അല്ലു അര്‍ജുന്റെ ശബ്ദം മുതല്‍ സണ്‍ഡേ ഹോളിഡേ വരെ
സിനിമയിലെ നായികാ, നായക കഥാപാത്രങ്ങള്‍ക്കൊപ്പം പ്രണയം, ഒരു ഞായറാഴ്ച്ച, ബാന്‍ഡ് സംഘം എന്നിവ കൂടെ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഇപ്പോള്‍ തിയേററ്റുകളില് വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സണ്‍ഡേ ഹോളിഡേ.ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കഥ പറച്ചില് രീതിയിലൂടെ കഥ അവതരിപ്പിച്ച് ഒരു ഹിറ്റ് സൃഷ്ടിച്ച ജിസ് ജോയ് ഒന്നു രണ്ടു മിനിട്ട് നീളമുള്ള പരസ്യങ്ങളുടെ ലോകത്തു നിന്നും രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ട സിനിമകളുടെ ലോകത്തേക്ക് എത്തിയയാളാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ആവശ്യമുള്ളത് മാത്രമേ ഷൂട്ട് ചെയ്യൂവെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ സിനിമയുടെ ഭംഗി കൂട്ടുന്നു. സണ്‍ഡേ ഹോളിഡേയുടേയും പരസ്യങ്ങളുടെ ലോകത്തു നിന്നും സിനിമ ലോകത്ത് എത്തിയതിന്റേയും വിശേഷങ്ങള്‍ അദ്ദേഹം മീര നളിനിയുമായി പങ്കുവയ്ക്കുന്നു.
ആദ്യ സിനിമയ്ക്ക് ശേഷം രണ്ടാം ചിത്രത്തിനായി മൂന്ന് വർഷത്തെ കാത്തിരിപ്പ്?
ഞാൻ വളരെ ആഗ്രഹിച്ച് സിനിമയിലേക്ക് വന്നയാളാണ്. അഡ്വറ്റൈസറാണ് ഞാൻ. പന്ത്രണ്ട് വർഷമായി ലൈറ്റ്സ് ഓൺ പ്രൊഡക്ഷൻസ് എന്ന ആഡ് ഫിലിം കമ്പനി നോക്കി നടത്തുകയാണ്. ഇവിടുത്തെ ഒരുവിധപ്പെട്ട കമ്പനികൾക്ക് വേണ്ടി, ഉദാഹരണത്തിന് ധാത്രി, നിറപറ, അസറ്റ് എന്നിങ്ങനെ പത്ത് നാനൂറോളം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ പറയാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അല്ലെങ്കിൽ എനിക്ക് സന്തോഷം തരുന്ന എന്തെങ്കിലുമുണ്ടെങ്കിൽ സിനിമയിലൂടെ പറയാം എന്ന രീതിയിലാണ് സൺഡേ ഹോളിഡേ ചെയ്യുന്നത് വരെ ഞാൻ സിനിമയെ കണ്ടിരുന്നത്. ബൈസിക്കിൾ തീവ്സ് ചെയ്യുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത് മലയാളത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ട്വിസ്റ്റുകളുള്ള, അൺ പ്രഡിക്റ്റബിളായ ഒരു സിനിമ ചെയ്യണം എന്നതായിരുന്നു. ആൾക്കാർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്ളൈമാക്സ് വരെ അതിന്റെ ട്വിസ്റ്റ് നിലനിറുത്തണം എന്നായിരുന്നു ഉള്ളിൽ. അതിലൊരു പരിധി വരെ ഞാൻ വിജയിച്ചു എന്ന് പറയാം. അടുത്ത സിനിമ ഒരു ഫീൽ ഗുഡ് സിനിമ ആവണം എന്നുണ്ടായിരുന്നു. സിനിമ തുടങ്ങുമ്പോഴുണ്ടാകുന്ന ചിരി അവസാനിക്കുമ്പോഴും പ്രേക്ഷകന്റെ മുഖത്തുണ്ടാകണം എന്നായിരുന്നു ആഗ്രഹം. അതിന് പറ്റിയ ഒരു കഥ നോക്കിയിരിക്കുകയായിരുന്നു ഞാൻ. എന്റെ രണ്ട് സുഹൃത്തുക്കൾ, കിരൺ, ഉരാസു അവർ പറഞ്ഞ കഥയാണ് സൺഡേ ഹോളിഡേയുടേത്. ഡോർ ടു ഡോർ വിൽക്കാൻ നടക്കുന്ന രണ്ടു പേരുടെ കഥ അതാണ് അവരെന്നോട് പറഞ്ഞത്. അത് എനിക്ക് വളരെ ഇഷ്ടമായി. എന്നും നമ്മുടെ വീട്ടിൽ വരുന്നവരാണ് ഈ വിൽക്കാൻ നടക്കുന്നവർ. പക്ഷേ, മലയാളത്തിൽ ഇതുവരെ അവരുടെ കഥ പറഞ്ഞിട്ടില്ല. ആ കഥ ഞാൻ എഴുതട്ടേ എന്ന് അവരോട് ചോദിച്ചു. അവർ സമ്മതിച്ചു. അങ്ങനെ അത് എഴുതി തീർക്കാൻ വേണ്ടി എടുത്ത സമയമാണ് രണ്ട് വർഷം. അക്കാലത്ത് ഞാനെഴുതി വച്ചത് മറ്റ് സിനിമയിൽ കാണുമ്പോൾ പൊളിച്ചെഴുതേണ്ടി വന്നു. അങ്ങനെ 50 സീനുകൾ വരെ ഞാൻ മാറ്റിയെഴുതിയിട്ടുണ്ട്. നോൺ ലീനിയർ പാറ്റേണിലാണ് സിനിമ. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ തിരുത്തി തിരുത്തി ഇത്ര സമയമെടുത്തു.
ശ്രീനിവാസൻ നോ പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ?
അത് 150 ശതമാനം സത്യമാണ്. എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയമില്ലായിരുന്നു. ശ്രീനിയേട്ടൻ അല്ലെങ്കിൽ ആര് എന്ന് കുറേനാൾ ഞാനും ആസിഫും ആലോചിച്ചു. നമുക്ക് ആരെയും കൺവിൻസ്ഡ് ആയി കിട്ടിയില്ല. ഒരു പക്ഷേ, ലാൽ ജോസിന് പകരം രഞ്ജിയേട്ടനോ സിദ്ദിഖിക്കയോ റോഷൻ ആൻഡ്രൂസിനെയൊക്കെ ഫിറ്റ് ചെയ്യാം. എന്നാലും ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയുന്ന പ്രോഡ്യൂസറും ഡിസ്ട്രിബ്യൂട്ടറുമെല്ലാമായ ആൾ വേണമായിരുന്നു. അങ്ങനെയാണ് ലാൽജോസിലെത്തിയത്. അതേസമയം, ശ്രീനിയേട്ടന്റെ കാരക്ടർ ആശുപത്രിയിൽ കിടക്കുന്ന ഒരാളെ കഥ പറഞ്ഞ് കൺവിൻസ് ചെയ്യിക്കുന്നതാണ്. ഒട്ടും ലോജിക്കില്ലാത്തത് എന്ന് തോന്നാം. എന്നാൽ, നമ്മൾ ശ്രീനിയേട്ടന് കൊടുത്തിട്ടുള്ള ചില അധികാരങ്ങളുണ്ട്. ശ്രീനിയേട്ടന് എവിടെയും തമാശ പറയാം, സറ്റയറിക്കലായി സംസാരിക്കാം, ഇമോഷണലായി സെന്റിമെന്റ്സ് പറയാം. ഞാൻ ചെന്ന് കാണുമ്പോൾ വൈക്കത്ത് റിസോർട്ടിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. എന്നോട് ചോദിച്ചു, ‘തനിക്ക് ഈ കഥ പറയാൻ എത്ര സമയം വേണം?”