ഇനി ആണായിട്ട് ഇങ്ങോട്ടേക്ക് തിരിച്ചു വന്നാല്‍ മതി, ഭാര്യ പറഞ്ഞു

അംഗീകാരത്തിന്റെ നിറവിലാണ് ആളൊരുക്കം. ആളൊരുക്കത്തിലെ പ്രധാന നടനും. മികച്ച നവാഗത പ്രതിഭയ്ക്കുള്ള കേരള ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ആളൊരുക്കത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകാന്ത് കെ വി മേനോനാണ്‌. സിനിമയെ കുറിച്ചും അഭിനയരംഗത്തിലേക്ക് എത്തിയതിനെ കുറിച്ചും ശ്രീകാന്ത് സംസാരിക്കുന്നു. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ആളൊരുക്കവും ശ്രീകാന്തും പുരസ്‌കാരങ്ങളുടെ നിറവിലാണ്. എന്തു തോന്നുന്നു?

ഒരുപാട് ആഗ്രഹിച്ചിരുന്ന് നല്ലൊരു ക്യാരക്ടര്‍ കിട്ടുന്നത് ആളൊരുക്കത്തിലാണ്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കു കിട്ടുന്ന എല്ലാ അവാര്‍ഡുകളും അംഗീകാരങ്ങളും വളരെ പ്രിയപ്പെട്ടതാണ്. ഇന്ദ്രന്‍സ് ഏട്ടന് ലഭിച്ച മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തീര്‍ച്ചായും അദ്ദേഹം വളരെ അര്‍ഹിച്ചിരുന്നതാണ്. അതില്‍ വളരെ സന്തോഷമുണ്ട്. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അംഗീകാരവും അസാധാരണമായ പ്രമേയം മനോഹരമായി കൈകാര്യം ചെയ്ത ചിത്രത്തിന് അര്‍ഹതപ്പെട്ടത് തന്നെയായിരുന്നു. മികച്ച നവാഗത പ്രതിഭയ്ക്കുള്ള കേരള ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് എനിക്ക് ലഭിച്ചതാണ് ശരിക്കും അമ്പരിപ്പിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് അവാര്‍ഡ് ലഭിച്ചത്. ഒരു തുടക്കക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.

അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള മാറ്റങ്ങള്‍ എന്താണ്?

ഫോണ്‍ വിളി കൂടി, പിന്നെ മാറ്റം ശരിക്കുമറിയുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഫേസ്ബുക്കില്‍ രണ്ടോ മൂന്നോ ഫ്രണ്ട് റിക്വസ്റ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് അത് അറുപതും എഴുപതുമൊക്കെയായി മാറി. മെയ് മാസത്തില്‍ അനിയന്റെ കല്ല്യാണമാണ്. കല്ല്യാണം വിളിക്കാന്‍ പോകുന്ന സ്ഥലങ്ങളിലൊക്കെ എല്ലാവരും സംസാരിക്കുന്നത് ആളൊരുക്കത്തെ കുറിച്ചും അവാര്‍ഡിനെ കുറിച്ചുമൊക്കെയാണ്. ഒരുപാട് നാളത്തെ പ്രയത്നത്തിന് ശേഷം എല്ലാവരും സിനിമ നടനായി അംഗീകരിച്ചു.

ആളൊരുക്കമാണോ ആദ്യ സിനിമ?

വിനയന്‍ സംവിധാനം ചെയ്ത സത്യത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചെറിയ ഒരു റോളായിരുന്നു അതില്‍. സത്യം കഴിഞ്ഞതിന് ശേഷം കുറെ നാള്‍ അസിസ്റ്റന്റ് ഡയറക്ടായി ജോലി ചെയ്തു തുടങ്ങി. അഭിനയമൊന്നും നടക്കാതെയായപ്പോള്‍ സിനിമ വിട്ട് കുറച്ചു കാലം ദുബായ് മീഡിയാ സിറ്റിയിലും, റിലയന്‍സ് മീഡിയയിലും ഒക്കെ ജോലി നോക്കി. കല്ല്യാണം കഴിഞ്ഞപ്പോള്‍ വീണ്ടും അഭിനയമോഹം തുടങ്ങി. അങ്ങനെ ജോലി വിട്ട്‌ രണ്ടര മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ആളൊരുക്കം ചെയ്യുന്നത്. ജോലി വിട്ടതിന് ശേഷം ഷെഫ് എന്നൊരു ഹിന്ദി സിനിമയില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. നാല് പരസ്യങ്ങളിലും അഭിനയിച്ചു. അതുകഴിഞ്ഞാണ് ആളൊരുക്കത്തില്‍ എത്തുന്നത്. 2017 ജൂലൈ മാസം എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സമ്മാനങ്ങള്‍ ലഭിച്ച സമയമാണ്. ഒരു കുഞ്ഞുവാവയെ കിട്ടിയതും സിനിമയില്‍ മികച്ച റോള്‍ കിട്ടിയതും കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്. ശ്രീഹാന്‍ എന്നാണ് മോന്റെ പേര്.

ആളൊരുക്കത്തില്‍ എത്തുന്നത് എങ്ങനെയാണ്?

