സ്ത്രീ സുരക്ഷ നിയമമോ, പുരുഷപീഡനത്തിനുള്ള ലൈസന്‍സോ? പി സി ജോര്‍ജ്ജ്
ജനപക്ഷം നേതാവും കേരള നിയമസഭാംഗവുമായ പി സി ജോര്‍ജ്ജ് കേരളത്തിലെ പൊതുസമൂഹത്തില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് കാരണമായ വിഷയങ്ങളെ കുറിച്ച് അനുവുമായി സംസാരിക്കുന്നു.
ഇപ്പോള്‍ ഫ്രാങ്കോ അറസ്റ്റിലായി. പീഡനം തെളിഞ്ഞതായി എസ് പി മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു
സത്യത്തില്‍ ഇത് സഭയെ നാണംകെടുത്താന്‍, ക്രൈസ്തവരെ അപമാനിക്കാന്‍ ഉള്ള ഒരു ശ്രമമാണ്. ബിഷപ്പിനെ ക്രൂര പീഡനങ്ങള്‍ക്കിരയാക്കുകയാണ് പൊലീസ്. അദ്ദേഹത്തിന്റെ ളോഹ വലിച്ചു കീറി. ഇങ്ങനെയാണോ പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. നീതി നിഷേധമല്ലെ ഇത്. സത്യത്തില്‍ ഇവിടെ സ്ത്രീ സുരക്ഷാ നിയമം എന്തിന് വേണ്ടിയുള്ളതാണ് പുരുഷന്മാരെ പീഡിപ്പിക്കാനോ അത് ആലോചിക്കേണ്ടിയിരിക്കുന്നു.മാത്രമല്ല 21 വയസ്സ് കഴിയാതെ മഠത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ചേര്‍ക്കരുതെന്ന് തീരുമാനിച്ചാല്‍ തന്നെ അപകടങ്ങള്‍ അവസാനിക്കും.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും പി സി ജോര്‍ജ്ജുമായി എന്തെങ്കിലും ബന്ധമുണ്ടോ?
എനിക്ക് അയാളെ അറിയില്ല. ഒരു മെത്രാന്റെയും വക്കാലത്ത് ഏല്‍ക്കാനും ഞാനില്ല. ഫ്രാങ്കോ ബിഷപ്പ് ലാറ്റിനും ഞാന്‍ റോമനുമാണ് പിന്നെന്നാ ബന്ധം. എന്റെ ഒരു പൊതു അഭിപ്രായം ഞാന്‍ പറഞ്ഞു. എപ്പോഴും എന്റെ മനസാക്ഷി ശരി പറയും. ഞാന്‍ അതിനൊപ്പമാണ്.
കന്യാസ്ത്രീമാരുടെ സമരത്തെ കുറിച്ച്?
ഈ കന്യാസ്ത്രീ നല്‍കിയ ആദ്യ മൊഴി സത്യത്തില്‍ വായിക്കാന്‍ പോലും കൊള്ളില്ല. ആ സ്ത്രീ ആ വസ്ത്രം ഊരണം എന്നിട്ട് അവര്‍ സമരം നടത്തണമായിരുന്നു. അതും ഹൈക്കോടതിയുടെ മുന്നിലല്ല ചെയ്യേണ്ടത്. സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ചെയ്‌തോട്ടെ തെറ്റില്ല. പിന്നെ അവരുടെ മൊഴിയില്‍ രാത്രി പത്തേമുക്കാലിന് ബിഷപ്പിന്റെ മുറിയില്‍ തേച്ച വസ്ത്രങ്ങള്‍ നല്‍കാന്‍ പോയെന്ന് പറയുന്നു. രാത്രി പത്തേമുക്കാലിന് എന്തിനാ പോകുന്നത്. അന്ന് ബാലാത്സംഗ ശ്രമം നടന്നെന്നാ മൊഴിയില്‍ പറയുന്നത്. ബലാത്സംഗം ഇല്ല. ഇത് 5.5.2014 ല്‍ നടന്നെന്നാ പറയുന്നത്.6.5.2015 ല്‍ ഇവരുടെ സഹോദരന്റെ വീട്ടില്‍ ബിഷപ്പിനൊപ്പം ഇവര്‍ ഇരുന്നു സംസാരിച്ചു. ഒരു ദിവസം രാത്രി പോയി. ഈ അനുഭവം ഉണ്ടായെങ്കില്‍ പിന്നെ എന്തിന് പോയി.
