സ്നേഹനഷ്ടങ്ങൾ പലിശകിട്ടിയ ഏകാകി
പ്രശാന്ത് നാരായണൻ / മനോജ് കെ. പുതിയവിള
അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ടു ദശാബ്ദങ്ങളാകുന്നു. കർണാടകത്തിലെ ഏറ്റവും പ്രധാന റെപ്പർട്രിയായ രംഗായന ആ നാടകത്തിന്റെ കന്നട രൂപം അരങ്ങിൽ എത്തിക്കുന്നു. ആ നാടകത്തിനു രംഗാവിഷ്ക്കാരം നൽകാൻ അവർ കണ്ടെത്തിയ നാടകകാരൻ മലയാളിയായ പ്രശാന്ത് നാരായണനാണ്. മാർച്ച് 22ന് തിരുവനന്തപുരം ടഗോർ തീയറ്ററിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ദേശീയനാടകോത്സവത്തിലും 23-ന് കോട്ടയത്തും 27നു കൂത്തുമാടം സാംസ്ക്കാരികസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടഗോർ ഹാളിലും ഈ നാടകം അവതരിപ്പിക്കുന്നു. അടുത്തിടെ എം.ടി. വാസുദേവൻ നായരെ ആദരിക്കാൻ ദേശാഭിമാനി സംഘടിപ്പിച്ച സാംസ്ക്കാരികോത്സവത്തിൽ എംടിയുടെ രചനകളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ‘മഹാസാഗരം’ എന്ന നാടകം ഒരുക്കിയതും പ്രശാന്താണ്. മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സ്രഷ്ടാവും ഇദ്ദേഹമാണ്. അടുത്തിടെ ശ്രദ്ധേയമായ ‘മകരദ്ധ്വജ’നും ‘കറ’യും ‘വജ്രമുഖ’നും അടക്കം മുപ്പതോളം നാടകങ്ങളും ‘ഭാരതാന്തം’ എന്ന കഥകളിയും രചിച്ചിട്ടുള്ള നിശബ്ദനായ നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ ജീവിതവും നാടകവും പറയുകയാണിവിടെ.
“അണിയറയിലെ ഒരുക്കമെല്ലാം പൂർത്തിയായി. നാടകം തുടങ്ങുകയാണ്. മോഹൻലാൽ എന്നെ അടുത്തേക്കു വിളിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തതാണു സംഭവിച്ചത്. ആ മഹാനടൻ ഏറെ പ്രായം കുറവുള്ള എന്റെ കാൽ തൊട്ടു വന്ദിച്ചു! ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ച ഞാൻ അടുത്തനിമിഷം അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചു. എഴുന്നേറ്റപ്പോൾ ഒരു ക്രാന്തദർശിയെപ്പോലെ അദ്ദേഹം എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു: ‘അങ്ങേയ്ക്ക് ഉറപ്പായും ഒരുപാടു കണ്ണേറു കിട്ടും, സൂക്ഷിക്കണം. അവതരണം കഴിഞ്ഞാലുടൻ ഒരു തേങ്ങ തലയ്ക്കുഴിഞ്ഞ് അടിച്ചേക്കണം.’ അതിൽ വിശ്വാസമില്ലെങ്കിലും അനുസരണക്കേടു വേണ്ടെന്നുകരുതി ഒരാളെ വിട്ട് അപ്പോൾത്തന്നെ ഒരു തേങ്ങ വാങ്ങി വച്ചു. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ തേങ്ങ കാണാനില്ല! ആരോ അടിച്ചുമാറ്റി! ഇവനു കണ്ണേറുകിട്ടുന്നെങ്കിൽ കിട്ടി തുലഞ്ഞുപോട്ടെ എന്ന് ആരെങ്കിലും കരുതിയതാണോ എന്നറിയില്ല. ഏതായാലും, കണ്ണേറല്ലെങ്കിലും പിന്നിൽനിന്നു ധാരാളം കുത്തുകിട്ടിയ കാലഘട്ടമായിരുന്നു പിന്നത്തേത്. മുകേഷും ഇടവേള ബാബുവും മുതൽ എന്റെ സംവിധാനസഹായി ആയിരുന്നവൻ വരെ…”
നാടകകാരൻ പ്രശാന്ത് നാരായണൻ നാടകത്തെക്കാൾ സംഭവബഹുലവും സംഘർഷഭരിതവുമായ ജീവിതം പറയുകയാണ്. മോഹൻ ലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’ എന്ന നാടകം എഴുതി സംവിധാനം ചെയ്ത ആൾ എന്ന നിലയിലാണ് പലരും പ്രശാന്തിനെ അറിയുന്നതെങ്കിലും മറ്റു പലരുടെയും നാടകങ്ങൾ കളിച്ചുകണ്ടിട്ടും അവയയെല്ലാം തഴഞ്ഞ് ‘ഛായാമുഖി’യെ അവർ തെരഞ്ഞെടുക്കാൻ കാരണമായ മികവ് അതിനുമുമ്പുതന്നെ അരങ്ങിൽ ഈ യുവാവു നേടിയിരുന്നു; തെളിയിച്ചിരുന്നു. ഇക്കൊല്ലത്തെ ‘അബുദാബി ശക്തി അവാർഡ്’ ‘ഛായാമുഖി’ക്ക് ആണ്. 2014 ലെ ‘എ.പി. കളയ്ക്കാട് പുരസ്ക്കാര’വും 2003 ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രചനയ്ക്കുള്ള അവാർഡും ഈ കൃതി നേടിയിട്ടുണ്ട്. കേരളത്തിലെ മുഖ്യധാരാപ്രസാധകർ 30 കൊല്ലത്തിനിടെ ആദ്യമായി ഒരു നാടകം പുസ്തകമായി പ്രസിദ്ധീകരിച്ചതും ‘ഛായാമുഖി’യാണ്. രണ്ടുവർഷം തികയുമ്മുമ്പ് ഇപ്പോൾ രണ്ടാം പതിപ്പും ഇറങ്ങിയിരിക്കുന്നു. ഇരുപത്തഞ്ചോളം നാടകങ്ങളും തെക്കൻ വടക്കൻ ചിട്ടകളിൽ രണ്ടിലും കളിക്കുന്ന ഒരു ആട്ടക്കഥയും ചെറിയകാലത്തിനുള്ളിൽ രചിച്ച കൃതഹസ്തനായ പ്രശാന്തിന്റെ ജീവിതം പക്ഷേ ദുരന്തങ്ങളുടെയും പീഡനങ്ങളുടെയും കുത്തൊഴുക്കാണ്; ബാല്യകൗമാരങ്ങൾ മുതൽ തന്നെ.
പ്രശാന്ത് ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവിന്റെ ഘട്ടത്തിലാണല്ലോ. ഇക്കൊല്ലത്തെ ‘അബുദാബി ശക്തി അവാർഡി’നുള്ള അഭിനന്ദനം ആദ്യമേതന്നെ അറിയിക്കട്ടെ! 2015ലെ സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനും ഈ കൃതി പരിഗണിക്കപ്പെട്ടതായി പറഞ്ഞുകേട്ടിരുന്നു. പുതിയ നാടകം ‘മകരദ്ധ്വജൻ’ നല്ല അഭിപ്രായം നേടുകയുമുണ്ടായി.
സാഹിത്യ അക്കാദമി പുരസ്ക്കാരം കിട്ടാഞ്ഞത് സങ്കടപ്പെടാൻ തക്ക കാര്യമൊന്നുമല്ല. അപേക്ഷിക്കുകയും കാക്കപിടിക്കുകയും വേണ്ടാത്ത, മറ്റു സ്വാധീനങ്ങൾക്കു വഴിപ്പെടാത്ത, പുരസ്ക്കാരമെന്ന നിലയിലും തായാട്ട് ശങ്കരനെപ്പോലൊരു ജനപക്ഷസാംസ്ക്കാരികനായകന്റെ പേരിലുള്ള പുരസ്ക്കാരമെന്ന നിലയിലും അബുദാബി ശക്തി അവാർഡിനെ സാഹിത്യ അക്കാദമി അവാർഡിനെക്കാൾ ഞാൻ വിലമതിക്കുന്നു.
സാഹിത്യ അക്കാദമി അവാർഡിന്റെ പ്രഖ്യാപനത്തിനുശേഷം, അതൊക്കെയായി ബന്ധമുണ്ടായിരുന്ന, ഒരു എഴുത്തുകാരൻ സുഹൃത്ത് പറഞ്ഞ വാചകമാണ് ഏറെ രസിപ്പിച്ചത്. “പ്രശാന്തിനെ അവാർഡിനു പരിഗണിച്ചിരുന്ന കാര്യം അറിയാമോ? ഞാൻ പിന്നീടാണ് അറിഞ്ഞത്. ഒരു വാക്ക് എന്നോടു പറയേണ്ടായിരുന്നോ? നമുക്കു ശരിയാക്കാമായിരുന്നു. പ്രശാന്തേ, ഒരു കാര്യം മനസിലാക്കണം. മൂന്നു പേരിരിക്കുന്ന ഒരു ജഡ്‌ജിങ് പാനലിൽ നാലാമതൊരാൾ പുറത്തുനിന്നു പറയണം. എന്നാലേ അവാർഡു കിട്ടൂ. മണ്ടത്തരം ആയിപ്പോയി.”
പ്രശാന്ത് ചിരി തുടങ്ങിയിട്ടു നിർത്തുന്നില്ല! ഒടുവിൽ വിശദീകരണം വന്നു:
അന്നു തുടങ്ങിയ ചിരിയാ. ഇപ്പോൾ ഇതു പറയുമ്പോഴും അടക്കാനാവുന്നില്ല. ഏതായാലും നാലാം ബലപ്രയോഗത്തിന്റെ ഈ രീതിയൊക്കെ പുതിയ സർക്കാരും അക്കാദമി ഭരണസമിതിയുമൊക്കെ വന്ന സ്ഥിതിക്ക് മാറുമെന്നു കരുതുന്നു.
സിനിമാതാരങ്ങൾ നാടകം ചെയ്യാൻ വരുന്നതിനെപ്പറ്റി നാടകപ്രവർത്തകർക്കു ഭിന്നാഭിപ്രായങ്ങൾ ഉണ്ടല്ലോ. അതുകൊണ്ട് നാടകത്തിന് എന്താണു ഗുണം എന്നതാണ് പ്രധാന ചോദ്യം. താരങ്ങളെ വച്ചു നാടകം ചെയ്യുന്ന ആൾ എന്ന നിലയിൽ പ്രശാന്ത് ഇതിനെ എങ്ങനെയാണു കാണുന്നത്?
താരപ്പൊലിമയും അതിനോടുള്ള നമ്മുടെ മനോഭാവവും നമ്മിൽ ഇനിയും മാറാതെ കൂടിയിരിക്കുന്ന ഫ്യൂഡലിസത്തിന്റേതാണ്. ഞാൻ താരങ്ങളെ വച്ചല്ല നാടകം ചെയ്യുന്നത്, അവരിലെ അഭിനയമികവിനെ വച്ചാണ്. സർഗ്ഗാത്മകമായ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറാവില്ല. കാവാലവും ഇവരെയൊക്കെ വച്ചു നാടകം കളിച്ചുവല്ലോ. പരീക്ഷണങ്ങളെന്ന പേരിൽ ദുർഗ്രഹതയും കൃത്രിമത്വവുമൊക്കെ കൊണ്ടുവന്ന് ജനങ്ങൾ നാടകത്തിൽനിന്ന് അകന്നുപോയ ഒരു ഘട്ടത്തിൽ ഇത്തരം മുൻകൈകൾ അവരുടെ താരമൂല്യം കൊണ്ടുതന്നെ നാടകത്തെ ജനശ്രദ്ധയിലേക്കു കൊണ്ടുവരികയാണു ചെയ്തത്. പ്രേക്ഷകരുടെ എണ്ണം കൂടി. നാടകപ്രവർത്തകർക്കു ഗൗരവം വന്നു. ‘ഛായാമുഖി’ പ്രൊജക്റ്റിൽ പ്രവർത്തിച്ച കലാകാരന്‍മാർക്കും സാങ്കേതികപ്രവർത്തകർക്കും മികച്ച പ്രതിഫലം ലഭിക്കാൻ അവസരമുണ്ടായി. കലാമൂല്യമുള്ള ഒരു രചനയിൽ സെലിബ്രിറ്റി മൂല്യംകൂടി ചേരുമ്പോൾ മികവും മിഴിവും കൂടുകയാണു ചെയ്യുക. മാദ്ധ്യമങ്ങളും ആ നാടകങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകും. അതും പൊതുവിൽ നാടകത്തിനാണല്ലോ ഗുണം ചെയ്യുക. എനിക്ക് ഒറ്റ താല്പര്യമേയുള്ളൂ. നാടകം പരമാവധിപേർ ടിക്കറ്റെടുത്തുതന്നെ കാണണം. എന്റെ പിൻമുറക്കാർക്ക് മറ്റേതു പ്രൊഫഷണലിനെയുംപോലെ നാടകം മാത്രം ചെയ്തു സമൃദ്ധമായി ജീവിക്കാൻ സാധിക്കണം. അതിന് താരസാന്നിദ്ധ്യം പ്രയോജനപ്പെടും എന്നുതന്നെയാണു ഞാൻ കാണുന്നത്.
‘ഛായാമുഖി’ ആണല്ലോ പ്രശാന്തിന്റെ നടകജീവിതത്തിൽ വഴിത്തിരിവായത്. നാടകം സഹൃദയലോകം കണ്ടു. താരങ്ങൾ അഭിനയിച്ച നാടകമാകുമ്പോൾ അതിന്റെ അണിയറക്കഥകൾ അറിയാനും ആസ്വാദകർക്കു കൗതുകമുണ്ടാകും. എങ്ങനെയാണ് താരനാടകത്തിലേക്ക് എത്തിയത്? അതിന്റെ പിന്നാമ്പുറം വിശേഷങ്ങൾ പങ്കുവയ്ക്കാമോ?
ആകാം. പിന്നാമ്പുറം മാത്രമല്ല പറയാൻമാത്രമുള്ള മുന്നാമ്പുറവുമുണ്ട് അതിന്. അവഗണനകൾക്കിടയിലും ഞാൻ ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു എനിക്ക് അന്നു ‘ഛായാമുഖി’. അതു പിറക്കുമ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നിരാശാബോധം, അമിതമദ്യപാനം, ആരെയും ചീത്തവിളിക്കുന്ന സ്വഭാവം… കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രമാണ് അന്ന് എന്നെ ഉൾക്കൊള്ളാൻ മനസുകാണിച്ചത്. തെന്മലയിൽ സംസ്ഥാന ഹയർ സെക്കൻഡറി യുവജനോത്സവം നടക്കുന്നതിനിടെ ഒരു തെരുവുവിളക്കിനു കീഴെ പിടിച്ചിരുത്തി കലാകേന്ദ്രത്തിലെ പി.ജെ. ഉണ്ണിക്കൃഷ്ണനെ നാടകം വായിച്ചുകേൾപ്പിച്ചു. എന്റെ ‘ജനാലയ്ക്കപ്പുറം’ അവിടെ കളിക്കുന്നുണ്ടായിരുന്നു. പൊതുസ്ഥലത്തു സിഗരറ്റു വലിച്ചതിന് അന്നുരാത്രി പൊലീസ് പിടിച്ചു.
പ്രകാശ് കലാകേന്ദ്രത്തിൽ ആദ്യമെത്തുമ്പോൾ ഛായാമുഖിയുടെ പകുതി, കീചകന്റെ രംഗപ്രവേശം വരെ, മാത്രമേ എഴുതിയിരുന്നുള്ളൂ. നാടകം മനസിലുണ്ടായിരുന്നു. ആറുമാസം ദിവസവും തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കും തിരിച്ചും ബൈക്കോടിച്ചു. ഒരുദിവസം ആറ്റിങ്ങലിൽ ഫുട്പാത്തിൽ കിടന്ന് ഉറങ്ങിപ്പോയി!
ഉണ്ണിക്കൃഷ്ണനായിരുന്നു ആദ്യം കീചകൻ. കെ.പി.എ.സി.യിൽനിന്നുള്ള ക്ഷണപ്രകാരം അദ്ദേഹം പോയി. പകരം ശ്രീജിത്ത് രമണൻ വന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിൽ പിന്നീടു നായകനായി അഭിനയിക്കുന്ന കെ.പി.എ.സി. അജിത്തായിരുന്നു ഭീമൻ. നാടകം വലിയ ചർച്ചയായി. ദേശീയനാടകോത്സവമായ ‘ഭാരത് രംഗ് മഹോത്സവ് 2005’ൽ ക്ഷണം കിട്ടി. കനപ്പെട്ട 14 വേദികളിൽ പ്രകാശ് കലാകേന്ദ്രം ഛായാമുഖി കളിച്ചു. ഒരിക്കൽ എന്നെ ഇറക്കിവിട്ട സ്ക്കൂൾ ഓഫ് ഡ്രാമയിലും കളിച്ചു. അവിടെ എനിക്കു സ്വീകരണവും തന്നു.
സ്ക്കൂൾ ഓഫ് ഡ്രാമ പ്രശാന്തിന്റെ ജീവിതത്തിലെ ഒരു ഏടുതന്നെയാണല്ലോ. അതു പ്രത്യേകം പറയാം. ‘ഛായാമുഖി’യുടെ ഈ വിജയത്തിനെല്ലാം ശേഷമാണോ ലാലും മുകേഷും രംഗത്തുവരുന്നത്?
അതെ. പ്രകാശ് കലാകേന്ദ്രത്തിന്റെ ‘ഛായാമുഖി’ക്കു ലാളിത്യമുണ്ടായിരുന്നു. സംഗീതമൊക്കെ തനിമയുള്ളതായിരുന്നു. ജനം പാട്ടുകൾ ഏറ്റുപാടുമായിരുന്നു. അതു സത്യസന്ധമായിരുന്നു. ഏറെക്കുറെ കൂലിപ്പണിക്കാരായ ഒരുകൂട്ടം പച്ചമനുഷ്യർ. കണിശതയുള്ള ആസ്വാദകരെ ആഗ്രഹിക്കുന്ന കലാകാരർ. അവരുടെ അർപ്പണമായിരുന്നു ആ നാടകം. ഞാൻ അവരെ ഒരുപാടു പീഡിപ്പിച്ചിട്ടുണ്ട്. കഥകളിപരീശീലനത്തിന്റെ ഗുരുകുലച്ചിട്ടയിലാണു ഞാൻ നാടകം ചെയ്യിക്കുന്നത്. റിഹേഴ്സലിനു വൈകിയെത്തുന്നവരെ നീളത്തിൽ നിരത്തിയ പ്ലാസ്റ്റിക് കസേരകൾക്കു കീഴിലൂടെ മുട്ടുകാലിൽ ഇഴയിച്ചിട്ടുവരെയുണ്ട്! അവർ അതെല്ലാം ഒരു നീരസവും കൂടാതെ ഏറ്റുവാങ്ങി!
‘ഛായാമുഖി’ മികച്ച രചനയ്ക്കുള്ള 2003ലെ അവാർഡു നേടി; അവതരണത്തിനു ജൂറിയുടെ പ്രത്യേക പരാമർശവും. പാഞ്ചാലിയായി അഭിനയിച്ച സ്മിത എം. ബാബുവിനു മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡു പ്രതീക്ഷിച്ചു. അസാമാന്യപ്രതിഭയാണ്. വാക്കാൽ പൂരിപ്പിക്കാനവാത്ത അനുഭവതലം പകരാൻ കഴിവുള്ള നടി. പക്ഷെ, എന്തുകൊണ്ടോ അവർക്ക് അർഹമായ അംഗീകാരം കിട്ടിയില്ല. കെ.പി.എ.സി. അജിത്തും അദ്ധ്വാനത്തിനനുസരിച്ചു ശ്രദ്ധിക്കപ്പെടാതെപോയി. സത്യം പറയാമല്ലോ, സംവിധാനത്തിനും അവാർഡു കിട്ടുമെന്നു പലരും പ്രതീക്ഷിച്ചു.
മോഹൻ ലാലിനും മുകേഷിനും വേണ്ടി നാടകത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയോ?
സർഗ്ഗസൃഷ്ടിയിൽ ആർക്കുവേണ്ടിയും വിട്ടുവീഴ്ചകൾ ഞാൻ ചെയ്യാറില്ല. നാടകം മെച്ചപ്പെടാനുള്ള മാറ്റങ്ങൾ ഏതുഘട്ടത്തിലും ചെയ്യുകയും ചെയ്യും. മോഹൻ ലാലിനുവേണ്ടി, അല്ല, ഭീമനുവേണ്ടി രണ്ടു മോണോലോഗുകൾ ചേർത്തു. മുകേഷിന്റെ കീചകന് ഒരു പാഞ്ചാലീവർണ്ണന എഴുതിയെങ്കിലും അരങ്ങിൽ ഞാൻ ഒഴിവാക്കി. സംഗീതമൊക്കെ റെക്കോഡ് ചെയ്തു. സെറ്റും ചമയവും കോപ്പുകളുമെല്ലാം മികച്ചതാക്കി. ഡിസൈൻ കൊടുത്തു പ്രൊഫഷണലുകളെക്കൊണ്ടു ചെയ്യിച്ചു. തൃശൂരിലെ ആദ്യാവതരണം മാദ്ധ്യമങ്ങളിൽ ആഘോഷമായി. അവിടെത്തുടങ്ങിയതാണു വഞ്ചനയുടെയും കുതികാൽവെട്ടിന്റെയും പരമ്പര.
വിവാദമാകാവുന്ന വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്ന ആ ഭാഗത്തേക്കു വരുന്നതിനു മുമ്പ് റിഹേഴസൽ അനുഭവങ്ങൾ ഒന്നു പങ്കുവച്ചാലോ? ‘ഛായാമുഖി’ പുസ്തകരൂപത്തിൽ ഡിസി. ബുക്സ് പ്രകാശനം ചെയ്ത ചടങ്ങിൽ ഞാനും ഉണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ഒരു നാടകം അറിയപ്പെടുന്ന ഏതെങ്കിലും പ്രസാധകർ പ്രസിദ്ധീകരിക്കുന്നത് എന്ന് അവിടെ ആരോ പ്രസംഗിച്ചപ്പോൾ മാത്രമാണ് നാടകങ്ങൾ മുമ്പത്തെപ്പോലെ അച്ചടിക്കപ്പെടുന്നില്ലല്ലോ എന്ന കാര്യം ശ്രദ്ധിക്കുന്നത്. ആ യോഗത്തിൽ ആശംസ നേർന്ന കഥാകൃത്ത് തനൂജ ഭട്ടതിരി പറഞ്ഞ സംഭവം ഇവിടെ ഉദ്ധരിക്കുന്നതിൽ വിരോധമില്ലല്ലോ?
എന്തിനു വിരോധം! സത്യങ്ങൾ എല്ലാവരും അറിയട്ടെ!
സംഭവം ഇങ്ങനെ: എറണാകുളം മെഡിക്കൽ ട്രസ്റ്റ് അശുപത്രിയിൽ പി.ആർ.ഒ. ആണു തനൂജ. ഒരുദിവസം തനൂജയ്ക്ക് ഒരു ഫോൺ വന്നു. മറുതലയ്ക്കൽ കേട്ടുപഴകിയ ശബ്ദം. “ഞാൻ മോഹൻ ലാലാണ്. എനിക്കു വളരെ വേണ്ടപ്പെട്ട ഒരാളെ അവിടേക്കു കൊണ്ടുവരുന്നുണ്ട്. പേരു പ്രശാന്ത് നാരായണൻ. ഗുരുതരാവസ്ഥയിലാണ്. കുറേയേറെ രക്തം ഛർദ്ദിച്ചു. അടിയന്തരമായി വേണ്ടത് ചെയ്യണം.” ‘വി.ഐ.പി.രോഗി’യെ സ്വീകരിക്കാൻ അതിവേഗം ഒരുക്കങ്ങൾ നടന്നു. മോഹൻ ലാലിന്റെതന്നെ കാറിൽ അത്യാസന്നനിലയിലാണു രോഗി എത്തിയത്. കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതുകൊണ്ട് രക്ഷിക്കാനായി! ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ചെലവുമുഴുവൻ മോഹൻ ലാലാണു വഹിച്ചത്. മദ്യത്തിനു നിശ്ശേഷം അടിമയായിക്കഴിഞ്ഞിരുന്ന പ്രശാന്തിനെ അതിൽനിന്നു പൂർണ്ണമായി മോചിപ്പിച്ചു പുതിയൊരു മനുഷ്യനാക്കുന്നതിൽ തനൂജയടക്കം പല നല്ല കൂട്ടുകാരും കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് അറിയാം. എന്തായിരുന്നു അന്നത്തെ അവസ്ഥ? ആ അവസ്ഥയിൽ റിഹേഴ്സൽ ക്യാമ്പൊക്കെ എങ്ങിനെയാണു നടന്നത്?
ഇന്ന് ഓർക്കാൻ ഭയക്കുന്ന ഒരു ഏടാണത്. ‘ഛായാമുഖി’യുടെ അവതരണത്തിനു മൂന്നാഴ്ച മാത്രം ഉള്ളപ്പോഴാണത്. കളിയൊരുക്കം മുഴുവൻ പൂർത്തിയായി. റൺ ത്രൂ കഴിഞ്ഞു. ചമയങ്ങളിലെ അവസാനമിനുക്കൽ നടക്കുന്നു. മ്യൂസിക്കിന്റെ ഫൈനൽ ടേപ്പു കേൾക്കാൻ വിസ്മയ മാക്സിൽ ഇരിക്കുകയാണു ഞാനും മോഹൻ ലാലും മുകേഷും മോഹൻ സിതാരയും.
