എന്റെ സംഗീതം ഞാന്‍ ഓപ്പോളുടെ കൈയില്‍ നിന്നും കട്ടെടുത്തതാണ്: സുദീപ് പാലനാട്

ചാരുലത, ബാലെ, മനുമലയാളം തുടങ്ങിയ സൃഷ്ടികളിലൂടെ സ്വതന്ത്ര സംഗീതത്തില്‍ വേറിട്ട വഴി തെളിച്ച സംഗീത സംവിധായകനാണ് സുദീപ് പാലനാട്. കുട്ടിക്കാലത്ത് വീട്ടിലെ കഥകളി സംഗീത അന്തരീക്ഷത്തിലൂടെ മനസ്സിലുറച്ച പരമ്പരാഗത
സംഗീതവും പിന്നീട് കേള്‍വി വഴികളിലൂടെ എത്തിയ സമകാലീന സംഗീതവും അദ്ദേഹത്തിന്റെ കോംപോസിഷനുകളെ മാസ്മരികമാക്കുകയും ആരാധക ശ്രദ്ധ നേടുകയും ചെയ്തു. കെ സി അരുണുമായി സുദീപ് പാലനാട് സംസാരിക്കുന്നു.

കഥകളി സംഗീതത്തില്‍ ആയിരുന്നോ തുടക്കം. എങ്ങനെയാണ് സുദീപ് പാലനാടിന്റെ സംഗീത സംസ്‌കാരത്തെ ആ പാരമ്പര്യം സ്വാധീനിച്ചത്?

തീര്‍ച്ചയായും കഥകളി സംഗീതത്തിലായിരുന്നു തുടക്കം. എന്റെ കുടുംബം കഥകളി സംഗീത കുടുംബമാണ്. അച്ഛന്‍ പാലനാട് ദിവാകരന്‍ കഥകളി സംഗീതജ്ഞനാണ്. മുത്തച്ഛന്‍ പാലനാട് നീലകണ്ഠന്‍ നമ്പൂതിരി ചിത്രം നന്നായി വരയ്ക്കുമായിരുന്നു. പക്ഷേ, അദ്ദേഹം കഥകളി സംഗീതം അഭ്യസിച്ചിട്ടുണ്ട്. സഹോദരി ദീപ പാലനാടും കഥകളി സംഗീതത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ്. കഥകളി സംഗീതം കേട്ട് വളര്‍ന്ന ഒരു കുട്ടിക്കാലമാണ് എന്റേത്. ഞാന്‍ ജനിക്കുന്നത് മുതലേ അച്ഛന്‍ കുട്ടികളെ കഥകളി സംഗീതം പഠിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ സഹോദരിയേയും കഥകളി പദം പഠിപ്പിച്ചിരുന്നു. അച്ഛന്റേയും അമ്മയുടേയും കൂടെ കഥകളി കാണാന്‍ പോകാറുണ്ടായിരുന്നു. വീട്ടില്‍ എപ്പോഴും വിസിആറില്‍ കാസറ്റിട്ട് കഥകളി കണ്ടിരുന്നു. ഇന്റെന്‍ഷണലി കേള്‍ക്കുന്നതല്ലെങ്കില്‍ പോലും ഞാന്‍ അറിയാതെ തന്നെ കഥകളി സംഗീതത്തിന്റെ ഒരു സൗണ്ട് ത്രൂ ഔട്ട് ഉണ്ടായിരുന്നു. എന്റെ രക്തത്തേയും കേള്‍വി ശീലത്തേയും കഥകളി സംഗീതം സ്വാധീനിച്ചിട്ടുണ്ട്. അത് എന്റെ സംഗീത സംസ്‌കാരത്തെ അല്ലെങ്കില്‍ എന്റെ പാട്ടുവഴിയെ സ്വാധീനിച്ചു എന്നതില്‍ തര്‍ക്കമില്ല.

അച്ഛനും എന്നെ അറിയുന്നവരും എന്റെ കംപോസിങ്ങില്‍ കഥകളി പദമറിയുന്നതിന്റെ ഒരു മാര്‍ക്ക് ഉണ്ടെന്ന് പറയാറുണ്ട്. അത് എന്റെ ശക്തിയായി ഞാന്‍ കാണുന്നു. അതുപോലെ കഥകളി പദത്തിന്റെ വേറിട്ട ചില വഴികളുണ്ട്. കഥകളി പദത്തില്‍ മാത്രം ഉപയോഗിക്കുന്ന ചില ഭാവങ്ങള്‍, സംഗീതത്തിന്റെ ചിലയിടങ്ങള്‍, ചില സ്വരപ്പെടുത്തലുകള്‍, ചില താളങ്ങള്‍, കേരളത്തിന്റെ തനതായ ചില പ്രയോഗങ്ങള്‍, പിന്നെ ഞങ്ങള്‍ പിന്തുടരുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് എന്ന കുറുപ്പാശാന്റെ പാട്ടുവഴികള്‍ എന്നിവയുടെയെല്ലാം പ്രയോഗങ്ങള്‍ കേട്ടുവളര്‍ന്നത് അറിഞ്ഞോ അറിയാതെയോ വരാറുണ്ട്. ചിലയിടത്ത് ചില പദപ്രയോഗ മുറിക്കലുകള്‍, ഉച്ചാരണ രീതികള്‍ അതുപോലെ ചില സാധനങ്ങള്‍ കമ്പോസ് ചെയ്യുന്ന സമയത്ത് രാഗങ്ങള്‍ സ്ഥിരമായുള്ള ശൈലിയില്‍ നിന്നും വിട്ട് ഭാവത്തിനുവേണ്ടിയുള്ള ചില പ്രയോഗങ്ങള്‍ ഞാന്‍ മനപ്പൂര്‍വം കഥകളില്‍യില്‍നിന്നും എടുത്ത് ഉപയോഗിക്കാറുണ്ട്.  നമ്മുടെയുള്ളില്‍ കഥകളി സംഗീതമുള്ളത് കൊണ്ട്‌ കൊണ്ട് നമ്മള്‍ അറിയാതെ ചിലത് വരും. അങ്ങനെ പല രീതിയിലും കഥകളി സ്വാധീനിച്ചിട്ടുണ്ട്.

സഹോദരി ദീപ പാലനാടും അറിയപ്പെടുന്ന ഗായികയാണ്. ഒന്നിച്ചുള്ള സംഗീത യാത്രയെ എങ്ങനെ വിശേഷിപ്പിക്കുന്നു?

ദീപ പാലനാട് സഹോദരി എന്നതിലുപരി ഞാന്‍ എന്റെ ഗുരുവിനെപ്പോലെ ബഹുമാനിക്കുന്ന ഒരാളാണ്. ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ത്രീശബ്ദം ദീപ പാലനാടിന്റേത്. ലോകത്ത് ഇഷ്ടംപോലെ ഗായകരുണ്ടെങ്കിലും ഗായികമാരെ പരിചയമുണ്ടെങ്കിലും എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതുമായ ശബ്ദം എന്ന് ഒരു സംശയവുമില്ലാതെ ഞാന്‍ പറയുന്ന ശബ്ദമാണ് ദീപ പാലനാടിന്റേത്.

