
എന്താണ് സിനിമയിലെ കഥാപാത്രം?
കോട്ടയത്തുകാരനായ ജേക്കബ് വര്‍ഗീസായാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവാണ്. അയാളുടെ ജീവിതത്തില്‍ ഒരു രാത്രിയില്‍ അയാളുടേതല്ലാത്ത തെറ്റ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം വേറെയൊരു രാത്രിയില്‍ പരിഹരിക്കുന്നതാണ് സിനിമയുടെ പ്രമേയം. സിനിമയില്‍ കുറച്ച് ആക്ഷന്‍ രംഗങ്ങളൊക്കെയുണ്ട് . കോളേജില്‍ പഠിക്കുന്ന സമയത്ത് അടിയെന്ന് പറഞ്ഞാല്‍ അപ്പോള്‍ ഓടി രക്ഷപ്പെടലാണ് പതിവ്. ഇവിടെ അത് പറ്റാത്തതുകൊണ്ട് നന്നായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം.
തൃശൂര്‍ ഭാഷയില്‍ നിന്ന് കോട്ടയം ഭാഷയിലേക്ക് മാറിയപ്പോള്‍ തോന്നുന്ന മാറ്റം എന്താണ്?
പരമാവധി ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്. സിനിമയില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. എങ്ങനെയൊക്കെ ശ്രദ്ധിച്ചാലും എന്റെ അങ്കമാലി ഭാഷ ഇടയ്ക്കിടയ്!ക്ക് കയറി വരും. ആ സമയത്ത് എല്ലാവരും പറയും. പിന്നെ അതങ്ങ് മാറ്റിപിടിക്കും. ഭയങ്കര പണി അല്ലെങ്കിലും അത്യാവശ്യം ചെറിയൊരു പണി തന്നെയായിരുന്നു ഡബ്ബിങ്. കോട്ടയം ഭാഷ പൊളിയാണ്. സമ്മതിക്കാതെ വയ്യ.
വിനായകന്, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു?
ചെമ്പന്‍ ചേട്ടന്റെയും വിനായകന് ചേട്ടന്റെയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. വലിയ എക്സ്പീരിയന്‍സാണ് രണ്ടു പേരുടേയും കൂടെയുള്ള അഭിനയം. ഒരുപാട് എനര്‍ജിയുള്ള താരങ്ങളാണ് രണ്ടു പേരും. ഇവര്‍ സെറ്റില്‍ വന്നാല്‍ തന്നെ ആവേശമാണ്. വളരെ ജെന്യൂനായ ആളാണ് വിനായകന് ചേട്ടന്. കമ്പനിയായി കഴിഞ്ഞാല്‍ പിന്നെ ഫുള്‍ കോമഡിയാണ്. ചേട്ടന്റെ കൂടെ റിലാക്സ് ചെയ്ത് അഭിനയിക്കാന്‍ പറ്റും.
പെപ്പയും ജേക്കബും എങ്ങനെയാണ് വ്യത്യസ്തരാകുന്നത്?
പെപ്പ കട്ട കൂറ ലോക്കല്‍ സെറ്റപ്പുള്ള ആളാണ്. ജേക്കബ് അത്ര ലോക്കല്‍ അല്ല. ഇതാണ് ആദ്യത്തെ വ്യത്യാസം. കുറച്ചു കൂടി ഒതുങ്ങിയ കഥാപാത്രമാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് ജേക്കബ്. പിന്നെ ഇതിലും പ്രണയമുണ്ടെങ്കിലും അതിനുമൊരു അടക്കവും ഒതുക്കവുമുണ്ട്.
അങ്കമാലി ഡയറീസിന്റെ തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ചിരുന്നോ?
എന്തായാലും ഹിറ്റാകണമെന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്റെ സ്വപ്നവും അങ്ങനെ തന്നെയായിരുന്നു വലിയ ഹിറ്റാകണം. എല്ലാവരും രക്ഷപ്പെടണം. പിന്നെ കൂലി പണിയൊക്കെ ചെയ്യുന്ന സാധാരണക്കാര്‍ ഒരുപാട് പേര് പടം കാണാന്‍ കയറുന്ന സമയത്ത് അവര്‍ കൊടുക്കുന്ന കാശിന് വിലയുണ്ടാകണമെന്ന മോഹം ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. സിനിമ ഹിറ്റായെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു. സന്തോഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ലെവലില്‍ അങ്ങ് എത്തി. വല്ലാത്ത ഒരു അവസ്ഥയാണ് അത്. ഈ പടവും ഹിറ്റായി ആ അവസ്ഥ ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ പറ്റട്ടേയെന്നാണ് എന്റെ സ്വയം ആശംസ.
ആദ്യത്തെ സിനിമ കഴിഞ്ഞുള്ള ഇടവേള മനപൂര്‍വ്വം ആയിരുന്നോ. സെലക്ടീവായതാണോ?