അന്നു രാവിലേ മുതൽ ഞാൻ സമ്മർദ്ദത്തിലായിരുന്നു. എന്റെ അമ്മായിയുടെ മകനും തെക്കൻ കേരളത്തിലെ പ്രമുഖ വേഷക്കാരനുമായ ഗൗരീശപട്ടം ഗിരീശൻ മരിച്ചു എന്ന വാർത്ത അറിഞ്ഞു. പോകാൻ കഴിയാത്തതിന്റെ വിഷമം. നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ പി.എം. ബിനുകുമാർ ഇന്റർവ്യൂ ചെയ്യാൻ വരും. ഇതിനെല്ലാം പുറമേ എന്നെ മദ്യപിക്കാൻ വിടരുതെന്ന മോഹൻ ലാലിന്റെ ശക്തമായ നിർദ്ദേശവും. ഞാനാണെങ്കിൽ അന്നു തുള്ളി കുടിച്ചിട്ടില്ല. തലച്ചോർ മദ്യം ആവശ്യപ്പെടുന്നു. ആകെ അസ്വസ്ഥത. ഇടയ്ക്കു തന്ത്രപരമായി മുങ്ങിയ എന്നെ ബാറിന്റെ മുന്നിൽനിന്നു പിടിച്ചുകൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്.
മോഹൻ ലാലിന്റെ മോണോലോഗ് കേട്ട് നിങ്ങളൊരു സംഭവം തന്നെ എന്നു മഹാനടനെ നോക്കി കണ്ണുകാണിച്ചു. കീചകനെ കൊന്നത് എന്തിനെന്ന ഭീമന്റെ ധർമ്മസങ്കടം. ഹിഡുംബിയും ഭീമനുമായുള്ള ഗതകാലപ്രണയരംഗം ഓർക്കുന്നഭാഗം.
“യൗവ്വനം പൂവിട്ടുണരുന്ന പൂവനി കണ്ടോ?
സന്ധ്യകൾ ചായം പുരട്ടുന്ന പൂവള്ളി കണ്ടോ?
കുഞ്ഞിളം കന്യക കാന്തനെക്കാത്തിരിക്കുന്നേ…
നെഞ്ചിലെപ്പാട്ടിലലിഞ്ഞിതാ കാന്തൻ വരുന്നേ…”
അവിടം മുതൽ കണ്ണടച്ചാണു ഞാൻ ഇരിക്കുന്നത്. അടുത്ത തീം സോങ്ങ് കേട്ടു. …പിന്നെ ഞാനങ്ങ് ഇല്ലാതായി! കണ്ണിൽ കറുത്ത ഒരു ഫലകം മാത്രം. ചിന്തകളേ ഇല്ല.
കണ്ണു തുറക്കുമ്പോൾ ആശുപത്രിയിൽ. ചുറ്റും പതിനേഴു പതിനെട്ടു ഡോക്ടർമാർ. എത്രദിവസം കിടന്നെന്ന് അറിയില്ല. പിന്നെ അത് അന്വേഷിച്ചുമില്ല. മരണം എന്ന അവസ്ഥയാണു ഞാൻ തരണം ചെയ്തതെന്നു സങ്കല്പിക്കുന്നു; ആ ശുദ്ധശൂന്യത.
തിരിച്ചുവന്നത് കൗമാരത്തിനും യൗവ്വനത്തിനും ഇടയിലുള്ള ഒരു പ്രശാന്തായാണ്. കല മാത്രം ലഹരിയായി ആസ്വദിക്കുന്ന പ്രശാന്ത്. ആ സംഭവമാണ് എന്നെ വീണ്ടെടുത്തുതന്നത്. പിന്നെ മദ്യം തൊട്ടിട്ടില്ല. ഇപ്പോൾ ഏഴുകൊല്ലം കഴിഞ്ഞു.
പക്ഷേ, ആ മദ്യകാലത്തിന്റെ പ്രേതം ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഞാൻ മഹാമദ്യപനാണെന്നു പറഞ്ഞ് എന്നെ മോശക്കാരനാക്കാനും എന്റെ അവസരങ്ങൾ തട്ടിപ്പറിക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾപ്പോലും നടക്കുന്നു. അടുത്തിടെ ഗൾഫിൽ ഒരു നാടകം ചെയ്യാനുള്ള ചർച്ചകൾ നടന്നു. എല്ലാം തീരുമാനമാകുന്ന ഘട്ടത്തിൽ ആരോ അവരെ വിളിച്ചു പറഞ്ഞത്രേ, കണ്ണൂരിലൊക്കെ കള്ളടിച്ചു റോഡിൽ കിടപ്പാണു ഞാൻ, എന്നെ ഏല്പിച്ചാൽ പണി കിട്ടുമേ എന്ന്!
മോഹൻലാലിന്റെ സജീവപിന്തുണ ഉണ്ടായിരുന്നിട്ടും മറ്റുള്ളവർക്കു പ്രശാന്തിനെ വഞ്ചിക്കാൻ എങ്ങനെ കഴിഞ്ഞു? പ്രൊഡക്‌ഷനിൽ മോഹൻലാലിന്റെ റോൾ എന്തായിരുന്നു?
അദ്ദേഹം എന്നോടു കാട്ടിയ സൗഹൃദം പോലും എനിക്കു വിനയായി എന്നു പറയുന്നതാകും ശരി. മോഹൻ ലാലിനോട് അടുത്തിടപെടുന്നതു പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നി. ഒരിക്കൽ എന്നെ വണ്ടിയിൽക്കയറ്റി അദ്ദേഹം ഒരു സർക്കീട്ടു നടത്തി വന്നപ്പോൾ പലരുടെയും ശരീരഭാഷ മാറിയതും ഞാൻ ശ്രദ്ധിച്ചു.
മോഹൻ ലാലും മുകേഷും ചേർന്നുണ്ടാക്കിയ, രണ്ടുപേരുടെയും സ്ഥാപനങ്ങളുടെ പേരുകൾ ചേർത്ത, ‘കാളിദാസ വിഷ്വൽ മാജിക്’ ആണ് നിർമ്മാതാക്കളെങ്കിലും പ്രൊഡക്ഷന്റെ നിവ്വഹണം മുകേഷ് ആയിരുന്നു. ആദ്യാവതരണത്തിനുശേഷം പ്രതിഫലം വിതരണം ചെയ്തതൊക്കെ അദ്ദേഹമാണ്. പ്രതിഫലത്തുക പലരുടെയും പരിഭവത്തിനു കാരണമായപ്പോൾ നടത്തിപ്പു ചുമതലയിൽ ഇടവേളബാബു വന്നു. പ്രതിഫലം അഞ്ചിരട്ടിയായി.
ആദ്യാവതരണത്തിന്റെ വേളയിൽത്തന്നെ രചനയും സാക്ഷാത്ക്കാരവും നടത്തുന്ന എന്നെ ഒഴിവാക്കി താരമൂല്യമുള്ള ആരുടെയോ പേര് ആ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ നടത്തിപ്പുകാർക്കു താല്പര്യമുള്ളതായി തോന്നിയിരുന്നു. തനിക്കു പേരു വേണോ കാശു വേണോ എന്ന ചോദ്യം വരെ നടത്തിപ്പുചുമതലക്കാരനിൽനിന്ന് ഉണ്ടായി. നേരത്തേതന്നെ പൂർണ്ണമായി രൂപകല്പനചെയ്തു നിരവധി അരങ്ങിൽ കളിച്ച ‘ഛായാമുഖി’ താനാണു ചെയ്തതെന്ന് അവകാശപ്പെട്ട എട്ടുകാലികൾ വരെ ഉണ്ടായി! ഫോട്ടോ സെഷനിൽ ഞാൻ നിൽക്കുന്നതു പോലും ഒഴിവാക്കാൻ ശ്രമം നടന്നു. ഞാൻ ഇട്ടിട്ടുപോകുന്നെങ്കിൽ പോകട്ടെ എന്നു കരുതിയാകണം, ക്ലൈമാക്സ് മാറ്റണമെന്നൊക്കെ വാശിപിടിച്ചു. കീചകനെ കൊല്ലുമ്പോൾ പ്രേക്ഷകർ ചിരിക്കണം എന്നൊക്കെപ്പോലും നടന്റെ നിർദ്ദേശമുണ്ടായി! ഞാൻ കലഹിച്ചുനിന്നു.
‘ഛായാമുഖി’ തിരുവനന്തപുരത്തു കളിച്ചപ്പോൾ വ്യാപകമായി പോസ്റ്റർ പ്രചരിപ്പിച്ചു. നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത എന്റെ പേരില്ല! ദുബായിൽ കളിക്കാൻ ആലോചിച്ചപ്പോഴും വലിയ പ്രചാരണമായിരുന്നു. ബാനറുകളൊക്കെ വ്യാപകമായിരുന്നു. അവയിലും പക്ഷേ, എന്റെ പേരില്ല! ബംഗളൂരുവിലടക്കം പിന്നെ കളിച്ച എല്ലായിടത്തും ഇത് ആവർത്തിച്ചു. ബംഗളൂരുവിലേക്കു സംഘം പുറപ്പെടുന്നതിന്റെ തലേന്നു മുറിവേറ്റ മനസുമായി ഞാൻ മടങ്ങി. ആ കളിയിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഡിപ്രഷൻ ബാധിച്ച അവസ്ഥയിലായിരുന്നു ഞാൻ. ആരോടും സംസാരിക്കാൻ വയ്യാത്ത മനോനില. ജോലിയിൽനിന്ന് അവധിയെടുത്തു മാസങ്ങൾ നാടകത്തിനായി നീക്കിവച്ച എനിക്കു കിട്ടിയിരുന്ന പ്രതിഫലം ആ നഷ്ടത്തിന് ആനുപാതികം ആയിരുന്നില്ല. എനിക്കു കോടികൾ കിട്ടി എന്നൊക്കെയാണു ചിലർ പറഞ്ഞുനടന്നത്! മോഹൻലാൽ കൊച്ചിയിൽ ഫ്ലാറ്റു വാങ്ങിത്തന്നു എന്നുവരെ കഥയുണ്ടായി.
നാടകാവതരണമെല്ലാം കഴിഞ്ഞ് നാടകത്തിന്റെ ശബ്ദരേഖ സിഡി ആയി ഇറക്കി. നല്ലതുക ലാഭം കിട്ടിയെന്നറിഞ്ഞു. കാൽക്കാശു തന്നില്ല. മുകേഷേട്ടാ, എനിക്കൊന്നും ഇല്ലേ എന്നു ഗതികേടുകൊണ്ടു ചോദിക്കുകപോലും ചെയ്തു.
സാമ്പത്തികനേട്ടം മാത്രമായിരുന്നോ ഒഴിവാക്കലിനു പിന്നിൽ?
അറിയില്ല. ‘ഛായാമുഖി’ക്കാലത്തിനു ശേഷവും പ്രതികാരം പോലെ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സംഗീതനാടക അക്കാദമി സെക്രട്ടറിസ്ഥാനത്തേക്ക് എന്റെ പേര് ഒ.എൻ.വി. സാർ സാംസ്ക്കാരികമന്ത്രിയായ എം.എ. ബേബിയോടു നിർദ്ദേശിച്ചു. സ: ബേബി എന്നെ വിളിപ്പിച്ചു. ഔദ്യോഗികവസതിയിൽ ചെന്നു കാണുകയും ചെയ്തു. പക്ഷെ, മുകേഷ് ചെയർമാനായി അക്കാദമി പുനഃസംഘടിപ്പിച്ചപ്പോൾ ഞാൻ ഒഴിവാക്കപ്പെട്ടു. എങ്ങനെയാണ്, എന്താണ് സംഭവിച്ചതെന്നൊന്നും അറിയില്ല. പിന്നീട് യു.ഡി.എഫ്. സർക്കാർ വന്നപ്പോൾ, എനിക്കു താല്പര്യമില്ലെന്നു പറഞ്ഞിട്ടും, കാവാലം സാറും ശുപാർശ ചെയ്തു. പക്ഷെ, കമ്മ്യൂണിസ്റ്റല്ലേ എന്നു മന്ത്രിയോഫീസ് ചോദിച്ചു.
വേറെ ആരെല്ലാമാണു പിന്നിൽനിന്നു കുത്തിയവർ?
മോഹൻ ലാലിനും മുകേഷിനും മുന്നിൽ നാടകം കളിച്ചു കാണിച്ച പലരും ഉണ്ടായിരുന്നു. എന്റെ നാടകം തെരഞ്ഞെടുത്തതു ചിലരെയെല്ലാം അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇവരിൽത്തന്നെ ചിലർ താരങ്ങളെ വച്ചു നാടകം ചെയ്യുന്നതിനെതിരെ പിന്നെ രംഗത്തുവന്നു എന്നതാണു കൗതുകം. എന്റെ സംവിധാനസഹായി ആയിരുന്നയാൾ തിരുവനന്തപുരത്തെ നാടകാവതരണത്തിന്റെ രാത്രി ഉന്മത്തനായി എന്നെ വിളിച്ചു. തനിക്കു നാടകം സംവിധാനം ചെയ്യാൻ അറിയാമോടേ എന്നായിരുന്നു ചോദ്യം! സംസ്‌കൃത സർവ്വകലാശാലയിലെ ഇടവഴികളിൽ അലഞ്ഞുതിരിഞ്ഞുടന്ന അയാൾ താണുവീണപേക്ഷിച്ചിട്ടാണു ടീമിൽ ഉൾപ്പെടുത്തിയത്. മോഹൻ ലാലിനെ തൊടാനും കൂടെ അഭിനയിക്കാനും ഒക്കെ ആഗ്രഹവുമായി ഒരുപാടുപേർ വന്നു. കഴിവതും ഉൾപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. ഇതിനിടെ അഭിനയിക്കാൻ വന്ന ഒരാളിൽനിന്നു ഞാൻ കാശു വാങ്ങി എന്നുവരെ പ്രചാരണം ഉണ്ടായി. മദ്യനീരാട്ടൊരുക്കിയ ചിലർ എന്റെ പേരിൽ പെൺകഥകൾ ചമയ്ക്കുകയും അബോധത്തിന്റെ ന്യായീകരണം പറഞ്ഞ് എന്നെ ഒതുക്കി വിധേയനാക്കുകയും വരെ ഉണ്ടായി. ഒ.എൻ.വി.യുടെ ‘ഉജ്ജയിനി’യിൽ കാളിദാസനെ കുടുക്കാൻ അഭിസാരികയെ അയച്ച വിക്രമാദിത്യന്റെ കൗശലം പോലും പ്രയോഗിക്കപ്പെട്ടു. അപമാനവും അധമബോധവും നിരാശതയും എല്ലാം ചേർന്ന് എന്നെ എനിക്കു നഷ്ടപ്പെട്ട നാളുകളായിരുന്നു അത്. ‘ഛായാമുഖി’യുടെ അവതരണം തുടരുകയായിരുന്നു. ഞാൻ എല്ലാറ്റിലുംനിന്നു വിട്ടുന്നു. മനസു കൈവിട്ടു. ചികിത്സയ്ക്കായി ആശുപത്രിയിലായി. ഇതിനിടയിലാണു ബംഗളൂരുവിലെ ഞാൻ വിട്ടുനിന്ന അവതരണം. നീണ്ട ചികിത്സ കഴിഞ്ഞു പുറത്തുവന്നപ്പോൾ കേൾക്കുന്നത് ബംഗളൂരുവിൽ കളിക്കു പോയ വാഹനം അപകടത്തിൽപ്പെട്ട വാർത്തയാണ്. മൻസൂറിന്റെ കാലു മുറിച്ചതാണ് ആദ്യം അറിയുന്നത്. രഞ്ജിത്തിന്റെ മരണം – അതു വിശ്വസിക്കാൻതന്നെ കഴിഞ്ഞില്ല. ഛായാമുഖിയുടെ അവതരണം ഇതോടെ അവസാനിച്ചുവെന്നു പലരും സന്തോഷിച്ചു. ചിലർ അതിക്രൂരമായ ഫോൺവിളിപോലും നടത്തി വേദനിപ്പിച്ചു. പക്ഷെ, നാടകം പിന്നെയും കളിച്ചു.
മോഹൻലാലുമായുള്ള ബന്ധം? അതിനു കോട്ടമൊന്നും വന്നില്ലല്ലോ? അദ്ദേഹവുമായി ചേർന്നുള്ള പ്രൊജക്റ്റുകളൊന്നും പിന്നെ ആലോചിച്ചില്ലേ?
അദ്ദേഹവുമായി നല്ല ബന്ധമാണ്. എന്റെ ഏതു കാര്യത്തിനും എപ്പോഴും അദ്ദേഹത്തെ ചെന്നു കാണാം. ഞാനൊരു സിനിമ എഴുതിയാൽ അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത് അഭിനയിക്കാമെന്നുവരെ പറഞ്ഞിട്ടുണ്ട്. മറ്റാർക്കുംവേണ്ടി സിനിമാശുപാർശയുമായി ചെല്ലരുതെന്നു മാത്രം. ഒ.എൻ.വിയുടെ ‘ഉജ്ജയിനി’ നാടകമാക്കുന്നത് മോഹൻലാൽ ആവശ്യപ്പെട്ടിട്ടാണ്. ‘ഛായാമുഖി’യുടെ രണ്ടാം അവതരണത്തിനു തയ്യാറെടുക്കുമ്പോൾ 2007ൽ ഒരുദിവസം മോഹൻലാൽ ആ പുസ്തകം കയ്യിൽ തന്നിട്ടു പറഞ്ഞു, പ്രശാന്തേ, ഇതു പ്രശാന്തൊരു സ്ക്രിപ്റ്റാക്കിത്തരണം. അദ്ദേഹം ഉദ്ദേശിച്ചതു സിനിമയാണോ നാടകമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. എന്നോടു പറഞ്ഞതുകൊണ്ട് നാടകമാക്കാനാണ് ഉദ്ദേശിച്ചതെന്നാണു തോന്നിയത്.
‘ഉജ്ജയിനി’ വലിയ വെല്ലുവിളി ആയിരുന്നു. ഒ.എൻ.വിയെകണ്ടു. കളിദാസനെയും കൃതികളെയും പറ്റി അപാരമായി പഠിച്ച ഒ.എൻ.വിയുടെ കൃതി നാടകമാക്കാൻ ഞാൻ ആദ്യം പഠിക്കേണ്ടതു കാളിദാസനെയാണെന്നു മനസിലായി. കിട്ടാവുന്ന കാളിദാസകൃതികൾ മുഴുവൻ വായിച്ചു. സുധാംശു ചതുർവ്വേദിയുടെ ‘കാളിദാസനാടകസർവ്വസ്വം’ വാങ്ങി പഠിച്ചു. മോഹൻ രാകേഷിന്റെ ‘ആഷാഠ് കീ ഏക് ദിൻ’ വീണ്ടും വായിച്ചു. പല സംസ്ക്കൃതപണ്ഡിതരുമായും സംസാരിച്ചു. ഒ.എൻ.വിയുമായി പലവട്ടം വിശദചർച്ച നടത്തി – അദ്ദേഹം കാളിദാസനിലേക്ക് എത്തിയത്, കൃതികളിലൂടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതം കരുപ്പിടിപ്പിച്ചത് ഒക്കെ. അദ്ദേഹം കാവ്യാത്മകമായാണു കാളിദാസനെ സമീപിച്ചത്. എനിക്കു വേണ്ടതു ദൃശ്യവ്യാഖ്യാനവും. ‘ഉജ്ജയിനി’യെ ആധാരമാക്കി 15 ദിവസത്തെ ശില്പശാല വേണമെന്ന് ഒ.എൻ.വിയോടു പറഞ്ഞു. നാടകം അതിൽനിന്നു രൂപപ്പെട്ടുവരണം. ഇതിൽ ഭാഗഭാക്കാകുന്നവരെല്ലാം ഒ.എൻ.വിയുടെ ‘ഉജ്ജയിനി’ പഠിച്ചിരിക്കണം. വർക്കല ഗസ്റ്റ് ഹൗസിലിരുന്നു സെറ്റിന്റെ മാതൃക ഉണ്ടാക്കി. നാടകം എഴുതിത്തീർക്കുകയും ചെയ്തു. ധാരാളം പണം ചെലവായതല്ലാതെ നാടകം അവതരിപ്പിക്കാനായില്ല. മോഹൻ ലാലിന്റെ തിരക്കായിരുന്നു കാരണം. വർഷങ്ങളായി. ഒരു പൈസ ആരും തന്നിട്ടില്ല. ആരാണു പണം മുടക്കുന്നതെന്നറിയില്ല. പണത്തെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല.
കുറച്ചുനാൾ മുമ്പ് മോഹൻലാൽ കോവളം ടാജ് ഹോട്ടലിലേക്കു വിളിപ്പിച്ചു. മഞ്ജു വാര്യരെ ഉൾപ്പെടുത്തി ഒരു പ്രൊജക്റ്റ് ചെയ്യണം എന്നു പറഞ്ഞു. ഞാൻ ‘ചിത്രലേഖ’ എഴുതുന്ന സമയം ആയിരുന്നു. അതുപോലെ അമിതാഭ് ബച്ചൻ – മഞ്ജു വാര്യർ ടീമിനായി ഒരു നാടകം ചെയ്യണമെന്ന ആവശ്യവും വന്നിരുന്നു. ഹരിവംശ റായി ബച്ചന്റെ ‘മധുശാല’ അവർ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘എന്നും എപ്പോഴു’മിന്റെ സെറ്റിൽവച്ച് ലാൽ പറഞ്ഞു, ‘ഛായാമുഖി’ വീണ്ടും കളിക്കണമെന്നുണ്ടെന്ന്. പക്ഷെ, സംഘടിപ്പിക്കാൻ പറ്റിയ ആളെ കാണുന്നില്ലത്രേ. ആശയങ്ങൾ പലതുമുണ്ട്. ഒന്നും മുന്നോട്ടു പോകുന്നില്ല.
കേരളത്തിൽ ഗൗരവവും കലാമൂല്യവുമുള്ള നാടകങ്ങൾക്കു പ്രേക്ഷകർ കുറവാണ്. അത്തരമൊരു ആസ്വാദനസംസ്ക്കാരം നമുക്ക് അന്യമാണ്. അതുകൊണ്ടുതന്നെ നല്ല തീയറ്റർ സംഘാടകരും ഇല്ല. കാര്യമായി പണം മുടക്കി നാടകം ചെയ്യാൻ കഴിയുന്ന സംഘങ്ങളും ഇല്ല. നാടകസംഘം നടത്തി പരിചയമുള്ള സിനിമക്കാർ മുകേഷിനെപ്പോലെ അധികമില്ലല്ലോ. പിന്നെയുള്ളത് ജഗതി ശ്രീകുമാറാണ്. അദ്ദേഹം കുറച്ചുനാൾ ‘കലാനിലയം സ്ഥിരം നാടകവേദി’ എടുത്തു നടത്തിയിരുന്നല്ലോ. അദ്ദേഹമാകട്ടെ വയ്യാതെയുമായി.
അതെ. ജഗതി ശ്രീകുമാർ മൗലികമായ താല്പര്യമുള്ള ആളാണ്. ‘ഛായാമുഖി’യുടെ കോഴിക്കോട്ടെ അവതരണത്തിനു 30 ലക്ഷം രൂപ മുടക്കിയ ആളുണ്ട് – കോഴിക്കോട് ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണി പേരടി. അദ്ദേഹവുമായി ചേർന്ന് എന്റെ നാടകം ചെയ്യാൻ ജഗതി തീരുമാനിച്ചിരുന്നു. അദ്ദേഹം തന്നെ പ്രൊഡ്യൂസറും നായകനും.
ജഗതി പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘എല്ലാം മായാജാല’ത്തിൽ ഞാനും അഭിനയിച്ചിരുന്നു. അന്നേ എന്നെ ഇഷ്ടമാണ്. കോഴിക്കോട്ട് ‘ഛായാമുഖി’ കണ്ടശേഷം അദ്ദേഹം സ്റ്റേജിൽ വന്നു സംസാരിച്ചു. മോഹൻ ലാലിന്റെ ഭീമനെപ്പറ്റിയും മുകേഷിന്റെ നാടകപാരമ്പര്യത്തെപ്പറ്റിയുമെല്ലാം പ്രശംസിച്ചശേഷം അദ്ദേഹം പറഞ്ഞു: “ഇവരുടെ പ്രഭാവലയത്തിൽ മങ്ങിപ്പോയ ഒരാളുണ്ട് – പ്രശാന്ത് നാരായണൻ. പ്രശാന്ത് സ്റ്റേജിലേക്കു വരണം. ആരും ഇദ്ദേഹത്തെപ്പറ്റി പറഞ്ഞുകേൾക്കുന്നില്ല. പ്രശാന്തിനെ പ്രശംസിക്കാതെ പോകുന്ന കാഴ്ചയാണ് ഇതിന്റെ ഉദ്ഘാടനച്ചടങ്ങുമുതൽ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.”
