“ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ അങ്കമാലി ഡയറീസ് വേറെ സിനിമയാകുമായിരുന്നു”
ഒരു കട്ട ലോക്കൽ പടം എന്ന ടാഗ്‌ലൈനോടെ വന്ന അങ്കമാലി ഡയറീസ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് വിജയത്തേരേറി. അങ്കമാലിയുടെ ചൂടും ചൂരും ജീവനും ജീവിതവും പറച്ചു നട്ടതു പോലുള്ള സിനിമ എഴുതിയൊരുക്കിയത് മലയാളിയുടെ പ്രിയ നടൻ ചെമ്പൻ വിനോദാണ്. സിനിമ കണ്ടിറങ്ങുന്നവരെല്ലാം അങ്കമാലിയിൽ പോയി വന്നതു പോലെ എന്നഭിപ്രായപ്പെടുമ്പോൾ സന്തോഷിക്കുകയാണ് ചെമ്പനിലെ എഴുത്തുകാരൻ. ഒരു കാലത്ത് ചെമ്പൻ വിനോദ് എന്ന നടൻ കയ്യടി നേടിയിരുന്നെങ്കിൽ ഇപ്പോൾ അഭിനന്ദനം ഏറ്റുവാങ്ങുന്നത് ചെമ്പൻ വിനോദ് എന്ന തിരക്കഥാകൃത്താണ്. അങ്കമാലി ഡയറീസിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ചെമ്പൻ വിനോദ് മീരയുമായി സംസാരിക്കുന്നു.
അങ്കമാലി ഡയറീസിന്റെ വിജയം പ്രതീക്ഷിച്ചിരുന്നോ?
ഇല്ല. ഇത്രയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ചെമ്പന്റെ തിരക്കഥ തന്റെ രീതിയിലേക്ക് മാറ്റിയിരുന്നുവെന്ന് ലിജോ പറഞ്ഞിരുന്നു. വലിയ മാറ്റം ഉണ്ടായിരുന്നോ?
തിരക്കഥയിൽ ഞാൻ എഴുതിയ എല്ലാ ഡയലോഗുകളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ലിജോയുടേതായ മാറ്റം വരുത്തിയത് എഡിറ്റിംഗിലാണ്. ഞാനെഴുതിയത് രണ്ടു മൂന്ന് സിനിമയ്ക്കുള്ള മെറ്റീരിയൽ ഉണ്ടായിരുന്നു. അപ്പോൾ അവൻ പറഞ്ഞു. അത്രയും പറ്റില്ല. രണ്ടര മണിക്കൂർ സിനിമയ്ക്കുള്ളതാക്കി മാറ്റണമെന്ന്. അങ്ങനെ ഞാൻ കുറെ വെട്ടിച്ചുരുക്കി. പിന്നീട് ഞങ്ങൾ രണ്ടുപേരും ചേർന്നിരുന്ന് ഒരു ട്രിമ്മിംഗ് കൂടി നടത്തി. അവൻ പറഞ്ഞത് , നീയാണ് തിരക്കഥ എഴുതുന്നതെങ്കിൽ മുഴുവൻ തിരക്കഥയുമായി വരൂ. ഞാനും കൂടി ചേർന്നാൽ അത് എന്റെ തിരക്കഥയും കൂടിയാകും. അത് വേണ്ട എന്നാണ്. അവൻ അത്തരം ഒരു ഫോർമാറ്റ് ഫോളോ ചെയ്യുന്ന ആളാണ്. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലുള്ള പൂർണ സ്വാതന്ത്ര്യം അവൻ എനിക്ക് നൽകി. സംവിധായകൻ എന്ന സ്വാതന്ത്യം ഞാൻ അവനും നൽകി. അതേസമയം, ഷൂട്ടിംഗ് സമയത്തെ ഇംപ്രവൈസേഷൻ നടന്നിട്ടുണ്ട്.
എല്ലാവരും പുതുമുഖങ്ങളായിരിക്കണമെന്ന തീരുമാനം ആരുടേതായിരുന്നു?