ആക്ട് ലാബിലെ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. അവിടുത്തെ വിദ്യാര്‍ത്ഥികളെ തേടി സിനിമയില്‍ നിന്ന് അവസരങ്ങള്‍ എത്താറുണ്ട്. സാധാരണ പല സിനിമകളുടേയും ഓഡിഷന്‍ ഒക്കെ നടക്കുമ്പോള്‍ ഞാന്‍ മുംബൈയിലായിരിക്കും. ആളൊരുക്കത്തിന് വേണ്ടി ആക്ട് ലാബില്‍ നിന്ന് കൊടുത്ത കുറേ പേരുടെ ഫോട്ടോയില്‍ നിന്ന് എന്റെ ഫോട്ടോയാണ് അഭിലാഷേട്ടന് ഇഷ്ടപ്പെട്ടത്. പിന്നെ ഞാന്‍ നേരത്തെ ചെയ്ത അവള്‍ പേര്‍ ദേവയാനി എന്ന ഷോട്ട് ഫിലീം കൂടി കണ്ടപ്പോള്‍ പുള്ളി എന്നെ തന്നെ ഫിക്സ് ചെയ്യുകയായിരുന്നു.

കഥാപാത്രം ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ എന്തു തോന്നി?

അഭിലാഷേട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. വ്യത്യസ്തമായ സിനിമയാണ് എന്ന് മനസിലായി. പിന്നെ ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കുന്നതില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവരും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ആള്‍ക്കാരാണ്. പിന്നെ സാധാരണ എല്ലാവരും ആദ്യം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു വഴി സ്വീകരിക്കാം എന്ന് തോന്നി. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍.

എന്തെങ്കിലും തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നോ?

കഥാപാത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഡല്‍ഹിയിലും മുംബൈയിലും ഒക്കെ പഠിച്ചു വളര്‍ന്നതു കൊണ്ട് ട്രെയിനിലും സിനിമയിലും ഒക്കെ കാണുന്ന ഹിജഡകളെയാണ് ആദ്യം ഓര്‍മ്മ വന്നത്. എന്റെ റഫറന്‍സ് അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ കുറിച്ച് വേറെ പഠിച്ചിട്ടൊന്നുമില്ല. അഭിലാഷേട്ടനോട് മാനറിസം എങ്ങനെയാണ് വേണ്ടതെന്ന് ചോദിച്ചു. സാധാരണ സിനിമയില്‍ കാണുന്ന ക്ലീഷേകള്‍ ഒന്നും തന്നെ റഫറന്‍സായി എടുക്കരുതെന്ന് അഭിലാഷേട്ടന്‍ പറഞ്ഞു. പ്രിയങ്ക ഒരു വീട്ടമ്മയാണ്. കുഞ്ഞിനേയും കുടുംബത്തേയും നന്നായി നോക്കുന്ന ഒരാളാണ്. അത് പഠിക്കാന്‍ എങ്ങോട്ടും പോകേണ്ട ആവശ്യമില്ല അമ്മയും ഭാര്യയും ഒക്കെ വീട്ടില്‍ പെരുമാറുന്നത് ശ്രദ്ധിച്ചാല്‍ മതിയെന്ന് പറഞ്ഞു. ആ സമയത്താണ് കുഞ്ഞുണ്ടാകുന്നതും. അങ്ങനെ വീട് തന്നെയായിരുന്നു പാഠശാല.

പ്രിയങ്കയായി ആദ്യമായി മേക്കപ്പിട്ടതിന് ശേഷം എന്തു തോന്നി?

എനിക്ക് പ്രിയങ്കയുടെ ഫീല്‍ കിട്ടാനുള്ള പ്രധാന കാരണം മേക്കപ്പും കോസ്റ്റ്യൂമും തന്നെയാണ്. സന്തോഷേട്ടനാണ് മേക്കപ്പ്. കോസ്റ്റ്യൂം തമ്പി ചേട്ടനായിരുന്നു. പകുതി അവര്‍ ആ ലുക്കില്‍ തന്നെ സെറ്റാക്കിയിരുന്നു. ബാക്കിയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. കണ്ടപ്പോള്‍ എനിക്ക് തന്നെ പെണ്ണായ ഫീല്‍ തോന്നി. ആദ്യത്തെ ദിവസം മേക്കപ്പിട്ട് സെറ്റിലെത്തിയപ്പോള്‍ എല്ലാരും എടീ സുന്ദരീ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. ആ സമയത്ത് ചെറിയ അരോചകം ഒക്കെ തോന്നി. തീരുമാനം തെറ്റായോ എന്നുവരെ ചിന്തിച്ചു. പിന്നെ പതുക്കെ പതുക്കെ എല്ലാവരുടേയും കമന്റസൊക്കെ കേട്ട് ഞാന്‍ ഇംപ്രൂവ് ചെയ്യാന്‍ തുടങ്ങി. ഷൂട്ടിന് ഇടയിലായിരുന്നു മോന്റെ ഇരുപത്തിയെട്ട് ചടങ്ങ്. പുരികം ത്രെഡ് ചെയ്ത്, ബോഡി ഹോട്ട് വാക്സ് ചെയ്ത്, മൊട്ടയടിച്ചൊക്കെയാണ് ചടങ്ങിന് ഞാന്‍ മുംബൈയില്‍ എത്തിയത്. ഫങ്ഷന്‍ തുടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഭാര്യയ്ക്ക് മനസിലായി എനിക്ക് എന്തൊക്കെയോ മാറ്റം ഉണ്ടായിട്ടുണ്ടെന്ന്. പിന്നെ എന്നെ പതിയെ അടുക്കളയുടെ അടുത്ത് കൊണ്ട് പോയി ഇനി ആണായിട്ട് ഇങ്ങോട്ട് തിരിച്ചു വന്നാല്‍ മതിയെന്ന് പറഞ്ഞു.

