തമിഴിലിലായാലും ഞാന്‍ മലയാളി: അപര്‍ണ ബാലമുരളി
അഭിനയലോകത്ത് എത്തിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും നായികയായും ഗായികയായിയും മലയാള സിനിമാ മേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. രാജീവ് മേനോന് സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴ്സിനിമാ ലോകത്ത് ശക്തമായ സാന്നിദ്ധ്യമാകാനൊരുങ്ങുന്ന അപര്‍ണ ബാലമുരളിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.
സര്‍വ്വം താള മയം
ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ നായികയാണ്. മലയാളിയായ നഴ്സായിട്ടാണ് അഭിനയിക്കുന്നത് . അതുകൊണ്ട് തന്നെ ഈ സിനിമയില്‍ എന്റെ കഥാപാത്രം മലയാളം പറയുന്നുണ്ട്. ഞാന്‍ അഭിനയിക്കുന്ന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് ചെന്നൈയിലാണ്. ശരിക്കുമൊരു മ്യൂസിക്കല്‍ സിനിമയാണ് സര്‍വ്വം താള മയം. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത്. മൃദംഗവും പ്രധാനമായി വരുന്നുണ്ട്.
ജിംസി തന്ന ഭാഗ്യം
രാജീവ് സാര്‍ മഹേഷിന്റെ പ്രതികാരം കണ്ടിരുന്നു. അതില്‍ ഞാന്‍ ചെയ്ത കഥാപാത്രം രാജീവ് സാറിന് ഇഷ്ടമായി. പിന്നെ ഓഡിഷന് ഉണ്ടായിരുന്നു. ഓഡിഷന് പോകുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. സെലക്ട് ആയി എന്നറിഞ്ഞപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും ഒരുപാട് പേര് വിളിച്ചിരുന്നു.
റഹ്മാന് മാജിക്കുണ്ടാകും തീര്‍ച്ച
മ്യൂസിക്കല്‍ സിനിമയായതു കൊണ്ട് തന്നെ പാട്ടുകള്‍ എല്ലാം അതിമനോഹരങ്ങളാണ്. എ.ആര്. റഹ്മാനാണ് സംഗീത സംവിധാനം ചെയ്യുന്നത്. റഹ്മാന് മാജിക് തീര്‍ച്ചയായും പ്രതീക്ഷിക്കാം. പാട്ടുകള്‍ എല്ലാം റെക്കോര്‍ഡ് ചെയ്താണ് ഷൂട്ട് നടക്കുന്നത്.
രാജീവ് സാര്‍ കൂളാണ്
രാജീവ് സാര്‍ വളരെ കൂള്‍ ആയ സംവിധായകനാണ്. നന്നായി ഹെല്പ് ചെയ്യും. ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കാറില്ല. സീനൊക്കെ അഭിനയിച്ചു കാണിച്ചു തരും. സാറിനൊപ്പം ജോലി ചെയ്യാന്‍ കഴിയുകയെന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. മികച്ച എക്സിപീരിയന്‍സും ആണ്.
പാവം പാവം ജി.വി
ജി.വി.പ്രകാശിനെ നേരത്തെ അറിയുന്നത് മികച്ച സംഗീതസംവിധായകനായിട്ടാണ്. സര്‍വ്വം താള മയത്തില്‍ അഭിനയിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. നമ്മുടെ വിനീതേട്ടനെ (വിനീത് ശ്രീനിവാസന്) പോലെ പാവമാണ് ജി.വി. നന്നായി വര്‍ത്തമാനം പറയും. ഫ്ളെക്സിബളും അഡ്ജസറ്റബിളുമായി വ്യക്തിയാണ് ജി.വി.
അന്യ ഭാഷയിലേക്ക് ചുവടുമാറ്റമില്ല
അന്യഭാഷയിലേക്ക് ചേക്കാറാനുള്ള പദ്ധതിയൊന്നുമില്ല. നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുന്നു എന്ന് മാത്രം. ഇപ്പോള്‍ തമിഴിലേക്ക് വരണമെന്ന് കരുതി ഞാനൊന്നും ചെയ്തിട്ടുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല . കംഫര്‍ട്ടബിള്‍ എപ്പോഴും മലയാളം തന്നെയാണ്. ഇവിടെ തമിഴിലാകുമ്പോള്‍ ഒന്നും അറിയേണ്ട കാര്യമില്ല.
ഭക്ഷണമായാലും എന്തായാലും ചോദിക്കാതെ തന്നെ സമയത്ത് നമ്മുടെ അടുത്ത് എത്തിക്കും. പിന്നെ കലാകാരന്മാരോട് ഏറെ ആദരവുള്ള സ്ഥലമാണ് തമിഴ്നാട്. മലയാളത്തിലാകുമ്പോള്‍ ഞാന്‍ കൂടുതല്‍ ഫ്രീഡം എടുക്കുമെന്നതാണ് മലയാളവും തമിഴും തമ്മില്‍ തോന്നിയ വ്യത്യാസം.
ജിംസി എന്ന ഭാഗ്യം
മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്റെ ഭാഗ്യമാണ്. അപ്രതീക്ഷിതമായി കിട്ടിയ കഥാപാത്രം. മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ അത്രയും വലിയ ഒരു വിജയം എന്റെ മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല.
