അമ്പിളിയിലെ ജാക്സണും ന്യൂട്ടണും നൃത്ത ചുവടൊരുക്കിയ ഫഫാസ്
ഞാന്‍ ജാക്സണല്ലെടാ…ന്യൂട്ടണല്ലെടാ…മലയാളികള്‍ ഏറ്റുപിടിച്ച വരികളാണിത്. വരികള്‍ മാത്രമല്ല ചുവടുകളും എല്ലാവരും കൊണ്ടാടുകയാണ്. സൗബിന് ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന അമ്പിളി എന്ന സിനിമയുടെ ടീസര്‍ ആണ് കാരണം. അതിലെ സൗബിന്റെ ഡാന്‍സിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികള്‍. ഈ നൃത്തച്ചുവടുകള്‍ക്ക് പിന്നിലെ കലാകാരന് ഫവാസ് അമീര്‍ ഹംസ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.
എങ്ങും അമ്പിളിയാണ് താരം. നൃത്തച്ചുവടുകള്‍ക്ക് ഇത്ര സ്വീകാര്യത ലഭിക്കുമ്പോള്‍ എന്ത് തോന്നുന്നു?
സന്തോഷം… വളരെ സന്തോഷം… അതാണ് തോന്നുന്നത്. 2003 മുതല്‍ ഞാന്‍ സിനിമാരംഗത്തുണ്ട്. ഇതിനിടയ്ക്ക് എനിക്കിഷ്ടപ്പെട്ട കുറച്ച് വര്‍ക്കുകള്‍ ചെയ്തു. ഒരു കലാകാരന് എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു ഡാന്‍സര്‍ എന്ന നിലയിലൊക്കെ, എന്റെ കഴിവുകളെ പരിപോഷിപ്പിക്കുന്ന തരത്തിലൊക്കെ വര്‍ക്ക് ചെയ്തു. കുറച്ച് വ്യത്യസ്തമായ വര്‍ക്കുകളും. പക്ഷേ അതൊന്നും ഇത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇത്രത്തോളം സ്വീകരിക്കപ്പെട്ടുമില്ല. പക്ഷേ ഇപ്പോ അമ്പിളി കാരണം അതും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്. അതിലും വളരെ സന്തോഷമുണ്ട്.
ജാക്സണല്ലെടാ… കോറിയോഗ്രഫി ചെയ്ത അനുഭവം?
ഈ പാട്ട് ആദ്യം കേട്ടപ്പോള്‍ തന്നെ എനിക്കിഷ്ടമായി. ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്നും ശ്രദ്ധിക്കപ്പെടുമെന്നും തോന്നിയിരുന്നു. കോറിയോഗ്രഫിയിലേക്ക് വരികയാണെങ്കില്‍, ഇത് എല്ലാവര്ക്കും ചെയ്യാന്‍ പറ്റണം. ആ തോന്നല്‍ വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. പ്രേക്ഷകര്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാന്‍ പറ്റണം. തോന്നണം. സംവിധായകനുമൊക്കെ പറഞ്ഞത് അതാണ്. സിപിംള്‍ ആയിരിക്കണമെന്ന്. കുറേ ചര്‍ച്ച ചെയ്തിരുന്നു ഇതിനെപ്പറ്റി. സൗബിന് ചേട്ടനുമൊക്കെ ഒരുപാട് സംസാരിച്ചു. എല്ലാവരുമായും സംസാരിച്ചാണ് ഇങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചത്. ഒരിക്കലും ആരും മോശമെന്ന് പറയരുത് എന്ന് മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ. എന്റെ മാക്സിമം നന്നായി ചെയ്യുക, നല്ലതെന്ന് പറഞ്ഞില്ലെങ്കിലും മോശം പറയരുതല്ലോ. അങ്ങനെയൊക്കെ മനസില്‍ വിചാരിച്ചാണ് ചെയ്തത്. എന്തായാലും നന്നായി വന്നു. എല്ലാവര്ക്കും ഇഷ്ടമായി.
