117 വര്‍ഷം മുമ്പ് കോയമ്പത്തൂരിനെ തകര്‍ത്ത ഭൂകമ്പം കേരളത്തേയും കാത്തിരിക്കുന്നു
ഭൂമിക്കുളള പരിമിതികളെ നമ്മള്‍ അംഗീകരിക്കണം, പ്രകൃതിക്കെതിരായി പ്രവര്‍ത്തിക്കുന്ന ഏകജീവി മനുഷ്യനാണ്. പ്രകൃതിയില്‍ പ്രതിഭാസങ്ങള്‍ മാത്രമേയുള്ളൂ. കൊച്ചി എന്ന നഗരം ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. വികസനം എന്നാല്‍ ശുദ്ധവായുവാണ്, വികസനം എന്നാല്‍ ശുദ്ധമായ ഭക്ഷണവും കുടിവെള്ളവുമാണ്, മനുഷ്യന്റ ശുദ്ധമായ ആരോഗ്യമാണ് വികസനം. സാമൂഹ്യപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജോണ്‍പെരുവന്താനവുമായി ഉദയരവി നടത്തിയ അഭിമുഖം.
മനുഷ്യന്‍ പ്രകൃതിയില്‍ ഒരുപാട് ക്രൂരതകള്‍ ചെയ്യുന്നു. ഇക്കുറി കേരളത്തില്‍ ഉണ്ടായിട്ടുള്ള പ്രളയം യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ അത്തരം ക്രൂരതകളില്‍ നിന്നും സംഭവിച്ച ഒന്നാണ് എന്ന് അഭിപ്രായമുണ്ടോ?
പ്രകൃതിക്കെതിരായി പ്രവര്‍ത്തിക്കുന്ന ഏക ജീവി മനുഷ്യനാണ്. മനുഷ്യന്‍ ഭൂമിക്കെതിരെ വലിയ ദ്രോഹം ചെയ്യുന്നുണ്ട്. കാര്‍ബണ്‍ സഞ്ചയം കുറക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. കാര്‍ബണ്‍ സഞ്ചയം എന്നത് മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകളുടെ ഒരു അളവുകോലാണ്. ഈ അളവുകോലിനെ ഏഴുപടികളുള്ള ഒരു ഗോവണിയായി പരിഗണിച്ചാല്‍ ഈ ഗോവണിയുടെ ഏറ്റവും താഴേത്തട്ടില്‍ ജീവിക്കുന്നത് നമ്മുടെ സമൂഹത്തിലെ ആദിവാസി വിഭാഗമാണ്. അതിന്റെ ഏഴാമത്തെ നിലയില്‍ ജീവിക്കുന്നത് ഒരു അമേരിക്കന്‍ പുരുഷനാണ്. ഏറ്റവും താഴേത്തട്ടിലുള്ള ആദിവാസി സമൂഹത്തിന് ജീവിക്കാന്‍ വളരെ ചുരുങ്ങിയ ഭക്ഷ്യ വസ്തുക്കളെ ഇവിടെ ആവശ്യമുള്ളൂ. അതേസമയം ഏറ്റവും മുകളിലുള്ള അമേരിക്കന്‍ പുരുഷന് ഒരു ദിവസം കടന്നുപോകാന്‍ പതിനായിരം ഇരട്ടി ഭക്ഷ്യ വിഭവങ്ങള്‍ ആവശ്യമുണ്ട്. അയാള്‍ പതിനായിരം ഇരട്ടി ഭക്ഷ്യ വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് പറഞ്ഞുവരുന്നത്! ഒരു അമേരിക്കന്‍ പുരുഷന്‍ കഴിക്കുന്ന ഭക്ഷണമുണ്ടെങ്കില്‍ അതിനു തുല്യമായ പ്രകൃതി വിഭവങ്ങള്‍ കഴിച്ച് ഇരുപതിനായിരം ആദിവാസികള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമാണ്. നമ്മള്‍ വികസനം എന്നു വിളിക്കുന്നത് ഒന്നാമത്തെ നിലയില്‍ നിന്ന് രണ്ടാമത്തെ നിലയിലേക്ക് മനുഷ്യന്‍ കയറുന്നതിനെയാണ്. അല്ലെങ്കില്‍ ഓരോപടിയും മുന്നേറുന്നതിനെയാണ് വികസനം എന്നു വിളിക്കുന്നത്. ഒന്നാമത്തെ നിലയിലുള്ള ഒരു മനുഷ്യന് വളരെ പ്രാഥമികമായ ജീവിത സൗകര്യങ്ങളെ ഉണ്ടാകൂ. മൂന്നാമത്തെ നിലയിലേക്ക് വരുമ്പോഴേക്കും കോണ്‍ഗ്രീറ്റ് വീടാകുന്നു, ആധുനിക സൗകര്യങ്ങളെല്ലാം ആകുന്നു; നാലാമത്തെ നിലയിലേക്ക് വരുമ്പോള്‍ നമുക്ക് സ്വന്തമായി വിമാനം വരെയാകുന്നു. അങ്ങനെ എഴും എട്ടും നിലകളിലേക്ക് അവന്‍ എത്തുമ്പോള്‍ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നതലത്തിലേക്ക് മനുഷ്യന്‍ എത്തുന്നു. ഇവിടെയാണ് മനുഷ്യന്‍ പ്രകൃതിയെ വളരെയേറെ ദ്രോഹിക്കുന്നത്. ഓരോഘട്ടങ്ങളിലും അവന്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ പ്രകൃതിക്ക് അത് ഏറെ ദോഷമായി തീരുന്നു. പ്രകൃതിയോട് പരമാവധി ദ്രോഹം ഈ ഘട്ടങ്ങളില്‍ മനുഷ്യന്‍ ചെയ്യുന്നു.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യനിര്‍മ്മിതമായ ഏതൊരു പുതിയ കാര്യവും പ്രകൃതിക്ക് ദോഷം ചെയ്യുന്നതല്ലേ?
ഓരോ കോണ്‍ഗ്രീറ്റ് സമുച്ചയങ്ങള്‍ക്കും സിമെന്റ് വേണം.സിമെന്റ് നിര്‍മ്മാണമാണ് ലോകത്ത് കാര്‍ബണ്‍ഡൈയോക്സൈഡ് വര്‍ദ്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പ്രക്രിയ. പാറപൊട്ടിച്ച,് മണല്‍വാരി, പ്രകൃതിയെ പരമാവധി മുറിവേല്‍പ്പിച്ചാണ് ഈ നിര്‍മ്മാണങ്ങള്‍ മനുഷ്യന്‍ നടത്തുന്നത്. ഇതിനെയാണ് വികസനം എന്ന് മനുഷ്യന്‍ വിളിക്കുന്നത്. ഈ വികസനം ജി ഡി പിയുടെ വര്‍ദ്ധനവിനെ മാത്രം ഉദ്ദേശിച്ച് നടക്കുന്ന ഇക്കോണമിക്കല്‍ ഗവേണന്‍സ് എന്നു പറയുന്ന വികസനമാണ്. ഇക്കണോമിക്കല്‍ ഗവേണന്‍സിനെ മുന്‍നിര്‍ത്തിയുള്ള വികസനത്തിന് നാളെത്തെ ലോകത്ത് നിലനില്‍പ്പില്ല.
ഭൂമിക്ക് ചില പരിമിതികള്‍ ഇല്ലേ? അത് മനുഷ്യന്‍ ഇനിയെങ്കിലും അംഗീകരിക്കേണ്ട ഒന്നല്ലേ?
