ഗായകന്‍ യേശുദാസിന്റെ ആദ്യ നായിക ഉഷാകുമാരി ഇതാ ഇവിടെയുണ്ട്
ആദ്യ സിനിമ തമിഴില്‍. അതിന്റെ ഷൂട്ടിങ് അവസാനിക്കുമുമ്പ് തന്നെ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഇനി സിനിമാഭിനയം വേണ്ടെന്ന് തീരുമാനം. ഉഷാകുമാരിയെന്ന അഭിനേത്രിയുടെ ജീവിതം, അവിചാരിതമായി കണ്ടുമുട്ടിയ കുഞ്ചാക്കോ വഴിതിരിച്ചുവിട്ടു. രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്നതിനായി ആലപ്പുഴയിലെത്തിയ ഉഷാകുമാരി ഇതുവരെ അഭിനയിച്ചത് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 200-ല്‍ അധികം സിനിമകള്‍.
മലയാളത്തിലെ കാട്ടുതുളസി മുതല്‍ കാന്തവലയം വരെയുള്ള ചിത്രങ്ങളില്‍ തുടര്‍ച്ചയായി ഉഷാകുമാരി അഭിനയിച്ചിരുന്നു. ഷാര്‍ജ റ്റു ഷാര്‍ജ അടക്കം 48 മലയാളം സിനിമകളിലാണ് അവര്‍ മൊത്തം അഭിനയിച്ചിട്ടുള്ളത്. പിന്നീട് മുഖ്യമന്ത്രിമാരായി തീര്‍ന്ന മൂന്ന് പേരോടൊപ്പം അഭിനയിച്ച അവര്‍ ഗായകന്‍ കെ ജെ യേശുദാസിന്റെ ആദ്യ നായികയുമായി.
സിനിമ രംഗത്ത് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷാകുമാരി ഒരു നല്ല നര്‍ത്തകി കൂടിയാണ്. ഉഷാകുമാരി രാജശേഖരന്‍ മുതുകുളവുമായി സംസാരിക്കുന്നു.
ഉഷാകുമാരി, സിനിമ രംഗത്തേക്ക് കടന്നു വന്നത് എങ്ങനെയാണ്? ആദ്യ സിനിമ ഏതാണ്?
ഞാന്‍ തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചു വളര്‍ന്നത്. അച്ഛന്‍ ബാലകൃഷ്ണന്‍. അമ്മ രുഗ്മിണി. അച്ഛന്‍ തഞ്ചാവൂര്‍ കോര്‍ട്ടിലെ ജൂറിയായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ എന്നെ ഡാന്‍സ് പഠിക്കാന്‍ അച്ഛന്‍ വിടുമായിരുന്നു. കുംഭകോണത്തെ ഡാന്‍സ് പഠനം കഴിഞ്ഞപ്പോള്‍ കൂടുതല്‍ പഠനത്തിനായി ചെന്നൈയിലേക്ക് ഞങ്ങള്‍ താമസം മാറി. വൈജയന്തിമാലയുടെ നാട്യാലയത്തിലും അഡയാര്‍ ലക്ഷ്മണന്‍, പുഷ്പാ ശങ്കര്‍, കൃഷ്ണവേണി ലക്ഷ്മണ്‍ എന്നിവര്‍ അന്ന് ഡാന്‍സ് പഠിപ്പിച്ചു.
ഞാന്‍ ഡാന്‍സിന് പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ സംവിധായകന്‍ സിവി ശ്രീധര്‍ പുതിയ നടികളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പ്രസ് റിപ്പോര്‍ട്ടര്‍ എന്നെ കുറിച്ച് ശ്രീധര്‍ സാറിനോട് പറഞ്ഞു. അദ്ദേഹം പുതിയ തമിഴ് സിനിമയായ വെണ്ണിറാ ആഡെയില്‍ എന്നെ അഭിനയിപ്പിച്ചു. 1965-ല്‍ ആയിരുന്നു അത്.
മലയാളത്തില്‍ അഭിനയിക്കാന്‍ എങ്ങനെയാണ് അവസരമുണ്ടായത്?
