ഓക്സ്ഫഡ് വാക്സിനാണ് കേരളത്തിന് അനുയോജ്യം: ഡോ മുഹമ്മദ് അഷീല്‍ പറയുന്നു
കൊവിഡ് 19 ലോകരാജ്യങ്ങളെ തളര്‍ത്താന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ഫൈസര്‍ വാക്സിന് യുകെ അംഗീകാരം നല്‍കിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് നമുക്കേറെ പ്രതീക്ഷ നല്‍കുന്നതാണ്. നമ്മുടെ നാട്ടില്‍ ഈ കൊവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഫൈസറിന്റെ വാക്‌സിന്‍ കേരളത്തിന് അനുയോജ്യമാണോ, മറ്റേതെങ്കിലും വാക്‌സിനായി കേരളീയര്‍ കാത്തിരിക്കണമോ തുടങ്ങിയ ചോദ്യങ്ങളെക്കുറിച്ചും ഈ തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സംസാരിക്കുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.
കേരളത്തിലേക്ക് കൊവിഡ് 19 വാക്സിന്‍ എന്നെത്തും. യുകെ ഫൈസര്‍ വാക്സിന് അംഗീകാരം നല്‍കിയത് ഏറെ പ്രതീക്ഷയേകുന്ന വാര്‍ത്തയല്ലേ
മാനവരാശിക്ക് പൊതുവില്‍ പ്രതീക്ഷിക്കാനുള്ള വാര്‍ത്തയാണിത്. ലോകത്ത് എവിടെയെങ്കിലും വാക്സിനേഷന്‍ തുടങ്ങുന്നല്ലോ എന്ന പ്രതീക്ഷ. പക്ഷേ അതേ സമയം, യുകെ ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ നമുക്കുണ്ടാകുന്നത് നമ്മുടെയൊരു അയല്‍വാസിക്ക് ഒരു ഫെറാറിയോ ലംബോര്‍ഗിനിയോ ഉള്ളപ്പോള്‍ നമുക്കുണ്ടാകുന്ന അതേ സന്തോഷമാണ്. കാരണമെന്തെന്നാല്‍, ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ പ്രായോഗികമാണോയെന്ന് ചോദിച്ചാല്‍ അല്ലെന്നതാണ് വസ്തുത.
കാരണം, ഫൈസര്‍ വാക്സിന്‍ സൂക്ഷിക്കാന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് ഉളള കോള്‍ഡ് ചെയിന്‍ ആണ് വേണ്ടത്. പക്ഷേ, ഇന്ത്യയിലുള്ള കോള്‍ഡ് ചെയിന്‍ സംവിധാനങ്ങള്‍ക്ക് പരമാവധി മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയെ താപനിലയില്‍ സൂക്ഷിക്കാനുള്ള ശേഷി മാത്രമേയുള്ളൂ.
അതുകൊണ്ട്, നമുക്ക് രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ പറ്റുന്ന വാക്സിനുകളാണ് നമുക്ക് പ്രതീക്ഷ വെയ്ക്കാനാകുന്നത്. ഓക്സ്ഫഡ് വാക്സിന്‍ അങ്ങനെ സൂക്ഷിക്കാനാകുന്നതാണ്. ഫൈസര്‍ വാക്സിന്‍ പൊതുവില്‍ മാനവ രാശിക്ക് നല്ലതാണ്. പക്ഷേ അത് വന്നതുകൊണ്ട് നമുക്ക് സന്തോഷിക്കാമോ എന്ന് ചോദിച്ചാല്‍ അതിനുള്ള വകയില്ലെന്ന് പറയേണ്ടിവരും. കാര്യം നമുക്ക് പ്രയോജനമില്ല.