. ‘പരത്തി പറയുകയാണെങ്കിൽ രണ്ട് മണിക്കൂർ അല്ലെങ്കിൽ അര മണിക്കൂർ” എന്ന് ഞാൻ. എങ്കിൽ പരത്തി പറഞ്ഞോ എന്ന് അദ്ദേഹം. എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച റൈറ്റർ ആണ് അദ്ദേഹം. അങ്ങനെ ഒരാളോട് വീരവാദം അടിക്കുന്നതിന്റെ, തമാശ പറയുന്നതിന്റെ, ഇമോഷണലാവുന്നതിന്റെയൊക്കെ ബുദ്ധിമുട്ട് എനിക്കുണ്ട്. പുള്ളി കട്ടിലിരുന്ന് എന്റെ കണ്ണിലേക്ക് തന്നെ നോക്കിയാണ് കഥ കേൾക്കുന്നത്. ഒരുവിധം കഷ്ടപ്പെട്ട് ഞാൻ കഥ പറഞ്ഞു. തീർന്നപ്പോൾ പുള്ളി ഒന്നും മിണ്ടിയില്ല. അപ്പോൾ എനിക്ക് തോന്നി ‘മോനേ ഇത് ശരിയായിട്ടില്ല. ഒന്നുകൂടി വർക്ക് ചെയ്ത് കൊണ്ട് വാ” എന്ന് പറയും എന്ന്. കാരണം പുള്ളി തമാശകൾക്കൊന്നും ചിരിക്കുന്നില്ലായിരുന്നു. ഞാൻ പറയുന്ന വൻ ഇമോഷനിലൊന്നും റിയാക്ടേ ചെയ്തിരുന്നില്ല. രണ്ട് മിനിട്ട് ആലോചിച്ച് പുള്ളി എന്നോട് ചോദിച്ചു ‘ഇത് നമുക്ക് എപ്പോൾ ചെയ്യാടോ?” വളരെ പതുക്കെയാണ് പറഞ്ഞത്. ‘എന്താ ശ്രീനിയേട്ടാ പറഞ്ഞേ” എന്ന് ഞാൻ ഒന്നുകൂടി ചോദിച്ചു. ‘നമുക്ക് എപ്പോൾ ചെയ്യാം എന്ന്”. എന്റെ ഫുൾ റിലേ കട്ടായി. കണ്ണ് നിറയുന്നു, എന്താ ചെയ്യേണ്ടേന്ന് മനസ്സിലാകുന്നില്ല. ഞാനെഴുന്നേറ്റ് പറഞ്ഞു ‘ശ്രീനിയേട്ടാ ഞാൻ ടെൻഷനടിച്ച് മരിക്കാറായി. ഞാൻ കഥ പറയുമ്പോൾ നിങ്ങൾ ചിരിക്കുന്നില്ല, ഇമോഷനൊന്നും റിയാക്ട് ചെയ്യുന്നില്ല”. അതിന് പുള്ളിയുടെ മറുപടി ‘അങ്ങനെയല്ലെടോ. കഥ പറയുന്നവരോടൊക്കെ റിയാക്ട് ചെയ്യാൻതുടങ്ങിയാൽ ജീവിതവും അഭിനയമായിപ്പോകും. പിന്നെ, താനെന്റെ പെങ്ങളുടെ മോനൊന്നുമല്ലല്ലോ. തന്നെ എനിക്ക് പരിചയവുമില്ലല്ലോ. ഞാൻ ചെയ്യാമെന്ന് പറഞ്ഞത് വളരെ ഇഷ്ടത്തോടെയാടോ. തന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ്” എന്നായിരുന്നു. പിന്നെ, പുള്ളിയുടെ ചില സിനിമകളുടെ ഉദാഹരണങ്ങളൊക്കെ സംസാരിച്ചു. ഒരു പെൺകുട്ടിയുമായി അടുത്തു എന്നൊക്കെ എഴുതി വയ്ക്കാൻ എളുപ്പമാണ്. അത് എന്തുകൊണ്ട് എങ്ങനെ എന്നൊക്കെ കൺവിൻസ് ചെയ്യിക്കുന്നതിലാണ് കാര്യം. അതിൽ കുറച്ചൂടെ ശ്രദ്ധിക്കാൻ പറഞ്ഞു. അതല്ലാതെ, സ്ക്രിപ്റ്റിൽ ഒരു വാക്ക് പോലും അദ്ദേഹം തിരുത്തിയിട്ടില്ല. പുള്ളി ലൊക്കേഷനിൽ വരുമ്പോൾ അന്ന് ഷൂട്ട് ചെയ്യുന്ന എല്ലാ സ്ക്രിപ്റ്റും കൊടുക്കും. ഞാൻ കേട്ടിട്ടുള്ളത് അദ്ദേഹം സ്ക്രിപ്റ്റിൽ സജഷൻസ് പറയും എന്നാണ്. എന്ത് മാറ്റം വേണമെങ്കിലും വരുത്തിക്കൊള്ളാൻ ഞാൻ പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ഒന്നുപോലും പറഞ്ഞിട്ടില്ല.
‘ഉണ്ണിമുകുന്ദനി”ൽ ജിസ് ഉണ്ടോ?
