പോലീസില്‍ നിന്നൊരു തിരക്കഥാകൃത്ത്: ഷാഹി കബീര്‍

ജോസഫ്, മികച്ചൊരു സിനിമയാണെന്ന കാര്യത്തില്‍ ചിത്രം കണ്ടിറങ്ങിയവര്‍ക്ക് എതിരഭിപ്രായം ഉണ്ടാകാനിടയില്ല. മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും. ചിത്രം കണ്ടിറങ്ങിയവരെല്ലാം പരസ്പരം ചോദിച്ചൊരു ചോദ്യമാണ്, ആരാണ് തിരക്കഥാകൃത്തെന്ന്. കോട്ടയം സ്വദേശിയായ ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി പേന ചലിപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗത്തിനിടയിലാണ് ഷാഹി തിരക്കഥാകൃത്തിന്റെ വേഷവുമണിഞ്ഞിരിക്കുന്നത്. ആദ്യചിത്രം സമ്മാനിച്ച വിജയം ഷാഹിയെ സംബന്ധിച്ച് ചെറുതല്ല. ഔദ്യോഗിക ജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും അഭിമുഖം ഓണ്‍ലൈന്‍ പ്രതിനിധി വിനീത രാജുമായി ഷാഹി പങ്കുവയ്ക്കുന്നു.

എങ്ങനെയായിരുന്നു ജോസഫിന്റെ കഥ മനസിലേക്ക് വന്നത്?

ജോസഫ് പെട്ടെന്ന് മനസിലേക്ക് വന്നതായിരുന്നില്ല. അഞ്ചു വര്‍ഷത്തോളമായി ആ കഥ കൈയിലുണ്ട്. സമയവും സാഹചര്യവുമൊക്കെ ഒത്തുവന്നത് ഇപ്പോഴാണെന്ന് മാത്രം. എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ എന്നു ചോദിച്ചാല്‍ ക്രൈം ത്രില്ലറിനോടുള്ള ഇഷ്ടമാണെന്ന് പറയേണ്ടി വരും. പിന്നെ, അഭിനയവും സംവിധാനവുമൊന്നും അത്ര എളുപ്പമല്ല. എഴുത്ത് കുറച്ചുനാളായി കൂടെയുള്ളതാണ്. അതുകൊണ്ടാണ് തിരക്കഥാകൃത്തായത്. സിനിമ കുട്ടിക്കാലം മുതലേ മനസില്‍ കയറിക്കൂടിയ ഇഷ്ടമാണ്. സ്വന്തമായി ഒരു സിനിമ എന്ന മോഹവുമായി നടക്കാന്‍ തുടങ്ങിയിട്ട് അഞ്ചാറ് വര്‍ഷമായി.

ജോജുവിന്റെ അസാമാന്യ അഭിനയ മികവായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ജോജുവിനെ നായകനാക്കാന്‍ കാരണം?

എഴുതുന്നതിന് മുന്നേ ജോജുവിനോട് കഥ പറഞ്ഞിരുന്നു. ജോജുവിനെ മനസില്‍ കണ്ട് തന്നെയായിരുന്നു സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയിലെ ഒരു സുഹൃത്ത് വഴിയാണ് ജോജുവിലേക്ക് എത്തിപ്പെടുന്നത്. അദ്ദേഹമാണ് എന്നെ ഒരു തിരക്കഥാകൃത്താക്കി മാറ്റിയത്. അല്ലായിരുന്നുവെങ്കില്‍ ഇത്രപെട്ടെന്ന് സിനിമയിലേക്ക് എത്തുമായിരുന്നില്ല. ജോസഫാകാന്‍ ജോജുവല്ലാതെ മറ്റാരും മനസിലുണ്ടായിരുന്നില്ല. എന്റെ കഥാനായകനായി ജോജുവിനെ കൊണ്ടുവരേണ്ടത് എന്റെ ആവശ്യവുമായിരുന്നു. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൈ പിടിച്ച് കയറ്റിയത്. അപ്പോള്‍ പിന്നെ മറ്റാരെയാണ് ഞാന്‍ നായകനാക്കേണ്ടത്. പിന്നെ പപ്പേട്ടനോടും ( സംവിധായകന്‍ എം.പത്മകുമാര്‍) പറഞ്ഞപ്പോള്‍ പുള്ളിക്കും സമ്മതം. ജോജു നൂറ് ശതമാനവും അഭിനയിച്ച് ഫലിപ്പിച്ചു. ജോജുവിനെ അടയാളപ്പെടുത്തുന്ന വേഷങ്ങളില്‍ ഒന്ന് തന്നെയായിരിക്കും ജോസഫ്. പിന്നെ, എന്റെ നായകന്‍ അതിമാനുഷികനാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമയും ജീവിതവും തമ്മില്‍ ഒരു ബന്ധം വേണമെന്നാണ് ഞാന്‍ കരുതുന്നത്.

