അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍

രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ് കൊണ്ട് അദ്ദേഹം നിര്‍ത്തിയില്ല. ഒരു കാലത്ത് കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഏടാകൂടം എന്ന കളിപ്പാട്ടത്തെ ഏറ്റവും വലിപ്പത്തില്‍ നിര്‍മ്മിച്ച് അടുത്ത ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡും അദ്ദേഹം നേടി.

ലണ്ടന്‍, ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പ്രദര്‍ശനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം വരച്ച് നാഷണല്‍ അവാര്‍ഡ് അദ്ദേഹം നേടി. നല്ല കലാ സംവിധായകനുള്ള സംസ്ഥാന സിനിമ അവാര്‍ഡ് ജേതാവുമാണ് അദ്ദേഹം.

ചിത്ര കലയോട് താല്‍പര്യമുള്ളവര്‍ക്ക് ആരുടെ അടുത്തും പോയി പഠിക്കാതെ സ്വയം പഠിച്ച് വലിയ ചിത്രകാരനായി തീരാം എന്ന് തെളിയിച്ച ആര്‍ട്ടിസ്റ്റ് രാജശേഖരന്‍ പരമേശ്വരന്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ രാജശേഖരന്‍ മുതുകുളവുമായി പങ്കുവയ്ക്കുന്നു.

അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍
ആര്‍ട്ട് ഡയറക്ടറും പെയിന്ററുമായ രാജശേഖരന്‍ പരമേശ്വരന്‍

ചിത്ര രചന പഠിയ്ക്കാതെ ചിത്രകാരനും കലാസംവിധായകനുമായ വ്യക്തിയാണ് രാജശേഖന്‍ പരമേശ്വരന്‍. അതിനെ കുറിച്ച് ഒന്ന് പറയാമോ?

പെയിന്റിംഗിനോടുള്ള എന്റെ അമിതമായ താല്‍പര്യമാണ് അതിന് കാരണം. നല്ല ചിത്രകാരന്‍മാരുടെ പെയിന്റിംഗുകള്‍ കണ്ടിട്ട് അവയുടെ ഓരോന്നിന്റേയും കളര്‍ സ്‌കീമുകള്‍ മനസ്സിലാക്കി. പഠിപ്പിക്കാന്‍ ആള്‍ക്കാരില്ലാത്തപ്പോള്‍ എല്ലാ കാര്യങ്ങളും നാം തനിയെ പഠിച്ചേ പറ്റൂ. അങ്ങനെ എനിക്ക് അറിയാവുന്ന കളര്‍ സ്‌കീമുകള്‍ വച്ച് എനിക്ക് അറിയാവുന്ന രീതിയില്‍ സ്വയം വരച്ചു പഠിക്കുകയായിരുന്നു. ഒരു ചിത്രകാരനാകണമെന്ന് അവനവന് തന്നെ ഒരു തോന്നല്‍ ഉണ്ടായാല്‍ വരച്ചു പഠിക്കും. ഒരു കലാകാരന്റേയും കൂടെ പോകാതെ തനിയെ വരച്ചു പഠിയ്ക്കുകയായിരുന്നു. വരയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ തനിയെ തിരുത്തുകയും ചെയ്യും.

ചെറിയ ചിത്രങ്ങള്‍ നോക്കി വരയ്ക്കുമ്പോള്‍ ഗ്രാഫ് വച്ചാണ് വലുതാക്കുന്നത്. അത് താങ്കള്‍ എങ്ങനെ മനസ്സിലാക്കി?

പന്ത്രണ്ടാം ക്ലാസില്‍ പഠിയ്ക്കുന്നതുവരെ എനിക്ക് ഗ്രാഫിനെ കുറിച്ച് ഒന്നും അറിഞ്ഞു കൂടായിരുന്നു. ഓരോ ചിത്രങ്ങള്‍ കണ്ട് വരയ്ക്കും. ഏകദേശം ശരാശരിയാകുമെന്നേയുണ്ടായിരുന്നുള്ളൂ. ഞാന്‍ കണക്കിന് മിടുക്കന്‍ ആയിരുന്നു. കണക്കിന് മുഴുവന്‍ മാര്‍ക്കും വാങ്ങണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. നൂറില്‍ നൂറ് മാര്‍ക്കും ഞാന്‍ വാങ്ങും. കണക്ക് എനിക്ക് വലിയ തിട്ടമാണ്.