അതിനുശേഷമാണ് അദ്ദേഹം എന്നെ വിളിച്ച് അദ്ദേഹത്തിന് അഭിനയിക്കാൻ പറ്റുന്ന ഒരു നാടകം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ‘ദേവയാന’ത്തിന്റെ കഥ പറഞ്ഞുകേൾപ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടമായി. സ്ക്രിപ്റ്റ് വായിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ രണ്ടു നക്ഷത്രങ്ങൾ തിളങ്ങുന്നതു ഞാൻ ശ്രദ്ധിച്ചു. മോഹൻ ലാലിന്റെ കണ്ണിൽ മാത്രമേ ആ തിളക്കം ഞാൻ കണ്ടിട്ടുള്ളൂ. ഒരുതരം ട്രാൻസ്ഫോർമേഷൻ. ആശാന്റെയും ശുക്രാചാര്യരുടെയും വേഷം ചെയ്യാൻ ആവേശപൂർവ്വം തയ്യാറായി. ഡയലോഗു മുഴുവൻ അദ്ദേഹം കാണാപ്പാഠം പഠിച്ചു! വടശ്ശേരിവാസു എന്ന കഥാപാത്രമായി ഇന്ദ്രൻസിനെ കാസ്റ്റ് ചെയ്തു. ആദ്യഘട്ടമായി പട്ടം സ്ക്കൂളിൽ 15 ദിവസം ക്യാമ്പു നടത്തി. ജഗതിക്കു വരാൻ പറ്റാഞ്ഞതിനാൽ ക്യാമ്പു കൊച്ചിക്കു മാറ്റാൻ പറഞ്ഞു. റിഹേഴ്സലിനു തൃപ്പൂണിത്തുറയിൽ ഒരു വീടു വാടകയ്ക്കെടുത്തു. മുറ്റം മെഴുകി മേൽക്കൂരയിട്ടു. റിഹേഴ്സൽ തുടങ്ങി. ജഗതിക്കു ഡമ്മിയെയിട്ട് എല്ലാ സീനും ചിട്ടയാക്കി. നാടകത്തിൽ വ്യത്യസ്തമായ 19 സെറ്റുകളാണുള്ളത്! രണ്ടേകാൽ മാസത്തെ അദ്ധ്വാനഫലമായി എല്ലാം റെഡിയായി. യൂറോപ്പിലും മറ്റും കളിക്കാവുന്ന വിധത്തിൽ നാടകം ചാർട്ട് ചെയ്തു. അവസാനവട്ട ആലോചനയ്ക്കായി കോഴിക്കോട്ട് മീറ്റിങ്ങ് വച്ചു. രതീഷിന്റെ കാറിൽ അവിടേയ്ക്കു പോകവെ, തൃശൂരെത്തിയപ്പോൾ ഉണ്ണിക്കൃഷ്ണന്റെ വിളി: “അമ്പിളിച്ചേട്ടൻ അപകടത്തിൽപ്പെട്ടു. ഗുരുതരാവസ്ഥയിലാണ്!” ഒന്നരലക്ഷം രൂപ മുടക്കിയിരുന്നു. രണ്ടേകാൽ ലക്ഷം കൂടി തരാനിരിക്കെയാണ് ആ മഹാദുരന്തം സംഭവിച്ചത്. അതിനു തൊട്ടുമുമ്പു സംസാരിക്കുമ്പോഴും പറഞ്ഞിരുന്നു: “പലരും പാരവയ്ക്കും. പക്ഷേ, കൊക്കിനു ശ്വാസമുണ്ടെങ്കിൽ ഇതു നടന്നിരിക്കും.” നടന്നിരുന്നെങ്കിൽ അതൊരു ചരിത്രമാകുമായിരുന്നു. അനന്തസാദ്ധ്യതകളുള്ള ഒരു ദൃശ്യസിംഫണി ആയിരുന്നു ദേവയാനം.
ഗുരുവിന്റെയും ശുക്രാചാര്യരുടെയും വേഷം ജഗതി ചെയ്യാനായിരുന്നു തീരുമാനം. ‘ദാ, ഞാൻ വരുന്നതിങ്ങനാടാ’ എന്നുപറഞ്ഞ് കൈവണ്ടിയിൽ ആട്ടപ്പെട്ടിക്കുമുകളിൽ ഇരുന്നുള്ള ആശാന്റെ വരവൊക്കെ ജഗതി ആവേശപൂർവ്വം അവതരിപ്പിച്ചുകാട്ടിയതാണ്. എന്തുചെയ്യാം…! (നിരാശതയുടെ ദീർഘനിശ്വാസം)
വേറെ സിനിമക്കാരാരും നാടകം ചെയ്യാൻ സന്നദ്ധരായി വന്നില്ലേ?
ഉവ്വ്. ഒരു പരീക്ഷണവുംകൂടി നടന്നു, 2012 – 13 സമയത്ത്. സരയു, ഇന്ദ്രൻസ്, നിഷാന്ത് സാഗർ, സുധീഷ് എന്നിവർ ചേർന്നു ‘വജ്രമുഖൻ’ ചെയ്യാനുള്ള ഒരു പദ്ധതി വന്നു. ‘മഞ്ഞുപോലൊരു പെൺകുട്ടി’യിലെ നായകനായിരുന്ന ജയകൃഷ്ണൻ, വിനീത് കുമാർ തുടങ്ങിയ സിനിമാനടന്മാരും കടന്നുവന്നു. ഗോകുലം ഗോപാലൻ പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറായി. പന്ത്രണ്ടുലക്ഷത്തിന്റെ പ്രൊജക്റ്റ് തയ്യാറാക്കി. സുധീഷിന്റെ നിർദ്ദേശപ്രകാരം അത് 20 ലക്ഷത്തിന്റേതാക്കി. പക്ഷേ, ബജറ്റൊന്നും എനിക്കു കാണണ്ടാ, ‘ഛായാമുഖി’ ഞാൻ കണ്ടിരുന്നു എന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം. നാടകം നിർമ്മിക്കാൻ അദ്ദേഹം സമ്മതിച്ചു. ഒരു കുറവും സെലിബ്രിറ്റികൾക്കു വരാതെ നോക്കി. ഹോട്ടൽ വൈറ്റ് ഫോർട്ടിൽ മുറികളെടുത്തു താമസിപ്പിച്ചു. തൃപ്പൂണിത്തുറയിൽ ക്യാമ്പ്. നാലുമാസത്തോളം റിഹേഴ്സൽ നടന്നു. ഞാൻ കടം വാങ്ങിയാണു കാര്യങ്ങൾ നടത്തിയത്. തൃശൂർ ലുലു ഇന്റർനാഷണൽ ഓഡിറ്റോറിയമൊക്കെ ബുക്കു ചെയ്തു. ആദ്യരണ്ടു ഗഡുവായി രണ്ടുലക്ഷം രൂപ പ്രൊഡ്യൂസർ തന്നു. അതു കടം വീട്ടാൻ ഉപയോഗിക്കാതെ മണ്ടനായ ഞാൻ നാടകത്തിനായി ചെലവഴിച്ചു. ഇതിനിടെ ‘അമ്മ’യുടെ ഒരു യോഗം നടന്നു.
അതുകഴിഞ്ഞു ക്യാമ്പു തുടങ്ങിയപ്പോൾ ചില രംഗങ്ങൾ എങ്ങനെ ചെയ്യും എന്നൊക്കെയുള്ള അനാവശ്യസന്ദേഹങ്ങൾ ചില നടന്മാർ ഉയർത്തിത്തുടങ്ങി. പല പ്രധാനികളിലും വലിയ മാറ്റം പ്രകടമായി. ചിലർ കാശുചോദിച്ചുതുടങ്ങി. കാര്യങ്ങൾ മുന്നോട്ടുപോകാത്ത അവസ്ഥയായി. ആ ഘട്ടത്തിൽ സുധീഷ് പെട്ടെന്ന് എത്രരൂപ ബാക്കിയുണ്ടെന്നു ചോദിച്ചു. 76,000 എന്നു ഞാൻ പറഞ്ഞു. അതിങ്ങു ചെക്കെഴുതിത്താ എന്നായി. അത് എഴുതിക്കൊടുത്തു പിരിയാം എന്നു തീരുമാനിച്ചു. ആഘട്ടത്തിൽ വേറെ വഴി ഉണ്ടായിരുന്നില്ല. പൊടുന്നനെ എന്താണു സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല; ആരാണു കളിച്ചതെന്നും. തിരുവനന്തപുരത്തു മടങ്ങിയെത്തിയശേഷം താല്പര്യമുള്ളവരെ ചേർത്തു മുന്നോട്ടുപോകാൻ ശ്രമിച്ചു. സരയു അടക്കം മിക്കവരും ഫോണെടുത്തില്ല. നടൻ മുകുന്ദൻ ഉൾപ്പെടെ ചിലർ താല്പര്യപൂർവ്വം കാറെടുത്തു വന്നു ചർച്ച നടത്തിയെങ്കിലും പ്രൊജക്റ്റ് നടപ്പായില്ല. ട്രെൻഡ് സെറ്റർ ആകുമായിരുന്ന പ്രൊജക്റ്റ്. ഏതായാലും ഞാൻ മൂന്നേകാൽ ലക്ഷം രൂപയുടെ കടക്കാരനായി; മുട്ടത്തറയിൽനിന്നു ബ്ലേഡ് പലിശയ്ക്കെടുത്ത ഒന്നേകാൽ ലക്ഷം അടക്കം. ഇനിയും കൊടുത്തുതീർക്കാത്ത കടങ്ങളുണ്ട്. അതൊന്നുമായിരുന്നില്ല ദുഃഖം, വെറുതേ പോയ അദ്ധ്വാനവും സമയവും! അതിലേറെ, നാടകക്കാരുടെ ജീവിതനിലവാരം ഉയരാൻ കളമൊരുങ്ങുമായിരുന്ന ഒരു അന്തരീക്ഷവും അതുവഴി നാടകരംഗത്തിനാകെ ഉണ്ടാകുമായിരുന്ന പുതിയ മാനവും.
‘വജ്രമുഖൻ’ ഒരിക്കൽ കളിച്ച നാടകമല്ലേ?
അതെ. 1994 ഓഗസ്റ്റ് 17ന്. തിരുവനന്തപുരം കാർത്തികതിരുനാൾ തീയറ്ററിൽ. നിറഞ്ഞുകവിഞ്ഞ സദസ്സായിരുന്നു. എണ്ണൂറോളം പേർ ഒന്നേമുക്കാൽ മണിക്കൂർ നിശ്ശബ്ദം കണ്ടിരുന്നു. തെരുവിൽ നാടകം കളിച്ചുനടക്കുന്ന ഒരു തമിഴ് സംഘത്തിന്റെ കഥയായിരുന്നു. ഓരോ നാട്ടിൽ അവർ ഓരോ കഥ പറയും. അന്ന് അവർ കളിക്കുന്നത് പാണ്ഡവരുടെ കഥയാണ്. നാടകം മുഴുവനും തമിഴ്. അന്തർനാടകം മുഴുവൻ മണിപ്രവാളം. മണ്ടൻ കുഞ്ചു ഫെയിം അനൂപ് എസ്.കെ.എം ആയിരുന്നു തമിഴൻ. ഇന്നത്തെ മറിമായം ശ്രീകുമാർ കോതണ്ടൻ എന്ന ശിഷ്യൻ. നിസ്താർ അഹമ്മദ് സേഠാണു കർണ്ണനായത്. സി.പി. പ്രകാശ് ശല്യർ. ബ്രാഹ്മണനായി ഞാൻതന്നെ വേഷമിട്ടു.
പരശുരാമാശ്രമത്തിലെ വണ്ട് കർണ്ണന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. ഒരുഘട്ടത്തിൽ കോതണ്ടൻതന്നെ വണ്ടാകും. കുന്തി കുഞ്ഞിനെ ആറ്റിൽ ഒഴുക്കുന്നില്ല. കുന്തിയുടെ കൈതട്ടി വണ്ട് ആറ്റിൽ വീഴും. ഒരുസംഘം ഭടന്മാർ അതിനുപിന്നാലെ. മറ്റൊരു സംഘം കുഞ്ഞിനുപിന്നാലെയും.
പുരാണവും ആധുനികകാലവും ഇടകലരുന്ന അവതരണമാണ് അതിന്റേത്. സ്ക്കൂൾ ഓഫ് ഡ്രാമയിൽ പ്രൊജക്റ്റ് വർക്കായി ചെയ്യാനിരുന്നതാണ്. അവിടെ ചെയ്തിരുന്നെങ്കിൽ ഈ അംഗീകാരം കിട്ടുമായിരുന്നില്ല. അവിടെനിന്നു പുറത്താക്കപ്പെട്ടതു നന്നായി എന്നു തോന്നുന്ന നിരവധി സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. ഒരു മുഴുനീള നാടകം ചെയ്യാമെന്ന ആത്മവിശ്വാസം നേടിത്തന്നത് ആ അനുഭവമാണ്. അന്ന് എനിക്ക് 22 വയസ്.
ഗൗരവമുള്ള നാടകകാരനിലേക്കുള്ള പരിണാമം ‘വജ്രമുഖ’നിലൂടെ ആയിരുന്നു. കാവാലം നാരായണപ്പണിക്കർ എന്നെ ശ്രദ്ധിക്കുന്നത് അപ്പോഴാണ്. അഞ്ചുമിനുട്ടു കഴിഞ്ഞാൽ പോകും എന്നു പറഞ്ഞു വന്ന അദ്ദേഹം നാടകം മുഴുവനും കണ്ടു. രത്തൻ തിയ്യം (ഇപ്പോൾ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ചെയർമാൻ) എന്ന മണിപ്പൂരി നാടകകാരന്റെ അടുക്കും ചിട്ടയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ കൊടുത്ത ദക്ഷിണ തിരിച്ചുതന്നൂ അദ്ദേഹം! എന്നെ സ്വന്തം ഗ്രൂപ്പിലേക്കു വിളിക്കുകയും ചെയ്തു.
കാവാലം സാറിനൊപ്പം ഉണ്ടായിരുന്ന കാലഘട്ടം വലിയ അനുഭവമായിരുന്നു; പല വിദേശരാജ്യത്തെയും തീയറ്ററിനെ അറിയാനുള്ള അവസരവും. 1996ൽ ബംഗ്ലാദേശ് – ഇൻഡ്യ ഫെസ്റ്റിവൽ, ഉജ്ജയിൻ ഫെസ്റ്റ്, കാരന്തും ഹബീബ് തൻവീറും അടക്കമുള്ള പ്രഗത്ഭരുടെ അവതരണങ്ങൾ, ആദിവാസീസംസ്ക്കാരത്തിൽനിന്ന് ഉരുവം കൊണ്ട ‘ചരൺ ദാസ് ചോർ’, അങ്ങനെ പലതും.
പ്രകാശ് കലാകേന്ദ്രവുമായുള്ള ബന്ധം? അവരും പ്രശാന്തിനെ കയ്യൊഴിഞ്ഞോ?
എനിക്ക് ഏറ്റവും കടപ്പാടുള്ള ഒരു കൂട്ടരാണവർ. പിണങ്ങാൻ കഴിയില്ലെന്നു കരുതിയിരുന്ന ആ സംഘവുമായും അകലാൻ ഇടയയി. ആ സംഘത്തെ പൂർണ്ണമായി ഒഴിവാക്കി പുതിയ ആളുകളെ വച്ചു ‘ഛായാമുഖി’കളിച്ചത് ധാർമ്മികതയായില്ലെന്നു പിന്നെ പലപ്പോഴും തോന്നി. പ്രകാശ് കലാകേന്ദ്രത്തിലെ കലാകാരരെക്കൂടി ഉൾപ്പെടുത്തി മോഹൻലാൽ – മുകേഷ് പ്രൊജക്റ്റ് ചെയ്തിരുന്നെങ്കിൽ 2005-ൽത്തന്നെ അത് അരങ്ങിലെത്തുമായിരുന്നു. എന്റെ നാടകത്തെ നെഞ്ചോടു ചേർത്ത അവരിൽ ചിലർ എന്നെ കൊല്ലുമെന്നും കലാജീവിതം തകർക്കുമെന്നുമൊക്കെ പ്രഖ്യാപിച്ചുകളഞ്ഞു! ആരുടെ സമ്മർദ്ദമായിരുന്നു അവരെ ഒഴിവാക്കിയതിനു കാരണമെന്ന് അവരോടു വെളിപ്പെടുത്താൻ എനിക്ക് ആവുമായിരുന്നില്ലല്ലോ.
ആദ്യം കളിച്ചകാലത്തെ ഇളംമുറയാണ് ഇപ്പോൾ സാരഥ്യത്തിൽ. അടുത്തിടെ അവിടെനിന്ന് അപ്രതീക്ഷിതമായി ഒരു ഫോൺ. ‘ഛായാമുഖി’ ഒന്നുകൂടി ചെയ്താലോ എന്ന്. പല നാടകവും കളിച്ചെങ്കിലും ഒരു ‘ഇത്’ ഇല്ലത്രേ! ‘ഛായാമുഖി’ കാണണം എന്നു പറഞ്ഞു വിദേശങ്ങളിൽനിന്നു പോലും ചിലർ വിളിക്കാറുണ്ടെന്ന്. ഇനി കളിക്കേണ്ടത് ‘സായിപ്പിന്റെ പൂച്ച’യാണെന്നാണ് എന്റെ പക്ഷം എന്നു ഞാൻ പറഞ്ഞു. രണ്ടു സാദ്ധ്യതകളും ആലോചിക്കുന്നു. ‘സായിപ്പിന്റെ പൂച്ച’യും അതിലേറെ ഭാരതസമൂഹം ഞെട്ടുന്ന ഒരു വലിയ നിഗൂഢത വെളിപ്പെടുത്തുന്ന ‘ചിത്രലേഖ’യോ ആണ് ആനുകാലികരാഷ്ട്രീയസാഹചര്യത്തിൽ കൂടുതൽ പ്രസക്തം.
എന്താണ് ‘ചിത്രലേഖ’വെളിപ്പെടുത്താനിരിക്കുന്ന വലിയ നിഗൂഢത?
അതു തൽക്കാലം വെളിപ്പെടുത്തുന്നില്ല. ദയവായി നിർബ്ബന്ധിക്കരുത്.
ശരി. എന്താണ് ‘സായിപ്പിന്റെ പൂച്ച’ ചർച്ച ചെയ്യുന്ന വിഷയം?
ബ്രിട്ടിഷുകാർ ഇവിടെ ഉപേക്ഷിച്ചുപോയ ഒരു പൂച്ച വളർന്നു ഭീകരനായ പുലിയായി രാജ്യത്തെ വിഴുങ്ങുന്നതാണ് കഥ. ജനങ്ങളിൽനിന്ന് അന്യമായ നിയമവും നീതിന്യായവും ഭരണക്രമവും പുതിയകാലത്തു സൃഷ്ടിക്കുന്ന പ്രതിസന്ധികളും അപകടങ്ങളും ചർച്ചചെയ്യുന്നു. ഒരു ആഗോളാനുഭവമാണു സൃഷ്ടിക്കേണ്ടത്. നിയതമായ നാടകസങ്കേതങ്ങൾ ഉപയോഗിച്ചു പറ്റില്ല. കാർഷികസംസ്കൃതി ആവിഷ്ക്കരിക്കാൻ വലിയ വയലൊക്കെ അരങ്ങിൽ ഒരുക്കണം! അത്യാധുനികസങ്കേതങ്ങൾ പ്രയോഗിക്കണം. ചെലവേറും. വാസ്തവത്തിൽ പ്രകാശ് കലാകേന്ദ്രത്തിനായി എഴുതിയതാണു ‘സായിപ്പിന്റെ പൂച്ച’.
ഈ പരാജയങ്ങളിൽനിന്ന് എങ്ങനെയാണ് രണ്ടാംവരവു വിജയകരമായി നടത്തിയത്? ‘മകരദ്ധ്വജ’നും ‘കറ’യും വലിയ അഭിപ്രായം നേടിയല്ലോ. വീഴ്ചകളിൽനിന്നു പാഠം പഠിച്ചോ?
വീഴ്ചകൾ എപ്പോഴും പാഠങ്ങൾ തന്നെയാണ്. വർഷങ്ങൾക്കു മുമ്പുള്ള നാടകാവബോധം തന്നെ മാറി. പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്ത് എനിക്കിന്നുണ്ട്. അതിനു തക്ക കൂട്ടായ്മകളും. മുമ്പു മദ്യത്തിന്റെ വഴിയിൽ എന്നെ നയിച്ചവരെ എന്റെ ബുദ്ധിയുടെ പരിസരത്തുപോലും ഞാനിന്ന് അടുപ്പിക്കുന്നില്ല. ക്രിയാത്മകതയാൽ ഊർജ്ജസ്വലനാണിന്ന്. വെറും ആറുമാസത്തിന്റെ ഇടവേളയിലാണു ഗൗരവമുള്ള രണ്ടു നാടകങ്ങൾ, ‘കറ’യും ‘മകരദ്ധ്വജ’നും ചെയ്തത്. ‘മകരദ്ധ്വജ’നു കേന്ദ്രസാംസ്ക്കാരികവകുപ്പിന്റെ ഫണ്ടു വാങ്ങിയെടുക്കാൻ കഴിഞ്ഞു. പക്ഷേ, അഭിനേതാക്കളെ പുലർത്താൻ കഴിയാത്തവിധം ചെലവ് അധികമായി. സഹായിക്കാമെന്ന് ഏറ്റിരുന്ന കലാസ്നേഹിയായ ഒരു ചിരകാലസുഹൃത്തിന്റെ ബാർ പൂട്ടിയതിനാൽ അതു കിട്ടാതെവന്നു. നാടകസംഘത്തിനായി ബസ് വാങ്ങാൻ പോലും ആലോചിച്ചു നീങ്ങുമ്പോഴാണിത്. പ്രൊഡക്ഷൻ നിലച്ചു. നടക്കില്ലെന്ന ഘട്ടം. ആ സമയത്താണു സുഹൃത്തായ റെജി സൈൻ സഹായഹസ്തം നീട്ടുന്നത്. പിറ്റേന്നുതന്നെ അജീത് സിങ് പലാവത്തിനെ വിളിച്ച് ഏർപ്പാടാക്കി. കാര്യങ്ങൾ നീങ്ങി. ഇൻക്രിയേഷൻ റെപ്പേർട്ടറി എന്ന കമ്പനി രൂപവത്ക്കരിച്ചു. അതിന്റെ ബാനറിലാണു പ്രൊഡക്ഷൻ നടന്നത്. അതിന്റെ വിജയം അനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങളുടേതുതന്നെയാണ്.
‘മകരദ്ധ്വജൻ’ ഞാൻ കണ്ടിരുന്നു. അധികമെങ്ങും കേട്ടിട്ടില്ലാത്ത ഒരു കഥയാണല്ലോ അത്. നിത്യബ്രഹ്മചാരിയായ ഹനുമാന് ഒരു മകൻ! അച്ഛനെ കാണാനാഗ്രഹിച്ചു വീർപ്പുമുട്ടുന്ന മകന്റെ മുന്നിൽ നിസ്സഹായയായി ഉഴലുന്ന അമ്മ. പാതാളരാവണൻ ഒളിപ്പിച്ചിരിക്കുന്ന രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ വരുന്ന അച്ഛനും തടയാൻ പാതാളരാവണന്റെ കാവൽക്കാരനായ മകനും. പരസ്പരം തിരിച്ചറിയാതെ അവർ തമ്മിൽ ഒരു ഏറ്റുമുട്ടൽ. എക്കാലത്തെയും മനുഷ്യാവസ്ഥകളായ മാതൃഭാവങ്ങൾ, സ്വത്വപ്രശ്നം, വ്യത്യസ്തകർമ്മങ്ങൾ ദൗത്യങ്ങളാക്കിയവർ തമ്മിലുള്ള സംഘർഷം, അച്ഛനാരെന്നറിയാതെ കഴിയാൻ വിധിക്കപ്പെടുന്ന – വൈകാരികതയില്ലാത്ത ബന്ധങ്ങളിൽ പിറക്കുന്ന – കുട്ടികളുടെ അവസ്ഥ ഒക്കെ കടന്നുവരുന്ന ആ കഥ എങ്ങനെയാണു കണ്ടെത്തിയത്?
