ക്വാറിക്കുഴിയില്‍ പിളരുന്ന കേരളം

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം പേമാരിയുടേയും പ്രളയത്തിന്റേയും ഉരുള്‍ പൊട്ടലിന്റേയും ദുരന്തങ്ങളിലൂടെ കടന്ന് പോയി. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ സര്‍ക്കാരും ജനവും ഇരുന്നപ്പോഴാണ് 2019-ലും ദുരന്തത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത്. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ട് വരികയും ചെയ്തു. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെ എഫ് ആര്‍ ഐ) ഒരു പഠനത്തില്‍ കേരളത്തില്‍ ഇതുവരെ ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. എന്നാല്‍ ഈ റിപ്പോര്‍ട്ട് വളരെയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയി. റിപ്പോര്‍ട്ടിനെ കുറിച്ചും ക്വാറിയിങ്ങിനെക്കുറിച്ചും തൃശൂര്‍ പീച്ചിയിലെ കെ എഫ് ആര്‍ ഐയിലെ ഗവേഷകനായ ടി വി സജീവ് കെ സി അരുണുമായി സംസാരിക്കുന്നു.

ഗാഡ് ഗില്ലിനെ കേരളം മനസ്സിലാക്കിയില്ല

2011-ല്‍ വന്ന ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു ലാന്‍ഡ് മാര്‍ക്കായിരുന്നു. അതിന് മുമ്പ് പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ചുള്ള ധാരണ ഒരു പ്രധാനപ്പെട്ട പ്രദേശമുണ്ടെങ്കില്‍ സംരക്ഷിക്കുക എന്നതായിരുന്നു. നാഷണല്‍ പാര്‍ക്കായിട്ടോ വൈല്‍ഡ് ലൈഫ് സാങ്ച്വറിയായിട്ടോ ടൈഗര്‍ റിസര്‍വ് ആയിട്ടോ സംരക്ഷിച്ചിരുന്നു. അത്തരത്തിലൊരു കണ്‍സര്‍വേഷന്‍ മാത്രമേ നമുക്ക് പരിചയമുള്ളൂ. അത് പ്രാധാനമായും തീരുമാനിക്കപ്പെട്ടത് പ്രധാനപ്പെട്ട മൃഗങ്ങളുടെ പേരിലായിരുന്നു. അത് കൂടാതെ അണക്കെട്ടുകളുടെ കാച്ച്‌മെന്റ് ഏര്യയും സംരക്ഷിക്കപ്പെട്ടിരുന്നു. ഈ രണ്ട് രീതികളിലാണ് ഇന്ത്യയില്‍ സംരക്ഷിത പ്രദേശങ്ങള്‍ വന്നത്.

ആ പ്രദേശം മാത്രമല്ല സംരക്ഷിക്കപ്പെടേണ്ടത് എന്ന് പിന്നീട് നമ്മള്‍ മനസ്സിലാക്കി. ആ ഒരു സാഹചര്യത്തിലാണ് കമ്മീഷനെ വയ്ക്കുന്നത്. അവരുടെ പഠനത്തില്‍ നൂതനമായ മെത്തഡോളജി സ്വീകരിച്ചിരുന്നു. പശ്ചിമ ഘട്ട മേഖലയുടെ അതിര്‍ത്തി കൃത്യമായി തീരുമാനിച്ചു. അതിന് ശേഷം ഈ മേഖലയെ ഒമ്പത് സ്‌ക്വയര്‍ കിലോമീറ്ററിലെ ഭൂപ്രദേശങ്ങളായി വിഭജിച്ചു. അതിന് ശേഷം ഈ ഓരോ ഗ്രിഡിന്റേയും പ്രാധാന്യം ജൈവവൈവിധ്യം, ചരിവ്, ജനസാന്ദ്രത, ജനങ്ങളുടെ അഭിപ്രായം, കൃഷി തുടങ്ങിയ 19 വ്യത്യസ്ത പാരാമീറ്റേഴ്‌സിനെ വച്ച് അസെസ് ചെയ്ത് ഗ്രേഡ് ചെയ്തു.

എന്നിട്ട് ഓരോ ഗ്രിഡിനുമുള്ള സ്‌കോര്‍ കണക്കാക്കി. സ്വാഭാവിക വനത്തിനും ഇങ്ങനെ സ്‌കോര്‍ ചെയ്തു. സ്വഭാവിക വനത്തിന് തുല്യമായതോ അതില്‍ കൂടിയതോ ആയ സ്‌കോര്‍ കിട്ടിയ മേഖലകളെ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏര്യ ഒന്നായിട്ടും അതിന് താഴെയുള്ളവയെ രണ്ടായും മൂന്നായും തിരിച്ചു.