അത് വളരെ രസകരമാണ്. ആദ്യത്തെ സിനിമ അഭിനയിച്ചു കഴിഞ്ഞ് ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. ഞാന്‍ ഡാന്‍സിന്റെ ഫോട്ടോ സെക്ഷനുവേണ്ടി ശിവരാമന്‍ സാറിന്റെ വീട്ടില്‍ മേയ്ക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവിടെ രാജശ്രീ ഉണ്ടായിരുന്നു. രാജശ്രീയെ കാണാന്‍ മലയാള സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ കുഞ്ചാക്കോ എത്തി. അവിടെ രാജശ്രീയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എന്നെ കണ്ടു.
ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ യാത്ര ചെയ്തിരുന്ന കാറിനെ ഫോളോ ചെയ്ത് കുഞ്ചാക്കോയും മാനേജരും എന്റെ വീട്ടിലെത്തി. എന്റെ അച്ഛനോട് അടുത്തതായി കുഞ്ചാക്കോയുടെ ഉദയ എടുക്കുന്ന മലയാളം സിനിമയില്‍ എന്നെക്കൂടെ അഭിനയിക്കാന്‍ വിടണമെന്ന് പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, അവള്‍ ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു നില്‍ക്കുകയാണെന്ന്.
അപ്പോള്‍ കുഞ്ചാക്കോ എന്നോട് ചോദിച്ചു എന്താണ് അഭിനയിക്കാത്തത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ അഭിനയം എനിക്ക് പിടിക്കുന്നില്ല. എനിക്ക് രണ്ടും മൂന്നും ഭാവങ്ങള്‍ പലപ്പോഴും വന്നു കൊണ്ടിരിക്കും. ദു:ഖം അഭിനയിക്കുവാന്‍ വലിയ ബുദ്ധിമുട്ടുമാണ്. അങ്ങനെയുള്ള ഞാന്‍ അഭിനയിക്കാതിരിക്കുന്നതല്ലേ നല്ലത്. എന്ന് ഞാന്‍ ചോദിച്ചു. അഭിനയം ഞാന്‍ നല്ല രീതിയില്‍ ചെയ്യിച്ചാല്‍ അഭിനയിക്കാമോയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അഭിനയിക്കാം എന്ന് ഞാന്‍ പറഞ്ഞു.
അച്ഛനോട് വിവരങ്ങള്‍ എല്ലാം വീണ്ടും സംസാരിച്ചു. ഞങ്ങളെ ഷൂട്ടിംഗിനായി ആലപ്പുഴയ്ക്ക് കൊണ്ടുപോയി. ഷൂട്ടിംഗിന് എത്തിയപ്പോള്‍ എന്നെ മാത്രം നോക്കാന്‍ രണ്ട് അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ വച്ചിരിക്കുന്നു. അഭിനയിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഓരോ കുഴപ്പങ്ങളും ദൂരെ നിന്ന് നോക്കി അവര്‍ എന്നെ നിയന്ത്രിച്ചു കൊണ്ടിരുന്നു. അവരുടെ മേല്‍നോട്ടത്തില്‍ ഞാന്‍ കാര്യമായി അഭിനയിച്ചു.
അന്ന് ഷൂട്ടിംഗിനുണ്ടായിരുന്ന ഡാന്‍സ് മാസ്റ്ററാണ് എന്നെ സ്ത്രീകളെപ്പോലെ നടക്കാന്‍ പഠിപ്പിച്ചത്. ഞാന്‍ മൂന്ന് സഹോദന്മാരുടെ ഒറ്റ സഹോദരിയായി വളര്‍ന്നതിനാല്‍ അവരോടൊപ്പം നടന്ന് ആണ്‍കുട്ടികള്‍ നടക്കുന്നതു പോലെയായിരുന്നു ഞാന്‍ നടന്നിരുന്നത്.
കാട്ടുതുളസി സിനിമയാണ് എന്നെ ഒരു സ്ത്രീയെപ്പോലെ നടക്കാന്‍ പഠിപ്പിച്ചത്. കാട്ടുതുളസി എന്നെ അഭിനയവും പഠിപ്പിച്ചു. എന്റെ ആദ്യത്തെ മലയാളം സിനിമ അന്നത്തെ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു.
പലപേരുകളില്‍ അറിയപ്പെടുന്നുണ്ടല്ലോ. ഏതാണ് ഉഷാകുമാരിയുടെ ശരിക്കുള്ള പേര്?