എന്റെ ഒരു സുഹൃത്തിന്റെ ചേച്ചിക്ക് ഗള്‍ഫില്‍ വീട് വയ്ക്കുവാന്‍ ഗള്‍ഫിലുള്ള ഒരു എന്‍ജിനീയര്‍ പ്ലാന്‍ വരച്ചു കൊടുത്തു. ഞാന്‍ ചിത്രങ്ങള്‍ നോക്കി വരയ്ക്കുന്നത് എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. അദ്ദേഹം എന്റടുത്ത് വന്ന് ഗള്‍ഫിള്‍ നിന്നും അയച്ചു കൊടുത്ത പ്ലാന്‍ എന്റെ കൈയില്‍ തന്നിട്ട് അതുനോക്കി പകര്‍ത്തി കൊടുക്കുവാന്‍ പറഞ്ഞു. ഒരു ഗ്രാഫ് പേപ്പര്‍ വാങ്ങിച്ചിട്ട് ആ പ്ലാന്‍ അതുപോലെ തന്നെ പകര്‍ത്തി കൊടുത്തു.

അത് പകര്‍ത്തി കൊടുത്തു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് ഗ്രാഫിലേക്ക് ഇമേജിനെ പകര്‍ത്തുവാനുള്ള ശ്രമമായി. പിന്നീട് അന്നു മുതല്‍ രാത്രിയും പകലും അതുതന്നെയായിരുന്ന ജോലി. മൂന്നു മില്ലി മുതല്‍ അഞ്ചു മില്ലി വരെ ഗ്രാഫിടുക. അതുപോലെ ഗ്രാഫില്‍ പടം വരയ്ക്കുക ഇതുതന്നെയായിരുന്നു ജോലി. പിന്നെപ്പിന്നെ പടത്തിന്റെ ഡീറ്റൈല്‍ ഉള്ളതു പോലെ ഗ്രാഫിടാനും വരയ്ക്കാനും പഠിച്ചു. പതിനേഴാം വയസ്സിലാണ് ഞാന്‍ ഗ്രാഫിട്ട് വരച്ചു തുടങ്ങുന്നത്. വീട്ടുകാര്‍ക്ക് ആര്‍ക്കും ചിത്രരചനയോട് ഒരു താല്‍പര്യവും ഇല്ലായിരുന്നു.

ഞാന്‍ അദ്ധ്യാപകന്‍ ആകണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഞാന്‍ വിദ്യാഭ്യാസവും ചിത്ര രചനയും തുടര്‍ന്നു. ഗ്രാഫിട്ട് ഞാന്‍ ചിത്രങ്ങള്‍ നന്നായി വരച്ചു. ചിത്രങ്ങള്‍ നന്നായി വരയ്ക്കുമെങ്കിലും പെയിന്റിംഗ് അറിയില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞാണ് ഞാന്‍ പെയിന്റിംഗ് തുടങ്ങിയത്. മറ്റു ചിത്രങ്ങളുടെ കളറിംഗ് നന്നായി മനസ്സിലാക്കി ഞാന്‍ കളറിംഗ് ചെയ്തു തുടങ്ങി.

പെയിന്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ലൈറ്റും ഡാര്‍ക്കും അതിന്റെ മാക്‌സിമം എഫക്ടും ഫിനിഷ് ചെയ്ത് പെയിന്റിംഗ് തുടങ്ങി. ഗുരുക്കന്‍മാരില്ലാത്ത പഠനമായതിനാല്‍ എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയിന്റിംഗ് ചെയ്യാമായിരുന്നു.

അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍
ആര്‍ട്ട് ഡയറക്ടറും പെയിന്ററുമായ രാജശേഖരന്‍ പരമേശ്വരന്റെ മേപ്പിള്‍സ് എന്ന ചിത്രം

പെയിന്റിംഗ് തുടങ്ങിയപ്പോള്‍ ഏത് കളറാണ് ഉപയോഗിച്ചു തുടങ്ങിയത്?

