പട്ടര്‍ക്കടവില്‍ നിന്ന് വിയ്യാറയല്‍ വഴി ഇന്ത്യന്‍ മിഡ് ഫീല്‍ല്‍ഡിലേക്ക്

മലയാളത്തിന്റെ കാല്‍പ്പന്ത് പ്രണയത്തിന്റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന  മലപ്പുറത്തെ പട്ടാര്‍ക്കടവ് എന്ന ഗ്രാമവും അസൈന്‍ കുരുണിയന്‍ എന്ന കച്ചവടക്കാരന്റെ വീടും ഇന്ന് രാജ്യമറിയുന്ന ഇടങ്ങളാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ താരോദയമായ ആഷിഖ് കുരുണിയന്‍ എന്ന മുഹമ്മദ് ആഷിഖിനെ കാല്‍പ്പന്താവേശത്തിലേക്ക് കൈ പിടിച്ചുകയറ്റിയത് ഈ നാടും കുടുംബവുമാണ്. കുടുംബത്തെ സഹായിക്കാനായി എട്ടാം ക്‌ളാസില്‍ പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും മലപ്പുറം എം എസ് പിയും പട്ടര്‍ക്കടവിലെ ക്‌ളബുകളും നല്‍കിയ ഫുട്‌ബോള്‍ പാഠങ്ങള്‍ ആഷിഖിനെ നല്ല കളിക്കാരനാക്കി. കേരളാഫുട്‌ബോള്‍ അക്കാദമിയുടെ വിഷന്‍ ഇന്ത്യ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആ കൗമാരക്കാരന്‍ 2014ല്‍ പൂനെ ഫുട്‌ബോള്‍ അക്കാദമിയുടെ ഭാഗമായി. ഇന്ത്യന്‍ അണ്ടര്‍ 20, 18 ടീമുകള്‍ക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള ആഷിഖിന്റെ പ്രകടനങ്ങള്‍ ഒന്നാം നിരയിലേക്ക് എത്തിയത് ഐഎസ്എല്ലില്‍  പൂനെക്കായി കളിച്ചു തുടങ്ങിയതോടെയാണ്. സ്‌പെയിനിലെ വിയ്യാ റയല്‍ എഫ് സിയുടെ മൂന്നാം ഡിവിഷന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആഷിഖിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പൂനെ എഫ് സിയുടെ അക്കാദമിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് ആഷിഖ് വിയ്യാ റയലിലെത്തിയത്. ജൂണ്‍ മാസത്തില്‍ മുംബൈയില്‍ നടന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യക്കായി അരങ്ങേറിയ ഈ 21 കാരന്‍ ഫൈനലിലടക്കം മൂന്ന്‌ മത്സരങ്ങളില്‍ ഇന്ത്യക്കായി ബൂട്ടുകെട്ടി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈ പുതിയ യുവപ്രതിഭ തന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ പി ആര്‍ പ്രവീണുമായി പങ്കുവയ്ക്കുന്നു.

ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക. ഫൈനലില്‍ അവസാന 10 മിനിട്ടില്‍ കളിക്കാനാവുക. ഒരു അരങ്ങേറ്റക്കാരന്റെ ഈ  തുടക്കത്തെ എങ്ങിനെ കാണുന്നു?

ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ തുടക്കമാണ് എനിക്കുണ്ടായത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ ചെനീസ് തായ്‌പേയിക്കെതിരെ കളിക്കാനവസരം കിട്ടി. ന്യൂസിലണ്ടിനെതിരെ ആദ്യ ഇലവനില്‍ 46 മിനിട്ട് കളിച്ചു. ഛേത്രിയും ജിങ്കാനും ജെജെയും നാട്ടുകാരനും ഗുരുതുല്യനുമായ അനസിക്ക( അനസ് എടത്തൊടിക)യും അടങ്ങുന്ന ടീമിന്റെ ഭാഗമായത് വലിയ അംഗീകാരമായി കരുതുന്നു. ജയിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു നായകനൊപ്പം കളിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. ഫൈനലില്‍ കെനിയക്കെതിരെ അവസരം കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. രണ്ട് ഗോളിന് മുന്നിലെത്തിയതോടെ എണ്‍പതാം മിനിട്ടില്‍ ആ സൗഭാഗ്യം തേടിയെത്തി. ഉദാന്ത സിംഗിന് പകരക്കാരനായി കളിക്കാനിറങ്ങി.കിരീട വിജയം കളിക്കാരനായി ഗ്രൗണ്ടില്‍ത്തന്നെ ആഘോഷിക്കാനാവുന്നത് ആവേശമുണ്ടാക്കുന്നതല്ലേ.

ഇന്ത്യന്‍ ക്യാംപിലേക്കുള്ള വിളി വന്നത്?