ഭൂമിക്കുളള പരിമിതികളെ നമ്മള്‍ അംഗീകരിക്കണം. ഭൂമിയുടെ വിസ്തീര്‍ണം ഒരിക്കലും വര്‍ദ്ധിക്കുന്നില്ല. മനുഷ്യന്‍ കൃഷി ചെയ്തു നിര്‍മ്മിക്കുന്നവ മാത്രമാണ് ഭൂമിയില്‍ വര്‍ദ്ധിക്കുന്നത്. പാറ വര്‍ദ്ധിക്കുന്നില്ല, മണ്ണ് വര്‍ദ്ധിക്കുന്നില്ല, വായു വര്‍ദ്ധിക്കുന്നില്ല. പ്രകൃതിയുടെ വിഭവങ്ങളെന്നു വിളിക്കുന്ന അല്ലെങ്കില്‍ നാച്വറല്‍ ഇക്കോണമി എന്നു വിളിക്കുന്ന ഒന്നും ഇവിടെ വികസിക്കുന്നില്ല. ഇത് വര്‍ദ്ധിക്കില്ലാത്തതുകൊണ്ട് മനുഷ്യന്‍ ഈ വിഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉപഭോഗമേ പ്രകൃതിയില്‍ നിന്നും നടത്താന്‍ പാടുള്ളൂ. നമ്മുടെ വികസന കാഴ്ച്ചപാട് ഈ ഒരു രീതിയില്‍ തുടര്‍ന്നാല്‍ ഒരു മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷം ആവാസ വ്യവസ്ഥയില്‍ മാറ്റംവന്ന് സര്‍വ്വജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കും. ലോകത്തിന്റെ ശരാശരി ചൂട് പതിനാറു ഡിഗ്രിയാണ്. ചൂട് ഒരു ഡിഗ്രി വര്‍ദ്ധിച്ചാല്‍തന്നെ മനുഷ്യനെ അത് പ്രതികൂലമായി ബാധിക്കും. പ്രകൃതിയിലെ ധ്രുവപ്രദേശങ്ങളിലെല്ലാം മഞ്ഞുരുകികൊണ്ടിരിക്കുകയാണ്. ഇത് ഉരുകുന്നതു പോലെ തന്നെ പഴയസ്ഥിതിയിലേക്ക് തിരികെയെത്തേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മഞ്ഞ് ഉരുകുന്ന പ്രതിഭാസം മാത്രമാണ് സംഭവിക്കുന്നത്. ഇത് കടലിലെ ജലനിരപ്പ് ഉയര്‍ത്തുന്നു. ഇപ്പോള്‍ മുപ്പത് സെന്റീമീറ്റര്‍വരെ ഉയര്‍ന്നിട്ടുണ്ട് ഈ ജലനിരപ്പ്. പെസഫിക് സമുദ്രത്തില്‍ പെറുവിന്റെ തീരത്തു നിന്നും ഒരു എല്‍നിനൊ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രതിഭാസം കടല്‍ജലത്തെ ചൂടുപിടിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തി അവിടെനിന്ന് അറബിക്കടലിലേക്കും വ്യാപിക്കുന്നു. ഇതുമൂലമുണ്ടായ ന്യൂനമര്‍ദ്ധപാത്തിയാണ് ഇക്കുറി കേരളത്തില്‍ കാലവര്‍ഷം ശക്തമാക്കിയത്.
പ്രകൃതി ദുരന്തവും പ്രതിഭാസവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു?
