കല്യാണ വീഡിയോ എഡിറ്ററില്‍ നിന്ന് അമല്‍ ഡേവിസിലേക്ക്, ഇത് സംഗീതിന്റെ സമയം!
മലയാള സിനിമ വീണ്ടുമൊരു സുവര്‍ണകാലത്തിലൂടെ കടന്നുപോകുകയാണിപ്പോള്‍. മോളിവുഡ് അറ്റ് ഇറ്റ്സ് ബെസ്റ്റ് എന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ഒരുപിടി നല്ല സിനിമകള്‍ കേരളക്കരയ്ക്ക് പുറത്തും ചര്‍ച്ചയാകുകയാണ്. സിനിമ സ്വപ്നം കണ്ട് നടന്ന, പിന്നണിയില്‍ നിന്ന് ഇപ്പോള്‍ വെള്ളിത്തിരയിലേക്കെത്തി, പ്രേക്ഷക സ്വീകാര്യത നേടിയ ഒരാളുണ്ട്. പ്രേമലുവില്‍ അമല്‍ ഡേവിസായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന സംഗീത് പ്രതാപ്. കല്യാണ വീഡിയോ എഡിറ്ററായി തുടങ്ങി ഇങ്ങ് പ്രേമലു വരെയെത്തി നില്‍ക്കുകയാണ് സംഗീത്. സംഗീതിന്റെ സിനിമാവിശേഷങ്ങളിലേക്ക് മൈഥിലി കടന്നുചെല്ലുന്നു.
പ്രേമലു ഇതാ തെലുങ്കിലേക്കും…അതിര്‍വരമ്പുകള്‍ ഭേദിച്ചങ്ങ് കുതിക്കുകയാണ്…
സത്യം പറഞ്ഞാല്‍ എന്താ പറയേണ്ടതെന്ന് അറിയില്ല, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീലാണ്, സന്തോഷമുണ്ട്, എക്സൈറ്റ്്മെന്റുണ്ട്. രാജമൗലിയുടെ മകന്‍ വിതരണം ഏറ്റെടുത്തിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്, എന്താണ് തോന്നുന്നത് എന്നൊക്കെ മനസിലാക്കുന്നേയുള്ളൂ എന്ന് വേണമെങ്കില്‍ പറയാം.
ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്… മോളിവുഡിന്റെ ഒരു സുവര്‍ണകാലം… അതിലൊരു ഭാഗമായി…
പ്രേമയുഗം ബോയ്സ് എന്നൊക്കെ പറഞ്ഞുള്ള ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ കണ്ടു. ശരിക്കും മനസ് നിറയുകയാണ്. മമ്മൂക്കയുടെ ഒപ്പം, മഞ്ഞുമ്മല്‍ ബോയ്സ് പോലെ വലിയൊരു ടീമിനൊപ്പം ഒക്കെ നമ്മള്‍ എത്തുകയെന്ന് പറയുന്നത് വലിയ സന്തോഷമാണ്. ആ ഒരു സ്പേസിലേക്ക് നമ്മളെത്തുക, മലയാള സിനിമയുടെ പീക്ക് സിനിമകളുടെ പേരിനൊപ്പം അമല്‍ ഡേവിസും എത്തുമ്പോള്‍ സന്തോഷമല്ലേ. നമ്മള്‍ അത് പ്രതീക്ഷിച്ചിരുന്നതല്ല. സാള്‍ട്ട് & പെപ്പര്‍, ട്രാഫിക് അങ്ങനെ ഒരുപിടി നല്ല സിനിമകള്‍ ഒരുമിച്ചിറങ്ങിയ ഒറു കാലമുണ്ടായിരുന്നു. അന്ന് മനസില്‍ വിചാരിച്ചിരുന്നു, മലയാള സിനിമയുടെ നല്ല കാലമാണല്ലോ എന്ന്. അതേ അവസ്ഥയിലൂടെയാണ് മലയാള സിനിമ ഈ ഫെബ്രുവരിയില്‍ കടന്നുപോകുന്നത്. അതിലൊരു ഭാഗമാകാന്‍ പറ്റി. നല്ലൊരു ഭാഗമാകാന്‍ പറ്റിയെന്നത് സന്തോഷം തരുന്നുണ്ട്.
