ലാലേട്ടനൊപ്പം അഭിനയിക്കണം, അപ്പുവേട്ടന്റെ നായികയാകണം: കൃറ്റിക പ്രദീപ്
മോഹന്‍ലാലില്‍ മഞ്ജു വാര്യരുടെ ചെറുപ്പ കാലം അവതരിപ്പിച്ച കൃറ്റിക പ്രദീപ് ആദ്യമായി നായികയാവുന്ന സന്തോഷത്തിലാണ്. നായികയാവുന്നതിനൊപ്പം
സിനിമയില്‍ പാടുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും കൃറ്റിക, രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു.
മോഹന്‍ലാലിനൊപ്പം ഞാനും ഹിറ്റായി
മഞ്ജു ചേച്ചിയുടെ ചെറുപ്പ കാലം അവതരിപ്പിച്ച മോഹന്‍ലാല്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ഹിറ്റായി ഓടുന്നുണ്ട്. ഒരുപാട് അഭിനന്ദനമാണ് ഈ സിനിമയിലെ അഭിനയത്തിന് കിട്ടിയത്. സിനിമയില്‍ ഞാന്‍ നന്നായിട്ടുണ്ടെന്ന് കമല്‍ സാര്‍ പറഞ്ഞു. മഞ്ജു ചേച്ചിയും സംവിധായകന് സാജിദിക്കയും അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. വീട്ടില്‍ എല്ലാവരുടേയും കൂടെ തൃശൂരിലെ ശോഭ തിയറ്ററില്‍ നിന്നാണ് സിനിമ കണ്ടത്. ഭയങ്കര ടെന്‍ഷനായിരുന്നു. സിനിമ കണ്ടപ്പോള്‍ എല്ലാവരും ഹാപ്പി. ഞാന്‍ ഡബിള്‍ ഹാപ്പി. ഗുരുവായൂരാണ് നാട്. നാട്ടിലും ഗംഭീര
ആഘോഷമായിരുന്നു.
എന്നെ പോലെ തന്നെയുണ്ടല്ലോ കാണാനെന്ന് മഞ്ജു ചേച്ചി
ആമിയുടെ സെറ്റില്‍ വെച്ചാണ് മഞ്ജു ചേച്ചിയെ ആദ്യം കാണുന്നത്. ആമിയുടെ കളിത്തോഴിയുടെ റോളായിരുന്നു എനിക്ക്. മഞ്ജു ചേച്ചി എങ്ങനെയായിരിക്കും എന്നൊക്കെ ഓര്‍ത്താണ് സെറ്റില്‍ ചെന്നത്. പക്ഷെ ചേച്ചി ഭയങ്കര പാവമാണ്. എല്ലാവരോടും നല്ല സ്നേഹത്തോടെ സംസാരിക്കും. ആമിയുടെ സെറ്റില്‍ വെച്ച്
സംസാരിച്ചിട്ടുണ്ടെങ്കിലും നല്ല കമ്പനിയാവുന്നത് മോഹന്‍ലാലിന്റെ
സെറ്റില്‍ വെച്ചിട്ടാണ്. എന്റെ ചെറുപ്പം അഭിനയിക്കണ ആള് എന്നെ പോലെ തന്നെയുണ്ടല്ലോ കാണാന്‍ എന്ന് ചേച്ചി പറഞ്ഞു. പാട്ടിന്റെ സീനൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഭംഗിയായി ചെയ്തല്ലോ,നല്ല സീനുകളാണാല്ലോ കിട്ടിയിട്ടുള്ളതെന്ന് പറഞ്ഞു മഞ്ജു ചേച്ചി. അത് കേട്ടപ്പോള്‍ തന്നെ ഭയങ്കര സന്തോഷമായി.
മഴ ചതിക്കൂല്ല ആശാനേ
സിനിമയില്‍ സ്ഫടികത്തിലെ പോസ്റ്ററില്‍ ഉമ്മ വെച്ച് തിരിയുന്ന സീനാണ് നന്നായി ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് കമന്റ്സൊക്കെ കിട്ടി. മഞ്ജു ചേച്ചിയെ പോലെ തന്നെയുണ്ട് കാണാന്‍ എന്നൊക്കെ എല്ലാവരും പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ കുറച്ച് കഷ്ടപ്പെട്ട് എടുത്ത സീന്‍ അതാണ്. ഉച്ച വരെ വേറെ സീനൊക്കെ ഷൂട്ട് ചെയ്ത് വൈകുന്നേരമാണ് ഈ സീന്‍ എടുക്കുന്നത്. ആ പോസ്റ്ററില്‍ ഉമ്മവെച്ച് തിരിഞ്ഞതും മഴ പെയ്തു.
കട്ടപ്പല്ലും ഹിറ്റാണേ
സിനിമ കണ്ട എല്ലാവരും പല്ലിനെ കുറിച്ച് പറഞ്ഞു. ആമിയുടെ ഷൂട്ടിങ്ങിനിടയില്‍ കമല്‍ സാറും പറഞ്ഞു ഈ പല്ലാണ് ചിരിയുടെ ഭംഗിയെന്ന്. പല്ല് ഒരിക്കലും എടുക്കരുതെന്നും സാര്‍ പറഞ്ഞു.