ജോസഫിന്റെ കഥയ്ക്ക് യഥാര്‍ത്ഥ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

യഥാര്‍ത്ഥ സംഭവമാണോ ഇതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒരു പോലീസുകാരനായതു കൊണ്ടാകും പലരും അങ്ങനെ കരുതുന്നത്. ഇതും തീര്‍ത്തും ഭാവനയാണ്. പിന്നെ ചില സംഭവങ്ങളൊക്കെ പോലീസ് ജീവിതത്തിനിടിയില്‍ നിന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് മാത്രമല്ല ക്രൈം ത്രില്ലര്‍ ആദ്യ സിനിമയായത്, ഇങ്ങനെയൊരു വിഷയത്തോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ്. സമൂഹത്തിന് ഒരു മെസേജ് കൊടുക്കണമെന്ന് കരുതിയിരുന്നു. നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും പൊതുബോധത്തില്‍ നിന്നുമാണ് ഇത്തരമൊരു ആശയം വരുന്നത്. ഇത് ആര്‍ക്കും ഉണ്ടാകാവുന്ന സംശയങ്ങളാണ്. അതിനെ സിനിമയാക്കിയതാണ്. അത്രേയുള്ളൂ.

എന്തുകൊണ്ടാണ് ഇത്രയും വലിയൊരു വിഷയം തന്നെ സിനിമയാക്കാന്‍ തീരുമാനിച്ചത്?

ഇതുപോലൊരു വലിയ വിഷയം എന്തുകൊണ്ടെടുത്തെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാനാകില്ല. അവയവ ദാനം വലിയൊരു കാര്യമാണ്, അതിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഈ സിനിമ വരുമ്പോള്‍ നെഗറ്റീവ് ആയി പോകുമോ എന്ന് പേടിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിലെറെയായി കേരളത്തില്‍ കാര്യമായ അവയവദാനങ്ങളൊന്നും തന്നെ നടക്കുന്നില്ലായിരുന്നു. ഇതിന്റെ പിന്നിലെ ബിസിനസ് സമൂഹത്തിനെ അറിയിക്കണമെന്നായിരുന്നു സിനിമയിലൂടെ ഉദ്ദേശിച്ചത്. പലപ്പോഴും ഇതിന്റെ പിന്നിലെ ഇത്തരം കള്ളക്കളികള്‍ സാധാരണക്കാര്‍ അറിയണമെന്നില്ല. ഇത്രയും വലിയ വിഷയമെടുക്കുമ്പോള്‍ കൈയില്‍ നില്‍ക്കുമോയെന്ന് പലവട്ടം ചിന്തിച്ചിരുന്നു. അതിന് വേണ്ടി കുറച്ചധികം പഠിക്കുയും ചെയ്തു. എന്തായാലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായി. സിനിമ മികച്ച പ്രേക്ഷക ശ്രദ്ധ നേടുമെന്ന് സംവിധായകന് നല്ല വിശ്വാസമുണ്ടായിരുന്നു.

ഇതിനിടയില്‍ താങ്കള്‍ കഥ മോഷ്ടിച്ചതാണെന്ന തരത്തിലും ചില വിവാദങ്ങളുണ്ടായല്ലോ?

