സര്‍ജാനോ ഖാലിദ്: അന്ന് മോഹന്‍ ലാലിന്റെ സെക്യൂരിറ്റി തടഞ്ഞു, ഇന്ന് ഒപ്പം അഭിനയിക്കുന്നു
നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ജൂണിന്റെ കാമുകനായ സര്‍ജാനോ ഖാലിദ് ആദ്യരാത്രിയും കഴിഞ്ഞ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അഭിനയിക്കുകയാണ്. എങ്കിലും സര്‍ജാനോയുടെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് ഒരു ചെറുചിത്രമാണ്. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിലെ സര്‍ജാനോയുടെയും ഗൗരിയുടേയും അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യുന്നു. ബിഗ് ബ്രദറിന്റെ ഷൂട്ടിങ് തിരക്കിനിടയില്‍ സര്‍ജാനോ പുതിയ വിശേഷങ്ങള്‍ കെ സി അരുണുമായി പങ്കുവയ്ക്കുന്നു.
ഹായ് ഹലോ കാതല്‍
ഹായ് ഹലോ കാതല്‍ സൂപ്പര്‍ ഹിറ്റായതില്‍ സന്തോഷം. ഇപ്പോള്‍ 25 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നല്ല അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. ജൂണില്‍ അഭിനയിക്കുമ്പോഴാണ് വിനായക് ശശികുമാര്‍ ഈ ചിത്രത്തിന്റെ കഥ പറയുന്നത്. വളരെ ക്യൂട്ടായ കഥ. കേട്ടപ്പോള്‍ തന്നെ ഇഷ്ടം തോന്നി. പിന്നെ ഗൗരി കിഷനുമാണ് നായിക. ഹായ് ഹലോ കാതല്‍ ചിത്രീകരണം നടക്കുന്നത് ആദ്യ രാത്രി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ്. ജൂണിലെ വേഷം ചോക്ലേറ്റ് ലുക്കായിരുന്നു. എന്നാല്‍ ഹായ് ഹലോ കാതലില്‍ താടിയൊക്കെ വച്ച് മെച്ചുരിറ്റി ലുക്കിലാണ്. യഥാര്‍ത്ഥത്തില്‍ ആദ്യ രാത്രിയുടെ കഥാപാത്രത്തിനുവേണ്ടി വളര്‍ത്തിയതായിരുന്നു താടി. ആ താടി വച്ച് തന്നെ ഹ്രസ്വ ചിത്രത്തിലും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും ആദ്യരാത്രിയില്‍ എന്റെ താടിവച്ചുള്ള ഭാഗം ഉപയോഗിച്ചിട്ടില്ല.
ഗൗരി കിഷനും രജിഷ വിജയനും
ഇരുവരും വളരെ പ്രതിഭയുള്ള അഭിനേത്രിമാരാണ്. 96 ഞാന്‍ കണ്ടിരുന്നു. ഞാന്‍ അവരുടെ അഡ്മയറര്‍ ആണ്. അവര്‍ പ്രശസ്തിയില്‍ നില്‍ക്കുന്നുവെങ്കിലും ഒരുമിച്ച് അഭിനയിക്കുന്നതില്‍ പേടി തോന്നിയിരുന്നില്ല. കാരണം, ഒരു അഭിനയിക്കുമ്പോള്‍ അത് വലിയ കാര്യമല്ല. പിന്നെ ഹായ് ഹലോ കാതല്‍ ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും ജൂണ്‍ റിലീസായി നല്ല അഭിപ്രായങ്ങള്‍ വന്ന് തുടങ്ങിയിരുന്നു. ജൂണില്‍ നായികയായ രജിഷ എന്നേക്കാള്‍ ഏഴെട്ട് വയസ്സ് മുതിര്‍ന്നയാള്‍ ആണെങ്കിലും ആ പ്രായവ്യത്യാസം കൊണ്ട് വരാവുന്ന ബ്ലോക്കുകള്‍ ഞങ്ങള്‍ തുടക്കത്തിലേ ബ്രേക്ക് ചെയ്തിരുന്നു. ജൂണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പൊരു ക്യാമ്പുണ്ടായിരുന്നു. ഞങ്ങള്‍ പത്ത് പതിനെട്ടുപേര്‍ പുതുമുഖങ്ങളായിരുന്നു. ഏറ്റവും ഇളയ ആള്‍ ഞാനായിരുന്നു. ഞങ്ങള്‍ ആരും പരസ്പരം ചേട്ടാ ചേച്ചി എന്നുള്ള വിളിക്കരുത് എന്ന് തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ കുറിച്ച് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ബയോപിക്കിലും ഒരു വേഷം ചെയ്തിരുന്നു.