ദുരന്തം എന്നൊന്നില്ല. പ്രകൃതിയില്‍ പ്രതിഭാസങ്ങള്‍മാത്രമേയുള്ളൂ. പ്രകൃതിയില്‍ കാറ്റുണ്ടാകും മഴയുണ്ടാകും വരള്‍ച്ചയുണ്ടാകും വെള്ളപൊക്കം ഉണ്ടാകും; അങ്ങനെ ഒരുപാട് പ്രതിഭാസങ്ങളുണ്ടാകും. ഇവിടെ മനുഷ്യന്‍ മനസിലാക്കേണ്ടത് മനുഷ്യന്റെ ചെറിയൊരിടപെടല്‍പോലും പ്രകൃതിയില്‍ വലിയമാറ്റങ്ങളുണ്ടാക്കും. അങ്ങനെ പ്രകൃതിക്കുണ്ടാകുന്ന മാറ്റം ഭൂമിയിലെ മുഴുവന്‍ മനുഷ്യനെയും ബാധിക്കും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നാഡീനാളബന്ധം നാം തിരിച്ചറിയുകാണ് വേണ്ടത്. കാര്‍ബണ്‍ ഡയോക്സൈഡിനെ കുറക്കാന്‍ കഴിയുന്ന ഒന്നും മനുഷ്യന്‍ ചെയ്യുന്നില്ല. വീടിന്റെ റോഡുവരെ ടൈല്‍ ഇടുന്ന രീതിയില്‍ മനുഷ്യന്‍ മാറിയിരിക്കുന്നു. പകരം നമ്മുടെ കയ്യില്‍ പണ മുണ്ടെങ്കിലും അല്‍പം പച്ചപ്പും പുല്ലും മതി വീടിന്റെ പരിസരത്ത് എന്നും നമ്മുക്ക് തീരുമാനിക്കാവുന്നതേയുള്ളൂ. ഇക്കോണമിക്കല്‍ ഗവേണന്‍സില്‍ നിന്നും ഇക്കോളജിക്കല്‍ ഗവേണന്‍സിലേക്ക് മാറുകയെന്നതാണ് മനുഷ്യന്‍ ചെയ്യേണ്ടത്. വികസനം ആസൂത്രണം ചെയ്യുമ്പോള്‍ ഈ ഒരു കാഴ്ച്ചപാട് നിലനിര്‍ത്തണം.
യഥാര്‍ത്ഥത്തില്‍ അത്തരം വികസന കാഴ്ചപാടുകളെ നമ്മള്‍ പിന്തുടരുന്നുണ്ടോ?
സംതൃപ്തിയാണ് ഒരു ജനതയുടെ ഏറ്റവും അടിസ്ഥാനപരമായ ഒന്നെന്നു കാണുന്ന ഒരുപാട് രാജ്യങ്ങളുണ്ട്. പക്ഷേ ഇന്ത്യ ഗവര്‍ണമെന്റ് അങ്ങനെ കാണുന്നില്ല. സ്വപ്ന പദ്ധതികള്‍ എന്നപേരില്‍ ലോകത്തുതന്നെയുള്ള പ്രമുഖ വാണിജ്യ കമ്പനികള്‍ അവതരിപ്പിക്കുന്ന പ്രോജക്ടുകളാണ് നമ്മുടെ നാട്ടില്‍ ഇന്ന് വികസനമെന്ന പേരില്‍ നടത്തുന്നത്. ലോകത്തിന്റെ ഒരുശതമാനം മാത്രം വരുന്ന 33 വന്‍കിട വാണിജ്യ കുടുംബങ്ങളാണ് ഈ ലോകത്തെ ഇന്നു നിയന്ത്രിക്കുന്നത്. അവരു പറയുന്ന വികസനമാണ് ലോകത്ത് നടപ്പിലാക്കുന്നത്. നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും ഭരണാധികരികള്‍ക്കും അതിന്റെ കമ്മീഷന്‍ കിട്ടുന്നു. അത്തരത്തിലാണ് വിവിധ പ്രോജക്ടുകള്‍ ഇവിടെ നടപ്പിലാക്കുന്നത്.
പ്രളയത്തിനുശേഷം മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ആദരിച്ചു. വളരെ ശ്രദ്ധേയമായ ഒരു ഇടപെടല്‍ ആയിരുന്നില്ലേ മത്സ്യതൊഴിലാളികളുടെ ഭാഗത്തു നിന്നും ഉണ്ടായത്?