ഇന്ദ്രന്‍സിനൊപ്പമുള്ള അഭിനയം?

ഇന്ദ്രന്‍സേട്ടന്റെ കൂടെയാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പൊതുവേ കേട്ടിട്ടുണ്ട് മുതിര്‍ന്ന താരങ്ങള്‍ റിഹേഴ്സലിന് കാണിക്കുന്നത് അല്ലായിരിക്കും ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുക. പെട്ടെന്ന് എന്തെങ്കിലും കൈയ്യില്‍ നിന്ന് ഇടുമെന്ന്. പക്ഷെ ഇന്ദ്രന്‍സേട്ടന്‍ നമ്മളെ കംഫര്‍ട്ടാക്കി ആണ് അഭിനയിക്കുന്നത്. നല്ലതു പോലെ പറഞ്ഞ് തരും. ക്ലോസ് അപ്പ് വരുമ്പോഴെക്കെ ഞാന്‍ സൈഡില്‍ സജഷന് വേണ്ടിയിരിക്കാം എന്ന് പറഞ്ഞ് അത് ചെയ്യുന്നയാണ് ചേട്ടന്‍. സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ സൈലന്‍സാണ്. പക്ഷെ ആ സൈലന്‍സ് കമ്മ്യൂണിക്കേറ്റ് ചെയ്യും. നമ്മുക്ക് മനസിലാകും മനസ്സില്‍ നിന്ന് എന്തോ വരുന്നുണ്ടെന്ന്. ഒപ്പം അഭിനയിച്ചത് ശരിക്കുമൊരു നല്ല പഠനം തന്നെയായിരുന്നു.

അഭിനയത്തോടുള്ള ഇഷ്ടം തുടങ്ങുന്നത് എപ്പോഴാണ്?

ചിത്രം വരയ്ക്കാനുള്ള താല്‍പര്യമായിരുന്നു കലയോടുള്ള ആദ്യത്തെ ഇഷ്ടം. രണ്ടാം ക്ലാസു മുതല്‍ വരയ്ക്കുമായിരുന്നു. ചിത്രം വരയ്ക്കുന്നത് ഇഷ്ടമാണെങ്കിലും കാര്യമായി അതിന് വേണ്ടി ഒന്നും ചെയ്തില്ല. പിന്നീട് പന്ത്രണ്ടാം ക്ലാസില്‍ എത്തിയപ്പോള്‍ ഒരു നാടകം ചെയ്തു. അത് നന്നായി , നല്ല പ്രോത്സഹാനം കിട്ടി. അവിടെ മുതലാണ് അഭിനയത്തോടുള്ള ഇഷ്ടം തുടങ്ങുന്നത്. ആക്ട് ലാബില്‍ ചെയ്ത കോഴ്സാണ് ശരിക്കും അഭിനയത്തിലുള്ള മുതല്‍ക്കൂട്ട്. ഓരോ കഥാപാത്രം ചെയ്യുമ്പോഴും ഉണ്ടാകേണ്ട തയ്യാറെടുപ്പുകളെ കുറിച്ചുള്ള ധാരണയൊക്കെ ഉണ്ടാവുന്നത് അവിടെയുളള പഠനത്തിലൂടെയാണ്. എം. ഫോര്‍ മാരിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ആക്ട് ലാബിനെ കുറിച്ച് അറിയുന്നതും. അവിടെ കോഴ്സിന് ചേരുന്നതും.

കുടുംബം

അച്ഛനും അമ്മയും കോട്ടയം സ്വദേശികളാണ്. അച്ഛനും അമ്മയും അനിയനും ഇപ്പോള്‍ ഡല്‍ഹിയിലാണ്. അച്ഛനും അനിയനും അവിടെ ജോലിയുണ്ട്. ഭാര്യയും മോനുമായി ഞാന്‍ മുംബൈയിലാണ് താമസം. ഭാര്യ അര്‍ച്ചന പരസ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. കുറെയേറെ മലയാളം പരസ്യങ്ങളിലെ ശബ്ദം അര്‍ച്ചനയുടേതാണ്. മലയാളം കൂടാതെ ഹിന്ദിയും മറാത്തിയും
ചെയ്യുന്നുണ്ട്.

പുതിയ സിനിമ

ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതുവരെ ഒന്നും ആയിട്ടില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More