ഞങ്ങളുടെ യാത്ര എന്ന് പറയുമ്പോള്‍, എല്ലാ കുടുംബത്തിലുമുള്ളതുപോലെ തന്നെ സംഗീതപരമായിട്ടാണെങ്കിലും അല്ലെങ്കിലും നന്നായി ഷെയര്‍ ചെയ്ത് പോകുന്ന ഒരു കുട്ടിക്കാലമായിരുന്നു. പിന്നെ ചേച്ചിയോട് എന്ന നിലയില്‍ എനിക്ക് ഉണ്ടാകുന്ന കുറുമ്പും കുസൃതിയും വികൃതിയുമൊന്നുമല്ലായിരുന്നു. അതിലുപരി ചേച്ചി എനിക്ക് ഗുരു സ്ഥാനീയയാണ്. കാരണം, സംഗീതത്തില്‍ എന്നെ ഏറ്റവും അധികം ഇന്‍സ്പയര്‍ ചെയ്തിട്ടുള്ളയൊരാളാണ് അവര്‍. കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ കാണുന്നത് ഓപ്പോളുടെ വളര്‍ച്ചയാണ്. പാടുന്ന വേദികളിലെല്ലാം അംഗീകാരം നേടുന്നതും അവര്‍ ചെയ്യുന്നതെല്ലാം വിജയകരമാകുന്നതുമാണ് ഞാന്‍ കാണുന്നത്.

പുരുഷാധിപത്യം നിറഞ്ഞ കഥകളിയില്‍ ഒറ്റയ്ക്ക് പൊരുതി, കഥകളി സംഗീതമെന്ന ആണ്‍വഴക്കമുള്ള കലാരൂപത്തില്‍ വിജയിച്ച് അവര്‍ മുന്നിലെത്തുന്ന കാഴ്ച കണ്ട് വളര്‍ന്നയാളാണ് ഞാന്‍. എപ്പോഴും എനിക്കൊരു സൂപ്പര്‍ ഹീറോ ഫിഗറാണ് ഓപ്പോള്.

ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്, എന്റെ കൈയിലെ സംഗീതം എന്റെ ഓപ്പോളുടെ കൈയില്‍ നിന്നും കട്ടെടുത്ത് പഠിച്ചതെന്നാണ്. അച്ഛന്റെ ഗുരുമുഖത്ത് നിന്ന് പഠിച്ചെടുക്കാതെ ഓടിക്കളിച്ച് നടന്നിരുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ ഗൗരവകരമായ സംഗീത പഠനം കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. ഓപ്പോള്‍ എപ്പോഴും വളരെ സ്റ്റൂഡിയസ് ആയിരുന്നു. അച്ഛന്റെ അടുത്ത് പോയി ഓരോ കഥകള്‍ കേട്ട്‌ പഠിക്കുന്നതില്‍ വളരെ സീരിയസ് ആയിരുന്നു ഓപ്പോള്‍. അച്ഛന്‍ ഓപ്പോളെ പഠിപ്പിക്കുന്നത് കേട്ട് ഞാന്‍ അറിയാതെ എന്റെയുള്ളിലേക്ക് സംഗീതം കയറുകയായിരുന്നു. അങ്ങനെയാണ് എന്റെയുള്ളില്‍ സംഗീതം വളര്‍ന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായിട്ടും അച്ഛന്‍ ഓപ്പോളെ പഠിപ്പിച്ച സംഗീതം ഞാന്‍ കട്ടെടുത്ത് പഠിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ പോലെ എന്റെ ഗുരു തന്നെയാണ് ഓപ്പോള്‍. ആ 100 ശതമാനം ബഹുമാനവും സ്‌നേഹവും എനിക്ക് ഓപ്പോളോടുണ്ട്. എന്റെ ജീവിതം മുഴുവന്‍ പ്രചോദനമേകുന്ന ഗായിക കൂടിയാണ് ഓപ്പോള്.

ദീപ പാലനാടും സുദീപ് പാലനാടും
ദീപ പാലനാടും സുദീപ് പാലനാടും

സുദീപ് പാലനാടിനെ മലയാള സംഗീതത്തില്‍ എവിടെ അടയാളപ്പെടുത്താന്‍ ആണ് ആഗ്രഹം?

അത് ഞാനല്ലല്ലോ അടയാളപ്പെടുത്തേണ്ടത്. എന്നെ അടയാളപ്പെടുത്തുന്നതിനെ കുറിച്ച്‌ ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. മലയാള സംഗീതം എന്നല്ല, സംഗീതം എനിക്കെപ്പോഴും യൂണിവേഴ്‌സലായിട്ടാണ് ഫീല്‍ ചെയ്തിട്ടുള്ളത്. അതൊരു ഫീലാണ്. അതൊരു ഇമോഷനാണ്. അതില്‍ എന്നെ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് കലാകാരന്‍മാരും മ്യുസിഷ്യന്‍സുമുള്ളതില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. അടയാളപ്പെടുത്തുക എന്ന വാക്കിനേക്കാള്‍ എനിക്ക് ഇഷ്ടം, ഞാന്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന മെന്നത്‌ സ്വതന്ത്ര സംഗീതമാണ്. നമുക്ക് യാതൊരു ചുറ്റുപാടുകളോ ബൗണ്ടറികളോ ഇല്ലാതെ നമ്മുടെയുള്ളിലെ സംഗീത വഴികള്‍ ഏതായാലും അതിനെ എക്‌സ്‌പ്ലോര്‍ ചെയ്ത് പലരും പോയിട്ടുള്ള വഴികളിലൂടെയും പോയിട്ടില്ലാത്ത വഴികളിലൂടെയും ഒരു സ്ട്രക്ചറില്‍ ഒതുങ്ങി നില്‍ക്കാതെ സ്ട്രക്ചറുകള്‍ ബ്രേക്ക് ചെയ്ത് കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന ധ്യാനം എന്ന് പറയുന്നതുപോലെയോ അതില്‍ യാത്ര ചെയ്യാവുന്നതുപോലെയോ കുറെതരം സംഗീതങ്ങള്‍ ഉണ്ടാക്കണം.

അല്ലാതെ പ്രത്യേകിച്ച് കെട്ടുപാടുകളില്‍ നിന്ന് കൊണ്ട്‌ ഇന്ന സ്ട്രക്ചറില്‍ ഉണ്ടാക്കണം, പല്ലവി, അനുപല്ലവി, ചരണം അല്ലെങ്കില്‍ സിനിമയുടെ സീനിന് അനുസരിച്ചുണ്ടാക്കുന്ന പാട്ട് അല്ലെങ്കില്‍ ഇന്ന കഥയ്‌ക്കൊരു പാട്ട് എന്നതില്ലാതെ പാട്ടിന്റെ പിന്നാലെ മറ്റെല്ലാം വരുത്തിക്കണം. പാട്ട് എപ്പോഴും മാസ്റ്ററായി നില്‍ക്കണം. ബാക്കിയെല്ലാം അതിനെ അനുഗമിക്കട്ടേയെന്ന നിലയില്‍ ഒരു ഫ്രീ ഫ്‌ളോയിങ് മ്യൂസിക് സൃഷ്ടിക്കുന്ന ഒരു സ്വതന്ത്ര മ്യുസിഷ്യന്‍ ആകണം എനിക്ക്‌. അതിപ്പോള്‍ എന്റെ മാത്രമല്ല എല്ലാവരും അങ്ങനെയാകണം എന്ന അത്യാഗ്രഹം കൂടിയെനിക്കുണ്ട്. കാരണം സംഗീതം എപ്പോഴും സ്വതന്ത്രമായി നില്‍ക്കേണ്ട ഒന്നാണ്. അതിനെ ഒന്നിന്റെ കീഴിലാക്കുന്നത് ശിക്ഷാര്‍ഹമായ ഒരുകാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. ഏറ്റവും പരമ സ്വാതന്ത്ര്യത്തില്‍ സംഗീതം നില്‍ക്കട്ടേ. സംഗീതത്തെ അവിടെ നമുക്ക് അടയാളപ്പെടുത്താം. അതിന്റെ കീഴില്‍ നില്‍ക്കുന്ന സംഗീതത്തിനെ ഫോളോ ചെയ്യുന്ന മ്യൂസിക് എന്ത്യൂസിയാസ്റ്റ് ആയി ഞാനും എന്റെ കൂട്ടത്തിലുള്ളവരും വളരുന്നത് കാണാം.