തീയറ്ററില്‍ നിന്നിറങ്ങിയാലും അമല്‍ ഡേവിസ് എല്ലാവരുടെയും മനസിലുണ്ട്.
തീയറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണുമ്പോള്‍, നമ്മുടെ സീനില്‍ അവര്‍ ചിരിക്കുന്നത് കണ്ടു. സിനിമ കണ്ടിറങ്ങിയവരൊക്കെ നമ്മുടെ പേര് വിളിക്കുകയാണ്, അമല്‍ ഡേവിസേ എന്ന്. ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുകയെന്നത് വലിയൊരു ഭാഗ്യമാണ്. എല്ലാം ഗിരീഷേട്ടന്റെ ബോധ്യമാണ്, നമുക്ക് സംശയം ഉണ്ടായിരുന്നെങ്കിലും ഗിരീഷേട്ടന് എല്ലാത്തിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. വര്‍ക്കാകുമോ എന്ന് പേടിച്ചൊക്കെ ചെയ്ത സീന്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ചത് കണ്ടപ്പോള്‍ വലിയ സന്തോഷമായി.
തണ്ണീര്‍മത്തന്‍ വഴി പ്രേമലുവിലേക്ക്
ഞാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്പോട്ട് എഡിറ്ററായിരുന്നു. ഷമീര്‍ മുഹമ്മദ് എന്ന എഡിറ്ററുടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തിരുന്നു. അവിടെ വെച്ച് യഥാര്‍ഥ ജീവിതത്തില്‍ ഞാനെങ്ങനെയാണ്, മാനറിസം എങ്ങനെയാണെന്നൊക്കെ കണ്ടിട്ടാണ് ഗിരീഷേട്ടന്‍ സിനിമയിലേക്ക് വിളിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ആദ്യം വിളിച്ചത്. പക്ഷേ, ഹൃദയം ഇറങ്ങുന്നതിന് മുമ്പ്, എന്റെ പെര്‍ഫോമന്‍സ് കാണുന്നതിന് മുമ്പ് തന്നെ സൂപ്പര്‍ ശരണ്യയിലേക്ക് ഗിരീഷേട്ടന്‍ വിളിച്ചു, ഞങ്ങളൊരുമിച്ച് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുമുണ്ട്. പ്രേമലുവില്‍ ഒരു മുഴുനീള കഥാപാത്രം തരുന്നത് ഓഡിഷനൊക്കെ ചെയ്ത് തന്നെയാണ്. ഞാന്‍ ഓക്കെയാണെന്ന് തോന്നിയിട്ട് തന്നെയാകണം വിളിച്ചത്..