ആദ്യം ഇനാമലാണ് ഉപയോഗിച്ചു തുടങ്ങുന്നത്. വിലകുറഞ്ഞ ഇനാമല്‍ വീടിനടുത്തുള്ള കടകളില്‍ തന്നെ വാങ്ങാന്‍ കിട്ടുമായിരുന്നു. ക്യാന്‍വാസിലൊന്നുമല്ല പെയിന്റിംഗ് തുടങ്ങിയത്. ഫ്രെയിമില്‍ നന്നായി തുണി അടിച്ച് അതില്‍ പ്രൈമര്‍ അടിച്ച് ഉണക്കിയിട്ട് അതിന്റെ പുറത്താണ് പെയിന്റിംഗ് തുടങ്ങുന്നത്. ഇനാമല്‍ വച്ച് പല പടങ്ങളും ഞാന്‍ വരച്ചു നോക്കി. ഇനാമല്‍ കൊണ്ടുള്ള കളറിംഗ് നന്നായി പഠിച്ചതിനുശേഷം ആദ്യം ചെയ്യുന്നത് നടി മേനകയുടെ പടമാണ്. ആഗ്രഹം എന്ന സിനിമയുടെ പോസ്റ്ററിലുള്ള പടം ഞാന്‍ വലുതായിട്ട് പെയിന്റ് ചെയ്തു.

ഓയില്‍ പെയിന്റിംഗ് എന്നാണ് തുടങ്ങുന്നത്?

ഓയില്‍ പെയിന്റിംഗ് തുടങ്ങുന്നത് 27 വയസ്സ് കഴിഞ്ഞിട്ടാണ്. ഇനാമല്‍ കൊണ്ടുള്ള പെയിന്റിംഗ് തുടങ്ങി ഏഴ് വര്‍ഷം കഴിഞ്ഞാണ് ഓയില്‍ പെയിന്റിംഗ് തുടങ്ങുന്നത്. ഓയില്‍ കളറിനെ കുറിച്ചും ക്യാന്‍വാസിനെ കുറിച്ചും നന്നായി മനസ്സിലാക്കിയിട്ടാണ് ഓയില്‍ പെയിന്റിംഗ് ചെയ്തു തുടങ്ങുന്നത്.

വരയ്ക്കുമ്പോള്‍ ഫോട്ടോഗ്രാഫിയും മറ്റു ചില ചിത്രങ്ങളും സഹായിക്കുന്നുണ്ട്. ഇല്ലേ?

അതെ. നല്ല ഫോട്ടോ കിട്ടിയാല്‍ വളരെ വേഗം വരയ്ക്കാം. ഫോട്ടോ ചെറുതായാലും വലുതായാലും കുഴപ്പമില്ല. ഫോട്ടോ നല്ല ലൈറ്റിലും ഷെയ്ഡിലും ഉള്ളതാണെങ്കില്‍ വരയ്ക്കുന്ന ചിത്രത്തിന്റേയും ഭംഗി കൂടി. നല്ല ഫോട്ടോ കിട്ടിയാല്‍ നല്ല സ്റ്റൈലില്‍ ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കും. പല കലാകാരന്‍മാരുടേയും നല്ല ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വരച്ചിട്ടുള്ളത്. കാവാലം നാരായണപ്പണിക്കരെ ഞാന്‍ അറിയില്ലായിരുന്നു. ഏതോ ഒരു പത്രത്തില്‍ അദ്ദേഹത്തിന്റെ നല്ലൊരു ഫോട്ടോ കണ്ടു. അതു നോക്കി ഞാന്‍ നല്ലൊരു പോര്‍ട്രെയ്റ്റ് ചെയ്തു.