ഒരു സ്ഥലത്തും ഒന്നും ചെയ്യാന്‍ പാടില്ലെന്ന് അല്ലായിരുന്നു ചെയ്തത്. റെഡ് കാറ്റഗറിയിലെ വ്യവസായം വേണമെങ്കില്‍ സോണ്‍ മൂന്നില്‍ തുടങ്ങാം. ക്വാറിയും മൂന്നില്‍ നടത്താം. രണ്ടിലും ഒന്നിലും പാടില്ല. ഇങ്ങനത്തെ നിയന്ത്രണങ്ങള്‍ ആണ് വന്നത്.



ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണം ക്വാറികള്‍

റിപ്പോര്‍ട്ട് വന്നതിനുശേഷം ഞങ്ങള്‍ക്ക് മനസ്സിലായ ഒരു കാര്യം, കേരളത്തില്‍ ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണം ക്വാറികള്‍ ആണ്. കാരണം അത് പെര്‍മെനന്റ് ഡാമേജാണ് ഉണ്ടാക്കുന്നത്. ഒരു പ്രദേശം മുഴുവന്‍ കുഴിഞ്ഞ് പോകുകയാണ്. അങ്ങനെ പെര്‍മനന്റ് ആയ ഡാമേജ് വന്നയിടങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ എത്ര ക്വാറികള്‍ ഉണ്ടെന്നതിന ചോദ്യത്തിന് കൃത്യമായ ഉത്തരം എവിടേയുമില്ല. ആര്‍ക്കുമറിയില്ല. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പോയാല്‍ ആ വര്‍ഷം അവര്‍ ലൈസെന്‍സ് കൊടുത്ത ക്വാറികളുടെ എണ്ണമാണ് കിട്ടുക. അപ്പോഴും അത് എവിടെയാണ് എന്നുള്ളതിനെക്കുറിച്ച് അവ്യക്തതയുണ്ട്. ആ സാഹചര്യത്തിലാണ് കേരളത്തിലെ ക്വാറികളെ കുറിച്ചൊരു പഠനം കേരള വന ഗവേഷണ കേന്ദ്രം (കെ എഫ് ആര്‍ ഐ) നടത്തിയത്.

ഞങ്ങള്‍ ചെയ്തത് ഗൂഗിള്‍ എര്‍ത്ത് വച്ചിട്ട് കേരളം മൊത്തം സ്‌കാന്‍ ചെയ്തു. ധാരാളം സമയം എടുത്ത പ്രക്രിയയാണ്. ഒരു അറ്റം മുതല്‍ മറ്റേയറ്റം വരെ സ്‌കാന്‍ ചെയ്ത് കേരളത്തില്‍ ആകെ 5924 ക്വാറികളുണ്ടെന്ന് കണ്ടെത്തി. എന്നിട്ട് അതൊരു മാപാക്കി മാറ്റി. കേരളത്തില്‍ പുഴയുടെ ശൃംഖലകളുടെ ഒരു മാപ് ഉണ്ട്. ഇത് രണ്ടും വച്ച് സൂപ്പര്‍ ഇംപോസ് ചെയ്തു. ഈ ക്വാറികള്‍ പുഴയുമായി എത്രമാത്രം അടുത്താണ് എന്ന് കണ്ടെത്തി. അതിനുശേഷം, ഹസാര്‍ഡ് മാപുമായി സൂപ്പര്‍ ഇംപോസ് ചെയ്തു. ഭൂകമ്പം വരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ലാന്‍ഡ് സ്ലൈഡ് വരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ഭ്രംശമേഖകള്‍ എല്ലാം ഈ മാപിലുണ്ട്. ഈ പ്രദേശങ്ങളില്‍ വരുന്ന ക്വാറികളെ കണ്ടെത്തി.

