ഡിയര്‍ ഫ്രണ്ടിലെ ശ്യാം യഥാര്‍ത്ഥ ജീവിതത്തില്‍ എന്നിലുണ്ട്: അര്‍ജുന്‍ രാധാകൃഷ്ണന്‍
‘പടയും, ഡിയർ ഫ്രണ്ടും തീർത്തും വ്യത്യസ്തമായ കഥ പറച്ചിൽ രീതി കൊണ്ടും മേക്കിങ് കൊണ്ടും ശ്രദ്ധ നേടിയ സിനിമകളാണ്. ഈ രണ്ട് സിനിമകളോളം തന്നെ കയ്യടി നേടി പടയിലെ ജില്ലാ കളക്റ്റർ അജയ് ശ്രീപദ് ദാങ്കെ ആയും ഡിയർ ഫ്രണ്ടിലെ ശ്യാം ആയും പ്രേക്ഷകരുടെ കയ്യടി വാങ്ങിയ താരമാണ് അർജുൻ രാധാകൃഷ്ണൻ. ലോക പ്രശസ്ത സീരിസ് റോക്കറ്റ് ബോയ്സിൽ എ പി ജെ അബ്ദുൾ കലാമിന്റെ വേഷം ചെയ്തും ജൂണ്ടിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചും കരിയറിന്റെ തുടക്കം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് അർജുൻ.പാതി മലയാളിയും പാതി തമിഴ് നാട്ടുകാരുമായ അർജുൻ ജനിച്ചതും വളർന്നതുമൊക്കെ പൂനെയിലാണ് . സിനിമാ ജീവിതത്തെ കുറിച്ച് അഭിമുഖം പ്രതിനിധി അപര്‍ണ പ്രശാന്തിയോട് സംസാരിക്കുന്നു.
‘പടയിലെ ‘ നിസ്സഹാനായ കളക്ടർ വേഷത്തിലൂടെയാണ് മലയാളികൾ അർജുൻ എന്ന നടനെ കൂടുതലായി ശ്രദ്ധിക്കുന്നത്. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഈ റോളിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?
ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികൾ ഈ കഥാപാത്രത്തെ ഏറ്റെടുക്കുമ്പോൾ എനിക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇതൊരു യഥാർത്ഥ സംഭവമാണല്ലോ, അത് കൊണ്ട് തന്നെ ആ സംഭവത്തെ കുറിച്ച് ഒരുപാട് പഠിച്ചു. എന്റെ സുഹൃത്തിന്റെ അച്ഛൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആണ്.
അദ്ദേഹത്തിന്റെ ഓഫീസിൽ കുറച്ച് ദിവസം പോയി നിന്നു അവിടത്തെ സംഭവങ്ങൾ പഠിക്കാൻ ശ്രമിച്ചു. പിന്നെ സംവിധായകൻ കമലേട്ടന്റെ കൂടി നിർദേശ പ്രകാരം നല്ലവണ്ണം ശരീര ഭാഗം കൂട്ടി. അതിനൊപ്പം സിനിമ കണ്ടവർക്കറിയാം, കൈ കെട്ടിയിട്ടാണ് ആ കഥാപാത്രത്തെ ഏതാണ്ട് മുഴുവനായും കാണിക്കുന്നത്. യഥാർത്ഥത്തിൽ കൈ കെട്ടിയിട്ട് അഭിനയിച്ചതാണ് അതൊക്കെ… ഇങ്ങനെ എന്നിലെ നടന് ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടി വന്ന സിനിമയാണ് പട.
ആ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തപ്പോൾ താങ്കളുടെ കഥാപാത്രത്തിനും വലിയ കയ്യടികൾ കിട്ടി. ആദ്യ സിനിമ തന്നെ അംഗീകരിക്കപ്പെട്ടപ്പോൾ…
തീർച്ചയായും വലിയ സന്തോഷം തോന്നി. ഇതിന്റെ സംവിധായകൻ പറഞ്ഞപ്പോഴാണ് ഇത് കേരളത്തിൽ വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവമാണെന്ന് അറിഞ്ഞത്. യഥാർത്ഥത്തിൽ ആന്ധ്ര പ്രദേശ്കാരനായിരുന്നു ആ സംഭവം നടക്കുമ്പോൾ അവിടത്തെ ജില്ലാ കളക്ടർ. ഒരർത്ഥത്തിൽ എനിക്ക് കൂടി വേണ്ടിയാണ് ആ കഥാപാത്രത്തെ മറാത്തി സംസാരിക്കുന്ന ആൾ ആക്കിയത്.
കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ… ഇവരുടെ കൂടെയാണ് ഒരു വിധം എല്ലാ സീനുകളും… ഇതൊക്കെ ടെൻഷൻ ഉണ്ടാക്കിയ കാര്യങ്ങളായിരുന്നു. 2019 ൽ ഷൂട്ട് ചെയ്ത സിനിമക്ക് കോവിഡിന്റെ അനിശ്ചിതത്വങ്ങൾ വലിയ ബുദ്ധിമുട്ടും ഉണ്ടാക്കി. ഇതൊക്കെ കഴിഞ്ഞും എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടപ്പോൾ വലിയ സന്തോഷം തോന്നി.
ഡിയർ ഫ്രണ്ടിലെത്തുമ്പോൾ പടയിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രത്തെ ആണല്ലോ അവതരിപ്പിച്ചത്. ആ അനുഭവത്തെ കുറിച്ച് പറയാമോ…
ഷൂട്ട് തുടങ്ങാൻ വളരെ കുറച്ചു ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ആണ് ഞാൻ ആ ടീമിൽ എത്തുന്നത്. സത്യത്തിൽ ആ ടീം ഓരോ സീനിലെയും ഓരോ ഭാവങ്ങളും പറഞ്ഞു തന്നാണ് അഭിനയിപ്പിച്ചത്. അത് വലിയ ഒരു ധൈര്യമായിരുന്നു. അവിടെയും ടോവിനോയെ പോലെ ഒരു താരത്തോടൊപ്പം, വളരെ അനുഭവ സാമ്പത്തുള്ള കുറെ പേരോടൊപ്പം നിൽക്കുന്ന ടെൻഷൻ ഉണ്ടായിരുന്നു.
പടയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു റോൾ ആയിരുന്നു അത്. ശ്യാം കുറച്ചു കൂടി എന്റെ അടരുകൾ ഉള്ള കഥാപാത്രം ആണെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷെ യഥാർത്ഥ ജീവിതത്തിലും എവിടെയൊക്കെയോ ഞാൻ ശ്യാമിനെ പോലെയാണ്…
വലിയ ശ്രദ്ധ നേടിയ സീരിസ് ആണ് റോക്കറ്റ് ബോയ്സ്. ഇതിൽ എ പി ജെ അബ്ദുൽ കലാമിന്റെ വേഷം ചെയ്തല്ലോ…എങ്ങനെയാണ് അതിലേക്ക് എത്തുന്നത്?
ഒഡിഷൻ വഴി തന്നെയാണ്. സത്യത്തിൽ ഡോക്യൂമെന്റഷൻ സ്വഭാവമുള്ള സീരിസ് ആണ് റോക്കറ്റ് ബോയ്സ്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഴുവൻ കൃതികളും വായിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ റെഫറൻസ് ചിത്രങ്ങൾ ഒക്കെ കിട്ടാൻ വലിയ പാടായിരുന്നു. അതൊക്കെ ഒരുപാട് റിസർച്ച് ചെയ്ത് സംഘടിപ്പിച്ചു. അങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് എത്തുന്നത്.
ജൂണ്ടിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചല്ലോ… ആ അനുഭവം എങ്ങനെയായിരുന്നു…
സത്യത്തിൽ എനിക്ക് ഇത് സത്യമാണോ മിഥ്യയാണോ എന്നറിയാത്ത അവസ്ഥയാണ് അപ്പോൾ തോന്നിയത്. ഒരു അക്കാദമിക് സിനിമയുടെ മാത്രം അനുഭവപരിചയം വച്ചാണ് ഞാൻ ജൂണ്ടിൽ അഭിനയിക്കാൻ പോകുന്നത്. ഒഡിഷനിൽ പങ്കെടുത്ത് മാസങ്ങൾ കഴിഞ്ഞാണ് ഞാൻ സെറ്റിൽ എത്തിയത്. അവിടെ ചെന്നപ്പോൾ അദ്ദേഹത്തെ കണ്ടു.
അമിതാഭ് ബച്ചൻ, മോഹൻലാൽ,മമ്മൂട്ടി, കമൽഹാസൻ ഒക്കെ നമ്മൾ ചെറുപ്പം മുതൽ തന്നെ ആരാധിക്കുന്ന താരങ്ങളാ ണല്ലോ…അവരുടെ ഒക്കെ ഒപ്പം നിൽക്കുമ്പോൾ ഉള്ള ഫീൽ വല്ലാത്ത ഒന്നാണ്…അദ്ദേഹം ആ സിനിമയിൽ ഒരുപാട് പുതുമുഖങ്ങൾക്ക് ഒപ്പമാണ് അഭിനയിച്ചത്.
