ലോക്‌സഭ തെരഞ്ഞെടുപ്പ്: സിപിഐഎമ്മുമായി സഖ്യം വേണ്ടെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു: ഡീന്‍ കുര്യാക്കോസ്‌

2016 മേയ് മാസത്തില്‍ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത് സിപിഐഎമ്മുകാരും. കൊല്ലപ്പെട്ടവരില്‍ സിപിഐഎമ്മുകാരുമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിട്ട് 2017 ആഗസ്റ്റ് വരെ കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്.

നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസുമായി അനു സംസാരിക്കുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ അരക്ഷിതാവസ്ഥ കൂടിയോ?

തീര്‍ച്ചയായും. സിപിഐഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ്. ആര്‍ക്കാണ് ഇവിടെ സുരക്ഷിതത്വമുള്ളത്. വീട്ടില്‍ കിടന്നുറങ്ങുന്നവരെ പോലും അതിക്രമിച്ചുകയറി അറസ്റ്റ് ചെയ്യുന്ന പൊലീസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തികളെ എതിര്‍ത്താല്‍ അപ്പോള്‍ അറസ്റ്റാണ്. ഇതാണോ, ഒരു ജനാധിപത്യ സര്‍ക്കാര്‍ പിന്തുടരേണ്ട നയം. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനല്ലെ സര്‍ക്കാര്‍. അല്ലാതെ ജീവന്‍ എടുക്കാനാണോ.

ടി പി വധത്തിനു ശേഷം കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലപാതകമായിരുന്നു കാസര്‍കോട് നടന്നത്?

തങ്ങളല്ലാതെ മറ്റുള്ളവര്‍ ഇവിടെ വാഴരുതെന്ന് കരുതുന്ന സിപിഐഎമ്മുകാരുടെ വാശിയാണ് കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. കൊലപ്പെടുത്തിയ രീതി ക്വട്ടേഷന്‍ സംഘത്തിന്റേതാണ്. എന്നാല്‍ കസ്റ്റഡിയിലുള്ള പ്രാദേശിക സിപിഐഎം പ്രവര്‍ത്തകരില്‍ കേസ് ഒതുക്കാനാണ് ശ്രമം. സത്യത്തില്‍ അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന്. എന്നിട്ട് കോടിയേരി എന്താ പറഞ്ഞത് പാര്‍ട്ടിയ്ക്ക് ഇതുമായി പങ്കില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളത് അവരുടെ പാര്‍ട്ടിക്കാരാണ്. എന്നിട്ടാണ് ഈ നുണ പ്രചരണം. ഞാന്‍ വെല്ലുവിളിക്കുകയാണ് സിപിഐഎമ്മിന് പങ്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കേസ് സിബിഐയ്ക്ക് കൈമാറട്ടെ.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തില്‍ നടന്നത് 20 രാഷ്ടീയ കൊലപാതകങ്ങളാണ്?

സത്യത്തില്‍ കേരളത്തില്‍ ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സിപിഐഎമ്മാണ്. ഈ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെ തലച്ചോര്‍ എന്നു പറയുന്നത് പി ജയരാജനാണ്. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടന്നത് കൊണ്ട് മാത്രമാണ് ജയരാജന്റെ പങ്ക് വെളിയില്‍ വന്നത്. അല്ലെങ്കില്‍ സാധാരണ പോലെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ അകത്ത് പോകും. അവനെ പാര്‍ട്ടി പുറത്താക്കും. പിന്നെ പരോളില്‍ വിടും. കല്യാണം നടത്തികൊടുക്കും.

ഷുക്കൂര്‍ വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി ഇടപ്പെട്ടതുകൊണ്ടാണ് അതിന്റെ അന്വേഷണം ശരിയായ ദിശയില്‍ പോയത്. ഒപ്പം സുധാകരന്‍ജിയും ഷുക്കൂര്‍ വധക്കേസില്‍ നീതി കിട്ടാനായി സമരം നടത്തിയിരുന്നു. ടി പി വധക്കേസില്‍ സിപിഐഎം കഷ്ടപ്പെടുകയാണ് കുഞ്ഞനന്തന് പരോള്‍ നല്‍കാനായി. ഞാന്‍ ചോദിക്കട്ടെ ഒരു കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്ന ജീവപര്യന്തം തടവുകാരനാണ് കുഞ്ഞനന്തന്‍ അയാള്‍ക്ക് നല്‍കിയ പരോള്‍ ദിവസങ്ങള്‍ മാത്രം 365 ലേറെ വരും.


കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിലെ അവസ്ഥ

അത് വളരെ പരിതാപകരമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള സിപിഐഎമ്മിന്റെ കടന്നുകയറ്റമാണ് ആ രണ്ടു കുടുംബങ്ങളുടെ സ്വപ്നം തകര്‍ത്തത്. കൃപേഷ് പാസ്‌പോര്‍ട്ടൊക്കെയെടുത്ത് നല്ലൊരു ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു. ആ ഓലകുടില്‍ മാറ്റി നല്ലൊരു വീട് വയ്ക്കണമെന്ന അവന്റെ ആഗ്രഹത്തിനു മീതെയാണ് അവര്‍ കത്തിവച്ചത്. ശരത് ലാല്‍ ബിടെക്ക് കഴിഞ്ഞതായിരുന്നു. സത്യത്തില്‍ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പീതാംബരന്റെയും കുറച്ച് ക്വട്ടേഷന്‍ സംഘത്തിലുള്ളവരുടെയും തലയില്‍ കെട്ടിവച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാസര്‍കോട്ട് എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധംകൊണ്ടാണ്.

പാര്‍ട്ടി പറഞ്ഞിട്ടാണ് പീതാംബരന്‍ ഈ കൊലപാതകം ചെയ്തതെന്ന് പീതാംബരന്റെ കുടുംബം തന്നെ പറഞ്ഞു. മുന്‍പ് അയാള്‍ ചെയ്ത കുറ്റങ്ങളെല്ലാം പാര്‍ട്ടി പറഞ്ഞിട്ടാണെന്നും. ഇനി ആരുടെ കണ്ണില്‍ പൊടിയിടാനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇപ്പോ യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം എന്നത് എന്തു കാര്യങ്ങള്‍ക്കും ശരതിന്റെയും കൃപേഷിന്റെയും കുടുംബത്തിനൊപ്പം നില്‍ക്കുക എന്നതാണ്. കൃപേഷിന്റെ വീട് ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ സന്ദേശം.

പിന്നെ കൃപേഷിന്റെ കുടുംബത്തിന് വീട്, സഹോദരിയുടെ പഠനം ഇതിനൊക്കെ ഞങ്ങള്‍ ഒപ്പമുണ്ടാകും.ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ആദ്യഗഡുവായി പത്തുലക്ഷം രൂപ നല്‍കും. കെ.പി.സി.സി. നടത്തുന്ന ജനമഹായാത്രയില്‍ പിരിഞ്ഞുകിട്ടുന്ന തുക ഇതിനായി വിനിയോഗിക്കും. ഇതിനുപുറമേ മാര്‍ച്ച് രണ്ടിന് രണ്ടിന് ജില്ലാ യു.ഡി.എഫ്. തുക പിരിച്ചുനല്‍കും.

കാസര്‍കോട് ഇരട്ടകൊലപാതക കേസില്‍ പ്രതിയായ പീതാംബരനെ മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അപ്പോള്‍ ഈ കൊലപാതകത്തിനു മുന്‍പുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത് കോണ്‍ഗ്രസുകാരാണെന്ന് ആരോപണമുണ്ടല്ലോ?

ഒരു തരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കാത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പിന്നെ ഇരട്ടകൊലപാതകം നടത്തിയത് പ്രാദേശിക തര്‍ക്കങ്ങളുടെ പേരില്‍ ആണെന്ന് കാണിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഇനി ഏതു രീതിയില്‍ പറഞ്ഞാലും ഒരു കൊലപാതകം ന്യായീകരിക്കാവുന്നതാണോ. അല്ലല്ലോ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്ന നയം അതാണ് സിപിഐഎമ്മിനുള്ളത്.


മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകന്‍ ഇപ്പൊ കോണ്‍ഗ്രസ് ഐ ടി സെല്ലിന്റെ തലപ്പത്തേയ്ക്ക് വന്നിരിക്കുന്നു. ഇത് രാഷ്ട്രീയത്തിലേക്കുള്ള ഒരു മാര്‍ഗമല്ലേ?