അതിനുശേഷം ഗാഡ് ഗില്‍ കമ്മിറ്റി തയ്യാറാക്കിയ മാപുണ്ട്. അതുമായി സൂപ്പര്‍ ഇംപോസ് ചെയ്ത്, എത്ര ക്വാറികള്‍ സോണ്‍ ഒന്നിലുള്ളത്, രണ്ടിലുള്ളത്, മൂന്നിലുള്ളത് എന്നിങ്ങനെ കണ്ടെത്തി. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ മാപിലും ഇതേ പ്രോസസ് ചെയ്തു. സോണ്‍ ഒന്നില്‍ 1486 ക്വാറികളും രണ്ടില്‍ 169 ക്വാറികളും മൂന്നില്‍ 1677 ക്വാറികളുമാണ് ഉള്ളത്. ഇത് കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ക്വാറികളാണ്. ഇവയില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നു, പ്രവര്‍ത്തിക്കുന്നില്ല എന്ന കണക്കുകള്‍ ആരുടേയും കൈവശം ലഭ്യമല്ല. ഫീല്‍ഡ് വെരിഫിക്കേഷനിലൂടെ മാത്രമേ നമുക്ക് അത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. ആ പ്രക്രിയ ഈ വര്‍ഷം ചെയ്യുന്നുണ്ട്. 2017-ല്‍ ഗാഡ് ഗില്‍ പങ്കെടുത്ത ഒരു സിംപോസിയത്തില്‍ ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

എവിടെയാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായതെന്നും എവിടെയാണ് ക്വാറികള്‍ ഉള്ളതെന്നും പഠനം ആവശ്യമാണ്. ഈ ക്വാറികളില്‍ ബ്ലാസ്റ്റ് നടക്കുന്നുണ്ട്. ബ്ലാസ്റ്റുകള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവ ധാരാളം ദൂരത്തില്‍ പോകാന്‍ സാധ്യതയുണ്ട്. അതിന്റെ കോസ് ആന്റ് എഫക്ട് അറിയണമെങ്കില്‍ വിശദമായ പഠനം ആവശ്യമുണ്ട്. അത് സ്ട്രക്ചറല്‍ ജിയോളജി വകുപ്പ് ചെയ്യേണ്ടതുണ്ട്. ഈ പൊട്ടലുകള്‍ എങ്ങനെയാണ് ഒരു ഭൂപ്രദേശത്തെ ബാധിക്കുകയെന്ന് കണ്ടെത്തേണ്ടതുണ്ട്. അത്തരമൊരു പഠനം നടത്തുന്നതിന് ആവശ്യമായ ഒരു ടീമിനെ ബില്‍ഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്.

ക്വാറി എങ്ങനെയാണ് ഉരുള്‍ പൊട്ടലിന് കാരണമാകുന്നത്?

ക്വാറികള്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രമേ നിര്‍ത്തി വയ്ക്കാറുള്ളൂ. തുടര്‍ച്ചയായ ബ്ലാസ്റ്റാണ് സംഭവിക്കുന്നത്. വായുവില്‍ ശബ്ദം സഞ്ചരിക്കുന്നതിനേക്കാള്‍ വളരെ വേഗത്തിലാണ് ഭൂമിയ്ക്കടിയിലൂടെ ഈ ബ്ലാസ്റ്റുകളുടെ ശബ്ദം പോകുന്നത്. ഈ തുടര്‍ച്ചയായ ബ്ലാസ്റ്റുകള്‍ മണ്ണും പാറയും തമ്മിലെ ബന്ധത്തെ ഉലയ്ക്കും. മുകളിലെ മരങ്ങള്‍ നഷ്ടമാകുന്നതും ബാധിക്കും. ഇങ്ങനെ അസ്ഥിരത വരുന്ന പ്രദേശങ്ങളില്‍ അതിവൃഷ്ടി വരുമ്പോള്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടാകും. ക്വാറികള്‍ ഉണ്ടാക്കുന്ന നാശനഷ്ടം സ്ഥിരമായ ഒന്നാണ്. ആ പ്രദേശത്തെ നമുക്ക് റീക്ലെയിം ചെയ്യാന്‍ സാധിക്കില്ല.

ഇപ്പോള്‍ ചെയ്യുന്നത് മാലിന്യങ്ങള്‍ തള്ളുകയെന്നതാണ്. ഗോവയില്‍ ഖനനം നിരോധിച്ചശേഷം ക്വാറികള്‍ അഡ്വെഞ്ചര്‍ പാര്‍ക്കുകളായി മാറി. റോക്ക് ക്ലൈംബിങ്ങ് പഠിക്കാനൊക്കെ ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ വനം തന്നെ വച്ച് പിടിപ്പിച്ചിട്ടുണ്ട്. നമ്മുടെ ആശങ്ക അതല്ല. ഈയിടങ്ങള്‍ നാളെ വന്‍തോതിലെ മനുഷ്യ നാശത്തിന് ഇടയാക്കും എന്നുള്ളതാണ്.



റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലേ?

റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുക വളരെ പതിയെയാണ്. സര്‍ക്കാരുകള്‍ ശാസ്ത്രീയമായ അറിവുകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നുള്ളതാണ് ഏറ്റവും പ്രധാനം. ഗവേഷകരും വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെയുണ്ട്. ഇത്രയും വലിയൊരു സമൂഹത്തെ ഭരണത്തിന് ഉപയോഗിക്കണം. അവരെയൊക്കെ ഉപയോഗിക്കുമ്പോഴേ അതുകൊണ്ടുള്ള ഗുണങ്ങളുണ്ടാകൂ. ആ ഒരു സംവിധാനം നമുക്കില്ല. അതിന് പകരം ഭരണത്തെ നിയന്ത്രിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. മറ്റ് പല രാജ്യങ്ങളും സുരക്ഷിതമായി പോകുന്നുവെന്ന് ചോദിച്ചാല്‍ അവിടത്തെ ഭരണകൂടം ഒരു തീരുമാനമെടുക്കുമ്പോള്‍ ആദ്യം ആശ്രയിക്കുക ശാസ്ത്ര സമൂഹത്തെയാണ്.

ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അങ്ങനെയൊരു സാധനമാണ്. ഇവിടെ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് അശാസ്ത്രീയമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ല് വേണ്ടേ?

ഖനനം പൊതുമേഖലയില്‍ കൊണ്ട് വരണം. ആകെ ഇന്ന് ലഭ്യമായ കല്ലുകള്‍ മാത്രമേയുള്ളൂ. നാളെ പുതുതായി കല്ലുകള്‍ ഉണ്ടാകില്ല. അതിനാല്‍ ഏറ്റവും സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒരു വിഭവമാണിത്. പൊതുമേഖലയില്‍ കൊണ്ട് വന്നാല്‍ മാത്രമേ അങ്ങനെയൊരു ഉപയോഗം നടക്കത്തുള്ളൂ. സഹകരണ മേഖലയിലും നടത്താവുന്നതാണ്. അതുമല്ലെങ്കില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ ഏല്‍പ്പിക്കാം.

ഇന്നിപ്പോള്‍ എത്രയളവ് കല്ലുകള്‍ പൊട്ടിക്കുന്നുവെന്ന് പോലും ആര്‍ക്കും അറിയില്ല. വലിയ തോതിലെ അഴിമതിയുള്ള മേഖലയാണിത്. പൊട്ടിക്കുന്ന കല്ലുകളുടെ അളവ് കൃത്യമായി കിട്ടണമെങ്കില്‍ ഖനനം പൊതുമേഖലയില്‍ കൊണ്ടുവരണം.

ഇപ്പോള്‍ ആവശ്യത്തിലും അധികം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. വയനാട്ടില്‍ ഞാന്‍ കണ്ടൊരു കാഴ്ച എന്താണെന്ന് വച്ചാല്‍, കബനീ തടത്തിലേക്ക് ഒരു റോഡുണ്ട്. ആ റോഡ് നിര്‍മ്മിച്ചിരിക്കുന്നത് അര മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലുകള്‍ അടുക്കിയാണ്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, ആ റോഡ് നില്‍ക്കുന്ന വാര്‍ഡിലെ പഞ്ചായത്ത് അംഗത്തിനൊരു ക്വാറിയുണ്ട്. ആ ക്വാറിയില്‍ നിന്നുള്ള കല്ലുകള്‍ ഒരു സര്‍ക്കാര്‍ പദ്ധതിയുണ്ടാക്കി ഈ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. ആ റോഡ് കബനി മുറിച്ച് കടന്ന് പോകാനൊരു പാലം വരാനുള്ള സാധ്യതയൊട്ടുമില്ല.

കരിങ്കല്ല് തേക്ക് പോലെ വില്‍ക്കണം

തേക്ക് വില്‍പന മാതൃകയാക്കി വേണം കരിങ്കല്ലിന്റേയും ദേശസാല്‍ക്കരണം. ഒരാള്‍ കെട്ടിട നിര്‍മ്മാണം നടത്തുമ്പോള്‍ ആവശ്യമുള്ള കരിങ്കല്ലിന്റെ അളവ് തിട്ടപ്പെടുത്തി സര്‍ക്കാര്‍ നടത്തുന്ന ക്വാറികളില്‍ നിന്ന് നല്‍കണം. ഇപ്പോള്‍ തേക്കിന്റെ വില്‍പന നടക്കുന്നത് അങ്ങനെയാണ്. കൂടെ ബില്‍ഡിങ് കോഡുകള്‍ നടപ്പിലാക്കണം. കൊട്ടാരം പോലുള്ള വീടുകള്‍ക്ക് പകരം ചെറിയ വീടുകള്‍ പണിയണം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More