“സാവിത്രി പ്രസവിച്ചു പെണ്‍കുഞ്ഞാണ്”, നഴ്സ് പറഞ്ഞു; എന്റെ ഒറ്റപ്പെടല്‍ അവിടെ തുടങ്ങി: കവി കല സാവിത്രി
‘കല സാവിത്രിയുടെ കവിതകള്‍ക്ക് ആറ്റിക്കുറുക്കലിന്റേതായ ഒരു സ്വഭാവമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കടലുപോലെ പരന്നുനില്‍ക്കുമ്പോഴും അതിനെയാകെ കടുകിലേയ്ക്കു സഞ്ചയിക്കാനുള്ള സവിശേഷമായ സിദ്ധി കലയുടെ കവിതയുടെ അനുഗ്രഹമായി നില്ക്കുന്നു.’ കവി പ്രഭാവര്‍മ കല സാവിത്രിയുടെ കവിതകളെക്കുറിച്ച് എഴുതിയ ആസ്വാദനമാണിത്. കല ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കവിതകളുടെ ആദ്യ സമാഹാരമായ കലയുടെ കവിതകള്‍ ഇപ്പോള്‍ നടന്ന് വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിക്കും. ഡിസി ബുക്സാണ് പ്രസാധകര്. ഹരിപ്പാട് സ്വദേശിയും തിരുവനന്തപുരത്തെ കളം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ അമരക്കാരിയുമായ കല സാവിത്രി കവിതകളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് മാദ്ധ്യമപ്രവര്ത്തകന് സിനോവ് സത്യനുമായി സംസാരിക്കുന്നു.
പുതിയ കാലത്തെ കവികളെക്കുറിച്ച്, കവികളുടെ ഭാവുകത്വങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ കേട്ടിട്ടുണ്ട്. വൃത്തനിബദ്ധമായ കവിതകള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അതല്ല, വൃത്തരഹിതമായ കവിതകളിലൂടെ അനുവാചകരെ ഭ്രമിപ്പിക്കുംവിധത്തിലുള്ള എഴുത്തിന്റെ രീതി കൈവരിക്കാന്‍ ആധുനികരായ എഴുത്തുകാര്‍ക്കു സാധിച്ചിട്ടുണ്ടോ?
കവിത വൃത്തനിബദ്ധമായിരിക്കണം എന്നു നിര്‍ബന്ധമില്ല. പക്ഷേ, വൃത്തത്തില്‍ എഴുതുമ്പോള്‍ അതിന്റേതായ അളവും പ്രത്യേക ചട്ടക്കൂടുമുണ്ട്. അത്തരത്തില്‍ കവിതയ്ക്കു നമ്മള് കൊടുത്തിരുന്ന അളവൊത്ത രൂപമുണ്ട്. ഓര്‍മ്മയില്‍ നിലനിര്‍ത്താനും ഓര്ത്തുചൊല്ലാനുമൊക്കെ പറ്റുന്ന രീതിയില്‍ നമ്മുടെ മനുഷ്യന്റെ തലച്ചോറുമായി ബന്ധപ്പെടുത്തി ഒരുതരം ശാസ്ത്രീയമായ ചട്ടക്കൂട് കവിതയ്ക്കുണ്ടായി വന്നതാണ് ഈ വൃത്തവും താളവും. പക്ഷേ, വൃത്തത്തില്‍ എഴുതിയാലേ കവിതയാകൂ എന്ന അഭിപ്രായമില്ല. എന്നാല്‍, പാരമ്പര്യമായുള്ളതിനെ നിഷേധിച്ചാലേ ആധുനികതയാകൂ എന്ന അഭിപ്രായത്തോടും യോജിപ്പില്ല. കവിതകളുടെ വൃത്തം പരിചയമുള്ള ഒരു കവി അതിനെ നിഷേധിക്കുമ്പോഴുണ്ടാകുന്ന ഭംഗി, അതറിയാതെ അതു നിഷേധിക്കുന്നു എന്നു പറഞ്ഞുകൊണ്ട് എഴുതുമ്പോള്‍ ഉണ്ടാകുന്നുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടു വൃത്തത്തിലെഴുതുന്നതിനോടു വിയോജിപ്പുമില്ല. വൃത്തത്തില്‍ എഴുതിയാലേ കവിതയാകൂ എന്ന് അഭിപ്രായവുമില്ല.
സമയരഥത്തിലെ സാഹിത്യ യാത്രകള്‍
എഴുത്തുവഴികള്‍ പലതുണ്ട്. എന്തുകൊണ്ട് കല സാവിത്രി കവിതയിലേയ്ക്ക് തിരിഞ്ഞു?
കവിതകളിലാണ് ബിംബസാധ്യത കൂടുതല്‍ എന്നതുതന്നെ കാരണം. നമ്മുടെ രാജ്യത്തെ സാഹചര്യങ്ങള്‍ ഒരിക്കലും സ്ത്രീസൗഹൃദമല്ല. സ്ത്രീയ്ക്ക് ഒരുപാടു പരിമിതികളുണ്ട്. ആ പരിമിതികള്‍ മറികടക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു സ്ത്രീ പരിമിതികള്‍ മറികടന്നു പുറത്തുവരണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിവരും.