എന്റെ ശരിക്കുള്ള പേര് ശാന്തി എന്നാണ്. ശാന്തി എന്ന പേരില്‍ തമിഴില്‍ നാടക നടിയും സിനിമ നടിയും എല്ലാം ഉണ്ടായിരുന്നു. തമിഴില്‍ ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശാന്തി എന്ന പേര് വേണ്ട എന്ന് ഡയറക്ടര്‍ ശ്രീധര്‍ തീരുമാനിച്ചു. അദ്ദേഹം എന്റെ പേര് നിര്‍മ്മല എന്നാക്കി. വെണ്ണിറാ ആഡെയ് ആദ്യ സിനിമ ആയതിനാല്‍ തമിഴ്‌നാട്ടില്‍ ഞാന്‍ വെണ്ണിറാ ആഡെയ് നിര്‍മ്മല എന്ന് അറിയപ്പെടാന്‍ തുടങ്ങി.
1965-ല്‍ തന്നെയാണ് മലയാള സിനിമയിലും അഭിനയിക്കുന്നത്. കാട്ടുതുളസിയില്‍ അഭിനയിച്ചപ്പോള്‍ കുഞ്ചാക്കോ എന്റെ പേര് ഉഷാ കുമാരി എന്നാക്കി മാറ്റി. അങ്ങനെയാണ് മലയാള സിനിമയില്‍ ഞാന്‍ ഉഷാ കുമാരിയാകുന്നത്. ശാന്തി എന്ന പേരില്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.
എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്?
ആകെ എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് കൃത്യമായി ഓര്‍ക്കുവാന്‍ സാധിക്കുന്നില്ല. മലയാളത്തില്‍ 48 സിനിമകളിലാണ്. തമിഴില്‍ 152 സിനിമകളാണെന്ന് തോന്നുന്നു. തെലുങ്കില്‍ 16 സിനിമകളിലും കന്നഡയില്‍ 2 സിനിമകളിലും. ഇത് എന്റെ കണക്കുകൂട്ടലാണ്. മലയാളം കൃത്യമാണ്. തമിഴ് ഒരുപാടുള്ളത് കാരണം എണ്ണം തെറ്റാന്‍ സാധ്യതയുണ്ട്.
നാലുഭാഷകളിലുമായി ഏതെല്ലാം പ്രശസ്ത നടന്മാരുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. പ്രശസ്തരായവരുടെ കൂടെ അഭിനയിച്ച അനുഭവം കൂടിയൊന്ന് പറയാമോ?
ഞാന്‍ അഭിനയിച്ച ആദ്യ തമിഴ് സിനിമയായ വെണ്ണിറാ ആഡെയില്‍ ജയലളിതയായിരുന്നു നായിക. പിന്നീട് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ ജയലളിതയോടൊപ്പം അഭിനയിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമാണ്. ആദ്യത്തെ മലയാളം സിനിമയില്‍ അഭിനയിക്കാന്‍ പഠിപ്പിച്ച സത്യന്‍ സാറിനെ മറക്കുവാന്‍ സാധിക്കുയില്ല. കാട്ടുതുളസിയില്‍ അദ്ദേഹത്തിന്റെ കൂടെയാണ് അഭിനയിച്ചത്. എന്നെ അഭിനയിക്കാന്‍ ഒരുപാട് അദ്ദേഹം പഠിപ്പിച്ചു. മലയാള സിനിമയാണ് എന്നെ അഭിനയം പഠിപ്പിച്ചത്.
ചേട്ടത്തി എന്ന സിനിമയില്‍ അന്നത്തെ ഫേമസ് ഹീറോയായ നസീര്‍ ഉണ്ടായിരുന്നു. അദ്ദേഹവും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ എന്ന സിനിമയില്‍ സത്യനും നസീറും ഉണ്ടായിരുന്നു. വലിയവരുടെ കൂടെ അഭിനയിക്കുമ്പോള്‍ നന്നായി അഭിനയിക്കാന്‍ പറ്റും. തമിഴില്‍ പഴയ മുഖ്യമന്ത്രിയായിരുന്ന എംജി രാമചന്ദ്രന്റെ കൂടെ അഭിനയിച്ചു. ശിവാജി ഗണേഷന്റെ കൂടെ അഭിനയിച്ചു. അവര്‍ക്കൊക്കെ എന്നെ വല്ല്യകാര്യമായിരുന്നു.