സിനിമയിൽ ഇറക്കി വിടുമ്പോൾ ഉണ്ണി മുകുന്ദൻ പറയുന്ന ഒരു ഡയലോഗുണ്ട്. ‘സാറിന്റെ പുറകെ ഞാൻ നടക്കുന്നത് സാറിന്റെ സിനിമകൾ എനിക്ക് ഇഷ്ടമുള്ളതു കൊണ്ടാണ്. അതിൽ കലയും കച്ചവടവുമുണ്ട്. എന്റെ വീട്ടിൽ കാത്തിരിക്കാൻ അമ്മയും അച്ഛനും ഭാര്യയും കുട്ടികളുമുണ്ട്. എനിക്ക് സെൽഫ് റെസ്പെക്ട് ഉണ്ട്, ഇമോഷനുണ്ട്”. ഇത് എല്ലാം എന്റെ തന്നെ അനുഭവങ്ങളാണ്. പത്ത് പന്ത്രണ്ട് വർഷമായി പരസ്യ മേഖലയിൽ ഉള്ള ഒരാളാണ് ഞാൻ, നിരവധി പരസ്യങ്ങൾ ചെയ്തിട്ടുള്ളയാളാണ്. ഡബിംഗ് മേഖലയിലുള്ള ആളാണ്. പക്ഷേ, ഒരു സിനിമാകഥ പറയാൻ വേണ്ടി താരങ്ങളുടെ അടുത്ത് പോകുമ്പോൾ അവർ നമ്മളെ ക്യൂവിലാക്കി കളയും. അവർ ആലോചിക്കുന്നേയില്ല, നമുക്കുമുണ്ട് ഈ പറഞ്ഞ സെൽഫ് റെസ്പെക്ടും കാര്യങ്ങളുമൊക്കെ. നമ്മൾ വരുമ്പോഴും എഴുന്നേറ്റ് നിൽക്കാൻ ആളുകളുണ്ട്. നമ്മളോടും ചാൻസ് ചോദിച്ച് വരുന്നവരുണ്ട്. എന്നിട്ടും നമ്മൾ ചെല്ലുമ്പോൾ അവർ നമ്മളെയിട്ട് ചാടിക്കും. അങ്ങനെ ഒരുപാട് ബിറ്റർ എക്സ്പീരിയൻസ് എനിക്കുണ്ടായിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾക്കുണ്ടാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിന്നൊക്കെയാണ് ആ കാരക്ടറിന്റെ പെയിൻ ഉരുത്തിരിഞ്ഞത്. പ്രധാന കഥാപാത്രങ്ങളുടെ ലൈഫ് സിനിമാക്കഥയാക്കാം എന്ന് തീരുമാനിച്ചപ്പോൾ പിന്നെ കണ്ടു പരിചയമുള്ള എനിക്കറിയാവുന്നവരുടെയും എന്റെയുമൊക്കെ ജീവിതം അതിൽ വന്നു. ഇതിനേക്കാളേറെയുണ്ടായിരുന്നു. ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമായ ഒരുപാട്. അതൊക്കെ ഞാൻ വെട്ടി.
ആഡ് ഫിലിം മേയ്ക്കിംഗ് സിനിമാ സംവിധാനത്തെ സഹായിച്ചോ?
ഞാൻ ആഡ് ഫിലിം മേയ്ക്കിംഗിൽ നിന്ന് വന്നതുകൊണ്ട് ആവശ്യമുള്ളത് മാത്രമേ ഷൂട്ട് ചെയ്യാവൂ എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. മൂന്ന് മണിക്കൂറെടുത്ത് വച്ച് രണ്ടേകാലാക്കുന്ന പരിപാടി എനിക്ക് അറിയില്ല. അതിൽ താൽപര്യവുമില്ല. രണ്ടേ ഇരുപതിൽ നിന്നോ രണ്ടേ ഇരുപത്തിയഞ്ചിൽ നിന്നോ ആകും രണ്ടേകാലാക്കുന്നത്. പത്ത് മിനിട്ടിലേറെ കട്ട് ചെയ്യാനുള്ളത് ഞാൻ ഷൂട്ട് ചെയ്യാറില്ല. ഒരു തിരക്കഥയുടെ എല്ലാ മുഹൂർത്തവും വെച്ചാണ് മുപ്പത് സെക്കന്റിൽ ഒരു പരസ്യം ഉണ്ടാക്കുന്നത്. അതിൽ ഒരു എക്സ്പ്രഷൻ പോലും ഒരു കഥയാണ്. 12 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് ഒരു കഥ കേൾക്കുമ്പോൾ തന്നെ അതിന്റെ മുഹൂർത്തം കണ്ട് പിടിക്കാൻ എനിക്ക് കഴിയാറുണ്ട്. കഥയിൽ ഞാൻ ഹൈലൈറ്റ് ചെയ്യേണ്ടത് എന്താണ്, സൈലന്റ് ആക്കേണ്ടത് എന്താണ് എന്നൊക്കെ മനസ്സിലാകാറുണ്ട്. എന്നാൽ, സിനിമയും പരസ്യവും സീരിയലും മൂന്നും മൂന്നാണ്. സീരിയൽ ഞാൻ എടുത്തിട്ടില്ല. എങ്കിൽ പോലും അതും വ്യത്യസ്തമാണ്. ലോകത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും ഒരു ഷോട്ടിന്റെ ലെംഗ്ത്ത് പറഞ്ഞു കൊടുക്കാനാവില്ല. അത് സംവിധായകന്റെ മാത്രം മനസ്സിലുള്ള കാര്യമാണ്. അത് പരസ്യത്തിലും സിനിമയിലും വ്യത്യസ്തമാണ്. രണ്ടും പൊരുത്തപ്പെടാൻ കഴിയുകയെന്നത് ദൈവാധീനമാണ്.
