ഇനി വൃത്തം മാത്രം, അതുകഴിഞ്ഞ് നായികയാകാം

ചുരുങ്ങിയ സിനിമകളിലൂടെ നായികയായി പേരെടുത്ത ഗൗതമി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ്. എന്നാല്‍ നായികയായല്ല ഭര്‍ത്താവ് ശ്രീനാഥ്‌ രാജേന്ദ്രന്റെ പാത പിന്തുടര്‍ന്ന് സംവിധായികയായിട്ടാണ് എന്ന് മാത്രം. ഗൗതമിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ഗൗതമി  സംവിധായികയാവുന്നതിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കൂടി പ്രവേശിക്കുന്നതിന്റെ സന്തോഷമുണ്ട്. വൃത്തമെന്നാണ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഒരു ക്രൈം ഡ്രാമയാണ് വൃത്തം. സണ്ണി വെയ്ന്‍, ദുര്‍ഗ കൃഷ്ണ, അനൂപ് മേനോന്‍, സൈജു കുറുപ്പ് എന്നിവരൊക്കയാണ് സിനിമയില്‍ അഭിനയിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം നടക്കുന്നത്. ക്രൂവില്‍ ബഹുഭൂരിപക്ഷവും സുഹൃത്തുക്കള്‍ തന്നെയാണ്. ശരിക്കും പറഞ്ഞാല്‍ സുഹൃത്തുക്കളെല്ലാരും ചേര്‍ന്നൊരു സിനിമയെടുക്കുന്നു എന്ന് പറയാം. അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് അത് മാത്രം ചെയ്തങ്ങ് പോയാല്‍ മതിയായിരുന്നു. ഇപ്പോഴത് പറ്റില്ല, ഉത്തരവാദിത്തം കൂടി. അതും വലിയൊരു മാറ്റമാണ്.


സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന് എവിടെയും വെളിപ്പെടുത്തിയില്ല?

സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ എവിടേയും പറയാതിരുന്നത് മനപൂര്‍വ്വം തന്നെയായിരുന്നു. എല്ലാം റെഡിയായതിന് ശേഷം മാത്രം പുറത്ത് പറഞ്ഞാല്‍ മതിയെന്നാണ് കരുതിയത്. അങ്ങനെ എല്ലാം ഒക്കെ ആയതിന് ശേഷമാണ് സിനിമ അനൗണ്‍സ് ചെയ്തത്.

സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടാവുന്നത് എപ്പോഴാണ്?

സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്തൊന്നും സംവിധാനം ചെയ്യണമെന്ന ആഗ്രഹമോ, മോഹമോ , ചിന്തയോ ഒന്നും ഇല്ലായിരുന്നു. പക്ഷെ പിന്നീട് എന്റെ ചുറ്റിലും ഉള്ള ആളുകള്‍ സിനിമയെ കുറിച്ച മാത്രം സംസാരിക്കുന്ന ചിന്തിക്കുന്ന ആളുകളായി മാറിയപ്പോള്‍ എന്റെ ഉള്ളിലും എപ്പോഴെങ്കിലും ഒരു സിനിമ എടുക്കണമെന്ന മോഹം തോന്നി. സത്യത്തില്‍ അഞ്ചാറ് വര്‍ഷം കഴിഞ്ഞ് സിനിമയൊക്കെ ശരിക്ക് പഠിച്ചതിന് ശേഷം സംവിധാനം ചെയ്യണമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാലത് പെട്ടെന്ന് സംഭവിച്ചു.

സംവിധാനം ചെയ്യാനൊരുങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പിന്തുണ?

സിനിമ ചെയ്യാന്‍ ആദ്യം പറഞ്ഞത് ശ്രീനാഥാണ്. അതില്‍ കൂടുതല്‍ സപ്പോട്ടിന്റെ ആവശ്യമില്ലല്ലോ. സംവിധാനം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരിക ശ്രീനാഥാണ്. കാരണം ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സംവിധാനം ശ്രീനാഥിന്റേതാണ്. ആള്‍ ജോളി ടൈപ്പ് ആണെങ്കിലും സമയത്ത് പണി നടന്നില്ലെങ്കില്‍ ചൂടാവുന്ന, ആവശ്യത്തിന് സീരിയസ്സും കര്‍ക്കശകാരനുമായി സംവിധായകനാണ്.


പിന്തുണയുമായി ദുല്‍ഖറിട്ട പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു?

അതെ. ദുല്‍ഖറിന്റെ പോസ്റ്റ് എല്ലാവരും ശ്രദ്ധിച്ചു. ആദ്യ സിനിമയായ സെക്കന്റ് ഷോ മുതല്‍ ദുല്‍ഖറുമായി നല്ല ബന്ധമാണ്. ആ സുഹൃദ് ബന്ധം ഇനിയും എപ്പോഴും ഉണ്ടാവുകയും ചെയ്യും. ശ്രീനാഥിന്റെ അടുത്ത സിനിമയിലെ നായകനും ദുല്‍ഖറാണ്.

സണ്ണി വെയ്‌നുമായി വീണ്ടും ഒരുമിക്കുന്നു?

സെക്കന്റ് ഷോ മുതല്‍ സണ്ണി ചേട്ടനുമായും നല്ല ബന്ധമാണ്. വൃത്തം ശരിക്കും മൂന്ന് വര്‍ഷം മുമ്പ് ആലോചിച്ച് തുടങ്ങിയ സിനിമയാണ്. ഈ സിനിമയുടെ ആലോചന തുടങ്ങിയ സമയം മുതല്‍ സണ്ണി ചേട്ടനെ തന്നെയായിരുന്നു ആ റോളിലേക്ക് ആലോചിച്ചിരുന്നത്.


ഇനി അഭിനയരംഗത്തേക്ക് മടങ്ങി വരവ് ഉണ്ടാകില്ലേ?

തീര്‍ച്ചയായും അഭിനയം എന്തായാലും കാണും. അഭിനയിക്കുന്നതിന് നല്ല വേഷങ്ങളൊന്നും വരുന്നില്ലായിരുന്നു. അതുകൊണ്ടാണ് ഈ സമയത്ത് സിനിമ എടുക്കാം എന്ന് വിചാരിച്ചത്. ഇതു കഴിഞ്ഞതിന് ശേഷം നല്ല സിനിമകള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും.

നായികയായി, സംവിധായികയായി. സിനിമയിലെ അടുത്ത മേഖല ഏതാണ്?

ഏതായാലും വൃത്തം കഴിഞ്ഞിട്ടേയുള്ളൂ അതേ കുറിച്ചുള്ള ആലോചന.

സിനിമയിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാത്തത് മനപൂര്‍വ്വമാണോ?

സത്യത്തില്‍ ഒരു സംഘടനയിലും എനിക്ക് മെംബര്‍ഷിപ്പില്ല. അമ്മയില്‍ മെംബര്‍ഷിപ്പ് എടുക്കേണ്ട സമയത്ത് എടുത്തില്ല. പിന്നെ അതേ കുറിച്ച് ആലോചിച്ചിട്ടുമില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More