കവിളത്ത് ആഞ്ഞൊരു അടി കിട്ടിയതുപോലെയാണ് ആ വിഷയം കിട്ടുന്നത്. സദാ മദ്യപിച്ചു നടക്കുന്ന ഒരു അയൽക്കാരൻ വെല്ലുവിളി പോലെ ഒരു ചോദ്യം ഉയർത്തുകയായിരുന്നു: “വലിയ പുരാണക്കാരനാണല്ലോ. ഞാനൊരു ചോദ്യം ചോദിക്കാം. പറയാമോ. ഹനുമാന്റെ മകൻ ആര്?” സമസ്ത അഹങ്കാരവും അടങ്ങി. അയാൾ ഇത്രകൂടി പറഞ്ഞു: “കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോ. കടലിലെ ഒരു ജീവിയാണ് അവന്റെ അമ്മ.” പലരോടും ആരാഞ്ഞു. മകരകേതു എന്നു കഥകളിക്കാരിൽനിന്നു കിട്ടി. അതുവച്ചു ഗൂഗിളിൽ ആദ്യം തപ്പി. കമ്പരാമായണത്തിലെ ഒരു ഉപാഖ്യാനമണ്. സമുദ്രലംഘനവേളയിൽ ഹനുമാനിൽനിന്ന് ഇറ്റുവീണ വിയർപ്പുതുള്ളി വിഴുങ്ങാനിടയായ കടൽജീവിയിൽ പിറന്ന കുട്ടിയാണു മകരദ്ധ്വജൻ. ഒന്നരക്കൊല്ലമെടുത്തൂ കഥ കിട്ടാൻ. വീണ്ടുമൊരു മൂന്നരക്കൊല്ലം അതുമായി, അതിന്റെ പിന്നാലെ നടന്നു. കടൽജീവിയെ മകരി എന്ന മത്സ്യമാക്കി. അവളിൽ സ്ത്രീത്വത്തിന്റെ ഭാവങ്ങൾ പകർന്നു. സിനോപ്സിസ് കേന്ദ്ര സാംസ്ക്കാരികവകുപ്പിന് അയച്ചു. അനുമതി കിട്ടിയില്ലെങ്കിൽ നാടകം എഴുതിവയ്ക്കും, അനുമതി കിട്ടിയാൽ ആദ്യം ക്രിയാംശം ഉണ്ടാക്കും എന്നു തീരുമാനിച്ചു. ‘മകരദ്ധ്വജൻ’ വരെ എല്ലാം രചനാപാഠം അടിസ്ഥാനമാക്കി രംഗപാഠം തയ്യാറാക്കുകയായിരുന്നു രീതി. ഇക്കുറി അതു മാറി. മനസിൽ നാടകം രൂപപ്പെടുത്തുകയായിരുന്നു. ക്രിയാംശത്തിലൂടെ ഉണ്ടാകുന്ന പ്രേരണകൾ കഥാപാത്രത്തിന്റെ ചിന്തകളുമായി വിളക്കിച്ചേർക്കും. കഥാപാത്രങ്ങൾക്കു സംസാരിക്കാൻ മൂഡ് ഉണ്ടെങ്കിൽ മാത്രം സംസാരിക്കും. ദൃശ്യത്തിനു വഴങ്ങാത്ത സംവേദനഭാഗങ്ങൾ പൂർത്തീകരിക്കാൻ മാത്രം സംഭാഷണം. ദശരൂപകങ്ങളിൽ ഒന്നായ വ്യായോഗത്തിന്റെ ലക്ഷണമാണ് ഈ നാടകത്തിന് – ബന്ധുക്കൾ തമ്മിൽ തിരിച്ചറിയാതെയുള്ള യുദ്ധം. ആധുനികമനസ് എങ്ങനെ അതിനെ കാണുന്നു എന്നതാണു പ്രധാനം. കണ്ടുമറക്കുന്ന നാടകം അല്ലാതെ കൊണ്ടുനടക്കുന്ന നാടകം ഉണ്ടാകാൻ അത് ആവശ്യമാണ്.
കടലിന്നടിയിലെ രംഗങ്ങളൊക്കെ വിസ്മയകരം ആയിരുന്നു. കടൽ, പാതാളം, കടൽത്തീരം, കരഭൂമി – ഈ വൈരുദ്ധ്യങ്ങളൊക്കെ എത്ര ലളിതമായാണ് ഒരുക്കിയത്!
കടലിന്റെ അടിത്തട്ടിനെപ്പറ്റി സങ്കല്പങ്ങൾ മാത്രം. അതിന്റെ മർദ്ദം, നിറം, കടലിനടിയിലെ ചുളിവുകൾ,… ആ സെറ്റാണ് ആദ്യം ഉണ്ടാക്കിയത്. ഒരേ ക്ലസ്റ്ററുകൾ കടൽസസ്യങ്ങളും ഹനുമാന്റെ പ്രവേശനത്തിനുള്ള വാഴത്തോട്ടവുമായി. ഹനുമാന്റെ ചുരുട്ടിവച്ച വാൽക്കൂടാരം പിന്നെയാണു മനസിൽ കടന്നുവന്നത്. ഹനുമാന്റെ ദൈവത്വം കളയാൻ ഒരു ഘോഷയാത്ര ആസൂത്രണം ചെയ്തു. ദൃശ്യപാഠം പൂർണ്ണമായി മനസിലുണ്ടാക്കിയാണു ക്യാമ്പിൽ ചെല്ലുന്നത്. പക്ഷേ, ഹനുമാന്റെ സംഭാഷണം എഴുതാൻ പറ്റുന്നില്ല. ഹനുമാൻ എന്നോടു മിണ്ടുന്നില്ല. തപം. മഹാമൗനം. അതിനിടയിലെ നോട്ടവും പ്രകൃതവും മാത്രം. ആകെ സംസാരിക്കുന്നതു കുട്ടിത്തം പോലെ മകരദ്ധ്വജനോടു മാത്രം. അതും അഭിനയം മാത്രം. ഹനുമാനു പരിചയമുള്ള ഹനുമാൻ മൗനിയാണ്. ഒടുവിൽ മകനുമായുള്ള യുദ്ധവേളയിലാണ്,
“പറയരുതോ ബാലാ, പിതൃനാമം
പലവുരു കാംക്ഷിച്ചാനാമം
അരുതരുതിനിമേൽ, മതിയുദ്ധം
പറയുക ബാലാ, പറയുക നീ”
എന്നു പറയുന്നത്. ഹനുമാനാണ് അച്ഛനെന്നു മകൻ പറയുന്നു. ഒരു ടീം പിൻപാട്ടു പാടുന്നു:
“തിരയുടെ മുകളിൽ തീയിന്നുള്ളിൽ
തിറമായ് പൊങ്ങിയ രൂപമെതോ?
നക്ഷത്രക്കനി നുള്ളിയെടുത്തതു
കാതിലണിഞ്ഞൊരു രൂപമെതോ?
ഒറ്റക്കുതിയാൽ സാഗരമക്കരെ-
യെത്തിത്തീത്തിര കത്തിച്ചോൻ
യുദ്ധക്കളമതിലരികുലമൊക്കേം
നഷ്ടം ചെയ്തൊരു മാരുതിയോ…”
അജിത് സിങ് പലാവത്തിനെപ്പോലൊരു നടനെക്കൂടി കിട്ടിയപ്പോൾ സംഗതി ഗംഭീരമായി. മണ്ടൻ കുഞ്ചു ഫെയിം അനൂപിന്റെ മകരദ്ധ്വജനെപ്പറ്റി പറയാനില്ല! മകരിയെത്തേടി കേരളം മുഴുവൻ നടന്നു. മത്സ്യകന്യകയെപ്പോലൊരു പെൺകുട്ടിയെ എങ്ങനെയോ കിട്ടി – പാർവ്വതി നമ്പ്യാർ. കടുത്ത പരിശീലനത്തിലൂടെയാണെങ്കിലും മത്സ്യത്തിന്റെ ചലനങ്ങൾ അത്ഭുതകരമായി അവർ പകർത്തി.
ആദ്യാവതരണത്തിനുശേഷം മകരിയായത് ഇപ്ഷിത ചക്രബർത്തി സിങ് ആണല്ലോ. എങ്ങനെയാണ് അന്യഭാഷക്കാരയ അഭിനേതാക്കളിലേക്ക് എത്തിയത്?
ഇപ്ഷിതയും അജീത് സിങ്ങും നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി.)യിൽനിന്ന് ഉള്ളവരാണ്. ഞാൻ കാവാലം സാറിനോടൊപ്പം അവിടെ നാടകശില്പശാല നടത്തിയിട്ടുണ്ട്. ‘ശാകുന്തള’മാണു ചെയ്തത്. അന്നു ശില്പശാലയിൽ ഇവർ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞു വിമാനത്താവളത്തിലേക്ക് അനുയാത്ര ചെയ്യവേ എന്റെ ഒരു നാടകത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പുതിയ പ്രൊജക്റ്റ് വരുമ്പോൾ പരിഗണിക്കണേ എന്നും ഇവർ പറഞ്ഞിരുന്നു. അങ്ങനെയാണ് അവർ എത്തുന്നത്.
മികച്ച പ്രതിഭകളാണ് ഇരുവരും. അനൂപും അതേ നിലവാരമുള്ള നടനാണ്.
അതെ. മലയാളമൊക്കെ അതിവേഗം പഠിച്ച് അർത്ഥമറിഞ്ഞ് അനായാസം അഭിനയിക്കുന്നു. അരങ്ങിൽനിന്നു മൂന്നരയടിയാണ് ഒറ്റക്കുതിപ്പിന് അജീത്തും അനൂപും ഉയർന്നത്! ഒടുവിലത്തെ പീഠത്തിന് ഉയരം അഞ്ചടിയാണ്. ഞാനല്ല ചാടിയതെന്നാണു നടന്മാർ പറഞ്ഞത്. റിഹേഴ്സലിൽ അതവർക്കു മിക്കപ്പൊഴും പറ്റിയിരുന്നില്ല. അത്ര ഉൾക്കൊണ്ടാണ് ഓരോരുത്തരും ചെയ്തത്.
പ്രശാന്തിന്റെ നിഷ്ക്കരുണമായ പരിശീലനത്തിന്റെ ഫലം! (പ്രശാന്ത് ചിരിച്ചു, ആലോചനാമധുരമായി.)
ഒരു സംശയം ചോദിക്കട്ടെ. ഛായാമുഖി, മകരദ്ധ്വജൻ, ദേവയാനം, വജ്രമുഖൻ, ഭൈരവിക്കോലം, ഉജ്ജയിനി, ചിത്രലേഖ, മണികർണ്ണിക, സൂര്യരാശിപുരം,… മിക്കവയും പുരാണമോ പഴയകാലത്തുനിന്നുള്ളവയോ ആണല്ലോ. ‘കറ’യാണെങ്കിലും തദ്ദേശീയമായ മിത്താണ്. കടുത്ത ഇടതുപക്ഷനിലപാടുകാരനായിട്ടും എന്താണ് ആധുനികസാമൂഹികവിഷയങ്ങൾ ഏറ്റെടുക്കാത്തത്?
പേരുകൾ ഇങ്ങനെയാണെങ്കിലും സാമൂഹികവിഷയങ്ങളുടെ ശക്തമായ ഒരു തലം എന്റെ നാടകങ്ങൾക്കുണ്ട്. പക്ഷേ, അത്തരം വിഷയങ്ങൾ പച്ചയായി അവതരിപ്പിക്കുന്ന ഒരുപാടുപേരില്ലേ? ഞാനും അതുതന്നെ ചെയ്യുന്നതിൽ എന്താണർത്ഥം? കാവാലത്തിനു രാജ്യാന്തരശ്രദ്ധ കിട്ടിയത് അതിലെ പൗരാണികതയും പൗരസ്ത്യസംസ്ക്കൃതിയും കൊണ്ടുകൂടിയാണ്.
പുരാണപശ്ചാത്തലത്തിൽ നാടകം രചിക്കുന്നവർ കുറവാണ്. പുരാണങ്ങളുടെ നാടകകൃത്ത് എന്നു വിളിപ്പേര് എനിക്ക് ഇതിനകം പതിഞ്ഞുകഴിഞ്ഞു. യഥാർത്ഥത്തിൽ, ഞാൻ എഴുതിയ 25 നാടകങ്ങളിൽ നാലെണ്ണം മാത്രമാണ് പൂർണ്ണമായും പുരാണം എന്നു പറയാവുന്നത്. കഥയുടെയോ കഥാപാത്രങ്ങളുടെയോ പൗരാണികതയല്ല വിഷയം; അതിനു നൽകുന്ന പരിചരണമാണ്. മനുഷ്യാവസ്ഥകളും ഭാവങ്ങളും എക്കാലത്തേതുമാണ്. അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നാടകങ്ങളെല്ലാം കാലാതിവർത്തിയാണ്. അവയൊക്കെ ഇനിയൊരുകാലത്ത് ആവിഷ്ക്കരിക്കുമ്പോഴും ആ കാലത്തിന്റെ സാമൂഹികരാഷ്ട്രീയസമസ്യകളുടെ തലം സ്വാഭാവികമായും അതിന് ഉണ്ടായിവരും.
കൂടാതെ, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും ഞാൻ കൈകാര്യം ചെയ്യുന്നുണ്ട്. ‘കറ’ ഒരു നാടോടിക്കഥ ആസ്പദമാക്കിയുള്ള നാടകമാണെങ്കിലും അതിശക്തമായി ആനുകാലികസ്ത്രീപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒന്നാണ്. ‘ഒട്ടും ശരിയല്ല’ എന്ന നാടത്തിന്റെ വിഷയവും സ്ത്രീപ്രശനമാണ്. മറ്റൊരു സ്ത്രീപക്ഷരചനയാണു ‘കാമനീയകം’. അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ‘കഞ്ചനക്കൂട്’ കൂട്ടിലടച്ച ബാല്യങ്ങളുടെ ജീവിതമാണ്.
ഒരു മണിക്കൂർ മാത്രം സൂര്യനുദിക്കുന്ന നാടിന്റെ കഥ പറയുന്ന ‘സൂര്യരാശിപുരം’ ആവിഷ്ക്കരിക്കുന്നത് ഒരുരൂപത്തുട്ടുകൊണ്ടു മറഞ്ഞിരിക്കുന്ന സൂര്യൻ, അതുമൂലം വെളിച്ചം നഷ്ടപ്പെട്ടുപോയ നാട്, ആണ്. മുതലാളിത്തത്തിന്റെ ദുരബാധിച്ച നമ്മുടെ നാടിന്റെ ചിത്രമാണത്. ആനുകാലികഭാരതത്തിന്റെ അവസ്ഥ ഓർമ്മിപ്പിക്കുന്ന നാടകമാണ് ‘സായിപ്പിന്റെ പൂച്ച’. ബ്രിട്ടിഷുകാർ അവശേഷിപ്പിച്ചുപോയ ഭരണ-നിയമസംവിധാനങ്ങളാകുന്ന പൂച്ച ക്രമേണ വളർന്നു പുലിയായി പരിണമിച്ചു ജനതയെയാകെ വിഴുങ്ങുന്ന സാഹചര്യത്തെപ്പറ്റിയുള്ള ആശങ്കയാണതിൽ. യുവജനോത്സവങ്ങളിൽ കളിക്കുന്ന ‘ഭഗത്’ ഭഗത് സിങ്ങിനെ തട്ടിയെടുക്കുന്ന, അദ്ദേഹത്തിന്റെ ആദർശങ്ങൾക്കു വിരുദ്ധരായ രാഷ്ട്രീയകക്ഷികൾക്കുള്ള മുന്നറിയിപ്പാണ്.
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് എഴുതി കളിച്ച ‘കുഞ്ഞനു ഭ്രാന്താണ്’ മുതൽ മിക്കവയും സാമൂഹികവിഷയങ്ങൾ അവതരിപ്പിക്കുന്നവയാണ്. ‘തൊപ്പിക്കാര’ന്റെ കഥ ഓർമ്മിപ്പിക്കുന്നത് അധികാരത്തൊപ്പിയാണ്. ധാരാളം സമ്മാനങ്ങൾ നേടിയ ഈ നാടകം ഈർക്കിൽപ്പാർട്ടിരാഷ്ട്രീയം ചർച്ച ചെയ്യുന്നു. അധികാരിയുടെ അപ്രായോഗികജ്ഞാനം അപകടത്തിൽ എത്തിക്കുന്നതാണ് ‘അരചചരിത’ത്തിന്റെ സന്ദേശം.
ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനുവേണ്ടി എഴുതിയ ‘മണികർണ്ണിക’യുടെ പ്രമേയം രണ്ടായിരം വയസുള്ള ഒരാളുടെ ചരിത്രബോധമാണ്. വാണിജ്യനാടകത്തിന്റെ സംവിധാനച്ചട്ടക്കൂട്ടിൽ ചെയ്തതു ബുദ്ധിമോശമായി എന്നു പിന്നീടു തോന്നിയ ഒന്നാണത്. ‘മദർ ബോർഡ്’, ‘പ്രാവുകൾ’, ‘ജനാലയ്ക്കപ്പുറം’, ‘ബലൂണുകൾ’ ഒക്കെ സാമൂഹികവിഷയങ്ങൾ തന്നെയാണു പറയുന്നത്. ‘ജനാലയ്ക്കപ്പുറം’ എൺപതിൽപ്പരം സ്റ്റേജുകളിൽ കളിച്ചിട്ടുണ്ട്. ഒരുകൊല്ലം മെഡിക്കോസ് മേളയിലും ഒന്നാം സമ്മാനം കിട്ടി. ആനുകാലികമായ കാഴ്ചകളുടെ തീവ്രമായ, പച്ചയായ ആവിഷ്ക്കാരമാണത്. ഒരു ആശുപത്രിമുറിയിൽ തളർവാതമായി കിടക്കുന്ന ഒരാൾക്ക് അയാളുടെ ആവശ്യപ്രകാരം ജനാലയ്ക്കപ്പുറത്തെ കാഴ്ചകൾ മറ്റൊരു രോഗി പറഞ്ഞുകൊടുക്കുകയാണ്. ശുദ്ധഫാന്റസി.
നീലത്തടാകം, കളിക്കളം, തലപ്പന്തു തട്ടുന്ന പട്ടാളക്കാർ, ഒക്കെയാണു കാഴ്ചകൾ. കാഴ്ചകൾ പറയുന്ന രോഗി ഒരുദിവസം ശത്രക്രിയയ്ക്കു പോയി. അന്നു പുറത്തെ വിശേഷങ്ങൾ അയാൾ ക്ലീനറോടാണു ചോദിക്കുന്നത്. അവർ ജനാലയ്ക്കൽ ചെന്നു നോക്കി. “നിരത്തോ!? നീലത്തടാകമോ!? അതു വെറും വഴിയാണ്. ആശുപത്രിക്കുള്ളിലെ ഇടനാഴി. മോർച്ചറിയിലേക്കുള്ള വഴി എന്നെഴുതിയ അസ്ത്രം വച്ചിരിക്കുന്നു”. നാടകത്തിൽ ഉടനീളമുള്ള ക്ലീനർ എന്ന കഥാപാത്രത്തിന്റെ ഏക സംഭാഷണമാണത്. സംഭാഷണങ്ങളേ ഇല്ലാത്ത ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നവർക്കായിരുന്നു മിക്ക മത്സരത്തിലും നല്ലനടനുള്ള സമ്മാനം. എഴുതിവന്നപ്പോൾ സർറിയലിസ്റ്റിക്കായി. ഇന്റർനെറ്റിൽ അജ്ഞാതന്റേതായി വന്ന ഒരു കഥയായിരുന്നു പ്രചോദനം. ആർട്ടിസ്റ്റ് ഭട്ടതിരിയാണ് അത് എനിക്കു തരുന്നത്.
പുരാണങ്ങളുടെ നാടകകാരൻ എന്ന പേരു പതിയുമാറ് പുരാണങ്ങളുടെ സ്വാധീനം പ്രശാന്തിൽ ഉണ്ടാകുന്നത് കഥകളിയുമായുള്ള ബന്ധവും അതിലേറെ സമ്പന്നമായ കുടുംബപൈതൃകവും കൊണ്ടാണ് എന്നു വിലയിരുത്തിയാൽ തെറ്റാകുമോ? പതിനേഴാം വയസിൽ കഥകളി രചിച്ചതും അതു തെക്കൻ ചിട്ടയിലും വടക്കൻ ചിട്ടയിലും ധാരാളം വേദികളിൽ കളിച്ചതും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നതും മറ്റാർക്കും അവകാശപ്പെടാനാകാത്ത, അസാധാരണമായ നേട്ടമാണ്. മറ്റുപലരും കഴിഞ്ഞകാലങ്ങളിൽ എഴുതിയ ആട്ടക്കഥകൾ അരങ്ങേറ്റത്തോടെ അവസാനിക്കുകയോ എഴുതിയവരുടെ ഉത്സാഹത്തിൽ ഏതാനും വേദികളിൽക്കൂടി കളിച്ച് അരങ്ങൊഴിയുകയോ ചെയ്യുന്ന അനുഭവങ്ങൾക്കിടെ ഇതു വലിയ അഭിമാനമാണ്. നമുക്കു ബാല്യത്തിലേക്കും പാരമ്പര്യത്തിലേക്കും ഒന്നു പോയിവന്നാലോ?
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിലമ്പൂരിൽ ഭ്രഷ്ടു കല്പിക്കപ്പെട്ട കഥകളിവേഷക്കാരൻ രാഘവപ്പിഷാരടി പിന്നീടു വർക്കലയിലാണു വന്നു താമസമായത്. അദ്ദേഹത്തിന്റെ മകനാണ് ജി. രാമകൃഷ്ണപിള്ള (1890-1959). കണ്ടുകെട്ടുതഹസീൽദാർ ആയിരുന്ന അദ്ദേഹം വിരമിച്ചശേഷം തിരുവിതാംകൂർ സർവ്വകലാശാലയിൽ സാംസ്ക്കാരികവിഭാഗം ഡീൻ ആയി നിയമിക്കപ്പെട്ടു. ‘കഥകളി’ എന്ന ബൃഹദ് ഗ്രന്ഥവും ‘സ്യമന്തകം’ ആട്ടക്കഥയും 32 നോവലുകളും എഴുതിയിട്ടുണ്ട്. തിരുവനന്തപുരം മഹാരാജാസ് കോളെജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളെജ്) എം.എ. സംസ്‌കൃതത്തിനു പഠിക്കുമ്പോൾ ചങ്ങമ്പുഴ സമകാലീനനായിരുന്നു.
ജി. രാമകൃഷ്ണപിള്ളയുടെ ആറുമക്കളിൽ ഒരാളായിരുന്നു എന്റെ അച്ഛൻ വെള്ളായണി നാരായണൻ നായർ. കഥകളിസാഹിത്യകാരനും നിരൂപകനും ആയിരുന്ന അച്ഛൻ 14 ആട്ടക്കഥ എഴുതിയിട്ടുണ്ട്. അഞ്ചെണ്ണം പ്രസിദ്ധീകരിച്ചു. ‘അയ്യപ്പചരിതം’ ഇപ്പോഴും കളിക്കുന്നു. ജാതിവ്യവസ്ഥയുടെ നിരർത്ഥകത വിളിച്ചോതുന്ന ‘ഭക്തനന്ദനാർ’, ‘സീതാഹരണം’, ‘സീതാന്വേഷണം’, ‘ഭക്തമാർക്കണ്ഡേയൻ’, ‘ആറ്റുകാൽ ദേവി’, സാമ്പ്രദായികതയിൽനിന്നു വ്യതിചലിച്ചുള്ള രചനയായ ‘ശ്രീയേശുജനനം’ തുടങ്ങിയവയാണു മുഖ്യം.
വെള്ളായണിയിലെ വീട് കഥകളിക്കാരുടെ താവളമായിരുന്നു. അക്ഷരാർത്ഥത്തിൽ കഥകളിക്കളരിയിലായിരുന്നു എന്റെ ജനനം എന്നു പറയാം. നീ എന്റെ രണ്ടാം ഭാര്യയാണെന്ന് അച്ഛൻ അമ്മയോടു പറയുമായിരുന്നു. കഥകളിയായിരുന്നു ഒന്നാം ഭാര്യ. മാസന്തോറും കഥകളി നടത്തിവന്നു. ആയിരം രൂപയാണ് അന്നു ചെലവ്. ഏതാണ്ടു മലയിൻകീഴ് പഞ്ചായത്തു മുഴുവൻ കുടുംബസ്വത്തായിരുന്നു. അതുമുഴുവൻ കഥകളിക്കായി വിറ്റുവിറ്റുതീർന്നു. കാർഷികസർവ്വകലാശാലയിൽ ലൈവ് സ്റ്റോക് അസിസ്റ്റന്റ് ആയിരുന്നു അച്ഛൻ. തനിയാവർത്തനം പോലെ ഞാനും ലൈവ് സ്റ്റോക് ഇൻസ്പെക്ടറായി, സർക്കാരിലാണെന്ന വ്യത്യാസം മാത്രം. അച്ഛൻ അവസാനം വാങ്ങിയ ശമ്പളം ഞാൻ ആദ്യം വാങ്ങി! മൂന്നുമക്കളിൽ മൂന്നാമനാണു ഞാൻ. തിരുവനന്തപുരം തൊട്ടു ഷൊർണ്ണൂർ വരെ കഥകളിയുള്ളിടത്തെല്ലാം എന്നെയും കൊണ്ടുപോകുമായിരുന്നു.
അഞ്ചു വയസുവരെ ഓരോ രാത്രിയും നെഞ്ചിൽ കിടത്തി ഓരോ പുരാണകഥ പറഞ്ഞുതരുമായിരുന്നു. പിന്നെ രഘുവംശവും കുമാരസംഭവവും തൊട്ട് ഋതുസംഹാരം വരെ ചൊല്ലി വിഗ്രഹിച്ച് അർത്ഥം പറഞ്ഞുതന്നു. വൃത്തജ്ഞാനമുണ്ടാക്കിത്തന്നു. ആറാം വയസിൽ ഗുരുലഘു തിരിച്ചു വൃത്തം പറയുമായിരുന്നു ഞാൻ. 1860കളിൽ അച്ചടിക്കപ്പെട്ട മലയാണ്മ നിഘണ്ടു പരിചയപ്പെടുത്തി. ഭാഷ, സംഗീതം, നാടകീയത, പാത്രബോധം, കലാബോധം എന്നുവേണ്ടാ, സ്റ്റേജ് ക്രാഫ്റ്റ് വരെ എല്ലാം ഇണങ്ങുന്നതാണു കഥകളി കാണൽ. ജ്ഞാനത്തിന്റെ ഘടകങ്ങളിലേക്കു നയിക്കുന്നതൊക്കെയുണ്ട് അതിൽ.