സിനിമ ലക്ഷ്യമിട്ടാണോ പരസ്യമേഖലയിലേക്ക് വന്നത്?
ഞാൻ സിനിമയുടെ ഡബ്ബിംഗിലാണ് സ്റ്റാർട്ട് ചെയ്യുന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിൽ ഡബ്ബ് ചെയ്താണ് തുടക്കം. അതിന് മുമ്പ് ഞാനും ജയസൂര്യയും പാർട്നർഷിപ്പിൽ ജെആൻഡ് ജെ മീഡിയ എന്ന പേരിൽ എസിവിയിൽ ഒരു പ്രൊഡക്ഷൻ ഹൗസുണ്ടായിരുന്നു. ലൈവ് പ്രോഗ്രാമുകൾ ചെയ്യുന്ന കമ്പനി. ആ പ്രോഗ്രാം കണ്ടിട്ടാണ് ജയസൂര്യയെ വിനയൻ സർ വിളിക്കുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ജയൻ സിനിമയിൽ തിരക്കായപ്പോഴാണ് എന്നെ ഡബ്ബിംഗിലേക്ക് കൊണ്ടു വരുന്നത്. മെഗാസീരിയലിന്റെ ചാകര നടക്കുമ്പോഴാണ് ഞാൻ ഡബ്ബിംഗിൽ എത്തുന്നത്. 12 സീരിയലിലൊക്കെ നായകൻ , വില്ലൻ മാറി മാറി, രാവിലെ 5ന് വീട്ടിൽ നിന്ന് ഇറങ്ങിയാൽ വെളുപ്പിനെ രണ്ട് മണിക്ക് തിരിച്ചെത്തുന്ന വിധം തിരക്കിൽ ഡബ്ബിംഗ് നടത്തിയിട്ടുണ്ട്. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഒരു സ്കൂൾ ബാഗിന്റെ ആഡ് കിട്ടി, പിന്നെ ഒരു ജ്വല്ലറി. ആഡ് ഫിലിം പൈസ സമ്പാദിക്കാനാവുന്ന ഒരു തൊഴിലായാണ് ആദ്യത്തെ അഞ്ചു വർഷം ഞാൻ കണ്ടിരുന്നത്. അപ്പോഴാണ് ഫെഡറൽ ബാങ്കിന്റെ ഒരു പരസ്യം കിട്ടുന്നത്. ഓൾ ഇന്ത്യ പരസ്യമായിരുന്നു. അന്നെനിക്ക് ഒരു ഓഫീസ് പോലുമില്ല. വായിൽ കിടക്കുന്ന നാവിന്റെ ബലത്തിൽ മാത്രം വിശ്വസിച്ച് കിട്ടിയ പരസ്യമാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത് കാശുണ്ടാക്കുന്ന തൊഴിൽ മാത്രമല്ല. നമ്മുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ഉത്പന്നങ്ങൾ വിൽക്കുകയും കൂടി ചെയ്യണം. 