ജയചന്ദ്രന്‍ സര്‍ അത്ഭുതപ്പെടുത്തി: അതിരന്റെ സംഗീത സംവിധായകന്‍ സംസാരിക്കുന്നു
ഫഹദും സായ് പല്ലവിയും ഒന്നിക്കുന്ന ആദ്യ ചിത്രം, ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം. ഇങ്ങനെ ഏറെ വ്യത്യസ്തകളുള്ള സിനിമയാണ് അതിരന്‍. അതിരനിലെ ആട്ടുതൊട്ടില്‍ എന്ന ഗാനം പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഈ സമയത്ത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പിഎസ് ജയഹരി അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് മനസുതുറക്കുന്നു.
ആട്ടുതൊട്ടിലില്‍ നിന്ന് തന്നെ തുടങ്ങാം. ആദ്യമിറങ്ങുന്നത് ഈ പാട്ടാണ്. ഇപ്പോള്‍ ഹിറ്റായിരിക്കുന്നു. എന്ത് തോന്നുന്നു?
വളരെയധികം സന്തോഷം തോന്നുന്നു. അതിരനിലെ ഈ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇതാണ് ആദ്യമിറങ്ങുന്നത്. ടീസര്‍ ഇറങ്ങിയത് പോലും ഇന്നലെയാണ്. സിനിമയുടേതായി ആദ്യമിറങ്ങുന്ന വീഡിയോ ഈ പാട്ടായിരുന്നു. വളരെ നിര്‍ണായകമായിരുന്നു ഇത്, പാട്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമോ? എങ്ങനെയാകും റിയാക്ഷന്‍ എന്നൊക്ക. ലിറിക്കല്‍ വീഡിയോ ആയതുകൊണ്ട് റീച്ച് കിട്ടുമോയെന്നൊക്കെ. ടെന്‍ഷന്‍ ഉണ്ടായിരുന്നു ഇതൊക്കെ ആലോചിക്കുമ്പോള്‍. പക്ഷേ എല്ലാം നല്ലതായി വന്നുവെന്ന് പറയാം. പാട്ടിനെപ്പറ്റി എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഇഷ്ടപ്പെട്ടുവെന്നൊക്കെ പറഞ്ഞ് ധാരാളം പേര്‍ മെസേജ് ചെയ്യുന്നുണ്ട്. സിനിമയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ട്.
അതിരനില്‍ മൂന്ന് പാട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ട്യൂണ്‍ ഞാന്‍ കൊടുത്തത് ഈ പാട്ടിനാണ്. വളരെ സിംപിള്‍ ആയ മ്യൂസിക് മതിയായിരുന്നു. അതിനാണ് ഏറ്റവും ബുദ്ധിമുട്ടിയതും. പാട്ട് കേള്‍ക്കുമ്പോ മനസിലാകും വളരെ സിംപിള്‍ ആയ പാട്ടാണ്.
ഈ പാട്ടിനെപ്പറ്റി എല്ലാവരും പറയുന്ന ഒരു കാര്യമാണ് ജയചന്ദ്രന്‍ സാറിന്റെ ശബ്ദം. എങ്ങനെയാണ് ജയചന്ദ്രന്‍ സാറിലേക്ക് എത്തിയത്?
ഞാന്‍ ഇതിന് മുമ്പ് ചെയ്ത ഒരു പ്രോജക്ടില്‍ ജയചന്ദ്രന്‍ സാറിനെക്കൊണ്ട് പാടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അന്ന് ആ പ്രോജക്ട് നടന്നില്ല. സിനിമ നിന്നുപോയി. പിന്നീട് ഈ സിനിമ മ്യൂസിക് ചെയ്തപ്പോ മനസില്‍ വിചാരിച്ചിരുന്നു ജയചന്ദ്രന്‍ സാറിനെക്കൊണ്ട് ഒരു പാട്ടെങ്കിലും പാടിക്കണമെന്ന്.. ഈ പാട്ടിന്റെ വരികള്‍ കൂടി ആയപ്പോള്‍ അത് ഉറപ്പിച്ചു. വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. കേക്കുമ്പോള്‍ തന്നെ ഇഷ്ടപ്പെടുന്ന നമുക്ക് ഫീല്‍ ചെയ്യുന്ന വരികളാണ്. അപ്പോ മ്യൂസിക് കൂടിയായപ്പോള്‍ ഈ പാട്ടിന്റെ ഫീല്‍ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുന്ന ഒരാള്‍ പാടണം എന്നായി. അങ്ങനെയാണ് ജയചന്ദ്രന്‍ സാറിലേക്ക് എത്തിയത്. ഞാനും വിനായകും പിന്നെ സംവിധായകനായ വിവേകും ഒക്കെ ഒരേപോലെ പറഞ്ഞത് അദ്ദേഹത്തിന്റെ പേരാണ്.
ജയചന്ദ്രന്‍ സാറുമായുള്ള അനുഭവം പറയാമോ?
എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം ഈ പാട്ടിന്റെ ട്യൂണ്‍ കേള്‍ക്കുന്നത് റെക്കോര്‍ഡിംഗിന്റെ അന്നാണ്. വാട്‌സാപ്പും മെയിലും ഒന്നും അദ്ദേഹത്തിനില്ല. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞാണ് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത്. അന്ന് രാവിലെ അദ്ദേഹം സ്റ്റുഡിയോയില്‍ വന്നു, ട്യൂണ്‍ കേട്ടു. പാട്ട് പാടി. മടങ്ങി. ഇങ്ങനെയായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡിംഗ് തീര്‍ത്തു. പിന്നീട് അദ്ദേഹം വിളിച്ചിരുന്നു, പാട്ട് നന്നായോ എന്ന് ചോദിച്ചിട്ട്. അമ്പരപ്പായിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളോട് ഞാന്‍ എന്ത് പറയാനാണ്. അദ്ദേഹത്തിന് പാട്ടുകള്‍ ഇഷ്ടപ്പെട്ടിരുന്നു. വരികളും. വരികള്‍ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.
കവര്‍ വേര്‍ഷനുകളിലൂടെയും ശ്രദ്ധ നേടിയ ആളാണല്ലോ… ഈയടുത്ത് ജോണ്‍സണ്‍ മാഷിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ കണ്ണാടിക്കൈയ്യില്‍ എന്ന പാട്ട് ഇറങ്ങി. കവര്‍ വേര്‍ഷനുകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
കവര്‍ വേര്‍ഷനുകള്‍ ഇറക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. പാട്ടുകളുടെ തനിമ ചോരാതെ ചെയ്യണം. പിന്നെ ഞാനൊരു ജോണ്‍സണ്‍ മാഷ് ഫാനാണ്. അതും ഈ പാട്ട് നല്ല രീതിയില്‍ ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. കണ്ണാടിക്കൈയ്യില്‍ ചെയ്യാമെന്നാണ് ആദ്യം അഞ്ജുവും ഞാനും തീരുമാനിച്ചത്. പിന്നെയാണ് തങ്കത്തോണി കൂടെ ഇതില്‍ ആഡ് ചെയ്യാമെന്ന് വിചാരിച്ചത്. ആ നിര്‍ദ്ദേശം പറഞ്ഞത് അഞ്ജു തന്നെയാണ്. അതും ഹിറ്റായി. ആ പാട്ടിന്റെ തനിമ ചോരാതെ അവതരിപ്പിക്കാന്‍ പറ്റി. ശരിക്കും കവര്‍ ചെയ്യുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ട് അതാണ്. പാട്ടിനെ നശിപ്പിക്കാതെ ചെയ്യുക എന്നത്.
സംഗീത ജീവിതത്തില്‍ ജോണ്‍സണ്‍ മാഷിനോടുള്ള ഇഷ്ടം എങ്ങനെ സ്വാധീനിച്ചിട്ടുണ്ട്?
എനിക്ക് അദ്ദേഹത്തിന്റെ സംഗീതം വലിയ പ്രചോദനമാണ്. സംഗീത സംവിധായകനാണെങ്കിലും ഞാന്‍ കൂടുതല്‍ ചെയ്യുന്നത് പശ്ചാത്തല സംഗീതമാണ്. ഞാന്‍ പശ്ചാത്തലസംഗീതം ജീംഭൂംഭ എന്ന സിനിമയുടെ പശ്ചാത്തലസംഗീതം ചെയ്തത് 20 ദിവസമെടുത്താണ്. അപ്പോളാണ് ഞാന്‍ ശ്രദ്ധിക്കുന്നത് ജോണ്‍സണ്‍ മാഷ് ഏതോ വര്‍ഷം 20 സിനിമകളില്‍ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നു. അതും ഒന്നിനൊന്ന് മികച്ചത്. അത് എനിക്ക് വലിയ പ്രചോദനമായിരുന്നു. അപ്പോഴാണ് എന്ത് മാത്രം കഴിവുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്ന് തോന്നുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളും എനിക്കേറെ പ്രിയപ്പെട്ടതാണ്.
എങ്ങനെയാണ് അതിരനിലേക്ക് എത്തിയത്?
അതിരന്റെ സംവിധായകനായ വിവേക് ഫഹദിനെ നായകനാക്കി ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന് ഒരു സിനിമ തുടങ്ങിയിരുന്നു. ഷൂട്ട് തുടങ്ങിയെങ്കിലും അത് മുടങ്ങിപ്പോകുകയായിരുന്നു. അതിന് മ്യൂസിക് ചെയ്തത് ഞാനാണ്. ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗ് വരെ കഴിഞ്ഞതാണ്. അതിന് തൊട്ടുപിന്നാലെ. ഏകദേശം 2 മാസത്തിനുള്ളില്‍ അതിരന്‍ ഷൂട്ട് തുടങ്ങി. അങ്ങനെ അതിരന്റെ മ്യൂസിക് ചെയ്യുകയായിരുന്നു.
ഇനി വരാനിരിക്കുന്ന പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
ഇനി റിലീസ് ഉള്ളത് ജീംഭൂംഭ ആണ്, അസ്‌കര്‍ അലി നായകനായി രാഹുല്‍ രാമചന്ദ്രന്‍ ചെയ്യുന്ന സിനിമ. അത് കഴിഞ്ഞ് പിടികിട്ടാപ്പുള്ളി ആണ്. സണ്ണി വെയ്ന്‍ നായകനായി ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം. ഇത് രണ്ടുമാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.
അതിരനിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ വിനായക് ശശി കുമാറിന്റെ അഭിമുഖം വായിക്കാം
Comments are closed.