ശ്യാം പുഷ്കറിന്റെ ഭാര്യ എന്റെ ടീച്ചറാണ്. ടീച്ചര്‍ പറഞ്ഞിട്ടാണ് ഞാന്‍ ആ സിനിമയുടെ ഓഡിഷന് പോകുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് എന്റെ കഥാപാത്രത്തെ കുറിച്ച് അറിയുന്നതും ഫഹദ് ഫാസിലിന്റെ നായികയാണ് എന്നറിയുന്നതും. ശരിക്കും സര്‍പ്രൈസ് ആയിരുന്നു.
പാട്ടു പാടി തുടങ്ങിയ നായിക
ആദ്യ ചിത്രത്തില്‍ തന്നെ പാടാനുള്ള ഭാഗ്യവും ലഭിച്ചു. ഓഡിഷന് പോയ സമയത്ത് തന്നെ എന്നെ കൊണ്ട് പാട്ട് പാടിച്ചിരുന്നു. പിന്നെ സെറ്റിലും ഇടയ്ക്കിടെ പാടും. അങ്ങനെയാണ് മൗനങ്ങള്‍ എന്ന പാട്ട് സംഭവിക്കുന്നത്. സന്തോഷവും ടെന്‍ഷനും ഒരുമ്മിച്ചുണ്ടായിരുന്നു ആ പാട്ട് പാടുന്ന സമയത്ത്.
സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഞാന്‍ പാടിയത് തന്നെയാണ് സിനിമയിലുള്ളത് എന്ന്. വലിയ സന്തോഷം തോന്നി. നായികയും ഗായികയും ആയതില്‍ വീട്ടിലും എല്ലാവരും ഹാപ്പിയായി.
ചേട്ടന് സൂപ്പറാ
മഹേഷിന്റെ പ്രതികാരം എന്നു പറയുമ്പോഴെ എല്ലാവരും പറയുന്ന ഡയലോഗാണ് അത്. എല്ലാവരും ഓര്‍ക്കുന്ന ഡയലോഗ് കൂടിയാണത്. കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും. ഫഹദിക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ആദ്യം പേടിയുണ്ടായിരുന്നു. പിന്നെ ആള് ചെയ്യുമ്പോള്‍ നമ്മളും അങ്ങ് ചെയ്തു പോകും.
മേക്കപ്പില്ലാത്ത നായിക
സിനിമയില്‍ അഭിനയിക്കുന്നതിന് മേക്കപ്പ് നിര്‍ബന്ധമാണെന്ന് തോന്നുന്നില്ല. ഡയറക്ടര്‍ എന്താണ് പറയുന്നത് അത് ചെയ്യുന്നു. അതല്ലാതെ എന്റേതായ നിര്‍ബന്ധങ്ങളൊന്നും അക്കാര്യത്തില്‍ ഇല്ല.
സെലക്ഷന് കഥാപാത്രം നോക്കി
ഒരു സിനിമയിലെ നായികയാണെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധം ഇല്ല. കഥാപാത്രം നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്. പിന്നെ അവസാനം സിനിമ എങ്ങനെയാവും എന്നൊക്കെ നോക്കാറുണ്ട്.
രജനികാന്തിന്റെ അഭിനന്ദനം
ആദ്യ തമിഴ് സിനിമയായ എട്ടുതോട്ടകളിലെ അഭിനയം കണ്ടിട്ട് ഒരുപാട് പേര് വിളിച്ചു നന്നായിയെന്ന് പറഞ്ഞു. തമിഴിലെ സൂപ്പര്‍ താരം രജനികാന്തും ഞാന്‍ ചെയ്തത് നന്നായി എന്നു പറഞ്ഞു. സിനിമയുടെ സംവിധായകനെയാണ് വിളിച്ചത്. ആദ്യ തമിഴ് ചിത്രത്തിന് തന്നെ അത്രയും വലിയ ഒരു നടന്റെ അഭിനന്ദനം കിട്ടിയപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നി.
ആസിഫിക്ക ക്ലോസാ
ആസിഫിക്കയും ഞാനും തമ്മില്‍ നല്ല കെമിസ്ട്രിയാണ,് ഭാഗ്യ ജോഡിയാണ് എന്നൊക്കെ എല്ലാരും പറയാറുണ്ട്. ആസിഫിക്ക എന്റെ ക്ലോസ് ഫ്രണ്ടാണ്. അമ്മയുമായും ഇക്ക നല്ല കമ്പനിയാണ്. ഞങ്ങളുടെ ഈ ഒരു അറ്റാച്ച്മെന്റാണ് സ്ക്രീനില്‍ വരുന്നത്. ഭാവന ചേച്ചിയുമായി ആസിഫിക്ക നല്ല ഫ്രണ്ട്ഷിപ്പിലാണ് അതു കൊണ്ട് തന്നെ അവരും ഒരുമ്മിച്ച് വരുമ്പോള്‍ നല്ല കെമിസ്ട്രി തോന്നാറുണ്ടെന്ന് എല്ലാവരും പറയാറുണ്ട്.
വീണ്ടും ഭാഗ്യ ജോഡികള്‍
ഇനി ചെയ്യാന്‍ പോകുന്ന സിനിമയും ആസിഫക്കയുടെ കൂടെയാണ്. ബിടെക് എന്ന സിനിമ. നിരഞ്ജന, ശ്രീനാഥ് ഭാസി തുടങ്ങിയവരൊക്കെ അതില്‍ അഭിനയിക്കുന്നുണ്ട്. കാമുകിയാണ് എന്റെ റിലീസ് ചെയ്യാന്‍ പോകുന്ന സിനിമ. ആസിഫിക്കയുടെ അനിയന് അസ്കറാണ് നായകന്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.