സംഗീതമാണ് ഊർജം, ഇനിയും മുന്നോട്ട് തന്നെ: ഗായിക സിതാര
മനസ് നിറയെ സംഗീതവുമായി നടക്കുന്ന പെണ്‍കുട്ടി. ഓരോ ശ്വാസത്തിലും സ്വപ്നം കാണുന്നത് സംഗീതം എന്ന മൂന്നക്ഷരത്തെ. ഉള്ളിലുള്ള കഴിവിനെ വീണ്ടും വീണ്ടും മിനുക്കിയെടുക്കാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാനുള്ള മനസ് അവള്‍ക്കുണ്ട്. ആ പ്രയത്‌നത്തിനുള്ള ഫലമായി രണ്ടാമതും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ് ഗായിക സിതാര. വിനീത രാജ് സിതാരയുമായി നടത്തിയ അഭിമുഖം.
രണ്ടാമതും ഒരു സംസ്ഥാന പുരസ്‌കാരം സിതാരയെ തേടിയെത്തിയിരിക്കുകയാണ്. ഈ സന്തോഷം എങ്ങനെയാണ് ആഘോഷിക്കുന്നത്?
സന്തോഷമാണ്. പക്ഷേ വലിയ ആഘോഷങ്ങളൊന്നും ഇല്ല. ഇതുപോലെ കിട്ടുന്ന അംഗീകാരങ്ങളൊക്കെ നമ്മുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ നമ്മളെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിക്കുകയാണ്. ഞാന്‍ എന്ന വ്യക്തിയെ കുറച്ചു കൂടി മെച്ചപ്പെടുത്താനുള്ള ഒരു അവസരമായിട്ട് ഓരോ അവാര്‍ഡിനെയും കാണുന്നു. ചെയ്തു കൊണ്ടിരിക്കുന്ന ജോലി കൂടുതല്‍ ഉത്തരവാദിത്തത്തോടെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടു പോകണമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ട് ഓരോ അംഗീകാരങ്ങള്‍ക്ക് പിന്നിലും.കിട്ടിയില്ലെങ്കിലും സങ്കടമില്ല. അവാര്‍ഡിന് വേണ്ടിയല്ല പാടുന്നത് ചിലപ്പോള്‍ നന്നാകുമെന്ന് കരുതി പാടുന്നവയൊന്നും ഹിറ്റ് ആകണമെന്നില്ല. പ്രതീക്ഷിക്കാത്തത് പലതും ഹിറ്റാകാറുമുണ്ട്.
ഇത്തവണ പ്രതീക്ഷിച്ചിരുന്നോ പുരസ്‌കാരം?
ഒരിക്കലുമില്ല. കാരണം ഒരുപാട് പേര്‍ ചുറ്റിലും നല്ല നല്ല പാട്ടുകള്‍ പാടി നില്‍പ്പുണ്ട്. അതില്‍ നിന്നൊരെണ്ണം കണ്ടെത്താന്‍ പറഞ്ഞാല്‍ എങ്ങനെ കണ്ടെത്തും. എത്രയോ മനോഹരമായ പാട്ടുകള്‍ കഴിഞ്ഞ വര്‍ഷമിറങ്ങി. ഏതുപാട്ട് പാടിയാലും അത് മികച്ചതാക്കണമെന്നേ ചിന്തിക്കാറുള്ളൂ. നമ്മുടെ ശബ്ദത്തിനും ശൈലിക്കും ചേരുന്ന പാട്ടുകള്‍ കിട്ടുമ്പോള്‍ സന്തോഷമാണ്. അതിനോട് കുറച്ചധികം ഇഷ്ടവും തോന്നും. അത്തരത്തില്‍ ഈ പാട്ടിനോട് അല്പം സ്‌നേഹക്കൂടുതലുണ്ട്.
ഈ വര്‍ഷം തുടക്കം തന്നെ അംഗീകാരം കിട്ടി. ഇനിയങ്ങോട്ട് ഏറെ പ്രതീക്ഷയുണ്ടോ?
