ഹരിശങ്കറിന് ജീവാംശമായി സംഗീതം
സംഗീതത്തില്‍ ജനിച്ച്, സംഗീതത്തില്‍ വളര്‍ന്ന ഗായകന്‍. ഹരിശങ്കറിനെ കുറിച്ചുള്ള ഈ വിശേഷണത്തില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല. ഡോ.കെ ഓമനക്കുട്ടിയുടെ കൊച്ചുമകന്‍. എം. ജി രാധാകൃഷ്ണന്റെയും എം.ജി ശ്രീകുമാറിന്റെയും പിന്‍ഗാമി. അച്ഛന്‍ ആലപ്പി ശ്രീകുമാര്‍ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രിന്‍സിപ്പല്‍. അമ്മ കമലാ ലക്ഷ്മി വീണ അര്‍ട്ടിസ്റ്റ്.
കേരളത്തിന്റെ സംഗീത കുടുംബത്തിന്റെ പാരമ്പര്യം രക്തത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തീവണ്ടി എന്ന സിനിമയിലെ ‘ ജീവാംശമായ് താനെ നീ എന്നില്‍ ‘ എന്ന ഗാനം മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുമ്പോഴും ഈ ചെറുപ്പക്കാരന് ചെറുപുഞ്ചിരി മാത്രം. ഹരിശങ്കറുമായി അനു സംസാരിക്കുന്നു.
സിനിമയേക്കാള്‍ ഹിറ്റായി ഗാനം, എന്തു തോന്നുന്നു ഹരിശങ്കറിന്?
നല്ല റിവ്യൂ ഉണ്ട്. ഫസ്റ്റ് ഡേ തന്നെ ഹൗസ് ഫുള്‍ ആയി. ഗാനം ജനങ്ങള്‍ ഏറ്റെടുത്തു. വളരെ സന്തോഷം. പോസിറ്റീവായി തന്നെ പോകുന്നു.
സംഗീതത്തിന്റെ വഴിയിലായിരുന്നു ജനിച്ചതും വളര്‍ന്നതും അതിനെ കുറിച്ച്
സത്യത്തില്‍ ഓട്ടോമാറ്റിക്കായിട്ട് ഞാനും ആ വഴിയില്‍ എത്തുകയായിരുന്നു. വീട്ടില്‍ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെ സംഗീതമായിരുന്നു. അച്ഛന്‍ ശ്രീകുമാറും അമ്മൂമ്മ ഓമനക്കുട്ടിയുമാണ് ഗുരുസ്ഥാനത്ത് ഉള്ളത്.
എങ്ങനെയാണ് ഈ ചിത്രത്തിലെത്തിയത് ?
ഇതിന്റെ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ആദ്യം വിളിച്ചത്. ആ സമയത്ത് തന്നെ ടോവിനോയുടെ സിനിമയാണെന്നും ഒരു നാടന്‍ പശ്ചാത്തലത്തിലുള്ള അല്‍പ്പം ക്ലാസ്സിക്കല്‍ മെലോഡിയസ് സോംഗാണെന്ന് പറഞ്ഞിരുന്നു. പിന്നെ അതിനെ കുറിച്ച് വിശദമായി ഒന്നും അറിയില്ലായിരുന്നു. ശ്രേയാജിയ്‌ക്കൊപ്പമാണ് പാടുന്നതെന്നും മറ്റും പിന്നീടാണ് അറിഞ്ഞത്.
ഗാനത്തിന്റെ റെക്കോര്‍ഡിംഗ് വേളയിലെ അനുഭവങ്ങള്‍
ആദ്യം ഞാന്‍ അറിഞ്ഞിരുന്നില്ല ശ്രേയാജിക്കൊപ്പമാണ് പാടുന്നതെന്ന്. ശ്രേയാജിയുടെ റെക്കോര്‍ഡിംഗ് മുംബൈയിലായിരുന്നു ഞാന്‍ കൊച്ചിയിലാണ് പാടിയത്. ഒപ്പം പാടുന്നത് ശ്രേയാജിയാണെന്നറിഞ്ഞപ്പോ ഒരു ഞെട്ടല്‍ ഉണ്ടായിരുന്നു. അങ്ങനെ പ്ലാന്‍ഡ് അല്ലായിരുന്നു. പിന്നെ കൈലാസേട്ടന്റെ തീരുമാനമായിരുന്നു. ആ സോംഗിനു അവര്‍ വേണമെന്നുള്ളത്.
എങ്ങനെയാണ് സിനിമയുടെ വഴിയിലെത്തിയത്?