അഥവാ ഈ വാക്സിന്‍ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കിയാല്‍പ്പോലും നമുക്കിത് അടിയന്തരമായി കിട്ടില്ല, കാരണം ഇതെല്ലാം പ്രീ ബുക്ക്ഡ് ആണ്. സ്റ്റോക്ക് മുഴുവന്‍ നേരത്തെ ബുക്ക് ചെയ്ത രാജ്യങ്ങളുണ്ടാകും. മൊഡേണ വാക്സിന്‍ പക്ഷേ നമുക്ക് കുറച്ചുകൂടെ പ്രതീക്ഷ വെയ്ക്കാന്‍ പറ്റിയ വാക്സിനാണ്. കാരണം അത് സൂക്ഷിക്കുകയെന്നത് വെല്ലുവിളിയല്ല. അത് സൂക്ഷിക്കാന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് മതിയാകും, റൂം ടെംപറേച്ചറില്‍ 12 മണിക്കൂര്‍ നില്‍ക്കും, രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ മുപ്പത് ദിവസം വരെ നില്‍ക്കും.
കേരളത്തിലെ അവസ്ഥയ്ക്കും നമുക്ക് ഒരുക്കാന്‍ പറ്റുന്ന സൗകര്യങ്ങളും വെച്ച് നോക്കിയാല്‍ ഏത് കൊവിഡ് 19 വാക്സിന്‍ ആണ് ഗുണകരം?
അത് ഓക്സ്ഫഡ് വാക്സിനാണ്. കാരണം നമ്മുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആ വാക്സിന്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയുടെ കാലാവസ്ഥ വില്ലനാകില്ല. നമ്മുടെ കോള്‍ഡ് ചെയിന്‍ സംവിധാനങ്ങളില്‍ വാക്സിന്‍ സൂക്ഷിക്കാം. സാധാരണ ഫ്രിഡ്ജിലേ അത് സൂക്ഷിക്കേണ്ടതുള്ളൂ.
ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഓക്സ്ഫഡ് വാക്സിനാണ് നമുക്ക് അനുയോജ്യം. പക്ഷേ, ഓക്സ്ഫഡ് വാക്സിനെക്കുറിച്ചുള്ള പൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ ഡിസംബറോടെ മാത്രമേ വരുള്ളൂ.
ആദ്യ റിസല്‍ട്ടുകള്‍ നല്ല സൂചന നല്‍കിയെങ്കിലും അതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായും പഠനം നടന്നശേഷം മാത്രമേ നമുക്ക് ഒരു വ്യക്തത വരുള്ളൂ.
കുട്ടികള്‍ക്കും വൃദ്ധര്‍ക്കും കൊവിഡ് 19 വാക്സിന്‍ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍…
ഇപ്പോള്‍ യുകെ അംഗീകരിച്ച ഫൈസര്‍ വാക്സിനായാലും കുട്ടികളിലോ മുതിര്‍ന്നവരിലോ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. മൊഡേണ വാക്സിനായാലും അങ്ങനെ തന്നെയാണ്. കുട്ടികളിലോ മുതിര്‍ന്നവരിലോ കാര്യമായ പരീക്ഷണങ്ങളില്ല.
അതിന് കാരണമുണ്ട്, ഇങ്ങനെയുള്ള പരീക്ഷണങ്ങളിലും പഠനങ്ങളിലും കുട്ടികളെ എന്റോള്‍ ചെയ്യുന്നത് കുറവാണ്. അത് ഇനിയുള്ള പരീക്ഷണങ്ങളിലൊക്കെ ചെയ്യുമായിരിക്കും. പൊതുവെ വാക്സിന്‍ പരീക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരും നടത്തില്ല. അതുകൊണ്ടാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കില്ലെന്ന് പറയുന്നത്.
