സംവിധായകന്റെ മനമറിഞ്ഞ് കഥാപാത്രത്തെ വരയിലാക്കുന്ന സേതു ശിവാനന്ദന്‍
വെള്ളിത്തിരയില്‍ നമ്മുടെ പ്രിയപ്പെട്ട താരം നേരില്‍ കാണുന്നതു പോലേയല്ല. ചിലപ്പോള്‍ യുവാവായി, മറ്റുചിലപ്പോള്‍ കുടവയറും കഷണ്ടിത്തലയുമുള്ള പടു കിളവനായി, പരിപൂര്‍ണമായും കഥാപാത്രത്തിന്റെ രൂപം. എപ്പോഴെങ്കിലും ചിന്തിച്ചുണ്ടോ എങ്ങനെ ഒരു നടന്‍ രൂപം കൊണ്ട് കഥാപാത്രമായി മാറുന്നുവെന്ന്. ഒരു കഥാപാത്രത്തെ ആ രൂപത്തോടെയല്ലാതെ പിന്നീടൊരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം താരത്തെ കഥാപാത്രമാക്കുന്നതിന് പിന്നില്‍ സംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും നടനും മാത്രമല്ല ക്രെഡിറ്റ്. ആ രൂപത്തെ സംവിധായകന്‍ മനസില്‍ കാണുന്നതുപോലെ തയ്യാറാക്കി നല്‍കുന്ന വിഭാഗമാണ് കാരക്ടര്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്. മലയാളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായി തിളങ്ങി നില്‍ക്കുന്ന യുവ പ്രതിഭയാണ് സേതു ശിവാനന്ദന്‍. മാത്രവുമല്ല, യഥാര്‍ത്ഥമെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കും വിധം സിനിമയ്ക്കായി നിര്‍മ്മിക്കുന്ന പ്രോസ്തറ്റിക് മോള്‍ഡ് മേക്കിംഗിലും സേതു തന്റേതായ സ്ഥാനം കണ്ടുപിടിച്ചു കഴിഞ്ഞു. അഭിനേതാവ് ആകണമെന്ന് കൊതിച്ചിട്ടും സിനിമയിലെ വേറിട്ട വഴി കണ്ടെത്തിയതിനെ കുറിച്ച് സേതു മനസ് തുറക്കുന്നു.
സിനിമയിലേക്കുള്ള വഴി
സിനിമ പണ്ടുമുതലേ താല്‍പര്യമാണ്. പ്ളസ് ടു കഴിഞ്ഞ് വി.എഫ്.എക്സും ഫൈന്‍ആര്‍ട്സും ആണ് പഠിച്ചത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം. എന്‍െ കൂട്ടുകാരന്‍ സെബിന്‍ രാജിന്റെ അച്ഛന്‍ നടനാണ്. ലൊക്കേഷന്‍ കാണാന്‍ കൊണ്ടുപോകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ പുള്ളി എന്നെയും എന്റെ മറ്റൊരു സുഹൃത്തിനെയും അഭിനയിപ്പിക്കാനായി യുഗപുരുഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ കൊണ്ടുപോയി.
അവിടെ വച്ച് സന്തോഷ് സൗപര്‍ണ്ണികയെന്ന സംവിധായകനെ പരിചയപ്പെട്ടു. വി.എഫ്.എക്സ് പഠിച്ചതാണെന്ന് അറിയാവുന്നതു കൊണ്ട് അദ്ദേഹം നമ്പര്‍ വാങ്ങി. 2009-ലാണ് അത്. അദ്ദേഹം ചെയ്ത ഒരു ക്രിസ്ത്യന്‍ ചിത്രമുണ്ടായിരുന്നു. ഇടയന്‍. ഒരു കുഞ്ഞുപടമായിരുന്നു. അതിന്റെ ടൈറ്റിലില്‍ വി.എഫ്.എക്സ് ചെയ്തായിരുന്നു സിനിമിലെ തുടക്കം. ആ പരിചയത്തിന്റെ പുറത്ത് സീരിയലുകളും ചെറിയ പരസ്യങ്ങളും പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെ ചെയ്യുന്നുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ തന്നെ അര്‍ദ്ധനാരി എന്ന ചിത്രത്തിനായി ജോലി ചെയ്തു.