നല്ല ഫോട്ടോ കിട്ടുമ്പോള്‍ തന്നെ എനിക്ക് നല്ലൊരു ഇമേജ് മനസ്സില്‍ പതിയും ഫോട്ടോയുടെ ലൈറ്റിംഗ് സ്‌കീം കാണുമ്പോള്‍ വരയ്‌ക്കേണ്ട ചിത്രത്തിലെ നിഴലും വെളിച്ചവും അവയുടെ വര്‍ണങ്ങളും മനസ്സില്‍ തെളിയും. അതനുസരിച്ച് പെയിന്റ് ചെയ്യും. പോര്‍ട്രെയ്റ്റ് ചെയ്യാന്‍ ഫോട്ടോ ഒരുപാട് ഉപകരിക്കും. ഒരു ആളിനെ നോക്കിയാണല്ലോ വരയ്‌ക്കേണ്ടത്. വരയ്‌ക്കേണ്ട ആളിന്റെ ഗുണം അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് കിട്ടും. നമ്മള്‍ മറക്കാതെ നമ്മുടെ മനസ്സില്‍ ഓരോന്നും എത്തിയ്ക്കുന്നത് ഫോട്ടോഗ്രഫി തന്നെയാണ്.

തലമുടിയും മീശയും കണ്‍പീലിയും എല്ലാം ഒര്‍ജിനല്‍ പോലെയാണല്ലോ താങ്കള്‍ വരയ്ക്കുന്നത്. അതിനെക്കുറിച്ച് ഒന്ന് പറയാമോ?

കണ്‍പുരികങ്ങളും തലമുടിയും ഒറിജിനല്‍ പോലെ തോന്നും വിധം വരയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ഫോട്ടോയിലുള്ളത് അതുപോലെ ചിത്രീകരിക്കാനാണ് ഞാന്‍ നോക്കുന്നത്.

ഒരിക്കല്‍ ഒരു ലോക്കല്‍ ആര്‍ട്ടിസ്റ്റ് ആരുടെയോ അടുത്തു പറഞ്ഞുവത്രേ, രാജശേഖരന് ഐബ്രോ വരയ്ക്കുവാന്‍ അറിഞ്ഞുകൂടാ അയാള്‍ ഒറ്റ കളര്‍ പുരികത്തിന്റെ സ്ഥാനത്ത് അടിച്ചു വിടുമെന്ന്. പറഞ്ഞ വിവരം ഞാന്‍ അറിഞ്ഞു. അന്നു മുതല്‍ എനിക്ക് വാശിയായി. മുടി വരയുടെ ഉസ്താദ് ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വരയ്ക്കുന്ന ചിത്രത്തിന്റെ ഫോട്ടോ നോക്കി മുടിയും കണ്‍പുരികവും കണ്‍പീലികളുമെല്ലാം അതേപോലെതന്നെ ചെയ്തു തുടങ്ങി. ഞാന്‍ ഇന്ത്യാക്കാരുടേയും വിദേശികളുടേയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഓരോ സ്ഥലത്തുള്ളവരുടേയും മുടിയും മീശയുമെല്ലാം ഓരോ തരത്തിലുള്ളതായിരിക്കും. എല്ലാം ഞാന്‍ ഭംഗിയായി ഞാന്‍ വരച്ചു.

ഏറ്റവും വലിയ ഈസല്‍ പെയിന്റിംഗ് ചെയ്ത് ആദ്യമായി ഗിന്നസ് ബുക്കില്‍ എത്തിയതിനെ കുറിച്ച് ഒന്നു പറയാമോ?

ഫ്‌ളക്‌സ് വര്‍ക്ക് വന്നതോടെ വലിയ പരസ്യങ്ങള്‍ നിര്‍ത്തണമെന്ന് വിചാരിച്ചു. ഗിന്നസ് ബുക്കില്‍ വരുന്ന ഒരു ചിത്രം വരച്ചിട്ട് നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഏറ്റവും വലിയ ഒരു ഈസല്‍ പെയിന്റിംഗ് ചെയ്യാമെന്ന് ഞാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് അപേക്ഷ കൊടുത്തു. ജര്‍മ്മനിയിലുള്ള ഒരു ആര്‍ട്ടിസ്റ്റ് 22 അടി ഉയരമുള്ള ഒരു ഈസല്‍ പെയിന്റിംഗ് വരച്ച് ഗിന്നസ് നേടിയിട്ടുണ്ട്. അതിനേക്കാള്‍ വലുത് ചെയ്യാനാണ് ആപ്ലിക്കേഷന്‍ കൊടുത്തത്. നെയ്യാറ്റിന്‍കരയിലുള്ള എന്റെ സുഹൃത്ത് ആര്‍ട്ടിസ്റ്റ് അലക്‌സിനോട് ഞാന്‍ അപേക്ഷ കൊടുത്ത വിവരമെല്ലാം പറഞ്ഞു. അതിനുവേണ്ടിയുള്ള മൂന്നു ലക്ഷം രൂപ അലക്‌സ് സംഘടിപ്പിച്ചു തരാമെന്നും പറഞ്ഞു. ഈസലിന്റെ പെയിന്റിംഗ് ഞാന്‍ തുടങ്ങി. 56.5 അടി ഉയരവും 31 അടി നീളവുമുള്ള വന്‍ ഈസല്‍ പണിത് ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ പെയിന്റിംഗ് ചെയ്തു.

അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍
ആര്‍ട്ട് ഡയറക്ടറും പെയിന്ററുമായ രാജശേഖരന്‍ പരമേശ്വന്‍ ഇഎംഎസിന്റെ ചിത്രം വരയ്ക്കുന്നു

സിപിഐഎം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് കോയമ്പത്തൂര്‍ നടക്കുന്ന തിയതിയും സുന്ദരമായി എഴുതി ചേര്‍ത്തു. മൂന്നര ദിവസം കൊണ്ടാണ് ആ പെയിന്റിംഗ് തീര്‍ത്തത്. ആ പെയിന്റിംഗ് ഗിന്നസ് ബുക്കില്‍ എത്തുകയും ചെയ്തു. ഗാന്ധിജിയുടെ പെയിന്റിംഗ് ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രത്തിന് എനിക്ക് നാഷണല്‍ അവാര്‍ഡും ലഭിച്ചു.

ഇന്ത്യയിലേയും വിദേശത്തേയും അനവധി പ്രമുഖര്‍ എന്റെ ബ്രഷില്‍ നിന്ന് ക്യാന്‍വാസിലേക്ക് പിറന്നിട്ടുണ്ട്. എലിസബത്ത് രാഞ്ജിയുടേയും ചാള്‍സിന്റേയും 50 വിദേശ ഫുട്‌ബോള്‍ താരങ്ങളുടേയും ചിത്രങ്ങള്‍ ഞാന്‍ വരച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ എക്‌സിബിഷനുമായി ലണ്ടന്‍, ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. മലേഷ്യ ആര്‍ട്ട് ഗാലറി, സിംഗപ്പൂര്‍ പെയിന്റിംഗ് എക്‌സിബിഷന്‍ ഇവയ്‌ക്കെല്ലാം പോയിട്ടുണ്ട്. എങ്ങും പോയി പഠിക്കാതെ സ്വന്തം അദ്ധ്വാനം കൊണ്ട് ഒരു ചിത്രകാരന്‍ ആകാന്‍ സാധിച്ചു.

രാജശേഖരന്‍ പരമേശ്വരന്‍ സിനിമ കലാ സംവിധാനത്തിലേക്ക് വന്നതെങ്ങനെയാണ്?

ഞാന്‍ കുട്ടിക്കാലത്ത് എല്ലാത്തരം സിനിമകളും കണ്ടിരുന്നതാണ്. പിന്നീട് നല്ല സിനിമകളോടും നല്ല സംവിധായകരോടും എനിക്ക് താല്‍പര്യമായി. അങ്ങനെയിരുന്നപ്പോഴാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ മതിലുകള്‍ എന്ന സിനിമ തിയേറ്ററില്‍ എത്തുന്നത്. സെന്‍ട്രല്‍ ജയിലിന്റെ ഭാഗവും മതിലുകളുമെല്ലാം അതിലെ കലാ സംവിധായകന്‍ ശിവന്‍ ചെയ്തതായിരുന്നു.

സിനിമയ്ക്കുള്ളില്‍ ബീഡി വലിക്കുന്നതും ബക്കറ്റില്‍ വെള്ളം നിറയ്ക്കുന്നതും നമ്മുടെ നിത്യ ജീവിതത്തില്‍ കാണുന്നതുപോലെ തന്നെ. അടൂര്‍ സാറിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. അടൂര്‍ സാറിന്റെ ചിത്രങ്ങള്‍ക്ക് കലാസംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹമായി.

