പത്മജ പോയീ…; ട്രോളുകള്‍ക്കപ്പുറം ഒരു പൊളിറ്റിക്കല്‍ മെസേജ്: വൈറല്‍ പരിഭാഷകന് സംസാരിക്കുന്നു
പത്മജ പോയീ… ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് കേരളത്തില്‍ ഹിറ്റായി മാറിയ ഒരാളുണ്ട് ഇങ്ങ് കൊല്ലത്ത്… അഡ്വ. കെ പി സജിനാഥ്… തിരഞ്ഞെടുപ്പ് ചൂടിലാണ് നാട്… ട്രോളുകള്‍ക്ക് പുറമെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകുകയാണ് ഈ വൈറല്‍ പരിഭാഷ. സിനിമകളില്‍ നിന്നുള്ള കഥാപാത്രങ്ങളുടെ ഫോട്ടോകള്‍ മീമുകള്‍ക്കായി ഉപയോഗിക്കുന്നത് പോലെ വൃന്ദാ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ പി സജിനാഥിന്റേയും ഫോട്ടോ മീമായി ചിരപ്രതിഷ്ഠ നേടുകയാണ്. ഈ സാഹചര്യത്തില്‍ സിപിഐഎം ഏര്യാ കമ്മിറ്റി അംഗം അഡ്വ. കെ പി സജിനാഥിന് ചിലത് പറയാനുണ്ട്.
എവിടെ നോക്കിയാലും പത്മജ പോയീ…
സംഭവിച്ചുപോയി എല്ലാം… പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയുമടക്കം പലരുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഞാന്‍. വൃന്ദ കാരാട്ട് പ്രസംഗിക്കുന്ന രീതിയില്‍ പരിഭാഷകന് വലിയ സ്വാതന്ത്ര്യമുണ്ട്. ആ വൈറലായ പ്രസംഗത്തിന് ശേഷവും വൃന്ദ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. അവിടെയും ആംഗ്യവും സിംപിള്‍ വാക്കുകളില്‍ തന്നെയാണ് പരിഭാഷപ്പെടുത്തിത്. ചില വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്. മുകേഷ് ആ വേദിയിലുണ്ടായിരുന്നു. പിന്നീട് വല വേദികളിലും അദ്ദേഹവും ഈ പ്രയോഗം കടമെടുത്തു.
ഫുള്‍ ക്രൈഡിറ്റ് ഗോസ് ടു കോമ്രേഡ് വൃന്ദ കാരാട്ട്
ഈ വീഡിയോ ഹിറ്റായപ്പോള്‍ പലരും വിളിച്ചിരുന്നു. ഇതിന്റെ എല്ലാ ക്രെഡിറ്റും വൃന്ദ കാരാട്ടിനാണ്, അവരുടെ വേദിയില്‍ മാത്രമേ എന്നെപ്പോലൊരു പരിഭാഷകന് അത്ര സ്വാതന്ത്യത്തോടെ പരിഭാഷപ്പെടുത്താനാകുകയുള്ളൂ. ഇതിന് മുമ്പും വൃന്ദ കാരാട്ടിന്റെ പ്രസംഗങ്ങളെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഹിന്ദി പ്രയോഗങ്ങള്‍ വരെ പ്രസംഗിച്ച് കളയും.. പ്രകാശ് കാരാട്ടിന്റെയൊക്കെ പ്രസംഗങ്ങളില്‍ നമുക്ക് കുറിച്ചുവെച്ച് തര്‍ജമ ചെയ്യാന്‍ സമയമുണ്ടാകും, വൃന്ദ കാരാട്ടിന്റേതില് അങ്ങനെ പറ്റില്ല, പദാനുപദ തര്‍ജമ ജീവനില്ലാതാക്കും, അവര്‍ കുറച്ചുകൂടെ രസകരമായി പ്രസംഗിക്കുന്നയാളല്ലേ, പരിഭാഷയിലും അത് വേണ്ടേ….
ആ രണ്ട് വാക്കുകളുടെ പ്രസക്തി…
പത്മജ പോയി എന്ന രണ്ട് വാക്കുകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. പത്മജ കേവലമൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുമല്ല. മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കരുണാകരന്റെ മകളാണ്. കരുണാകരന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു എന്നുവെച്ചാല്‍, ആ കുടുംബത്തിലേക്ക് കടക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നാണ്. അനില്‍ ആന്റണി പോയതില്‍ അത്ഭുതപ്പെടാനില്ല. ആന്റണി പോയാലും അത്ഭുതമില്ല. അവരെല്ലാം പോയീം വന്നും നിന്നവരാ. കരുണാകരന് അങ്ങനല്ല. ഉത്തരേന്ത്യയില്‍ കാണുന്ന ഒരു പ്രവണതയുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ പണം കൊടുത്ത് ചാക്കിട്ട് പിടിക്കുന്നത്. അതാണ് ഇവിടെയും കണ്ടത്. അഴിമതിപ്പണം കൊടുത്താണ് നേതാക്കളെ വാങ്ങുന്നത്. അതിവിടെയും സംഭവിക്കുന്നു.