കൊവിഡ് 19 വാക്സിന്‍ സൂക്ഷിക്കാനോ വിതരണം ചെയ്യുന്നതിനായോ കേരളം നടത്തുന്ന തയ്യാറെടുപ്പുകള്‍…
വാക്സിനുകളെ സംബന്ധിച്ച് നമുക്കുള്ളത് ദേശീയ തലത്തിലുള്ള പോളിസികളാണ്. സംസ്ഥാനത്തിനായി മറ്റൊരു പോളിസിയുണ്ടാവുകയെന്നത് അസാധ്യമാണ്. അതേസമയം, നമുക്ക് അതിനുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍, ഉദാഹരണത്തിന് പൊതുവില്‍ വാക്സിനേഷന്‍ സംബന്ധിച്ച് കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം ആയാലും പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ആയാലും ഒക്കെ നമുക്ക് നല്ലൊരു സിസ്റ്റമുണ്ട്. നമുക്ക് വലിയ രീതിയിലുള്ള ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ആരോഗ്യരംഗത്തുണ്ട്. അതുകൊണ്ട് തന്നെ വാക്സിന്‍ നമുക്ക് ലഭ്യമായിക്കഴിഞ്ഞാല്‍, വളരെ ഇഫക്ടീവായി നമുക്കത് ചെയ്യാനാകും. അത് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും നമ്മള്‍ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ വാക്സിനേഷന്‍ പ്രോസസ് എങ്ങനെയാകും?
കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് ജൂണ്‍ മാസത്തിന് മുമ്പായിത്തന്നെ മുപ്പത് കോടി ആളുകള്‍ക്ക് കൊവിഡ് 19 വാക്സിന്‍ എത്തിക്കാനാകും എന്നാണ്. ആ മുപ്പത് കോടി ആളുകള്‍ക്കുള്ള വാക്സിനെന്ന് പറയുമ്പോള്‍ 60 കോടി ഡോസുകളോളം വരും. അപ്പോള്‍ അത്ര വലിയ ഒരു കാര്യമാണ് നടക്കാന്‍ പോകുന്നത്.
കൊവിഡ് 19 വാക്സിന്‍ ആളുകളിലേക്കെത്തിക്കുകയെന്നത് വലിയൊരു ടാസ്‌കാണ്. മുപ്പത് കോടി ആളുകള്‍ക്ക് വാക്സിന്‍ എത്തിക്കാന്‍ 60 കോടി സിറിഞ്ച് വേണം, ഇത് സാധാരണ വാക്സിനേഷന്‍ പോലെ നടക്കണം. അല്ലാതെ മറ്റെല്ലാം മാറ്റിവെച്ച് നടക്കില്ല.
വലിയ രീതിയുള്ള ഒരു മാനേജ്മെന്റ് വെല്ലുവിളി ഇതിലുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഇത് ചെയ്തെടുക്കാന്‍ നമുക്കാകും. ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമില്‍ മറ്റ് പല സംസ്ഥാനങ്ങളും പിന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഇതിന് വേണ്ടിയുള്ള കോള്‍ഡ് ചെയിന്‍ സ്ട്രക്ചര്‍ ആയാലും ഇമ്മ്യൂണൈസേഷന് വേണ്ടിയുള്ള സംവിധാനമായാലും എല്ലാ സ്ഥലങ്ങളിലുമുണ്ട്. കേരളം ഇതില്‍ വളരെ മുന്നിലാണ്. മറ്റിടങ്ങളിലും ഇത് നടപ്പിലാക്കാം..
വാക്സിന്‍ നിര്‍മ്മാണത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍, ലോകത്ത് വാക്സിനുകളില്‍ അറുപത് ശതമാനത്തോളം വാക്സിനുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ വാക്സിന്‍ നിര്‍മ്മാണത്തിലും നമുക്ക് ലോകത്തിന് തന്നെ ഒരു വാതില്‍ കാണിച്ച് കൊടുക്കാനാകും.
വാക്സിന്‍ വിതരണം എങ്ങനെ?
ഓക്സ്ഫഡ് വാക്സിനാണ് വരുന്നതെങ്കില്‍, അവര്‍ പറഞ്ഞിരിക്കുന്നത് ലാഭം നോക്കിയല്ല ചെയ്യുന്നത് എന്നാണ്. പക്ഷേ മറ്റ് വാക്സിനുകള്‍ അതുപോലെയല്ല.