നമ്മുടെ ചിന്തകളെ, നമ്മുടെ ഹൃദയത്തില്‍ ഏല്ക്കുന്ന മുറിവുകളെ, തിരസ്കാരങ്ങളെ, സങ്കടങ്ങളെ, ഉള്ച്ചോദനകളെ, പ്രതിഷേധങ്ങളെ, നമ്മള് അനുഭവിക്കുന്ന ജീവിതസാഹചര്യങ്ങളെ, ജീവിതാവസ്ഥകളെ അങ്ങനെതന്നെ തുറന്നെഴുതാനുള്ള സുരക്ഷിതമായ മേഖല, ലേഖനങ്ങളെക്കാളും കഥകളെക്കാളുമൊക്കെ കവിതയാണെന്ന് ഒരു സ്ത്രീയെന്ന നിലയില്‍, എനിക്കു തോന്നിയിട്ടുണ്ട്. രണ്ടുവരിയില്‍ ഒരാകാശം മുഴുവന്‍ നമുക്കൊളിപ്പിച്ചുവയ്ക്കാം.
നമ്മുടെ സങ്കടങ്ങളെല്ലാം ഒളിപ്പിച്ചുവച്ചുകൊണ്ട്, നമ്മുടെ പ്രതിഷേധങ്ങളെ പല ബിംബങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന്, സങ്കടങ്ങളെയിറക്കിക്കളയാന് കവിതയേക്കാള്‍ മെച്ചപ്പെട്ട മറ്റൊരുമേഖല കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് കവിത തെരഞ്ഞെടുത്തത്.
കല സാവിത്രി എന്ന വ്യക്തി കവിയായി മാറിയതില്‍ ജീവിതസാഹചര്യങ്ങള്‍ക്കുള്ള പങ്ക് എന്താണ്?
കല സാവിത്രി സ്ത്രീയാണ് എന്നതുതന്നെയാണ് കവിയായി മാറിയതെങ്ങനെ എന്നതിന് ഒന്നാമത്തെ കാരണം. സ്ത്രീയായതുകൊണ്ട് അരികുവല്‍ക്കരിക്കപ്പെട്ട നിരവധിയിടങ്ങളുണ്ട്. അങ്ങനെയുള്ള ഇടങ്ങളില്‍ പ്രതിഷേധിക്കാന്‍ ഞാന്‍ ഉപയോഗിച്ച മാധ്യമം കവിതയാണ്. ജനിച്ചുവളര്‍ന്ന പശ്ചാത്തലവും കവിയായി മാറുന്നതിനു കാരണമായി. യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തിലാണ് ഞാന്‍ സ്ത്രീയായി ജനിച്ചത്.
പിറന്നുവീണതുതന്നെ, ജനിച്ചുവീഴേണ്ടിയിരുന്നില്ലാത്ത സാഹചര്യത്തിലായിരുന്നു. അച്ഛനൊരാണ്കുട്ടിയെ പ്രതീക്ഷിച്ചിരിക്കെ, ഞാനൊരു പെണ്ണായി ജനിച്ചതുകൊണ്ട് അച്ഛനില്‍ നിന്നുതന്നെയായിരുന്നു ആദ്യ തിരസ്കരണം. ലേബര്റൂമില് നിന്നു പുറത്തുവന്ന നേഴ്സ്, സാവിത്രി പ്രസവിച്ചു; പെണ്‍കുഞ്ഞാണ്” എന്നു പറഞ്ഞപ്പോള്‍ ഒന്നു നോക്കുക കൂടി ചെയ്യാതെ അച്ഛന് തിരിഞ്ഞുനടക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞ അറിവുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍ വളര്ന്നുവരുന്നിടത്തെ അനുഭവങ്ങള്‍ എന്തൊക്കെയായിരിക്കാം. അത് എന്നെ ഒറ്റപ്പെടലിന്റെ, നിരാസങ്ങളുടെ വലിയൊരു സാഹചര്യത്തിലൂടെ കൂട്ടിക്കൊണ്ടുപോയി. അതുകൊണ്ട് വായനയിലൂടെ, എഴുത്തിലൂടെയൊക്കെ എന്റെ ഒറ്റപ്പെടലിന്റെ ലോകത്തെ മറികടക്കേണ്ടതായി വന്നു. അപ്പോള്‍ എനിക്കു കൂട്ടുവന്നത് പുസ്തകങ്ങളാണ്. അങ്ങനെയാണ് ഞാന്‍ എഴുത്തിന്റെ ലോകത്തിലേയ്ക്കു വന്നതും കവിതയിലേയ്ക്കു തിരിഞ്ഞതും.
ഞാനൊരു സാമ്പ്രദായിക ഫെമിനിസ്റ്റ് മാത്രമല്ല: ഡോ സംഗീത ചേനംപുല്ലി
കവിതാവഴിയില്‍ ഇന്നുള്ളവരില്‍ ഇഷ്ടപ്പെട്ട എഴുത്തുകാര്‍? ആരുടെ പാതയാണ് പിന്തുടരുന്നത്?