അവിടെ വച്ചാണ് പട്ടണം റഷീദ് ഇക്കയെ പരിചയപ്പെടുന്നത്. അദ്ദേഹം ദര്‍ബോളി എന്ന ഒരു സിനിമയില്‍ 90 വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയുടെ രൂപം ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞു. ആദ്യമായിട്ട് ചെയ്ത കണ്‍സെപ്റ്റ് ആര്‍ട്ട് അതാണ്. ആ കഥാപാത്രത്തിന്റെ സ്‌കെച്ച് കണ്ട് ഇഷ്ടപ്പെട്ടതു കൊണ്ട് 2013 അവസാനത്തോടെ പത്തേമാരി ചിത്രത്തിനായി വിളിച്ചു. മമ്മൂക്കയുടെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം വരയ്ക്കാന്‍. അത് ഇഷ്ടപ്പെടുകയും ആ രൂപത്തിന് അനുസരിച്ച് മമ്മൂക്കയെ മേക്കപ്പ് ചെയ്യുകയും ചെയ്തു. ആ സിനിമയ്ക്ക് ശേഷമാണ് കൂടുതല്‍ അവസരങ്ങള്‍ തേടി വന്നത്.
പ്രോസ്തെറ്റിക്ക് മോള്‍ഡ് മേക്കിംഗ് ആദ്യമായി ചെയ്യുന്നത് ടേക്ക്ഓഫ് സിനിമയ്ക്ക് വേണ്ടി പാര്‍വതിയുടെ വയറാണ്. വയറിന്റെ സ്ട്രക്ചറിന് അനുസരിച്ച് മോള്‍ഡ് തയ്യാറാക്കുകയായിരുന്നു. അതിന്റെ പ്രോസസ് നേരിട്ട് കണ്ടു. പിന്നീട് ഒരു യു.എസ് കമ്പനിയുടെ ക്ളാസുകളും മറ്റും അറ്റന്‍ഡ് ചെയ്ത് സിനിമയ്ക്ക് വേണ്ടി ഇതുപഠിച്ചെടുക്കുകയായിരുന്നു. 2014ലാണ് ഞാന്‍ സിനിമയില്‍ കണ്‍സെപ്റ്റ് ആര്‍ട്ട് പ്രൊഫഷനാക്കി എടുത്തത്. 2017ല്‍ പ്രോസ്തറ്റിക് മോള്‍ഡ് മേക്കിംഗും. നിലവില്‍ വാന്‍ഗോഗ് കഫെ എന്ന പേരില്‍ ഇതിനായി കമ്പനി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
വിക്കി ഗോമസ് എന്ന സുഹൃത്തും സ്വാതി യതീഷ്, മോസസ് എന്നിങ്ങനെ രണ്ടുപേരും ഇതിനായി കൂടെയുണ്ട്. ഇതുവരെയുള്ള യാത്രയില്‍ നിരവധി പേരോട് കടപ്പാടുണ്ട്. ലാലേട്ടന്റെയടുത്ത് എത്തിയതാണ് ജീവിതത്തിലെ ടേണിംഗ് പോയിന്റ്. അദ്ദേഹത്തിനരികിലേക്ക് എന്നെ എത്തിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലിജുച്ചേട്ടന്‍ ഒരു നിമിത്തമായിട്ടുണ്ട്. പ്രോസ്തറ്റിക് മോള്‍ഡ് മേക്കിംഗ് പ്രൊഫഷനാക്കാന്‍ കാരണം ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന്‍ ചേട്ടനാണ്.
താരത്തെ കഥാപാത്രമാക്കുമ്പോള്‍
അധികമാര്‍ക്കും അറിയാത്ത മേഖലകളാണ് കണ്‍സെപ്റ്റ് ആര്‍ട്ടും പ്രോസ്തറ്റിക് മോള്‍ഡ് മേക്കിംഗും. സംവിധായകന്റെ മനസിലുള്ള കഥാപാത്രങ്ങളുടെ രൂപം വരച്ചു തയ്യാറാക്കുകയാണ് കണ്‍സെപ്റ്റ് ആര്‍ട്ട്. പലപ്പോഴും അവര്‍ കഥാപാത്രത്തെ സൃഷ്ടിക്കുമെങ്കിലും കാഴ്ചയില്‍ ആ കഥാപാത്രം എങ്ങനെയിരിക്കണമെന്ന് ഐഡിയ കാണില്ല. അവിടെയാണ് ഞങ്ങളെ പോലുള്ള കലാകാരന്മാരുടെ ജോലി.
