റോഷന്‍ എന്‍ ജി: മമ്മൂട്ടിയെ മാമാങ്കത്തിലെ പെണ്ണാക്കിയ മെയ്ക്കപ്പ് മാന്‍
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കിയ, മോഹന്‍ ലാലിനെ ഒടിയന്‍ മാണിക്യനാക്കിയ, നവല്‍ എന്ന ജുവല്‍ എന്ന സിനിമയില്‍ ശ്വേതാ മേനോനെ വൃദ്ധനാക്കിയ റോഷന്‍ എന്‍ ജി എന്ന മെയ്ക്കപ്പ് മാന്‍. സൗണ്ട് തോമ, ജോസഫ് എന്നീ ചിത്രങ്ങളും റോഷന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്.
സാധാരണ മെയ്ക്കപ്പ് അല്ലാതെ സ്‌പെഷ്യല്‍ ഇഫക്ട് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക് മെയ്ക്കപ്പ് എന്നിവ മലയാളികള്‍ക്ക് കൂടുതലായി പരിചയപ്പെടുത്തുന്നത് റോഷനാണ്. നാഷണല്‍ ഡ്രാമ സ്‌കൂളില്‍ പോയി അഭിനയം പഠിച്ച് ലണ്ടനില്‍ മെയ്ക്കപ്പില്‍ ഉപരിപഠനം നടത്തിയ റോഷന് ഈലം എന്ന ചിത്രത്തിലൂടെ വെനിസുലയിലെ ഫൈവ് കോണ്ടിനെന്റല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മെയ്ക്കപ്പിനെ കുറിച്ചും രണ്ട് തവണ മെയ്ക്കപ്പിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ റോഷന്‍ ഹരിപ്രസാദ് കാക്കൂരുമായി സംസാരിക്കുന്നു
കലാപാരമ്പര്യം
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഭരതനാട്യം പഠിക്കുവാന്‍ പോയിരുന്നു. നാലാം ക്ലാസ്സിലൊക്കെ എത്തുമ്പോഴേക്കും നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങി. അച്ഛന്‍ നാടകത്തില്‍ അഭിനയിക്കുന്ന ആളായിരുന്നു. അച്ഛന്റെ കൂടെ റിഹേഴ്‌സലിനൊക്കെ ഞാനും പോകുമായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് വന്നത്.
ഡ്രാമാ സ്‌കൂളിലേക്ക്
കോഴിക്കോട് മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി തിക്കോടിയന്റെ സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു. അതില്‍ പങ്കെടുത്ത പലരും ഡ്രാമാ സ്‌കൂളില്‍ നിന്നുള്ളവരായിരുന്നു. അവരിലൂടെ അഭിനയത്തിന്റേയും സാധ്യതകള്‍ മനസ്സിലാക്കി. പിന്നീട് ഡ്രാമ സ്‌കൂളില്‍ ചേര്‍ന്നു
സിനിമയിലേക്ക് എത്തുന്നതും അഭിനയവും
സിനിമയില്‍ വരാന്‍ വളരെയധികം ആഗ്രഹിച്ച ഒരാളല്ല ഞാന്‍. ഡ്രാമാ സ്‌കൂളിലെ പഠനം കഴിഞ്ഞ് അവിടെത്തന്നെ ജോലി ചെയ്തു. ഇന്ത്യയിലെ പ്രഗല്‍ഭരായ പല നാടക പ്രവര്‍ത്തകരുടെ കൂടെ ജോലി ചെയ്തു. കാവാലം നാരായണപ്പണിക്കര്‍, എന്‍ കെ ശര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പം കുറെക്കാലം ജോലി ചെയ്തു. ആ സമയത്ത് സുഹൃത്തുക്കള്‍ ചെയ്യുന്ന ചെറിയ ഫെസ്റ്റിവല്‍ സിനിമകളിലൊക്കെ ജോലി ചെയ്തു. ഒരു ജര്‍മ്മന്‍ കമ്പനി നിര്‍മ്മിച്ച സംസാര എന്ന സിനിമയിലാണ് തുടക്കം. ലണ്ടനില്‍ പഠിക്കാന്‍ പോയ സമയത്ത് രാജേഷ് ടച്ച്‌റിവര്‍ ചെയ്ത ഇന്‍ ദ നെയിം ഓഫ് ബുദ്ധ ആയിരുന്നു ആദ്യ സിനിമ. പിന്നീട് പല യൂണിവേഴ്‌സിറ്റികളിലും വിസിറ്റംഗ് ഫാക്കല്‍റ്റിയായിരുന്നു. ഹൈദരാബാദ്, പോണ്ടിച്ചേരി, അമൃത്സര്‍ യൂണിവേഴ്‌സിറ്റികളില്‍ ക്ലാസെടുത്തിരുന്നു.