ഈ മെത്രാനെ എനിക്കറിയില്ല. അപ്പൊ ഇതൊക്കെ ഒരു പ്രചരണമാണ്.സഭയെ അപമാനിക്കാനുള്ള ശ്രമം. ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്, അഭിവന്ദ്യരായവര്‍. അവരെയെല്ലാം അപമാനിക്കാനുള്ള ശ്രമമാണിത്. ഈ മെത്രാന്‍ കോട്ടയം എസ് പി ക്ക് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇവര്‍ക്ക് പകരം മാറി വന്ന കന്യാസ്ത്രീയെ ഇവരുടെ സഹോദരന്‍ ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തു.
ഈ കന്യാസ്ത്രീയുടെ വീട് പെരുമ്പാവൂരാണ്. മൂന്ന് പെണ്മക്കളും ഒരു മകനുമാണ് ആ കുടുംബത്തിലുള്ളത്. പാവപ്പെട്ട കുടുംബമായിരുന്നു. പക്ഷെ ഇപ്പൊ അവരുടെ സാമ്പത്തിക സ്ഥിതി വളരെ കൂടുതലാ. മെത്രാന്റെ കൈയ്യില്‍ നിന്ന് കുറച്ച് പൈസയൊക്കെ കിട്ടിക്കാണും. ചിലപ്പൊ ഇപ്പൊ അത് നിന്നു കാണും. പിന്നെ ക്രൈസ്തവ സമുദായത്തെ തകര്‍ക്കാന്‍ ആരുടെയോ സഹായം ഇവര്‍ക്ക് ലഭിച്ചതായും സംശയിക്കുന്നുണ്ട്.
ഈ കേസില്‍ സഭയുടെ ഇടപെടല്‍?
സഭ ഈ കേസില്‍ അനുയോജ്യമായ ഒരു ഇടപെടല്‍ നടത്തിയിട്ടില്ലാ എന്ന് തന്നെ പറയേണ്ടി വരും.
സിസ്റ്റര്‍ അഭയ കേസില്‍ തുടങ്ങിയതാണ് ഈ കേസുകള്‍
സത്യത്തില്‍ അന്നു ഞാന്‍ പറഞ്ഞിരുന്നു, ആ കേസില്‍ ആ വൈദികര്‍ തന്നെയാണ് പ്രതികള്‍. അവരെ ശിക്ഷിക്കുകയും വേണം. അഭയ ഒരു പാവം പെണ്‍കുട്ടിയാണ്. ആ കേസ് നടത്താന്‍ പിരിവൊന്നും സഭ നടത്തിയിട്ടില്ല. പക്ഷെ ഈ കേസില്‍ കന്യാസ്ത്രീയ്ക്ക് ദുഷ്ടലക്ഷ്യമാണുള്ളത്.
ജലന്ധര്‍ ബിഷപ്പിനെ പൊലീസ് സംരക്ഷിക്കുകയായിരുന്നോ?
ഏത് വ്യക്തിയായാലും കേസില്‍ ശക്തമായ തെളിവുകള്‍ വേണം. ഈ കേസില്‍ ബിഷപ്പാണ് പ്രതിസ്ഥാനത്ത്. അപ്പൊ പര്യാപ്തമായ തെളിവുകള്‍ വേണം.
സഭയെ ശുദ്ധീകരിക്കേണ്ട സമയമാണോ ഇത്?
വളരെ പരിശുദ്ധമായ സഭയാണിത്. എങ്കിലും ചില പുഴുകുത്തുകളുണ്ട്. അത് ഇല്ലാതാക്കുകയാണ് വേണ്ടത്. പാലാ രൂപതയില്‍ ഒരു മെത്രാനുണ്ട്, അങ്ങേരെ കാണുന്നത് തന്നെ പുണ്യമാണ്. ചങ്ങനാശേരിയിലെ മെത്രാന്‍ അവരൊക്കെ എത്ര ലളിതമായ ജീവിതമാ നയിക്കുന്നത്.
