‘ലൊക്കേഷനില്‍ താമസിച്ച് അഭിനയിച്ചിട്ടുണ്ട്, സിനിമ ഇറങ്ങുമ്പോള്‍ നമ്മളെ കാണില്ല’
പൊറിഞ്ചു മറിയം ജോസിലെ ഡിസ്‌കോ ബാബുവിനെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. ആദ്യമൊക്കെ ചിരിപ്പിച്ചു, ഒടുവില്‍ കണ്ണ് നനയിച്ചു. ഡിസ്‌കോ ബാബുവായി എത്തിയത് സുധി കോപ്പ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ അഭിനേതാവായി മാറിയ നടനാണ് സുധി കോപ്പ. സിനിമാവിശേഷങ്ങളെക്കുറിച്ച് സുധി കോപ്പ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.
എന്താണ് പേരിന് പിന്നിലെ കോപ്പ?
എല്ലാവരും ഇത് ചോദിക്കാറുണ്ട്, എന്താണ് ഈ കോപ്പ എന്ന്. കോപ്പ എന്റെ സ്ഥലമാണ്. കൊച്ചി പള്ളുരുത്തിയാണ് എന്റെ സ്വദേശം. അത് ചുരുക്കി കോപ്പ എന്നാക്കിയാണ്. സിനിമയ്ക്ക് വേണ്ടി പേര് അങ്ങനെയാക്കിയതല്ല. നാടകമൊക്കെ ചെയ്യുന്ന സമയം തൊട്ടേ ഈ പേരാണ്. സിനിമയില്‍ വന്നപ്പോള്‍ മാറ്റാന്‍ തോന്നിയില്ല. വര്‍ഷങ്ങളായി ഈ പേര് കൂടെയുണ്ട്. സര്‍ട്ടിഫിക്കറ്റിലൊക്കെ സുധി എസ് ആണ്. അച്ഛന്റെ പേര് ശിവശങ്കരപ്പിള്ളയെന്നാണ്.
സിനിമലോകത്തെ പത്ത് വര്‍ഷങ്ങള്‍
സിനിമയിലെത്തി പത്ത് വര്‍ഷമായി. ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നല്ല കുറച്ച് കഥാപാത്രങ്ങള്‍ കിട്ടിയതായി എനിക്ക് തോന്നുന്നുണ്ട്. ചെറിയ ചെറിയ വേഷങ്ങളില്‍ നിന്ന് നല്ല ക്യാരക്ടര്‍ റോളുകളിലേക്ക് വരെയെത്തി. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. സാഗര്‍ ഏലിയാസ് ജാക്കിയാണ് എന്റെ ആദ്യത്തെ സിനിമ. അതില്‍ ഓഡിഷന്‍ വഴിയാണ് തെരഞ്ഞെടുത്തത്.
നമ്മളെ അങ്ങനെ തെരഞ്ഞെടുക്കുന്നതും വിളിക്കുന്നതും അഭിനയിക്കുന്നതുമൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. സിനിമയിറങ്ങുമ്പോള്‍ അത് കണ്ട് ആളുകള്‍ ഒക്കെ നല്ല അഭിപ്രായം പറയുന്നു. അതൊക്കെ ത്രില്ലാണ്. നല്ല നല്ല അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീനില്‍ വരാന്‍ പറ്റി. ഇതൊക്കെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. ഇനിയും നല്ല നല്ല റോളുകള്‍ ചെയ്യാനാണ് ആഗ്രഹം.
സിനിമയിലേക്കുള്ള വരവ്
അങ്ങനെ പെട്ടെന്ന് വന്നതൊന്നുമല്ല, നടന്ന് കയറിയതാണ് സിനിമയിലേക്ക്. അപ്രതീക്ഷിതമായി വന്നതല്ല, സിനിമയുടെ പിറകെ നടന്ന് നടന്ന് കയറിയതാണ്. കുറേ ഓഡിഷനുകള്‍ക്ക് പങ്കെടുത്തു, സംവിധായകരെ കണ്ടു, എഴുത്തുകാരെ കണ്ടു. കയറിയിറങ്ങി കയറിയിറങ്ങി കിട്ടിയതാണ്. അഭിനയം ഒരു പാഷനാണ്. അപ്പോള്‍ അതിന് വേണ്ടി കുറേ പരിശ്രമിച്ചു. ജീവിതത്തില്‍ വേറൊരു കാര്യത്തിനും ഇങ്ങനെ പരിശ്രമിച്ചിട്ടില്ല. അതുകൊണ്ട് സിനിമ എനിക്കൊരു ജോലിയായി.
പൊറിഞ്ചുവിലെ ഡിസ്‌കോ ബാബുവിനെക്കുറിച്ച്. അതാണോ കരിയറിലെ ഏറ്റവും നല്ല റോള്‍?
അത് പറയേണ്ടത് ഞാനല്ലല്ലോ. എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ല. അത് ഇഷ്ടപ്പെട്ടെന്ന് കുറേപേര്‍ വിളിച്ചുപറഞ്ഞു. പിന്നെ അത് ആ സിനിമയുടെ കൂടെ പ്രത്യേകതയാണ്. അത്രയും വലിയ ഒരു സിനിമ, വലിയ അഭിനേതാക്കള്‍, ജോഷിയെന്ന സംവിധായകന്‍. അത് നന്നായി ശ്രദ്ധിക്കപ്പെട്ട സിനിമയാണ്, അപ്പോള്‍ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
പൊറിഞ്ചുവിനും മുമ്പ് ‘സത്യം പറഞ്ഞാല്‍’ എന്നൊരു സിനിമ ചെയ്തിരുന്നു. അതിലെ ‘താമര’യെന്ന കഥാപാത്രവും കുറേ ശ്രദ്ധിക്കപ്പെട്ടു. കുറേപേര്‍ അത് നന്നായി, ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. പൊറിഞ്ചുവിന് മുമ്പ് ഇമോഷണല്‍ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയ’മെന്ന സിനിമയില്‍. പക്ഷേ, അത് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വലിയ സിനിമകളുടെ ഭാഗമാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും അതാണ്.