പ്രളയത്തിനുശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സ്വീകരണം കൊടുത്തു. മത്സ്യത്തൊഴിലാളികളോട് സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വീകരണമല്ല നല്‍കേണ്ടത്. മത്സ്യത്തൊഴിലാളികളെ ഇല്ലായ്്്മ ചെയ്യുന്ന മൂന്ന് പദ്ധതികള്‍ കേരളത്തിലുണ്ട്. ഒന്ന് വിഴിഞ്ഞം പ്രോജക്ട്. അമ്പതിനായിരം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം നിന്നുപോകുന്നതാണ് വിഴിഞ്ഞം പദ്ധതി. ഇത് ആദ്യം ഉപേക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മറ്റൊന്ന് കൊല്ലത്തെ കരിമണല്‍ഖനനം, പണ്ട് സുനാമി ദുരന്തം ഉണ്ടായപ്പോള്‍ വളരെയേറെ ആളുകള്‍ ഇവിടെ മരിക്കാന്‍ കാരണം കരിമണല്‍ഖനനത്തിന്റെ പേരില്‍ അവിടുത്തെ മണല്‍തിട്ടകള്‍ വന്‍തോതില്‍ ഇടിച്ചതുകൊണ്ടാണ്. മറ്റൊന്ന് കൊച്ചിയിലെ ഓയില്‍പ്ലാന്റ്. മത്സ്യത്തൊഴിലാളികളോട് സര്‍ക്കാരിന് എന്തെങ്കിലും മമതയുണ്ടെങ്കില്‍ ഈ പദ്ധതികള്‍ ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം തെറ്റായ വികസന പദ്ധതികള്‍ ഭാവിയില്‍ വലിയ ദുരിതങ്ങളിലേക്കാവും എത്തിക്കുക.
പ്രളയ സമയം അണക്കെട്ടുകളെ മാനേജ് ചെയ്ത രീതിയെ എങ്ങനെ വിലയിരുത്തുന്നു?
അടിസ്ഥനപരമായി അണക്കെട്ടുകളെ മാനേജ് ചെയ്യാനുളള ശേഷി നമ്മുക്കില്ല എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്. കേരളത്തിലെ അണക്കെട്ടുകള്‍ ഏതുനിമിഷവും അപകടങ്ങളുണ്ടാക്കാന്‍ സാധ്യതയുളളവയാണ്. കേരളത്തിന്റെ പാരിസ്ഥിതിക സ്ഥിതികളെക്കുറിച്ച് യാതൊരുവിധ പഠനവും നടത്താത്തവരാണ് ഈ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നത്. ഭൂമിക്കകത്ത് എന്തൊക്കെ പ്രതിഭാസങ്ങള്‍ ഉണ്ടെന്നുപോലും പഠിക്കാതെയാണ് ഇത്തരം പ്രോജക്ടുകള്‍ ഇവിടെ നടപ്പിലാക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെക്കുറിറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മറ്റുസ്ഥലങ്ങളില്‍ നദികള്‍ രൂപപ്പെട്ടിരിക്കുന്നതുപോലെയല്ല കേരളത്തിലെ നദികള്‍ രൂപാന്തരപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ പൊട്ടലുകളിലൂടെയാണ് കേരളത്തിലേ നദികള്‍ ഒഴുകുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ ഒരു വിള്ളല്‍ ഉണ്ട്. കോഴിക്കോട് മാവൂരില്‍ ആരംഭിച്ച് പെരുന്തല്‍മണ്ണ, ഒറ്റപ്പാലം, ഇടമലയാര്‍, ഭൂതത്താന്‍കെട്ട് തുടങ്ങി കുളമാവില്‍ അവസാനിക്കുന്ന 240 കിലോമീറ്റര്‍ ദൂരമുള്ള വലിയ വിള്ളലുണ്ട് കേരളത്തിന്. സ്വഭാവികമായി ഇവിടെ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഈ മേഖലയില്‍ കേരളത്തില്‍ 17 അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ മേഖലകളിലുണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് ജലസ്തൂപം എന്ന പ്രതിഭാസം. ഈ വിള്ളലുകളില്‍ നികന്നു കിടക്കുന്ന മണ്ണ് അണക്കെട്ടുകള്‍ രൂപപെടുന്ന സമയങ്ങളില്‍ ജലവുമായി ചേര്‍ന്ന് ചുഴികളായി രൂപപ്പെടുന്നു. ഇത് ജലസ്തൂപമായി മാറി ഭൂമിക്കടിയിലേക്ക് വലിഞ്ഞുപോകുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ ഭൂമിക്കടിയിലെ ലാവയുമായി ചേര്‍ന്ന് ഈ ജലസ്തൂപം പുതിയ വാതകങ്ങളുണ്ടാക്കുന്നു. ഈ വാതകത്തെ പുറംതള്ളാന്‍ ഭൂമി ശ്രമിക്കുമ്പോഴാണ് ഭൂകമ്പമായി നമ്മുക്കനുഭവപ്പെടുന്ന പ്രതിഭാസം രൂപപ്പെടുന്നത്. ഈ പ്രകമ്പനങ്ങള്‍ അണക്കെട്ടുകളെയും ബാധിക്കുന്നു.