കോട്ടയം പ്രസ്‌ക്ലബില്‍ വച്ച് നടത്തിയ പരാമര്‍ശം
അത് ഞാന്‍ മോശമായി കണക്കാക്കുന്നില്ല. പക്ഷെ ഒരു സ്ത്രീയെ പറ്റിയും അത്തരമൊരു വാക്ക് പറയാന്‍ പാടില്ലെന്ന് പിന്നെ തോന്നി. അതുകൊണ്ടാണ് ആ വാക്ക് ഞാന്‍ പിന്‍ വലിച്ചത്. അല്ലാതെ അവര്‍ ആ വാക്കിന് അര്‍ഹയല്ലെന്ന് എനിക്ക് തോന്നിയിട്ടില്ല.
മറ്റ് പിതാക്കന്മാരോ, കന്യാസ്ത്രീകളോ ഇതെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ?
അവരൊക്കെ വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഈ കന്യാസ്ത്രീ ഇങ്ങനെ ഓരോന്ന് കെട്ടിച്ചയ്ക്കുമ്പോ ഒന്നോര്‍ക്കണം ,ആ ബിഷപ്പ് അയാള്‍ക്ക് അമ്മയുണ്ട്, ബന്ധുക്കളുണ്ട്, സഹോദരങ്ങളുണ്ട്. അവരുടെയൊക്കെ ജീവിതം എന്താകുമെന്ന് ആലോചിക്കേണ്ടതല്ലെ.
ഇപ്പൊ വിധി വന്ന ചാരക്കേസിന് കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് നമ്പി നാരായണന്‍ പറഞ്ഞിരുന്നു, അങ്ങനെ തോന്നുന്നുണ്ടോ?
എന്താ സംശയം. അതു തന്നെ കരുണാകരനെ താഴെയിറക്കാന്‍ നടത്തിയ ഒരു ശ്രമം. അതാണ് ഈ ചാരക്കേസ്. പിന്നെ ഇപ്പൊ മുരളീധരന്‍ പറയുന്നത് അങ്ങനെ ഒരു സംഭവമില്ലെന്നാ. കരുണാകരന് സത്യം പറഞ്ഞാല്‍ സ്വന്തം മകനെ കുറിച്ചായിരുന്നു മരണം വരെയും സങ്കടം.
നമ്പി നാരായണന് നീതി കിട്ടിയല്ലൊ
അദ്ദേഹം നിരപരാധിയാണെന്ന് ഞാന്‍ അപ്പോഴും പറഞ്ഞിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ടി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ടിരുന്നു. വിദേശ സഹായത്തോടെ അദ്ദേഹത്തെ ഈ കേസില്‍ കുടുക്കുകയായിരുന്നു. അതില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് അയാള്‍ എസ് പി യായി റിട്ടയര്‍ ചെയ്തു. അയാള്‍ക്ക് പങ്കുണ്ട്. അയാളാണ് ഇതിന്റെ പ്രധാന ചരടുവലിക്കാരന്‍.
റിപ്പബ്ലിക്ക് ടിവിയില്‍ നടത്തിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയെ
എന്നതാ അവര് പറഞ്ഞത്. എനിക്കൊന്നും മനസ്സിലായില്ല. മലയാളികള്‍ പൊതുവെ ഇംഗ്ലീഷില്‍ പിറകിലാ.എന്നാ കുന്തമാ അവര് പറഞ്ഞെ. ഞാന്‍ പറയുന്നത് അവരൊന്ന് കേള്‍ക്കണ്ടെ. വൃത്തികെട്ട സ്വഭാവം. നമ്മള്‍ പറയുന്നത് കേള്‍ക്കുക എന്നുള്ളതും മാദ്ധ്യമപ്രവര്‍ത്തനത്തിലെ ഭാഗമാണെന്ന് മറക്കരുത്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.