30 സെക്കന്റിന്റെ എക്സൈറ്റ്മെന്റിനപ്പുറം ഞാൻ കാരണം ഒരു ഉത്പന്നം വിറ്റു പോകുന്നു എന്ന സന്തോഷം. അതൊരു ത്രില്ലായി മാറി. അപ്പോഴൊന്നും സിനിമ ചെയ്യുകയെന്ന ലക്ഷ്യമേ ഇല്ലായിരുന്നു. ആ ആഗ്രഹം പിന്നെ എപ്പോഴോ വന്നു ചേരുകയായിരുന്നു. മോസയുടെ കുതിരമീനുകൾ എന്ന സിനിമയുടെ സംവിധായകൻ അജിത്ത് പിള്ള ആണ് ഒരു ദിവസം എനിക്ക് കഥ മെയിൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞ് അജിത്ത് പിന്നെയും ഓർമ്മപ്പെടുത്തിയപ്പോഴാണ് ആ മെയിൽ ഞാൻ നോക്കിയത് പോലും. വായിച്ചപ്പോൾ അത് എനിക്ക് രസമായിട്ട് തോന്നി. അത് ഞാൻ എഴുതിക്കോട്ടേ എന്ന് ചോദിച്ചു. അവൻ സമ്മതിച്ചു. പിന്നെ, കഥ ആസിഫിനോട് പറഞ്ഞപ്പോൾ അവന് ഇഷ്ടമാകുന്നു. അങ്ങനെ വളരെ യാദൃശ്ചികമായിട്ടാണ് ബൈസിക്കിൾ തീവ്സ് വരുന്നത്.
ആസിഫ് തന്നെയായിരുന്നോ രണ്ട് സിനിമകളുടെയും ആദ്യ ചോയ്സ്?
അല്ല. രണ്ട് മൂവിക്കും ഫസ്റ്റ് ചോയ്സ് ആസിഫ് ആയിരുന്നില്ല. ഞാൻ പേരെടുത്ത് പറയാൻ ആഗ്രഹിക്കാത്ത പല സൂപ്പർതാരങ്ങളുടെയും അടുത്ത് പോയിരുന്നു. പലർക്കും ഞാൻ പറഞ്ഞ കഥ മനസ്സിലായില്ല. നാലുപേർ എന്നെ ഓടിച്ചു. അതിൽ ഒരാൾ പറഞ്ഞു എനിക്ക് പ്രൊഡക്ഷൻ ഹൗസുണ്ട്. അന്ന് നിവിൻ പോളി, ആസിഫ് പോലുള്ള താരങ്ങളെ വച്ച് പ്ളാൻ ചെയ്തോ ഞങ്ങൾ ചെയ്യാം എന്ന്. പക്ഷേ, പിന്നീട് അതിൽ നിന്നും ഒഴിവായി. പിന്നീട്, ആസിഫ് പുതിയ കാർ വാങ്ങി വരുന്ന വഴി ആ വാഹനത്തിൽ വച്ചാണ് ഞാൻ ബൈസിക്കിൾ തീവ്സിന്റെ കഥ പറയുന്നത്. കേട്ടയുടൻ ആസിഫ് സമ്മതിച്ചു. ബൈസിക്കിൾ തീവ്സ് ഞാൻ സമർപ്പിച്ചിരിക്കുന്നത് സിനിമയുടെ പ്രൊഡ്യൂസർക്കാണ്. ധാത്രിയിലെ ഡോ.സജികുമാർ. താരത്തിന്റെ ഡേറ്റുണ്ട് പ്രൊഡ്യൂസറില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നിർമ്മിക്കാൻ തയ്യാറായി.
സൺഡേ ഹോളിഡേ കഴിഞ്ഞ് ആ താരങ്ങൾ ആരെങ്കിലും വിളിച്ചോ?