പിന്നെ കാറോടിക്കാന്‍ എനിക്ക് വലിയ പിടിയില്ലായിരുന്നു. പ്രേമലുവിന് വേണ്ടി സുഹൃത്തിനൊപ്പം കാറോടിക്കാന്‍ പഠിച്ചു. അതല്ലാതെ സിനിമയ്ക്കായി പ്രിപ്പെയര്‍ ചെയ്യരുതെന്നാണ് ഗിരീഷേട്ടന്‍ പറഞ്ഞത്. കാഷ്വലി വരുക, അഭിനയിക്കുക എന്നേ പറഞ്ഞിട്ടുള്ളൂ. ഡയലോഗുകള്‍ എല്ലാം സ്‌ക്രിപ്റ്റിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുമ്പോഴും വിഷ്വലി മനസില്‍ കാണുമായിരുന്നു. പ്രതിമ വീഴുന്നത്, പബ്ബിലെ സീന്‍..അങ്ങനെ ചിലതൊക്കെ മനസില്‍ കണ്ടു. ബാക്കിയെല്ലാം രസകരമായ ഡയലോഗുകള്‍ എന്‍ജോയ് ചെയ്താണ് വായിച്ചത്. എഴുത്തും അങ്ങനെയായിരുന്നു…
നസ്ലിനുമായുള്ള കോംബോ
തണ്ണീര്‍മത്തന്‍ തൊട്ട് നസ്ലിനെ പരിചയമുണ്ട്. അതിന് ശേഷം പത്രോസിന്റെ പടപ്പുകളിലും ഒരുമിച്ച് വര്‍ക്ക് ചെയ്തു, ഞാന്‍ എഡിറ്ററായിരുന്നു. പ്രേമലു എത്തിയപ്പോഴേക്ക് കുറച്ചുകൂടെ അടുത്ത ബന്ധമായി, ഇപ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നത് കാണുമ്പോള്‍ മമിത പറയും, നിങ്ങള്‍ സച്ചിനെയും അമല്‍ ഡേവിസിനെയും പോലെയായി എന്ന്. സിനിമയിലൂടെ ഞങ്ങള്‍ ശരിക്കും അമലും സച്ചിനുമായി മാറുകയായിരുന്നു എന്ന് പറയാം. ആ ബോണ്ട് അത്ര കണക്ടായത്, ഡീപ്പായത് ഒക്കെ സിനിമയ്ക്ക് ശേഷമാണ്. സച്ചിനും അമല്‍ ഡേവിസും ഫ്രണ്ട്ഷിപ്പ് വെച്ചുള്ള ഒരു കോംബോ പോലെ ആളുകള്‍ പറയുമ്പോള്‍ വലിയ സന്തോഷമാണ്.
ഭാവന സ്റ്റുഡിയോസ്…ഒരു ഡ്രീം ടീം…
പല പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും, ഒരു പെര്‍ഫെക്ട് പ്രൊഡക്ഷന്‍ ഹൗസ് എന്ന് പറയാന്‍ പറ്റുന്ന ടീമാണ് ഭാവന സ്റ്റുഡിയോസ്. ശ്യാം പുഷ്‌കരനെയും ദിലീഷ് പോത്തനെയുമൊക്കെ നമ്മള്‍ക്ക് ബഹുമാനമാണ്. നമ്മള്‍ അവരെ ആ ഒരു തലത്തിലാണ് നോക്കിക്കാണുന്നത്. ഷൂട്ടൊക്കെ കഴിയാറായപ്പോഴേക്ക് അടുത്ത ബന്ധമായി. നമുക്ക് തമാശയൊക്കെ പറഞ്ഞ് ചിരിക്കാന്‍ പറ്റുന്ന ഒരാളായി ശ്യാമേട്ടന്‍. നമ്മുടെ സുഹൃത്തുക്കള്‍ക്കൊപ്പം എങ്ങനെയാണോ അതേ ഫീല്‍. ബഹുമാനത്തിനപ്പുറം ഒരു ഈക്വല്‍ സ്‌പേസ് തന്ന് സംസാരിക്കുന്നവരാണ് അവര്‍. ഫ്രണ്ട്ഷിപ്പും ബഹുമാനവും ഒക്കെ ഒരുമിച്ച് തോന്നുന്നവരാണ് ഇപ്പോള്‍ അവര്‍.