എഴുത്തുവഴികളിലൊന്നിലും ആരെയെങ്കിലും പിന്തുടര്ന്ന് അതേ ഛായയില്‍ എഴുതാന്‍ അറിഞ്ഞുകൊണ്ടു ശ്രമമുണ്ടായിട്ടില്ല. ആരുടെയെങ്കിലും എഴുത്തിനോടു സാമ്യം തോന്നുന്നുവെന്ന് എന്നെ വായിച്ചവരാരും ഇതുവരെ പറഞ്ഞിട്ടുമില്ല. പക്ഷേ, ഇഷ്ടപ്പെട്ട എഴുത്തുകാരുണ്ട്. ഇഷ്ടപ്പെട്ട കവികളുണ്ട്. പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എനിക്കേറെ ഇഷ്ടപ്പെട്ട കൃതിയാണ്. ഏതു മാനസികാവസ്ഥയില്‍ വായിച്ചാലും അതിനോടു യോജിക്കുന്ന ഒരുദ്ധരണി അതില്‍ കണ്ടെത്താവുന്ന തരത്തില്‍ എന്നെ സ്വാധീനിച്ച കൃതിയാണ് ശ്യാമമാധവം.
ചുള്ളിക്കാടിന്റെ കവിതകള്‍ ഏറെ ഇഷ്ടമാണ്. ഒരുവായനയിലോ രണ്ടുവായനയിലോ പിടിതരാത്ത അതിശക്തമായ ബിംബങ്ങള്‍ എ അയ്യപ്പന്റെ കവിതയിലുണ്ട്. കവിത വായിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി എന്നതിനപ്പുറം അയ്യപ്പന്റെ കവിതയിലെ ബിംബങ്ങള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അതുപോലെതന്നെ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളും ഇഷ്ടമാണ്.
കവിതകളുടെ കാലം ആശാവഹമാണോ? വര്‍ത്തമാനകാലത്തില്‍ കവിതകള്‍ വായിക്കപ്പെടുന്നുണ്ട് എന്നു തോന്നുന്നുണ്ടോ?
ഇന്നത്തെ സാഹചര്യത്തില്‍ പരിശോധിക്കുമ്പോള്‍ കവിതകളുടെ കാലം ആശാവഹമല്ല എന്നുപറയേണ്ടിവരും. കവിത നന്നായി വായിക്കപ്പെടുന്നില്ല. പക്ഷേ, വില്ക്കപ്പെടുന്നുണ്ട്. എല്ലാത്തിലും കച്ചവടമാനമാണിന്നുള്ളത്. സെല്‍ഫ് പ്രൊമോഷന് ഏറെ ഉപയോഗപ്പെടുത്തുന്ന കാലത്തിലൂടെ പോകുന്നതുകൊണ്ടുതന്നെ എല്ലാവരും അവരുടെ കവിതകള്‍ ഷോ പീസായി വയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ പണ്ടത്തെക്കാളേറെ കൂടുതല്‍ കവിതകള്‍ നമ്മുടെ കണ്ണില്‍പ്പെടുന്നുണ്ട്. പക്ഷേ, കരളില്പ്പെടുന്നില്ല. വായന സംഭവിക്കുന്നില്ല. എഴുത്ത് കൂടുതല്‍ സംഭവിക്കുന്നുണ്ട്. പക്ഷേ, അതില്‍ പലതും ഉള്ളുള്ള എഴുത്തല്ല. കാരണം, പഴയ കാലത്തുള്ളതുപോലുള്ള ഒരു എഡിറ്ററുടെ അഭാവം നിഴലിക്കുന്നുണ്ട്.
എഡിറ്ററുടെ കൈയില്‍ക്കൂടി കടന്നുപോകുമ്പോള്‍ സത്യത്തില്‍ ആത്മാവിഷ്കാരത്തിന് ആദ്യമായി ഒരു പരിശോധകന് ഉണ്ടായിവരികയല്ലേ. ആത്മഭാഷണങ്ങളായിരിക്കുന്ന കവിതകള്‍ മറ്റൊരാള്‍ എഡിറ്റ് ചെയ്യുന്നതില്‍, അതായത് മറ്റൊരാള്‍ കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയുന്നതില്‍, ഗുണകരമായ കാര്യങ്ങളുണ്ടോ?
നമ്മളെഴുതുന്നതെല്ലാം നമുക്കു നല്ലതാണല്ലോ. നമ്മളെഴുതുന്നതെല്ലാം അങ്ങനെതന്നെയെടുത്ത് കവിത എന്ന പേരിട്ട് എഴുതിവയ്ക്കുന്നതിനോട് യോജിപ്പില്ല. സോഷ്യല്‍ മീഡിയ ഏറെ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാരെ എഴുതാന്‍ പ്രാപ്തരാക്കുകയും എഴുത്തിലേയ്ക്കു കടന്നുവരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എഡിറ്ററുടെ കൈയില്‍ക്കൂടി കടന്നുപോകുന്നില്ല എന്നത് ദോഷവശം തന്നെയാണ്.
കവിതയുടെ കൂട്ടുകാരി
സ്വന്തം കവിതകളെ എങ്ങനെ വിലയിരുത്തുന്നു?