ആദ്യം ലിജോയാണ് ഇത് സജസ്റ്റ് ചെയ്തത്. അന്ന് ഞാൻ അത് വേണ്ടെന്ന് പറഞ്ഞു. ബുദ്ധിമുട്ടാകും വർക്ക് ഔട്ട് ആകാൻ എന്ന് ഞാൻ പറഞ്ഞു. പിന്നെ, തിരക്കഥ പൂർത്തിയായപ്പോൾ ഞാൻ തന്നെ ലിജോയോട് പറഞ്ഞു. ഇത് ഞാൻ സംവിധാനം ചെയ്യാനിരുന്ന പടമായിരുന്നു. ലിജോയെ ഏൽപ്പിച്ചപ്പോൾ ഞാൻ ഇൻസിസ്റ്റ് ചെയ്തത്, പുതുമുഖങ്ങളെ വച്ചാണെങ്കിൽ മാത്രം നീ ചെയ്യുക, അല്ലെങ്കിൽ വിട്ടേക്കാം എന്ന്. ലിജോ അത് സന്തോഷപൂർവം ഏറ്റെടുത്തു.
എന്തുകൊണ്ട് സംവിധാനം വേണ്ടെന്ന് വച്ചത്?
നമുക്ക് അറിയാവുന്ന പണി ചെയ്താൽ പോരേ? എന്തിനാണ് നാട്ടുകാരുടെ ചീത്ത കേൾക്കുന്നത്. നമുക്ക് മുമ്പേ സഞ്ചരിച്ച ഒരുപാട് മഹാരഥന്മാരുണ്ടല്ലോ. അതിഗംഭീരമായ സ്ക്രിപ്റ്റ് എഴുതുകയും സംവിധാനം ചെയ്തപ്പോൾ വലിയ തോൽവികളാവുകയും ചെയ്തവർ. ആരുടെയും പേരെടുത്ത് ഞാൻ പറയുന്നില്ല. അങ്കമാലി ഡയറീസ് ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ വേറെ സിനിമയാകുമായിരുന്നു. ഒരുപക്ഷേ, ഇതിനേക്കാൾ നല്ല സിനിമയോ അല്ലെങ്കിൽ വളരെ മോശം സിനിമയോ ആയേക്കാം. എന്തായാലും ഞാൻ വിചാരിച്ചതിനേക്കാൾ വളരെ മുകളിലുള്ള സിനിമയാണ് ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ നമുക്ക് നൽകിയ അങ്കമാലി ഡയറീസ്. ഞാൻ ചെയ്തിട്ട് ജനം സ്വീകരിച്ചിരുന്നെങ്കിൽ മാത്രമേ അതൊരു മഹത്തരമായ സിനിമയായി മാറുമായിരുന്നുള്ളൂ. നിലവിൽ ഇതൊരു കൾട്ട് സിനിമ എന്ന നിലയിലായിട്ടുണ്ട്. ലിജോയുടെ പണിയാണ് ഡയറക്ഷൻ. ഞാൻ സംവിധാനം എന്ന പണി വേണ്ടെന്ന് വച്ചിരിക്കുകയാണ്.
പുതുമുഖങ്ങളിൽ അനുജൻ ഉല്ലാസും ഉണ്ടായല്ലോ?
അത് എന്റെ അനിയൻ ആയതുകൊണ്ടല്ല. അവൻ അവിടെ ഉണ്ടായിരുന്നു. എന്നാൽ, ഇവനെക്കൊണ്ടും ഓഡിഷൻ എടുപ്പിക്കാം എന്ന് ലിജോയാണ് പറഞ്ഞത്. ഓഡിഷനിൽ അവൻ നന്നായി ചെയ്തതു കൊണ്ടാണ് ആ വേഷം കിട്ടിയത്. ലിജോയുടെ തീരുമാനമായിരുന്നു.
താങ്കളുടെ ഗസ്റ്റ് അപ്പിയറൻസോ?