അപ്രതീക്ഷിതമായിരുന്നു അത്. ജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടിയും  ഐഎസ്എല്ലിലും  നന്നായി കളിച്ചു എന്ന് തോന്നിയതു കൊണ്ടാകണം അധികൃതര്‍ എന്നെയും ക്യാംപിലേക്ക് വിളിച്ചത്. ക്യാംപ് പുരോഗമിക്കുന്തോറും ടീമില്‍ ഇടം പിടിക്കാമെന്ന് ആത്മവിശ്വാസം കൂടി. സര്‍വ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന അനസിക്ക നല്ല പിന്തുണ നല്‍കി. കുറച്ച് കാലം വിദേശത്ത് കളിക്കാനായതും ഗുണം ചെയ്തു. രണ്ട് മലയാളികള്‍,അതും മലപ്പുറത്തുകാര്‍ ഒരുമിച്ച് ഇന്ത്യക്കായി കളിക്കുന്നതും ഒരഭിമാനമല്ലേ.
എം എസ് പിയില്‍ നിന്ന് പൂനെ അക്കാദമി വഴി സ്‌പെയിനിലെ വിയ്യാ റയല്‍ സി ടീമിലെത്തിയപ്പോള്‍ ഉണ്ടായ മാറ്റം?

കരിയറിലെ വഴിത്തിരിവായിരുന്നു വിയ്യാ റയലിലേക്കുള്ള യാത്ര.വിദേശകളിക്കാര്‍ക്കൊപ്പം കളിക്കാനായത് പുതിയൊരു ശൈലി രൂപപ്പെടുത്തുന്നതിന് ഏറെ സഹായിച്ചു.മികച്ച പരിശീലകരുടെ സാന്നിധ്യവും ചിട്ടയായ പരിശീലന പദ്ധതികളും ഗുണം ചെയ്തു.ഒരു മത്സരത്തില്‍ നായകനായും കളിച്ചു. ഗോളും നേടാനായി.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്. അതു മറികടക്കാന്‍ നമുക്ക് സാധിക്കുമോ?

വിദേശ കളിക്കാരുടെ ഉയരവും ബോഡി ലാംഗ്വേജും ടെക്‌നിക്കുകളുമാണ് അവരെ കരുത്തരാക്കുന്നത്. ഫിറ്റ്‌നസില്‍ അവര്‍ മുന്നിലെത്താനുള്ള പ്രധാന കാരണം ചെറുപ്പകാലത്തേ തുടങ്ങുന്ന ചിട്ടയായ പരിശീലനമാണ്. മൂന്നു വയസുമുതല്‍ കുട്ടികള്‍ക്ക് അവിടെ പരിശീലനം നല്‍കുന്നു. 13 വയസാകുമ്പോഴേക്കും അവിടെയുള്ള കുട്ടികള്‍ പന്തുമായി നന്നായി ഇഴുകിച്ചേരും. കൗമാരപ്രായമെത്തുമ്പോഴാണ് നമ്മുടെ നാട്ടില്‍ കുട്ടികളുടെ പ്രതിഭ തിരിച്ചറിയുന്നത്. ഇതാണ് വ്യത്യാസം. ചെറിയ പ്രായത്തിലെ പ്രതിഭകളെ കണ്ടെത്താനുള്ള നല്ല അക്കാദമികളാണ് നമുക്ക് ആവശ്യം. കേരളത്തില്‍ അത്തരം കൂടുതല്‍ അക്കാദമികള്‍ വന്നാല്‍ ഭാവിയിലേക്ക് നല്ല കരുത്തുള്ള താരങ്ങളെ നമുക്ക് കിട്ടും.

പൂനെ അക്കാദമി ആഷിഖിന്റെ കരിയറില്‍ നല്‍കിയ പിന്തുണ?

പൂനെയിലെ ലോക നിലവാരത്തിലുള്ള അക്കാദമി ഉള്ളതുകൊണ്ടാണ് ഞാനടക്കമുള്ള നിരവധി താരങ്ങള്‍ക്ക് ഉയര്‍ന്നു വരാനായത്.പതിനാറാം വയസില്‍ ഞാന്‍ അക്കാദമിയുടെ ഭാഗമായി. നാലുവര്‍ഷം അവിടെ ലഭിച്ച പരിശീലനം മികച്ചതായിരുന്നു.പിന്നീട് സീനിയര്‍ ടീമിന്റെ ഭാഗമായപ്പോഴും ആ സാങ്കേതിക പിന്തുണ തുടര്‍ന്നു.അതുകൊണ്ടു തന്നെ പൂനെയുടെ ഭാഗമായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ആഗ്രഹം. ഇടയ്ക്ക് ഉണ്ടായ ചെറിയ പരിക്കുകള്‍ സീനിയര്‍ ടീമിലെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. മലപ്പുറം എം എസ് പിയില്‍ നിന്ന് ലഭിച്ച പിന്തുണയും എന്റെ ഈ വളര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ട്. അത്തരം പിന്തുണയും  സാങ്കേതിക പിന്‍ബലവും കളിക്കാര്‍ക്ക് ആവശ്യമാണ്.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് പുതിയ ഉയരങ്ങള്‍ കീഴടക്കാനാവുമോ?