എന്റെ കവിതകള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്, അല്ലെങ്കില്‍ കവിത എന്നു പറയുന്നതിന് പ്രത്യേകതരം നിര്‍വചനം ഉണ്ടെങ്കില്‍, ആ അളവുകോലില്‍ കൂടി കടന്നുപോകുന്നതാണ് എന്റെ കവിത എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എന്റെ കവിത കേള്‍ക്കുകയോ അല്ലെങ്കില്‍ വായിക്കുകയോ ചെയ്യുന്നവരുടെ ഉള്ളില്‍ രണ്ടുവരി തങ്ങിനില്‍ക്കുമോ എന്നും എനിക്കറിയില്ല. പക്ഷേ, കവിതയ്ക്കാവശ്യമായ ചില കാര്യങ്ങളെങ്കിലും അതല്ലെങ്കില്‍ കവിത ആവശ്യപ്പെടുന്ന തരത്തിലുള്ള ബിംബസാധ്യതകള് എന്റെ കവിതകളില്‍ ഉണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
താളവും വൃത്തവും ഉള്ള കവിതകള്‍ എഴുതിയിട്ടുണ്ടോ? ഈ കവിതാസമാഹാരത്തില്‍ അതുള്പ്പെടുത്തിയിട്ടുണ്ടോ?
എഴുതിയിട്ടുണ്ട്. ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
എന്തുകൊണ്ട് സുദീര്‍ഘമായ കവിതകള്‍ എഴുതുന്നില്ല?
സുദീര്‍ഘമായ കവിതകളോടു താല്‍പ്പര്യക്കുറവൊന്നുമില്ല. പക്ഷേ, സുദീര്‍ഘമായി എഴുതിയാലേ കവിയാകൂ എന്നു വിശ്വസിക്കുന്നുമില്ല. സുദീര്‍ഘമായി കവിതകള്‍ എഴുതിയ വ്യക്തിയാണ് ചുള്ളിക്കാട്. എന്നാല്‍, നീളത്തിലെഴുതിയ അദ്ദേഹത്തിന്റെ കവിതകളേക്കാളേറെ ഏറെപ്പേരും ചൊല്ലി നടന്നത് ആനന്ദധാര’യാണ്.
മനുഷ്യന്റെ ഹൃദയവുമായി ബന്ധപ്പെടുത്തി ചിന്തിക്കുകയാണെങ്കില്‍ ഭാവാധിഷ്ഠിതമായ കവിതകളുടെ കാലം എന്നു വിശേഷിപ്പിക്കാവുന്ന കാലമാണോ ഈ കാലം?
ഭാവാധിഷ്ഠിതമായ കവിതാക്കാലമല്ല ഇത്. വൈയക്തിക വികാരങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സൃഷ്ടികളാണ് കൂടുതലുണ്ടാകുന്നത്.
വ്യക്തിപരമായ കാര്യം സ്വന്തം കാര്യം മാത്രമല്ലേ. അതു ബാക്കിയുള്ളവരിലേയ്ക്കു പകരാനും അതേ മാനസികാവസ്ഥയില്‍ അവര്‍ അനുഭവിക്കാനുമുള്ള സാധ്യതകള്‍ കുറവല്ലേ?
കുറവാണ്. അതാണ് ഈ കാലത്തിന്റെ ഏറ്റവും വലിയ ദോഷവശം. സാഹിത്യകാരന് ഒരു പൊതുമുതലാണ് എന്നതിനപ്പുറത്തേയ്ക്ക്, വ്യക്തിയിലേയ്ക്ക് ഒതുങ്ങിക്കൂടുന്നതരത്തിലുള്ള ഒരു മാനസികാവസ്ഥയാണു കാണുന്നത്.
ഇപ്പോഴത്തെ കവിതകളില്‍ സാഹിത്യമുണ്ടോ?
ഒരു വ്യക്തിക്ക്, അല്ലെങ്കില്‍ ആ വ്യക്തി ഉള്‍പ്പെടുന്ന സമൂഹത്തിനുള്ള പ്രത്യേക വേര്തിരിവുവച്ചിട്ടുള്ള എഴുത്തുരീതികള്‍ ഇപ്പോള്‍ കൂടുതലായി വരുന്നു. അതായത് എന്റെ എഴുത്ത്, ഞാനുള്‍പ്പെടുന്ന എന്റെ ജാതിയുടെ കാര്യം, മതത്തിന്റെ പ്രശ്നങ്ങള്‍, ലിംഗത്തിന്റെ പ്രശ്നങ്ങള്‍ അത്തരത്തില്‍ ചുരുങ്ങിപ്പോകുന്നുണ്ട്. സാഹിത്യത്തിന്റെ മൂല്യം നഷ്ടപ്പെട്ടുപോകുന്ന തരത്തിലാണിത്.
ഒരു സ്റ്റാര്‍ട്ട് അപ്പ് പ്രണയകഥ
പെണ്ണെഴുത്തെന്നും മറ്റുമുള്ള വിവേചനത്തെ എത്തരത്തില്‍ നോക്കിക്കാണുന്നു?