കേരളത്തിലെ ഒട്ടുമിക്ക നദികളിലും പ്രളയശേഷം വെള്ളം അതിവേഗം കുറയുന്ന പ്രവണതയുണ്ടായി. ഈ ഒരു പ്രതിഭാസം സംഭവിച്ചത് എന്തുകൊണ്ടാണ്?
ചെളിയുടെ ഒരുപടലം മണ്ണിനുമുകളില്‍ ഉണ്ട്. അത് അരിപ്പപോലെ മണ്ണില്‍ വെള്ളത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. പ്രളയസമയം ഈ പടലം കുത്തിയൊഴുകി പോയതാണ് പ്രളയത്തിനുശേഷം ജലം കുറയാനുള്ള കാരണം. പിന്നീട് മഴപെയ്ത സാഹചര്യങ്ങളില്‍ ഇത് വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചു വരുന്നുണ്ട്. ഇടുക്കിപോലുള്ള മലയോര ജില്ലകളിലൊക്കെ ഒരേ സമയം രണ്ടു പ്രതിഭാസങ്ങളുണ്ടാകും. വേനല്‍ക്കാലത്ത് വെള്ളം വറ്റുമ്പോള്‍ ഭൂമിയുടെ പാളിയുടെ ഭാരം കുറയും അതിനുമുകളിലുള്ള സമ്മര്‍ദ്ദത്തിന്റെ ഭാരം കുറയും. വെള്ളം കൂടുമ്പോള്‍ ഭാരം കൂടും. ഭാരം കൂടുമ്പോള്‍ പരിസര പ്രദേശങ്ങളിലെല്ലാം ഇതിന്റെ സമ്മര്‍ദ്ദം അതിശക്തമായി അനുഭവപ്പെടും. അങ്ങനെ ഉരുള്‍പൊട്ടല്‍ ഉണ്ടാകും. ഒരു അണക്കെട്ടിന്റെ നാപ്പതു കിലോമീറ്റര്‍ പരിധിവരെ ഈ സമ്മര്‍ദ്ധം അനുഭവപ്പെടും. ഇതുപോലെ തന്നെ അണക്കെട്ടില്‍ വൈദ്യുതി ഉദ്പാദനം നടത്തുമ്പോള്‍ ജലംകുറയുകയും ഇതനുസരിച്ച് ഭൂമിയുടെ പാളികളില്‍ സമ്മര്‍ദ്ദം കുറയും ചെയ്യുന്നത്. ഇങ്ങനെയും ചില ചലനങ്ങള്‍ സംഭവിക്കുന്നു.
കാലാവസ്ഥ മുന്നറിയിപ്പുകളെ പലപ്പോഴും ഗൗരവത്തോടെ കാണുന്നതിനും അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും നമ്മുക്ക് സാധിക്കാറുണ്ടോ?
ഉരുള്‍പൊട്ടലിനെ സംബന്ധിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി എന്ന സ്ഥാപനം മൂന്നാറില്‍ റിസര്‍ച്ച് നടത്തുകയുണ്ടായി. കഴിഞ്ഞ ജൂണ്‍മാസത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തില്‍ പതിമൂവായിരത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി സൂചന നല്‍കിയിരുന്നു. ശാസ്ത്രം ഇത്രയും പുരോഗമിച്ച കാലത്ത് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്തില്ല. ആളുകളെ കുരുതികൊടുക്കുന്നതിന്റെ ആവശ്യം ഇവിടെയില്ല. മുന്‍കൂട്ടി ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു.