കംപോസര്‍ എന്ന റോളാണ് ആസ്വദിക്കുന്നതെന്ന് സുദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് കംപോസര്‍ എന്ന റോളിനേയും ഗായകന്‍ എന്ന റോളിനേയും കാണുന്നത്?

തീര്‍ച്ചയായും കംപോസര്‍ എന്ന റോള്‍ തന്നെയാണ് ഞാന്‍ ആസ്വദിക്കുന്നത്. ഞാന്‍ എന്നെ കംപോസര്‍ ആയിട്ടാണ് മറ്റൊരാള്‍ക്ക്‌ പരിചയപ്പെടുത്തുന്നത്. ഞാന്‍ സൗണ്ട് എഞ്ചിനീയറാണ്, മിക്‌സറാണ്. അതൊക്കെ ഞാന്‍ ചെയ്യുന്ന പണിയാണെങ്കില്‍ പോലും ഒരാള്‍ ചോദിക്കുമ്പോള്‍ മ്യൂസിക് ഡയറക്ടറാണ്, കംപോസറാണ് എന്ന് പറയാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്.

സൃഷ്ടിയെന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. പിന്നെ പാട്ട് പാടുന്നത് മോശം ആണെന്നല്ല ഞാന്‍ പറയുന്നത്. പാടുന്നത് നല്ലൊരു കഴിവ് തന്നെയാണ്. പക്ഷേ, ഒരു ഇന്‍സ്ട്രുമെന്റ് വായിക്കുന്നതുപോലെയാണ് പാട്ട് പാടുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മളൊരു പാട്ട് വിലയിരുത്തുന്ന സമയത്ത് ഗായകന്‍ അല്ലെങ്കില്‍ ഗായിക എപ്പോഴും മുകളില്‍ നില്‍ക്കും. അങ്ങനെയാണ് നമ്മള്‍ അവരെ അംഗീകരിക്കുന്നത്.

അതേ പാട്ടില്‍ തന്നെ ഒരാള്‍ പുല്ലാംങ്കുഴല്‍ വായിക്കുന്നുണ്ടാകും ഒരാള്‍ തബല വായിക്കുന്നുണ്ടാകും ഒരാള്‍ കീബോര്‍ഡ് വായിക്കുന്നുണ്ടാകും ഒരാള്‍ ഡ്രംസ് വായിക്കുന്നുണ്ടാകും ഗിറ്റാര്‍ വായിക്കുന്നുണ്ടാകും വീണ വായിക്കുന്നുണ്ടാകും. ഒരിക്കലും നമ്മള്‍ ഇന്‍സ്ട്രുമെന്റിനെ ഗായകനൊപ്പം പരിഗണിക്കാറില്ല. സ്റ്റാറ്റസ്‌ പരമായിട്ടും. ഫൈനാന്‍ഷ്യലി നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. ഒരു പ്രോഗ്രാമിന് വിളിക്കുമ്പോള്‍ ഗായകന് കൊടുക്കുന്ന കാശ് ഒരിക്കലും നമ്മള്‍ ഇന്‍സ്ട്രുമെന്റ് വായിക്കുന്നയാള്‍ക്ക് കൊടുക്കില്ല.

അപ്പോള്‍ ഏത് വിധത്തിലും എല്ലാക്കാലത്തും ഒരു മേധാവിത്വം ഗായകന് കിട്ടിയിട്ടുണ്ട്. എന്നുള്ളത് കൊണ്ട് തന്നെ എനിക്ക് അത് എന്‍ജോയ് ചെയ്യാന്‍ പറ്റുന്നില്ല. മാത്രമല്ല, ഞാനൊരു പാട്ട് കംപോസ് ചെയ്യുന്ന സമയത്ത് അതിലുള്‍പ്പെടുന്ന ഒരു ഇന്‍സ്ട്രുമെന്റ് ആയിട്ടാണ് പാട്ടുകാരനെ എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപാട്ടിന്റെ ഇന്‍സ്ട്രുമെന്റ് വെര്‍ഷനും വോക്കല്‍ വെര്‍ഷനും തമ്മില്‍ വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നിയിട്ടില്ല. സാഹിത്യം ഉച്ചരിക്കാന്‍ ഗായകന് മാത്രമേ കഴിയുന്നുള്ളൂ, ഇന്‍സ്ട്രുമെന്റിന് കഴിയുന്നില്ലെന്നത് മാത്രമായിരിക്കാം ഒരു ഇന്‍സ്ട്രുമെന്റുകാരനേക്കാള്‍ ഒരു പാട്ടുകാരന് കിട്ടുന്ന ഒരു അഡ്വാന്റേജ്.

സംഗീതത്തില്‍ കുറച്ചുകൂടി അധികം വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം എനിക്ക് ഇന്‍സ്ട്രുമെന്റലിസ്റ്റായിട്ട് മാത്രമേ വോക്കലിസ്റ്റിനെ തോന്നിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ പാടുകയെന്നതിനേക്കാള്‍ ഞാന്‍ ഉണ്ടാക്കുന്ന ഒരു പാട്ട് അല്ലെങ്കില്‍ സംഗീതം മറ്റുള്ളവരെക്കൊണ്ട് പാടിക്കുന്നതും. നമ്മളുദ്ദേശിക്കുന്നയൊരു ഫീല്‍ അത് മറ്റുപാട്ടുകാര്‍ തരാറില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, നമ്മള്‍ എന്താണ് മനസ്സില്‍ ഒരു പാട്ടില്‍ കാണുന്നതിന്റെയൊരു ഔട്ട്പുട്ട് 95 ശതമാനവും ഞാന്‍ പാടുമ്പോള്‍ കിട്ടാറുണ്ട്. ഞാന്‍ എന്താണ് ഉണ്ടാക്കുന്നതെന്ന് എനിക്കാണ് നന്നായി അറിയാന്‍ സാധിക്കുക. അതുകൊണ്ട് നന്നായി പ്രൊഡ്യൂസ് ചെയ്യാന്‍ സാധിക്കും. പാടാനുള്ള കഴിവ് എനിക്കുള്ളത് കൊണ്ട്‌ എനിക്കതിന് കഴിയുന്നുവെന്ന് മാത്രം.

അതുകൊണ്ട് ഞാന്‍ കംപോസ് ചെയ്യുന്ന സംഗീതം ഞാന്‍ പാടുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആകാറുണ്ട്. ഇപ്പോള്‍ ചില പാട്ടുകളില്‍ എനിക്ക് മറ്റൊരു വോയ്‌സ് ഉപയോഗിക്കണം എന്ന് തോന്നുമ്പോള്‍ മാത്രമാണ് ഞാന്‍ വേറൊരു സിംഗറെ റഫര്‍ ചെയ്യാറുള്ളത്. അതൊഴിച്ചു കഴിഞ്ഞാല്‍ വേറൊരു പാട്ട് പാടുന്നതിനേക്കാള്‍ ഞാന്‍ കംപോസ് ചെയ്യുന്നത് പാടുന്നതാണ് എനിക്ക്‌ ഇഷ്ടം.