ഞാന്‍ ഒരു ഡന്റിസ്റ്റാണ്. പഠനത്തിന്റെ രണ്ടാം വര്‍ഷമാണ് ഔസേപ്പച്ചന്‍ സാറിനൊപ്പം പാട്ട് ചെയ്യുന്നത്. പിന്നെ ഷാന്‍ റഹ്മാന്‍ സാര്‍ വിളിച്ചു. ആ സമയത്താണ് ഓട്ടോമാറ്റിക്കായി ഒരു താല്പര്യം തോന്നിയത്. സംഗീത പാരമ്പര്യം ഉള്ള ഒരു കുടുംബത്തില്‍ നിന്നും വന്നതായതുകൊണ്ടാവും. അങ്ങനെ ഞാന്‍ ഒരു തീരുമാനമെടുത്തു. സംഗീതത്തിന്റെ വഴിയിലേക്ക്.
വിദ്യാസാഗര്‍ സാറിനോടൊപ്പം ഉള്ള ഓര്‍മ്മകള്‍
ആദ്യം അദ്ദേഹത്തോടൊപ്പം പാടിയത് എന്നും എപ്പോഴും എന്ന ചിത്രത്തിലാണ്. ‘നിലാവും മായുന്നു രാവേറെയായി’ എന്ന ഗാനം. ഒരു പാട് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു ആ സമയത്ത്. പിന്നീടാണ് അനാര്‍ക്കലിയിലെ ‘വാനം ചായും തീരം ‘ എന്ന പാട്ട് ചെയ്തത്.
വീട്ടില്‍ എല്ലാവരും സംഗീതവുമായി ബന്ധപ്പെട്ടവരാണ്. ഇവരില്‍ നിന്നും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാറുണ്ടോ?
വീട്ടിലെ ഏറ്റവും നല്ല വിമര്‍ശക അമ്മൂമ്മ തന്നെയാണ്. നല്ലതാണെങ്കില്‍ അത് അങ്ങനെ തന്നെ പറയും. മറിച്ചാണെങ്കിലും അത് തുറന്ന് പറയും. കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നും പറയാറുണ്ട്. അത് വളരെ ധൈര്യവുമാണ്.
അമ്മൂമ്മയുടെ സ്വാധീനം
ഒരിക്കലും സിനിമയില്‍ എത്തുമെന്ന് കരുതി പാട്ട് പഠിച്ച ഒരാളല്ല ഞാന്‍. ക്ലാസ്സിക്കല്‍ മ്യൂസിക് നന്നായി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വീട്ടുകാരും അതിനു സപ്പോര്‍ട്ടായി നിന്നു. അന്നൊന്നും ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല ഇങ്ങനെ ഫിലിമില്‍ വരുമെന്നോ പാടുമെന്നോ ഒന്നും.
മലയാളത്തിലെ ഇഷ്ട സംഗീത സംവിധായകര്‍
എല്ലാവരെയും ഇഷ്ടമാണ്. വ്യത്യസ്തമായ ശൈലി കൊണ്ട് ഓരോരുത്തരും നമ്മളെ ആകര്‍ഷിക്കുകയാണ്. എന്നിരുന്നാലും ഒരു നഷ്ടബോധമായി മനസ്സിലുള്ളത് എന്റെ അപ്പൂപ്പന്‍ കൂടിയായ എം ജി രാധാകൃഷ്ണനോടൊപ്പം ഒരു ഗാനം ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. മുതിര്‍ന്ന ശേഷം എനിക്ക് ആ ഭാഗ്യം ലഭിച്ചില്ല. അത് ഒരു വേദനയായി ഉള്ളിലുണ്ട്.
മ്യൂസിക്ക് ബാന്റ് പ്രഗതിയെ കുറിച്ച്
പ്രഗതി ഇപ്പോള്‍ മൂന്ന് സോംഗ്‌സ് ചെയ്യുകയാണ്. മൂന്ന് ഭാഷകളിലായി, മൂന്ന് നടിമാരെ വച്ചിട്ടാണ് സോംഗ് ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചെയ്യുന്ന സോംഗുകള്‍ നവംബറോടെ പുറത്തിറങ്ങും.
റീമിക്‌സ് പാട്ടുകളെ കുറിച്ച്
ഗാനങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതെയുള്ള ഒരു പരീക്ഷണമാകണം വേണ്ടത്. അതിനാണ് ഇമ്പവും.
പുതിയ പ്രൊജക്ടുകള്‍
ബി ഉണ്ണികൃഷ്ണന്‍ സാറിന്റെ പടം. ദിലീപാണ് നായകന്‍. അതിന്റെ ഷൂട്ടിംഗ് നടക്കുന്നു. പിന്നെ ഡാകിനി എന്നൊരു ഫിലിം. ഇതിലൊക്കെ പാടിയിട്ടുണ്ട്.
അഭിനയം,സംവിധാനം
ഇല്ല, ആ മേഖലകളിലേക്കൊന്നും തത്ക്കാലം കടക്കുന്നില്ല. ഇപ്പോള്‍ പാട്ട് മാത്രമാണ് എന്റെ മേഖല.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.