അവരുടെയും ഞങ്ങളുടെയും മനസിലെ ആശയങ്ങള്‍ ചേര്‍ത്ത് വച്ച് വരച്ചാണ് മിക്ക കഥാപാത്രങ്ങളുടെയും ഏകദേശ രൂപം തയ്യാറാക്കുന്നത്. ഒരു നടനോട് കഥ പറയാന്‍ പോകുമ്പോള്‍തന്നെ കഥാപാത്രം ഇതാണ് എന്ന് കാണിക്കുന്ന വിധത്തില്‍ രൂപം തയ്യാറാക്കുകയാണ് ചെയ്യുന്നത്. കഥാപാത്രം കാഴ്ചയില്‍ എങ്ങനെയെന്ന് ആര്‍ട്ടിസ്റ്റിനെ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാള്‍ എളുപ്പമാകുമല്ലോ ചിത്രം കണ്ടു മനസ്സിലാക്കുന്നത്. ഇതിപ്പോ ഏതൊരു ചിത്രകാരനും ചെയ്യാവുന്നതല്ലേ എന്ന ചോദ്യം ഞാന്‍് നേരിട്ടേക്കാം.
ഒരു രാജാവിനെ വരയ്ക്കാന്‍ പറഞ്ഞാല്‍ അവരുടെ ഇഷ്ടത്തിന് ഒരു രാജാവിനെ വരച്ചു കിട്ടും. ഓരോ നടന്മാരുടെയും ഇഷ്ടങ്ങള്‍ക്കും അവരുടെ രൂപത്തിനും അനുസരിച്ച്, അവരുടെ മുഖത്തിന് ചേരുന്ന വിധത്തില്‍ താടി, മീശ, വിഗ് ഒക്കെ വരച്ചു ചേര്‍ക്കുന്നതാണ് ഞങ്ങളെ പോലുള്ള കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് ചെയ്യുന്നത.് ഒരുപാട് വര്‍ഷത്തെ എക്സ്പീരിയന്‍സ് കൊണ്ടുകൂടിയാണ് ഇത് ചെയ്യാനാകുന്നത്. ഒരു കഥാപാത്രം തങ്ങള്‍ക്ക് ചെയ്യാനാകുന്നതാണെന്ന് വിശ്വാസം കൂടിയാണ് നല്ല കണ്‍സെപ്റ്റ് ആര്‍ട്ട് ഒരു അഭിനേതാവിന് നല്‍കുന്നത്.
സംവിധായകന്റെയും ആര്‍ട്ടിസ്റ്റിന്റെയും മാത്രമല്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെയും ജോലി ഇതിലൂടെ എളുപ്പമാകും. മറ്റൊന്ന്് പ്രോസ്തെറ്റിക് മോള്‍ഡ് മേക്കിംഗ് ആണ്. സിലിക്കണ്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ആര്‍ട്ടിസ്റ്റിന് ചേരുന്ന വിധത്തില്‍ ശരീരഭാഗങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇത്. സിനിമയില്‍ ദേഹത്ത് മുറിവായി ഒട്ടിക്കുന്നതും കൈ, കാല്‍ തുടങ്ങിയ ശരീര ഭാഗങ്ങള്‍ ഒക്കെ നിര്‍മ്മിക്കുന്നത് പ്രോസ്തെറ്റിക് മോള്‍ഡിലൂടെയാണ്.