മറ്റുള്ളവരുടെ പാട്ടും ഞാന്‍ എഞ്ചോയ് ചെയ്യാറുണ്ട്. അതൊരു ലേണിങ് എക്‌സര്‍സൈസ് ആണ്. വേറൊരാളുടെ വര്‍ക്ക് ഞാന്‍ പാടുമ്പോള്‍ അവരുടെ കംപോസിങ് സ്റ്റൈല്‍ എനിക്ക് പഠിക്കാന്‍ പറ്റും. അവര്‍ എങ്ങനെയാണ് പാടിക്കുന്നത്. ഒരു സിംഗറെ എങ്ങനെ മോള്‍ഡ് ചെയ്യുന്നു. ഞാന്‍ അടുത്തിടെ പ്രശാന്ത് പിള്ളയെന്നൊരു മ്യുസിഷ്യന്റെ പാട്ട് പാടി. ബിജിബാലിന്റെ ഒരു പാട്ട് പാടി. അപ്പോഴൊക്കെ അതിലെ ഡിഫറന്‍സുകള്‍ ഞാന്‍ പഠിക്കുന്നുണ്ട്.

നിങ്ങള്‍ നേരത്തെ ചോദിച്ചൊരു ചോദ്യമുണ്ടല്ലോ, എന്നെ ഞാന്‍ എവിടെ അടയാളപ്പെടുത്തുന്നുവെന്നത്. എന്നെ ഞാന്‍ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് മ്യൂസിക് കംപോസറായിട്ട് തന്നെയാണ്.

താങ്കള്‍ ബാന്‍ഡുകളുടെ ഭാഗമാണ്. എങ്ങനെയാണ് ബാന്‍ഡുകള്‍ സിനിമ ഇതര സ്വതന്ത്ര സംഗീതത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നത്?

ഞാന്‍ മൂന്ന്- നാല് ബാന്‍ഡുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായിട്ടും സ്റ്റോറി ടെല്ലര്‍ എന്ന ബാന്‍ഡാണ്. അത് ഞാനും എന്റെ സുഹൃത്ത് ഭദ്രയും കൂടെ നടത്തുന്ന ബാന്‍ഡാണ്. പിന്നെ രമ്യ വിനയ കുമാര്‍ എന്ന ഗായികയുടെ രസിഗ എന്ന ബാന്‍ഡില്‍ പാട്ടുകള്‍ അറേഞ്ച് ചെയ്യുന്നുണ്ട്. ദിലീപ് പാലക്കാട് എന്ന സുഹൃത്തിന്റെ കാസനോവ എന്ന ബാന്‍ഡില്‍ ഞാന്‍ പാടുന്നുണ്ട്.

ബാന്‍ഡുകള്‍ എന്നാല്‍ എന്റെ ഒരു സങ്കല്‍പം നമ്മുടെ ആശയങ്ങള്‍ ആളുകളുടെ മുന്നിലേക്ക്‌ എത്തിക്കാനുള്ളതാണ് എന്നാണ്. ലൈവ് ഷോ, ഗാനമേളകളില്‍ നമ്മള്‍ സിനിമ പാട്ടുകള്‍ ആണ് കൂടുതലായി പാടുന്നത്. അത് ജനങ്ങളുമായി നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതുമാണ്. അതില്‍ നിന്നും വ്യത്യസ്തമായി, നമ്മുടെ സ്വന്തമായിട്ടുള്ള സംഗീതം, നമുക്ക് പറയാനുള്ള സാമൂഹ്യപരമായ വിഷയങ്ങള്‍ എന്നിവ ആളുകളോട് വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നായിട്ടാണ് ഞാന്‍ ബാന്‍ഡുകളെ കാണുന്നത്.

സിനിമ പാട്ടുകളുടെ കവറുകളും പുനരാവിഷ്‌കാരങ്ങളും ധാരാളം ചെയ്യേണ്ടി വരുന്നുണ്ട്. എനിക്ക് അതില്‍ കൂടുതല്‍ വിശ്വാസമില്ല. താല്‍പര്യവും ഇല്ല. നമ്മുടെ നാട്ടില്‍ ഇപ്പോഴും ബാന്‍ഡ് എന്ന സങ്കല്‍പ്പം ഇനിയും വന്നിട്ടില്ല. ന്യൂജനറേഷന്‍ ഗാനമേള സംഘങ്ങള്‍ പോലെയാണ് ഇപ്പോള്‍ ബാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഞാനടക്കം. എനിക്കും പലവേദികളിലും പഴയ സിനിമ പാട്ടുകള്‍ മെലഡി പോലെ കോര്‍ത്തിണക്കിയും പഴയ സിനിമ പാട്ടുകളുടെ പുതിയ വേര്‍ഷനുകളും പാടേണ്ടി വന്നിട്ടുണ്ട്. സിനിമ പാട്ടിന് അപ്പുറം ഒരുലോകമുണ്ടെന്ന് മനസ്സിലാക്കാനുള്ള മാനസ്സികാവസ്ഥ മലയാളിക്ക് ഇപ്പോഴും വന്നിട്ടില്ല. മലയാളികള്‍ പഴയ പാട്ടുകള്‍ പുനരവതരിപ്പിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവരാണ്. എങ്കിലും പുതിയ സാധനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അംഗീകരിക്കുന്ന ചെറിയൊരു ശതമാനമുണ്ട്.

പക്ഷേ, നമ്മളൊരു ഷോയ്ക്ക് പോകുമ്പോള്‍ ഒരു കോണ്‍സെപ്‌റ്റൊക്കെയൊരുക്കി അവിടെയെത്തുമ്പോള്‍ ഹിറ്റായ പാട്ടുകളും ഗാനമേള ഹിറ്റുകളുമൊക്കെയാണ് പലരും ചോദിക്കുക. എനിക്ക് തോന്നുന്നത് കേരളത്തില്‍ ഇപ്പോഴും ഒരു ട്രെന്‍ഡ് വന്നിട്ടില്ല. എന്നാലും പേഴ്‌സണലി ഞാന്‍ ബാന്‍ഡ് നന്നായിട്ട് എന്‍ജോയ് ചെയ്യുന്നുണ്ട്. നമ്മുടെ സ്വന്തം കോംപോസിഷനുകളും ഫോക് മിക്‌സുകളുമൊക്കെ പെര്‍ഫോം ചെയ്യാന്‍ രസകരമായ അന്തരീക്ഷമാണ് ബാന്‍ഡ് നല്‍കുന്നത്.

ചാരുലത, ബാലെ, മനു മലയാളം. ഇവ മൂന്നൂം പ്രശസ്തമായത് യൂട്യൂബ് വഴിയാണ്. യൂട്യൂബ് എന്ന മാധ്യമം ഒരു സ്വതന്ത്ര സംഗീതജ്ഞനെ ഏതൊക്കെ തരത്തിലാണ് വളരാന്‍ സാഹായിക്കുന്നത്?

ഇന്ന് ഏതൊരു മേഖലയിലെ ആളുകള്‍ക്കും ചിന്തകള്‍ അത് നല്ലതായാലും ചീത്തയായാലും പെട്ടെന്ന് ആളുകളിലേക്ക് എത്തിക്കാന്‍ യൂട്യൂബ് പോലെ തന്നെ നവമാധ്യമങ്ങള്‍ വാട്ട്‌സ്അപ്പ്, ഫേസ് ബുക്ക് എന്നിവ സഹായിക്കുന്നുണ്ട്. അതില്‍ യൂട്യൂബാണ് കൂടുതല്‍ പ്രൊഫഷണലായി ചെയ്യുന്നത്.

എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റാണ് ബാലെ. ബാലെ ഞാനും സുഹൃത്തായ ശ്രുതി നമ്പൂതിരിയും ചേര്‍ന്ന് ചെയ്തതാണ്. ഞങ്ങളുടെ സൗഹൃദവും പിന്നെ വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍ എന്ന് പറയുന്ന ഞങ്ങളുടെ സംരംഭവും ചേര്‍ന്നാണ് അത് ചെയ്തിരിക്കുന്നത്. ഞാനും ശ്രുതി നമ്പൂതിരിയും ഞങ്ങളുടെ റിലേറ്റീവും സുഹൃത്തുമായ നവീന്‍ മുല്ലമംഗലം പിന്നെ കര്‍ണാട്ടിക് സിംഗറായ വിഷ്ണും ചേര്‍ന്ന് ആരംഭിച്ചതാണ് വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍. ഞങ്ങളുടെ ആദ്യത്തെ പ്രൊഡക്ട് എന്ന നിലയ്ക്ക് നമ്മുടെ നിലപാടുകളും സ്വതന്ത്ര ചിന്തകളും കലാരൂപമായി ആവിഷ്‌കരിച്ച് ആളുകളിലേക്ക് എത്തിക്കാന്‍ നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യം യൂട്യൂബ് തന്നു.

പണ്ടൊക്കെ ഇങ്ങനെയൊരു സാധനം ഇറക്കണമെങ്കില്‍ ആരുടെയൊക്കെ കാല് പിടിക്കണം. എന്തൊക്കെ ചെയ്യണം. ഇപ്പോഴും നമ്മള്‍ ഒരു പ്രൊഡക്ടുമായി ചെല്ലുമ്പോള്‍ മീഡിയ കമ്പനി അല്ലെങ്കില്‍ ഓഡിയോ കമ്പനി നമ്മുടെ മുന്നില്‍ വയ്ക്കുന്ന ഡിമാന്റുകളുണ്ട്. അവര് എക്‌സ്‌പെക്റ്റ് ചെയ്യുന്ന കാര്യങ്ങളേ നമുക്ക് ചെയ്യാന്‍ കഴിയത്തുള്ളൂ.

ആ ഒരു സന്ദര്‍ഭത്തില്‍ നിന്നും വീട്ടില്‍ വെറുതേയിരുന്ന് ചെയ്യുന്ന സാധനം ലോകത്തെവിടെ ഇരുന്നും ആളുകള്‍ക്ക് കാണാന്‍ കഴിയുന്നുവെന്നതിലേക്ക് മാറി. നമ്മള്‍ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ഒരു മില്ല്യണ്‍ വ്യൂസ് ലഭിക്കുകയാണ്. നമ്മള്‍ക്ക് പറയാനുള്ളത് ആളുകളില്‍ എത്തിക്കാന്‍, കേള്‍പ്പിക്കാന്‍ കഴിയുക എന്നുള്ളത് ശരിക്കും വലിയൊരു വിപ്ലവമാണ്.

ബാലെയായാലും ചാരുലതയായാലും മനുമലയാളം ആയാലും ശരി നമ്മള്‍ ചെയ്ത പ്രൊഡക്ടുകളെല്ലാം ആളുകളില്‍ എത്തിക്കാന്‍ സാധിച്ചു. കൂടാതെ ഫീഡ് ബാക്കുകള്‍. യൂട്യൂബ് വീഡിയോക്ക് കീഴിലെ കമന്റുകള്‍ വായിച്ചു കഴിഞ്ഞാല്‍ ആളുകളുടെ ട്രെന്‍ഡ് എന്താണ്?, ആളുകള്‍ എന്താണ് നമ്മളില്‍ നിന്നും എക്‌സ്‌പെക്റ്റ് ചെയ്യുന്നത്?, നമ്മള്‍ ചെയ്യുന്നതിലെ ഫോള്‍ട്ടുകള്‍ എന്തൊക്കെയാണ്? എന്ന് അറിയാനും തിരുത്താനുമുള്ള അവസരമാണ് ലഭിക്കുന്നത്.

മറ്റേത് നമ്മള്‍ അറിയുന്നില്ല. പാട്ടുകള്‍ ചിലപ്പോള്‍ ഹിറ്റാകുന്നു, പോകുന്നു, ഫ്‌ളോപ്പാകുന്നു. കാരണം ഒരു പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ അത് താല്‍പര്യം ഉള്ളവരുണ്ടാകും ഇല്ലാത്തവരുണ്ടാകും. എല്ലാ ആളുകള്‍ക്കും എല്ലാത്തരം പാട്ടുകളും ഇഷ്ടപ്പെടുന്നുണ്ടാകില്ല. എല്ലാത്തരം ക്രിയേറ്റിവിറ്റിയും എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടാകില്ല. അപ്പോള്‍ അതില്‍ ഏത് ഭാഗമാണ് ആളുകള്‍ ഫോക്കസ് ചെയ്യുന്നതെന്നും ഏത് ഭാഗമാണ് മോശമായി കാണുന്നതെന്നും  നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത് നമ്മുടെ ക്രിയേറ്റിവിറ്റിയെ മോള്‍ഡ് ചെയ്യാനും കറക്ട് ചെയ്യാനും സഹായിക്കും.

താങ്കള്‍ കണ്ടംപററി മ്യൂസികും ട്രഡിഷണല്‍ മ്യൂസിക്കും കൂട്ടിയിണക്കിയാണ് പോകുന്നത്. എങ്ങനെയാണ് ഈ സമീപനത്തില്‍ എത്തിയത്?

മനപ്പൂര്‍വം ഞാന്‍ അത് ചെയ്യാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. നേരത്തേ പറഞ്ഞത് പോലെ എനിക്ക് താല്‍പര്യം സ്ട്രക്ചര്‍ ബ്രേക്ക് ചെയ്യുക, നിലവിലെ സ്ട്രക്ചറില്‍ നില്‍ക്കാതെ എല്ലാതരം മ്യൂസിക്കും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. കാരണം എല്ലാ മ്യൂസിക്കും കേള്‍ക്കാന്‍ കൂടിയുള്ളതല്ലേ. ഒരു വിഭാഗത്തിന് മാത്രം കേള്‍ക്കാനുള്ളത് എന്ന രീതിയില്‍ റസ്ട്രിക്ട് ചെയ്യേണ്ടതില്ല.

ട്രഡിഷണല്‍ മ്യൂസിക്കുകള്‍ പിന്നെ മതപരമായിട്ടുള്ള സംഗീതങ്ങള്‍ ഇവയൊക്കെ നമ്മള്‍ ആ ഒരു മതം അല്ലെങ്കില്‍ ട്രഡിഷന്‍ അല്ലെങ്കില്‍ സംസ്‌കാരം മാത്രം ഫോളോ ചെയ്യുന്ന ഗ്രൂപ്പില്‍ മാത്രം ഡിസ്‌കസ് ചെയ്യുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ട്. അതില്‍ നിന്നും വേറിട്ട്, നമ്മളൊരു സംഗീതം ചെയ്യുന്ന സമയത്ത് അത് എല്ലാവരിലേക്കും എത്തിക്കണം. യൂണിവേഴ്‌സലായി എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റണം. അങ്ങനെയെത്തിക്കുക എന്ന പാറ്റേണ്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്, ഓട്ടോമാറ്റിക്കലി നമ്മുടെയുള്ളിലുള്ള സംഗീതം പുറത്തുവന്നത്. എന്റെയുള്ളിലുള്ളത് സോപാന സംഗീതം, കര്‍ണാടക സംഗീതം, കഥകളി സംഗീതം എന്നിവയാണ്. പിന്നെ മോഡേണ്‍ മ്യൂസിക്കും സൗണ്ട് ഡിസൈനിങ്ങുമൊക്കെ പതുക്കെ പഠിച്ചു. അങ്ങനെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുള്ള ശൈലിയില്‍ നിന്നും വിട്ടുമാറി പുതിയത് എക്‌സ്‌പ്ലോര്‍ ചെയ്ത് പുറമേയുള്ള സംഗീതങ്ങളും ഇന്റര്‍നാഷണല്‍ മ്യൂസിക്കും കേട്ട് തുടങ്ങി.

