അവാര്‍ഡുകള്‍ വാരിക്കൂട്ടി സാവി, എങ്കിലും അവാര്‍ഡ് പടമല്ല ഈ ക്രൈംത്രില്ലര്‍
ദേശീയവും അന്തര്‍ദേശീയവുമായ ഇരുപതോളം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, പതിനേഴോളം അവാര്‍ഡുകള്‍. ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന് തന്നെ ഇത്രയും നേട്ടങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി റാംഗോപാല്‍. ആഗസ്റ്റ് 3ന് റിലീസിനൊരുങ്ങുന്ന സാവി? എന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ വിശേഷങ്ങള്‍ റാംഗോപാല്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെയ്ക്കുന്നു.
സാവിയുടെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം?
എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമാണിത്. ഇതിന് മുമ്പ് സുഹൃത്തുക്കളുടെയൊക്കെ ഒപ്പം അവരുടെ വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമിന്റെ പേര് സാവി? എന്നാണ്. ഇതെഴുതിയതും സംവിധാനം ചെയ്തതും ഞാനാണ്. ക്രൈം ഫാന്റസി ആണിത്. ശരിക്കും പറഞ്ഞാല്‍ ഇതൊരു എക്സ്പിരിമെന്റല്‍ വര്‍ക്കാണ്. ഇതിലങ്ങനെ വലിയ സംഭാഷണങ്ങളൊന്നുമില്ല. ഉള്ളതില്‍ ഇംഗ്ലീഷാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒരു കൊലപാതകം അടിസ്ഥാനമാക്കിയുള്ള കഥ. പക്ഷേ സാധാരണ ക്രൈം സിനിമകളെപ്പോലെയല്ല ഇത് കൈകാര്യം ചെയ്തിരിക്കുന്നത്. തികച്ചും വ്യത്യസ്തമായിട്ടാണ്.
എന്തുകൊണ്ട് സാവി? വ്യത്യസ്തമാകുന്നു?
നമ്മുടെ ഇന്‍ഡസ്ട്രിയിലൊക്കെ കൊലപാതകത്തിന്റെ കാരണമന്വേഷിക്കുന്ന തരത്തിലൊക്കെയാണ് സാധാരണ കഥ പോകുന്നത്. പക്ഷേ അതില്‍ നിന്ന് മാറിയാണിത്. സാവിയോ എന്ന വാടക കൊലയാളിയുടെ കഥയാണിത് പറയുന്നത്. സാധാരണ ക്രൈം കഥകള്‍ ആര് കൊന്നു, എന്തിന് കൊന്നു, എങ്ങനെ കൊന്നു എന്നൊക്കെയാണല്ലോ. അതിനൊക്കെ പുറമെയുള്ള കാര്യങ്ങളാണിതില്‍ പറയുന്നത്. ഒരു ക്രൈം ഫാന്റസി ആണ് സാവിയെന്ന് പറയാം. ഇത് പ്രേക്ഷകന് സ്വന്തം രീതിയില്‍ കഥ മനസിലാക്കാന്‍, വായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പോകുന്നത്. സിനിമ പ്രേക്ഷകന് മുന്നില്‍ എല്ലാം എത്തിച്ച്, ഇത് ഇങ്ങനെ എന്ന് പറഞ്ഞുകൊടുക്കുന്നില്ല. അവര്‍ക്ക് സ്വയം ഇതില്‍ നിന്ന് കണ്ടുപിടിക്കാം. പലര്‍ക്കും പല രീതിയിലായിരിക്കും കഥയെ മനസിലാകുക. തികച്ചും ഒരു പരീക്ഷണ ചിത്രം.
പുതുമയുള്ള ഒരു ആശയമാണ് സാവിയിലൂടെ മുന്നോട്ട് വെക്കുന്നത്? അതിന്റെ വെല്ലുവിളികള്‍?
വെല്ലുവിളികള്‍ ധാരാളമുണ്ട്. ഇത് ചിത്രീകരിക്കുമ്പോളേ അതൊക്കെ മനസില്‍ വന്നിരുന്നു. തികച്ചും പുതിയൊരു കാര്യമാണ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. എത്രത്തോളം പേരിലേക്ക് ഇത് എത്തുമെന്നോ എങ്ങനെ പ്രേക്ഷകര്‍ കാണുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ഇത്രയും ഫെസ്റ്റിവലുകളില്‍ പ്രദര്ശിപ്പിച്ചപ്പോളും ഇങ്ങനെ സ്വീകാര്യത കിട്ടിയപ്പോഴും സന്തോഷമായി. മുന്നിലുണ്ടായിരുന്ന വലിയ ചോദ്യമായിരുന്നു, പേടിയായിരുന്നു പ്രേക്ഷകരുടെ റെസ്പോണ്‍സ്. അത് മാറിക്കിട്ടി. അത് തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ഏതൊക്കെ ഫെസ്റ്റിവലുകളില്‍ ഇത് പ്രദര്‍ശിപ്പിച്ചു? എടുത്ത് പറയാനാകുന്ന അവാര്‍ഡുകള്‍?