സൗബിന് നല്ല ഒരു ഡാന്‍സര്‍ കൂടിയാണല്ലോ. അദ്ദേഹത്തെ തന്നെ കിട്ടിയത് പ്ലസ് പോയിന്റായിരുന്നോ?
ഉറപ്പായും. അക്കാര്യത്തില്‍ രണ്ടാമതൊന്ന് പറയാനില്ല. അത് സൗബിന് ചെയ്തതുകൊണ്ട് തന്നെയാണ് ഇത്ര എഫക്ടീവായതും. വേറെ ആരും ഇങ്ങനെ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്. ഇത് ചെയ്യുന്ന സമയത്ത് മാത്രമല്ല, അതിന് മുമ്പും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഡാന്‍സില്‍ അദ്ദേഹത്തിന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍, അല്ലെങ്കില്‍ ആശയങ്ങള്‍ ഒക്കെ പറയും. നല്ല ഒരു സുഹൃത്തിനെപ്പോലെയായിരുന്നു സൗബിന്. വളരെ എനര്‍ജറ്റിക്കും. അതെനിക്ക് നല്ല സഹായകമായിട്ടുണ്ട്. സൗബിന് അല്ലാതെ മറ്റൊരാള്‍ക്കും ഇങ്ങനെ അവതരിപ്പിക്കാന്‍ പറ്റില്ല.
എങ്ങനെയാണ് അമ്പിളിയിലേക്ക് എത്തിയത്?
എന്റെ സുഹൃത്താണ് റിമ കല്ലിങ്കല്‍. റിമ വഴിയാണ് അമ്പിളിയിലേക്ക് എത്തിയത്. റിമയുടെ ‘മാമാങ്ക‘ത്തില്‍ ഒരു വര്‍ഷത്തോളം ഞാന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. ആ സമയത്താണ് റിമ ഇങ്ങനെയൊരു കാര്യം പറഞ്ഞത്. അന്നേ റിമ പറഞ്ഞിരുന്നു, ഇത് നിനക്ക് നല്ല ഒരു ബ്രേക്ക് ആയിരിക്കുമെന്ന്. അങ്ങനെയൊണ് അമ്പിളി ചെയ്യാന്‍ തീരുമാനിക്കുന്നത്. റിമ പറഞ്ഞത് സത്യമായി. അമ്പിളി ശ്രദ്ധിക്കപ്പെട്ടു.
റിമയുമായുള്ള സൗഹൃദം?
ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് റിമ വര്‍ക്ക് ചെയ്തിരുന്ന ഡാന്‍സ് കമ്പനിയില്‍ ഓഡിഷന് പോയിരുന്നു. അന്ന് പഠിച്ചുകഴിഞ്ഞ് വരൂയെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ കുറച്ച് നാള് കഴിഞ്ഞ് സുഹൃത്ത് വഴി വീണ്ടും ഓഡിഷന് പോയി. അന്ന് റിമയായിരുന്നു ഓഡിഷന് നടത്തിയത്. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് കുറച്ച് നാള് വര്‍ക്ക് ചെയ്തു.
പിന്നെ വേറെ വേറെ വഴിക്കായി. പിന്നെ കണ്ടുമുട്ടിയത് ആഭാസം എന്ന സിനിമയുടെ സെറ്റിലാണ്. അതില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പിന്നീടാണ് മാമാങ്കത്തിലേക്ക് എത്തിയത്. അവിടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി വര്‍ക്ക് ചെയ്ത് വരുമ്പോളാണ് അമ്പിളി വന്നത്.