ബാലെ ഉണ്ടാകാന്‍ കാരണം ഒരു സ്പാനിഷ് ഫ്‌ളെമിംഗോ ഗിറ്റാര്‍ കേട്ടപ്പോള്‍ ഉണ്ടായ ഇന്‍സ്പിറേഷന്‍ ആയിരുന്നു. അതില്‍ അദ്ദേഹം പ്ലേ ചെയ്യുന്നത് പക്കാ സ്പാനിഷ് ഫ്‌ളെമിംഗോ തരത്തിലെ ഗിറ്റാര്‍ പാറ്റേണ്‍ ആണ്. പക്ഷേ, നമ്മളാ ഗിറ്റാര്‍ കേള്‍ക്കുന്ന സമയത്ത് ഇന്ത്യന്‍ മ്യൂസിക്കിലെ നളിനകാന്തി എന്നൊരു രാഗമാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. ഹിന്ദുസ്ഥാനിയില്‍ തിലക് കമോദ് എന്നൊരു രാഗം ഫീല്‍ ചെയ്യും. അപ്പോള്‍ തോന്നുകയാണ്, എന്തുകൊണ്ട് അങ്ങനെയൊരു ഗിറ്റാര്‍ പാറ്റേണില്‍ നളിനകാന്തി രാഗം വച്ച് നമുക്കൊരു ഇന്ത്യന്‍ സ്റ്റൈല്‍ ഓഫ് മ്യൂസിക് ഉണ്ടാക്കിക്കൂട. അല്ലാതെ ഇന്റന്‍ഷണലി ചെയ്യുന്നതല്ല. അങ്ങനെയത് ചെയ്തു. അത് വിജയകരമായി.

കണ്ടംപററി ഇന്റന്‍ഷണലി ചെയ്യുന്നതല്ല. പക്ഷേ, തീര്‍ച്ചയായിട്ടും ഇന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിക്കുന്ന ഇന്‍സ്ട്രുമെന്റ്‌സിന് കൊളാബൊറേറ്റ് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളുടെ സ്റ്റഫാണല്ലോ നമ്മള്‍ ഉപയോഗിക്കുക. ഒന്നാലോചിച്ചു നോക്കൂ, പണ്ട് വായിച്ചിരുന്ന ഗിറ്റാറിസ്റ്റോ ഫ്‌ളൂട്ടിസ്റ്റോ തലബിസ്റ്റോ ഉപയോഗിച്ചിരുന്ന ഇന്‍സ്ട്രുമെന്റ്‌സ് പോലുമല്ല നമുക്കിന്ന് അധികവും അവൈലബിള്‍ ആയിട്ടുള്ളത്. അതിന്റെ ടോണിങ്, പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള അതിന്റെ റെക്കോര്‍ഡിങ് ക്വാളിറ്റിയൊക്കെ മാറി.

പിന്നെ, യൂട്യൂബൊക്കെ വന്നശേഷം നമ്മള്‍ കേള്‍ക്കുന്ന ശൈലിയും സംസ്‌കാരവും മാറി. ലോകത്ത് പല സ്ഥലത്തുമുണ്ടാകുന്ന മ്യൂസിക് മൊബൈലില്‍ നമ്മള്‍ ഒറ്റ ടച്ചില്‍ കേള്‍ക്കുന്നു. അതിന് അനുസരിച്ച് നമ്മുടെ ചിന്തയും മാറി. അപ്പോള്‍ നമ്മള്‍ പ്രൊഡ്യൂസ് ചെയ്യുന്നതും മാറും. അതൊക്കെ സംഭവിച്ചു പോകുന്നതാണ്.

ഞാനൊരു സംഗീതം ചെയ്യുമ്പോള്‍ എന്റെയുള്ളിലുള്ള സംഗീതവും അത് കഴിഞ്ഞ് ഞാന്‍ അപ്ലൈ ചെയ്യുന്ന സമ്പ്രദായവുമൊക്കെ സംഭവിച്ച് പോകുന്നതാണ്. ഇതുവരെ ഞാന്‍ മനപ്പൂര്‍വം ആലോചിച്ച് ചെയ്തിട്ടുള്ള പാട്ടുകള്‍ വളരെ കുറവാണ്. പക്ഷേ, ചില സമയത്ത് മോട്ടിവേഷനും ഇന്‍സ്പിറേഷനും കാരണം അങ്ങനെ സംഭവിക്കുന്നു.

സുദീപ് പാലനാട്‌
സുദീപ് പാലനാട്‌

ഏതെങ്കിലും സമകാലീനരുടെ സ്വാധീനം ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ?

സമകാലീനരുടെ സ്വാധീനം എന്ന് പറയാന്‍ പറ്റില്ല. ഞങ്ങളുടെയൊക്കെ ഏജ് ഗ്രൂപ്പിലുള്ളയാളുകളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളയാളാകും എ ആര്‍ റഹ്മാന്‍. ഞാന്‍ ഏറ്റവും അധികം മ്യൂസിക്ക് കേട്ടിട്ടുണ്ടാകുക അദ്ദേഹത്തിന്റേത് ആയിരിക്കും. അദ്ദേഹത്തിന്റെ ശൈലി ഞാന്‍ പണ്ട് മുതലേ ശ്രദ്ധിച്ചിട്ടുണ്ട്. 1992 മുതലേ സ്ട്രക്ചര്‍ ബ്രേക്ക് ചെയ്യുന്ന മ്യൂസിക് സംവിധാനം കൊണ്ടു വന്നയാളാണ് അദ്ദേഹം. നമ്മളൊക്കെ ഇപ്പോഴല്ലേ ചെയ്യുന്നത്.

അദ്ദേഹത്തിന്റെ ടെലിഫോണ്‍ മണിപോള്‍ സിരിപ്പവളിവളായ്… അന്നത്തെ അടിപൊളി കാറ്റഗറിയില്‍പ്പെട്ട ഒന്നാണ്. പക്ഷേ, പുള്ളി അതിന്റെ ഓര്‍ക്കസ്‌ട്രേഷനൊക്കെ വേറെ രീതിയിലാണ് ചെയ്യുന്നതെങ്കില്‍ പോലും അതിലെ മെലഡി നമ്മള്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ കര്‍ണാട്ടിക്കിലെ ആനന്ദഭൈരവി രാഗത്തിലെ നീയില്ലായെന്‍ട്രാല്‍ വേലുമെടുക്കാത് പോലെ തോന്നും. മെലഡി എടുത്താല്‍ പുള്ളി പക്കാ കര്‍ണാട്ടിക് ആയിട്ടാണ് ചെയ്തിരിക്കുന്നത്. അങ്ങനെ ട്രെഡിഷണലിനെ കണ്ടംപററിയായി മാറ്റുന്നതൊക്കെ അന്ന് അദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ ഒരുപക്ഷേ, എ ആര്‍ റഹ്മാനില്‍ നിന്ന് തന്നെയാകും മ്യൂസിക്കിന്റെ കാര്യത്തില്‍ ഞാന്‍ ഇന്‍സ്പയര്‍ ആയിട്ടുണ്ടാകുക. അതുപോലെ ഞാന്‍ ഇന്‍സ്പയര്‍ ആയിട്ടുള്ള മറ്റൊരു മ്യുസിഷ്യന്‍ ഉണ്ടാകില്ല.