എന്‍ റ്റി രാമറാവുവിന്റേയും ജെമിനി ഗണേശന്റേയും നാഗേശ്വര റാവുവിന്റേയും ചിരഞ്ജീവിയുടേയും ശോഭന്‍ ബാബുവിന്റേയും കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ജയറാമിന്റെ കൂടെ വരെ അഭിനയിക്കാന്‍ സാധിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിമാരായ എംജിആറിനോടും ജയലളിതയോടും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവുവിനോടുമൊപ്പം അഭിനയിച്ചത് എന്റെ ഭാഗ്യം കൊണ്ടാണ്.
അഭിനയത്തിലും നൃത്തത്തിലും സിനിമാരംഗം കീഴടക്കിയ കമലാഹസന്റെ കൂടെ അഭിനയിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. ജീവിക്കാന്‍ അനുവദിക്കൂ എന്ന മലയാളം സിനിമയിലാണ് കമലഹാസനൊപ്പം അഭിനയിച്ചത്. ഇങ്ങനെ നാല് ഭാഷകളിലേയും എല്ലാ പ്രശസ്തരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്.
ഏത് നടന്റെ കൂടെ അഭിനയിച്ച റോളാണ് മറക്കാനാകാത്ത റോള്‍?
എല്ലാ നടന്‍മാരുടെ കൂടെ അഭിനയിച്ച റോളുകളും നല്ല റോളുകള്‍ തന്നെയായിരുന്നു. മറക്കാനാകാത്ത ഒരു റോള്‍ പ്രശസ്ത ഗായകനായ യേശുദാസിന്റെ കൂടെ അഭിനയിച്ചതാണ്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് ആദ്യമായി യേശുദാസ് നല്ല വേഷത്തില്‍ അഭിനയിക്കുന്നത്. ഖാദര്‍ എന്ന സുറുമ വില്‍പ്പനക്കാരനായിട്ടായിരുന്നു യേശുദാസ് പാടി അഭിനയിച്ചത്.
അദ്ദേഹത്തിന്റെ കൂടെ നബീസയായി അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. ആറ്റുവക്കിലെ ഒരു ചെറുമരത്തില്‍ കയറിയിരുന്ന് യേശുദാസ് പാടി
“ആറ്റുവഞ്ചി കടവില്‍ വച്ച്
അന്നു നിന്നെ ഞാന്‍ കണ്ടപ്പോള്‍
പാട്ട് വന്നത് പഴയ ചുണ്ടില്‍
പാടി നിര്‍ത്തിയതെന്താണ്”.
അദ്ദേഹം പാടുന്ന സമയത്ത് ഞാന്‍ പുഴയില്‍ തുണി അലക്കിക്കൊണ്ട് നില്‍ക്കുകയാണ്. തുണി അലക്കിക്കഴിഞ്ഞ് പോകുന്ന എന്നോടൊപ്പവും അദ്ദേഹം പാടിക്കൊണ്ട് വരുന്നുണ്ട്. ഏറ്റവും വലിയ ഗായകന്‍ ആദ്യമായി അഭിനയിച്ച സിനിമയില്‍ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ആ സിനിമയിലെ റോള്‍ എനിക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല.
ഇത്രയും നാള്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷം?
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് കാട്ടുതുളസിയിലെ വേഷമാണ്. മലയാളത്തിലെ എന്റെ ആദ്യത്തെ സിനിമ. അഭിനയം പഠിച്ചതും കാട്ടുതുളസിയില്‍ നിന്നാണ്. സത്യന്‍ മാഷ് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞ് തന്നു.
കരയേണ്ട കഥാപാത്രം എങ്ങനെ കരയണമെന്നും മറ്റും അദ്ദേഹം പഠിപ്പിച്ചു. അതിലെ കഥാപാത്രത്തിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ കരയാന്‍ തോന്നും. എന്റെ ആദ്യ ചിത്രം വെണ്ണിറാ ആഡെയില്‍ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ നന്നായിട്ട് അഭിനയിച്ചതും അഭിനയം പഠിച്ചതും കാട്ടുതുളസിയില്‍ നിന്ന് തന്നെയാണ്. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വേഷവും കാട്ടുതുളസിയിലെയാണ്.
