ഇവര്‍ കേരളത്തിന്റെ അഭിമാനം
കേരളം മറ്റൊരു ദുരന്തമുഖത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം തകര്‍ത്തതില്‍ നിന്നും അതിജീവിച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കനത്തമഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വീണ്ടും വില്ലന്മാരായത്. കേരളം വീണ്ടും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വിവിധയിടങ്ങളില്‍ നിന്നും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തുന്നു. പ്രായഭേദമന്യേ എല്ലാവരും ഒത്തൊരുമിക്കുന്ന കാഴ്ചയാണ് കാണുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മറ്റ് ജില്ലകളിലേക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണം ഊര്‍ജിതമായി നടക്കുകയാണ്. അതിന് കയ്യും മെയ്യും മറന്ന് പിന്തുണയ്ക്കുന്നത് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത്. അക്ഷരാര്‍ഥത്തില്‍ നഗരപിതാവായി തന്നെ നില്‍ക്കുകയാണ് അദ്ദേഹം. അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി അദ്ദേഹം സംസാരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്തെപ്പോലെ ഇപ്പോഴും തിരുവനന്തപുരം വീണ്ടും ഒന്നിച്ച് നില്‍ക്കുന്നു
അതേ. വീണ്ടും എല്ലാവരും ഒരുമിച്ചു. നിലവില്‍ തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റില്‍ നിന്ന് മാത്രം ഒമ്പത് ലോഡ് സാധനങ്ങള്‍ പോയിക്കഴിഞ്ഞു. അഞ്ച് ആറ് ലോഡുകളോളം സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് എങ്ങനെയായിരുന്നോ അത് പോലെ തന്നെ ഇപ്പോഴും. ഇവിടെ നഗരസഭയുടെ കീഴില്‍ നിന്ന് മാത്രം പോയത് ഏതാണ്ട് എഴുപത്തിയഞ്ചോളം തരം സാധനങ്ങളാണ്. നഗരത്തില്‍ ഇതിന് പുറമെയും കളക്ഷന്‍ പോയിന്റുകളുണ്ട്. അവിടെ നിന്നും ഇതുപോലെ പോകുന്നുണ്ട്. നിലമ്പൂര്‍ അടക്കം ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്കാണ് അയക്കുന്നത്.
കുപ്രചരണങ്ങള്‍ തിരിച്ചടിയായോ?
ആദ്യം പല പ്രചാരണങ്ങളും തിരിച്ചടിയായിട്ടുണ്ട്. ഫേസ്ബുക്ക് വഴിയും വാട്‌സാപ്പ് വഴിയുമൊക്കെ ധാരാളം പേര്‍ ദുരിതാശ്വാസം നല്‍കരുത്, നല്‍കിയാലും കൃത്യ സ്ഥലങ്ങളില്‍ എത്തില്ലായെന്ന തരത്തിലൊക്കെ പ്രചരണങ്ങള്‍ നടത്തി. അത് ആദ്യം സാധനങ്ങള്‍ ശേഖരിക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് കഥ മാറി. എല്ലാവരും ഒരുമിച്ച് വീണ്ടുമിറങ്ങി. തരാന്‍ മടി കാണിച്ചവര്‍ സ്വയം സാധനങ്ങള്‍ കളക്ഷന്‍ പോയിന്റുകളിലേക്ക് എത്തിക്കുന്ന രീതിയിലായി. കഴിഞ്ഞ വര്‍ഷം പലരും സഹായമൊക്കെ കേണപക്ഷിച്ച് ഫേസ്ബുക്കിലൊക്കെ ലൈവും പോസ്റ്റുകളും ഇട്ടിരുന്നല്ലോ. അതൊക്കെ അതിന്റെ വ്യാപ്തി ആളുകളെ മനസിലാക്കാന്‍ സഹായിച്ചു. ഇത്തവണ അത്തരമൊന്നുമില്ലായിരുന്നല്ലോ. പിന്നീടാണ്, വാര്‍ത്തകള്‍ വന്നാണ് എല്ലാവരും സത്യാവസ്ഥ അറിഞ്ഞത്.
കളക്ഷന്‍ പോയിന്റിലെ പ്രവര്‍ത്തനം?