സിനിമയിലേക്കുള്ള വരവ്
എന്റെ ആദ്യത്തെ സിനിമ അനന്തഭദ്രം ആണ്. ഞാന്‍ ബാക്ക് ഗ്രൗണ്ട് ഡാന്‍സര്‍ ആയാണ് തുടങ്ങിയത്. അതില്‍ മാലമാല ലൂയ്യ എന്ന പാട്ടിലാണ് ആദ്യമായിട്ട് സിനിമയില്‍ വന്നത്. പിന്നീട് കുറേ നാള് സിനിമയില്‍ നിന്ന് മാറി, ഡ്രാമയിലും സ്പോര്‍ട്സിലും ഒക്കെ തിരക്കിലായി. ഡ്രാമ തന്നെ കുറേ ചെയ്തു. ഞാന്‍ പഠിച്ചത് യൂണിവേഴ്സിറ്റി കോളേജാണ്. സത്യത്തില്‍ കോളേജിലെത്തിയപ്പോളാണ് ഡാന്‍സ് സീരിയസായി കണ്ടത്. ഒരു പാഷനായി കണ്ടത്. പിന്നീടിങ്ങോട്ട് ഡാന്‍സല്ലാതെ ഞാന്‍ മറ്റൊരു ജോലിയും ചെയ്തിട്ടില്ല. ഇടയ്ക്ക് മാറി നില്‍ക്കാറുണ്ട്, പക്ഷേ ഡാന്‍സല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
അനന്തഭദ്രം കഴിഞ്ഞ് ചെയ്തത് കമല്‍ സാറിന്റെ നടന് സിനിമയാണ്. ജയറാമേട്ടനായിരുന്നു പ്രധാനകഥാപാത്രം. അന്ന് അദ്ദേഹത്തിന് അമ്പരപ്പായിരുന്നു. ഓഹ് ഇങ്ങനെയൊക്കെ ഡാന്‍സ് ഉണ്ടല്ലേ. എന്നൊക്കെ ചോദിച്ചിട്ടുണ്ട്. പിന്നീട് കമല്ഹാസന് സാറിന്റെ ഉത്തമവില്ലന്‍ എന്ന സിനിമയുടെ വര്‍ക്കിനായി പോയപ്പോഴും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഉത്തമവില്ലനില്‍ കോറിയോഗ്രഫിയൊക്കെ ചെയ്തത് ‘ആട്ടക്കളരി’ എന്ന കമ്പനിയാണ്. ബെംഗളുരുവിലാണ്. ആ സമയത്ത് ഞാന്‍ ആ കമ്പനിയിലായിരുന്നു. നടന് കഴിഞ്ഞ് ഞാന്‍ കോറിയോഗ്രഫി ചെയ്ത സിനിമ ലെനില്‍ സാറിന്റെ ഇടവപ്പാതിയാണ്. ലെനിന് സാര്‍ എന്റെ ഗോഡ്ഫാദറാണ്. അദ്ദേഹത്തിന്റെ നാടകങ്ങളിലുമൊക്കെ ഞാന്‍ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. കന്യക ടാക്കീസ് എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.
യുനെസ്കോയുടെ ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലിന്റെ മെംബറുമല്ലേ ഫവാസ്?
അതേ, ഈയടുത്താണ് അങ്ങനെയൊരു അംഗീകാരം ലഭിച്ചത്. കേരളത്തില്‍ നിന്നൊരാള്‍ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിക്കുന്നത്. അത് മാത്രമല്ല, സേണ്‍, ജനീവ ആസ്ഥാനമായുള്ളതാണ്. അതാണ് പാര്‍ട്ടിക്കിള്‍ ഫിസിക്സില്‍ ഗവേഷണം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ലബോറട്ടറി. അവിടെ ക്വാണ്ടം ഫിസിക്സും പാര്‍ട്ടിക്കിള്‍ ഫിസിക്സുമൊക്കെ അടിസ്ഥാനമാക്കി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അവര്‍ രണ്ട് പേരെയാണ് തെരഞ്ഞെടുത്തത്. ഞാനും മറ്റൊരു സ്ത്രീയും.
അമ്പിളി ചെയ്തുകഴിഞ്ഞ്, ഏതാണ്ട് ആ ടീസര്‍ ഇറങ്ങുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്. അമ്പിളി ഹിറ്റായപ്പോള്‍ ഇരട്ടി സന്തോഷമായി.