സത്യത്തില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞത്. പാടിയതിലേറെയും ഒറ്റയ്ക്കുള്ള പാട്ടുകളായിരുന്നു. എല്ലാം ശ്രദ്ധിക്കപ്പെട്ടവ. അതില്‍ എനിക്ക് പ്രിയപ്പെട്ട അഞ്ചു പാട്ടുകള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്നാണ് വിമാനത്തിലെ ‘വാനമകലുന്നുവോ…’ എന്ന ഗാനം. പിന്നെ ആ പാട്ടിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്. എന്റെ ശബ്ദത്തിന് യോജിച്ചൊരു പാട്ടായിരുന്നു അത്. അതുപോലെ മനോഹരമായി ചിട്ടപ്പെടുത്തിയ പാട്ട് കൂടിയാണ്. ഒന്നര മണിക്കൂറോളം എടുത്താണ് ഗോപി സുന്ദര്‍ ഈ പാട്ട് റെക്കോഡ് ചെയ്ത്ത്. ഞാന്‍ മുമ്പും അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. സാധാരണ ഗോപിസുന്ദര്‍ ഇരുപത് മിന്ട്ട് കൊണ്ടൊക്കെ തീര്‍ക്കുകയാണ് പതിവ്. പക്ഷേ, ഈ പാട്ടിന്റെ കാര്യത്തില്‍ അദ്ദേഹത്തിനും പ്രതീക്ഷ കൂടുതലായിരുന്നുവെന്ന് തോന്നുന്നു.
അവാര്‍ഡ് കിട്ടുന്നതിന് മുന്നേ പലര്‍ക്കു ഈ പാട്ടിനെ കുറിച്ച് അറിയില്ലായിരുന്നു. വേണ്ട ശ്രദ്ധ കിട്ടാതെ പോയതില്‍ വിഷമം തോന്നിയിരുന്നോ?
തീര്‍ച്ചയായും. ഈ സന്തോഷത്തിനൊക്കെ മുമ്പ് സത്യത്തില്‍ നല്ല വിഷമം തോന്നിയ അവസ്ഥയുണ്ടായിരുന്നു. ചിത്രത്തിലെ പാട്ടുകളൊക്കെ യൂടൂബില്‍ അപ്ലോഡ് ചെയ്ത സമയത്ത് ഈ പാട്ടിന്റെ വീഡിയോ മാത്രം ഉണ്ടായിരുന്നില്ല. തീയേറ്ററില്‍ കണ്ടാണ് സുഹൃത്തുക്കളൊക്കെ നല്ല പാട്ടാണെന്ന് അഭിപ്രായം പറഞ്ഞത്. ആദ്യമൊന്നും ഈ പാട്ട് അധികം പേരിലേക്ക് എത്തിയിരുന്നില്ല. പൊതുവേ പാട്ടുകളുടെ മേലില്‍ അധികം പ്രതീക്ഷകള്‍ വയ്ക്കുന്നൊരാളല്ല ഞാന്‍..ആ പാടുന്ന സമയത്ത് അത് ആസ്വദിച്ച് ചെയ്യാറാണ് പതിവ്. പക്ഷേ,? ഈ പാട്ട് ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ സങ്കടം തോന്നിയിരുന്നു.
പുതിയ തലമുറയിലെ ഗായകര്‍ തമ്മില്‍ മത്സരമുണ്ടോ?
അങ്ങനെയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മത്സരിക്കാനൊന്നും ആര്‍ക്കും സമയമില്ല. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കുകളിലാണ്. ഒരുപാട് പാട്ടുകാര്‍ പുതുതായി വരുന്നുണ്ട്. പഴയ ആള്‍ക്കാരുണ്ട്. ഞങ്ങളുടെ തലമുറയില്‍ പെട്ട ഒരുപാട് ആള്‍ക്കാരുണ്ട്. ഞാന്‍ എല്ലാരുമായിട്ടും നല്ല സൗഹൃദമാണ്. ഓരോരുത്തരുടെയും പാട്ടുകള്‍ ഹിറ്റാകുമ്പോള്‍ പരസ്പരം വിളിച്ച് അഭിനന്ദിക്കാറുണ്ട്.പിന്നെ എപ്പോഴും സംഗീതം മാത്രമല്ലല്ലോ,? ജീവിതം ആസ്വദിക്കണമല്ലോ. കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെ ചിലവഴിക്കാനും സമയം കണ്ടെത്തണ്ടേ. അതിനിടയില്‍ മത്സരിക്കാന്‍ ആര്‍ക്കാണ് സമയം കിട്ടുന്നത്.