പഠിച്ചത് അഭിനയം. എങ്ങനെയാണ് പിന്നീട് മെയ്ക്കപ്പില്‍ സജീവമാകുന്നത്?
ഡ്രാമാ സ്‌കൂളിലെ പഠനകാലം വളരെ ചെലവേറിയതായിരുന്നു. അതുകൊണ്ട് തന്നെ അഭിനയത്തോടൊപ്പം ലൈറ്റിംഗ്, സെറ്റ്, മെയ്ക്കപ്പ് ഇതൊക്കെ ചെയ്യുമായിരുന്നു. എന്റെ മെയ്ക്കപ്പ് ശ്രദ്ധിച്ച ഒരു സുഹൃത്താണ് മെയ്ക്കപ്പ് നന്നായി പ്രാക്ടീട്‌സ ചെയ്യാന്‍ പറഞ്ഞത്. ചെറുപ്പത്തിലെ എന്റെ പാഷനായിരുന്നു ക്ലേ മോഡലിംഗും സ്‌കള്‍ട്ടിംഗും. അങ്ങനെയാണ് മെയ്ക്കപ്പില്‍ സജീവമാകുന്നത്.
സിനിമയില്‍ ചാന്‍സ് ചോദിച്ച് അലയുന്നവര്‍ നിരവധിയാണ്. എന്നാല്‍ റോഷനെ തേടി ചാന്‍സുകള്‍ വരികയായിരുന്നു
സോഷ്യല്‍ മീഡിയയൊക്കെ സജീവമായ ഇക്കാലത്ത് നമ്മുടെ കഴിവുകള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ എളുപ്പമാണ്. പണ്ടൊക്കെ ഒരാളെ കാണാന്‍ പറ്റുന്നത് തന്നെ ദിവസങ്ങളെടുത്താണ്. ഞാനങ്ങനെ ചാന്‍സ് ചോദിച്ച് നടന്നിട്ടില്ല. നമ്മള്‍ നമ്മളെ തന്നെ പരസ്യപ്പെടുത്തേണ്ട കാര്യമില്ല. നമ്മള്‍ ഒരു ആര്‍ട്ടാണ് ചെയ്യുന്നത്. ഒരു കച്ചവടമല്ല. കാവാലം സര്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യുകയാണെങ്കില്‍ അത് ആത്മാര്‍ത്ഥമായി ചെയ്തു കൊണ്ടിരിക്കുകക. അതിന് റിസള്‍ട്ട് ഉണ്ടാകും. നിങ്ങളെത്തേടി അവസരങ്ങള്‍ വരും.
പലതിന്റേയും പിന്നാലെ നമ്മള്‍ പോയാല്‍ നമ്മളിങ്ങനെ പോയ്‌ക്കൊണ്ടേയിരിക്കും. അതിനൊരു റിസല്‍ട്ടുമുണ്ടാകില്ല. മലയാള സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് ഹരിഹരന്‍ സാറാണ്. പഴശിരാജ എന്ന സിനിമയിലേക്ക്.
