സിപിഐഎമ്മിന്റേത് രക്തദാഹികളുടെ രാഷ്ട്രീയം; തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും: യുഡിഎഫ് കണ്‍വീനര്‍
ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറയില്‍ നടത്തുന്നതിനിടയിലാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളെ കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സംസാരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ വരുന്നത്. സിപിഐഎം പ്രവര്‍ത്തകര്‍ ആണ് പിന്നിലെന്ന് വാദങ്ങള്‍ ഉയരുന്നു. എന്താണ് കൊലപാതകത്തെ കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും പറയാനുള്ളത്?
രക്തദാഹികളുടെ രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ കാട്ടുന്നത്. എത്രയോ ചെറുപ്പക്കാരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും കൊലപാതകം നടത്തിയിട്ടും രക്തം കുടിച്ചിട്ടും മതിവരാതെ വീണ്ടും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തുന്നത്. ഓരോ കൊലപാതകങ്ങള്‍ക്കും കൊലപാതകികള്‍ക്ക് മാത്രമല്ല ഉത്തരവാദിത്വമുള്ളത്.
കൊലപാതകത്തെ ന്യായീകരിക്കുകയും കൊലയാളികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ അനുവദിച്ച് ഇപ്പോള്‍ അവരെ മഹത്വവത്കരിക്കുന്നു. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കൊലപാതക കേസില്‍ പ്രതിയാക്കിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും എംഎല്‍എയേയും മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു.
കൊലപാതകത്തിനും കൊലക്കുറ്റത്തിനും മുന്നോട്ട് വരുന്ന വ്യക്തികളെ മഹത്വവത്കരിക്കുന്ന രാഷ്ട്രീയമാണ് അവര്‍ക്ക്. രാഷ്ട്രീയമായി എതിരെ നില്‍ക്കുന്നവരെ ഏത് വിധേനയും ഇല്ലാതാക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ഈ രാഷ്ട്രീയമാണ് കേരളത്തിന് അപകടം. മാതൃകാപരമായി കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും തയ്യാറാകണം. അങ്ങനെ വന്നാല്‍ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കാം. അത് ചെയ്യാന്‍ സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മുന്നോട്ട് വരണമെന്നാണ് എനിക്ക് പറയാനുള്ളത്.
സിപിഐഎം അക്രമ രാഷ്ട്രീയം വിട്ടാല്‍ കൈകോര്‍ക്കാമെന്ന് കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ആ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു?
മുല്ലപ്പള്ളി രാമചന്ദ്രന്‍ അത്തരത്തില്‍ അഭിപ്രായപ്പെട്ടത് ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാം എന്ന അര്‍ത്ഥത്തിലല്ല. കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലെ പൊതു പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാം എന്ന തരത്തിലാണ്. ഒരു സമവായമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതുമായി സഹകരിക്കാം എന്നുള്ളതല്ലാതെ അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയ ബന്ധമോ രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല അദ്ദേഹം ഉദ്ദേശിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപ്രസക്തമാണ്. കോണ്‍ഗ്രസിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സഹായം കൊണ്ടും ഒരു പ്രയോജനവുമില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. പ്രതീക്ഷകള്‍.
കോണ്‍ഗ്രസിനും ജനാധിപത്യ മുന്നണിയ്ക്കും അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. അങ്ങനെയാണ് ഞങ്ങളുടെ പ്രതീക്ഷ. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന് അനുകൂലമാണ് സാഹചര്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് ഇതുവരെ പാര്‍ട്ടി പ്രവേശിച്ചിട്ടില്ല. പക്ഷേ ഒരു മാനദണ്ഡം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുക എന്നതാണ് നയം.
ഇന്ന് നമ്മുടെ സംസ്ഥാനത്തും കേന്ദ്രത്തിലും ഫാസിസ്റ്റ് ഭരണമാണ്. ഏകാധിപത്യമാണ്. കേരളത്തെ സംബന്ധിച്ച് ഒരു ഭരണത്തകര്‍ച്ചയാണ്. ഭരണ സ്തംഭനമാണ്. ക്രമസമാധാനം തകര്‍ന്ന അവസ്ഥയിലാണ്. നവകേരള നിര്‍മ്മാണം എങ്ങുമെത്തുന്നില്ല. വികസനം സ്തംഭിച്ചിരിക്കുന്നു. ഇത്തരം ജനകീയ പ്രശ്നങ്ങളെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പൊയ് മുഖം തിരിച്ചറിയും. ധിക്കാരത്തിന്റേയും അഹങ്കാരത്തിന്റേയും ഭാഷയില്‍ മുന്നോട്ട് പോകുന്ന സര്‍ക്കാരിന് ജനങ്ങള്‍ തിരിച്ചടി നല്‍കും.