കരിയറില്‍ പുതിയൊരു വഴി കൂടി തുറന്നിരിക്കുകയാണ് സിതാര. എങ്ങനെയാണ് സംഗീത സംവിധാനത്തിലേക്ക് തിരിഞ്ഞത്?
എന്റെ സ്വപ്നമായിരുന്നു സംഗീത സംവിധാനം. ആദ്യ കാലത്തെ പല അഭിമുഖങ്ങളിലും ഞാനത് പറഞ്ഞിട്ടുണ്ട്. പക്ഷേ,? സമയവും ധൈര്യവും ഒത്തു വരാത്തതാണ് ഇത്രയും വൈകാന്‍ കാരണമെന്ന് പറയാം. മുമ്പും സ്വന്തം പാട്ടിന് വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. പക്ഷേ, ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനം നടത്തിയത് ഇപ്പോഴാണ്. എന്തുകൊണ്ടോ ഇതുവരെ അത് ഏറ്റെടുക്കാനുള്ള ഒരു ധൈര്യം കിട്ടിയിരുന്നില്ല, വലിയൊരു ഉത്തരവാദിത്തമാണത്.പാടാന്‍ വിളിക്കുമ്പോള്‍ നമ്മള്‍ ഒന്നും അറിയണ്ട. കുറച്ച് സമയം അതിന് വേണ്ടി നീക്കി വയ്ക്കണമെന്നേയുള്ളൂ. മറ്റ് ടെന്‍ഷന്‍സൊന്നും ഉണ്ടാകില്ല. സംഗീത സംവിധാനം അങ്ങനെയല്ല?, സിനിമയ്ക്ക് പിന്നില്‍ ഒരുപാട് ആള്‍ക്കാരുണ്ട്. അവര്‍ക്കൊക്കെയും പ്രതീക്ഷകളുണ്ടാകും സ്വപ്നങ്ങളുണ്ടാകും. എല്ലാര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ വേണം ചെയ്യാന്‍. അതുവരെ നമ്മളതില്‍ തന്നെ ജീവിക്കണം. ഒടുവില്‍ വര്‍ക്ക് പുറത്തു വരാന്‍ ഒരുപാട് സമയമെടുക്കും.
ഗായികയില്‍ നിന്ന് മാറി സംഗീത സംവിധായിക ആയ അനുഭവം പങ്കുവയ്ക്കാമോ?
രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സംഗീത സംവിധാനം നടത്തിയത്. ആദ്യത്തേത് കഥ പറഞ്ഞ കഥ. അത് ഞാനൊറ്റക്കായിരുന്നു. ഉടലാഴമായിരുന്നു രണ്ടാമത്തെ ചിത്രം,? അതില്‍ സുഹൃത്ത് മിഥുനും കൂടെയുണ്ട്. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. മിഥുന്‍ 50 ശതമാനം ഞാന്‍ 50 ശതമാനം എന്നു വേണമെങ്കില്‍ പറയാം. ഞാന്‍ പിന്നണി ഗായിക ആയ കാലം തൊട്ടുള്ള സൗഹൃദമാണ്. അതുകൊണ്ട് വലിയ ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല. പുള്ളിക്കാരനും കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്തു. നാലു പാട്ടുകളാണ് ഉടലാഴത്തി
ല്‍. അതില്‍ ഒരു പാട്ട് ഞാന്‍ പാടിയിട്ടുമുണ്ട്. കേട്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നതില്‍ സന്തോഷമുണ്ട്. പിന്നെ,? സയനോരയും സംഗീത സംവിധാനത്തിലേക്ക് കടന്നിട്ടുണ്ട്. അതും എനിക്കൊരു പ്രോത്സാഹനമായിരുന്നു.