നെഞ്ചിടിപ്പ് കൂട്ടി ലാലേട്ടന്
ലാലേട്ടന്റെ വലിയൊരു ഫാനാണ് ഞാന്‍. ഒന്നു കാണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ആദ്യമായി നേരിട്ട് കാണുന്നത് ആദിയുടെ നൂറാം ദിവസത്തിന്റെ ആഘോഷത്തിനാണ്. ലാലേട്ടനെ കണ്ട സമയത്ത് എന്റെ ഹാര്‍ട്ട് ബീറ്റ്സ് അടുത്ത നില്‍ക്കുന്നവര്‍ക്ക് പോലും കേള്‍ക്കാമായിരുന്നു. അത്രയും എക്സൈറ്റഡായിരുന്നു. പിന്നെ ലാലേട്ടന്റെ മുന്നില്‍ എന്റെ
പ്രിയപ്പെട്ട പാട്ട് കഭീ കഭീ മേരെ ദില്‍ മേം പാടാനുള്ള അവസരവും അന്ന് കിട്ടി. അപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റിയ വാക്കുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത്രയും ഹാപ്പിയായിരുന്നു.
അപ്പു ചേട്ടന് സൂപ്പറാ
ആദിയില്‍ പ്രണവ് ചേട്ടനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ റോളായിരുന്നു എനിക്ക്. ഞാന്‍ അപ്പു ചേട്ടന് എന്നാണ് വിളിക്കുന്നത്. അപ്പു ചേട്ടന് നല്ല കമ്പനിയാണ്. ഷൂട്ട് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കൂടെ ഇരുന്നു കളിക്കും. അപ്പു ചേട്ടനും കൂടും. കുറേ നേരം ഇരുന്ന് കളിക്കുകയും സംസാരിക്കും ഒക്കെ ചെയ്തു കഴിയുമ്പോഴാണ് ഓര്‍ക്കുക ലാലേട്ടന്റെ മോനല്ലെ എന്ന്. പക്ഷെ അപ്പു ചേട്ടനോട് സംസാരിക്കുന്ന സമയത്ത് അങ്ങനെയൊന്നും ഫീല്‍ ചെയ്യുകയേ ഇല്ല.
ഗായികയും നായികയുമാവുന്ന മന്ദാരം
ആദ്യമായി നായികയായി അഭിനയിക്കുന്ന സിനിമ ജൂണില്‍ റിലീസ് ചെയ്യും. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം. മന്ദാരം എന്നാണ് സിനിമയുടെ പേര്. വിജീഷ് വിജയാണ് സംവിധാനം. ആസിഫിക്കയാണ് ഹീറോ. ആസിഫിക്കയുടെ ചെറുപ്പ കാലം
ചെയ്യുന്നത് എസ്തറിന്റെ ബ്രദര്‍ ഇവാനാണ്. ഇവാന്റെ ജോഡിയായാണ് ഞാന്‍ അഭിനയിക്കുന്നത്. മന്ദാരത്തിലൂടെ തന്നെയാണ് ഗായികയായുള്ള അരങ്ങേറ്റവും. ഏഴ് വര്‍ഷമായി പാട്ട് പഠിക്കുന്നുണ്ട്. വാമനന് നമ്പൂതിരി സാറാണ് ഗുരു. സിനിമയില്‍ പാടുന്നു എന്ന് അറിഞ്ഞപ്പോള്‍ സാറിന് നല്ല സന്തോഷമായി. ഇതാണ് ഏറ്റവും വലിയ ഗുരുദക്ഷിണയെന്നാണ് അദ്ദേഹം പറഞ്ഞത്. സംഗീത പഠനത്തില്‍ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം ഒരു വര്‍ഷത്തോളം ദക്ഷിണാ മൂര്‍ത്തി സ്വാമിയുടെ അടുത്ത് പാട്ട് പഠിക്കാന്‍ സാധിച്ചതാണ്.
അപ്പു ചേട്ടന്റെ നായികയാവണം
അപ്പു ചേട്ടന്റെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ട്. പിന്നെ ലാലേട്ടന്റെ കൂടെയും അഭിനയിക്കണം. അരികില്‍ കൂടെ പോകുന്ന ചെറിയ സീനായാലും ലാലേട്ടന്റെ കൂടെ അഭിനയിച്ചാല്‍ മതി. അത്രയ്ക്ക് ഇഷ്ടമാണ് ലാലേട്ടനെ.
ലക്ഷ്യം കാര്‍ഡിയാക് സര്ജന്
പത്താം ക്ലാസ് കഴിഞ്ഞു. ഇനി പ്ലസ് വണ്ണിലേക്കാണ്. കാര്‍ഡിയാക് സര്ജന് ആവണമെന്നാണ് ആഗ്രഹം. പത്താം ക്ലാസില്‍ ബഥനി കോണ്‍വെന്റ് ഗേള്‍സ് സ്കൂളിലാണ് പഠിച്ചത്. അഭിനയിക്കുന്നതിന് നല്ല പിന്തുണയായിരുന്നു സ്കൂളില്‍ നിന്ന് അതുകൊണ്ട് തന്നെ പ്ലസ് ടു അവിടെ പഠിക്കാനാണ് ആഗ്രഹം.
കുടുംബം കട്ട സപ്പോര്‍ട്ട്
അമ്മ മിനി പ്രദീപ് വീട്ടമ്മയാണ്. അച്ഛന് പ്രദീപ് ദുബായില്‍ മീഡിയാ റിസേര്‍ച്ചറായി ജോലി ചെയ്യുന്നു. ചേച്ചി കീര്‍ത്തന ബാംഗ്ലൂരില്‍ എയര്‍ ഏഷ്യയില്‍ എയറനോട്ടിക്കല് എഞ്ചിനീയറാണ്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.