ലിംഗസമത്വം ആഗ്രഹിക്കുന്നു. സ്ത്രീ ശാക്തീകരണമൊക്കെ ഏതുതരത്തിലാണു നമ്മുടെ ചുറ്റുപാടില്‍ സാധ്യമാക്കാന്‍ കഴിയുക എന്നതൊക്കെ ചിന്തിക്കേണ്ട കാര്യമാണ്. കാരണം അതിനൊന്നും സാധ്യതകളില്ലാത്തവിധം വേറൊരു തലത്തിലേയ്ക്കു നമ്മുടെ ചുറ്റുപാടുകള്‍ പരുവപ്പെട്ടു പോയിട്ടുണ്ട്. പെണ്ണെഴുത്ത് എന്ന പദം ഉപയോഗിക്കുന്നതിനോടു യോജിപ്പില്ല. എഴുത്ത് എന്ന ഒറ്റപ്പദത്തിന്റെ ആവശ്യമേയുള്ളൂ.
പെണ്ണെഴുത്ത് എന്നുപറഞ്ഞു സ്ത്രീയുടെ എഴുത്തിനെ മാറ്റിനിര്‍ത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. അതുപോലെ തന്നെയാണ് ദളിത് എഴുത്തുകാര്‍ എന്ന തരത്തിലുള്ള മാറ്റിനിര്‍ത്തലുകളും. പെണ്ണെഴുതിയാലും ദളിത് എഴുതിയാലും പുരുഷന് എഴുതിയാലും ഏതുമതക്കാരന്‍ എഴുതിയാലും ഏതു ജാതിക്കാരന് എഴുതിയാലും അതു മുന്നോട്ടുവയ്ക്കുന്ന ആശയം എന്താണ് എന്നു ശ്രദ്ധിച്ചാല്പോരേ.
കവിതയാണെങ്കില്‍ അതേതു തരത്തിലുള്ള ഭാവമാണു പ്രകാശിപ്പിക്കുന്നത്, എന്തു ദാര്‍ശനിക മൂല്യമാണുള്ളത്, എന്തുതരത്തിലുള്ള ചിന്തയാണ് സമൂഹത്തിലേയ്ക്കു തുറന്നുവിടുന്നത്, എന്തുതരത്തിലുള്ള നവീകരണമാണു നടക്കുന്നത്, കല എന്നത് എന്തുതരത്തിലാണ് അതിന്റെ പ്രേക്ഷകനെ, അല്ലെങ്കില്‍ വായനക്കാരനെ സന്തോഷിപ്പിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നതിനു പകരം വിവേചനം കാട്ടുന്നതിനോടു യോജിപ്പില്ല.
മാനവികപക്ഷത്തു നില്‍ക്കേണ്ട ഒരാളാണു സാഹിത്യകാരന് എന്നതിലുപരിയായി ഒരുവിഭാഗത്തിന്റെയാളായി നില്ക്കേണ്ടയാളാണു സാഹിത്യകാരന് എന്ന നിലയില്‍ കാര്യങ്ങള്‍ പോകുന്നുണ്ടോ?
അതാണ് ഇന്നത്തെ ഏറ്റവും വലിയ ദോഷം. മാനവികമെന്നല്ല, പ്രാപഞ്ചികമായി നിലകൊള്ളേണ്ടയാളാണു സാഹിത്യകാരന്. മാനവികമായിപ്പോലും നില്ക്കുന്നില്ല എന്നുള്ള സങ്കടമാണിപ്പോള്‍ ഉള്ളത്.
രാഷ്ട്രീയമുള്ള എഴുത്തുകാരനാവാന്‍ സദാ പ്രസ്താവനകള്‍ നടത്തണമെന്നില്ല: അബിന്‍ ജോസഫ്
എം. ടി. വാസുദേവന്‍ നായര്‍ക്ക് എതിരെയുള്ള ആരോപണം സാമൂഹ്യപ്രശ്നങ്ങളുണ്ടാകുമ്പോള് ഇടപെടുന്നില്ല എന്നാണ്. കല സാവിത്രിയിലെ കവി ഇത്തരമൊരാശയത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ?
എഴുത്തുകാര്‍ എല്ലാ സാമൂഹ്യപ്രശ്നങ്ങളിലും പ്രതികരിക്കണം എന്നു പറയുന്നതില്‍ എന്തു ലോജിക്കാണുള്ളത് എന്നു മനസിലാകുന്നില്ല. എം. ടി.ക്കു ചെയ്യാനാകുന്ന കാര്യം എഴുതുക എന്നതാണ്. അദ്ദേഹം അതു നന്നായി ചെയ്തിട്ടുണ്ട്. എല്ലാ സാമൂഹ്യപ്രശ്നങ്ങളിലും പ്രതികരിക്കാന്‍ എങ്ങനെയാണ് ഒരെഴുത്തുകാരന് ബാധ്യസ്ഥനാകുന്നത്. എഴുത്തുകാരന് അറിയാവുന്നത് എഴുത്തിലൂടെയല്ലേ പ്രകടിപ്പിക്കാന്‍ കഴിയൂ. അതുകൊണ്ടാണല്ലോ എഴുത്തുകാരന് എന്നറിയപ്പെടുന്നത്.
സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന തരത്തില്‍ സമൂഹത്തില്‍ ഇടപെടാത്തിടത്തോളം, ഒരു സാഹിത്യകാരന്, അയാളുടെ എഴുത്താണ് അയാള്‍ക്കറിയാവുന്ന ജോലിയെങ്കില്‍, ആ എഴുത്തുതുടരുക. അതിനപ്പുറം എല്ലാ സാമൂഹ്യപ്രശ്നങ്ങളിലും പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്യണമെന്നു പറയുന്നതിനോടു യോജിപ്പില്ല. അതിന്റെ ആവശ്യവുമില്ല. പ്രതികരിക്കാന്‍ തോന്നുന്നിടത്തു പ്രതികരിക്കുക. അല്ലെങ്കില്‍ തന്റെ എഴുത്തിലൂടെ പ്രതികരിക്കുക.
കവിത കല സാവിത്രിയെ സംബന്ധിച്ച് making ആണോ happening ആണോ?
കവിത എഴുതിപ്പോകുന്നതാണ്. എഴുതാന്‍ കഴിയാതെ ഇരിക്കാനാകാത്ത അവസ്ഥയില്‍ മാത്രമാണ് ഞാനെഴുതുന്നത്. എഴുതാതിരിക്കാന്‍ കഴിയുമെങ്കില്‍ എഴുതാതിരിക്കുന്ന ആളാണു ഞാന്‍.
കല സാവിത്രി ഒരു കവിയാണോ കവിത എഴുതുന്ന ആളാണോ?
കവികളും കവിത എഴുതുന്നവരുമുണ്ട്. എന്റെ കാര്യം പറയുകയാണെങ്കില്‍, കവിത എഴുതിക്കളായാമെന്നു ചിന്തിച്ച് ഇതുവരെ എഴുതിയിട്ടില്ല. നേരത്തേ പറഞ്ഞതുപോലെ എഴുതാതിരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എഴുതിപ്പോയവയാണ് ഇവയെല്ലാം.
സംഗീതമാണ് ഊര്‍ജം: സിതാര
പ്രഥമകാവ്യസമാഹാരം പുറത്തിറങ്ങുമ്പോഴുള്ള മാനസികമായ വികാരം എന്താണ്?
ഏറെ സന്തോഷം തോന്നുന്നു. ഈ കുറിപ്പുകള്‍ സമാഹാരമായി പുറത്തുവരുമെന്നു വിചാരിച്ച് എഴുതിയതല്ല. അതിനുവേണ്ടി മനഃപൂര്‍വം ശ്രമങ്ങളും നടത്തിയിട്ടില്ല. രത്നവുമായി പോയ കുട്ടിയുടെ കഥയാണ് ഈ കാര്യം പറയുമ്പോള്‍ ഓര്‍മ്മവരുന്നത്. കുട്ടി രത്നവ്യാപാരിയുടെ അടുത്തെത്തുമ്പോഴാണ് അതു രത്നമാണെന്നു തിരിച്ചറിയുകയും അതിന്റെ യഥാര്‍ത്ഥ മൂല്യം പുറത്തുവരികയും ചെയ്യുന്നത്.
കല സാവിത്രിയുടെ ഇതുവരെയുള്ള ജീവിതത്തില്‍, കൈയിലിരിക്കുന്നതു കരിക്കട്ടയാണ്, മാണിക്യമല്ല, ഇതു പുറത്തുകാണിക്കാന്‍ പറ്റാത്തതാണ് എന്ന തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
പുറത്തുകാണിക്കാന്‍ പറ്റുന്നതാണ് എന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. കവിത എഴുത്തിനെ വീട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ല. അവര്‍ പരിഗണിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെ എഴുതിയതില്‍ അറുപതുശതമാനത്തോളം എന്റെ കൈയില്‍ ഇല്ല എന്നുതന്നെ പറയാം. എഴുതി പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹവും ഇല്ലായിരുന്നു.
ആനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം എന്തായിരുന്നു?
എന്റെ ലേഖനം ആദ്യമായി മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നത് ഞാന്‍ മുന്‍കൈ എടുത്തിട്ടല്ല. മാധ്യമത്തിലെ അനുശ്രീ എന്നെ വിളിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ എഴുതിക്കൊടുത്തതാണ്. അതു വായിച്ചിട്ടു പലരും എന്നെ വിളിച്ചു. നല്ല ഭാഷ, നല്ല എഴുത്ത് എന്ന് അഭിപ്രായം പറഞ്ഞു. തീര്‍ച്ചയായും അതുകേട്ടപ്പോള്‍ സന്തോഷം തോന്നി. അന്ന് എന്റെ എഴുത്തില്‍ അഭിമാനം തോന്നിയിട്ടുണ്ട്.
അതിനുമുമ്പേ, കൗമാരപ്രായത്തില്‍ ആകാശവാണിയില്‍ എന്റെ എഴുത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്ത കാലമാണ്. സ്ഥിരമായി ആകാശവാണി കേള്‍ക്കുന്ന കാലം. യുവവാണിയിലെ ശാസ്ത്രഭാവന എന്ന പരിപാടിയിലേയ്ക്ക് കൗതുകത്തിന് അയച്ചുകൊടുത്തതാണ്. ആദ്യമായി അയച്ചുകൊടുത്ത രചന.