ഇപ്പോള്‍ പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
നമ്മുടെ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകളും പിന്നീട് തെരഞ്ഞെടുപ്പ് ഫലങ്ങളും തമ്മില്‍ സാമ്യതകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് പറഞ്ഞപ്പോഴും ഞങ്ങള്‍ അത് ഉള്‍ക്കൊണ്ടവരാണ്. ഇപ്പോള്‍ പുറത്തുവന്ന സര്‍വ്വേയില്‍ ഇടതിന് കേരളത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഫലങ്ങള്‍ വന്നപ്പോള്‍ അതിനെ തള്ളി കോടിയേരി രംഗത്ത് വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അതിനെ ഗൗരവത്തോടെ സമീപിക്കുന്നു. അത് സൂചനയാണ്. തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പ്രവര്‍ത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഒരു അവസരം. അത്ര തന്നെ.
ശബരിമല തെരഞ്ഞെടുപ്പിനേയും വോട്ടിനേയും എങ്ങനെ സ്വാധീനിക്കും. ആ വിഷയത്തിലെ നിലപാട് തുണയാകുമോ?
അന്നും ഇന്നും ഞാന്‍ പറയുന്നു ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസോ ജനാധിപത്യ മുന്നണിയോ ശ്രമിച്ചിട്ടില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസെടുത്ത നിലപാടാണ് ശരി എന്നതാണ് വസ്തുത. അത് ഇപ്പോള്‍ തെളിയുന്നു. ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സുപ്രീം കോടതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ ഞങ്ങള്‍ ഇന്നും ഉറച്ച് നില്‍ക്കുന്നു. വിശ്വാസികളുടെ അഭിപ്രായങ്ങള്‍ ശബരിമല വിഷയത്തില്‍ മാനിക്കണം. ഇവിടെ നടന്നത് വിശ്വാസികളുടെ വിശ്വാസത്തെ കണക്കിലെടുക്കാതെ നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടി.
ബിജെപി ശബരിമലയില്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചു. ഇത് രണ്ടും നമ്മുടെ മതേതരത്വ മൂല്യങ്ങള്‍ക്ക് യോജിച്ചതല്ല. അതുകൊണ്ട് കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയാണെന്ന് കേരളത്തിലെ പൊതുസമൂഹം ശരിവെക്കുന്നു. അതുകൊണ്ട് തന്നെ സ്വഭാവികമായിട്ടും ഇത് തെരഞ്ഞെടുപ്പില്‍ അനുകൂലമാകും. അതിനപ്പുറത്ത് ബിജെപിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ശ്രമിച്ചതുപോലെ ശബരിമലയില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പ് നടത്താനോ ശബരിമലയിലെ അന്തരീക്ഷം രാഷ്ട്രീയ പോര്‍ക്കളമാക്കി മാറ്റുന്നതിനോ ഞങ്ങള്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ല.
തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി ആരായിരിക്കും?
കോണ്‍ഗ്രസിനെയും ജനാധിപത്യ മുന്നണിയെയും സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല, ഞങ്ങളുടെ മുഖ്യ എതിരാളി ആര്‍എസ്എസ് ആണ്. സംഘപരിവാര്‍ ആണ്. ബിജെപി ആണ്. വര്‍ഗീയതയാണ് ഞങ്ങളുടെ മുഖ്യ എതിരാളി. അതിനെതിരെയുള്ള ശക്തമായ പോരാട്ടം ഞങ്ങള്‍ നടത്തും. അതില്‍ ഒരു സംശയവുമില്ല.
ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നാല്‍ ബിജെപിയെ എങ്ങനെ വിലയിരുത്തുന്നു?
ബിജെപിക്ക് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്ന് നമുക്കത് മനസിലാക്കാം. അഞ്ച് സംസ്ഥാനങ്ങളിലും താഴേക്ക് വന്നല്ലോ. ബിജെപി ഗവണ്‍മെന്റും മോദിയും തികച്ചും പരാജയമായിരുന്നു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ തത്വങ്ങള്‍ പരിപാലിക്കുന്നതില്‍ എല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ പുരോഗതി തകരാറിലായി.
ഇന്ത്യ അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് വീണിരിക്കുന്നു. റാഫേല്‍ ഉള്‍പ്പടെ കണക്കിലെടുക്കണം. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയാല്‍ ബിജെപിക്ക് ഇനി അധികാരത്തില്‍ വരാന്‍ കഴിയില്ല. ദയനീയമായ പരാജയമായിരിക്കും ബിജെപിക്ക് ഉണ്ടാകാന്‍ പോകുന്നത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം എന്തായിരിക്കും?
കോണ്‍ഗ്രസിന്റെ മുദ്രാവാക്യം ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കണം. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കണം. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കണം. രാജ്യത്തിന്റെ പുരോഗതി ഉറപ്പു വരുത്തണം. ഇതൊക്കെയായിരിക്കും ഞങ്ങളുടെ മുദ്രാവാക്യം. ഇതൊക്കെയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നത്.
Comments are closed.