കല്യാണ വീഡിയോ എഡിറ്റില്‍ നിന്ന് വെള്ളിത്തിരയിലേക്ക്
ഈ ഒരു യാത്ര ഒരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു എന്ന് പറയാം. കുറേ പരാജയങ്ങള്‍, കുറേ സര്‍പ്രൈസുകള്‍. പ്രതീക്ഷിച്ച പോലെ വിജയിക്കാതെ, പരാജയപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്, അതുപോലെ ആഗ്രഹിക്കാതെ തന്നെ, അല്ലെങ്കില്‍ പ്രതീക്ഷിക്കാതെ വിജയിച്ച സാഹചര്യങ്ങളുണ്ടായി. ഇപ്പോള്‍ സന്തോഷം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം പ്രേമലുവിലൂടെയാണ് കിട്ടിയത്. സമാധാനമുണ്ടായി. കരിയറില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാഗ്രഹിച്ച്, നന്നായി കഷ്ടപ്പെട്ട്, സമയമെടുത്ത് വര്‍ക്കുകളുടെ ഭാഗമായിട്ടുണ്ട്. എഡിറ്റിംഗിലൊക്കെ. പാഷന്റെ പിന്നാലെ നടന്നിട്ടുണ്ട്. ഇപ്പോള്‍ പ്രതീക്ഷിച്ചതിനൊക്കെ അപ്പുറം കിട്ടിയിരിക്കുന്നു. എല്ലാം നമ്മുടെ കയ്യില്‍ അല്ല, എല്ലാം നമ്മുടെ കയ്യിലേക്ക് വന്ന് ചേരുന്നതാണെന്നൊക്കെ മനസിലായത് പ്രേമലു കഴിഞ്ഞപ്പോഴാണ്.
ഞാന്‍ ഭാവി നോക്കി ജീവിക്കുന്നയാളല്ല, പ്രസന്റ്ില്‍ ജീവിക്കുന്നയാളാണ്, കുറച്ചൊക്കെ പാസ്റ്റിലുമെന്ന് പറയാം. കല്യാണവീഡിയോ എഡിറ്റ് ചെയ്യുന്ന സമയത്ത് അതിന്റേതായ കഷ്ടപ്പാടുണ്ടായിരുന്നു, ഒരു ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്യണമെന്നുണ്ടായിരുന്നു. ആഗ്രഹങ്ങളുണ്ട്, പക്ഷേ അതല്ലാതെ, ഒരു ഗോള്‍ സെറ്റ് ചെയ്ത് ജീവിച്ചിട്ടില്ല. ഒഴുക്കിനനുസരിച്ച് പോകുകയെന്നായിരുന്നു.
എന്റെ അച്ഛന്‍ അസോസിയേറ്റ് സിനിമറ്റോഗ്രാഫര്‍ ആയിരുന്നു. അച്ഛന്റെ ബന്ധങ്ങള്‍ വഴി തന്നെയാണ് ഫിലിം ഇന്‍ഡസ്ട്രിയിലേക്കെത്തുന്നത്. ഷമീര്‍ മുഹമ്മദ് എന്ന എഡിറ്ററുടെ അടുത്തേക്കെത്തുന്നത് അങ്ങനെയാണ്. സ്പോട്ട് എഡിറ്ററായും അസോസിയേറ്റ് എഡിറ്ററായും ഷമീര്‍ക്കയോടൊപ്പം ഒരു പത്തോളം സിനിമകളില്‍ വര്‍ക്ക് ചെയ്തു. ഒട്ടും ശ്രമിക്കാതെ, തികച്ചും യാദൃശ്ചികമായാണ് അഭിനയത്തിലേക്കെത്തുന്നത്. അതൊരു കുറവായി തന്നെ പറയുകയാണ്. വന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തു എന്നേയുള്ളൂ.
അഭിനയം / എഡിറ്റിംഗ്? ഭാവിയിലേക്ക് എന്തെങ്കിലും തീരുമാനം?
ഒരു ബാലന്‍സ് വേണമെന്നാണ് ആഗ്രഹം. വെറുതെ ഇരിക്കുകയെന്നത് വലിയ പ്രശ്‌നമുള്ളയാളായിരുന്നു ഞാന്‍. എപ്പോഴും എന്തേങ്കിലും ജോലി വേണം. ഫ്രീയായി ഇരുന്നാല്‍, ദൈവമേ പണിയില്ലല്ലോ എന്ന പേടിയാണ്. പക്ഷേ, ഇപ്പോള്‍ അത് മാറി. ചെയ്യുന്ന പ്രോജക്ടുകളുടെ എണ്ണത്തിലല്ല, ക്വാളിറ്റിയില്‍ ശ്രദ്ധിക്കണം. എഡിറ്റാണെങ്കിലും അഭിനയമാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാകണം. വളരെ കുറച്ചാണെങ്കിലും നല്ലത് ചെയ്യണമെന്നാണ് ആഗ്രഹം. ഉറപ്പായിട്ടും, എഡിറ്റും അഭിനയവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. പതിയെ സമയമെടുത്താണെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. സംവിധാനം ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. അതും ചെയ്യണമെന്നൊക്കെയുണ്ട്.