അഭിനേതാവെന്ന നിലയില്‍ ഇന്ന്
ഇന്ന് ഉത്തരവാദിത്വം കൂടുതലാണ്. ഇന്നിപ്പോല്‍ കിട്ടുന്ന സ്വീകാര്യതയുടെ വില നന്നായി അറിയാം. വളരെ കഷ്ടപ്പെട്ടതിന് ശേഷമാണ് ഇന്ന് ലഭിക്കുന്നതുപോലെയുള്ള റോളുകള്‍ കിട്ടാന്‍ തുടങ്ങിയത്. പണ്ട് ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, ദിവസങ്ങളോളം ലൊക്കേഷനില്‍ പോയി കിടന്നിട്ട്, സിനിമ ഇറങ്ങുമ്പോള്‍ നമ്മളെ കാണില്ല. അങ്ങനെയുള്ള അനുഭവങ്ങളുമുണ്ട്.
അതില്‍ നിന്ന് ഇങ്ങനെയൊരു നിലയിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട്. നമ്മളെ ഒരു കഥാപാത്രമാകാന്‍ വിളിക്കുമ്പോള്‍ അതൊരു അംഗീകാരമാണ്. നമുക്ക് ആ കഥാപാത്രം ചെയ്യാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടല്ലോ. അതിനൊപ്പം തന്നെ ഉത്തരവാദിത്വവുമുണ്ട്. ആ കഥാപാത്രങ്ങള്‍ നന്നായി ചെയ്യുകയെന്ന ഉത്തരവാദിത്വം.
ഇതുപോലെയൊരു റോള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയത്
അങ്ങനെയൊരു റോള്‍ എന്നതിനേക്കാള്‍ നല്ല സംവിധായകരോടൊപ്പം സിനിമ ചെയ്യാനായെങ്കില്‍ എന്നാണ് എനിക്ക് ആഗ്രഹമുള്ളത്. പേരെടുത്ത് പറയാനാണെങ്കില്‍ കുറേയുണ്ട്. അതുപോലെ ഇഷ്ടമുള്ള അഭിനേതാക്കളുടെയൊപ്പം സിനിമ ചെയ്യണം, സ്‌ക്രീനില്‍ വരണം അങ്ങനെയുണ്ട്. പിന്നെ അങ്ങനെ സെലക്ടീവായി സിനിമ ചെയ്യുന്ന നിലയിലേക്ക് ഞാനെത്തിയിട്ടില്ല. കിട്ടുന്ന സിനിമകള്‍ ചെയ്യുക. അത് നന്നായി ചെയ്യുക. അതിനായി ശ്രമിക്കുകയെന്നതാണ്.
സിനിമയില്‍ വേറെ സ്വപ്നങ്ങള്‍
സിനിമയില്‍ അഭിനയത്തിന് പുറത്ത് ഏത് മേഖലയായാലും, സംവിധാനമൊക്കെയായാലും വലിയ കാര്യങ്ങളാണ്. എനിക്ക് അതിനെപ്പറ്റിയൊന്നും വലിയ അറിവില്ല. അതൊക്കെ ചെയ്യണമെങ്കില്‍ ധാരാളം അറിവ് വേണം, അനുഭവം വേണം. അതിലേക്കൊന്നും എത്തിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.
വരാനിരിക്കുന്ന സിനിമകള്‍
ചെമ്പന്‍ വിനോദും ജയസൂര്യയുമൊക്കെയുള്ള ‘പൂഴിക്കടകന്‍’ ഉണ്ട്. അടി കപ്യാരേ കൂട്ടമണിക്ക് ശേഷം ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘ഉറിയടി’ എന്ന സിനിമയുണ്ട്. കുറേ പ്രതീക്ഷകളുണ്ട്. അതുകൊണ്ടൊക്കെയാണ് ജീവിച്ചുപോകുന്നത്. പ്രതീക്ഷ മാത്രമേയുള്ളൂ ജീവിതത്തില്‍.
കുടുംബത്തെക്കുറിച്ച്
ഭാര്യ വിനിത, മകനുണ്ട് യയാതി, മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയുമുണ്ട്. സിനിമയ്ക്ക് പിന്നാലെ നടക്കുമ്പോഴും കുടുംബം നോക്കിയിരുന്നു. വീടൊക്കെ അപ്പോഴും നന്നായി നോക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട് സിനിമയെന്നും പറഞ്ഞ് നടക്കുന്നു എന്ന തരത്തിലൊരു പരാതി കേട്ടിട്ടില്ല. വീടും കാര്യങ്ങളും ഉത്തരവാദിത്വങ്ങളുമൊക്കെ അപ്പോഴും നോക്കുന്നുണ്ടായിരുന്നു. അതില്‍ അവരും സന്തുഷ്ടരാണ്. അന്നും ഇന്നും കുടുംബം വലുതാണ്.
Comments are closed.