നളചരിതം, ദക്ഷയാഗം, ഉത്തരാസ്വയംവരം, കീചകവധം, തുടങ്ങി പരക്കെ കളിക്കുന്നതും കളിക്കാത്തതുമായ പല ആട്ടക്കഥകളുടെയും പദങ്ങൾ എനിക്കു കാണാപ്പാഠമാണ്. സ്‌കൂളിലെ പഠിത്തം വേറെ, ഇവിടത്തെ പഠിത്തം വേറെ എന്നതായിരുന്നു അച്ഛന്റെ സമീപനം. ഭാഷ എപ്പോഴും പടുത്വമുള്ളതാകണമെന്ന് അച്ഛനു വാശിയുണ്ടായിരുന്നു. അച്ഛൻ പറയുമായിരുന്നു, “നിന്റെ കാലത്തെ ഒരു എഴുത്തുകാരനെയും നീ വായിക്കേണ്ടതില്ല. പകരം നൂറുകൊല്ലം മുമ്പു മുതലുള്ള പുസ്തകങ്ങൾ, ഏതു ഭാഷയിലുള്ളതും, വായിക്കുക! വായിച്ചതു മറന്നിട്ടേ എന്തും ചെയ്യാവൂ. എങ്കിലേ നമുക്കു വല്ലതും സ്വന്തമായി ഉണ്ടാകൂ.” ആ അപഠനം പ്രധാനമാണ്. സമ്പത്തല്ല കാര്യം എന്നതായിരുന്നു അച്ഛൻ പഠിപ്പിച്ച ദർശനം. ഇന്നു പക്ഷേ, ഞാൻ മറിച്ചാണു മനസിലാക്കുന്നത്; പണത്തിനു മൂല്യമുണ്ട്, പണത്തിന്റെ മൂല്യം മാത്രം! പതിനഞ്ചു വയസുവരെയേ അച്ഛൻ ഒപ്പമുണ്ടായിരുന്നുള്ളൂ.
അപഠനം എന്നതു പഠിച്ചുമറക്കലാണെന്നും അതെന്തെന്നു കലാകരർ അറിയണമെന്നും പ്രശാന്തിന് അതു കഴിഞ്ഞിട്ടുണ്ടെന്നും ‘ഛായാമുഖി’യുടെ പ്രകാശനവേളയിൽ കാവാലം പറഞ്ഞതു ഞാൻ ഓർക്കുന്നു. അച്ഛൻതന്നെയാണോ കഥകളി അഭ്യസിക്കാൻ പ്രേരിപ്പിച്ചത്? ആരായിരുന്നു ഗുരു?
തീർച്ചയായും പ്രേരണ അച്ഛൻതന്നെ ആയിരുന്നു. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയാണു ഗുരു.
പെരുമ്പാവൂർ പുന്നയത്തെ അദ്ദേഹത്തിന്റെ ഇല്ലത്തു ഗുരുകുലരീതിയിൽ ആയിരുന്നു അഭ്യസനം. ആറുവയസിൽ പഠനം തുടങ്ങി. അവധിക്കാലം മുഴുവൻ അവിടെ. ആശാൻ തിരുവനന്തപുരത്തു വന്നാൽ വീട്ടിലാണു താമസം. സീസണുകളിൽ കുറേദിവസം ഉണ്ടാകും. അപ്പോഴും പഠനം തുടരും. യുവജനോത്സവത്തിനായുള്ള പഠനത്തിന് അച്ഛൻ എതിരായിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളായണി അമ്പലത്തിലായിരുന്നു അരങ്ങേറ്റം – സന്താനഗോപാലത്തിലെ കൃഷ്ണൻ. നാനൂറോളം വേദികളിൽ ഞാൻ വേഷം കെട്ടിയിട്ടുണ്ട്, അതും കുലപതികളുടെ കൂടെ! മാങ്കുളം വിഷ്ണുനമ്പൂതിരി, ഹരിപ്പാട്ടു രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻപിള്ള, രാമൻകുട്ടിനായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, മടവൂർ വാസുദേവൻ നായർ, വൈക്കം കരുണാകരൻ നായർ, സദനം കൃഷ്ണൻകുട്ടി തുടങ്ങി മിക്കവരുടെയും കൂടെ. ആദ്യമൊക്കെ കുട്ടിത്തരം വേഷങ്ങൾ ആയിരുന്നു.
കുട്ടിഭീമൻ, ദക്ഷയാഗത്തിലെ ഇന്ദ്രൻ, നളചരിതത്തിലെ ഇന്ദ്രൻ, നിഴൽക്കുത്തിലെയും ഉത്തരാസ്വയംവരത്തിലെയും ദൂതന്മാർ, കുട്ടിത്തരം സ്ത്രീവേഷങ്ങൾ… ഒരു പൂർണ്ണകഥാപാത്രത്തിലേക്കുള്ള എല്ലാ ചേരുവയും. ബാലിവിജയത്തിലെ രാവണൻ, കിരാതത്തിലെ അർജ്ജുനൻ ഒക്കെപ്പോലെയുള്ള ആദ്യവസാനവേഷങ്ങളും കെട്ടിയാടേണ്ടി വന്നിട്ടുണ്ട്.
നേരത്തേ പറഞ്ഞ മഹാരഥന്മാരൊക്കെ വീട്ടിൽ വരും. ആ കൂട്ടായ്മകൾ വലിയ പണ്ഡിതസദസ്സുകൾ ആയിരുന്നു. ഗംഭീരമാംവിധം സർഗ്ഗാത്മകം! കളിയെപ്പറ്റി, സന്ദർഭങ്ങളെപ്പറ്റി, അവതരണത്തെപ്പറ്റി, വേണ്ട പരിഷ്ക്കരണങ്ങളെപ്പറ്റി ഒക്കെ ചർച്ച നടക്കും. അതൊരു വലിയ അനുഭവമായിരുന്നു. ഒരു ഉദാഹരണം പറയാം. “ഹസിച്ചു പാർഷതി സഭാതലേ…” എന്ന പദം ഇന്ദ്രപ്രസ്ഥത്തിലെത്തി സ്ഥലജലഭ്രമമുണ്ടായി വസ്ത്രമുയർത്തിനടക്കുന്ന കൗരവപ്രമാണിമാരെക്കണ്ടു പാഞ്ചാലി ചിരിക്കുന്നതിനെപ്പറ്റിയുള്ളതാണ്. അവിടെ, പാഞ്ചാലി കൈകൊട്ടിച്ചിരിക്കുന്നതായാണു കളിക്കാറ്. അത് അത്യുക്തിയാണെന്നായി ഓയൂർ രാമചന്ദ്രൻ. ഹസിച്ചു എന്നേ കവി പറയുന്നുള്ളൂ. മഹാഭാരതത്തിൽ കൈകൊട്ടിച്ചിരിച്ചതായി പറയുന്നുണ്ടെന്നായി മറ്റ് ആശാന്മാർ. അപ്പോൾ തർക്കം നടന്റെ പ്രതിജ്ഞാബദ്ധത കവിയോടോ പുരാണത്തോടോ എന്നായി. ഭാരതയുദ്ധത്തിനു കാരണമായ ആ ഒറ്റച്ചിരി ഓരോ നടനും ഇങ്ങനെയൊക്കെ വിശകലനം ചെയ്തുവേണ്ടേ അവതരിപ്പിക്കാൻ?
നാടകത്തിലെ ഓരോ അംഗചലനം നിശ്ചയിക്കുമ്പോഴും ഇതെല്ലാം എന്റെ മനസിൽ തെളിയും.
കൂടുതൽ ഗൗരവപൂർണ്ണമായ കഥകളിപഠനം നടന്നതു സ്ക്കൂൾവിദ്യാഭ്യാസത്തിനു ശേഷമാണ്. അതിനായി ആശാന്റെ നാടായ പെരുമ്പാവൂരിലെ ഇരിങ്ങോൾ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ചേർന്നു. ചന്ദ്രമനയിൽ കലയൊഴിഞ്ഞൊരു നിമിഷമില്ല. സമ്പൂർണ്ണകലയിലേക്കു നയിച്ച കാലം. സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരി അന്നു കളിക്കൂട്ടുകാരനായി അയൽപ്പക്കത്ത് ഉണ്ടായിരുന്നു. ചന്ദ്രമനയിലെ ഏറ്റവും ഇളയയാളായ ഉണ്ണിയപ്പൻ ചന്ദ്രമന തീർക്കുന്ന കാവ്യലോകം. ഏറ്റവും മൂത്തയാളായ ചന്ദ്രമന ശ്രീധരൻ നമ്പൂതിരി ആട്ടക്കഥയൊക്കെ എഴുതിയിട്ടുള്ളയാളാണ്. എല്ലാ വേഷവും ചെയ്യും. “പച്ച, കത്തി, താടി, മിനുക്ക്, മെച്ചമൊടേ കരിവേഷമണിഞ്ഞ്” എന്നപോലെ. ഇവരെക്കൂടാതെ മക്കളും വീട്ടിൽത്തന്നെ താമസിക്കുന്ന ബന്ധുക്കളും ശിഷ്യരും എല്ലാം ചേർന്ന് മറ്റൊരു 25 പേരുടെ സംഘം. ഇവരുടെയെല്ലാം ചെലവു കണ്ടെത്തുന്നതുതന്നെ വളരെ കഠിനമായിരുന്നു. ആശാനാണെങ്കിൽ അഞ്ചു മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുകയും വേണം. വിശ്വാസമില്ലായിരുന്നിട്ടും ചിലപ്പോഴെല്ലാം അദ്ദേഹം മന്ത്രവാദത്തിനുവരെ പോകുമായിരുന്നു.
ഗുരുകുലത്തിൽ പ്രാതലിന് അണ്ടാവിലാണു മാവ്! അതുകൊണ്ടുണ്ടാക്കുന്ന സാധനത്തിനു ഞങ്ങൾ ദൊഡ്ഡലി എന്നാണു പേരിട്ടിരുന്നത്. ചുവന്ന മുളകു വറുത്തതും അല്പം എണ്ണയും ഉപ്പും ഇലത്തുമ്പിൽ. ഉച്ചയ്ക്കു കൂമ്പാരച്ചോറിനുമീതെ കാളൻ! സീസണിൽ ചേമ്പിൻതണ്ടിട്ട നീളൻ കറിയും. ഞാനാണെങ്കിൽ പരമ നോൺവെജിറ്റേറിയൻ. എന്റെ ദയനീയാവസ്ഥ മനസിലാക്കി ഗുരുതന്നെ രഹസ്യമായി ചിക്കനും ബീഫുമൊക്കെ വാങ്ങിക്കൊണ്ടുത്തരുമായിരുന്നു; വല്ലപ്പോഴുമൊക്കെ മദ്യവും. ചാരായനിരോധനമൊക്കെ വരുന്നതിനു മുമ്പുള്ള കാലമാണ്.
പറമ്പിൽ രാവിലെ നടക്കുമ്പോഴും ചേമ്പിൻതണ്ട് അരിയുമ്പോഴുമെല്ലാം തിത്തത്തത്തി തിത്തത്തത്താ. അതു ഗുരുകുലസമ്പ്രദായത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ രീതി പോയതോടെ വിദ്യാഭ്യാസത്തിന്റെ മാനവികതലങ്ങൾ പലതും നഷ്ടമായി. കലാമണ്ഡലത്തിൽ പഠിക്കണമെന്ന ആഗ്രഹം ആശാനാണു നിരുത്സാഹപ്പെടുത്തിയത്.
പക്ഷേ, പഴയരീതിയിലുള്ള കഥകളിപരിശീലനം കഠിനവും ശിക്ഷകളും മറ്റും അല്പം ക്രൂരവും ആയിരുന്നില്ലേ?
ആണ്. പക്ഷേ, അത്രയും തീവ്രമായ പരിശീലനവും സമർപ്പണവുംകൊണ്ടേ ആ കലയിൽ പ്രാവീണ്യം നേടാനാവൂ. ശിക്ഷയ്ക്കു പുറമേ മറ്റുതരം പീഡനങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മുതിർന്ന ചില കലാകാരരുടെ ലൈംഗികവൈകൃതങ്ങൾക്ക് ഇരയാകാൻ ഇടയായത് മനസിൽ എന്നും ജുഗുപ്സ തോന്നിക്കുന്ന അനുഭവമാണ്. അതുപക്ഷേ, കഥകളിയുടെയോ ഗുരുകുലരീതിയുടെയോ കുറ്റമല്ല. അതിലും ജുഗുപ്സാവഹമായ അനുഭവങ്ങളാണു സ്‌കൂൾ ഓഫ് ഡ്രാമയിൽവച്ച് ഉണ്ടായിട്ടുള്ളത്. സൂപ്പർ സീനിയേഴ്സിന്റെ പെരുമാറ്റം അതിലുമെത്രയോ കഠിനവും ക്രൂരവും ആയിരുന്നു! സ്ത്രീയുടെ നഗ്നചിത്രം നിലത്തു വരച്ചു രമിക്കാൻ ആവശ്യപ്പെടുകപോലും ഉണ്ടായിട്ടുണ്ട്.
സ്‌കൂൾ ഓഫ് ഡ്രാമ പ്രശാന്തിന്റെ ജീവിതത്തിലെ വലിയ തിക്താനുഭവങ്ങളിൽ ഒന്നായിരുന്നെന്ന് അറിയാം. പ്രവേശനപ്പരീഷയിൽ ഒന്നാം റാങ്കു നേടിയ ആളായിട്ടും കോഴ്സു പൂർത്തിയാക്കാതെ അവിടം വിടേണ്ടിവന്നതായും അറിയാം. ഇന്നു നാടക, സിനിമാ രംഗങ്ങളിലുള്ള പലരുടെയും മുഖമ്മൂടി പൊളിക്കുന്ന ചില കഥകൾ സ്വകാര്യസംഭാഷണങ്ങളിൽ താങ്കൾ പറഞ്ഞിട്ടുമുണ്ടല്ലോ. സ്ക്കൂൾ ഓഫ് ഡ്രാമ ആണോ നാടകത്തിലേക്കുള്ള വഴിത്തിരിവായത്?
അല്ല. നാടകങ്ങൾ സ്വന്തമായി എഴുതി കളിച്ചുതുടങ്ങുന്നത് തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ്. അവിടെ ഹെഡ് മാസ്റ്റർ ആയിരുന്ന ഫാ: എഫ്രോം തോമസ് എസ്.ജെ. ആണ് എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചത്.
അദ്ധ്യാപകനായ ടോമി ആന്റണി തന്ന പ്രോത്സാഹനവും ചെറുതല്ല. അയ്യപ്പപ്പണിക്കരുടെ ‘തങ്കച്ചൻ’ എന്ന കവിതയുടെ ചൊൽക്കാഴ്ച ആയിരുന്നു ആദ്യത്തേത്. “തങ്കച്ചൻ ജനിച്ചപ്പോൾ ജനനത്തെ പേടിച്ചു” എന്നുതുടങ്ങി “തങ്കച്ചൻ മരിച്ചപ്പോൾ മരണത്തെ പേടിച്ചു” എന്ന് അവസാനിക്കുന്ന രസകരമായ കവിത. അന്നൊക്കെ പാട്ടുകവിതകൾ ഉണ്ടായിരുന്നല്ലോ. പാട്ടിൽനിന്നു നാട്യം ഉണ്ടകുന്ന സമ്പ്രദായം. കഥകളിയിലും അതാണല്ലോ. അവിടെ പക്ഷേ, വ്യക്തമായ പരിശീലനം വേണം. ‘കുഞ്ഞനു ഭ്രാന്താണ്’ അടക്കം പല നാടകങ്ങൾ അന്ന് എഴുതിക്കളിച്ചു. അവയിൽ ചിലത് ഇപ്പോൾ കൈവശമില്ല!
പുന്നയത്തെ ഗുരുകുലപഠനകാലത്താണു നാടകത്തിലേക്കു ഗൗരവമായി തിരിയുന്നത്. പുന്നയത്ത് കലാവേദി നാടകസംഘം പ്രവർത്തിച്ചിരുന്നു. ഗുരുവായ ചന്ദ്രമന നമ്പൂതിരിയുടെ മക്കളൊക്കെ ഉണ്ടായിരുന്നു. പ്രൊഫ: ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങളാണു മുഖ്യമായും കളിച്ചത്. ‘പ്രിയജനമേ’, ‘അമ്പലം’, ‘സസേമിര’, ‘ഇലപൊഴിയുംകാലത്തൊരു പുലർകാലവേള’, ‘ശുഭാന്തം’, ഒക്കെ. ‘മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും’ 200 സ്റ്റേജുകളിൽ കളിച്ചു. അപ്പോഴേക്കും വി.എച്ഛ്.എസ്.ഇ. കോഴ്സു കഴിഞ്ഞു.
തുടർന്നു യൂണിവേഴ്സിറ്റി കോളെജിൽ മലയാളം ബി.എ.യ്ക്കു ചേർന്നു. അന്നാണു സർവ്വകലാശാലാ യുവജനോത്സവത്തിൽ കാവ്യാലാപനത്തിൽ അവതരിപ്പിച്ചതു സ്വന്തം കവിതയാണെന്നു പറഞ്ഞ് അയോഗ്യത പ്രഖ്യാപിച്ചത്. കുരീപ്പുഴ ശ്രീകുമാർ അംഗമായിരുന്ന ഒരു ജൂറി എങ്ങനെ അങ്ങനൊരു തീരുമാനം എടുത്തു എന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. അന്നതു പത്രങ്ങളിലൊക്കെ കാര്യമായി വന്നിരുന്നു. അതിലെ വരികൾ ചിലത് ‘ഛായാമുഖി’പുസ്തകത്തിൽ ഒരു ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
“ആരോ തറയിലെറിഞ്ഞുതകർത്തൊരു
നേരിൻ ചില്ലാണീ ലോകം
തേരുകൾ നീങ്ങിയ വീഥിയിലെൻ സ്മൃതി
കേറിയുടഞ്ഞ പുരാണച്ചില്ലിൽ
മുഖവും നോക്കി ഇരിപ്പൂ നേരുകൾ
നരകത്തിന്റെ നശിക്കാവേരുകൾ”.
കോളെജിൽ ചേർന്ന് ഒമ്പതു മാസത്തിനകമാണു സ്‌കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനം കിട്ടുന്നത്. എന്റെ ‘ഭാരതാന്തം’ കഥകളിയുടെ അരങ്ങേറ്റത്തിന്റെ സായാഹ്നത്തിലാണ് ഇന്നത്തെ പ്രമുഖ നാടകപ്രവർത്തകനായ രഘൂത്തമൻ അവിടെ ചേരാനുള്ള അപേക്ഷ കൊണ്ടുവരുന്നത്.
പതിനേഴാമത്തെ വയസിൽ എഴുതിയ ‘ഭാരതാന്തം’ കഥകളിയെപ്പറ്റിക്കൂടി പറഞ്ഞിട്ടു സ്ക്കൂൾ ഓഫ് ഡ്രാമക്കാലത്തേക്കു പോയാൽപ്പോരെ?
മതി. അച്ഛനാണ് അതിനു നിമിത്തമായത്. അച്ഛന്റെ രണ്ടാം ചരമവാർഷികത്തിൽ കളിക്കാനായാണ് അത് എഴുതുന്നത്. ഒന്നാം വാർഷികത്തിന് അച്ഛന്റെതന്നെ ‘മാർക്കണ്ഡേയചരിതം’ കളിച്ചു. അടുത്ത വർഷം ഏതു കഥ കളിക്കും എന്ന ആലോചന വന്നപ്പോഴാണ് ഞാൻതന്നെ ഒന്ന് എഴുതിയാലോ എന്ന ചിന്ത വരുന്നത്. അച്ഛനെ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഏറ്റവുമധികം അനുഭവിച്ച കഥാപാത്രമായ അശ്വത്ഥാമാവ് കടന്നുവന്നു. അദ്ദേഹത്തെ നായകനാക്കി ഒരു കഥ. അങ്ങനെയാണത് എഴുതിത്തുടങ്ങുന്നത്. ആദ്യകുറേഭാഗം എഴുതിക്കഴിഞ്ഞപ്പോൾ ആത്മവിശ്വാസത്തിനായി ഗുരുവിനെ കൊണ്ടുപോയി കാണിച്ചു. കഥാസന്ദർഭം കഴിഞ്ഞുള്ള ആദ്യത്തെ അഭിനയശ്ലോകം വായിച്ചൂ:
‘രാവിൽത്താനേയിരുന്നും വ്യഥയതുമതിയിൽച്ചേർത്തുമദ്രൗണിയേവം
വായ്ക്കും കോപം ജ്വലിച്ചും വിധിയുടെ നെടുതാം പോക്കിലൂനം നിനച്ചും
പേർത്തും ചിന്തിച്ചുമാഹാ! ഹതിയതുചതിയിൽച്ചെയ്ത കൗന്തേയജാതി-
ക്കേറ്റം സന്താപമേകാൻ വഴിയതു വഴിപോൽ തേടിയാർത്തൻ പറഞ്ഞാൻ’
അതു കേട്ടപ്പോൾത്തന്നെ ആശാൻ പറഞ്ഞു, “എടാ, ഇതെങ്ങനെ കളിക്കാതിരിക്കും! നീ എഴുത്! ഞാൻ തന്നെ അശ്വത്ഥാമാവ്.”
ഇരുപത്തിനാലു ദിവസമെടുത്തു എഴുതിത്തീർക്കാൻ. അയലത്തെ ആറാം ക്ലാസുകാരൻ രാമകൃഷ്ണൻ ദിവസവും വരും, എത്ര എഴുതി എന്നു കാണാൻ. ഗാന്ധാരി കൃഷ്ണനെ ശപിക്കുന്ന രംഗം എത്തിയപ്പോൾ എഴുത്തു നിന്നു. യഥാർത്ഥശാപം എഴുതിയപ്പോൾ വെറും പ്രസ്താവനയായിപ്പോയി. സാഹിത്യമില്ല. “ഭാഷാസഹിതോ സാഹിത്യം” എന്ന് അച്ഛൻ എപ്പോഴും പറയും. “അവനവൻ ആസ്വദിച്ച് എഴുതണം. പറ്റാത്തത് എഴുതരുത്.” ഒരു ദിവസം മുഴുവൻ പാഴായി. പിന്നീട് ആരോ കാതിൽ മൂളുന്നതുപോലെ തോന്നി, എഴുതി.
“(മുമ്പെല്ലാം മുല ചുരന്ന് ഈറനായിരുന്ന,
ഇപ്പോൾ പുത്രദുഃഖത്താൽ കണ്ണീർ വീണ് ഈറനായ ഈ)
മാറിലീറൻവസ്ത്രത്തിലെൻ കണ്ണുനീരിൽ കൈവച്ചു
മാധവാ! മൊഴിഞ്ഞിടുന്നേൻ നിൻ കുലനാശം.”
സമാനമായ അനുഭവം അശ്വത്ഥാമാവു പടകുടീരം ദഹിപ്പിക്കാൻ പുറപ്പെടുന്ന രംഗം എഴുതുമ്പോഴും ഉണ്ടായി. ഒടുവിൽ അതൊരു അർദ്ധാഭിനയദണ്ഡകമായി പിറന്നു:
“പ്രതികാരദാഹിയവനതിയായ കോപമൊടു
കരവാളുമേന്തി നടകൊണ്ടു,
താതനെ നമിച്ചു,
താന്തതയൊഴിച്ചു,
കൃതവർമ്മ, കൃപരിരുവർ മരുവുന്ന ശിബിരമതി-
ലെത്തിയവനാശയമുരച്ചു…”
ഈ ദണ്ഡകത്തിലെ ചില വാക്കുകൾ അർത്ഥമറിയാതെതന്നെ എഴുതിപ്പോകുകയായിരുന്നു.
“ഇത്ഥം വദിച്ചു പരിപന്ഥീം വധിപ്പതിനു
കല്പിച്ചു ഗുരുസുതനുമപ്പോൾ
നികൃതികൾ തിരിച്ചു,
വികൃതികളുരച്ചു”
എന്നതിലെ പരിപന്ഥിയും നികൃതിയുമൊക്കെ ഇത്തരത്തിൽ എഴുതിപ്പോയതാണ്. പിന്നീട് അർത്ഥം നോക്കിയപ്പോൾ കൃത്യം!
കവിത എഴുതുമ്പോൾ പനിക്കുമെന്നു ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റു പലരും പറഞ്ഞിട്ടുണ്ട്. സുഗതകുമാരിയുടെ ഒരു കവിത ഗസലായി ഈണമിടുമ്പോൾ പനിച്ചതായി ഷഹബാസ് അമൻ അടുത്തിടെ പറഞ്ഞതും കേട്ടു. സർഗ്ഗരചനയുടെ സവിശേഷമായ അവസ്ഥത്തിൽ സംഭവിക്കുന്ന പ്രതിഭാസമാകാം ഇതൊക്കെ. ‘ഭാരതാന്ത’ത്തിന്റെ അരങ്ങേറ്റദിവസം സ്‌കൂൾ ഓഫ് ഡ്രാമയിലേക്കുള്ള അപേക്ഷ കയ്യിൽക്കിട്ടിയപ്പോൾ അതൊരു ദുരന്തമാകുമെന്ന് അല്പമെങ്കിലും തോന്നിയിരുന്നോ? അവിടെ വാസ്തവത്തിൽ എന്താണു സംഭവിച്ചത്?