തീര്‍ച്ചയായും.അതിന്റെ തുടക്കമായിരുന്നു മുംബൈയില്‍ കണ്ടത്. ലോക നിലവാരമുള്ള താരങ്ങള്‍ നമുക്കുണ്ട്. ഛേത്രിയുടെ ഫിനിഷിംഗ് മികവ് നാം കണ്ടതല്ലേ? അനസിക്കയും ജിങ്കാനും ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ പ്രതിരോധവും കരുത്തുള്ളതാകുന്നു. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നമുക്ക് കളിക്കാനായാല്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കാനാവും.

 

ഇന്ത്യന്‍ ആരാധകരെക്കുറിച്ച്?

ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്കും കളിക്കാര്‍ക്കും ഏറെ ആരാധകരുള്ള നാടാണ് നമ്മുടേത്. ഐഎസ്എല്‍ കളിക്കാനെത്തുന്ന വിദേശതാരങ്ങള്‍ക്കും ആ ആരാധക പിന്തുണ കിട്ടുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ ദേശീയ ടീമിനും ആ അംഗീകാരം കിട്ടിത്തുടങ്ങിയിരിക്കുന്നു. ഛേത്രിയുടെ ട്വിറ്റര്‍ സന്ദേശം വന്നതിനു പിന്നാലെ ആരാധകര്‍ നമ്മുടെ കളികാണാന്‍ ഒഴുകിയെത്തി. അന്താരാഷ്ട്ര തലത്തില്‍ നല്ല വിജയങ്ങള്‍ നേടാനായാല്‍ വിദേശ ടീമുകള്‍ക്കുള്ളതുപോലെ നമുക്കും ആരാധകരുണ്ടാവും.

ഇടയ്ക്ക് സെവന്‍സ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ടല്ലോ?

സെവന്‍സ് നമ്മുടെ മലപ്പുറത്തിന്റെ ഒരാവേശമല്ലേ. നിറയെ കാണികള്‍ക്ക് മുന്നില്‍ ആരവങ്ങള്‍ക്കിടയില്‍ കളിക്കുന്നത് ഒരു രസമല്ലെ. പക്ഷേ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതല്‍ റഫും ടഫുമാണ് സെവന്‍സ്. എങ്കിലും സെവന്‍സിലെ പരിചയ സമ്പത്താണ് എന്നിലെ കളിക്കാരനെ റഫും ടഫുമാക്കി മാറ്റിയ്ത്. നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ ഇടയ്ക്ക് സെവന്‍സിലും സാന്നിധ്യം ഉണ്ടാകും. നാട്ടുകാരുടെ മുന്നില്‍ കളിക്കാനാവുന്നതിന്റെ ഒരു ത്രില്‍ വേറെയാണല്ലോ.

മനസ്സിലെ ഇനിയുള്ള ഫുട്‌ബോള്‍ മോഹങ്ങള്‍?

വിദേശത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കായി കളിക്കുക എന്നത് വലിയ ലക്ഷ്യമാണ്‌. വിയ്യാ
റയലിലെ അനുഭവം തന്ന കരുത്തില്‍ അതിന് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് സാധിച്ചാല്‍ നമ്മുടെ ഫുട്‌ബോളിനും പുതിയ മേല്‍വിലാസം നല്‍കാന്‍ സഹായിക്കും. ഇന്ത്യന്‍ടീമിന്റെ ഫുള്‍ടൈം കളിക്കാരനാവുകയും ഗോള്‍ നേടുകയും എന്നതാണ് മറ്റൊരു ലക്ഷ്യം. കേരളത്തില്‍ നിന്ന് കൂടുതല്‍ കളിക്കാര്‍ ഇന്ത്യ ടീമിലെത്തട്ടെ എന്നും ആഗ്രഹിക്കുന്നു .എവിടെയായാലും ടീമിന്റെ വിജയത്തിനായി കൂട്ടായി പരിശ്രമിക്കുക എന്നതാണ് പ്രധാനം. അതിലേക്ക് പരമാവധി സംഭാവന നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

ഈ ലോകകപ്പില്‍ ആര്‍ക്കൊപ്പമാണ്‌?

അര്‍ജന്റീനയാണ് ഫേവറിറ്റുകള്‍. ഈ ലോകകപ്പില്‍ കാര്യങ്ങള്‍ പ്രവചനാതീതമാണെന്ന് തോന്നുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ എത്ര അട്ടിമറികളാണ്. മികവുകാട്ടുന്ന ടീമുകള്‍ ഒത്തിരിയുണ്ട് ഈ ലോകകപ്പില്‍. അവരില്‍ ആരു വേണമെങ്കിലും അവരടേതായ ദിവസത്തില്‍ കത്തിക്കയറിയേക്കാം. ഈ ലോക കപ്പിന് അപ്രതീക്ഷിത അവകാശികള്‍ ഉണ്ടായാലും അത്ഭുതപ്പെടാനില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More