പത്മജയ്ക്ക് പിന്നാലെ പത്മിനിയും പോയീ…
പ്രസംഗം വൈറലായതിന് തൊട്ടുപിന്നാലെയാണ് അതും സംഭവിച്ചത്. ആദ്യം ട്രോളുകളാണ് കണ്ടത്, അപ്പോള്‍ തെറ്റിപ്പോയാതാകാമെന്ന് കരുതി. വാര്‍ത്ത നോക്കിയപ്പോള്‍ ശരിയാണ്, പത്മിനി തോമസും പോയി. ഇതൊരു പ്രയോഗം ആയി മാറിയിട്ടുണ്ട്.
ഉത്തരേന്ത്യയിലും വീഡിയോ പ്രചരിക്കുന്നുണ്ട്…
ഉത്തരന്ത്യയില്‍ ആര്‍എസ്എസ്- ബിജെപിക്കാരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. കേരളം എത്തിനോക്കാന്‍ കഴിയാത്ത ഇടമായിരുന്നു, അവിടെ കോണ്‍ഗ്രസ് തകര്‍ന്നു. പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ വന്നു, അതായത് ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ വന്നുവെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
ആ പ്രസംഗം ഒരു പൊളിറ്റിക്കല്‍ സന്ദേശം കൂടിയാണ്….
ഞാനൊരു പൊതു പ്രവര്‍ത്തകനാണ്. സിപിഎം ഏരിയ കമ്മിറ്റിയംഗമാണ്. ആ പ്രസംഗം വലിയ ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. പണവും പവറും കണ്ട് നേതാക്കള്‍ വരെ പാര്‍ട്ടി വിടുന്ന അവസ്ഥ പേടിപ്പിക്കുന്നതാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും….
കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രകടമായ മേല്‍ക്കൈ ഉണ്ട്. ബാലറ്റ് പേപ്പറില്‍ കൃത്യമായി ഇടതിന് വോട്ട് ചെയ്യുന്ന മൈന്‍ഡ് സെറ്റാണ് ഇവിടെയുള്ള ജനങ്ങള്‍ക്ക്. 2024ലും ഇത് സംഭവിക്കും. ജനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ല. ഇടതുപക്ഷം എന്തായാലും ജയിക്കും.
കൊല്ലത്തെ തിരഞ്ഞെടുപ്പ് ചൂട്…
ഞാന്‍ കൊല്ലത്തെ വോട്ടറാണ്. എന്‍ കെ പ്രേമചന്ദ്രന് ഏകപക്ഷീയമായി ജയിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ ശക്തമായമത്സരമെന്ന് കോണ്‍ഗ്രസ് ക്യാമ്പുകള്‍ പോലും പറയുന്നു, മത്സരം മുറുകിയെന്ന്. ഉത്തരേന്ത്യയില്‍ ആര്‍എസ്എസ് അനുകൂലവും, കേരളത്തില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലവുമായി നില്ക്കുന്ന പ്രേമചന്ദ്രന്റെ നിലപാടുകള്‍ ഇവിടെ വര്‍ക്കൗട്ടാകില്ല. സിഎഎ വിഷയത്തില്‍, കേരള മുഖ്യമന്ത്രിക്ക് എങ്ങനെ എതിര്ക്കാനാകുമെന്നാണ് അദ്ദേഹം ചോദിച്ചത്…
മമ്മൂട്ടിയുടെ പ്രസംഗവും പരിഭാഷപ്പെടുത്തി..
പത്തൊന്പതോ ഇരുപതോ വയസുള്ളപ്പോഴാണ് പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി തുടങ്ങുന്നത്. K N പണിക്കരുടെ പ്രസംഗമാണ് ആദ്യമായി പരിഭാഷപ്പെടുത്തിയത്. മമ്മൂട്ടിയുടെ ഇംഗ്ലീഷ് പ്രസംഗവും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ സമ്മേളനത്തില്‍…കമല്‍ ഹാസന്റെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വക്കീല്‍ ജോലി തന്നെയാണ് പ്രധാനം, പൊതു പ്രവര്‍ത്തനം ഒപ്പം തന്നെയുണ്ട്.
Comments are closed.