സ്ത്രീകള്‍ അധികം കടന്നു വരാത്ത മേഖലയാണ് സംഗീത സംവിധാനം. എന്തുകൊണ്ടായിരിക്കും സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരാന്‍ വൈകിയത്?
മറ്റൊന്നും കൊണ്ടല്ല പ്രൊഫഷനും കുടുംബവും ഒരുമിച്ച് കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. പാട്ട് പാടാന്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം വേണ്ടി വരുമ്പോള്‍ സംഗീത സംവിധാനത്തിന് വേണ്ടി ദിവസങ്ങളും ചിലപ്പോള്‍ മാസങ്ങളും ചെലവഴിക്കേണ്ടി വരുന്നു. മാത്രവുമല്ല,? രാപ്പകലില്ലാതെ ജോലി ചെയ്യേണ്ടിയും വരും. അത് തന്നെയാണ് സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നതും. പലര്‍ക്കും അങ്ങനെ വരുമ്പോള്‍ വീട്ടില്‍ നിന്ന് നല്ല സപ്പോര്‍ട്ട് കിട്ടണമെന്നില്ല. അതല്ലാതെ മറ്റ് വേര്‍തിരിവുകളൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.
ഗായികയായിട്ടാണോ സംഗീത സംവിധായികയായിട്ടാണോ അറിയപ്പെടാന്‍ ഇഷ്ടം?
അതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്. ആത്യന്തികമായി ഒരു മ്യൂസിഷന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് ഇഷ്ടം. എല്ലാം സംഗീതം തന്നെയല്ലേ. പിന്നെ ഇത് രണ്ടും ഇല്ലെങ്കില്‍ ഞാനില്ല. രണ്ടും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. കണ്ണിലെ കൃഷ്ണമണികള്‍ പോലെ.
സംഗീതം എപ്പോഴാണ് കൂടെ കൂടിയത്?
മൂന്നു വയസ് കഴിഞ്ഞപ്പോഴേക്കും സംഗീതം പഠിക്കാന്‍ തുടങ്ങി. അന്നൊന്നും ഒന്നും മനസിലായിട്ടില്ല. പിന്നീട് പതിയെ പതിയെയാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇപ്പോള്‍ സംഗീതത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കഴിഞ്ഞു. സംഗീതപഠനം തീര്‍ന്നിട്ടില്ല. അതിപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ, എനിക്കിത്ര എനര്‍ജെറ്റിക്കായിട്ടിരിക്കാന്‍ കഴിയുന്നതും സംഗീതം കൂടെയുള്ളതു കൊണ്ടാകും. എത്ര തിരക്കായാലും പരിശീലനം മുടങ്ങാറില്ല.
റിയാലിറ്റി ഷോയിലൂടെയായിരുന്നല്ലോ മലയാളികള്‍ക്ക് സിതാരയെ പരിചയം? സിനിമയിലേക്ക് എത്തിയത് എപ്പോഴാണ്?
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘അതിശയന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാപിന്നണി ഗായികയായി തുടക്കം കുറിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ സാറിന്റെ ഭാര്യ നീന ചേച്ചി വഴിയാണ് ഞാന്‍ പിന്നണി പാടാന്‍ എത്തുന്നത്. റിയാലിറ്റി ഷോകളില്‍ കണ്ടിട്ടായിരുന്നു ചേച്ചി എന്നെ കുറിച്ച് സാറിനോട് പറയുന്നത്. അന്ന് പ്രധാനപ്പെട്ട മൂന്നു ചാനലുകള്‍ നടത്തിയ മൂന്നു റിയാലിറ്റി ഷോകളിലും വിജയിയാവുകയും ചെയ്തു. അത് കണ്ടാണ് നീന ചേച്ചി എന്നെ കുറിച്ച് വിനയന്‍ സാറിനോട് പറയുന്നതും ഞാന്‍ സിനിമാപിന്നണി ഗായികയാകുന്നതും.