അതു തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, അതു റേഡിയോയില്‍ കേട്ടപ്പോള്‍ പിന്നീട് മാധ്യമത്തില്‍ ആദ്യലേഖനം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ സന്തോഷമുണ്ടായില്ല. കാരണം അന്നതിനെ പ്രോത്സാഹിപ്പിക്കാേനാ ഇതു നല്ല കാര്യമാണെന്നു പറയാനോ ആരുമുണ്ടായിരുന്നില്ല. പതിനഞ്ചോ പതിനാറോ വയസുമാത്രമുണ്ടായിരുന്ന കാലത്ത് ആകാശവാണിയില്‍ എന്റെ എഴുത്തുവന്നതിലെ മനോഹാരിത അറിയാനാകാത്തതുകൊണ്ട് പിന്നീടൊരിടത്തേയ്ക്കും രചനകള്‍ അയച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം മാധ്യമം ആവശ്യപ്പെട്ടപ്പോഴാണ് ലേഖനം നല്‍കുന്നത്. അതിനുശേഷം തുടര്‍ച്ചയായി പല ആനുകാലികങ്ങളും രചനകള്‍ ആവശ്യപ്പെടുകയും അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല: കെപി രാമനുണ്ണി
രണ്ടുവര്‍ഷത്തില്‍ താഴെ മാത്രമേ ആയുള്ളൂ കളം വാര്‍ത്താപത്രിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ, എഡിറ്റോറിയലുകളെക്കുറിച്ച് വളരെ ശക്തമായ അഭിപ്രായം കേള്‍ക്കുന്നു. എഡിറ്റോറിയലുകള്‍ എഴുതുമ്പോള്‍ എന്താണ് ശ്രദ്ധിക്കുന്നത്?
എഡിറ്റോറിയലുകള്‍ സമൂഹത്തിന് സന്ദേശം പകരുന്നതാകണം എന്ന് എപ്പോഴും കരുതാറുണ്ട്. പുതിയ തലമുറയെ, യുവാക്കളെ, കുട്ടികളെ കേന്ദ്രീകരിച്ചാണ് എപ്പോഴും എഴുതാന്‍ ശ്രമിക്കാറുള്ളത്. അതില്‍ ഏറ്റവും ശ്രദ്ധ കൊടുക്കാറുള്ളത് കുട്ടികള്‍ക്കാണ്. എനിക്കു തോന്നിയിട്ടുള്ളത് നമ്മുടെ സാമൂഹ്യചുറ്റുപാടില്‍ ഏറ്റവും കൂടുതല്‍ അരികുവല്ക്കരിക്കപ്പെടുന്നത് കുട്ടികളും പ്രകൃതിയും സ്ത്രീകളുമാണെന്നാണ്. കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ കിട്ടാത്തതാണ്, സ്നേഹിക്കപ്പെടാതെ പോകുന്നതാണ് സമൂഹം നേരിടുന്ന വലിയ പ്രശ്നം.
കുറച്ചുകൂടി കരുതല്‍ കുട്ടികള്‍ക്കു കൊടുത്താല്‍ അതു സമൂഹത്തിന് ഏറെ ഗുണപ്രദമാകുമെന്നു തോന്നിയിട്ടുണ്ട്. നാസ്കോമിന്റെ നിരീക്ഷണം ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം പരിശീലനം സിദ്ധിക്കാത്ത യുവാക്കള്‍ ആണെന്നതാണ്. യുവാക്കളുടെ ഇടയിലുള്ള നൈപുണ്യശോഷണമാണ് വികസനത്തിനു തടസം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെയും യുവാക്കളെയും വിദഗ്ധരാക്കുന്ന തരത്തിലേയ്ക്ക് വിദ്യാഭ്യാസം നവീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് Theater in education വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം എഡിറ്റോറിയലുകളില്‍ ആവര്‍ത്തിച്ച് ഉള്‍പ്പെടുത്തുന്നത്.
പേരില്‍ ‘കല’യുണ്ട്. സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്?
പേരിലെ കല എഴുത്തിലുണ്ടോ എന്നറിയില്ല. പേരിലെ കല പേരില്‍ മാത്രമേയുള്ളൂ. പക്ഷേ, പേരങ്ങനെ അല്ലായിരുന്നെങ്കിലും ഞാന്‍ എഴുതുമായിരുന്നു. ഞാന്‍ ജീവിച്ചുവന്ന സാഹചര്യങ്ങളും വായനാവഴികളും അനുഭവങ്ങളും എഴുതാതിരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പേരും എഴുത്തും തമ്മില്‍ ബന്ധമൊന്നുമില്ല.
കളം ഒരു തിയറ്റര്‍ സ്ഥാപനമാണ്. തിയറ്ററുമായുള്ള ബന്ധം, തിയറ്ററിന്റെ ദൗത്യം, മലയാളത്തില്‍ സ്വകാര്യമേഖലയില്‍ ഇറങ്ങുന്ന ആദ്യത്തെ തിയറ്റര്‍ പബ്ലിക്കേഷനായ കളം വാര്‍ത്താപത്രിക. ഇതിനെ എങ്ങനെയാണു വിശദീകരിക്കാന്‍ പറ്റുന്നത്?