നടൻ മുകുന്ദന്റെ നിർദ്ദേശപ്രകാരമാണു രഘൂത്തമൻ പ്രവേശനഫോറം കൊണ്ടുവന്നത്. ആവേശപൂർവ്വം പ്രവേശനപ്പരീക്ഷ എഴുതി. ഒന്നാം റാങ്കിൽ ജയിച്ചു. പ്രമോദ് പയ്യന്നൂരിനായിരുന്നു രണ്ടാം റാങ്ക്. യൂണിവേഴ്സിറ്റി കോളെജിലെ ബിഎ പഠനം ഉപേക്ഷിച്ചു പ്രവേശനം നേടി. ശങ്കരപ്പിള്ളസാറിന്റെ പ്രഭാവമൊഴിഞ്ഞ കാലം. അദ്ദേഹത്തിന്റെ കസേര ഭരതഭാവത്തിൽ ആരാധനയോടെ നീക്കിവച്ച് സ്റ്റൂളിൽ ഇരുന്നു വയലാ വാസുദേവൻ പിള്ള സ്ക്കൂൾ ഓഫ് ഡ്രാമ ഭരിക്കുന്നു. ശങ്കരപ്പിള്ളസ്സാറിന്റെ ടീമായിരുന്ന കെ.പി. നാരായണപ്പിഷാരടിയെയും ശിവൻ നമ്പൂതിരിയെയും ഡോ: എ.കെ. നമ്പ്യാരെയും രാമചന്ദ്രൻ മൊകേരിയെയും നരിപ്പറ്റ നാരായണൻ നമ്പൂതിരിയെയും ജയസൂര്യമാഷിനെയും പോലുള്ള അദ്ധ്യാപകർ. നാട്യശാസ്ത്രം ഇങ്ങനെ പറയുന്ന, അതേപ്പറ്റി ഇത്ര ഗഹനമായി ചിന്തിക്കുന്ന, നാരായണപ്പിഷാരടിയെപ്പോലെ ഒരാളെ കണ്ടിട്ടില്ല. ശാകുന്തളം നാടകം നാലാമങ്കം പഠിപ്പിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. “നാട്ടിൽപ്പെട്ട ഗൃഹസ്ഥനെത്രയുളവാം പുത്രീവിയോഗവ്യഥ” എന്ന ഭാഗം സാരസ്യം വിശദീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി! ആ ഓർമ്മയിൽ അദ്ദേഹത്തിന്റെ വീടിന്റെ പേരാണ് ഞാൻ എന്റെ വീടിനിട്ടത് – നാരായണീയം. എന്റെ അച്ഛന്റെ പേരും നാരായണൻ നായർ എന്നാണല്ലോ.
പഠിപ്പിക്കാൻ അതിഥികളായെത്തുന്നവരും നിസ്സാരരല്ല. വി.ബി. കാറന്ത്, അടുത്തിടെ അന്തരിച്ച രാമാനുജം, കെ.ജി. കൃഷ്ണമൂർത്തി, അർജ്ജുൻ റെയ്ന, ബെറ്റി ബെർണാഡ്, സ്റ്റൂ വെസ്റ്റൺ… എക്സലന്റ് എന്നൊന്നും പറഞ്ഞാൽ മതിയാവില്ല സ്റ്റൂ വെസ്റ്റന്റെ ഒക്കെ ക്ലാസുകൾ. ടാഗോറിന്റെ ‘മുക്തധാര’ വി.ബി. കാരന്ത് ചെയ്തത് അസാമാന്യാനുഭവം ആയിരുന്നു. ഒരു നാടകം എങ്ങനെ രൂപപ്പെട്ടു വികസിച്ചു വരുന്നു എന്നത് അനുഭവിപ്പിച്ചുതരികയായിരുന്നു. ചിരിക്കാത്ത മുഖം. നാടകമെല്ലാം കഴിഞ്ഞപ്പോൾ ചുണ്ടിന്റെ കോണുകൊണ്ടൊരു ചിരി, അത്രതന്നെ. പ്രാക്റ്റിക്കൽ തീയറ്ററിന്റെ ക്ലാസിൽ രാമാനുജംസാർ ‘സാകേത’വും ‘ഭഗ്നഭവന’വും കുട്ടികളുടെ ഒരു നാടകവും ചെയ്യിച്ചതൊക്കെ എങ്ങനെ മറക്കാൻ! ആദ്യസെമസ്റ്റർ തികച്ചും ആസ്വാദ്യമായിരുന്നു.
അവരുടെയെല്ലാം സ്ഥാനത്ത് ഇന്നുള്ളവർ ‘സർട്ടിഫിക്കറ്റുകാർ’! ശങ്കരപ്പിള്ളസാറിന്റെ കസേരയിൽ ഇരിക്കുന്നത് ജാടക്കാർ! രാമാനുജം സാറിന്റെ എൻലൈറ്റൻമെന്റിന്റെ സ്പർശംപോലും ഇല്ലാത്തവർ! കഴിവിനു പകരം കൗശലമുള്ളവർ. ഡോക്ടറേറ്റ് ഇല്ലാത്തവർ ഡയറക്ടർമാർ ആകരുതെന്നാക്കി. സ്ക്കൂൾ ഓഫ് ഡ്രാമയിൽ ബി.റ്റി.എ. പഠിച്ചവർ പ്രൊഫസർമാരായി വരാതിരിക്കാനുള്ള ഓപ്പറേഷനുകൾ. അവരെ ടെക്നീഷ്യന്മാരാക്കി. ലിഖിതസാഹിത്യം എങ്ങനെ പ്രാവർത്തികമാക്കാം എന്നു പഠിപ്പിക്കുന്നതിനു പകരം “എഴുതിയെടുക്ക്”, “വൃത്തമേത്”, “രാഗത്തിൽ കരയുക” എന്നെല്ലാമുള്ള മട്ടിലായി.
പൊയറ്റിക്കൽ ഇമേജിനെ തീയട്രിക്കൽ ഇമേജ് ആക്കലാണു കാര്യം. വൃത്തം പരിശോധിക്കലല്ല. ദൗർഭാഗ്യവശാൽ വയലാ വാസുദേവൻ പിള്ളയൊക്കെ ഇതാണു ചെയ്തുവന്നത്. ബ്രഹ്റ്റ്, അർത്താഡ്, ഷേക്സ്പിയർ, ത്രീ ഡയമെൻഷൻ, എലീനേഷൻ എഫക്റ്റ്, ക്യാരക്ടർ എന്നൊക്കെ പറയും. ഈ വൈദേശികരുടെ ഒരു നാടകം പോലും അവതരിപ്പിക്കുന്നത് എങ്ങനെ എന്നു കാണാത്തവർ. നടക്കുന്നതു വിവരം പകരൽ മാത്രമാണ്; വിജ്ഞാനം ജനിപ്പിക്കലല്ല. സമ്പൂർണ്ണ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ഓരോരുത്തരുടെയും ലക്ഷ്യം. മറിച്ചാകണമെങ്കിൽ അവർക്കുതന്നെ വ്യക്തത വേണമല്ലോ. ഇതൊക്കെക്കൊണ്ടാണ് മലയാള നാടകവേദി കേവലം ഇന്റലക്ച്വൽ തീയറ്റർ ആയിപ്പോയത്.
സമാന്തരനാടകവേദിക്കാർ മുഴുവൻ ചെയ്തത് കേരളീയ പൈതൃകകലകളുടെ കെട്ടിക്കാഴ്ചകൾ മാത്രം എടുക്കുകയാണ്. പൂവിന്റെ ഇതളുകൾ എടുത്തു; ആധാരമായ കേസരനാളം എടുത്തില്ല. വിദേശങ്ങളിലെ നാടകകലാശാലകളിൽപ്പോലും പഠിപ്പിക്കുന്ന നാട്യശാസ്ത്രം ഇവിടെ പക്ഷേ, പഠിപ്പിക്കില്ല! നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽപ്പോലും പഠിപ്പിക്കുന്നില്ല. ഒറ്റ സർവ്വകലാശാലയിലും ഇല്ല. പക്ഷേ, പുരാതനം തന്നെയായ അരിസ്റ്റോട്ടിലിന്റെ ‘പൊയറ്റിക്സ്’ പഠിപ്പിക്കും! ഇവിടെ അന്ധമായ പാശ്ചാത്യപ്രണയമാണ്. അനാവശ്യമായ അബ്സേഡിറ്റിയും സങ്കേതങ്ങളും കെട്ടിയെഴുന്നള്ളിക്കുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വെറുപ്പിക്കൽസ്. സ്‌കൂൾ ഓഫ് ഡ്രാമയിൽ സംസ്ക്കൃതനാടകസെമസ്റ്റർ എടുത്തുകളഞ്ഞു. എന്തിനുവേണ്ട്!? പൗരാണികരംഗകലാപദ്ധതി ചെറുതായെങ്കിലും പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു അത്. കഥകളി പരിചയപ്പെടുത്തൽ ചുട്ടികുത്തിക്കലിൽ ഒതുങ്ങുന്നു.
അതൊക്കെ പക്ഷേ, പ്രശാന്തിന്റെ മാത്രം തുടർപഠനത്തെ എങ്ങനെയാണു ബാധിച്ചത്?
ഒരു ഒക്ടോബറിലാണു ഞാൻ ജോയിൻ ചെയ്യുന്നത്. അതിനുമുമ്പുതന്നെ എന്റെ ആട്ടക്കഥ അവതരിപ്പിക്കപ്പെട്ടിരുന്നല്ലോ. അപേക്ഷയിൽ അതും ഞാൻ കാണിച്ചിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിലെ എന്റെ ആദ്യാനുഭവം ഒരു റാഗിങ് ആയിരുന്നു. അതിനെ റാഗിങ് എന്നു വിളിക്കാമോ എന്നുതന്നെ എനിക്കറിയില്ല. കോഴ്സ് കഴിഞ്ഞു പോയ രണ്ടുപേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. മദ്യപിച്ചു ലെക്കുകെട്ടു വന്ന അവരിലൊരാൾ ‘കഥകളിക്കാരൻ ആരാടാ’ എന്നു ചോദിച്ചു. ഞാനാണെന്നു പറഞ്ഞപ്പോൾ കരണത്ത് ആഞ്ഞടിച്ചു. കണ്ണിൽനിന്നു പൊന്നീച്ച പറന്നു. ഒപ്പം ആക്രോശിച്ചു: “കഥകളിയല്ലെടാ *#@@#**#@@ നാടകം”.
ആദ്യക്ലാസിൽ വയലാ വാസുദേവൻ പിള്ള പറഞ്ഞിരുന്നു, ക്ലാസിക്കൽ തീയറ്ററിനെപ്പറ്റി എന്തു സംശയവും ചോദിക്കാൻ പറ്റിയ ഒരു പയ്യൻ നിങ്ങളുടെ ക്ലാസിലുണ്ടെന്ന്. അപ്പോൾ തോന്നിയ അഭിമാനം മാത്രമല്ല, കഥകളിയിലൂടെ നേടിയതത്രയുമാണ് ഒറ്റ കരണത്തടിയിലൂടെ തവിടുപൊടിയായത്. കഥകളിക്കായി സഹിച്ച കഷ്ടപ്പാടുകൾ അവർക്കറിയില്ലല്ലോ.
ക്ലാസിക്കൽ കലയെപ്പറ്റി പറയും. പക്ഷേ അതിനോടു പുച്ഛം. രാവിലെ ആറിനു കഥകളി പഠിപ്പിക്കാൻ ആശാൻ വരും. യോഗയ്ക്കും കളരിക്കും ഓരോരുത്തർ വരും. പക്ഷേ, അതെല്ലാം എന്തിനാണെന്നോ ശരീരവും മനസും ശാസ്ത്രവും തമ്മിലെല്ലാമുള്ള ബന്ധമെന്തെന്നോ മനസിലാക്കിക്കൊടുക്കാൻ കഴിവുള്ളവർ ഇല്ലാത്തതിനാൽ ആരും ആ ക്ലാസുകളിൽ വരാതായി. ഫലമോ, ചവിട്ടിക്കൂട്ട് എന്തിനാണെന്നറിയാതെ കഥകളിച്ചുട്ടി നാടകത്തിൽ വേഷമാക്കുന്നു. കൂടിയാട്ടത്തിന്റെയും പടയണിയുടെയും തെയ്യത്തിന്റെയും ബാഹ്യത്തിൽ കിടക്കുന്നൂ നമ്മുടെ നാടകം. കേരളീയനാടകത്തിന്റെ ആത്മാവില്ലാത്ത ജഡമാത്രരൂപം. ഓണാഘോഷത്തിന്റെ കെട്ടുകാഴ്ചയിലെ വേഷങ്ങൾ പോലെ. കാവാലവും അരവിന്ദനുമൊക്കെ ഇവയിലെ അംശങ്ങൾ സ്വീകരിക്കുമ്പോൾ പുലർത്തുന്ന കൃത്യമായ കാഴപ്പാട് മറ്റുള്ളവർ കണ്ടില്ല.
ശങ്കരപ്പിള്ളസാറിന്റെ ‘ഏതോ ചിറകടിയൊച്ചക’ളൊക്കെ ചെയ്യിച്ചപ്പോൾ വർത്തമാനം പറയലല്ലാതെ എന്തെങ്കിലും ‘ചെയ്യുന്ന’ വയലാസാറിനെ കണ്ടില്ല.
ഞാൻ ചോദിച്ചത് ഇതൊക്കെ പ്രശാന്തിനെമാത്രം വ്യക്തിപരമായി എങ്ങനെ ബാധിച്ചു എന്നാണ്. ഇതൊക്കെക്കണ്ടു മനം മടുത്തു പഠനം മതിയാക്കുകയായിരുന്നോ?
അല്ല. പറയാം. നമ്മുടെ നാടകപഠനത്തിന്റെ അവസ്ഥ ഓർത്തപ്പോൾ കാടുകയറിപ്പോയതാണ്. സർഗ്ഗാത്മകമായ സംവാദങ്ങളോ വിമർശങ്ങളോ വസ്തുനിഷ്ഠമായ അഭിപ്രായങ്ങളോ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയില്ലായ്മയുടെ ഇരയാകുകയായിരുന്നു ഞാൻ. ‘കുചേലഗാഥ’ നാടകം നാടകവിശകലനത്തിനു കിട്ടി. വയലാസാറിന്റെ നാടകമാണ്. അതിൽ കൃഷ്ണൻ കുചേലപത്നിയിൽ കുട്ടിയെ ഉണ്ടാക്കിയതായൊക്കെ പറയുന്നുണ്ട്. എക്കാലത്തെയും ആത്മാർത്ഥമായ സതീർത്ഥ്യബന്ധത്തിന്റെ അന്ധമായ നിരാസം. നഖശിഖാന്തം വിമർശിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല എന്നു തോന്നി.
ആട്ടക്കഥ എഴുതിയതിന് കലാമണ്ഡലത്തിൽ എനിക്കു സ്വീകരണം തന്നപ്പോൾ മെമന്റോ തരാൻ സംഘാടകർ വയലാസാറിനെയാണു ക്ഷണിച്ചത്. അദ്ദേഹം വിസമ്മതിച്ചു. മറ്റു കുട്ടികൾക്കതു സങ്കടമാവില്ലേ എന്നതാണു ന്യായമായി പറഞ്ഞത്! ഒരുദിവസം ‘ദ്യൂതഘടോൽക്കചം’ നാടകം ചെയ്യുമ്പോൾ കൃതാന്തൻ എന്ന പദം കൃതയുഗത്തിന്റെ അവസാനം എന്നു വ്യാഖ്യാനിച്ചപ്പോഴും എനിക്കു തിരുത്തേണ്ടിവന്നു. കാലൻ എന്നാണ് ആ പദത്തിന്റെ അർത്ഥം.
പിന്നീടൊരിക്കൽ ചേലക്കര വായനശാലയുടെ ഉദ്ഘാടനവേളയിൽ ഞങ്ങൾ രണ്ടാളും പ്രസംഗകരായിരുന്നു. അമ്മയെ വിവാഹം കഴിക്കുകയും അതിൽ കുട്ടിയുണ്ടാകുകയും ചെയ്യുന്നതരം കഥാസന്ദർഭം ‘ഈഡിപ്പസ്’ നാടകത്തിലേതുപോലെ നമ്മുടെ സാഹിത്യത്തിൽ ഇല്ല എന്ന് അദ്ദേഹം പറഞ്ഞതിനെ ഞാൻ ഖണ്ഡിച്ചു. ഉയർന്ന സംസ്‌കാരമുള്ള ഭാരതീയന് അങ്ങനെ അവതരിപ്പിക്കാൻ ആവില്ലല്ലോ. അതേസമയം ബന്ധങ്ങളിലെ സങ്കീർണ്ണത ഇവിടെയും ധാരാളമാണ്. കുന്തിയിൽ സൂര്യനു പുത്രനുണ്ട്. സൂര്യന്റെ മകനാണു യമൻ. ആ യമനും കുന്തിയിൽ പുത്രനുണ്ടായി. മുറപ്രകാരം അമ്മയുടെ സ്ഥാനമാണു കുന്തിക്ക്. അന്ന് അവിടെ പറഞ്ഞില്ലെങ്കിലും, ഇന്ദ്രപത്നിയായ ഉർവ്വശി ഇന്ദ്രപുത്രനായ അർജ്ജുനനിൽ അനുരക്തയാകുന്നുണ്ട്. ഇല്ല എന്നു പറയാതെ ഉണ്ടോ എന്ന് അന്വേഷിക്കുകയാണു വേണ്ടതെന്നും ഞാൻ പറഞ്ഞു.
അവിടെ പഠിക്കുമ്പോൾ വീട്ടിൽനിന്നു തന്നിരുന്നത് 250 രൂപയാണ്. അമ്മയ്ക്ക് അതിനേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഹോസ്റ്റൽ വാടക 110 രൂപ. ബാക്കികൊണ്ടു ജീവിക്കണം. അതിനാൽ പുറത്തു നാടകം ചെയ്യാൻ പോകുമായിരുന്നു. അദ്ധ്യാപകർതന്നെ ചില ശില്പശാലയ്ക്കൊക്കെ വിടും. അതിനൊകെ പോയിവരുമ്പോൾ പരിഹാസമാണു സഹപാഠികളിൽനിന്ന്. ‘കാവാലത്തിനുശേഷം ഇനി ആര്’ എന്നെല്ലാം പറഞ്ഞു കളിയാക്കും. നടനകലോദയത്തിൽ ‘ഭാരതാന്തം’ ചിട്ടപ്പെടുത്താൻ പോയിട്ടുവന്നപ്പോൾ ചിലർ പ്രഖ്യാപിച്ചത്, ‘ഞങ്ങൾ നിന്നെക്കാൾ 15 ദിവസം സീനിയറാണെടാ’ എന്നാണ്! മറ്റൊരിക്കൽ ഒരു നാടകം ചെയ്യാൻ പോയി മടങ്ങിയെത്തുമ്പോൾ സഹപാഠികൾ കൊടികുത്തി സമരം, “പ്രശാന്ത് നാരായണനെ പുറത്താക്കണം”. മതിയായ ഹാജരില്ലത്രേ! മുമ്പൊരിക്കലും ഇല്ലാതിരുന്ന ഹാജർ വയ്പും ഇതിനിടെ വയലാസാർ ഏർപ്പെടുത്തി.
വയലാസാറിനെ സമീപിച്ചപ്പോൾ അദ്ദേഹവും കൈ മലർത്തി, “കുട്ടികളെല്ലാം തനിക്കെതിരാണ്. പ്രവേശിപ്പിക്കാനാവില്ല.” സർവ്വകലാശാലയിൽ പോയി സ്പെഷ്യൽ ഓർഡർ കൊണ്ടുവന്നാൽ പ്രവേശിപ്പിക്കാമത്രേ. സർവ്വകലാശാലാ ആസ്ഥാനമായ തേഞ്ഞിപ്പാലത്തു പോയി. തിരികെവരാൻ കയ്യിൽ കാശില്ല. മാതൃഭൂമിയിലെ ശ്രീകുമാർ 30 രൂപ തന്നു. അതിനു കള്ളുകുടിച്ചു. കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാൻഡിൽ പോയി നാടകം കളിച്ചു. 130 രൂപ കിട്ടി. കുറച്ചു പൈസയ്ക്കു വീണ്ടും കള്ളടിച്ചു. നേരേ വീട്ടിലേക്കു മടങ്ങി. പ്രശ്നം പരിഹരിക്കാൻ ചേട്ടനെ സ്‌കൂളിലേക്കു വിളിച്ചുകൊണ്ടുപോയി. അദ്ദേഹം അവിടെച്ചെന്ന് എന്നെ കുറ്റം പറഞ്ഞിട്ടു പോന്നു, “ഇവനു മെമ്മോ അടിച്ചുകൊടുക്കാത്തതെന്ത്?” ദേഷ്യവും സങ്കടവും ഒക്കെയായി പടിയിറങ്ങി. ഒരു പത്തൽ പിഴുതെടുത്ത് മതിലിൽ “വയലാ നാറി” എന്ന് എഴുതിയിട്ടു നടന്നു, തൃശൂർ ഭാഗത്തേക്ക്. ഗുരുനിന്ദയാണെന്ന തോന്നൽ ഇപ്പോഴുമില്ല. അസഹിഷ്ണുതയോടെ സ്വന്തം വിദ്യാർത്ഥിയുടെ ഭാവി ഇല്ലാതാക്കാൻ കരുനീക്കുന്ന മനസിൽ ഗുരുവിനെ കാണാനാവില്ല.
തൃശൂർക്കുള്ള വഴിയിൽ പരിചയക്കാരനായ ഒരു കൃഷിയോഫീസർ ബാബുസാറുണ്ട്. അദ്ദേഹത്തെ കണ്ടു. ഒന്നിച്ചു ശ്രീകൃഷ്ണപുരത്തുപോയി കഥകളി കണ്ടു. മുന്നൂറു രൂപയും വാങ്ങി വീണ്ടും നടന്നു. ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നു തോന്നി. ജീവിച്ചതിന്റെ രേഖപോലും പാടില്ല. കുടിച്ചു ബോധം നശിച്ചു റയിൽ വേ ട്രാക്കിൽ കിടക്കുക. അതു തൃശൂരിൽത്തന്നെ ആവണം. ചിതറിപ്പോകുന്ന കഷണങ്ങൾ സ്‌കൂൾ ഓഫ് ഡ്രാമയിൽത്തന്നെ എത്തണം. ഷൊറണ്ണൂരിൽനിന്ന് ഒരു പൈന്റു വാങ്ങി കുടിച്ച് ആത്മഹത്യയ്ക്കായി നേരേ തൃശൂരിലെത്തി. പെട്ടെന്നു ബാബുസാർ ഒരു ജീപ്പിൽ മുന്നിൽ. വിളിച്ചുകയറ്റി മണ്ണുത്തി ക്യാമ്പസിൽ കൊണ്ടുപോയി. അന്ന് ആത്മഹത്യയിൽനിന്നു രക്ഷിച്ചത് അദ്ദേഹമാണ്. അതൊരു ഏപ്രിൽഫൂൾത്തലേന്ന് ആയിരുന്നു. കാർഷികസർവ്വകലാശാലാ ഹോസ്റ്റലിൽ നല്ല രസമായിരുന്നു പിറ്റേന്ന്. അതുകൊണ്ടാണു ദിവസം ഓർമ്മ.
അന്ന് അങ്ങനെയൊരാൾ രക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്നു പ്രശാന്ത് ഉണ്ടാകില്ലായിരുന്നു എന്നാണോ?
തീർച്ചയായും. അന്നു ഞാൻ നിശ്ചയിച്ചുറച്ചുതന്നെ ആയിരുന്നു.
അതിൽനിന്നുള്ള മടക്കം നല്ലതിലേക്കായിരുന്നോ?
അല്ല. പിന്നെ നാട്ടിലെത്തുമ്പോൾ രണ്ടാമത്തെ ജ്യേഷ്ടന്റെ കുട്ടി മരിച്ച് 12 ദിവസം കഴിഞ്ഞിരുന്നു. ഒന്നും ഞാൻ അറിഞ്ഞില്ല. എന്റെ ‘കുഞ്ഞിരാമത്തം’! വീട്ടിൽ ആകെ പ്രശ്നം. സർട്ടിഫിക്കറ്റില്ലാതെ തിരികെ വന്നതിനു ജ്യേഷ്ഠൻ റോഡിലിട്ടു പുളിങ്കമ്പുകൊണ്ടു തല്ലിത്തകർത്തു. 22 വയസുള്ള ഒരാളെയാണെന്ന് ഓർക്കണം! ഒടുവിൽ വീട്ടിൽനിന്ന് ഇറക്കിവിട്ടു. പിന്നെ അലച്ചിലായിരുന്നു. ഒരു സഞ്ചി, ഒരു പൈജാമ, ഒരു കുർത്ത. പരിചയക്കാരുടെയൊക്കെ വീട്ടിൽ കയറിയിറങ്ങി. കുളിക്കും, വസ്ത്രം കഴുകും. പെരുമ്പാവൂരൊക്കെ ധാരാളം കൂട്ടുകാർ ഉണ്ട്; പ്രത്യേകിച്ചും എന്റെ ജീവിതത്തിൽ ഒരുപാടു ഘട്ടങ്ങളിൽ താങ്ങായിരുന്ന വേണു പാങ്കുളത്തെപ്പോലെ. അങ്ങനെ കാസർകോട്ടുവരെ നടന്നു. മഹാകവി പിയുടെ ചെറുമകൻ കലാമണ്ഡലം ഗോപാലകൃഷ്ണൻ അന്നാണു കാഞ്ഞങ്ങാട് നെഹ്രു സർഗ്ഗവേദിയിൽ വിളിച്ചു ടാഗോറിന്റെ ‘തപാലാപ്പീസ്’ ചെയ്യിക്കുന്നത്. വടക്കൊക്കെ കുറേ കളിച്ചു.