പഠിക്കുന്ന സമയത്ത് കലാതിലകമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി ഞാന്‍ കലാതിലകമായിരുന്നിട്ടുണ്ട്. ചെറിയ പ്രായത്തില്‍ സംഗീതത്തേക്കാളും കൂടുതലായി ഇഷ്ടപ്പെട്ടിരുന്നത് നൃത്തത്തെയായിരുന്നു. സംഗീതം കൂടെയുണ്ടെങ്കിലും നൃത്തത്തില്‍ തുടരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ വളര്‍ന്നപ്പോള്‍ നൃത്തം പോയി, സംഗീതം മാത്രമായി. ഇനി എന്തായാലും ഉടനേ നൃത്തത്തിലേക്ക് ഉണ്ടാകില്ല. ശരിക്കും പ്രാക്ടീസ് ഉണ്ടെങ്കില്‍ മാത്രമേ അതിലേക്ക് തിരിയാന്‍ പറ്റൂ. മനസില്‍ നിന്നും നൃത്തത്തെ അകറ്റിയിട്ടില്ല. പറ്റിയൊരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും നൃത്തം തുടരുക തന്നെ ചെയ്യും. പക്ഷേ,? അടുത്തൊന്നും അത് നടക്കുമെന്ന് തോന്നുന്നില്ല.
മുന്നോട്ട് നയിക്കുന്ന ഊര്‍ജം എന്താണ്?
അത് സംഗീതവും കുടുംബവും തന്നെയാണ്. കുട്ടിക്കാലം മുതലേ എന്നെ ഒരു പാട്ടുകാരിയായിക്കുക എന്ന് ആഗ്രഹിച്ചിരുന്നത് അച്ഛനും അമ്മയുമാണ്. അവരുടെ അധ്വാനമാണ് എന്നെ ഈ നിലയിലെത്തിച്ചത്. അച്ഛന്‍ ഡോ. കൃഷ്ണകുമാര്‍, നന്നായി പാടും. അമ്മ സാലി കൃഷ്ണകുമാര്‍. ഇപ്പോള്‍ ഭര്‍ത്താവ് ഡോ. സജിഷും പിന്തുണയുമായി കൂടെയുണ്ട്. സംഗീതത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കാന്‍ അദ്ദേഹം നല്‍കുന്ന പിന്തുണ ചെറുതല്ല. ഒരു മകളുണ്ട്,? സാവന്‍ ഋതു. ഞാന്‍ പാടുന്നത് അവള്‍ക്കുമിഷ്ടമാണ്. കുടുംബത്തിന് എന്റെ മേലില്‍ ഒരു വിശ്വാസം ഉണ്ട്. ആ വിശ്വാസം കളയാന്‍ പറ്റില്ല. അവരുടെയൊക്കെ ഊര്‍ജമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
സിതാരയെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാം,? ആളൊരു യാത്രാപ്രേമിയാണെന്ന്?
യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹമുള്ള ആളാണ് ഞാന്‍. നമ്മളെ തന്നെ നമുക്ക് റിഫ്രഷ് ചെയ്ത് എടുക്കാന്‍ യാത്രകള്‍ സഹായിക്കും. പാട്ടുകാരിയായ ശേഷമാണ് കൂടുതല്‍ യാത്രകള്‍ ചെയ്തു തുടങ്ങിയത്. നിരവധി സ്റ്റേജ് ഷോകള്‍ കേരളത്തിനകത്തും പുറത്തും ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി യാത്ര ചെയ്യാനും സാധിച്ചിട്ടുണ്ട്. ഷോ കഴിഞ്ഞ് കിട്ടുന്ന സമയം മുഴുവന്‍ സ്ഥലങ്ങള്‍ കറങ്ങി കാണാന്‍ തന്നെയാണ് ചെലവഴിക്കുന്നത്. പ്രശസ്തമായ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. മനസ് വല്ലാതെ മടുക്കുമ്പോള്‍,? തുടര്‍ച്ചയായ സ്റ്റേജ് ഷോകള്‍ കഴിയുമ്പോള്‍ ഒക്കെ എന്നെ ഒന്ന് ബൂസ്റ്റ് ചെയ്യാനായി ഞാന്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ യാത്രയാണ്.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.