“നല്ല മകന്, സഹോദരന്, ഭര്‍ത്താവ്, അച്ഛന്”
ജയസൂര്യയും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന മലയാള സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്. ഭര്‍ത്താവ് എന്നും എപ്പോഴും ഓര്‍മ്മിക്കപ്പെടണമെന്ന ഒരു ഭാര്യയുടെ ആഗ്രഹത്തിന്റെ ഫലമാണ് ക്യാപ്റ്റന്‍. കേരള ഫുട്ബോളിലെ ജ്വലിക്കുന്ന താരം വി പി സത്യന്റെ ഭാര്യ അനിതയുടെ സ്വപ്നം. അനിത സത്യനുമായി നടത്തിയ രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.
വി പി സത്യനെ കേരളം മറന്നു തുടങ്ങിയപ്പോഴുള്ള ഓര്‍മ്മപ്പെടുത്തലാണോ ക്യാപ്റ്റന്‍ എന്ന സിനിമ?
വി പി സത്യനെന്ന ഫുട്ബോളറെ ആരും മറക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ആ ഓര്‍മ്മകള്‍ എന്നും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് എന്റെ എല്ലാ പ്രയത്നങ്ങളും. കാരണം സത്യേട്ടന് എല്ലാം ഫുട്ബോളായിരുന്നു. എല്ലാത്തിലും ഉപരി സ്നേഹിച്ചത് ഫുട്ബോളിനെയാണ്. സത്യേട്ടനെ കുറിച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്താണ് പ്രജേഷ് സെന്‍ ഇങ്ങനെയൊരു ആശയവുമായി എന്നെ വിളിച്ചത്. പ്രജേഷിനെ നേരത്തെ പരിചയമുണ്ട്. മാധ്യമത്തില്‍ ജോലി ചെയ്യുന്ന സമയത്ത് സത്യേട്ടനെ കുറിച്ച് പ്രജേഷ് എഴുതിയിരുന്നു. പ്രജേഷ് സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഓക്കെ പറഞ്ഞു. പിന്നീട് നിരന്തരം ചര്‍ച്ചകളായി. അവസാനം ഇതാ സിനിമയും. ഇന്നത്തെ കുട്ടികള്‍ക്ക് പലര്‍ക്കും അറിയില്ലെങ്കിലും പരിചയപ്പെട്ടവര്‍ ഒരിക്കലും മറക്കാത്ത വ്യക്തിയാണ് സത്യേട്ടന്. ഓരോ ചരമ വാര്‍ഷികം വരുമ്പോഴും കൂടുതല്‍ കൂടുതല്‍ സത്യേട്ടനെ ഓര്‍മ്മ വരികയാണ്. ഭര്‍ത്താവായി മാത്രമല്ല, വി പി സത്യനെന്ന ഫുട്ബോളറെ അടുത്തറിഞ്ഞ വ്യക്തിയെന്ന നിലയിലാണ് സത്യേട്ടന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. സത്യേട്ടന് അസുഖം വന്നപ്പോള്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്നു. അസുഖത്തെ അതിജീവിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ പെട്ടെന്നങ്ങ് പോയപ്പോള്‍, എല്ലാം പകുതി വഴിക്കിട്ട് പോയതുപോലെ തോന്നി. അതെല്ലാം പൂര്‍ത്തിയാക്കണമെന്ന തോന്നലാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍ക്ക് പിന്നില്‍.
ജയസൂര്യയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ജയസൂര്യയുടെ സിനിമ ഫുക്രിയില്‍ പ്രജേഷും വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ജയസൂര്യയിലേക്ക് എത്തുന്നത്. പിന്നെ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളോടും നീതി പുലര്‍ത്തുന്ന നടനായിട്ടാണ് ജയസൂര്യയെ തോന്നിയിട്ടുളളത്. സമയമുള്ളപ്പോള്‍ ഒക്കെ ഞാന്‍ ലൊക്കെഷനില്‍ പോയിട്ടുണ്ട്. ഓരോ സീന്‍ അഭിനയിച്ചു കഴിഞ്ഞിട്ടും ജയസൂര്യ ചോദിക്കും ചേച്ചി ശരിയായോ എന്ന്. ചില സജഷന്‍സ് ഒക്കെ ഞാന്‍ പറയും. ചിത്രീകരണത്തിന്റെ ഫോട്ടോ ഒക്കെ അയച്ചുതരും എനിക്ക്. പലപ്പോഴും ജയസൂര്യയ്ക്ക് സത്യേട്ടനുമായി നല്ല സാമ്യം തോന്നാറുണ്ട്.