കൊവാക്സിന്‍ എന്ന സംവിധാനമുണ്ട്. വികസ്വര രാജ്യങ്ങളിലേക്ക് വാക്സിന്‍ ഉറപ്പുവരുത്താനായി ലോകാരോഗ്യ സംഘടനയും ഗ്ലോബല്‍ അലൈയന്‍സ് ഫോര്‍ വാക്സിന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ എന്ന സംഘടനയും ചേര്‍ന്ന് കൊവാക്സിന്‍ എന്ന സംവിധാനമുണ്ട്. വലിയ രീതിയുള്ള പേറ്റന്റ് നിയമങ്ങള്‍ ഇതിന് ബാധകമല്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
അഥവാ എന്തെങ്കിലും നിയമങ്ങള്‍ വന്നാല്‍, ഇന്ത്യന്‍ പേറ്റന്റ് ആക്ടിനുള്ളില്‍ അതിന് കംപള്‍സറി പേറ്റന്റ് നല്‍കാനുള്ള നിയമമുണ്ട്. അതുകൊണ്ട് തന്നെ വാക്സിന്‍ ലഭ്യത ഉറപ്പുവരുത്താനാകും.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫഡ് വാക്സിനോ ഭാരത് ബയോടെക് നിര്‍മിക്കുന്ന വാക്സിനോ ഒക്കെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന വാക്സിനൊക്കെ നമുക്ക് എളുപ്പത്തില്‍ ലഭിക്കാനുള്ള സാഹചര്യമുണ്ട്.
പക്ഷേ വാക്സിന്‍ നല്‍കുന്നതിന് അതിന്റേതായ രീതികളുണ്ട്. കടകളിലോ ആശുപത്രികളില്‍ നിന്നോ വെറുടെ പോയി വാക്സിന്‍ വാങ്ങാനാകില്ല. അടുത്തയാഴ്ച കൊടുക്കുമെന്ന് പറയുമ്പോള്‍ പറയുമ്പോള്‍ പോലും യുകെ ഗവണ്‍മെന്റ് പറഞ്ഞിരിക്കുന്നത്, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്നുള്ള സംവിധാനം നിങ്ങള്‍ എപ്പോളാണ് പോകേണ്ടതെന്ന് നിങ്ങളെ അറിയിക്കും, ആ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് പോകുക, ഇതെടുക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്.
അതുപോലെ ഇന്ത്യയില്‍ ചെയ്യുമ്പോള്‍, ആര്‍ക്കാണോ റിസ്‌ക് കൂടുതല്‍ അവരിലേക്ക് ആദ്യം വാക്സിന്‍ എത്തിക്കുകയെന്നതാകും. റിസ്‌ക് കൂടുതല്‍ എന്ന് പറയുമ്പോള്‍, സമൂഹത്തിന് റിസ്‌കായി നില്‍ക്കുന്നവര്‍ക്ക് ആണ് ആദ്യം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യം കൊടുക്കുന്നത് അവര്‍ക്ക് ഈ രോഗം കിട്ടാനും അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാന്‍ എളുപ്പമാണ് എന്നുള്ളതുകൊണ്ടുമാണ്. അതുപോലെ റിസ്‌ക് ബേസ്ഡ് അപ്രോച്ചില്‍ ആയിരിക്കും വാക്സിന്‍ ലഭ്യമാക്കുക. അങ്ങനെ ലഭ്യമാക്കുമ്പോള്‍ സമൂഹത്തില്‍ കൃത്യമായ ഇംപാക്ട് ഉണ്ടാകും.
തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച്
ഇതിനെക്കുറിച്ച് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരത്തെ പറഞ്ഞുകഴിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും.
അതില്‍ സംശയമൊന്നുമില്ല. അത് എത്രത്തോളമാണ്, അതിന്റെ തോത് എങ്ങനെയാണെന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ഉദാഹരണം പറഞ്ഞാല്‍, ഒരു മഹാമാരിയുടെ കര്‍വ് നമ്മള്‍ നോക്കിയാല്‍, ഇപ്പോള്‍ അത് ഫ്ളാറ്റായി പോകേണ്ടതാണ്. പക്ഷേ, നമ്മളിപ്പോള്‍ കാണുന്നത്, ഏറിയും കുറഞ്ഞുമൊക്കെ പോകുന്നതാണ്. കൂടിയും കുറഞ്ഞുമെല്ലാം പോകുന്നു. അമേരിക്കയിലെ കാര്യമെടുത്താല്‍, അവിടെ തെരഞ്ഞെടുപ്പ് നടന്നു.