സംസ്ഥാന, ദേശീയ സിനിമ അവാര്‍ഡുകള്‍
വെഗുളി പെണ്‍ എന്ന തമിഴ് സിനിമയ്ക്ക് ജൂറി സ്‌പെഷ്യല്‍ അവാര്‍ഡ് ആണ് ലഭിച്ചത്. ജന്മഭൂമി എന്ന മലയാളം സിനിമയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയിരുന്ന ജോണ്‍ ശങ്കരമംഗലം സര്‍ ആയിരുന്നു ജന്മഭൂമിയുടെ ഡയറക്ടര്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അശോക് കുമാര്‍ ആയിരുന്നു അതിന്റെ ഫോട്ടോഗ്രാഫര്‍. വളരെ നല്ല സിനിമായിരുന്നു ജന്മഭൂമി.
കല്ല്യാണം വേണ്ടെന്ന് വയ്ക്കുവാന്‍ കാരണം എന്താണ്?
പല നടികളും വിവാഹം കഴിഞ്ഞ് വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ വിവാഹം ഒഴിയുകയും രണ്ടാമത് വിവാഹം കഴിക്കുകയും അതും ഒഴിയുന്നത് കണ്ടിട്ടുണ്ട്. അത് ഒരു കാര്യം.
എന്റെ അച്ഛന്‍ ഒരു പട്ടാള ചിട്ടക്കാരന്‍ ആയിരുന്നു. ഏതിനും അച്ഛന് പെട്ടെന്ന് കോപം വരുമായിരുന്നു. അച്ഛന് സംസാരമല്ല, വാ കൊണ്ട് പറയാതെ അടി കൊടുത്താണ് അച്ഛന്‍ ദേഷ്യം കാണിക്കുന്നത്. എന്റെ ഭര്‍ത്താവായി വരുന്നവരോടും അച്ഛന്റെ പെരുമാറ്റം അങ്ങനെയായിരിക്കും.
ഭര്‍ത്താവായി വരുന്നയാളിനോട് അച്ഛന്‍ അങ്ങനെ പെരുമാറിയാല്‍ അദ്ദേഹം എന്നെ ഇട്ടിട്ട് പോകും. അതിലും ഭേദം ഞാന്‍ കെട്ടാതെ നില്‍ക്കുന്നതല്ലേ. ഡാന്‍സും അഭിനയവുമായി ഞാന്‍ മുന്നോട്ടു പോയി. 35 വയസ് വരെ കല്ല്യാണക്കാര്യം ആലോചിക്കാതെ പോയി. അതിനുശേഷം വന്ന ആലോചനക്കാര്‍ക്കെല്ലാം എനിക്ക് എത്രമാത്രം സ്വത്തുണ്ട്. എന്റെ കൈയില്‍ എത്രമാത്രം കാശുണ്ട് എന്നൊക്കെയായിരുന്നു അറിയേണ്ടത്.
പെണ്ണിനെ സ്‌നേഹിക്കാതെ പെണ്ണിന്റെ സ്വത്ത് മാത്രം സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ വേണ്ടെന്ന് ഞാനും തീരുമാനിച്ചു. കല്ല്യാണം കഴിഞ്ഞിട്ട് അത് കഴിഞ്ഞ് വേറൊരാള്‍ വരുമ്പോള്‍ വീണ്ടും കല്ല്യാണം കഴിക്കാനും ഞാനിഷ്ടപ്പെട്ടില്ല. കല്ല്യാണം കഴിക്കാതെ നില്‍ക്കുന്നത് തന്നെയാ നല്ലത് എന്ന് എനിക്ക് തോന്നി.
മലയാള സിനിമയില്‍ ശബ്ദം നല്‍കുന്നത് ആരാണ്?
എനിക്ക് പലരും ശബ്ദം നല്‍കിയിട്ടുണ്ട്. ടി ആര്‍ ഓമനച്ചേച്ചിയുടെ ശബ്ദമാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കാട്ടുതുളസിയില്‍ എനിക്ക് ശബ്ദം നല്‍കിയത് ടി ആര്‍ ഓമനച്ചേച്ചിയാണ്. ആ സിനിമയില്‍ എന്റെ അമ്മയായി ചേച്ചി അഭിനയിക്കുന്നുണ്ടായിരുന്നു. അതില്‍ തീരെ ചെറുപ്പക്കാരിയായ എന്റെ ചിരിയും കരച്ചിലും എല്ലാം ചേച്ചി നന്നായി ചെയ്തു.