പഴശി രാജയില്‍ തുടങ്ങിയ താങ്കളുടെ ചിത്രങ്ങളെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ രൂപമാറ്റമാണ്. വലിയ റിസ്‌കല്ലേ താങ്കെടുക്കുന്നത്.
ഒരു ജോലിക്കും റിസ്‌ക്കില്ല. എന്നാല്‍ എല്ലാ ജോലിക്കും റിസ്‌കുണ്ട്. നമ്മള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യുമ്പോള്‍ നമ്മള്‍ അത് സന്തോഷമാണ് നല്‍കുന്നത്.
മായാമോഹിനിയില്‍ ദിലീപിനെ മെയ്ക്കപ്പ് ചെയ്ത് പെണ്ണാക്കുക എന്നത് വളരെ സങ്കീര്‍ണമായ ഒരു ജോലിയാണ്. ജോസഫ് സിനിമയിലെ ജോജു ജോര്‍ജ് വളരെ ചെറുപ്പക്കാരനാണ്. അദ്ദേഹത്തെ പ്രായമുള്ള ഒരാളാക്കി കൊണ്ടുവരണം.
ഒരു നടന്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ പ്രധാന്യം മെയ്്ക്കപ്പിനുണ്ട്. ആ നടന്റെ രൂപമാറ്റം ആദ്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്. എനിക്കേറേ സന്തോഷമാണ് ഇത്തരം വര്‍ക്കുകള്‍ ചെയ്യാന്‍.
മെയ്ക്കപ്പ് ചെയ്തതായി തോന്നില്ല എന്നിടത്തല്ലേ ഒരു മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വിജയം?
അതേ. ഒരു സിനിമയ്ക്ക് സെറ്റിട്ടതാണെന്ന് ഫീല്‍ ചെയ്താല്‍ അത് ആര്‍ട്ട് ഡയറക്ടറുടെ കുഴപ്പമാണ്. ഒരു സിനിമയില്‍ അല്ലെങ്കില്‍ ഏതൊരു കലാരൂപത്തിലായാലും കഥാഗതിക്ക് ഒരു തടസ്സം മെയ്ക്കപ്പിലായാലും കോസ്റ്റ്യൂമിലായാലും മറ്റ് ടെക്‌നിക്കല്‍ സൈഡ് ആയാലും വരരുത്.
വളരൈ വൈകാരികമായ ഒരു കഥാ മുഹൂര്‍ത്തത്തില്‍ നായകന്റേത് ഒട്ടിച്ച താടിയാണെന്ന് പ്രഥമ ദൃഷ്ട്യാ പ്രേക്ഷകന് ബോധ്യമായാല്‍, ആ മെയ്ക്കപ്പ് ബോറായിട്ടുണ്ടെങ്കില്‍ ആ സീനിന്റെ രസം നഷ്ടപ്പെടും. അങ്ങനെ സംഭവിക്കാതെ ശ്രദ്ധിക്കണം.
മാമാങ്കം ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമയാണല്ലോ. എങ്ങനെയായിരുന്നു അത് മാനേജ് ചെയ്തത്?
മാമാങ്കം വളരെ വലിയ ക്യാന്‍വാസിലുള്ള സിനിമയാണ്. ഒരു കാലഘട്ടത്തെ പുനരാവിഷ്‌കരിക്കുകയാണ് ആ സിനിമ. ഹെയര്‍ സറ്റൈല്‍ ഒക്കെ വ്യത്യസ്തമാണ്. മെയ്ക്കപ്പിന്റെ മൊത്തം ഡിസൈന്‍ ഞാനാണ് ചെയ്തത്. ഒരു പാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ളതിനാല്‍ ഒരാള്‍ക്ക് മാത്രം മാനേജ് ചെയ്യാന്‍ പറ്റില്ല. അത് കൊണ്ട് തന്നെ വര്‍ക്ക് പലര്‍ക്കായി വിഭജിച്ചു നല്‍കി.