അനുസിത്താരയാണല്ലോ അനിതയെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ്ങിനു മുമ്പ് സംസാരിച്ചിരുന്നോ?
അനുസിത്താരയും ജയസൂര്യയും വീട്ടില്‍ വന്ന് എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ സംസാരിക്കുന്ന സമയം മുഴുവന്‍ അനു എന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത്. പോകുന്നതിന് മുമ്പ് എന്നോട് ചോദിച്ചു വല്ല മാറ്റങ്ങളും വരുത്തണോയെന്ന്. ഒന്നും വേണ്ടയെന്ന് പറഞ്ഞു ഞാന്‍. ആര്‍ക്കും ഇഷ്ടം തോന്നുന്നയാളാണ് അനുസിത്താര. മറ്റുള്ളവരോടും എന്നെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയെന്ന് അറിഞ്ഞു. പിന്നെ വന്ന സമയത്ത് അനുവിന് ഞാന്‍ ആ കാലഘട്ടത്തിലെ സ്റ്റൈല്‍, സാരികള്‍ ഒക്കെ കാണിച്ചു കൊടുത്തു.
ഫുട്ബോളിനോട് അനിതയ്ക്ക് നേരത്തെ താല്പര്യം ഉണ്ടായിരുന്നോ?
താല്പര്യമേ ഇല്ലായിരുന്നു. സത്യേട്ടന് മരിച്ചതിന് ശേഷമാണ് ഫുട്ബോളിനോട് ഇഷ്ടം തുടങ്ങുന്നത്. ശരിക്കു പറഞ്ഞാല്‍ വിഷമത്തില്‍ നിന്ന് തുടങ്ങിയ ഇഷ്ടമാണ് അത്. ഇപ്പോള്‍ അത് വല്ലാത്ത വൈകാരിക അടുപ്പമായി വളര്‍ന്നു. ഒരു ഫുട്ബോള്‍ താരത്തിന് എന്തു സഹായം വേണമെങ്കിലും ഞാന്‍ ചെയ്യും. അടുത്ത് ഒരു സംഭവമുണ്ടായി ഭോപ്പാലില്‍ നിന്നൊരു കളിക്കാരന് വന്നു. കോഴിക്കോട് ആരെയോ കാണാന്‍ വന്നതാണ്. എന്നെ കണ്ടാല്‍ സഹായിക്കുമെന്ന് പറഞ്ഞ് ചിലര്‍ ഇങ്ങോട്ട് പറഞ്ഞുവിട്ടു. ആ കുട്ടി പറയുന്ന ഭാഷ അറിയില്ല. എങ്കിലും ഞാന്‍ എത്തേണ്ടയിടത്ത് എത്തിച്ചു.
കളിക്കളത്തില്‍ ഏറ്റവും അച്ചടക്കമുള്ള കളിക്കാരനാണ് വി പി സത്യന്. വീട്ടിലെങ്ങനെയായിരുന്നു?
ഒരു കായികതാരം ജീവതത്തില്‍ പുലര്‍ത്തേണ്ട അച്ചടക്കം ഉള്ളയാളായിരുന്നു സത്യേട്ടന്. ഭക്ഷണത്തിന്റെ കാര്യത്തിലും ഒക്കെ അങ്ങനെയാണ്. പിന്നെ സത്യേട്ടന് എല്ലാ റോളിലും ഏറ്റവും മികച്ചയാളായിരുന്നു. നല്ല മകന്, സഹോദരന്, ഭര്‍ത്താവ്, അച്ഛന് അങ്ങനെയെല്ലാം. കപടതയില്ലാത്ത സ്നേഹമായിരുന്നു അത്. വേറെ ഒരാള്‍ക്കും ജീവിതത്തില്‍ അത് പകര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. വീട്ടിലുള്ളപ്പോള്‍ എന്നെ നന്നായി സഹായിക്കും. മോള്‍ടെ കാര്യങ്ങള്‍ നോക്കും. അവള്‍ക്കാണെങ്കില്‍ അച്ഛന് മുടി കെട്ടി കൊടുക്കുന്നതായിരുന്നു ഇഷ്ടം.