അദ്ദേഹത്തിന്റെ നിഴല്‍ക്കുത്ത് എന്ന സിനിമ കന്യാകുമാരി ജില്ലയില്‍ വച്ച് ചിത്രീകരിക്കുന്നുവെന്ന വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അടൂര്‍ സാറിനെ വിളിച്ചു. ചെല്ലാന്‍ അദ്ദേഹം പറഞ്ഞു. സിനിമ പഠിക്കാന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി. ഞാന്‍ ആര്‍ട്ടിസ്റ്റായതു കൊണ്ട് സിനിമയ്ക്കുവേണ്ട ആര്‍ട്ടിസ്റ്റിന്റെ പ്രോപ്പര്‍ട്ടി എല്ലാം സംഘടിപ്പിച്ചു കൊടുത്തത് ഞാനാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ രണ്ടു ഡോക്യുമെന്ററിക്കാണ് ഞാന്‍ ആദ്യമായി കലാ സംവിധാനം നിര്‍വഹിക്കുന്നത്. കലാമണ്ഡലം രാമന്‍കുട്ടി ആശാനെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും അദ്ദേഹം എടുത്ത ഡോക്യുമെന്ററികളാണ് അവ.

അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് കലാസംവിധാനം ചെയ്യുമ്പോള്‍ സിനിമകളെ കുറിച്ച് പഠിക്കാന്‍ സാധിക്കും. അതു കഴിഞ്ഞ് കലാസംവിധാനം ചെയ്യുന്നത് അടൂര്‍ സാറിന്റെ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയ്ക്കാണ്. ആ സിനിമയിലെ കലാ സംവിധാനത്തിന് എനിക്ക് നല്ല കലാ സംവിധായകനുള്ള സംസ്ഥാന സിനിമ പുരസ്‌കാരവും ലഭിച്ചു.

അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍
ആര്‍ട്ട് ഡയറക്ടറും പെയിന്ററുമായ രാജശേഖരന്‍ പരമേശ്വന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയ്ക്കുവേണ്ടി 1940-കളിലെ കിണറൊരുക്കുന്നു.

നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ കലാസംവിധാനത്തെക്കുറിച്ചു കൂടി ഒന്ന് പറയാമോ?

തകഴി ശിവശങ്കരപ്പിള്ള സാറിന്റെ നാടായ തകഴിയില്‍ വച്ചു തന്നെയായിരുന്നു നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ്. 1940-ല്‍ നടക്കുന്ന കഥയാണ് ചിത്രീകരിക്കേണ്ടത്. സ്ഥലത്തിനും വീടിനുമൊക്കെ 1940-ല്‍ നിന്നും കാലം മാറിയതിന്റെ മാറ്റം വന്നിട്ടുണ്ട്.

പഴയ കാലത്തിലേക്ക് ആ സ്ഥലത്തിനേയും വീടിനേയും മാറ്റി എടുക്കണമായിരുന്നു. തെരഞ്ഞെടുത്ത സ്ഥലവും വീടും എല്ലാം പഴയ രീതിയില്‍ ആക്കിയെടുത്തു. കെട്ടിടങ്ങള്‍ക്കെല്ലാം പഴയ നിറം നല്‍കി പഴയ വീടുകളാക്കിയപ്പോള്‍ വീടിന്റെ ഒരു ഭാഗത്ത് ഒരു കിണര്‍ വേണം. 1940-ല്‍ ഉണ്ടായിരുന്നതു പോലത്തെ ഒരു കിണര്‍ അവിടെ ഉണ്ടാക്കി. കിണറിന്റെ മുകള്‍ ഭാഗം മാത്രമേ ഉണ്ടാക്കിയുള്ളൂ.