അങ്കമാലി ഡയറീസ് കഴിഞ്ഞ് മൂന്ന് നാല് മാസം യാത്രയിലായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങി ആ ഭാഗങ്ങള്‍ അങ്ങ് കവര്‍ ചെയ്തു. നേരത്തെ മുതല്‍ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന സ്വഭാവം കൈയ്യിലുണ്ട്. പിന്നെ ആത്മവിശ്വാസം ഉള്ള സിനിമ ചെയ്യാം എന്നൊരു തീരുമാനവുമെടുത്തു. അങ്ങനെ കാത്തിരിക്കുകായിയുന്നു നല്ലൊരു സിനിമയ്ക്ക് വേണ്ടി. ആ കാത്തിരിപ്പിനൊടുവില്‍ സംഭവിച്ചതാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.
സിനിമയോടുള്ള പ്രണയം തുടങ്ങുന്നത് എപ്പോഴാണ്?
ചെറുപ്പം മുതല്‍ സിനിമയോട് ഇഷ്ടമുണ്ട്. 2009 മുതല്‍ ഷോട്ട് ഫിലിം ഒക്കെ ചെയ്യുന്നുണ്ടായിരുന്നു, പക്ഷെ സിനിമ വന്ന് വിളിച്ചത് 2017ലാണ്. സ്വപ്നം യാഥാര്‍ത്ഥ്യമായത് എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ബലിയാട് എന്നൊരു ഷോട്ട് ഫിലീം കണ്ടിട്ടാണ് ലിജോ ചേട്ടന് സിനിമയിലേക്ക് വിളിക്കുന്നത്. ഇഷ്ടത്തോടെ ക്ഷമയോടെ മുന്നോട്ട് പോയാല്‍ നേടാന്‍ പറ്റുന്നതാണ് സിനിമയെന്നാണ് എന്റെ അനുഭവം. ഇടയ്ക്ക് സിനിമ ഇട്ടിട്ട് പോകേണ്ടി വരുന്ന ഒരു ഗതികേട് ഒക്കെ ജീവിതത്തില്‍ ഉണ്ടായിരുന്നു. വീട്ടിലെ അവസ്ഥ മോശമായിരുന്നതു കൊണ്ട് സിംഗപ്പൂരിലേക്ക് ജോലിക്ക് പോകേണ്ടി വരുന്നമെന്ന അവസ്ഥ വന്നതാണ്. പക്ഷെ ദൈവം കൂടെ നിന്നു. അങ്കമാലി കഴിഞ്ഞതോടെ വീട്ടുകാര്‍ ഹാപ്പി. ഫുള്‍ സപ്പോട്ടാണ്. ഇനി സിനിമ തന്നെ ജീവിതം.
ആന്റണിയുടെ ഇഷ്ടതാരം ആരാണ്?
മഞ്ജു ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.
മാസ് ലുക്കിലാണ് ഈ അടുത്ത സമയത്ത് ഒരു അവാര്‍ഡ് നൈറ്റിന് എത്തിയത്. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നയാളാണോ?
ഏയ് അങ്ങനെയൊന്നുമില്ല. ആ സംഭവം എന്റെ ഒരു ആഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. മുമ്പ് ഹൈദരാബാദില്‍ ഫിലീം ഫെയറിന്റെ അവാര്‍ഡിന് പോയപ്പോള്‍ സിംപിളായ ഡ്രസ്സിട്ടിട്ടാണ് പോയത്.അവിടെ ചെന്നപ്പോള്‍ എല്ലാരെയും കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം ഒരാള്‍ പോലും എന്നെ പോലെ വസ്ത്രം ധരിച്ച് വന്നിട്ടില്ല. പിന്നെ ടൊവിനോ ചേട്ടന് അപ്പോള്‍ തന്നെ എന്നെ ഒരു മാളില്‍ കൊണ്ടു പോയി കോട്ടും സ്യൂട്ടും ഒക്കെ വാങ്ങി തന്നു. പുളളിടെ കുറച്ച് കാശ് ആ വഴിക്ക് പോയി. അതു കഴിഞ്ഞപ്പോള്‍ വിചാരിച്ചു ഇനിയൊരു അവാര്‍ഡ് പരിപാടി വരുകയാണെങ്കില്‍ നല്ല ചെത്ത് സ്റ്റൈലിലേ പോകൂവെന്ന്. അതാണ് അന്ന് കണ്ടത്. ഇനി ഞാന്‍ സാധാരണ ഡ്രസിലെ പോകൂ. ചെത്ത് ഡ്രസ്സൊന്നും നമ്മുക്ക് ചേരില്ല. എന്തൊരു ചൂടാ.
പുതിയ പ്രൊജക്ടുകള്‍ ഏതാണ്?
ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.