അര്‍ജ്ജുന അവാര്‍ഡ് പോലെ വേണ്ടത്ര അംഗീകാരങ്ങള്‍ സത്യന് കിട്ടിയില്ലെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. സത്യേട്ടന് വേണ്ടി ശ്രമിക്കേണ്ടവര്‍ അത് ആ സമയത്ത് ചെയ്തില്ല. സത്യേട്ടന് ഡല്‍ഹിയിലായിരുന്നപ്പോള്‍ ഒരു തവണ ശ്രമിച്ചിരുന്നു. പക്ഷെ അത് സ്വന്തം താല്പര്യപ്രകാരമാകാന് വഴിയില്ല. കാരണം ഒരിക്കലും ഒരു അവാര്‍ഡിനും താല്പര്യമുള്ള ആളായിരുന്നില്ല. മരണശേഷം ഞാനും രണ്ട് തവണ ശ്രമിച്ചു. കിട്ടിയില്ല. മരണശേഷം അര്‍ജ്ജുന കൊടുക്കില്ല എന്നാണ് കാരണം പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോള്‍ നേരത്തെ അങ്ങനെ കൊടുത്തിട്ട് ഉണ്ടെന്നും അറിഞ്ഞു. പിന്നെ തോന്നി ആ അവാര്‍ഡിന്റെ ആവശ്യം വി പി സത്യനില്ല. കുറേ പേര് അവാര്‍ഡിന് വേണ്ടി മാത്രം എന്തെങ്കിലുമൊക്കെ ചെയ്തിട്ട് കിട്ടി കഴിയുമ്പോള്‍ മാറി നില്ക്കും. സത്യേട്ടന് അങ്ങനെയല്ല. അതുകൊണ്ട് അതിലും നല്ല കാര്യം എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കി.
ഫുട്ബോളിനും താരങ്ങള്‍ക്കും ഇപ്പോള്‍ സ്വീകാര്യത കൂടിയോ?
ഫുട്ബോളിന് എന്നും ആരാധകര്‍ ഉണ്ടായിരുന്നു. ഫുട്ബോള്‍ താരങ്ങള്‍ക്കും. എന്നാല്‍ പണ്ടത്തെ അപേക്ഷിച്ച് മീഡിയയുടെ സപ്പോര്‍ട്ട് ഉണ്ട് താരങ്ങള്‍ക്ക്. ഇത് അവരുടെ ജനപ്രീതി കൂട്ടിയിട്ടുണ്ട്. അതിനാല്‍ എല്ലാവര്ക്കും അറിയാം കളിക്കാരെ.
പ്രണയ വിവാഹമായിരുന്നോ?
അല്ല. അറേഞ്ച് മാരേജ് ആയിരുന്നു. ഞാനും സത്യേട്ടനും ശരിക്കും ബന്ധുക്കളാണ്. വീട്ടിലെല്ലാവര്‍ക്കും സത്യേട്ടനെ അറിയാം. എനിക്ക് മാത്രമാണ് അറിയാത്തത്. ഒരു ബന്ധു വഴിയാണ് ആലോചന വന്നത്. പെണ്ണു കാണാന്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ പക്ഷെ രണ്ടു പേര്‍ക്കും പരിചയ കുറവൊന്നും ഇല്ലായിരുന്നു. ഏതൊക്കെ ജന്മങ്ങളില് പ്രണയിച്ചവരെ പോലെയായിരുന്നു. ആ പ്രണയമാണ് ഇന്നും എന്നെകൊണ്ട് എല്ലാം ചെയ്യിക്കുന്നത്. സത്യേട്ടനോടുള്ള പ്രണയം കൊണ്ട് ഞാന്‍ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉപേക്ഷിച്ചു. പിന്നെ സത്യേട്ടനായിരുന്നു എല്ലാം. അച്ഛന് കത്തെഴുതി വെച്ചിട്ട് ഭര്‍ത്താവിന്റൊപ്പം ഒളിച്ചോടിയ ആളാണ് ഞാന്‍. എംടെകിന് പഠിക്കുന്ന സമയത്താണ് അത്. സത്യേട്ടന്റെ കൂടെ കൊല്‍ക്കത്തയ്ക്ക് പോകുന്നതിന് വേണ്ടി ഞാന്‍ പഠനം അവസാനിപ്പിച്ചു. തിയറി ഒക്കെ പൂര്‍ത്തിയാക്കിയിരുന്നു. കോളേജിലെ ഒരു സാറിനോട് മാത്രം പറഞ്ഞു ഇക്കാര്യം. അപ്പോള്‍ അദ്ദേഹം പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ വിഷമം തോന്നില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അനിതയ്ക്ക് പഠനം അവസാനിപ്പിക്കാം എന്ന്. ഞാന്‍ പറഞ്ഞു ഒരിക്കലും വിഷമം ഉണ്ടാവില്ല സാര്‍. പഠനം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കുടുംബത്തിലെ ആദ്യ എഞ്ചിനീയര്‍ ആകുമായിരുന്നു ഞാന്‍. പക്ഷെ ഇന്നും എനിക്ക് അതില്‍ ഒരു വിഷമവും ഇല്ല.