കിണറിന്റെ അടുത്തു വന്ന് അകത്തേക്ക് നോക്കിയാലെ അത് കിണര്‍ അല്ലെന്ന് മനസ്സിലാകുകയുള്ളൂ. കിണറിന്റെ പഴക്കമനുസരിച്ചുള്ള കരിയും പായലും പൊട്ടലും എല്ലാം ചെയ്‌തെടുത്തു. കിണറിന് ചുറ്റും നേരത്തെ കിളിര്‍ത്തു നില്‍ക്കുന്നതുപോലയുള്ള പുല്ലുകളും വച്ചു പിടിപ്പിച്ചു. സിനിമയില്‍ അഭിനയിച്ച നടി നന്ദിത പോലും വെള്ളം കോരാനായി ചെന്നപ്പോഴാണ് അത് യഥാര്‍ത്ഥ കിണര്‍ അല്ലെന്ന് അറിയുന്നത്. ആ സിനിമയുടെ പശ്ചാത്തലും 1940 പോലെ ആക്കിയെടുത്തു.

അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ കലാസംവിധായകന്‍ താങ്കളാണല്ലോ പിന്നെ ചെയ്ത സിനിമകള്‍ ഏതെല്ലാമാണ്?

അടൂര്‍ സാറിന്റെ പിന്നെയും എന്ന സിനിമയും ഈ അടുത്ത കാലത്ത് എടുത്ത ഹ്രസ്വ ചിത്രമായ സുഖാന്ത്യം എന്നീ ചിത്രങ്ങള്‍ക്കും കലാ സംവിധാനം ചെയ്തു. കൊല്ലം ജില്ലയിലെ തേവലക്കര വച്ചായിരുന്നു പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. സിനിമയുടെ ഷൂട്ടിംഗിനായി ഒരു എട്ടുകെട്ട് അവിടെ സെലക്ട് ചെയ്തു. പുതിയ പെയിന്റിംഗ് നടത്തിയിരുന്നതിനാല്‍ അത് പുതിയ കെട്ടിടമായി തോന്നിച്ചിരുന്നു. അതിനെ പഴയ രീതിയിലുള്ള കെട്ടിടമാക്കണമായിരുന്നു.

ആ കെട്ടിടത്തിന്റെ കതകും ജന്നലും പഴയതു പോലെ ആക്കാന്‍ രണ്ടു മാസമെടുത്തു. കെട്ടിടത്തിനകത്തെ ഇരുമ്പു തൂണുകള്‍ പ്ലൈവുഡു കൊണ്ട് മറച്ച് തടയില്‍ കൊത്തിയെടുത്ത തൂണുകളാക്കി മാറ്റി. കതകുകളും ജനലുകളും തടിയില്‍ പണിതെടുത്തതു പോലെയാക്കി. രണ്ടു മാസം കൊണ്ട് അടൂര്‍ സാറിന്റെ മനസ്സിലുള്ള പഴയകിയ എട്ടുകെട്ടായി ആ വീടിനെ മാറ്റി.

പുതിയ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തായിരുന്നു. അവിടത്തെ കെട്ടിടവും അടൂര്‍ സാറിന്റെ മനസ്സിലുള്ള കെട്ടിടം പോലെയാക്കി മാറ്റി.

അന്ന് തീരുമാനിച്ചു, വിവരമില്ലാത്തവരുടെ സിനിമയ്ക്ക് കലാസംവിധാനം ചെയ്യില്ല: രാജശേഖരന്‍ പരമേശ്വരന്‍
ആര്‍ട്ട് ഡയറക്ടറും പെയിന്ററുമായ രാജശേഖരന്‍ പരമേശ്വന്‍ സംവിധായകന്‍ വരച്ച മദര്‍ തെരേസയുടെ ചിത്രം.

വേറെ ഏതെല്ലാം സിനിമകള്‍ക്ക് താങ്കള്‍ കലാ സംവിധാനം ചെയ്തിട്ടുണ്ട്?

വേറെ ചില ഡോക്യുമെന്ററികള്‍ക്ക് കലാ സംവിധാനം ചെയ്തിട്ടുണ്ട്. കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് എന്ന സിനിമയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്. ഹില്‍ ഏര്യയയില്‍ ഉള്ള ഒരു തിയേറ്റര്‍ നടത്താന്‍ പറ്റാതെ വരികയും ആ തിയേറ്റര്‍ തന്നെ ഒരു പള്ളി നടത്താന്‍ കൊടുക്കുന്നതാണ്‌ പി വി ഷാജി കുമാറിന്റെ കഥയായ കന്യക ടാക്കീസ്.