ക്യാമറയ്ക്ക് മുന്നിലാണോ അതോ ക്യാമറയ്ക്ക് പിന്നിലാണോ ഇഷ്ടം
എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായത് എഡിറ്റിംഗാണ്. പക്ഷേ, നമ്മളെത്ര നല്ല പ്രോജക്ടുകള്‍ ചെയ്താലും, അത് ആളുകളിലേക്ക് എത്തുകയെന്നത് പാടാണ്. നമ്മളെ തിരിച്ചറിയുക എന്നത് പാടാണ്. നേരേ തിരിച്ച്, ഒട്ടും കംഫര്‍ട്ടല്ലാതെ, പേടിച്ച് ചെയ്യുന്ന കാര്യമാണ് അഭിനയം, പക്ഷേ പ്രേക്ഷകരിലേക്കെത്തുമ്പോള്‍ വലിയ സ്വീകാര്യത കിട്ടുന്നു. ഇതുവരെ അഭിനയം കംഫര്‍ട്ടബിളല്ലായിരുന്നു, പക്ഷേ, ഇപ്പോള്‍ ആളുകളുടെ റെസ്പോണ്‍സൊക്കെ കാണുമ്പോള്‍ അഭിനയത്തിലും കോണ്‍ഫിഡന്‍സ് വന്ന് തുടങ്ങിയിട്ടുണ്ട്.
നല്ല ടീം അല്ലെങ്കില്‍ നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് ഇനി മുന്നില്‍. എടുത്താല്‍ പൊങ്ങുന്ന ക്യാരക്ടര്‍ ആണോയെന്ന് നോക്കി ചെയ്യുക എന്നതേ ഇനി മുന്നിലുള്ളൂ.
സിനിമാലോകത്ത് നിന്നുള്ള റെസ്പോണ്‍സ്
സിനിമ കണ്ട് സിനിമാലോകത്ത് നിന്ന് കുറേപേര്‍ വിളിച്ചു. നമ്മളെ സിനിമയിലേക്ക് അടുപ്പിച്ച, നമ്മളൊക്കെ ആരാധിക്കുന്നവര്‍ വിളിച്ചു. ഫാസില്‍ സാര്‍ വിളിച്ചു, അപ്പോള്‍ ഇമോഷണല്‍ ആയിപ്പോയി. സിനിമാ ആഗ്രഹങ്ങള്‍ നമ്മളിലുണ്ടാക്കിയ ആളാണ്..അവരൊക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞത് സന്തോഷമായി. ദിലീപേട്ടന്‍, ജൂഡ് ആന്റണി, സൗബിക്ക ഇവരൊക്കെ വിളിച്ചു…അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു ഇവരൊക്കെ മെസേജയച്ചു.
സിനിമ നല്ലതെന്നൊക്കെയുള്ള അഭിപ്രായം വന്നപ്പോഴേ, സിനിമ കാണും മുമ്പ് തന്നെ വിനീതേട്ടന്‍ വിളിച്ചു. പിന്നീട് സിനിമ കണ്ടുകഴിഞ്ഞ ശേഷവും വിളിച്ചു. ഇതൊക്കെ സന്തോഷമായി.
Also Read: പി എസ് സിക്ക് പകരം യൂട്യൂബ് നോക്കി വീഡിയോ എഡിറ്റിങ് പഠിച്ചു, സംസ്ഥാന സിനിമാ അവാര്‍ഡ് കൂടെപ്പോന്നു
കല്യാണ വീഡിയോ എഡിറ്ററില്‍ നിന്ന് അമല്‍ ഡേവിസിലേക്ക്, ഇത് സംഗീതിന്റെ സമയം!
Comments are closed.