വിജയം സുനിശ്ചിതം, രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നാവണം: ശശി തരൂര്‍
കേരളം ഇപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിലര്‍ സ്ഥാനാര്‍ഥിയെ വരെ ഉറപ്പിച്ച് യോഗങ്ങളും ചര്‍ച്ചകളുമായി നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ആരെ നിര്‍ത്തണമെന്ന് ആലോചിച്ച് കുഴയുന്നുമുണ്ട്. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനെ വെല്ലാന്‍ ഇവിടെ മറ്റാര്‍ക്കും കഴിയില്ല എന്നത് കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്.
ബിജെപിയും സിപിഐയുമാകട്ടെ ശശി തരൂരിനെതിരെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. ഈ സാഹചര്യത്തില്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി ശശി തരൂര്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ശശി തരൂര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. എങ്ങനെ കാണുന്നു?
ഔദ്യോഗികമായി പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല. പാര്‍ട്ടിയും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ, വീണ്ടും ഒരു തെരഞ്ഞെടുപ്പ് വരികയാണ്. പൊതുജനത്തിന് ഇത് ഒരു അവസരമാണ്. അവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുന്ന പാര്‍ട്ടിയെ, പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഉള്ള അവസരം. നാടിന് നല്ലത് ചെയ്യുമെന്ന് അവര്‍ക്ക് ഉറപ്പുള്ളവരെ അവര്‍ തന്നെ തെരഞ്ഞെടുക്കുന്നു. ഞാന്‍ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ക്ക് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കായി. വീണ്ടും നില്‍ക്കുമ്പോഴും അവര്‍ ഇതൊക്കെ ഓര്‍ത്ത്, മനസിലാക്കി വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു.
വീണ്ടും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിനുള്ള കാരണങ്ങള്‍?
പത്ത് വര്‍ഷമായി ഞാന്‍ തിരുവനന്തപുരം എംപിയാണ്. ഈ നാടിന് വേണ്ടി ഓരോന്ന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥമായി ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ഓരോ ആവശ്യവുമായി വരുമ്പോള്‍ അവരുടെ കാര്യങ്ങള്‍ നടത്താനായി ശ്രമിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ പോയി കേന്ദ്ര ഇടപെടലുകള്‍ വരെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കായി സ്വാധീനം ചെലുത്താന്‍ എനിക്ക് അറിയാമെന്നും അതിന് കഴിയുമെന്നും ജനങ്ങള്‍ക്ക് അറിയാം. അത് തന്നെയാണ് ഈ ആത്മവിശ്വാസത്തിന്റെ കാരണവും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട്ടിക്കാട്ടുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്?
എന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാകും ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് വീണ്ടും ഒരവസരം കൂടി ചോദിക്കുന്നതെന്ന് പറയാനുള്ളത്. നാടിന് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഒക്കെനിന്നും സഹായങ്ങള്‍ ഇവിടേക്ക് എത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടുത്തെ നല്ല കാര്യങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കാനും എനിക്കാകും. ജനങ്ങള്‍ക്കായി വിവിധ സഭകളിലും യോഗങ്ങളിലും ഒക്കെ സംസാരിക്കണം ഒരു നേതാവ്. എനിക്കതിന് കഴിയും.
മുഖ്യശത്രുവായി കാണുന്നത് ആരെയാണ്? എല്‍ഡിഎഫിനെ ആണോ അതോ ബിജെപിയെ ആണോ?
എന്നെ സംബന്ധിച്ചിടത്തോളം രണ്ട് പാര്‍ട്ടികളും എതിര്‍വശത്താണ്. ഈ രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് കൂടി ഇതുവരെ അറിയില്ല. രണ്ട് പാര്‍ട്ടികളെയും വേണ്ട പ്രാധാന്യത്തോടെ തന്നെ ഞാന്‍ എടുക്കും. പക്ഷേ, ഈ ശബരിമല വിഷയം വന്നതോടു കൂടി ബിജെപി നല്ല കളികളാണ് കളിച്ചത്. വര്‍ഗീയത കാര്‍ഡാക്കി. കല്ലെറിയല്‍, സമരം, പോലീസുമായി ഏറ്റുമുട്ടല്‍ ഇങ്ങനയൊക്കെ. അവര്‍ പറയുന്നത് ഹിന്ദുക്കള്‍ക്ക് അവര്‍ മാത്രേയുള്ളൂ എന്നാണ്. അങ്ങനെ അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന് എല്ലാവരും പറയുന്നുണ്ട്.
ശബരിമലയും ബിജെപിയും രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?