കോവര്‍ക്കേഴ്‌സ് നോക്കുമ്പോള്‍, ബാലെ, ചാരുലത എന്നിവയില്‍ വര്‍ക്ക് ചെയ്ത ശ്രുതി ചേച്ചി എനിക്ക് ഇന്‍സ്പിറേഷനാണ്. എന്നെ കുറെ ട്രാക്ക് കേള്‍പ്പിക്കുക. ഡാ നീ ഇങ്ങനത്തെ ട്രാക്ക് കേള്‍ക്ക്… ഈ രീതിയിലെ പാട്ട് കേള്‍ക്ക്… ഈ രീതിയില്‍ ചെയ്യാന്‍ ശ്രമിക്ക് എന്നൊക്കെ അവര്‍
പറയാറുണ്ട്. ഞാന്‍ സഞ്ചരിച്ചിരുന്ന മ്യൂസിക് വേള്‍ഡില്‍ നിന്ന് കുറച്ചു കൂടി അപ്പര്‍ ആയി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് അവര്‍. റീസന്റ് ആയി എന്നെ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ പങ്കുവഹിച്ചിട്ടുണ്ട്. അത് എന്റെ വര്‍ക്കിനെ സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.

കുടുംബത്തില്‍ നിന്നാണ് മ്യൂസിക്കിന്റെ ബേസ് കിട്ടുന്നത്. പിന്നീടുള്ള വഴിയില്‍, എന്റെ കേള്‍വി ശീലം എന്ന് പറയുമ്പോള്‍ എ ആര്‍ റഹ്മാന്റെ മ്യൂസിക് ഞാന്‍ ഏറ്റവുമധികം കേട്ടിട്ടുണ്ട്.  ഇപ്പോള്‍ ശ്രുതിച്ചേച്ചിയുടെ സ്വാധീനവുമുണ്ട്. ഈ മൂന്നിന്റേയും മിശ്രണമാകും ഞാന്‍ കണ്ടംപററി, ട്രഡിഷണല്‍ മ്യൂസിക്കില്‍ എത്താന്‍ കാരണം.

ശിഖാമണി എന്ന സിനിമയിലെ താങ്കളുടെ ചില പാട്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. പിന്നീട് എന്തു കൊണ്ടാണ് കൂടൂതല്‍ സിനിമകള്‍ ചെയ്യാതെ പോയത്?

ശിഖാമണിയിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നത് സത്യമാണ്. സിനിമ അത്രയൊന്നും വിജയകരമായിരുന്നില്ലെങ്കില്‍ പോലും അതിലെ പാട്ടുകള്‍ കേട്ടിട്ട് പലരും വിളിച്ച് അഭിപ്രായം പറഞ്ഞിരുന്നു. എന്റെ ഗോഡ് ഫാദറിനെപ്പോലെയും എന്റെ അച്ഛനെപ്പോലെയുമുള്ള ഷിബു ചക്രവര്‍ത്തിയുടെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ ആ സിനിമയിലേക്ക് വരുന്നത്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളയാളാണ്. എന്നെ ഇഷ്ടമാണ്, വാത്സല്യമാണ് അദ്ദേഹത്തിന്. ആള് എഴുതുന്ന വര്‍ക്കില്‍ സംഗീതം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

അതിനുശേഷം സിനിമയിലേക്ക് കുറെ ഓഫറുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ഒന്ന് രണ്ട് സിനിമകള്‍ ചെയ്യുന്നുണ്ട്. സിനിമ ചെയ്യുന്നില്ലെന്ന തീരുമാനം എനിക്കില്ല. ചില ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്ത് നമുക്ക് ഒരു താല്‍പര്യവുമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നു. ഭയങ്കരമായ ഇടപെടലുകള്‍. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ.

എനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണ് റഫറന്‍സ് കൊണ്ടുവന്നിട്ട് അതുപോലെ ചെയ്ത് കൊടുക്കാന്‍ പറയുന്നത്.  കോപ്പി ക്യാറ്റ് പിടിക്കുംമുമ്പ് തുറന്ന് പറയാന്‍ തയ്യാറാണ്. ഇന്ന പാട്ട് ഇന്ന പാട്ടില്‍ നിന്നും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയാന്‍ സന്നദ്ധനാണ്. കാരണം നമുക്കത് ചെയ്യേണ്ടി വന്നതാണ്. പല സമയത്തും ഞാന്‍ ഇങ്ങനെയുള്ളയാളുകളെ റസിസ്റ്റ് ചെയ്യാറുണ്ട്. നമുക്ക് ഫ്രഷായിട്ട് പുതിയ സാധനം ഉണ്ടാക്കാന്‍ പറ്റുമല്ലോ?. പിന്നെന്തിനാണ് വേറൊന്നില്‍ നിന്നും എടുക്കേണ്ടതെന്ന് ഞാന്‍ ചോദിക്കാറുണ്ട്.

പക്ഷേ, പല സമയത്തും സൗഹൃദം കാരണവും കമ്മിറ്റ്‌മെന്റ് കാരണവും ചെയ്യേണ്ടി വരുന്നു. ഈ ഇന്‍ഡസ്ട്രി അങ്ങനെയാണ്. സിനിമ വ്യത്യസ്തമായ ഇന്‍ഡസ്ട്രിയാണ്. ഞാന്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക് പോലെയല്ലല്ലോ സിനിമ. ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക്കിനെ ഇന്‍ഡസ്ട്രിയെന്ന് പോലും വിളിക്കാന്‍ പറ്റില്ല. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.

കോടിക്കണക്കിന് വ്യൂസും ലൈക്ക്‌സും കിട്ടിയിട്ടുള്ള പാട്ടുകള്‍ കൊണ്ട് തന്നിട്ടാണ് നമ്മളോട് എക്‌സാറ്റിലി ഇതുപോലെയൊന്ന് ചെയ്ത് തരണമെന്ന് പറയുന്നത്. മലയാളത്തിലെ വരികള്‍ മാത്രമേ വേണ്ടൂ, ബാക്കി ട്യൂണും ഓര്‍ക്കസ്‌ട്രേഷനുമൊക്കെ ഇതുപോലെ വേണമെന്ന് ആവശ്യപ്പെടുന്ന വര്‍ക്കുകള്‍ ധാരാളം വരുന്നുണ്ട്. ആദ്യം നമ്മള്‍ അവരോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും. പിന്നീടും പ്രഷര്‍ വരുമ്പോള്‍ എന്തുചെയ്യാന്‍ കഴിയും. ഇത് ചെയ്യാനാണെങ്കില്‍ ഒരു പ്രോഗ്രാമറുടെ ആവശ്യമല്ലേയുള്ളൂ. കംപോസറുടെ ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ് ആ വര്‍ക്കില്‍ നിന്നും പിന്‍മാറി പോകേണ്ടി വന്നിട്ടുണ്ട്.