തെരഞ്ഞെടുപ്പ് ക്യാംപെയ്നുകള്‍ക്ക് മുമ്പ് എഴുപതിനായിരം രോഗികള്‍ ഉണ്ടായിരുന്നിടത്ത് തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ലക്ഷത്തിന് മുകളില്‍ കേസുകളുണ്ടായി. അതിന്റെ കാരണമെന്തെന്നാല്‍ ഈ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ഇടപെടലുകള്‍ വളരെ കൂടുതലാണ് എന്നാണ്.
സാധാരണയില്‍ കൂടുതലായി മനുഷ്യര്‍ തമ്മില്‍ ഇടപെടലുകള്‍ ഉണ്ടാകുന്നു. നമ്മളിപ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്നൊക്കെ പറയുമ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് നമുക്ക് പരിചയമില്ലാത്തവരെയും നമ്മളുമായി സമ്പര്‍ക്കം വരാന്‍ സാധ്യത ഇല്ലാത്തവരുമായുമൊക്കെ നമ്മള്‍ ഇടപഴകുകയാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യമായ സമയം ഇത് തന്നെയാണ്. കാരണം നമ്മുടെ നാട്ടില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു, കര്‍വ് ഫ്ളാറ്റ് ആയിക്കൊണ്ടിരിക്കുന്നു. കുറച്ചുനാള്‍ മുമ്പോ അല്ലെങ്കില്‍ കുറച്ചുനാള്‍ ശേഷമോ നടത്തിയാലും കേസുകള്‍ പ്രശ്നമാകാന്‍ സാധ്യത ഉണ്ടാകും.
ഒന്നാമത്തെ വേവിന്റെ പീക്കിന് മുമ്പേ ഇത് നടന്നിരുന്നെങ്കില്‍ നമുക്ക് കൂടുതല്‍ കുഴപ്പമുണ്ടായേനേ. പക്ഷേ ഇപ്പോഴും നമ്മുടെ ജാഗ്രതയ്ക്ക് കുറവ് വരുത്താന്‍ സാധിക്കില്ല. കാരണം, ആളുകള്‍ മനസിലാക്കേണ്ട കാര്യം, നമ്മുടെ ചുറ്റുവട്ടത്ത് എന്ത് സംഭവിച്ചാലും നമ്മുക്കുള്ളിലേക്ക് വൈറസ് വരണമെങ്കില്‍ അത് സ്വന്തം മൂക്ക്, കൈ, വായ….ഇവയില്‍ക്കൂടെ ആയിരിക്കും. അതുകൊണ്ട് തന്നെ നമ്മള്‍ കൃത്യമായി അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചീകരിക്കുക, ആളുകളുമായി ഇടപഴകുന്ന സാഹചര്യം കുറയ്ക്കുകയും ചെയ്യുക.
ഇങ്ങനെ ചെയ്യുന്നത് വഴി രോഗം നമ്മളിലേക്കെത്തുന്നത് ഒഴിവാക്കാന്‍ നമുക്ക് ഒരു പരിധി വരെ സാധിക്കും. എല്ലാവരും പരസ്പരം ഇത് ഉത്ബോധിപ്പിക്കുകയും വേണം. ഇപ്പോള്‍ നോക്കൂ, കൊവിഡിനെ ചെറുക്കാന്‍ നമുക്ക് ഏറ്റവും സഹായകരമായത്, നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനങ്ങളുമായുള്ള ഒരു ബന്ധമാണ്. ഇതേ ബന്ധത്തിന്റെ മറ്റൊരു വശമാണ് നമ്മള്‍ കാണുന്നത്.