ഒരു സിനിമാ നടൻ ആകാനുള്ള യാത്ര എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു?
സത്യത്തിൽ ഒരു ദിവസം ഞാൻ എന്റെ ജോലി ഉപേക്ഷിച്ചു നടൻ ആവാനുള്ള ആഗ്രഹത്തിനു പുറകെ ഇറങ്ങി തിരിച്ച ആളാണ്. കുറെ നാടകങ്ങൾ ചെയ്തു.. ക്യാമറക്ക് മുന്നിൽ നിൽക്കുന്ന അനുഭവത്തിനായി പൂനെ സ്കൂൾ ഓഫ് ഡ്രാമയിലെ സുഹൃത്തുക്കൾ ചെയ്ത കുറെ ചെറു സിനിമകളുടെ ഭാഗമായി.
ഇതിനിടയിൽ ഒഡിഷൻ കൊടുത്ത് കൊണ്ടേ ഇരുന്നു… സാധ്യതകൾ തുറക്കാത്തപ്പോഴും വീണ്ടും ഒഡിഷനുകൾക്ക് പുറകെ പോയി. അങ്ങനെ ജൂണ്ടും റോക്കറ്റ് ബോയ്സും പടയും ഒക്കെ ചെയ്ത് കൊണ്ടിരുന്നപ്പോൾ വല്ലാത്ത സന്തോഷം തോന്നി. വർഷങ്ങൾ നീണ്ട അലച്ചിൽ അവസാനിക്കുകയാണ് എന്ന് വരെ തോന്നി. പക്ഷെ കൊറോണ വന്നു, ഷൂട്ടുകൾ നിന്നു, ഷൂട്ട് ചെയ്ത സിനിമകളുടെ റിലീസ് നീണ്ടു. ഒഡിഷനും ഷൂട്ടിനും ഇടയിൽ വലിയ ഇടവേളകൾ വന്നു.
ജൂണ്ടിൽ അമിതബ് ബച്ചനൊപ്പം അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ശേഷം പോലും വലിയ ഇടവേള വന്നു. പക്ഷെ കോറോണയുടെ വലിയ ഒരു കാലം കഴിഞ്ഞപ്പോൾ ഇങ്ങനെ സിനിമയിൽ സജീവമാവുമ്പോൾ, ചെയ്ത സിനിമകൾ ചർച്ച ആകുമ്പോൾ വലിയ സന്തോഷമുണ്ട്.
മലയാളത്തിലും ഹിന്ദിയിലും അഭിനയിക്കുമ്പോൾ വ്യത്യാസങ്ങൾ ഉണ്ടോ?
ഹിന്ദി എനിക്ക് ഒന്ന് കൂടി എളുപ്പത്തിൽ പറയാൻ പറ്റുന്ന ഭാഷയാണ്. ചെറുപ്പം മുതൽ ഉപയോഗിച്ച ഭാഷയാണ്. ഇപ്പോൾ മലയാളം പഠിക്കാൻ, തെറ്റുകൾ ഇല്ലാതെ പറയാൻ ഞാൻ നന്നായി തന്നെ ശ്രമിക്കുന്നുണ്ട്. ഇതല്ലാതെ വേറെ വ്യത്യാസങ്ങൾ എനിക്ക് തോന്നിയിട്ടില്ല.
അഭിനയമല്ലാതെ സിനിമയിലെ മറ്റേതെങ്കിലും മേഖലയിൽ താല്പര്യമുണ്ടോ?
പണ്ട് മുതലേ ഫോട്ടോഗ്രാഫിയിൽ വലിയ താല്പര്യമുണ്ട്. പിന്നെ എഴുതുന്നതിനെക്കുറിച്ചൊന്നും ആലോചിക്കാൻ പോലും പറ്റില്ല. അത്രയേറെ ശ്രമകരമായ ക്ഷമ വേണ്ട ജോലിയാണത്.
ഭാവി പ്രോജക്റ്റുകൾ ഏതൊക്കെയാണ്?
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് ഷൂട്ടിങ് കഴിഞ്ഞ ചിത്രം. പാർവതി, ഉർവശി ചേച്ചി എന്നിവരാണ് ഇതിലെ മറ്റു ലീഡ് റോളുകളിൽ വരുന്നത്. മറ്റു ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്…
Comments are closed.