വളരെ സർഗ്ഗാത്മകമാകേണ്ടിയിരുന്ന ഒരു കാലഘട്ടം സ്‌കൂൾ ഓഫ് ഡ്രാമ നശിപ്പിച്ചുകളഞ്ഞു എന്നു പറയാമോ?
അതുതന്നെയാണു സംഭവിച്ചത്. അതുവരെ ചിട്ടയായി ജീവിച്ച എന്നിലേക്ക് അരാജകവാദം സംക്രമിക്കുകയായിരുന്നു. ജീവിക്കാൻ പഠിപ്പിക്കുന്ന സ്‌കൂളല്ല അത് അന്നും ഇന്നും. പടിഞ്ഞാറൻരാജ്യങ്ങളിലൊക്കെ തീയറ്റർ സ്‌കൂളുകൾ വ്യക്തിത്വവികസനത്തിനു ശ്രമിക്കുമ്പോൾ മാനസികവൈകൃതവും മദ്യ-മയക്കുമരുന്ന് അടിമത്തവും അരാജകത്വവും ഒക്കെയാണ് ഇവിടം സമ്മാനിക്കുന്നത്. സമൂഹത്തിനുമുന്നിൽ ഉയർത്തിക്കാണിക്കാവുന്ന മനുഷ്യസ്നേഹികളായ നാടകക്കാരെ ഉണ്ടാക്കുന്നതിനു പകരം ഇങ്ങനെ കുറേപ്പേരെയാണു സൃഷ്ടിക്കുന്നത്. ഒരു പരിധിവരെ എന്നെയും അതു ബാധിച്ചു.
ക്ലാസിൽ വരികയേ ചെയ്യാത്തവർക്കുപോലും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. എനിക്കുമാത്രം തന്നില്ല. പിന്നൊരിക്കൽ, ആർ.എസ്.പി.യുടെ സാംസ്ക്കാരികസംഘടന നൽകുന്ന ‘കനൽ’ പുരസ്ക്കാരം എനിക്കു കിട്ടിയപ്പോൾ അതു തരാൻ ക്ഷണിക്കപെട്ടത് വയലാസാറാണ്. അന്ന് അദ്ദേഹം പറഞ്ഞു, ‘ഔദ്യോഗികമയ ഉത്തരവാദിത്തങ്ങൾ മൂലം ചില നടപടികൾ പ്രശാന്തിനെതിരെ എടുക്കേണ്ടി വന്നു’ എന്ന്. മറുപടിപ്രസംഗത്തിൽ ഞാൻ പറഞ്ഞു, ‘നന്നായി സർ, ഇല്ലെങ്കിൽ ഞാനും സർട്ടിഫിക്കറ്റുകാരെപ്പോലെ മണ്ടയടച്ചു നടന്നേനെ’.
ഒരു സംഭവം പറയാം. ഞാൻ സ്ക്കൂൾ യുവജനോത്സവത്തിനു ജഡ്ജ് ആയി കോഴിക്കോട്ടു പോയതാണ്. റയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ റിക്ഷാ പിടിച്ചു. നാടകത്തിന്റെ സംസ്ഥാനജഡ്ജ് ആണെന്നു പറഞ്ഞപ്പോൾ ഡ്രൈവർ ചോദിച്ചു, എവിടെയാ പഠിച്ചതെന്ന്. സ്‌കൂൾ ഓഫ് ഡ്രാമ എന്നു പറഞ്ഞു. അയാൾ പൈസ വാങ്ങിയില്ല. പോകുമ്പോൾ അയാൾ പറഞ്ഞു, “നിന്റെ സീനിയറായി പഠിച്ചവനാടാ ഞാൻ”. സ്തംഭിച്ചുപോയി! ഇത് ഒരാളുടെ മാത്രം കഥയല്ല. അവിടെ പഠിച്ചിറങ്ങിയ നിരവധി പ്രതിഭാധനർ ആത്മഹത്യ ചെയ്തിട്ടുണ്ട്. പലരും ഇന്നും പട്ടിണി കിടക്കുന്നു. അവിടെ പഠിച്ചിറങ്ങി നാടകംകൊണ്ടു മാത്രം കഴിയുന്ന ഒരാളെ പറയാമോ? നാടകംകൊണ്ടു ബിരിയാണി തിന്നാൻ കഴിയണം. ‘ഛായാമുഖി’കൊണ്ടു സംഭവിച്ചത് അതാണ്.
നാടകരംഗം ജനങ്ങളിൽനിന്ന് അകന്നിരിക്കുന്നത് സ്‌കൂൾ ഓഫ് ഡ്രാമയുടെ കുറ്റമാണെന്നു പറയാമോ? നാടകത്തോടുള്ള കേരളീയസമൂഹത്തിന്റെ ആഭിമുഖ്യമില്ലായ്മകൊണ്ടല്ലേ അതു വരുമാനമുള്ള തൊഴിലായി മാറാത്തത്?
നല്ല നാടകം ഉണ്ടായാൽ നല്ല നാടകസംസ്ക്കാരം ഉണ്ടാകും. കാണാൻ ആളുണ്ടാകും. സംഘടിപ്പിക്കാൻ ആളുണ്ടാകും. ഭരതനാട്യവും കുച്ചിപ്പുടിയും ശാസ്ത്രീയസംഗീതവുമൊക്കെ നിരന്തരം സംഘടിപ്പിക്കുന്ന ഫൈൻ ആട്സ് സൊസൈറ്റികൾ എന്തുകൊണ്ടാണു നാടകങ്ങൾ പരിഗണിക്കാത്തത്? പുറത്തുനിന്നുള്ള നല്ല നാടകങ്ങൾ കളിക്കുന്ന മേളകളിൽ പ്രേക്ഷകർ ഉണ്ടല്ലോ. സംഗീതനാടക അക്കാദമി നടത്തുന്ന നാടകമത്സരത്തിലെ നാടകം കാണാൻ എത്രപേർ പോകുന്നു? പോകുന്നവർ പത്തു മിനുട്ടു തികച്ച് ഇരിക്കുന്നുണ്ടോ? നാടകത്തിനായി ജീവന്മരണപോരാട്ടം നടത്തുന്നവരെ അറിയുന്നില്ല. വേണ്ടപ്പെട്ടവരെ കെട്ടിയെഴുന്നള്ളിക്കലാണു നടക്കുന്നത്.
സംഗീതനാടക അക്കാദമിയുടെ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ? ഫ്ലക്സും ഫലകവും വച്ചു ഭരണനേട്ടം പ്രചരിപ്പിക്കാനാണോ ആ സംവിധാനം? നാടകോത്സവം നടത്തി ലോകനാടകം പരിചയപ്പെടുത്തിയാൽ മാത്രം നാടകമുണ്ടാകുമോ? നാടകം ഉണ്ടാകാൻ മുടക്കുമുതൽ വേണം. സിനിമാസബ്‌സിഡി പോലെയുള്ള സഹായമൊന്നുമില്ല നാടകത്തിന്. ആണിവാങ്ങാൻ കാശില്ലാതെ നാടകം ചെയ്യുന്നവരാണു പലരും. കൈത്താങ്ങു കിട്ടാത്തവർ. സ്ക്രീനിങ് നടത്തി രണ്ടുമൂന്നു പേർക്കെങ്കിലും കൊല്ലന്തോറും ഗ്രാന്റ് നൽകട്ടെ. ഇതിനെല്ലാം പുറമെ നാടകസാക്ഷരതയ്ക്കായി അക്കാദമി പരിപാടിയുണ്ടാക്കണം.
പ്രവർത്തിക്കുന്നവരാണു പ്രൊഫഷണലുകൾ. ഞങ്ങൾ പ്രൊഫഷണലുകളാണ്. ഗൗരവമാർന്ന നാടകപ്രവർത്തകർ, പ്രൊഫെഷണൽ കലാകാരർ, നാടകസാങ്കേതികവിദ്യാവിദഗ്ദ്ധർ, സംഗീതക്കാർ, ഗായകർ, തുടങ്ങി എല്ലാ മേഖലയിലുമുള്ളവരെ ഗ്രേഡ് ചെയ്യണം. അവരെ തിരിച്ചറിയാൻ കഴിയുമാറു രജിസ്റ്റർ ചെയ്യണം. നാടകവുമായി ബന്ധപ്പെട്ട ഒരു ഡേറ്റാ ബാങ്കെങ്കിലുമുണ്ടോ നമുക്ക്? മുഴുവൻ പേരുടെയും വിവരം ശേഖരിച്ച് പരിപാടികൾക്കൊക്കെ അവരെയെല്ലാം ക്ഷണിക്കണം. നാടകങ്ങൾ നടത്താൻ തെരഞ്ഞെടുക്കുന്നതിനു സ്ക്രീനിങ് കമ്മിറ്റി പോലും ഇല്ല. ആരും തീയറ്റർ മാനേജ്മെന്റിനെപ്പറ്റി പറയുന്നില്ല. കണ്ടുമറക്കുന്നതല്ലാതെ കൊണ്ടുനടക്കുന്ന നാടകം ഉണ്ടാകാൻ അതാണ് ആവശ്യം.
അതു ശരിയാണ്. എങ്കിലും സ്‌കൂൾ ഓഫ് ഡ്രാമയുടെ സർട്ടിഫിക്കറ്റ് കിട്ടാതെപോയതിൽ എപ്പോഴെങ്കിലും നഷ്ടബോധം തോന്നിയിട്ടുണ്ടോ?
ഇല്ലേയില്ല. അതെങ്ങാനും കിട്ടിപ്പോയിരുന്നെങ്കിൽ, അത്രയും കാലം ഞാനവിടെ പെട്ടുപോയിരുന്നെങ്കിൽ, ഞാനും ഇല്ലാതായിപ്പോയേനെ. സർട്ടിഫിക്കറ്റുകൊണ്ട് ആരെങ്കിലും നാടകക്കാരോ സിനിമാക്കാരോ ആകുമോ? ശ്യാമപ്രസാദിനെയോ രഞ്ജിത്തിനെയോ പോലെ സിനിമയിൽ ചിലർ പ്രസക്തി നേടിയിട്ടുണ്ട്. അതുപോലെ ഒരു സർട്ടിഫിക്കറ്റും വാങ്ങി സിനിമയിലോ റ്റിവിയിലോ കയറിപ്പറ്റാം എന്ന വ്യാമോഹത്തോടെ വരുന്നവരാണ് ഇന്നു പലരും. അവരെ പ്രോത്സാഹിപ്പിക്കുന്നു. നാടകത്തിനായി വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നു. വരുമ്പോൾ മുഖത്തു നല്ല തേജസൊക്കെ ഉണ്ടാകും. ഒറ്റക്കൊല്ലം കഴിയുമ്പോഴേക്ക് എന്തോ നഷ്ടപ്പെട്ട ഭാവമാകും. ലൈബ്രറി നല്ല ചിട്ടയാണ്. പക്ഷേ, ഒറ്റയാളും പുസ്തകം എടുക്കുന്നില്ല. അല്പമെങ്കിലും വായിക്കുന്നതോ, തിരക്കഥകൾ!
ഇടപെടൽ രീതി തുടക്കത്തിലേ തെറ്റി. നടക്കുന്നത് ഇസങ്ങൾ പരിചയപ്പെടുത്തലാണ്. ഇമോഷൻ മെമ്മറി എങ്ങനെ പുറത്തെടുക്കാമെന്ന് അറിയില്ല. പകരം അതിന്റെ സിദ്ധാന്തം പറയും. കാണാതെ പഠിപ്പിക്കൽ. പി.ജി. എടുക്കാൻ തുണ്ടു വച്ചു പരീക്ഷ എഴുതി പിടിക്കപ്പെടുന്ന സ്ഥിതി വരുന്നത് ഇതുകൊണ്ടാണ്. പഠിച്ചിറങ്ങുന്ന കലാകാരന്‍മാര്‍ ക്രിയേറ്റീവാകാതെ എന്തിനോവേണ്ടി മത്സരിക്കുന്നവരാകുന്നു. ഒരു എൻസെംബിൾഡ് ആർട്ടാണു നാടകമെന്നു പറയുകയും വിഘടിച്ചു ജീവിക്കുകയും ചെയ്യുന്നവർ. പഠിപ്പിക്കുന്നവർ തമ്മിൽ പോലും നല്ല ബന്ധമില്ല. മോഹൻ ലാലിനെ വച്ചു ഞാൻ നാടകം ചെയ്യുന്നു എന്ന് അനൗൺസ് ചെയ്തപ്പോൾ മുതൽ ഫോണിലൂടെ തെറിവിളിയായിരുന്നു. മിക്കതും സ്‌കൂൾ ഓഫ് ഡ്രാമക്കാർ. അതാണ് ഈ രംഗത്തെ സൗഹൃദം!
അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കലിലാണു പഠിച്ചിറങ്ങുന്നവർക്കു ശ്രദ്ധ. ഒരു നാടകത്തിനു വേണ്ട കാശിനു രണ്ടെണ്ണം ചെയ്യുക.. മിച്ചം കൊണ്ടു കുറെ ലൈറ്റു വാങ്ങുക. ഇതൊക്കെയാണു രീതി. മനുഷ്യന്റെ ആവശ്യങ്ങളോടു സംവദിക്കാത്ത കല നിലനിൽക്കുമോ? ഇവിടെ കാവാലത്തെ പഠിപ്പിക്കുന്നില്ല. എൻ.എൻ. പിള്ളയെയും തോപ്പിൽ ഭാസിയെയും പഠിപ്പിക്കുന്നില്ല. റഷ്യൻ വിപ്ലവത്തിനു വഴിവച്ച നാടകം പഠിപ്പിക്കാൻ 15 മണിക്കൂർ ചെലവഴിക്കും. കെ.പി.എ.സി.യെ അംഗീകരിക്കില്ല. ലങ്കാലക്ഷ്മി ഇൻഡ്യയിൽ ഒരിടത്തും നന്നായി അവതരിപ്പിക്കപ്പെട്ടിട്ടില്ല. ശ്രമം പോലും ഇല്ല. ഉണ്ടെങ്കിൽത്തന്നെ പൊതുസമൂഹം അറിഞ്ഞിട്ടില്ല. ഭാഷാസാഹിത്യം വായിച്ചുരസിക്കാം. പക്ഷേ, സമൂഹത്തെ വിസ്മരിച്ചാലോ? സാമൂഹികനാടകത്തെ പ്രോത്സാഹിപ്പിക്കാൻ സ്‌കൂൾ ഓഫ് ഡ്രാമ എന്തു ചെയ്തിട്ടുണ്ട്?
മലയാളനാടകവേദിയുടെ മൂട്ടിൽ ഇറക്കുമതി ചെയ്ത രാസവളമല്ലേ ഇട്ടിരിക്കുന്നത്? കൃഷിയുള്ളിടത്തേ കലയുള്ളൂ; രാഷ്ട്രീയവും. സ്‌കൂൾ ഓഫ് ഡ്രാമയിൽ കൃഷി പഠിപ്പിക്കണമെന്നു ഞാൻ പറയും.
വിദേശത്തെ നാടകാവതണരീതികൾ അനുകരിക്കുകയല്ല, അവർ അവരുടെ സംസ്ക്കാരത്തെ എങ്ങനെ എൻഹാൻസ് ചെയ്യുന്നു എന്നതാണു പഠിക്കേണ്ടത്. ശങ്കരപ്പിള്ളസാർ നടത്തിയതുപോലെ പരീക്ഷണാത്മകമായ ഘടനാന്വേഷണം വേണം. ഇന്നോ? എല്ലാം ഭാവനാസമ്പന്നരല്ലാത്ത സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്. അതുകൊണ്ടാണു ഭരത് ഗോപി പറഞ്ഞത്, സ്‌കൂൾ ഓഫ് ഡ്രാമ പിരിച്ചുവിടണമെന്ന്. ഞാനും അതുതന്നെ പറയുന്നു. തലപ്പത്ത് ഒരു നല്ല തല വന്നില്ലെങ്കിൽ നശിച്ചുകൊണ്ടേയിരിക്കും. സമഗ്രപരിഷ്ക്കരണം വേണം. കരിക്കുലം മാറ്റണം. സമയബന്ധിതമായി കോഴ്സുകൾ തീർത്തു സർട്ടിഫിക്കറ്റു നല്കുന്ന രീതിയാണ് അടിസ്ഥാനപരമായി തെറ്റ്. കഴിവു തെളിയിക്കുന്നവർക്കാണു സർട്ടിഫിക്കറ്റ് നൽകേണ്ടത്. പകരം, രണ്ടു പ്രൊഡക്ഷൻ ഒഴിച്ചെല്ലാം എഴുത്തുപരീക്ഷ! സമൂഹത്തിലേക്കിറങ്ങി പഠിക്കാൻ അവസരമുണ്ടാകണം. ഗ്രാമങ്ങളിൽപ്പോയി കലാരൂപങ്ങൾ അറിയണം. കലാകാരരിൽനിന്നു പഠിക്കണം. സർവ്വകലാശാലയുടെ ചിട്ടയിൽനിന്നും നിയന്ത്രണത്തിൽനിന്നും മാറ്റണം. ഒരിക്കൽ ഒ.എൻ.വി. എന്നോടു സങ്കടത്തോടെ പറഞ്ഞത് ഓർക്കുന്നു: “കലാമണ്ഡലം സർവ്വകലാശാല ആക്കാനുള്ള ശുപാർശ ഞാനാണ് ഒപ്പിട്ടത്. ഇന്നതിൽ ദുഃഖിക്കുന്നു”.
പ്രശാന്ത് ഇപ്പോൾ സ്‌കൂൾ ഓഫ് ഡ്രാമയിൽ ക്ലാസെടുക്കാൻ ക്ഷണിക്കപ്പെടാറുണ്ടല്ലോ, അല്ലേ? ചരിത്രത്തിന്റെ കാവ്യനീതി പോലെ?
ഉണ്ട്. ഛയാമുഖിക്കു 2003 ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന അവാർഡും വാങ്ങി നേരേ പോയത് അവിടേക്കാണ്. എന്നെ ഇറക്കിവിട്ട സ്‌കൂൾ ഓഫ് ഡ്രാമയിൽ സ്വീകരണവും ഒരുക്കിയിരുന്നു, അതും വയലാസാറുതന്നെ. അന്നു ഞാനൊരു പ്രസംഗം നടത്തി. എന്റെ മധുരപ്രതികാരം പൂർത്തിയായതിനെ സൂചിപ്പിച്ച് “പൂവൻപഴംകൊണ്ടു കഴുത്തുമുറിക്കൽ” എന്നൊരു പ്രയോഗവും പ്രസംഗത്തിൽ അന്നു ഞാൻ നടത്തി. ഒരു ദിവസം ഇതിനകത്തു ക്ലാസെടുക്കണം എന്നുകൂടി ആഗ്രഹമുണ്ടെന്നും പറഞ്ഞു. അതും നടന്നു. പക്ഷേ, വയലാസാറിനു ശേഷമാണെന്നുമാത്രം. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ റെപ്പട്രി കമ്പനിയിലും ഒരിക്കൽ ഞാൻ വർക് ഷോപ് ചെയ്തിട്ടുണ്ട്. സംസ്‌കൃത സർവ്വകലാശാലയിലും എന്നെ ഓരോ വർഷവും വിളിച്ചു ക്ലാസെടുപ്പിക്കുന്നു. ഈ ഒക്ടോബറിലും ഉണ്ടായിരുന്നു അഞ്ചുദിവസത്തെ എന്റമാത്രം ശില്പശാല. അതാണു ഞാൻ പറഞ്ഞത് സർട്ടിഫിക്കറ്റല്ല കല എന്ന്.
അന്നത്തെ അനിശ്ചിതത്വത്തിൽനിന്ന് എപ്പോഴാണു വീണ്ടും കലാരംഗത്തു സജീവമാകുന്നത്?
കാഞ്ഞങ്ങാട്ടെ ‘തപാലാപ്പീസി’ന്റെ അവതരണത്തിനുശേഷം വൈകാതെ നടൻ മുകുന്ദൻ എറണാകുളത്തെ ഒരു സ്വകാര്യ സിനിമാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി വച്ചുമാറി. റോഷൻ ആൻഡ്രൂസും മറ്റും അവിടെ ഒരുവർഷം എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ആയിരുന്നു. മനേഷ് മല്ലപ്പള്ളി, ക്യാമറാമാൻ ഹരി ഒക്കെ അന്നവിടെ ഉണ്ടായിരുന്നു. എല്ലാവരും മുറിയിൽ കൂടും. ഞാൻ മാത്രം കുടിക്കും. നിങ്ങൾ വരുമാനം ഉണ്ടാക്കിയിട്ടു കുടിച്ചോളൂ എന്നതായിരുന്നു നിലപാട്. റോഷനെ വച്ചു ‘ദശഗ്രീവാങ്കം’ എന്ന പേരിൽ ഒറ്റയാൾനാടകം ചെയ്തു. സർട്ടിഫിക്കറ്റ് നൽകും മുമ്പു വിദ്യാർത്ഥിയെ പുറത്തുകൊണ്ടുപോയി നാടകം കളിപ്പിച്ചു എന്നുപറഞ്ഞു മാനേജ്മെന്റ് പ്രശ്നമാക്കിയപ്പോൾ രാജിക്കത്തു കൊടുത്തു. അതു സ്വീകരിക്കാതെ എന്നെ തിരുവനന്തപുരത്തേക്കു മാറ്റിത്തന്നു.
റോഷനാണ് എന്റെ ഒഴിവിൽ അവിടെ അദ്ധ്യാപകനായത്. പിന്നൊരിക്കൽ കണ്ടാപ്പോൾ റോഷൻ പറഞ്ഞു, “മാഷേ, നിങ്ങടെ നോട്ട്സ് വച്ച് ഏഷ്യാനെറ്റിൽനിന്നു കാശുവാരുന്നുണ്ട്”. സ്റ്റാർ ഹണ്ട് എന്ന പരിപാടിയാണു റൊഷൻ ഉദ്ദേശിച്ചത്. തിരുവനന്തപുരത്തേക്കുള്ള മാറ്റമാണ് സ്‌കൂൾ ഓഫ് ഡ്രാമക്കാലത്തു മനസിൽ കിടന്ന ‘വജ്രമുഖൻ’ ചെയ്യാൻ അവസരമൊരുക്കിയത്. പിന്നെ ഏറെക്കുറെ സജീവമായിരുന്നു.
ഇടതുസുഹൃത്തുക്കൾ തന്നെയാണ് അന്നെല്ലാം തുണയായത്. കൊല്ലം സോപാനവുമായുള്ള ബന്ധം അങ്ങനെയാണു തുടങ്ങുന്നത്. അച്ചാണി രവി സോപാനത്തിൽ തുടങ്ങിയ ‘സെന്റർ ഫോർ പെർഫോമിങ് ആർട്സ് സ്ക്കൂൾ ഓഫ് ഡ്രാമ’യിൽ ക്ലാസെടുക്കാൻ ചേർന്നു. കനപ്പട്ട രണ്ടു നാടകങ്ങൾ അന്നു ചെയ്തു: ഭാസന്റെ ‘ഊരുഭംഗ’വും ‘ദൂതഘടോൽക്കച’വും. സ്‌കൂൾ ഓഫ് ഡ്രാമയിൽ കാണാത്ത പലതും അവിടെ നടപ്പാക്കാൻ എനിക്ക് അവസരം കിട്ടി. കൂട്ടത്തിൽ ഏറ്റവും ദുർബ്ബലനായ ഒരാളെ ഊരുഭംഗത്തിലെ ദുര്യോധനനാക്കി. മറ്റുള്ളവർ അവഹേളിച്ചുകൊണ്ടിരുന്ന ഒരുവൻ. കഴിവു കുറഞ്ഞവരെ ഉപഹസിക്കുന്ന വിദ്യാഭ്യാസരീതിയാണല്ലോ നമ്മുടേത്. പക്ഷികളും മൃഗങ്ങളുമൊക്കെയാകട്ടെ, ഒന്നിച്ചു പിറക്കുന്ന കുഞ്ഞുങ്ങളിൽ ഏറ്റവും ദുർബ്ബലമായതിനെയാണു കൂടുതൽ ശ്രദ്ധിക്കുക.
‘മിടുക്കന്മാർ’ ഇതോടെ എന്നെ തല്ലാൻ പദ്ധതിയിട്ടു! ഞാൻ മുന്നോട്ടുപോയി. നാടകത്തിൽ മൂന്നു ഗുണവുമുള്ള മൂന്നു ദുര്യോധനന്മാർ. മൂന്നു കഥാപാത്രങ്ങളല്ല, മൂന്നു പ്രതിച്ഛായകൾ. അങ്ങനെയൊരു പരിചരണമാണു നൽകിയത്. യുദ്ധത്തിനൊക്കെ പുതിയ ചാരി (coriography) പ്രയോഗിച്ചു. ഇത്രയൊക്കെ പരിശീലനം വേണോ എന്നു ചിലർ ചോദിച്ചു. അതാണെന്റെ രീതി. ഇതു പൂർത്തിയാക്കി പോകുന്നവർ, അതു നാലുപേരെങ്കിൽ നാലുപേർ, നമുക്കു മൂല്യവത്തായിരിക്കും എന്നു ഞാൻ പറഞ്ഞു. അതു ഫലിച്ചു. പ്രേക്ഷകരുടെ പ്രതികരണം കണ്ടതോടെ എല്ലാവരും അടങ്ങി. തല്ലാൻ നടന്നവരിൽ ഒരാൾ വന്നു പറഞ്ഞു, “ക്ഷമിക്കണം, ഇങ്ങനെയൊരു നാടകമാണു മനസിലിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞില്ല”.