അത് ഞാൻ ആവശ്യപ്പെട്ടതായിരുന്നു. മാർക്കറ്റിലെ ഒരു രംഗത്തിലായിരുന്നു അത് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത്. ലിജോയാണ് അത് കല്ല്യാണ രംഗത്തിലേക്ക് ആക്കിയത്. പക്ഷേ, ഡയലോഗും വരവും അങ്ങനെത്തന്നെ വേണമെന്ന് ഞാൻ പറഞ്ഞതായിരുന്നു.
അനുരാഗ് കശ്യപും മറ്റും സിനിമയെ പുകഴ്ത്തുകയുണ്ടായല്ലോ. റീമേക്ക് സംഭവിക്കുമോ?
റീമേക്കിനുള്ള സാധ്യതകൾ കുറവായിരിക്കും. നമ്മൾ കൾട്ട് സിനിമകൾ എന്ന് പറയപ്പെടുന്ന സിനിമകൾ റീമേക്ക് ചെയ്യാറില്ല. റീമേക്ക് ചെയ്താൽ അതിന്റെ എല്ലാ ബ്യൂട്ടിയും പോയല്ലോ. ഇതിലെ തമാശയാണെങ്കിലും ബിസിനസ് ആണെങ്കിലും ലോക്കൽ ടൗണിന്റെ ഫ്ലേവറാണെങ്കിലും അത് മലയാളികൾക്ക് മാത്രം മനസ്സിലാകുന്നതാണ്. ഇത് ഇങ്ങനെ തന്നെ അഡാപ്റ്റ് ചെയ്ത് വേറെ ഭാഷയിൽ ചെയ്യാനാവില്ല. ആരെങ്കിലും റീമേക്കിന് എന്ന് പറഞ്ഞ് വന്നാൽ കൊടുക്കും. നമുക്ക് കുറച്ച് പൈസ കിട്ടുന്ന കാര്യമല്ലേ.
ചിത്രം പോളണ്ടിൽ റിലീസാവാൻ പോവുകയാണെന്ന് കേട്ടല്ലോ?
അതേപ്പറ്റി എനിക്ക് വലിയ അറിവില്ല. മിഡിൽ ഈസ്റ്റിലും മറ്റും സിനിമ കളിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ നല്ലതാണെന്ന് പറഞ്ഞിട്ട് എല്ലായിടത്തും കളിച്ച് പ്രൊഡ്യൂസ് ചെയ്ത ആൾക്ക് നഷ്ടം വരാൻ പാടില്ലല്ലോ. എല്ലാ കാര്യവും നോക്കണമല്ലോ. എന്തായാലും ഫ്രാൻസിലേക്കും മറ്റും അപ്ളൈ ചെയ്തിരുന്നു. നടപടിയെല്ലാം പൂർത്തിയാക്കാൻ സമയമെടുക്കും എന്നാണ് അറിവ്.
ജനം ടിവിയിലെ റിവ്യൂ, അടച്ചുമൂടിയ വാഹനം കസ്റ്റഡിയിലെടുക്കൽ, ഗിരിജാ തീയേറ്ററിൽ ഹോൾഡ് ഓവർ ആക്കാനുള്ള നീക്കം എന്നിങ്ങനെ സിനിമ റിലീസ് ആയപ്പോൾ മുതൽ വിവാദങ്ങളാണല്ലോ?