പ്രളയാനന്തര രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വിജയിച്ചു എന്ന് അഭിപ്രായമുണ്ടോ? യുവാക്കളുടെ പങ്ക് വളരെ ശ്രദ്ധേയമായിരുന്നില്ലേ?
രക്ഷാപ്രവര്‍ത്തനം എന്നത് ആരും പറഞ്ഞിട്ട് ചെയ്യുന്ന ഒന്നല്ല. യുവതലമുറയെക്കുറിച്ച് അഭിമാനിക്കാം. അവര്‍ ഫ്രീക്കന്‍മാരാണെന്നു പറഞ്ഞാലും പ്രളയസമയത്ത് ഊണും ഉറക്കവും കളഞ്ഞ് അവര്‍ ചെയ്തിട്ടുള്ള അധ്വാനമാണ് ഇത്രയും സാധനസാമഗ്രികള്‍ കേരളത്തില്‍ എത്തിക്കാന്‍ സാധിച്ചത്. യുവാക്കളാണ് കേരളത്തിന്റെ ശക്തി, അവരാണ് കേരളത്തിന്റെ ഭാവി. അതേസമയം ഇതിനിടയിലും പാര്‍ട്ടിയുടെ കൊടികള്‍ ഉയര്‍ത്തി വിഭാഗീയ ശ്രമങ്ങള്‍ നടന്നിരുന്നു. അത്തരം സംഭവങ്ങള്‍ ആവശ്യമില്ലാത്ത ഒന്നാണ്. ഇതു എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിച്ച പ്രശനമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. മുഖ്യമന്ത്രി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്തു. മുമ്പ് ഇതുപോലൊരു അനുഭവപാഠം നമുക്കുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം പതറാതെ വലിയ വെപ്രാളങ്ങളില്ലാതെ അതിനെ നേരിടാന്‍ ശ്രമിച്ചു.
ഭൂകമ്പസാധ്യതകളും അണക്കെട്ടുകളും എക്കാലവും കേരളത്തെ ആശങ്കയിലേക്ക് തള്ളിയിടുന്ന വിഷയങ്ങളാണെന്നു പറഞ്ഞല്ലോ? മുല്ലപെരിയാര്‍ അണക്കെട്ടിന് ഇനിയും എത്രക്കാലം നിലനില്‍പ്പുണ്ടാകും.
മുല്ലപെരിയാറിന്റെ കാര്യത്തില്‍ അതിന്റെ ആയുസ്സിനെപറ്റി ഒന്നും പറയാന്‍ സാധിക്കില്ല. ഒരു ഭൂകമ്പത്തിനുപോലും അണക്കെട്ടിനെ തകര്‍ക്കാനാകും. മുല്ലപെരിയറുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടായിരുന്ന സുവര്‍ണ്ണ അവസരം ഗാര്‍ഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുക എന്നതായിരുന്നു. ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ട് കാലഹരണപ്പെട്ട അണക്കെട്ടുകളുടെ പുനര്‍നിര്‍മ്മാണം ആവശ്യമാണെന്ന് ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് ഇനി ഒരു സാധ്യതക്കുറവാണ്. കേരളത്തില്‍ നിലവില്‍ മുല്ലപെരിയാര്‍ ഉള്‍പ്പെടെ 28 അണക്കെട്ടുകള്‍ പ്രായപരിധി കഴിഞ്ഞ് നില്‍ക്കുന്നു. ആ അണക്കെട്ടുകളൊക്കെയും പുനര്‍നിര്‍മ്മിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടത്താന്‍പോലും ഭരണകൂടം ശ്രമിക്കുന്നില്ല. ഇനി ഏതു നിമിഷവും കേരളം ഒരു വലിയ ഭൂകമ്പത്തെ പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ട്. 117 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വലിയൊരു ഭൂകമ്പം പാലക്കാട് കേന്ദ്രീകരിച്ച് ഉണ്ടാകുകയും ഇന്നത്തെ കോയമ്പത്തൂര്‍ പൂര്‍ണമായും തകര്‍ന്നു പോകുകയും ചെയ്തിരുന്നു. ഓരോ നൂറ്റാണ്ടുകളിലും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാം. അത്തരത്തിലൊരു ഭൂകമ്പത്തെ ഏതു നിമിഷവും കേരളത്തിന് അഭിമുഖീകരിക്കേണ്ടി വരാം.