തിയറ്ററുമായുള്ള ബന്ധം തുടങ്ങുന്നത് കുട്ടിക്കാലത്താണ്. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ കഥകളി കാണാന്‍ കഴിഞ്ഞിരുന്നു. സിനിമയോ നാടകമോ മറ്റു കലാരൂപങ്ങളോ ഒന്നും കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. കഥകളി എന്താണെന്ന് അറിയുംമുമ്പുതന്നെ ആട്ടവിളക്കിനു മുന്നില്‍ ഇരുത്തപ്പെടുകയും കാണുകയും ചെയ്തിരുന്നു.
നിരന്തരം കഥകളി കാണുന്നതിലൂടെ, കൂടുതല്‍ അറിയാനുള്ള ശ്രമത്തിലൂടെ, ആ കലാരൂപത്തോട് ഇഷ്ടമുണ്ടാകുകയും ചെയ്തു. തിയറ്ററിനോടുള്ള അടുപ്പം അങ്ങനെയാണുണ്ടാകുന്നത്. നാടകത്തോടുള്ള അടുപ്പം തുടങ്ങുന്നത് പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’ നാടകം വായിച്ചതിനുശേഷമാണ്. അതിനൊരു ആസ്വാദനം എഴുതുകയുണ്ടായി. പിന്നീടാണു നാടകങ്ങള്‍ കൂടുതല്‍ വായിക്കുകയും കാണുകയും ചെയ്തത്.
കഥകളി എന്ന, പ്രത്യേകതരത്തില്‍ മാത്രം അടച്ചുറപ്പിച്ചുവച്ചിരിക്കുന്ന തിയറ്റര്‍ ഫോമില്‍നിന്നും നാടകത്തിനുള്ള സാധ്യതളെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍ കാണുകയും വായിക്കുകയും ചെയ്തപ്പോഴാണു കൂടുതല്‍ മനസിലായത്. കളം പോലൊരു തിയറ്റര്‍ സ്ഥാപനത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തപ്പോള്‍ Theater in education എന്ന മേഖല എത്രമാത്രം ഒരു കരിക്കുലത്തെ സഹായിക്കും എന്നതിന്റെ സാധ്യതകളെക്കുറിച്ചു ചിന്തിച്ചു. അത് കൂടുതല്‍ ഉപയോഗപ്രദമായ ഒന്നാണെന്നു മനസിലാക്കി. കളം സ്ഥാപിച്ചു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞപ്പോള്മുതല് പോസിറ്റീവായ തലങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അതു കളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കി നടത്താന്‍ സഹായിച്ചു.
സ്നേഹ നഷ്ടങ്ങള്‍ പലിശ കിട്ടിയ ഏകാകി: പ്രശാന്ത് നാരായണന് സംസാരിക്കുന്നു
തിയറ്റര്‍ പ്രൊഡക്ഷന്‍ ഹൗസ്, ആക്ടിങ് സ്കൂള്‍, പബ്ലിക്കേഷന്‍സ് എന്നിങ്ങനെ കളത്തിനെ മൂന്നു വിഭാഗങ്ങളായി തിരിച്ചു. മലയാളത്തിലെ ആദ്യത്തെ തിയറ്റര്‍ മാഗസിന് എന്ന നിലയില്‍ കളം ബുള്ളറ്റിന് ഏറെ വായനാശ്രദ്ധനേടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. അതു കൂടുതല്‍ പ്രചോദനമേകി. രണ്ടുവര്‍ഷം കളത്തിന്റെ ബുള്ളറ്റിന് നല്ല രീതിയില്‍ പുറത്തിറക്കാന്‍ സാധിച്ചു. അതുപോലെ തന്നെ പ്രൊഡക്ഷന്‍ ഹൗസ്. ആദ്യ പ്രൊഡക്ഷനായ ‘മഹാസാഗരം’ ദേശീയ-അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ അവതരിപ്പിച്ചു. കളത്തില്‍ നടത്തിയ കുട്ടികളുടെ ക്യാമ്പും വന്‍വിജയമായിരുന്നു.
എഴുത്തുവഴിയിലെ ഇന്ധനം?
ഇതുവരെ എഴുതിയ എല്ലാത്തിലും എനിക്കു കിട്ടിയിട്ടുള്ള ഇന്ധനം, എനിക്കു ലഭിച്ച ജീവിതാനുഭവങ്ങളാണ്. തിരസ്കാരങ്ങളും അരികുവല്ക്കരണങ്ങളുമാണ് മിക്കവയുടെയും ഇന്ധനം. അതുകൊണ്ടുതന്നെ ഏറെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പ്രകൃതി, ദളിതുകള്‍, ആദിവാസികള്‍, സ്ത്രീ, കുട്ടികള്‍ എന്നിവര്‍ അനുഭവിക്കുന്ന ദുഃഖങ്ങളാണ് മിക്കവാറും എന്റെ എഴുത്തിനു പ്രചോദനമായിട്ടുള്ളത്. രണ്ടുവരിയില്‍ എഴുതുമ്പോഴും പത്തുവരിയില്‍ എഴുതുമ്പോഴും ഇവരുടെ പ്രശ്നങ്ങള്‍ പറയുന്നതും അതുകൊണ്ടാണ്.
Comments are closed.