വെല്ലുവിളി സന്തോഷമാണ്
ചെയ്ത ജോലി വര്‍ക്ക് ഔട്ട് ആകാതെ വരുന്നതാണ് കണ്‍സെപ്റ്റ് ആര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ആകുന്നത്. വിഗൊക്കെ വച്ച് ഒരാള്‍ക്ക് വലിയ മാറ്റം കൊണ്ടു വരാന്‍ എളുപ്പമാണ്. അതേസമയം, നേരിയ വ്യത്യാസം വരുത്തിക്കൊണ്ട് ഒരു കാരക്ടര്‍ ചേഞ്ചു ചെയ്യുന്നതാണ് ഏറ്റവും വലിയ പണി. വരയ്ക്കുമ്പോള്‍ അതാണ് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഇതുവരെ ചെയ്ത കണ്‍സെപ്റ്റ് ആര്‍ട്ടില്‍ ലാലേട്ടന്റെ ബറോസിലെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് വേണ്ടി ചെയ്തതും ആടുജീവിതത്തിന് വേണ്ടി ചെയ്തതുമാണ് വെല്ലുവിളിയായത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ സാറിനൊപ്പം ബറോസിന് വേണ്ടി ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണ്. കറക്ട് ചെയ്ത് നമ്മെ ഏറ്റവും മികച്ചതാക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ മനസ്സിലുള്ള രൂപം കിട്ടുന്നതുവരെ ചെറിയ കറക്ഷന്‍ പോലും ഇരുത്തിച്ചെയ്യിക്കും. ബറോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫോട്ടോഷൂട്ട് ചെയ്യാതെ ക്രിയേറ്റ് ചെയ്തതാണ്. അതുപോലെ ആടുജീവിതത്തിന്റെ കാര്യവും. ബ്ളെസി സര്‍ കൂടെയിരുന്നാണ് വരപ്പിക്കുന്നത്. പ്രോസ്തെറ്റിക്ക് മോള്‍ഡ് മേക്കിംഗില്‍ ഒരു ഡെഡ് ബോഡി ചെയ്തിരുന്നു. മലയാളികള്‍ ചെയ്യുന്ന ഹിന്ദി ചിത്രം പാരഡൈസ് സര്‍ക്കിളിന് വേണ്ടിയാണത്.
ഇന്ത്യയില്‍ തന്നെ മറ്റാരും ഇങ്ങനെ ഒരു ജോലി ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. നടന്റെ മുഴുവന്‍ ശരീരത്തിന്റെ മോള്‍ഡ് എടുത്ത് ക്രാഫ്റ്റ് ചെയ്തെടുക്കുകയായിരുന്നു. അതിലെ ഓരോ രോമവും റിയലാണ്. മനുഷ്യന്റെ മുഖത്തുള്ള രോമത്തിന്റെ കട്ടിയല്ല ദേഹത്തിനുള്ളത്. അപ്പോള്‍ പലതരത്തിലുള്ള രോമം വേണമായിരുന്നു. പല ബാര്‍ബര്‍ഷോപ്പുകളിലൊക്കെ പോയാണ് രോമവും മുടിയുമൊക്കെ ശേഖരിച്ചത്. കുഞ്ഞുങ്ങളുടെ മുതല്‍ പ്രായമായവരുടെയുള്ള മുടിയൊക്കെ ശേഖരിച്ച് ഓരോ രോമമായി ആ ബോഡിയില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.
ബറോസിന്റെയും ഈ ഡെഡ്ബോഡിയുടെയും ജോലി ഒരേ സമയത്തായിരുന്നു എന്നതായിരുന്നു അതിലെ മറ്റൊരു വെല്ലുവിളി. രാവിലെ 7 മുതല്‍ രാത്രി 8 വരെ ബറോസിന് വേണ്ടി ജോലി ചെയ്ത് വീട്ടില്‍ വന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ നേരെ ഇതിന്റെ ജോലിയിലേക്ക്് കയറും. പുലര്‍ച്ചെ വരെ ഡെഡ്ബോഡി നിര്‍മ്മാണം. വീണ്ടും രാവിലെ ബറോസിന്റെ സെറ്റിലേക്ക്. ആളുകള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.
കണ്‍സെപ്റ്റ് ആര്‍ട്ട് കണ്ടിട്ട് സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്ന നടീനടന്മാരുടെ അഭിപ്രായങ്ങള്‍ ഒരുപാട് സന്തോഷം തരാറുണ്ട്. കുമാരി സിനിമയില്‍ സുരഭി ലക്ഷ്മി ചെയ്്ത കഥാപാത്രം. പിന്നീട് അവരെന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവരുടെ കാരക്ടറിന്റെ കണ്‍സെപ്റ്റ് ആര്‍ട്ട് കണ്ടാണ് ചിത്രം ചെയ്യാന്‍ താല്പര്യം തോന്നിയതെന്ന്.