നഗരങ്ങളെക്കുറിച്ചുള്ള കാഴ്ചപാട് എന്താണ്? എറണാകുളംപോലുള്ള മെട്രോ നഗരങ്ങളുടെ ഭാവി എന്താണ്?
കൊച്ചി എന്ന നഗരം ഒരുപക്ഷേ അറബിക്കടലിലേക്ക് താഴ്ന്നു പോകാന്‍ വലിയ സാധ്യതയുണ്ട്. ലോകത്തിന്റെ ഏല്ലാ ഭാഗത്തുനിന്നുമുള്ള കല്ല്, മണല്‍, സിമെന്റ് എല്ലാം ഒരു സ്ഥലത്തേക്ക്് കേന്ദ്രീകരിക്കുമ്പോള്‍ ഭൂമിയുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. കൊച്ചിയുടെ തീരത്തു നിന്ന് കടലിലേക്ക് 13 കിലോമീറ്റര്‍വരെയുള്ള ഭാഗങ്ങളില്‍ കടലിന്റെ ആഴം 14 മീറ്റര്‍മാത്രമാണ്. പിന്നീടുള്ള ഭാഗം 900 മീറ്റര്‍വരെ ആഴത്തിലേക്ക് പോകുന്നു. അതായത് ഈ 13 കിലോമീറ്റര്‍ എന്നത് ഒരു മണ്‍തിട്ടയാണ്. ഈ തിട്ടയിലാണ് കൊച്ചിയെന്ന നഗരം ഇരിക്കുന്നത്. ഈ തിട്ടയക്ക് താങ്ങാന്‍ കഴിയാത്ത ഭാരം ഉണ്ടായാല്‍ കൊച്ചി അറബിക്കടലിലേക്ക് താഴ്ന്നുപോകും.
പ്രകൃതിയാണ് ഇവിടുത്തെ ഓരോ ജീവജാലങ്ങളെയും നിലനിര്‍ത്തുന്ന ശക്തി. പ്രകൃതിയോട് ഇനി ഏതു രീതിയിലാണ് മനുഷ്യന്‍ നീതിപുലര്‍ത്തേണ്ടത്?
ആഗോളതാപനം കുറക്കുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് കാര്‍ബണ്‍ ഡയോക്സൈഡിനെ ലഘൂകരിക്കാനുള്ള പ്രധാന വഴി. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം ഒരുകോടി ഇരുപതു ലക്ഷമാണ്. അത് സ്വീകാര്യമായ ഒന്നല്ല. അത്തരത്തിലുള്ള വികസനമല്ല നമ്മുക്കാവശ്യം. ലോകത്തില്‍ എല്ലാ വീടുകളിലേക്കും റോഡു നിര്‍മ്മിച്ചിട്ടുള്ള ഏക സംസ്ഥാനം കേരളമാകും.അതൊക്കെ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയാണ്. വികസനം എന്നാല്‍ ശുദ്ധവായുവാണ്, വികസനം എന്നാല്‍ ശുദ്ധമായ ഭക്ഷണവും കുടിവെള്ളവുമാണ്, മനുഷ്യന്റ ശുദ്ധമായ ആരോഗ്യമാണ്. ആ കാഴ്ചപാടുകളിലേക്ക് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ മാറ്റുക, അതാണ് ആവശ്യം.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
ജോണ്‍ പെരുവന്താനം: ഫോട്ടോ ക്രഡിറ്റ്: ബാബു എരുമല
Comments are closed.