ഈ സ്വാതന്ത്ര്യം വെച്ച് നമ്മള്‍ അടുത്തിടപഴകാനും വീട്ടിനുള്ളില്‍ കയറി സംസാരിക്കാനുമൊക്കെ ശ്രമിക്കുന്നതും ചെയ്യുന്നതും ശരിയല്ല. ഇതൊക്കെ നമ്മള്‍ ഒഴിവാക്കേണ്ടതാണ്. ഏതെങ്കിലും ഒരു കക്ഷിയോ രാഷ്ട്രീയ പാര്‍ട്ടിയോ വിചാരിച്ചിട്ട് കാര്യമില്ല. എല്ലാവരും അത് പാലിക്കണം. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വെച്ച് എല്ലാവരും പരസ്പരം ശ്രദ്ധിച്ച് ഇക്കാര്യങ്ങള്‍ പാലിക്കുക…
കൊവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു
കൊവിഡ് കഴിയുമ്പോള്‍ ചരിത്രം നമ്മോട് ചോദിക്കാന്‍ പോകുന്നത്, നമ്മുടെ ജാഗ്രത കൊണ്ട് എത്ര പേരുടെ ജീവന്‍ രക്ഷിക്കാനായി? അതിന് നമ്മള്‍ കൊടുക്കേണ്ടി വന്ന വിലയെന്തായിരുന്നു? എന്നീ ചോദ്യങ്ങളാകും. എക്കാലത്തും ഇതുപോലെയുള്ള മഹാമാരികള്‍ വന്നാല്‍ ഇതാണ് ചോദ്യം.
സ്പാനിഷ് ഫ്ളൂ പടര്‍ന്നിരുന്ന സമയത്ത് അഞ്ച് കോടി ആളുകളാണ് മരിച്ചത്. കേരളത്തിലേക്ക് വന്നാലോ. മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ മുതിര്‍ന്നവരുടെ ജനസാന്ദ്രത കൂടുതലുള്ള, ഹൃദ്രോഗങ്ങളും അനുബന്ധ പ്രശ്നങ്ങളുമുള്ളവര്‍ വളരെ കൂടുതലുള്ള, ജനസാന്ദ്രത വളരെ കൂടുതലുള്ള ഒരു സംസ്ഥാനമാണ് നമ്മള്‍. മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ അപകടം കൂടുതല്‍ നമുക്കായിരുന്നു.
പക്ഷേ, ഈ സാഹചര്യത്തിലും കേരളം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ള സംസ്ഥാനമാണ്. അതോടൊപ്പം തന്നെ, രോഗാവസ്ഥ ഉച്ചസ്ഥായിയിലെത്തുന്നത് അവസാനമാണ്. ഇത് നാം കൈവരിച്ച നേട്ടങ്ങളാണ്. ഇതിന് പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമാണ്.
ഏതൊരു മഹാമാരി ഉണ്ടായാലും ആറ് മാസമാകുമ്പോള്‍ ആളുകള്‍ തളര്‍ന്നുപോകുന്ന അവസ്ഥയുണ്ട്, ജനങ്ങള്‍ കൈവിടുന്ന ഒരു സാഹചര്യമുണ്ട്. അതാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ രണ്ടാം വേവ് വരുന്ന സാഹചര്യം. എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നു.
ബ്രേക്ക് ദ ചെയിന്‍ പോലെയുള്ള ക്യാംപെയ്നുകള്‍ ആദ്യം തൊട്ടേ തുടങ്ങിയതുമൊക്കെ കുറേ ഗുണം ചെയ്തു. അതൊരു വലിയ നേട്ടമാണ്. ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു, ഇനിയും കുറച്ച് നാള്‍ കൂടെ നമുക്ക് പോരാടാന്‍ ആയാല്‍, ഉദാഹരണത്തിന്, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്, എന്നാല്‍ അവിടെ ഇപ്പോള്‍ 102 പേര്‍ മരണമടഞ്ഞപ്പോള്‍ കേരളത്തില്‍ അത് 67 പേരാണ്.
നമ്മള്‍ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണം. അങ്ങനെ ചെയ്താല്‍, അടുത്ത വര്‍ഷം മാര്‍ച്ചില്‍ അല്ലെങ്കില്‍ ഏപ്രിലില്‍ കൊവിഡ് 19-നെ നിയന്ത്രണവിധേയമാക്കാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം.
Comments are closed.