പേടിയില്ല എ.ഐയെ
എ.ഐയുടെ കാലമാണല്ലോ വരുന്നത്. സിനിമയ്ക്ക്് ഒരുപക്ഷേ, മേക്കപ്പ് പോലും ആവശ്യമില്ലാത്ത കാലമാവും മുന്നോട്ടെന്ന പറച്ചിലുണ്ട്. അപ്പോള്‍ ഈ പ്രൊഫഷന് സാദ്ധ്യതകളില്ലേ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, ടെക്നോളജിയെ ഞാനെപ്പോഴും അംഗീകരിക്കുന്നുണ്ട്. മുമ്പ് പെന്‍സില്‍ ഉപയോഗിച്ച് പേപ്പറില്‍ വരച്ചിരുന്നതൊക്കെ ഐപാഡിലാണ് ചെയ്യുന്നത്.
ഫൈന്‍ ആര്‍ട്സ് കോളേജില്‍ പെയിന്റിംഗ് പഠിക്കുന്ന് കാലത്തും ചില കാര്യങ്ങള്‍ ഫോട്ടോഷോപ്പില്‍ ചെയ്തു നോക്കിയിട്ടാണ് കാന്‍വാസില്‍ ചെയ്തിരുന്നത്. മുമ്പ് കാരക്ടര്‍ സ്‌കെച്ച് ചെയ്തിരുന്നപ്പോള്‍ കഥാപാത്രത്തിന്റെ മൊട്ട രൂപം വരച്ച് ഫോട്ടോസ്റ്റാറ്റെടുത്ത് മേക്കപ്പ് ആര്‍്ട്ടിസ്റ്റിന്റെ അടുത്തിരുന്നാണ് ഓരോ രൂപവും വരച്ചിരുന്നത്. പിന്നീടാണ് മനസ്സിലായത് വരച്ചു കൊടുക്കല്‍ മാത്രമല്ല, ഇവര്‍ക്ക് അതിനായി കളയാന്‍ സമയവുമില്ല എന്ന്. അപ്പോഴാണ് കമ്പ്യൂട്ടറിലേക്ക് മാറി ചെയ്തു തുടങ്ങിയത്.
അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പെട്ടെന്ന് എഡിറ്റ് ചെയ്തു കൊടുക്കാനാകും. പിന്നെ അത് ഐപാഡിലേക്ക് അപ്‌ഡേറ്റ് ആയി. ഇപ്പോള്‍ ഡിസ്‌കഷന്‍ നടക്കുമ്പോള്‍ തന്നെ വരച്ചു കാണിച്ചു കൊടുക്കാം. ആദ്യ ആശയമെങ്കിലും കൊടുക്കാമെന്നായി. അതുപോലെ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ജോലി എളുപ്പമാക്കും എന്നാണ് കരുതുന്നത്. എ.ഐയുടെ ലിമിറ്റേഷന്‍സിലാണ് നമ്മുടെ സ്പേസ്.
വരാനിരിക്കുന്ന വിജയപ്രതീക്ഷകള്‍
തമിഴ് നടന്‍ സൂര്യയുടെ കങ്കുവ ആണ് നിലവില്‍ ചെയ്യുന്ന ചിത്രം. ആയിരം വര്‍ഷത്തെ കഥ പറയുന്ന സിനിമയാണ്. മോഹന്‍ലാലിന്റെ ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലക്കോട്ടൈ വാലിബന്‍, ബ്ലെസിയുടെ ആടുജീവിതം ഒക്കെയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.
കുടുംബം
വീട് കായംകുളം കൃഷ്ണപുരത്താണ്. അച്ഛന് ശിവാനന്ദന്‍. അമ്മ ലീല. ഭാര്യ സ്നേഹ.
റോഷന്‍ എന്‍ ജി: മമ്മൂട്ടിയെ മാമാങ്കത്തിലെ പെണ്ണാക്കിയ മെയ്ക്കപ്പ്മാന്‍
Comments are closed.