ബൈസിക്കിൾ തീവ്സ് കഴിഞ്ഞപ്പോൾ ആദ്യം പറഞ്ഞ താരങ്ങളിലൊരാൾ എന്നെ വിളിച്ചു ചോദിച്ചു എന്താടോ അന്ന് ആ കഥ എന്നെ കൺവിൻസ് ചെയ്യിക്കാൻപറ്റാതെ പോയത് എന്ന്. മറ്റൊരാൾ അടുത്ത സിനിമയ്ക്ക് ഡേറ്റും തന്നു. അദ്ദേഹം ഒരുപാട് തിരക്കുള്ള താരമാണ്. നല്ല കഥ കിട്ടിയാൽ അദ്ദേഹവുമായുള്ള സിനിമ ചെയ്യും. അന്ന് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞിരുന്നവർ സൺഡേ ഹോളിഡേയുടെയും കഥ കേൾക്കാൻ വന്നിരുന്നു. കഥ കേട്ടിട്ട് അവർ പറയാം എന്നു പറഞ്ഞു. ഇഷ്ടമായില്ല അല്ലേ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവർക്ക് ഒരു മാസ് സിനിമയാണ് വേണ്ടത് എന്നാണ്. എന്താണ് മാസ് സിനിമ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നാലഞ്ച് ആളുകളെ ഇടിച്ചിടുന്നതോ? തീയേറ്ററിൽ ഹിറ്റുകളായ എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളൊക്കെ നോക്കൂ. അതൊക്കെ ആളുകളുമായി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളാണ്. അത്തരം സിനിമകളാണ് ഹിറ്റാകുന്നതിലേറെയും. ഈ മാസ് സിനിമകൾക്ക് ഒറ്റദിവസത്തെ ആയുസേ ഉള്ളൂ. പക്ഷേ, അത് ആരും മനസ്സിലാക്കുന്നില്ല.
അടുത്ത സുഹൃത്ത് ജയസൂര്യ എപ്പോഴെങ്കിലും ഒരു ചോയ്സ് ആയിരുന്നോ?
അന്നത്തെയും ഇന്നത്തെയും ജയസൂര്യയുടെ ബോഡി ലാംഗ്വേജ് ഈ രണ്ടു സിനിമകൾക്കും യോജിക്കുന്നതല്ല. ഡോർ ടു ഡോർ സെൽ ചെയ്യുന്ന ഒരാളായി ജയനെ എനിക്ക് സങ്കൽപ്പിക്കാനാവില്ല. ആസിഫിന്റെ ഒരു ഗുണം അതാണ്. പിന്നെ, സൗഹൃദം മിസ്യൂസ് ചെയ്യാൻ എനിക്ക് താൽപര്യമില്ല. ഒരിക്കൽ അവന്റെ വീട് പണി നടക്കുന്ന സമയത്ത്, അവൻ കഥ കേട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ സിനിമ എന്റെ നിർബന്ധത്തിന് അവൻ ചെയ്തിരുന്നു. അന്നൊക്കെ ഞാൻ ഇരുട്ടെന്ന് പറഞ്ഞാൽ അവന് ഇരുട്ടായിരുന്നു. പകലെന്ന് പറഞ്ഞാൽ അവന് പകലും. പക്ഷേ, അതിന്റെ സംവിധായകന് സിനിമയുടെ ഷൂട്ടിംഗിനിടെ മോഹൻലാൽ സിനിമ പ്രൊജക്ട് കിട്ടി. അതോടെ, അയാളുടെ മുഴുവൻ ശ്രദ്ധയും ആ സിനിമയിലേക്കായി. ഇന്റർവെൽ, ക്ളൈമാക്സ് എന്ന് മാത്രം എഴുതി, വെള്ളപ്പേപ്പർ പിൻ ചെയ്തു വച്ച സ്ക്രിപ്റ്റ് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ജയസൂര്യയുടെ പ്രേക്ഷകരുടെ മുന്നിലേക്ക് ആ സിനിമ വന്നു. കൂവി വെളിപ്പിച്ചാണ് ആളുകൾ തീയേറ്റർ വിട്ടത്. അവൻ സക്സസിൽ നിൽക്കുന്ന സമയത്ത് അവന്റെ കരിയറിലെ തന്നെ മോശം സിനിമയായി അത്. ഇന്ന് വരെ അവൻ എന്നോട് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, അതിന്റെ കുറ്റബോധം എനിക്ക് ഇപ്പോഴും ഉണ്ട്. വീട്ടുകാർക്കുമുണ്ട്. അന്ന് തീരുമാനിച്ചതാണ്, സൗഹൃദം ഞാൻ മിസ് യൂസ് ചെയ്യില്ല. നമ്മൾ പ്രൂവ് ചെയ്തതിന് ശേഷം അവർക്ക് നമ്മൾ കൊള്ളാമെന്ന് തോന്നിയാൽ മാത്രമേ അവരെ വച്ച് സിനിമയെടുക്കൂ എന്ന്.
എങ്ങനെയാണ് അല്ലുഅർജുന്റെ മലയാള ശബ്ദമായത്?