വിവാദങ്ങളൊന്നും സിനിമ ബാധിക്കുന്നതായി തോന്നുന്നില്ല. ജനം ടിവിയിലെ നിരൂപണത്തെക്കുറിച്ച്, അദ്ദേഹം വളരെ ബുദ്ധിമാനും പണ്ഡിത ശ്രേഷ്ഠനുമാണ്. അദ്ദേഹത്തിന്റെ അത്ര അറിവോ ലോക പരിചയമോ എനിക്കില്ല. അത്ര സൂക്ഷ്മമായി സിനിമയെ നിരീക്ഷിക്കാനുള്ള കഴിവോ പാരാമീറ്റേഴ്സോ എനിക്ക് അറിയില്ല. അതുകൊണ്ട് അതേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. മൂവാറ്റുപുഴയിൽ വാഹനം തടഞ്ഞ സംഭവം ഡിവൈ.എസ്.പി വളരെ മോശമായാണ് അതിലിരുന്ന പെൺകുട്ടിയോടും മറ്റുള്ളവരോടും പെരുമാറിയത്. വണ്ടി സ്റ്റിക്കറൊട്ടിച്ച് പോവുകയെന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. അങ്ങനെ പോയെങ്കിൽ വണ്ടി പിടിച്ചെടുക്കാമായിരുന്നു. ഡിവൈ.എസ്.പി വന്ന് അറസ്റ്റ് ചെയ്യാൻ മാത്രമുണ്ടായിരുന്നോ? അതിനേക്കാൾ വലിയ പ്രശ്നം എന്തൊക്കെയുണ്ട് ഇവിടെ? അവർക്ക് റോഡിലിറക്കി നിർത്താം. വണ്ടി ഞങ്ങൾ പിടിച്ചെടുത്തു, ഓട്ടോ പിടിച്ചു പോയ്ക്കോളൂ എന്ന് പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. അല്ലാതെ, അതിലുള്ള പെൺകുട്ടിയോട് നിനക്കെന്താടി ഇവന്മാരുമായി ഇടപാട്, നിന്റെ പേര് ഞങ്ങൾ മാറ്റും എന്നൊക്കെ പറയുന്നത് മോശമല്ലേ. തീയേറ്ററിന് മുന്നിൽ വച്ചാണ്. പോസ്റ്റർ നോക്കിക്കോളൂ എന്ന് അവർ പറഞ്ഞിട്ട് പോലും പൊലീസ് കേട്ടില്ല. മൂന്നാമത്തേത്, ഗിരിജാതീയേറ്ററിലെ. അത് സ്ഥിരം സംഭവിക്കുന്നതാണ്. ഗിരിജാ തീയേറ്ററിൽ മാത്രമല്ല, പല തീയേറ്ററിലും സംഭവിക്കുന്നതാണ്. ഓരോരുത്തരുടെ താൽപര്യം അനുസരിച്ചാണ്. ഓരോ കാലഘട്ടം കഴിയുന്തോറും സിനിമയെ സ്നേഹിക്കുന്നവരുടെ ആധിപത്യം സിനിമയുടെ മേൽ വരുന്നുണ്ട്. കുറേക്കഴിയുമ്പോൾ നാലഞ്ചു വർഷം കഴിയുമ്പോൾ പ്രോപ്പർ സിനിമാലവേഴ്സ് ആകുമായിരിക്കും. ഇതൊക്കെ അന്ന് മാറുമെന്ന് പ്രതീക്ഷിക്കാം.
ദിലീപിന്റെ സിനിമയ്ക്ക് വേണ്ടിയാണ് അങ്കമാലിയെ ഹോൾഡ് ഓവർ ചെയ്യുന്നതെന്ന ആരോപണമുണ്ടല്ലോ?
അത് എനിക്ക് അറിയില്ല. ചിലപ്പോൾ ആയിരിക്കാം. ഒന്നാമത്തെ കാര്യം ഞാൻ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്ത ആളാണ്. അങ്കമാലി ഡയറീസ് ഞാൻ എഴുതിയത് കൊണ്ടും അതിന്റെ പ്രൊഡക്ഷനിൽ ഭാഗമായിരുന്നതു കൊണ്ടും മാത്രമാണ് ഇതൊക്കെ നോക്കിയത് തന്നെ. എന്തായാലും കുറച്ചുകാലം കൊണ്ട് ഇത് ആരുടെ കയ്യിലാണോ എത്തിച്ചേരേണ്ടത് അവരിൽ എത്തിച്ചേരും.
അടുത്ത പദ്ധതി? തിരക്കഥ?
അതേക്കുറിച്ചൊന്നും തീരുമാനിച്ചില്ല. ഞാനിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയിച്ചു കോണ്ടേയിരിക്കും.ഇപ്പോൾ ഈ സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. കുറച്ചുകാലം ആ സന്തോഷത്തിൽ അങ്ങ് പോകട്ടെ. ഒരു വർഷം അങ്ങനെ പോകട്ടെ. തിരക്കഥയെഴുതി തരാനൊന്നും ആരും സമീപിച്ചിട്ടില്ല.