നമുക്കൊരു കോണ്‍ട്രിബ്യൂഷനും ചെയ്യാനില്ലാത്ത, കോപ്പിയടി മാത്രം ചെയ്യാനുള്ള പാട്ടുകള്‍ സിനിമയില്‍ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. മ്യൂസിക്കിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം തരുന്നവരുടെ വര്‍ക്കുകള്‍ ഞാന്‍ എടുക്കാറുണ്ട്.

നമ്മളെ ഏല്‍പ്പിക്കുന്ന പണിയില്‍ ഇടപെടുന്ന സ്വഭാവം ഒട്ടും സ്വാഗതം ചെയ്യാറില്ല. അതെനിക്ക് ഇഷ്ടമില്ല. അത് അഹന്തയോടെ പറയുന്നതല്ല. അവര്‍ക്ക് വേണ്ട സാധനം ചെയ്ത് കൊടുക്കാന്‍ തയ്യാറാണ്. ആ സ്‌ക്രിപിറ്റിന് എന്താണോ വേണ്ടത്, അത് എത്ര തവണ വേണമെങ്കിലും മാറ്റി ചെയ്യാന്‍ സന്തോഷമേയുള്ളൂ.

ചാരുലത
ചാരുലത

സിനിമകള്‍ കൂടുതല്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോ?

സിനിമ സംഗീത സംവിധായകന്‍ ആകണമെന്ന് ഞാന്‍ സ്വപ്‌നം കണ്ടിട്ടില്ല. എനിക്ക് സംഗീതം ചെയ്യണം. മ്യൂസിക്കില്‍ ജീവിക്കണം. അത് മാത്രമേ എനിക്കൊരു ലക്ഷ്യമുള്ളൂ. പക്ഷേ, സിനിമകള്‍ ചെയ്യുന്നത് എഞ്ചോയ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍. ആ സീനിന് അനുസരിച്ചുള്ള മ്യൂസിക് ഉണ്ടാക്കുകയെന്നത് രസകരമായിട്ടുള്ള വെല്ലുവിളിയായിട്ടാണ് ഞാന്‍ കരുതുന്നത്.

മനു മലയാളത്തില്‍ മനു മാസ്റ്ററും ബാലെയില്‍ തെക്കേയിന്ത്യയിലെ പ്രമുഖ ഗായകരും ചാരുലതയില്‍ ബിജിബാലും ഹരിനാരായണും ഭാഗമായിട്ടുണ്ട്. ശ്രുതി നമ്പൂതിരി താങ്കള്‍ക്കുവേണ്ടി എഴുതി. ഇങ്ങനെ സമകാലീനരായ ഒരേ ചിന്തയുള്ളവര്‍ ക്രിയേറ്റീവ് കൊളാബറേഷന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടാണ്?

ഒരേ പോലെ ചിന്തിക്കുന്നവര്‍ ഭാഗമാകുന്നത് നാച്ച്വറല്‍ ആണല്ലോ. അവരുമായുള്ള റിലേഷന്‍ഷിപ്പ് മെയിന്റെയ്ന്‍ ചെയ്യുമ്പോള്‍ അവര്‍ ചെയ്യുന്ന വര്‍ക്കുകളില്‍ നമ്മളെ ഭാഗമാക്കും എന്നത് വളരെ നാച്വറലായ പ്രോസസാണ്. ബാലെയില്‍ സ്ത്രീത്വത്തിന്റെ ആഘോഷം എന്നൊരു കോണ്‍സെപ്റ്റ് വന്നപ്പോള്‍ അത് അങ്ങനെ ചെയ്യാമെന്ന് വച്ച് ചെയ്തതല്ല. ആദ്യം ഒരു പാട്ട് ചെയ്യാമെന്ന് ആലോചിക്കുന്നു. നളിനകാന്തി എന്ന് പറഞ്ഞ രാഗവുമായി ബന്ധപ്പെട്ട് ഒരു ട്യൂണ്‍ ഉണ്ടാകുന്നു. ആ ട്യൂണിന് ശ്രുതിചേച്ചി വരിയെഴുതി വന്നപ്പോഴാണ് അതിലൊരു സ്ത്രീ സങ്കല്‍പ്പവും സ്ത്രീ പക്ഷപരമായിട്ടുള്ളതും സ്ത്രീത്വത്തിന്റെ ആഘോഷം എന്നതരത്തിലുള്ളതുമായ വരികളും വന്നപ്പോഴാണ് ഇങ്ങനെ ചെയ്യാം എന്നൊരു ആശയം ഉണ്ടാകുന്നത്. തീര്‍ച്ചയായും നമ്മുടെ സൗഹൃദങ്ങളും പരിചയങ്ങളും ഉപയോഗിച്ചു. ആ പ്രൊജക്ട് ഉണ്ടാകാന്‍ കാരണം ബിജിബാലാണ്. ഞങ്ങള്‍ക്ക് അന്ന് ഫണ്ടൊന്നുമില്ല. സീറോ ബജറ്റില്‍ തുടങ്ങിയ വര്‍ക്കാണ്. ബിജിബാലാണ് പറയുന്നത്, ഇത്രയും നല്ല പാട്ട് കാശില്ലായെന്ന കാര്യം പറഞ്ഞ് ഇറക്കാതെയിരിക്കരുതെന്ന്. എന്നിട്ട് അദ്ദേഹം ഇത് ചെയ്യാനുള്ള തുക തന്നു. ആ ഒറ്റ നല്ല മനസ്സിലാണ് ഞങ്ങളുടെ പൊജക്ട് തുടങ്ങിയത്.

പിന്നീട് ആരൊക്കെ ചെയ്യണം എന്ന ചിന്ത വന്നപ്പോഴാണ്, വ്യത്യസ്തമായ കലാരൂപങ്ങളിലെ ആറ് നര്‍ത്തകരെ വച്ച് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതിലെ ആളുകളെ ഫേസ്ബുക്ക് വഴിയും മറ്റുമുള്ള ശ്രമത്തിലൂടെയാണ് കണക്ട് ചെയ്ത് കിട്ടിയത്. റിമ, ഹരിപ്രിയ നമ്പൂതിരി, നന്ദിത പ്രഭു, ആരുഷി മുദ്ഗല്‍ എന്നിവരെയൊക്കെ നന്നായി അറിയാമായിരുന്നു.

ചാരുലതയെ കുറിച്ച് പറയുകാണെങ്കില്‍ ഹരിയേട്ടനും ബിജിയേട്ടുമൊക്കെ നമ്മള്‍ കുടുംബത്തെ പോലെ ക്ലോസ് ആണ്. ഒരു സൗഹൃദം വര്‍ക്കായി മാറിയതാണ്. അത്രയേയുള്ളൂ. മനു മാസ്റ്റര്‍ ഞങ്ങളേറ്റവും ബഹുമാനിക്കുന്ന ഗുരു എന്ന് പറയാവുന്നയാളാണ്. ശ്രുതിചേച്ചിയുടെയൊക്കെ ഇടപെടലുകള്‍ വഴി അദ്ദേഹം വന്ന് ചെയ്തു. നമ്മള്‍ ചിന്തിക്കുന്ന ഐക്യവും നമ്മള്‍ കാണുന്ന പ്രോസ്‌പെക്ടീവും കൂടാതെ നമ്മള് തമ്മിലെ കെമിസ്ട്രിയും സഹായിച്ചു. താനൊരു അഭിനേതാവായത് കൊണ്ടല്ല സൗഹൃദത്തിന്റെ പുറത്ത് ചെയ്തുവെന്ന് ചാരുലതയില്‍ അഭിനയിച്ചതിനെ കുറിച്ച് ബിജിബാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. എനിക്കും അതേ പറയാനുള്ളൂ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More