എപ്പോഴും ഫുട്ബോളിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളുടെ കൂടെയുള്ള ജീവിതം എങ്ങനെയായിരുന്നു?
കല്യാണം കഴിഞ്ഞ് സത്യേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞത് കളി നിര്‍ത്തിക്കാനും ബൈക്കിന്റെ സ്പീഡ് കുറപ്പിക്കാനുമാണ്. കളി നിര്‍ത്താന്‍ പറഞ്ഞ നിമിഷം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. കുറച്ച് അഹങ്കാരത്തോടെയാണ് പറഞ്ഞത്. എന്നെ ഒരു നോട്ടം നോക്കി. പിന്നെ പറഞ്ഞു, ഇക്കാര്യം അച്ഛനും അമ്മയും പറഞ്ഞാല്‍ കൂടി കേള്‍ക്കില്ല എന്ന്. അതില്‍ എല്ലാം ഉണ്ടായിരുന്നു. പിന്നെ ഞാന്‍ അക്കാര്യം പറഞ്ഞില്ല. പിന്നെ മനസ്സിലായി എന്തൊരു ബുദ്ധിയില്ലായ്മയായിരുന്നു അന്ന് ചെയ്തത് എന്ന്. പക്ഷെ എല്ലാവരും ആവശ്യപ്പെട്ട രണ്ടാമത്തെ കാര്യം ഞാന്‍ ചെയ്തു. ബൈക്കിന്റെ സ്പീഡ് സത്യേട്ടനെ കൊണ്ട് കുറപ്പിച്ചു.
ഓര്‍മ്മയിലുള്ള നിമിഷങ്ങള്‍
സത്യേട്ടന്റെ കൂടെയുള്ള എല്ലാ നിമിഷങ്ങളും പ്രിയപ്പെട്ടതാണ്. എങ്കിലും ഒരുമിച്ചുള്ള യാത്രകളോട് പ്രത്യേക ഇഷ്ടമുണ്ട്. യാത്രയില്‍ മുഴുവന്‍ അച്ഛനും മോളും കൂടെ കളിക്കുകയായിരിക്കും. നല്ല രസമാണ്. അല്ലെങ്കില്‍ എപ്പോഴും ആരെങ്കിലുമൊക്കെ സത്യേട്ടന് ചുറ്റും കാണും. യാത്രകളിലാണ് സത്യേട്ടനെ സ്വന്തമായി കിട്ടുന്നത്. കൊല്‍ക്കത്തയിലായിരുന്നപ്പോള്‍ എനിക്ക് ഭക്ഷണമൊന്നും ശരിക്കും ഉണ്ടാക്കാന്‍ അറിയില്ല. പക്ഷെ അവിടുത്തെ ഭക്ഷണം ഇഷ്ടമില്ലാത്തത് കൊണ്ട് ഞാന്‍ ഭക്ഷണം ഉണ്ടാക്കുകയും ചെയ്യും. എപ്പോഴും സംഭവിക്കുന്ന കാര്യം ഉപ്പ് കൂടുമെന്നുള്ളതാണ്. സത്യേട്ടന് പറയും ഉപ്പിടാതെ ഉണ്ടാക്കിയാല്‍ മതി, കഴിക്കുമ്പോള്‍ ഉപ്പിട്ട് കഴിച്ചോളാമെന്ന്. എന്നാലും ഞാന്‍ ഉപ്പിട്ടേ കറിയുണ്ടാക്കൂ. ഇതിന് സത്യേട്ടന് ദേഷ്യം പിടിക്കുമ്പോള്‍ രക്ഷിക്കുന്നത് ഐ എം വിജയനാണ്. വിജയന് പറയും, ചോറും കറിയും എല്ലാ കൂടി ചേര്‍ത്ത് കഴിച്ചാല്‍ മതി ചേട്ടാ അപ്പോ എല്ലാം ശരിയാകുമെന്ന്.
സത്യന്റെ ഏതു മത്സരമാണ് ഏറ്റവും കൂടുതല്‍ ഓര്‍മ്മയിലുള്ളത്?