മമ്മൂട്ടിയുടെ പെണ്‍വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെല്ലുവിളിയായിരുന്നോ?
വനിതയുടെ കവര്‍ പേജിലൊക്കെ ആ ചിത്രം വന്നിരുന്നു. അത് ഒരു ചലഞ്ചാണ്. മെയ്ക്കപ്പ് ചെയ്യുന്നത് ഒരു ചിത്രം വരയ്ക്കുംപോലെയല്ല. ആ നടന്‍ അതിനെ ഉള്‍ക്കൊണ്ട് കൊണ്ട് ആ കഥാപാത്രമാകുമ്പോള്‍ ആണ് കംപ്ലീറ്റ് ആകുന്നത്. അതില്‍ മമ്മൂട്ടി സാര്‍ വിജയിച്ചിട്ടുണ്ട്. മെയ്ക്കപ്പ് ചെയ്തശേഷം നടത്തത്തിലും നോട്ടത്തിലും അദ്ദേഹം കൊണ്ട് വന്ന ഫീച്ചേഴ്‌സ് ഭയങ്കര രസമായിരുന്നു.
കമല്‍ഹാസനെ പോലെയുള്ള ഒരു ബഹുമുഖ പ്രതിഭയോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍.
പഴശിരാജയുടെ തമിഴ് ഭാഗത്തില്‍ കമല്‍ സാര്‍ നരേഷന്‍ ചെയ്തിരുന്നു. അത് കണ്ടിട്ടാവണം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് എനിക്കൊരു കോള്‍ വന്നു. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. വിശ്വരൂപം ഒന്നാം ഭാഗത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. നമ്മള്‍ ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലിനെ കുറിച്ചും അദ്ദേഹത്തിന് നല്ല ബോധമുണ്ട്. അങ്ങനെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഭയങ്കര ഇഷ്ടം തോന്നും.
നാടകത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിച്ച താങ്കള്‍ സിനിമയില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായും ഒപ്പം അഭിനേതാവായും തുടരുന്നു. സിനിമയുടെ പ്രധാന റോളിലേക്ക്. സംവിധാന രംഗത്തേക്ക്..
സിനിമയുടെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. മനസ്സില്‍ എന്നും സിനിമ കണ്ടുകൊണ്ടേയിരിക്കുന്ന ആളാണ് ഞാന്‍. നമുക്കൊരു കാര്യം പറയാനുള്ളപ്പോഴാണ് നമ്മള്‍ ഒരു സിനിമ ചെയ്യുന്നത്. അങ്ങനെയൊരു അവസരം വരുമ്പോള്‍ ഞാനത് ചെയ്തിരിക്കും. എനിക്കത് ഇഷ്ടമാണ്.
പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?
കന്നട സിനിമയായ മാല്‍ഗുഡി ഡേയ്‌സ് പൂര്‍ത്തിയായി. വിജയ് രാഘവേന്ദ്രയാണ് നായകന്‍. അദ്ദേഹം 85 വയസ്സുള്ള ഒരു കവിയായിട്ടാണ് അഭിനയിക്കുന്നത്. 25 വയസ്സായ ഒരു ഗെറ്റ്അപ്പും ഉണ്ടും. യഥാര്‍ത്ഥ പ്രായം സിനിമയിലില്ല.
ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് ഒരു തെലുങ്ക് സിനിമയിലാണ്. വീ എന്നാണ് പേര്. നാനിയും സുധീര്‍ ബാബുവും അഭിനയിക്കുന്നു. ഒരുപാട് സ്‌പെഷ്യല്‍ ഇഫക്ട്‌സ് വരുന്ന സിനിമയാണ്.
മാമാങ്കത്തിന് ശേഷം പുതിയ മലയാള സിനിമ
ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥന്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്നു.
Comments are closed.