തിരയായ് എന്നൊരു മ്യൂസിക് വീഡിയോയില്‍ ഫവാസ് ക്യാമറയ്ക്ക് മുന്നിലേക്കും വന്നിരുന്നല്ലോ. അമ്പിളിയിലെ ജാക്സണ് പാട്ടില്‍ നിന്നും വളരെ വ്യത്യസ്തമാണ് തിരയായ്. ഡാന്‍സില്‍ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റൈല്‍?
എനിക്ക് എപ്പോഴും പരീക്ഷണങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. എന്നെ സംബന്ധിച്ച് സ്റ്റൈലുകളല്ല, ഓരോ സ്റ്റൈലും ഓരോ പരീക്ഷണങ്ങളാണ്. എല്ലാം ഒരുപോലെ തോന്നാതെ മാറിനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ അങ്ങനെ പരീക്ഷണങ്ങള്‍ ചെയ്യാനാണ് താത്പര്യം. പിന്നെ ഓരോ പ്രോജക്ടിനും എന്താണ് വേണ്ടത് എന്ന് കൂടി നോക്കണം. അത് ആവശ്യപ്പെടുന്നതെന്തോ അത് ചെയ്യുകയെന്നതാണ്. അതിനനുസരിച്ച് സ്റ്റൈല്‍ ഒരുക്കുക. അതല്ലാതെ, നമ്മള് നേരത്തെ പഠിച്ചുവെച്ചത് ഒരാളെക്കൊണ്ട് ചെയ്യിക്കുന്നതില്‍ എനിക്ക് താത്പര്യമില്ല. അതില്‍ അര്‍ത്ഥമില്ല. അത് സാധാരണമാണ്.
അമ്പിളിക്ക് ശേഷമുള്ള പ്രോജക്ടുകള്‍ എന്തൊക്കെയാണ്?
അമ്പിളിക്ക് ശേഷം കുറച്ച് പ്രോജക്ട് ഉണ്ട്. ഒരെണ്ണം ഗായിക ഗൗരി ലക്ഷ്മിയുമായി ചേര്‍ന്നുള്ള ഒരെണ്ണമാണ്. ‘മാനേ’ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ. സാധാരണ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് അത് ചെയ്തിരിക്കുന്നത്. പിന്നെ റിമ കല്ലിങ്കലുമായി ചേര്‍ന്നൊരെണ്ണം ചര്‍ച്ച ചെയ്യുകയാണ്.
എന്താണ് സ്വപ്നം?
കേരളത്തിലൊരു ഡാന്‍സ് സ്കൂള്‍ തുടങ്ങണം. ക്ലാസിക്കലും വെസ്റ്റേണും അങ്ങനെ പല സ്റ്റൈലുകളും പഠിപ്പിക്കുന്ന ഒരു സ്കൂള്‍. ഒരു വര്‍ഷത്തെ കോഴ്സ് പോലെ പഠിപ്പിക്കും. എന്റെ സുഹൃത്തുക്കള്‍ ഒരുപാടുണ്ട് ഇങ്ങനെ പല മേഖലകളില്‍. ആക്ടിങ്ങും പഠിപ്പിക്കണമെന്നാണ് ആഗ്രഹം. അഭിജ, സിനിമാതാരമാണ് എന്റെ സുഹൃത്തുമാണ്, അഭിജയും ഒപ്പം ഫിറോസ് എന്ന എന്റെ മറ്റൊരു സുഹൃത്തും ഒപ്പമുണ്ട്. അങ്ങനെ കേരളത്തില്‍ ഇന്ന് വരെയില്ലാത്ത തരത്തില്‍ നല്ല, ഒരു ഇന്റര്‍നാഷണല്‍ തരത്തില്‍ ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങണം. ഇപ്പോള്‍ അതിന്റെ പണിപ്പുരയിലാണ്. പെട്ടെന്ന് തന്നെ തുടങ്ങണമെന്നാണ് ആഗ്രഹം.
Comments are closed.