നഗരസഭ കാര്യാലയത്തില്‍ തന്നെയാണ് കളക്ഷന്‍ പോയിന്റ്. തിരുവനന്തപുരത്ത് ആദ്യം ശേഖരണം തുടങ്ങിയത് ഇവിടെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവിടെ സംഭാവന സ്വീകരിക്കുമോയെന്നൊക്കെ പലരും ചോദിച്ച് വന്നു. അതൊക്കെ ചെക്ക് ആയിത്തരാനാണ് പറഞ്ഞത്. അതും സ്വീകരിക്കുന്നുണ്ട്. മറ്റ് വസ്തുക്കളും ഇവിടെ സ്വീകരിക്കുന്നു. അത് തരംതിരിച്ച്, പാക്ക് ചെയ്താണ് വിവിധയിടങ്ങളിലേക്ക് അയയ്ക്കുന്നത്. അതിനായി നിരവധി വോളന്റിയേഴ്‌സ് രംഗത്തുണ്ട്. അവര്‍ സജീവമാണ്. അതാണ് കരുത്ത്.
തിരുവനന്തപുരത്തെ യുവാക്കള്‍
വളരെ ആവേശം നല്‍കുന്ന യുവാക്കളാണ്. അഭിമാനമാണ് അവര്‍. നേരത്തെ പറഞ്ഞതുപോലെ തിരുവനന്തപുരം നഗരസഭയാണ് ഇവിടെ ആദ്യമായി കളക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. ആ സമയത്ത് നമ്മള്‍ വോളന്റിയര്‍ റെജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഏതാണ്ട് 1500 ഓളം വരുന്ന ചെറുപ്പക്കാരാണ് പലയിടങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുപോലെ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷനും ഞങ്ങള്‍ നടത്തിയിരുന്നു. 65 ഓളം ഡോക്ടര്‍മാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്കായി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. വളരെ സന്തോഷമുള്ള കാര്യമാണിതൊക്കെ. യുവാക്കള്‍ ഇതിനെ ഏറ്റെടുത്തെന്ന് വേണം പറയാന്‍. രാപകലില്ലാതെ അവര്‍ ഒപ്പമുണ്ട്. ഏത് തരത്തിലുള്ള നെഗറ്റീവ് പ്രചാരണം വന്നാലും അതിനെയൊക്കെ മറികടന്ന് ഇത്രയുമെത്തി. ഇത്രയും സാധനങ്ങള്‍ പലയിടങ്ങളിലേക്കും അയച്ചു.
തിരുവനന്തപുരത്ത് നിന്ന് ഏതൊക്കെ ക്യാമ്പുകളിലേക്കാണ് ഇപ്പോള്‍ സാധനങ്ങള്‍ അയയ്ക്കുന്നത്?
ഓരോ ക്യാമ്പുകളുടെ ആവശ്യങ്ങളനുസരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം. വയനാട് നിന്ന് ആവശ്യപ്പെട്ടത് കുടിവെള്ളമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം ഒരു ലോഡ് വെള്ളം നമ്മള്‍ അങ്ങോട്ടേക്ക് അയച്ചു. ഇനി ഇപ്പോ പലയിടങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത് ശുചീകരണത്തിനുള്ള വസ്തുക്കളാണ്. ഗ്ലൗസുകള്‍, ചൂല്‍, ലോഷന്‍, ഡെറ്റോള്‍, ബൂട്ടുകള്‍, മോപ്പ് ഇങ്ങനെയുള്ളത്. കാരണം ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് ധാരാളം പേര്‍ മടങ്ങിപ്പോകുന്നുണ്ട്. അവര്‍ക്ക് ഇതൊക്കെ നല്‍കി തിരിച്ചയക്കാന്‍. ഇപ്പോ കൂടുതലായി ആവശ്യമുള്ളത് ഇതും മരുന്നുകളുമാണ്. ലുങ്കി,നൈറ്റി, പുതപ്പ് ഇതൊക്കെയും ആവശ്യമുണ്ട്. പല സൈസുകളിലേതാണ് ആവശ്യം. എല്ലാ തരത്തിലുള്ളവരും ക്യാമ്പുകളിലുണ്ടല്ലോ..എല്ലാവര്‍ക്കും ഇതൊക്കെ വേണമല്ലോ. അതൊക്കെയും ആളുകള്‍ ശേഖരിക്കണം.
തിരുവനന്തപുരം കളക്ടര്‍ ഉള്‍പ്പെട്ട വിവാദത്തെക്കുറിച്ച്?
എന്തായാലും വിവാദത്തിന്റെ സമയമൊക്കെ കഴിഞ്ഞല്ലോ. അദ്ദേഹം തെറ്റ് തിരുത്തി രംഗത്ത് വന്നു. തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ കളക്ഷന്‍ പോയിന്റ് ആരംഭിച്ചിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുന്നുമുണ്ട് നന്നായി. പക്ഷേ എടുത്തുപറയേണ്ടത്, നമ്മള്‍ ആദ്യം ആരംഭിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇത്രയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്ര ഊര്‍ജ്ജസ്വലമായത്.
Comments are closed.