വിവാദങ്ങള്‍ ഇപ്പോള്‍ ഒരു ഫാഷനാണല്ലോ. ഞാന്‍ ആരുടെയും കഥ മോഷ്ടിച്ചിട്ടില്ല. ഞാനെഴുതിയ കഥയാണിതെന്ന് നൂറ് ശതമാനം വിശ്വാസമുള്ളിടത്തോളം നാള്‍ ഒന്നിനേയും ഭയപ്പെടേണ്ട എന്ന നിലപാടില്‍ തന്നെയാണ് അന്നും ഇന്നും ഞാന്‍. എന്തായാലും ഇപ്പോള്‍ അത്തരം വിഷയങ്ങളൊന്നുമില്ല. പരാതിയുണ്ടെില്‍ കേസ് നല്‍കാമെന്ന നിലപാട് ഞാന്‍ അറിയിച്ചിരുന്നു. ഒടുവില്‍ പുള്ളിക്കാരന്‍ തന്നെ വിളിച്ച് മാപ്പ് പറയുകയായിരുന്നു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടാകും പലപ്പോഴും ഇത്തരത്തിലുള്ള കോപ്പിയടി വിവാദങ്ങളൊക്കെ ഇങ്ങനെയുണ്ടാകുന്നത്. സോഷ്യല്‍ മീഡിയ ഒരു വിഷയം കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ്.

സംവിധായകന്റെ പിന്തുണ എത്രത്തോളമുണ്ടായിരുന്നു. ആദ്യമായി സിനിമയെ സമീപിച്ചതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നോ?

പപ്പേട്ടന്‍ തന്ന പിന്തുണ വളരെ വലുതാണ്. ആദ്യ എഴുത്തുകാരനാണെന്ന തരത്തില്‍ ഒരിക്കലും പെരുമാറിയിട്ടില്ല. എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. അതിനേക്കാളുപരി എന്നെ നല്ലതുപോലെ വിശ്വസിച്ചിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. എന്റെ കഥ അതുപോലെ തന്നെ ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റാരെങ്കിലുമായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ എന്റെ കഥയാകുമായിരുന്നില്ല. ഞാന്‍ മനസില്‍ കണ്ടതൊക്കെയാണ് പപ്പേട്ടന്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്.

പോലീസ് ഉദ്യോഗവും സിനിമയും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുന്നു?

പതിന്നാല് വര്‍ഷമായി പോലീസിന്റെ ഭാഗമാണ്. ഒഴിവ് സമയങ്ങളിലാണ് എഴുതുന്നത്. പിന്നെ, സിനിമയോടുള്ള മോഹം കൊണ്ട് അതില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിച്ചിട്ടില്ല. ജോസഫ് ചെയ്യുന്ന സമയത്ത് ജോലിയില്‍ നിന്ന് ലീവെടുത്തിരുന്നു, സിനിമയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചതൊക്കെ സഹപ്രവര്‍ത്തകരായ പോലീസുകാരാണ്. കഥയൊക്കെ അവര്‍ കേട്ട് അഭിപ്രായം പറയും. ആ ധൈര്യത്തിലാണ് ഓരോ സംവിധായകരെയും കാണാനായി ചെല്ലുന്നത്. പക്ഷേ, പോലീസുകാരനായതു കൊണ്ട് പലര്‍ക്കും ഞാന്‍ പറയാന്‍ പോകുന്നത് പോലീസുമായി ബന്ധപ്പെട്ട കഥയാണെന്ന മുന്‍ധാരണയുണ്ടായിരുന്നു.

പോലീസ് ജീവിതത്തിനിടയില്‍ എപ്പോഴെങ്കിലും ഇതുപോലൊരു കേസന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ടോ?