ലിജോ?
ടീനേജ് ലെവൽ സുഹൃത്താണ്. ലോക സിനിമയെക്കുറിച്ചും അതിന്റെ ടെക്നിക്കൽ വശങ്ങൾ പറഞ്ഞ് തന്നതും ലിജോയാണ്. എന്നെ സിനിമയിലേക്ക് കൊണ്ടു വന്നതും അവനാണ്. അടുത്ത സുഹൃത്തുക്കളാണ്. സപ്തമശ്രീയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ കെമിസ്ട്രി ആ സീനിൽ കാണാമായിരുന്നു. അതേ കെമിസ്ട്രിയാണ് ഇപ്പോൾ അങ്കമാലിയിലും വർക്ക് ഔട്ടായത്. അവന് അങ്കമാലിയെ അറിയാം. എന്നെ അറിയാം.
ഈ കഥാപാത്രങ്ങളെ മുൻപരിചയമുള്ളതാണോ?
ഈ പേരുകളൊക്കെ അങ്കമാലിയിലുള്ളതാണ്. അപ്പാനി രവിയും മാർട്ടിയുമൊക്കെ. പക്ഷേ, ഗുണ്ടായിസമൊന്നുമല്ല. വേറെ പല ജോലിയൊക്കെ ചെയ്ത് ജീവിക്കുന്നവരാണ്. ചില ഇൻസിഡന്റ്സ് നടന്നിട്ടുണ്ട്. ചില വലിയ സംഭവങ്ങൾ ഞാൻ വെട്ടിച്ചെറുതാക്കി ഉപയോഗിച്ചിട്ടുണ്ട്. ചില ചെറിയ സംഭവങ്ങൾക്ക് എന്റേതായ എക്സ്റ്റൻഷൻ കൊടുത്തിട്ടുമുണ്ട്.
സിനിമയിലേക്ക് വന്നത്?
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ സിനിമയിലൂടെയാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നത്. അതിന്റെ തിരക്കഥ ചർച്ച ചെയ്യുന്നതിനിടയിൽ ഈ കാരക്ടർ നീ ചെയ് എന്ന് പറഞ്ഞ് എനിക്ക് നീട്ടിയ വേഷമാണ് നായകനിലെ ശരവണൻ. സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചോ സ്വപ്നം കണ്ടോ അല്ല ഞാൻ സിനിമയിലെത്തിയത്. അതിന് വേണ്ടി ശ്രമിച്ചിട്ടുമില്ല. വളരെ യാദൃശ്ചികമായി സിനിമയിലേക്ക് വന്നതാണ്. ബാംഗ്ലൂരിൽ ബിസിനസുമായി കഴിയുകയായിരുന്നു ഞാൻ. എന്റെ പ്രൊഫഷൻ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്നു. അതിലും ഒന്നും ചെയ്തിട്ടില്ല. ആമേൻ സിനിമയ്ക്ക് ശേഷമാണ് ഞാൻ സിനിമയെ കുറിച്ച് സീരിയസായി ചിന്തിക്കുന്നത്.
കുടുംബം?
അങ്കമാലി മാളിയേക്കൽ ജോസഫ് ജോസിന്റെയും ആനി ജോസഫിന്റെയും മൂന്ന് മക്കളിൽ ഒരാളാണ് ഞാൻ. മാളിയേക്കൽ വീട് നാട്ടിൽ അറിയപ്പെടുന്ന പേരാണ് ചെമ്പൻ എന്നത്. അങ്ങനെയാണ് ഞാൻ ചെമ്പൻ വിനോദായത്. ഭാര്യ സുനിത. മകൻ ആറുവയസുകാരനായ ജോൺ ക്രിസ് ചെമ്പൻ. ഭാര്യയും മകനും ന്യൂയോർക്കിലാണ്. സിനിമയില്ലാത്തപ്പോൾ വർഷത്തിൽ നാലുമാസത്തേക്ക് ഞാൻ അവരുടെ അടുത്ത് പോകും.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് മീര)
Comments are closed.