ഞാനുമൊരു ഹിന്ദുവാണ്. ശബരിമല വിഷയത്തില്‍ ഇടപെട്ട ഒരാളാണ്. ക്ഷേത്രങ്ങളില്‍ പോകാറുള്ള ഒരാളാണ്. ഇത്തരത്തില്‍ കലാപം നടത്തിയല്ല വിശ്വാസം സംരക്ഷിക്കേണ്ടത് എന്നാണ് എനിക്ക് പറയാനുള്ളത്. ശബരിമല വിഷയം പരിഹരിക്കണം എന്നതാണ് ലക്ഷ്യമെങ്കില്‍ പാര്‍ലമെന്റില്‍ ബിജെപിക്ക്് ഭൂരിപക്ഷം ഉണ്ടല്ലോ. ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നു. എന്നാല്‍ അത് ചെയ്തോ. ഇല്ല. ഇങ്ങനെ ബഹളമുണ്ടാക്കേണ്ട ആവശ്യം എന്താണ്. അത് ബിജെപിക്ക് പബ്ലിസിറ്റി കൊടുക്കാനാണ്. ബിജെപിയെ കേരളത്തില്‍ ഒരു സ്ഥാനത്ത് എത്തിക്കാനാണ്. അതുകൊണ്ട് നമ്മുടെ ജനങ്ങള്‍ മനസിലാക്കണം നമ്മുടെ രാജ്യം വര്‍ഗീയതയില്‍ അല്ല വേണ്ടത് എന്ന്. രാഷ്ട്രീയം ഏതായാലും നമ്മുടെ രാഷ്ട്രം നന്നാവണം. അതാണ് വേണ്ടത്.
താങ്കള്‍ക്കെതിരെ എല്‍ഡിഎഫിന് അത്ര നല്ല ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനില്ല. താങ്കള്‍ക്ക് മുന്നില്‍ മറ്റാരും പ്രസക്തമല്ലെന്നാണ് പൊതുവേയുള്ള സംസാരം. അതില്‍ എന്താണ് പറയാനുള്ളത്?
അങ്ങനെയല്ല. കേരളത്തില്‍ അല്ലെങ്കിലേ പറയാറുണ്ട്. കോണ്‍ഗ്രസ് ചിഹ്നം കണ്ടാലേ കുറേ വോട്ട് കിട്ടും പിന്നെ നില്‍ക്കുന്ന ആളിനെ നോക്കിയാ മതിയെന്നും. ഇടതിന്റെ ചിഹ്നം കണ്ടാലും ഇങ്ങനെ തന്നെ. പക്ഷേ അങ്ങനെ മാത്രമല്ല. ഞാന്‍ ആദ്യം ഇലക്ഷന് നില്‍ക്കുന്നത് 2009-ലാണ്. അന്ന് സിപിഐ തന്നെയായിരുന്നു മുഖ്യ എതിരാളി. എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് കിട്ടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് രണ്ട് ലക്ഷത്തിലധികം വോട്ടും കിട്ടി. പക്ഷേ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്നത് മോദി ശക്തമാകുന്ന സമയത്താണ്. നമ്മുടെ രാജ്യത്ത് ബിജപിക്ക് കുറച്ചു കൂടി ശക്തി കൂടി. എനിക്കെതിരെ നിന്നത് ഒ രാജഗോപാലാണ്. അന്ന് ഭൂരിപക്ഷം കുറവായിരുന്നു. ഏതാണ്ട് പതിനയ്യായിരം മാത്രം. അന്നത്തെ കണക്കൊക്കെ വെച്ച് നോക്കുമ്പോള്‍ നമുക്ക് മനസിലാകും ബിജെപിയും പ്രസക്തമാകുന്നു എന്ന്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ആരും അപ്രസക്തമല്ലാ എന്ന്. എല്ലാവരെയും നമ്മള്‍ ഗൗരവമായിട്ടെടുക്കണം. എല്ലാവരും പ്രസക്തരാണ്.
ശബരിമല വിഷയത്തിലെ നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലേ?
ഉറപ്പായും. ഞങ്ങളും വിശ്വാസികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പക്ഷേ ഞങ്ങള്‍ ബഹളമുണ്ടാക്കില്ല. ആക്രമണം നടത്തില്ല. ഞങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ പോകും. ഞങ്ങള്‍ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. ആക്രമണമല്ല യഥാര്‍ഥ പ്രതിഷേധമെന്ന് മനസിലാക്കുന്നവര്‍ വോട്ട് ചെയ്യും. അങ്ങനെ ചിന്തിക്കുന്നവരും നമ്മുടെ നാട്ടിലുണ്ടല്ലോ. നമ്മുടേത് ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു രാജ്യമാണ്. ഇങ്ങനെ റോഡില്‍ ഇറങ്ങി തല്ലുകൂടിയിട്ടല്ല നമ്മുടെ നാടിന് പുരോഗതിയുണ്ടാകുന്നത്. ഞങ്ങള്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വിശ്വാസികള്‍ക്കൊപ്പമാണ് ഞങ്ങളും. പക്ഷേ, വിശ്വാസികളുടെ ആവശ്യം നിയമപരമായും പാര്‍ലമെന്റിലൂടെയും മാത്രമേ നടപ്പിലാക്കൂ.
(സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.