നോണ്‍സെന്‍സിലേക്ക് എത്തുന്നത്
എറണാകുളത്ത് എന്റെ വീട് നില്‍ക്കുന്ന ഏര്യയില്‍ മിക്കവാറും ഷൂട്ടിങ് ഉണ്ടാകും. അതൊക്കെ കണ്ടിട്ടുള്ള എനിക്ക് സിനിമയോട് താല്‍പര്യം തോന്നി. സിനിമ എന്താണെന്ന് പഠിക്കാനാണ് ഞാന്‍ നോണ്‍സെന്‍സില്‍ അഭിനയിക്കാനെത്തുന്നത്. എന്റെ ഒരു സുഹൃത്തിന്റെ അച്ഛനാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ രണ്ട് സീനേ എനിക്കുള്ളൂ. പക്ഷേ, അതില്‍ നിന്നുള്ള അനുഭവം സിനിമയെ സീരിയസ് ആയി സമീപിക്കണമെന്ന് പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞ് ഒരു വര്‍ഷം ഞാന്‍ എന്നിലെ സിനിമ കമ്പത്തെ ടെസ്റ്റ് ചെയ്യുന്നതിനായിട്ടാണ് വിനിയോഗിച്ചത്. പ്ലസ് ടുവിന് മുമ്പ് എനിക്ക് ഒരു വര്‍ഷം ബ്രേക്ക് വന്നിരുന്നു. ആ സമയത്ത് ഫോട്ടോഗ്രാഫിയും സിനിമാട്ടോഗ്രാഫിയും ഫിലിം ഫെസ്റ്റിവലുമൊക്കെയായി ഞാന്‍ നടന്നിരുന്നു. ആ വര്‍ഷത്തെ അനുഭവങ്ങളാണ് എന്റെ മേഖല സിനിമ തന്നെയാണെന്ന് എന്നെ തിരിച്ചറിയാന്‍ സഹായിച്ചത്.
എങ്കിലും സിനിമയോടുള്ള താല്‍പര്യം വീട്ടില്‍ കാര്യമായി പറഞ്ഞിരുന്നില്ല. ഓഡിഷന് പോയി സെലക്ഷന്‍ കിട്ടിയശേഷമാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്. കിട്ടിയാല്‍ പറയാം എന്ന ആറ്റിറ്റിയൂടായിരുന്നു. എന്റെ വഴി സിനിമയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ നല്ല സപ്പോര്‍ട്ടാണ് കിട്ടിയത്. പ്രതീക്ഷിക്കാത്തത്ര വലിയ രീതിയില്‍ പിന്തുണ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എനിക്ക് ലഭിക്കുന്നുണ്ട്.
അന്ന് ഫോട്ടോയ്ക്ക് വേണ്ടി പോയി, ഇന്ന് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു
ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ഷൂട്ടിങ് എന്റെ വീടിന് സമീപം നടക്കുന്ന സമയത്ത് അനിയത്തിയേയും കൂട്ടി മോഹന്‍ലാലിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കാനായി ലൊക്കേഷനിലേക്ക് പോയി. എന്നാല്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. അത് കണ്ട് ലാലേട്ടന്‍ ഞങ്ങളെ കടത്തിവിടാന്‍ പറഞ്ഞു. ഞങ്ങള്‍ പോയി ഫോട്ടോയെടുത്തു. ഈ സംഭവം ബിഗ് ബ്രദറിന്റെ ലൊക്കേഷനില്‍ വച്ച് ആദ്യമായി ലാലേട്ടനെ കണ്ടപ്പോള്‍ പറഞ്ഞു. അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നില്ല. ദിവസവും നൂറ് കണക്കിന് പേരല്ലേ അദ്ദേഹത്തിനൊപ്പം നിന്ന് ഫോട്ടോയെടുത്ത് പോകുന്നത്.
രണ്ട് ലോട്ടറി ഒരുമിച്ച് അടിച്ചു
നോണ്‍സെന്‍സിന് ശേഷം പഠിക്കാന്‍ പോകണം എന്നാണ് കരുതിയത്. എന്നാല്‍ ജൂണിലെ ഓഫര്‍ വന്നു. എനിക്ക് ബംഗളുരുവില്‍ ഒരു ഫിലിം കോഴ്‌സ് ചെയ്യാന്‍ സെലക്ഷന്‍ കിട്ടിയപ്പോഴാണ് ഈ ഓഫര്‍ വരുന്നത്. രണ്ട് ലോട്ടറി ഒരുമിച്ച് കിട്ടി. അതില്‍ ജൂണ്‍ സെലക്ട് ചെയ്യാം എന്ന് വച്ചു. അഭിനയത്തിനൊപ്പം പഠനം തുടരാനുള്ള തീരുമാനത്തിലാണ്. എനിക്ക് വരുന്ന കഥകള്‍ ഞാന്‍ തന്നെയാണ് കേള്‍ക്കുന്നത്. ഞാന്‍ നാട്ടില്‍ ഇല്ലാത്തപ്പോള്‍ ബാപ്പ കേട്ടിട്ട് അഭിപ്രായം എന്നോട് പറയും. ഞാന്‍ കേള്‍ക്കുന്ന കഥയുടെ അഭിപ്രായം സുഹൃത്തുക്കളോട് ആരായാറുണ്ട്. നായകന്‍ ആകണം എന്നില്ല. നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യും. പ്രണയം വിഷയമാകുന്ന കഥകളാകും അധികം വരികയെന്ന പേടിയുണ്ടായിരുന്നു. ഭാഗ്യവശാല്‍ എന്റെ മുന്നിലേക്ക് അത്തരം കഥാപാത്രങ്ങള്‍ അധികം വന്നിട്ടില്ല.
Comments are closed.