ഇപ്പോള്‍ ഡാന്‍സ് ചെയ്യാറില്ലേ?
ഡാന്‍സ് ഞാന്‍ നിര്‍ത്തിയിട്ടില്ല. നിര്‍മ്മല അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്ന പേരില്‍ ഞാന്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. തമിഴ് സിനിമകളിലും തമിഴ് സീരിയലുകളിലും അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ അസിസ്റ്റന്‍സ് നോക്കിക്കൊള്ളും. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ തന്നെ പോകും. 9 ഡാന്‍സ് ഡ്രാമ ചെയ്തിട്ടുണ്ട്. ഇനിയും ഡ്രാമകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇതുവരെ അഭിനയിക്കാന്‍ പറ്റാത്ത വേഷമുണ്ടോ?
ഡാന്‍സിന് ഏറെ പ്രാധ്യാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. തുടക്കം മുതല്‍ അവസാനം വരെ ആ സിനിമയില്‍ ഡാന്‍സ് കാണണം. ഭരതനാട്യവും മോഹിനാട്ടവും കുച്ചിപ്പുടിയും എല്ലാം ആ സിനിമയില്‍ കാണണം. ആരെങ്കിലും അങ്ങനെ ഒരു സിനിമ ചെയ്യണമെന്നും എനിക്കൊരു നല്ല വേഷം തരണമെന്നും ആഗ്രഹിക്കുന്നു.
ഇന്നത്തെ കാലത്ത് വളരെ വിദ്യാഭ്യാസമുള്ളവര്‍ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്. അതിനെക്കുറിച്ച് എന്തുപറയുന്നു?
കാലം മാറുമ്പോള്‍ എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ. ഇപ്പോഴത്തെ കുട്ടികള്‍ വരെ ടെക്‌നിക്കലി എല്ലാം പഠിച്ചു കഴിയും. കമ്പ്യൂട്ടര്‍ കൊണ്ട് സിനിമ രംഗത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. പഴയ കലാകാരന്‍മാരുടെ അത്രയും ഇന്നുള്ള കലാകാരന്‍മാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരുന്നില്ല. ടെക്‌നോളജി അതുപോലെ വളര്‍ന്നു കഴിഞ്ഞു.
ഇപ്പോള്‍ ഡബ്ബിംഗിനും എഡിറ്റിങ്ങിനും എല്ലാം കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നത്. ടെക്‌നോളജി പഠിച്ചിട്ട് നില്‍ക്കുന്ന കലാകാരന്മാരും കലാകാരികളും സിനിമ രംഗത്ത് കടന്ന് വരണമെന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. ഇപ്പോള്‍ അഭിനയിക്കുമ്പോള്‍ പഴയത് പോലെ അലറി പറയുകയൊന്നും വേണ്ട. നമ്മള്‍ സാധാരണ വീട്ടില്‍ സംസാരിക്കുന്നതുപോലെ സംസാരിച്ചാല്‍ മതി. കലാബോധമുള്ള പുതിയ തലമുറ കടന്ന് വരുന്നത് വളരെ നല്ലതാണ്.
മലയാളികള്‍ എല്ലാം ഇഷ്ടപ്പെടുന്നു. മലയാള സിനിമയിലേക്കും സീരിയലിലേക്കും തിരിച്ചു വരുമോ?
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ അഭിനയിച്ചു പഠിച്ചത് മലയാളം സിനിമയിലാണ്. മലയാളത്തെ ഞാനും സ്‌നേഹിക്കുന്നു. എന്റെ ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് വേഷം തന്നാല്‍ ഞാന്‍ അഭിനയിക്കും. ഒരു വയസ്സിയായി വന്ന് മക്കളേ മക്കളേയെന്ന് പറഞ്ഞ് കരയാനൊന്നും എനിക്ക് പറ്റില്ല. ഇപ്പോള്‍ സൂര്യയുടെ തമിഴ് സീരിയലില്‍ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയിലും നല്ല വേഷം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
Comments are closed.