ഇല്ല. പോലീസില്‍ നിരവധി കേസുകള്‍ വരുന്നുണ്ട്. പക്ഷേ, ഇതുപോലൊരു കേസില്‍ ഭാഗമായിട്ടില്ല. പലരും ചോദിച്ച ചോദ്യമാണിത്. എന്തെങ്കിലും അനുഭവമുള്ളതുകൊണ്ടാകും ഇങ്ങനെയൊരു സിനിമ എഴുതിയതെന്ന്. അല്ലാതെ ഒരു നവാഗതനായ തിരക്കഥാകൃത്ത്, അതും ഒരു പോലീസുകാരന്‍ ഈ വിഷയം ചെയ്യില്ലെന്ന് തന്നെ പലരും വിശ്വസിക്കുന്നു. പക്ഷേ, എന്റെ ഔദ്യോഗിക ജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഇങ്ങനെയൊരു കേസുമായി ബന്ധമുണ്ടായിട്ടില്ല.

സിനിമ കണ്ടശേഷം സഹപ്രവര്‍ത്തകരൊക്കെ എന്തു പറഞ്ഞു? ഒരു താരപരിവേഷം കിട്ടിയോ?

താരപരിവേഷമൊന്നുമില്ല. സിനിമയുടെ ഭാഗമായെങ്കിലും അടിമുടി ഞാനൊരു പോലീസുകാരന്‍ തന്നെയാണ്. പിന്നെ ഉദ്യോഗസ്ഥരെല്ലാം പിന്തുണ നല്‍കിയവരാണ്, സിനിമ കണ്ട് നല്ല അഭിപ്രായവും പറഞ്ഞു.

ഇതിനിടയില്‍ ദിലീഷ് പോത്തനോടൊപ്പവും വര്‍ക്ക് ചെയ്ത അനുഭവമില്ലേ?

ദിലീഷ് പോത്തനെ പരിചയപ്പെടുത്തുന്നത് ടൊവിനോയാണ്. സിനിമാമോഹവുമായി നടക്കുന്നതിനിടയില്‍ ദിലീഷ് പോത്തനെ പോലൊരാളെ കിട്ടിയാല്‍ പിന്നെ ഒന്നും നോക്കാനില്ലല്ലോ. ദിലീഷിനോട് ഞാനീ കഥ പറഞ്ഞിരുന്നു. പക്ഷേ പുള്ളിയുടെ ഷോണറില്‍ പെട്ട കഥയായിരുന്നില്ല ഇത്. പക്ഷേ കുറച്ച് കാര്യങ്ങളൊക്കെ പുള്ളി പറഞ്ഞു തന്നു, നല്ല കഥയാണെന്ന പ്രോത്സാഹനവും തന്നിരുന്നു. ഒടുവില്‍ ഒരു സംവിധായകനെ തേടിയുള്ള കാത്തിരിപ്പായി. അതിനിടയിലാണ് ദിലീഷ് തൊണ്ടിമുതല്‍ ചെയ്യുന്നത്. ഇങ്ങനെയൊരു കഥയുണ്ട്, അസിസ്റ്റ് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. സിനിമയെ ഉപാസിച്ചു നടക്കുന്നവനെ സംബന്ധിച്ച് അതൊരു വലിയ അവസരം തന്നെയല്ലേ. ദിലീഷിനൊപ്പം ചെയ്യുകയെന്നാല്‍ അത് വലിയൊരു നേട്ടം തന്നെയാണ്.

തിരക്കഥാകൃത്തായി. ഇനി സിനിമാസംവിധാനം ഉടനുണ്ടാകുമോ?

അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഭാവിയില്‍ ചിലപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്‌തേക്കാം. അത് തന്നെയാണ് മോഹം. എന്തായാലും ഉടനേ അതുണ്ടാകില്ല.

കുടുംബം?

ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ സബീന വി ഗാര്‍ഡിലാണ് ജോലി ചെയ്യുന്നത്. സിനിമാമോഹവുമായി ഇറങ്ങിയപ്പോള്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് സബീനയാണ്. ആലപ്പുഴയാണ് സ്വദേശമെങ്കിലും കോട്ടയത്താണ് ഇപ്പോള്‍ താമസം. ഞാന്‍ ജോലി ചെയ്യുന്നത് കോട്ടയത്താണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More