ഒരേ സ്ഥലത്തെ ഒരേ കെട്ടിടത്തെ ഞാന്‍ തിയേറ്റര്‍ ആക്കുകയും പള്ളിയാക്കുകയും ചെയ്തു. ആ സിനിമയുടെ സെറ്റ് ഒര്‍ജിനലാണെന്ന് വിധി കര്‍ത്താക്കള്‍ക്ക് തോന്നിയതു കൊണ്ട് അതിലെ കലാ സംവിധാനത്തിന് എനിക്ക് ഒന്നും കിട്ടില്ല.

അന്ന് ആമേന്‍ എന്ന സിനിമയ്ക്ക് 77 ലക്ഷം രൂപയായെന്ന പരസ്യം കാരണം അതിലെ കലാ സംവിധാനത്തിനാണ് അവാര്‍ഡ് കിട്ടിയത്. നല്ല കലാ സംവിധാനം വിധി കര്‍ത്താക്കള്‍ അറിയുന്നില്ല എന്ന ദു:ഖവുമുണ്ട്.

ഒരു തമിഴ് ചിത്രത്തിന് കലാ സംവിധാനം ചെയ്തു. നീല പത്മനാഭന്റെ തലമുറകള്‍ എന്ന നോവലിലെ തമിഴില്‍ മികഴ്ചി എന്ന പേരില്‍ സിനിമയാക്കി. നാഗര്‍കോവിലില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഞാന്‍ കലാ സംവിധാനത്തിന് പോയി. ചെട്ടി സ്ട്രീറ്റിന്റെ ഒര്‍ജിനാലിറ്റി വച്ച് ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചു. സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു പടിപ്പുര വേണമെന്ന് ഡയറക്ടര്‍ പറഞ്ഞു. ചെട്ടി സ്ട്രീറ്റില്‍ പടിപ്പുരയില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ സമ്മതിച്ചില്ല. അയാളുടെ ഇഷ്ടത്തിന് കലാ സംവിധാനം ചെയ്തു കൊടുത്തു.

അന്ന് ഞാന്‍ തീരുമാനിച്ചു. മേലാല്‍ വിവരം ഇല്ലാത്തവരുടെ ചിത്രങ്ങള്‍ക്ക് കലാ സംവിധാനം ചെയ്യുകയില്ലെന്ന്. ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ ചെയ്തിരുന്ന അയാള്‍ ശശി എന്ന ചിത്രത്തിന്റെ കലാ സംവിധാനവും ചെയ്തിരുന്നു. നമ്മള്‍ എത്ര നന്നായി ചെയ്താലും കാശ് ഇങ്ങോട്ടു തരാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്.

കുടുംബത്തെക്കുറിച്ച്

ഞാന്‍ ജനിച്ചതും വളര്‍ന്നതും പണ്ട് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ മീനച്ചല്‍ എന്ന സ്ഥലത്താണ്. കുഞ്ചുപാട്ടത്തുവിള വീട്ടില്‍. അച്ഛന്‍ പരമേശ്വരന്‍. അമ്മ പുഷ്പം. എനിയ്ക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്തമകള്‍ നീതു, ഇളയമകള്‍ അന്ന. നീതു വിവാഹിതയാണ്. ഭര്‍ത്താവിന്റെ പേര് മിസിയ ദാസ്. അവര്‍ക്ക് നിയ എന്നൊരു കുട്ടിയുണ്ട്. ഭാര്യ വല്‍സമ്മ. ഞങ്ങളെ വിട്ടുപോയി. ഇളയമകള്‍ അന്ന ഇപ്പോള്‍ ചെന്നൈയില്‍ പഠിയ്ക്കുന്നു.

വീട്ടില്‍ അമ്മയും ഞാനും മാത്രം. ഞാന്‍ ചിത്രകാരനായി തന്നെ തുടരും. നല്ല സംവിധായകരുടെ ചിത്രം കിട്ടിയാല്‍ കലാ സംവിധാനം ചെയ്യുകയും ചെയ്യും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More