ഒരു സമയത്ത് സീരിയലുകളുടെ ഹിറ്റ് ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു ഞാൻ. ആറു വർഷത്തോളം നീണ്ട കായംകുളം കൊച്ചുണ്ണിയുടെ ശബ്ദമായിരുന്നു ഞാൻ. പഴശ്ശിരാജയുടെ, തച്ചോളി ഒതേനന്റെയൊക്കെ ശബ്ദമായിരുന്നു. അപ്പോഴാണ് അല്ലു അർജുനിന്റെ സിനിമ വരുന്നത്. അതിന്റെ പ്രൊഡ്യൂസർ വിളിച്ചു പറഞ്ഞു, മലയാളത്തിൽ ഒരു ഹീറോയെ ഇൻഡ്രൊഡ്യൂസ് ചെയ്യാനാണ്. ഈ ശബ്ദം എനിക്ക് വേണം എന്ന്. അന്ന് അല്ലു അർജുനിന്റെ ലുക്ക് മലയാളികൾക്ക് ആക്സപ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു ടിപ്പിക്കൽ തെലുങ്ക് ലുക്കായിരുന്നു. ഒട്ടും താൽപര്യമില്ലാതെ ചെയ്ത സിനിമയായിരുന്നു അത്, ആര്യ. പക്ഷേ, സിനിമ ഇവിടെ 75 ദിവസം ഓടി. പിന്നെ, ഹീറോ, ബണ്ണി, അങ്ങനെ ആറേഴ് സിനിമകൾ. പുള്ളിക്കാരന് ഫാൻസ് അസോസിയേഷനുമായി. അപ്പോഴാണ് ഞാൻ സീരിയസ് ആകുന്നത്. മര്യാദയ്ക്ക് ചെയ്യണമെന്ന തോന്നലുണ്ടായി. ഇപ്പോൾ 25ാമത്തെ സിനിമയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ കല്ല്യാണത്തിന് ടിക്കറ്റ് തന്ന് കൊണ്ടുപോയിരുന്നു. ഹൈദരബാദിൽ രണ്ട് സിനിമകൾക്ക് ഞാനും അല്ലുവും പ്രകാശ് രാജും മാറി മാറി ഡബ് ചെയ്തിട്ടുണ്ട്. രണ്ട് മണിക്കൂർ വച്ച്. നാഗാർജുനിന്റെ സ്റ്റുഡിയോയ്ക്ക് അകത്തായിരുന്നു അത്.
പാട്ടെഴുത്തിൽ മുൻ പരിചയമുണ്ടായിരുന്നോ?
പഠിക്കുന്ന കാലത്തൊന്നും ഒരു കവിത പോലും എഴുതാത്ത ആളായിരുന്നു ഞാൻ. ഇപ്പോഴും അറിഞ്ഞിട്ടൊന്നുമല്ല. ഞാൻ മനസ് കൊണ്ട് ആരാധിക്കുന്ന ഒരുപാട് പേരുണ്ട്. ലോഹിതദാസ്, ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ മാസ്റ്റർ ഇവരൊക്കെ എന്റെ ഗുരുസ്ഥാനീയരാണ്. സിനിമയിൽ പല മരണങ്ങളും എന്നെ നടുക്കിയിട്ടുണ്ടെങ്കിലും ഇവർ മൂന്ന് പേരും മരിച്ചപ്പോഴാണ് ഞാൻ കരഞ്ഞിട്ടുള്ളത്. ആ ദിനങ്ങൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. പാട്ടുകളുടെ ഒരു വലിയ ആരാധകനാണ് ഞാൻ. കോൺസെപ്റ്റാണെങ്കിലും പാട്ടാണെങ്കിലും എഴുതാനിരിക്കുമ്പോൾ ജെഎംജെ- (ജീസസ് മേരി ജോസഫ് ) എന്ന് എഴുതിയേ ഞാൻ തുടങ്ങാറുള്ളൂ. ദൈവത്തോട് തന്നെ പറയും. എനിക്ക് ഈ പരിപാടി അറിയാൻ പാടില്ല. താങ്കൾക്ക് എന്നെ കൊണ്ട് എഴുതിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഇതാ എഴുതിച്ചോ എന്ന്. എന്റെ വിജയമൊന്നും എന്റെ കഴിവല്ല. അതുകൊണ്ട് തന്നെ എന്റെ കാലെപ്പോഴും മണ്ണിലാണ്. അതല്ലാതെ വരുമ്പോൾ ഇപ്പോൾ എനിക്ക് കിട്ടിയതൊക്കെ ദൈവം തിരിച്ചെടുത്തോട്ടെ.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
Comments are closed.