കളി കാണുമ്പോള്‍ മുഴുവന്‍ എനിക്ക് ടെന്‍ഷനാണ്. പിന്നെ മത്സരം ജയിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാവും. കോയമ്പത്തൂരില്‍ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരവും കോഴിക്കോട് നടന്ന ഫെഡറേഷന് കപ്പുമാണ് ഓര്മ്മയിലെപ്പോഴുമുള്ള മത്സരങ്ങള്‍.
എപ്പോഴാണ് അസുഖം വരുന്നത്?
വിഷാദരോഗം വന്ന് കുറച്ചു കഴിഞ്ഞ ശേഷമാണ് മനസ്സിലാകുന്നത്. സത്യേട്ടന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു. പലരും ഇതേ കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ തന്നെ മുന്‍കൈയെടുത്തു ഫാമിലി ഡോക്ടറുമായി സംസാരിച്ചു. അപ്പോഴാണ് വിഷാദരോഗമാണെന്ന് മനസ്സിലായത്. ഒരുപാട് പേര്‍ക്ക് ഈ രോഗം ഉണ്ടെന്നും മരുന്നു കഴിച്ചാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞു. എന്നോടാണ് ഏറ്റവും അടുപ്പം. അതുകൊണ്ട് എപ്പോഴും കൂടെയുണ്ടാവണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പിന്നെ എന്റെ ശ്രദ്ധ മുഴുവന്‍ സത്യേട്ടനിലായിരുന്നു. മരിക്കുന്നതിന് നാല് അഞ്ച് വര്‍ഷം മുമ്പാണ് ഇത്. എന്നോട് എല്ലാ കാര്യങ്ങളും സംസാരിക്കും. മരണത്തെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ഇടയ്ക്കിടയ്ക്ക് എനിക്കും മോള്‍ക്കും കത്തൊക്കെ എഴുതി വെയ്ക്കും. മരിച്ചപ്പോഴും, എഴുതിയ കത്താണ് എനിക്ക് താങ്ങായത്. അതല്ലായിരുന്നെങ്കില്‍ ഇപ്പോഴത്തേത് പോലെ ആയിരുന്നില്ല എല്ലാവരും എന്നെ കാണുമായിരുന്നത്.
വി പി സത്യന്റെ മരണം ആത്മഹത്യ തന്നെയാണോ?
സത്യേട്ടന്റെ മരണം ആത്മഹ്യയാണ് എന്നാണ് എല്ലാരും എപ്പോഴും പറയുന്നത്. ഇന്റര്റ്റിലൊക്കെ നോക്കിയാലും അത് കാണാം. ശരിക്കും അതൊരു ആത്മഹത്യയായിരുന്നില്ല. അപകടമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും സത്യേട്ടന് ഇല്ല. ആര് പറയുന്നും വിശ്വാസമാകാത്തത് കൊണ്ട് സത്യേട്ടന്റെ ബോഡി കണ്ടപ്പോഴും ഞാന്‍ ശരിക്കും ശ്രദ്ധിച്ചു. മുഖത്ത് പാടൊന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്ത ഒരാളുടേത് പോലെയായിരുന്നില്ല സത്യേട്ടന്റെ ശരീരം. അവസാനം ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോഴാണ് ഇനി സത്യേട്ടന് തിരിച്ചു വരില്ലെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. 2006-ലെ വേള്‍ഡ് കപ്പാണ് എല്ലാം താളം തെറ്റിച്ചത്. അതുവരെ മരുന്ന് കൃത്യമായി കഴിക്കുകയും ഉറങ്ങുകയും ഒക്കെ ചെയ്തിരുന്ന സത്യേട്ടന് കളി തുടങ്ങിയപ്പോള്‍ എല്ലാം മുടക്കാന്‍ തുടങ്ങി. എന്തു പറഞ്ഞിട്ടും കാര്യമുണ്ടായിരുന്നില്ല. വീണ്ടും സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഡോക്ടറെ പോയി കാണണം എന്നൊക്കെ തീരുമാനിച്ചിരുന്നതാണ്.
വി പി സത്യന് സോക്കര്‍ സ്കൂളിനെ കുറിച്ച്?
സത്യേട്ടന്റെ ഫുട്ബോള്‍ മോഹങ്ങളുടെ പിന്തുടര്ച്ചയായാണ് സോക്കര്‍ സ്കൂളിന്റെ പിറവി. 160തോളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. എട്ട് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്നവരും സത്യേട്ടനെ ഇഷ്ടപ്പെടുന്നവരുമാണ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നത്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് രാജി രാമന്‍കുട്ടി)
Comments are closed.