‘ഊരുഭംഗ’ത്തിനുശേഷം ഒരു സംസ്‌കൃതനാടകംകൂടി ചെയ്യണം എന്നു ചർച്ച വന്നപ്പോൾ ‘ദൂതവാക്യം’ ആലോചിച്ചു. അതിൽ കൃഷ്ണൻ വല്ലാതെ ദൈവമാണ്. അതിനെ നമ്മുടെ മനോധർമ്മത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്താനാവില്ല. കൃഷ്ണൻ നല്ലവൻ എന്ന വ്യാഖ്യാനമല്ല എന്റേത്. അങ്ങനെയാണു ‘ദൂതഘടോൽക്കചം’ ആലോചിക്കുന്നത്. കറുത്ത കരുത്തനായ കാടിന്റെ പുത്രനെ ദൂതനായി ധൃതരാഷ്ട്രസഭയിലേക്ക് അയയ്ക്കുന്ന കൃഷ്ണന്റെ ഗൂഢതന്ത്രം അതിൽ കാണാം. മഹാഭാരതത്തിൽനിന്നു ഭാസൻ ഏറെ വ്യതിചലിച്ചാണ് ഈ നാടകം സൃഷ്ടിച്ചിരിക്കുന്നത്. മലയാളി കൃഷ്ണനെ നേരെ വായിച്ചിട്ടില്ല. കൃഷ്ണനെപ്പറ്റിയുള്ള പ്രേക്ഷകരുടെ മനോഭാവം മാറ്റുകയായിരുന്നു ലക്ഷ്യം. കൃഷ്ണൻ ഭക്തിയെ ഭയപ്പെടുത്താനും പ്രലോഭിപ്പിക്കാനുമുള്ള ഉപാധിയാക്കുന്നു. കൃഷ്ണനു ഭാവിയെപ്പറ്റി വ്യാകുലതയില്ല. ദൈവികപരിവേഷം ശരിയല്ല. രാഷ്ട്രതന്ത്രജ്ഞത വരെ അംഗീകരിക്കാം. ബയോഡേറ്റയിൽ ‘Managed the war in a big way’എന്നു ചേർക്കാനുള്ള കൃഷ്ണന്റെ തന്ത്രമാണു മഹാഭാരതത്തിൽ ഉടനീളം കാണുന്നത്. ദുര്യോധനനെയും അർജ്ജുനനെയും ചിന്തിക്കാൻ വിടുന്നില്ല ശകുനിയും കൃഷ്ണനും. പകരം ഇവർ ചിന്തിക്കുന്നു. ഇരുവരും ഒരേ മാനസികതലത്തിൽ എത്തുന്ന സന്ദർഭങ്ങൾ പലതുമുണ്ട്. അതുകൊണ്ട്, ഒരേയാളെ ശകുനിയും കൃഷ്ണനുമാക്കി. ശകുനിയുടെ കയ്യിലുള്ള നീളൻ പകിട കൃഷ്ണനാകുമ്പോൾ ഓടക്കുഴലാകുന്നു. അങ്ങനെയൊക്കെ ആയിരുന്നു ട്രീറ്റ്മെന്റ്.
‘സോപാന’മാണു കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെടാൻ നിമിത്തമായത്. അതൊരു ഇടതുപക്ഷ കൂട്ടായ്മയാണ്. സാക്ഷരതാപ്രസ്ഥാനത്തിലേക്കും അതു വഴിതുറന്നു. തുടർസാക്ഷരതക്കാലത്ത് 28 നാടകങ്ങൾ ചെയ്തു. പി.ജെ. ഉണ്ണിക്കൃഷ്ണന്റെ ഏഴു സ്ക്രിപ്റ്റുകളടക്കം 28 സ്ക്രിപ്റ്റുകൾ. സോപാനത്തിന്റെ പ്രവർത്തനത്തിലും നല്ല സ്ഥാനം തന്നത് ഉണ്ണിക്കൃഷ്ണനാണ്. അതിനു നിമിത്തമായത് മാദ്ധ്യമത്തിലെ ജയപ്രകാശും. ‘സോപാന’ത്തിനു മുകളിൽ ഒരു മുറിയും രവി മുതലാളി തന്നു. അദ്ദേഹം ശ്വസിക്കുന്നതുതന്നെ സിനിമയും നാടകവുമാണ്. ഒരുകൊല്ലം അവിടെ ഉണ്ടായി. പിന്നെ 2001 അവസാനം പുളിമാന പരമേശ്വരൻ പിള്ളയുടെ ‘സമത്വവാദി’ ചെയ്യാനുള്ള ആലോചനയുമായി മറ്റൊരു മൂന്നുമാസവും. കൊല്ലത്തെ ആദ്യസംരംഭങ്ങളോടെ നിഷ്‌ക്രിയത്വം മാറി. ഛായാമുഖിയുടെ പിറവി ആ വേളയിലായിരുന്നല്ലോ. നാടകം മനസിൽ ഉണ്ടായെങ്കിലും അന്ന് എഴുതിയില്ല. കീചകന്റെ രംഗപ്രവേശം വരെയേ 1996ൽ എഴുതിയുള്ളൂ. പകുതി തീർച്ച വരുത്തുന്നത് 2000 ആദ്യമാണ്. 2003ലാണു പൂർണ്ണമായും കടലാസിൽ ആകുന്നത്.
ഇത്രയേറെ സമയമെടുത്താണോ ഒരു നാടകം എഴുതുന്നത്? എന്താണ് എഴുത്തിന്റെ രീതി? പല ഘട്ടത്തിലായി പൂർത്തിയാക്കുമ്പോൾ രൂപമാറ്റം വരുമോ?
നാടകമാണ് ആദ്യമുണ്ടാകുന്നത്. സാഹിത്യമല്ല. ക്രിയാംശം. മനസിൽ പൂർണ്ണമായി നാടകം ഉണ്ടാകും. ഇരിക്കുമ്പോഴും നടക്കുമ്പോഴും ഒക്കെ അതു വികസിച്ചുകൊണ്ടിരിക്കും. സംഭാഷണമൊക്കെ റിഹേഴ്സൽ കാലത്താണു എഴുതുക. സംഭാഷണം പഠിപ്പിക്കില്ല അതിലേക്ക് അവർ എത്തണം. അതിലേക്കു കൊണ്ടുവിടലാണ് എന്റെ ജോലി. ‘മകരദ്ധ്വജൻ’ എഴുതിയതു നാലുകൊല്ലംകൊണ്ടാണ്. മനസിൽ എത്രയോവട്ടം എഴുതി! മനസെത്ര പിഴിഞ്ഞാൽ ഒരുതുള്ളി! അതിനിടെ മാറ്റങ്ങളുണ്ടാകാം. അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാവാറില്ല. പൂർണ്ണതയിലേക്കുള്ള വികാസമാണുണ്ടാവുക. ആ ഘട്ടമായാലേ എഴുതൂ. എഴുതുന്നതു വെട്ടില്ല. ഒരുവരി വെട്ടിയാൽ അന്നു പിന്നെ എഴുതില്ല.
സിനിമ വേണ്ടാ എന്നു തീരുമാനിച്ചതാണോ? ആ വഴിക്കു പരീക്ഷണമൊന്നും ഉണ്ടായില്ലേ?
സംവിധാനം തൽക്കാലം ആലോചനയിലേയില്ല. ഞാൻ എഴുതിയ സമ്പൂർണ്ണമായ ഒരു തിരക്കഥയുമായി ചെന്നാൽ നിർമ്മിക്കാമെന്നു മോഹൻ ലാൽ പറഞ്ഞിട്ടുണ്ട്. നല്ലൊരു തീം മനസിലുണ്ട് – ഖനി. വൺ ലൈൻ ചർച്ചചെയ്തു. എഴുതൂ, നല്ലൊരു ചലച്ചിത്രസംവിധായകനെക്കൊണ്ടു ചെയ്യിക്കാം എന്നു പറഞ്ഞു. എഴുതാൻ സമയമെടുക്കും. അതല്ലാതെ, സിനിമയ്ക്കു പിന്നാലെ പോകുന്നില്ല. സിനിമ ഇങ്ങോട്ടു വരണം. മാന്യമായ പ്രതിഫലവും കിട്ടണം. ഈയിടെ ഒരു ചിരപരിചിതബന്ധു സമീപിച്ചു. “ഒരു നാടകത്തിന് എത്ര കിട്ടും?” “രണ്ടരലക്ഷം”, ഞാൻ പറഞ്ഞു. “അഞ്ചു നാടകത്തിന്റെ കാശു തരാം. ഒരു സിനിമയ്ക്കു കഥയും തിരക്കഥയും സംഭാഷണവും എഴുതണം. പക്ഷേ, എന്റെ പേരു വയ്ക്കും.” കുടി നിർത്തിയ എന്റെ മുന്നിൽ ഒരു ഫുൾ ബോട്ടിൽ മുന്തിയ മദ്യം! ഞാൻ പറഞ്ഞു, “നീ ഒരുകോടി രൂപ ബാങ്കിൽ ഇട്ടിട്ടു പറ, ഞാൻ കുടിക്കാം. ഞാൻ ഇനി കുടി തുടങ്ങിയാൽ സകലതും കൈവിട്ടുപോകും. അതു നടക്കില്ല മോനേ!” ഇനി എനിക്കെന്നെ നഷ്ടപ്പെടുത്താനാവില്ല. ഞാനുണ്ടെങ്കിലേ എന്റെ കർമ്മമുള്ളൂ എന്നു ഞാൻ മനസിലാക്കി. എത്രകാലം ജീവിച്ചിരിക്കുമെന്ന് അറിയില്ല്ലല്ലോ. അതിനിടെ ചിലതൊക്കെ എഴുതിവച്ചു പോകണമെന്നുണ്ട്.
നാടകത്തിലേക്കു തിരിഞ്ഞശേഷം കഥകളിയെ പൂർണ്ണമായും കയ്യൊഴിയുകയായിരുന്നോ?
അഭിനയം തുടർന്നില്ല. ഒരു ആട്ടക്കഥകൂടി എഴുതി. ‘മീഡിയ’. യൂറിപ്പിഡീസിന്റെ നാടകം. ജർമ്മൻ കലാകാരിയായ ഇസ ജേക്കോബി ആവശ്യപ്പെട്ടപ്രകാരം. വിവാഹാനന്തരകാലത്തായിരുന്നു അത്. പിന്നെ ഒന്നും എഴുതിയില്ല. പക്ഷേ, കഥകളിയുടെ സംസ്‌കാരം എന്റെ ആത്മാവിലുണ്ട്.
കഥകളിയിലാണു മലയാളനാടകത്തിന്റെ വേര്. അതിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന ഒന്നാകണം നാടകം. കഥകളിയുടെ പരിപാലനവ്യവസ്ഥ (management system) ഏറ്റവും ബൃഹത്തും അനുകരണീയവുമാണ്. അതിന്റെ വ്യവസ്ഥാപിതമായ പരിശീലനരീതിയാണ് ഏറ്റവും പ്രധാനം. ഗുരുകുലരീതിയിൽത്തന്നെ പഠിക്കണം. എന്റെ അനുഭവം അതാണ്. ലോകമാകുന്ന വലിയ വനത്തിലേക്ക് ഇറക്കിനടാൻ എന്നെ തയ്യാറാക്കിയ നഴ്സറിയായിരുന്നു ചന്ദ്രമന ഇല്ലത്തെ ഗുരുകുലം. കഥകളിയാകുന്ന തായ്ത്തടിയിലേക്കു നാടകത്തെ അതു ബഡ് ചെയ്തുതന്നു.
ഇടയ്ക്കു കുറച്ചുനാൾ പത്രപ്രവർത്തകന്റെ വേഷത്തിലും ഉണ്ടായിരുന്നല്ലോ. അന്നാണു നമ്മൾ പരിചയപ്പെടുന്നത്. അതെന്താ മതിയാക്കിയത്?
2000ലെ വിഷു മുതൽ 2004 ജനുവരി 11 വരെ ‘മംഗളം’ പത്രത്തിൽ തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്തു. പിറ്റേന്നാണു സർക്കാർസർവ്വീസിൽ ചേരുന്നത്. പിന്നെ മംഗളത്തിനു തിരുവനന്തപുരം എഡിഷൻ വന്നപ്പോൾ അവധിയെടുത്ത് ആറുമാസംകൂടി ജോലിചെയ്തിട്ടുണ്ട്. പത്രപ്രവർത്തനത്തിലും പ്രധാന ബീറ്റ് കലയും സാഹിത്യവും സംസ്‌കാരവും ഒക്കെത്തന്നെ ആയിരുന്നു. നായനാർ സഖാവിനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ അവസരമുണ്ടായി. ആസ്വദിച്ചു ചെയ്ത ജോലിയാണത്.
നാടകമല്ലാതെയുള്ള എഴുത്തുകൾ?
പ്രശാന്ത് വെള്ളായണി എന്ന പേരിൽ മുമ്പു കവിത എഴുതുമായിരുന്നു. പത്തിരുപത്തഞ്ചെണ്ണം പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്, മാതൃഭൂമിവാരികയിലടക്കം. ഒരു വേശ്യയുടെ മൂന്നു ദിനങ്ങൾ അവതരിപ്പിക്കുന്ന ‘ത്രിദിനപുരാണം’ ആണ് എടുത്തുപറയാൻ തോന്നുന്ന ഒന്ന്. പിന്നെ, പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതിയ കുറെ സൺഡേ ഫീച്ചറുകളും.
എന്തൊക്കെയാണു ഭാവിപരിപാടികൾ? പുതിയ പ്രൊഡക്‌ഷനുകൾ?
ഇതുവരെ എനിക്കൊരു തട്ടകം ഇല്ലായിരുന്നു. ഇന്നു ‘തിരുവരങ്ങ്’ എന്ന പേരുകേട്ട ബാനറുണ്ട്. കാവാലംസാറിന്റെ സാക്ഷാൽ തിരുവരങ്ങ്. അദ്ദേഹം എന്നെ വിളിച്ച് അത് ഏല്പിച്ചുതന്നത് വലിയ അംഗീകാരമായി ഞാൻ കാണുന്നു. അതിന്റെ ആഭിമുഖ്യത്തിൽ ‘കളം’ എന്ന പേരിൽ മുതിർന്നവർക്കും കുട്ടികൾക്കും സ്ഥിരം നാടകപരിശീലന പരിപാടി നടന്നുവരുന്നു. വിദഗ്ദ്ധരെ വരുത്തിയുള്ള പരിശീലനം.പ്രശസ്ത കവി പ്രഭാവര്‍മ്മയുടെ ശ്യാമമാധവം ആണ് അടുത്ത് അവതരിപ്പിക്കുന്നത്.
ഇനി ഈ വഴിയിൽ ചെയ്യാൻ ഏറെക്കാലമായി ചെയ്യാനാഗ്രഹിക്കുന്ന ഒരു മഹാദൗത്യമുണ്ട്. പുതിയ കാലത്തെ സൗന്ദര്യബോധത്തിനും സാമൂഹികബോധത്തിനും ഒക്കെ ഇണങ്ങുന്നരീതിയിൽ നാട്യശാസ്ത്രത്തിന് ആധുനികമായ ക്രിയാഭാഷ്യം ചമയ്ക്കണം. അതു കഴിയുന്നത്ര ലളിതമായും ക്രിയാംശത്തിലൂടെയും പഠിപ്പിക്കാനുള്ള ഒരു ബൃഹൽപദ്ധതി. അതിനായി ഒരു കേന്ദ്രം. അതിന്റെ ബൗദ്ധികമായ പ്രവർത്തനങ്ങൾ നല്ലയളവു നടന്നുകഴിഞ്ഞു. നമ്മുടെ കലാരൂപങ്ങളിലൊക്കെയുള്ള നാട്യശാസ്ത്രത്തിന്റെ സവിശേഷാവിഷ്ക്കാരങ്ങൾ കണ്ടെത്തി അവയും ഇതിൽ ഇഴചേർക്കണം. ഉദാഹരണത്തിന്, ഏറ്റവും അത്യാധുനികരായ രംഗകലാവിദഗ്ദ്ധർ അന്വേഷിച്ചുകൊണ്ടിരിക്കുന്ന എത്രയോ പുതുമകൾ കൃഷ്ണനാട്ടത്തിൽ ഉണ്ടെന്നറിയാമോ? പക്ഷേ, അതാരും കാണുന്നില്ല. ദിവ്യത്വം കല്പിച്ചു ഗുരുവായൂർ അമ്പലത്തിന്റെ മതിലിനുള്ളിൽ തളച്ചിരിക്കുകയാണതിനെ! കലയൊന്നും ആരുടെയും തറവാട്ടുസ്വത്തല്ല. അവയെല്ലാം സമൂഹത്തിന്റേതാണ്. ഒരു രാജ്യത്തിന്റെ പോലുമല്ല. ലോകത്തിന്റെയാകെയാണ്. മതദിവ്യത്വങ്ങളിൽനിന്ന് അവയെ മോചിപ്പിക്കണം. അവയെ എടുത്തു ജനത്തിനു നൽകണം. മാറ്റത്തിനുള്ള പോരാട്ടത്തിൽ അതും ആയുധമാക്കണം.
ഇന്നു കർണ്ണാടകസംഗീതത്തിലും ഭാരതീയനൃത്തങ്ങളിലും ഭക്തിയുള്ള രചനകളാണു മഹാഭൂരിപക്ഷവും. അതിന്റെ സ്ഥാനത്ത് അവയെല്ലാം പ്രണയമോ മറ്റു ഭാവങ്ങളോ സാമൂഹികവിഷയങ്ങളോ കൈകാര്യം ചെയ്യുന്നവ ആയിരുന്നെങ്കിൽ അതിനെ ആർക്കും ഏതെങ്കിലും വിഭാഗവുമായി ബന്ധപ്പെടുത്തി കാണാൻ കഴിയുമായിരുന്നില്ല. അത്തരം നൂറു രചനകൾ ഉണ്ടാകുകയും അവ വ്യാപകമായി അവതരിപ്പിക്കപ്പെടുകയും ചെയ്താൽ പത്തുകൊല്ലം കൊണ്ട് അവയോടുള്ള സമൂഹത്തിന്റെ സമീപനം മാറില്ലേ? അതിനു പകരം അതിനെ നാം ഉപേക്ഷിച്ചു ദൂരെ മാറ്റി നിറുത്തിയാലോ? ചന്തവും ഗന്ധവും വരുത്താൻ എല്ലാവരും തൊട്ടിരുന്ന ചന്ദനത്തിനും ആർക്കും ഉടുക്കാവുന്ന കാവി മുണ്ടിനും മഞ്ഞമുണ്ടിനും പച്ച തൂവാലയ്ക്കുമൊക്കെ സംഭവിച്ചതുപോലെ സമൂഹത്തിൽനിന്ന് അന്യവത്ക്കരിക്കപ്പെടും. അതു മറ്റു പലരും കയ്യടക്കും. പൊതുസമ്പത്തുകൾ എന്തിനങ്ങനെ കയ്യൊഴിയണം. മതമുക്തമായി സംസ്‌കൃതം പഠിക്കാനും പഠിപ്പിക്കാനും കഴിയണം. ദൈവികത്വം കലർത്താതെ മനുഷ്യരുടെ കഥകളായി രാമായണവും മഹാഭാരതവും എഴുതിയ കാട്ടാളനും മുക്കുവസ്ത്രീയുടെ മകനും തൊട്ടു കാളിദാസനും ഭാസനും അടക്കമുള്ളവരുടെ ഉൽക്കൃഷ്ടമായ എത്രയോ രചനകളാൽ സമ്പന്നമാണാ ഭാഷ. എന്തിനു നാമതു നഷ്ടപ്പെടുത്തണം? നാം എടുത്ത് ഉപയോഗിച്ചില്ലെങ്കിൽ നാട്യശാസ്ത്രം പോലും അവർ കയ്യടക്കും. എന്നിട്ട്, ഞങ്ങളുടെ സർവ്വസ്വമപഹരിച്ചൂ എന്നു മാറത്തടിച്ചു നിലവിളിച്ചിട്ടു കാര്യമില്ല. നാട്യശാസ്ത്രത്തെപ്പറ്റി എന്റെ സ്വപ്നത്തിലുള്ള പദ്ധതി പൂർണ്ണാർത്ഥത്തിൽ യാഥാർത്ഥ്യമാകണമെങ്കിൽ പല കലകളിലുള്ള വിദഗ്ദ്ധർ പല തലമുറകൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിന്റെ ഒരു മൂലയിലെങ്കിലും കൈവയ്ക്കാനാകണം. അതാണു സ്വപ്നപദ്ധതി.
കുറച്ചു പണം കൂടി തരപ്പെട്ടാൽ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങണം. അത്യാവശ്യം കുറേ സാമഗ്രികൾ കൈവശമുണ്ട്. നല്ല പ്രൊഡ്യൂസർമാരെ കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ പ്രധാനപ്രശ്നം. അത് ഇങ്ങനെ മറികടക്കാനായാൽ മനസിലെ നാടകങ്ങൾ ഓരോന്നായി അരങ്ങിലെത്തിക്കാം. ധാരാളം വേദികൾ ഇതിനകം തന്നെ പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചില വിദേശപരിപാടികളും ആലോചനയിലാണ്.
വലിയ വിവാദമാകാൻ ഇടയുള്ളതിനാൽ ഉള്ളടക്കം വെളിപ്പെടുത്തില്ല എന്നു പറഞ്ഞ ‘ചിത്രലേഖ’ വർഗ്ഗീയരാഷ്ട്രീയത്തിന്റെയും ഫാസിസത്തിന്റെയും ഇന്നത്തെ അവസ്ഥയിൽ പ്രത്യേകപ്രാധാന്യമുള്ള ഒന്നാണ്. സീത കേന്ദ്രകഥാപാത്രമാകുന്ന ഈ നാടകം വിശാലമായ അർത്ഥത്തിൽ സ്ത്രീയെ നിരസിക്കുന്ന എക്കാലത്തെയും അധികാരസ്വത്വത്തിന്റെ അടിവേരു പിഴുതെടുക്കുന്നതാണ്. രാജ്യത്താകെ അത് അവതരിപ്പിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. വലിയ സാമൂഹികദൗത്യമായി ഞാനതിനെ കാണുന്നു. ‘മകരദ്ധ്വജൻ’ വ്യാപകമായി കളിക്കണം. അതു തുടങ്ങിക്കഴിഞ്ഞു. മികച്ച ഒരു നടിയെ വച്ച് ഒറ്റയാൾ പെൺനാടകമായ ‘കറ’ അരങ്ങിലെത്തിക്കണമെന്നും തീവ്രമായിത്തന്നെ ആഗ്രഹിക്കുന്നു.
പുതിയ കാലഘട്ടത്തിലെ അനിവാര്യതയെന്നു പലരും അഭിപ്രായപ്പെടുന്ന ‘സായിപ്പിന്റെ പൂച്ച’യാണു മുന്തിയ പരിഗണനയുള്ള മറ്റൊരു നാടകം. ‘ഛായാമുഖി’ വീണ്ടും കളിക്കണം. ജഗതി ശ്രീകുമാർ അഭിനയിക്കാനാഗ്രഹിച്ച ‘ദേവയാനം’, പകുതിമാത്രം എഴുതിയ ഒറ്റയാൾ നാടകമായ ‘കാശി’, ‘മണികർണ്ണിക’, ‘സൂര്യരാശിപുരം’, ‘വജ്രമുഖൻ’, ‘ജനാലയ്ക്കപ്പുറം’, ‘തവള’, ‘പെണ്ണുപൂക്കുന്ന മരം’, എല്ലാം മനസു നിറയുന്നതുവരെ കളിക്കണം. പുതിയ കുറേ നാടകങ്ങളുടെ ആശയങ്ങൾ പല ഘട്ടങ്ങളിൽ എത്തിനിൽക്കുന്നു. അവ ഓരോന്നായി ചെയ്യണം. അത്യാഗ്രഹമാണോ എന്നറിയില്ല ഇതൊക്കെ, എങ്കിലും ആഗ്രഹിച്ചാലല്ലേ കുറെയെങ്കിലും നടക്കൂ.
മുൻകാലങ്ങളിൽ എന്റെ പരാജയം എന്നെ കീഴടക്കിയിരുന്ന അരാജകത്വമായിരുന്നു. ഇന്നു ഞാൻ പഴയ എന്നെ തിരിച്ചുപിടിച്ചിരിക്കുന്നു. പുസ്തകം വായിച്ചു നോട്ടെടുക്കുന്ന, അത്ര ചിട്ടയുള്ള ജീവിതം. പഴയ രേഖകളും രചനകളുമെല്ലാം ഗവേഷകന്റെ നിഷ്ക്കർഷയോടെ ശേഖരിക്കുകയാണു ഞാൻ. എല്ലാ പരിമിതികളെയും പരാജയങ്ങളെയും ഊർജ്ജമാക്കി മാറ്റുകയാണു ഞാൻ. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള വാശിയാണിപ്പോൾ എനിക്ക്. എന്റെ ഭീമൻ ചോദിച്ചതുപോലെ,
“യാത്രയ്ക്ക് ഇനിയും എത്ര ദൂരം!” പക്ഷേ, ആ വാക്യത്തിന്റെ രണ്ടാം ഘണ്ഡത്തിലെ സന്ദേഹം എനിക്കില്ല. ദൂരങ്ങൾക്ക് അടിമല്ല ഈ ഭീമൻ!
(‘പ്രസാധകൻ മാസിക’യിൽ പ്രസിദ്ധീകരിച്ചത്)
Copy right @ Manoj K. Puthiyavila
Comments are closed.