ഇന്ത്യക്കകത്തും പുറത്തും കുറേ വേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒന്‍പതാമത് ദാദാ സാഹേബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. അവിടെ സ്പെഷ്യല്‍ ഫെസ്റ്റിവല്‍ പരാമര്‍ശം ലഭിച്ചു. കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു, അവിടെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ ലിഫ്റ്റ് ഓഫ് സെഷന്‍സ് 2019-ല്‍ ഒഫീഷ്യല്‍ സെലക്ഷന് ഉണ്ടായിരുന്നു. വെനിസ്വേലയില്‍ വച്ച് നടന്ന ഫൈവ് കോണ്ടിനെന്റ്സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ 2019-ല്‍ പ്രദര്‍ശിപ്പിച്ചു. അവിടെ ബെസ്റ്റ് ക്രൈം ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് വി എഫ് എക്സ്, എഡിറ്റിങ്ങില്‍ സ്പെഷ്യല്‍ മെന്‍ഷന്‍ എന്നിവ നേടിയിരുന്നു. എട്ടാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്, ഭൂട്ടാനില്‍ വച്ച് നടന്ന ഡ്രക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടിലേറെ അവാര്‍ഡ് നേടി. കേരളത്തിലും നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ കുറേ വേദികളും പുരസ്കാരങ്ങളുമൊക്കെ നേടാനായി.
ഇത്രയൊക്കെ അവാര്‍ഡുകള്‍ നേടിയ ‘സാവി? ‘ എന്നാണ് പ്രേക്ഷകരിലേക്ക് എത്തുക?
അടുത്ത മാസം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. യുട്യൂബ് റിലീസാണ് ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 3 ന് തന്നെ റിലീസ് ചെയ്യണമെന്നാണ് കരുതുന്നത്. കേരളത്തിനകത്ത് വളരെ കുറച്ച് പ്രദര്‍ശനമേ നടത്തിയിരുന്നുള്ളൂ. അപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ യുട്യൂബ് തന്നെയാണ് നല്ല മാര്‍ഗമെന്നാണ് കരുതുന്നത്. പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പറഞ്ഞതുപോലെ കണ്ടുപരിചയിച്ച തരത്തിലുള്ള ഒരു ക്രൈം കഥയല്ല ഇത്. അവര്‍ക്ക് അവരുടെ മനസ് പറയുന്നതുപോലെ, അവര്‍ ചിന്തിക്കുന്നത് പോലെ കഥയെ വായിക്കാം. അതിന് സ്പേസ് കൊടുക്കുന്ന തരത്തിലാണ് ഫിലിം ചെയ്തിരിക്കുന്നത്. എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എങ്ങനെയാണ് സിനിമാമോഹം പിടികൂടുന്നത്?
പണ്ടുതൊട്ടേ സിനിമാമോഹം കൂടെയുണ്ട്. ഞാന്‍ പഠിച്ചത് തിരുവനന്തപുരം ശ്രീകാര്യത്തെ ലൊയോള സ്കൂളിലായിരുന്നു. സ്കൂളിലും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസൊക്കെ നല്ല പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ ഡ്രാമയൊക്കെ ചെയ്യുമായിരുന്നു. അന്നേ വിഷ്വല്‍ മീഡിയമെന്ന ആശയത്തോട് ഇഷ്ടമുണ്ട്. നമ്മുടെ ചിന്തകള്‍, ആശയങ്ങള്‍ ഒക്കെ പല രീതിയില്‍ ആള്‍ക്കാരിലേക്ക് എത്തിക്കുന്നത്. അതില്‍ താത്പര്യമുണ്ടായിരുന്നു. സ്കൂള്‍ പഠനമൊക്കെ കഴിഞ്ഞ് പിന്നെ കോളേജ് എത്തി. ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിങില്‍ ആണ് പഠിച്ചത്. അപ്പോഴും സിനിമ എന്ന മോഹം ഉള്ളിലുണ്ടായിരുന്നു. അന്നൊക്കെ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പിന്നെ ഫിലിം ഫെസ്റ്റിവലുകള്‍. ഇതൊക്കെയാണ് സിനിമാമോഹം വളര്‍ത്തിയതെന്ന് പറയാം.
എഞ്ചിനീയറിങ് പാസായ ശേഷം സിനിമയിലേക്ക്? വീട്ടുകാരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു?
കോളേജ് പഠനമൊക്കെ കഴിഞ്ഞ ശേഷം ഞാനും ഒരു ടെക്കിയായിരുന്നു. ഏതാനും കുറച്ച് വര്‍ഷം ഐടി മേഖലയില്‍ പിടിച്ചുനിന്നു. പക്ഷേ, കുറച്ച് കഴിഞ്ഞ് ജോലി വിട്ടു. സിനിമയിലേക്ക് തന്നെയിറങ്ങി. അതില്‍ വീട്ടുകാര്‍ക്ക് ചെറിയൊരു ഇഷ്ടക്കേട് ഉണ്ടായിരുന്നു. പക്ഷേ അവര്‍ സപ്പോര്‍ട്ടീവാണ്. കുറച്ച് ആകുലതകള്‍ ഉണ്ട് അവര്‍ക്കും. ബിടെക്ക് ഒക്കെ കഴിഞ്ഞ്, ഉണ്ടായിരുന്ന ഒരു ജോലിയും കളഞ്ഞ് സിനിമയിലേക്ക് ഇറങ്ങിയതാണ് ഞാന്‍. ഇപ്പോ സ്വപ്നത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
Comments are closed.