ഒരിക്കലുമല്ല. കാരണം അനില്‍ മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകള്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലാണ് അനില്‍ ആന്റണി ഐടി സെല്ലിലേക്ക് എത്തുന്നത്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായി വഹിക്കുന്നതും അനില്‍ ആന്റണിയാണ്. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. അല്ലാതെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പ്പല്ല.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോടതി കേസ് എടുത്തല്ലോ?

പക്ഷെ അത് ആ സാഹചര്യം അങ്ങനെയായിരുന്നു. വളരെ നിഷ്ഠൂരമായ കൊലപാതകം. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒന്ന്, ആ സാഹചര്യം ഞങ്ങള്‍ കോടതിയെ ബോദ്ധ്യപ്പെടുത്തും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് കാരണമായ സാഹചര്യം അവിടെ നിലനിന്നിരുന്നു. രണ്ട് പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊല്ലപ്പെട്ട പശ്ചാത്തലം അവിടെ നിലനില്‍ക്കുകയാണ്. അത് കോടതിയ്ക്ക് ബോദ്ധ്യപ്പെടുമെന്നാണ് വിശ്വാസം.

അത് കോടതിയില്‍ വ്യക്തമാക്കുന്നതിനായാണ് സമയം ചോദിച്ചിരിക്കുന്നത്. ആറാം തിയതി സത്യവാങ്മൂലം സമര്‍പ്പിക്കും. ഈ ഹര്‍ത്താല്‍ മൂലം 2.65 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് നുണ പ്രചരണമാണ്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു കാര്യം ചോദിക്കട്ടെ സത്യത്തില്‍ നിങ്ങളുടെ എതിരാളി ആരാണ്. ബിജെപിയോ, അതോ സിപിഐഎമ്മോ?

അഖിലേന്ത്യ തലത്തില്‍ ഇന്നും കോണ്‍ഗ്രസിന്റെ എതിരാളി ബിജെപി യാണ്. കര്‍ഷകരെ, പാവപ്പെട്ടവരെ തകര്‍ക്കുന്ന ഈ ഭരണം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനായാണ് മഹാ സഖ്യം രൂപീകരിച്ചത്. എന്നിരുന്നാല്‍ തന്നെയും സിപിഐഎമ്മുമായി അത്തരത്തിലൊരു സഖ്യം വേണ്ട എന്ന നിലപാടിലാണ് ഞങ്ങള്‍. അത് ദേശീയ നേതൃത്വത്തോട് പറയുകയും ചെയ്തു.

പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് പ്രത്യേകിച്ച് യൂത്ത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ടോ?

തീര്‍ച്ചയായും. മറ്റൊരു ഇന്ദിരയെയാണ് രാജ്യം പ്രിയങ്കാജിയില്‍ കാണുന്നത്. അത് വ്യക്തമാക്കും വിധത്തിലായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

കേരളത്തില്‍ ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല അത്രത്തോളം വിഷയമായി കഴിഞ്ഞു.

വിശ്വാസത്തിനെതിരെ, ഭക്തര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റം അതായിരുന്നു കോടതി വിധി എന്ന പേരില്‍ ജനങ്ങളുടെ മേല്‍ നടത്തിയത്. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം തന്നെയായിരുന്നു അതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോ സുപ്രീം കോടതിയില്‍ നല്‍കിയ വാദങ്ങള്‍.

ദേശീയ നേതൃത്വത്തിന് മറ്റൊരു അഭിപ്രായമുണ്ടായിരുന്നു ?

അത് അങ്ങനെയല്ല. കേരളത്തിലെ നേതാക്കളുമായി സംസാരിച്ചപ്പോഴാണ് രാഹുല്‍ജിയ്ക്ക് ശബരിമലയിലെ ആചാരങ്ങള്‍ വ്യക്തമായത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ മൊത്തതിലുള്ള അഭിപ്രായം.

വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?

പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത്. പാര്‍ട്ടിയില്‍ എല്ലാവരും തുല്യരാണ്. എല്ലാ പോഷക സംഘടനകള്‍ക്കും മതിയായ പ്രാധാന്യവും നല്‍കുന്നുണ്ട്. ഇനിയും പാര്‍ട്ടി തീരുമാനം അനുസരിച്ചാകും മുന്നോട്ട് പോകുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More