ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍: ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഛായാഗ്രാഹകന്‍

ചലിക്കുന്ന ചിത്രങ്ങളുടെ ഛായാഗ്രഹണം വളരെ ബുദ്ധിമുട്ടായിരുന്ന കാലത്ത് കറുപ്പിലും വെളുപ്പിലും എഴുപതോളം ചിത്രങ്ങള്‍ മനുഷ്യ മനസ്സില്‍ തങ്ങിനില്‍ക്കുംവിധം പകര്‍ത്തിയ ടിഎന്‍ കൃഷ്ണന്‍കുട്ടി നായരെ ആരും മറക്കുകയില്ല. മനസ്സില്‍ തങ്ങിനില്‍ക്കുന്ന പാട്ടുകളുള്ള മനോഹര ചിത്രങ്ങള്‍ കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സത്യന്‍, പ്രേം നസീര്‍, മധു, അടൂര്‍ ഭാസി, ബഹദൂര്‍, വിന്‍സന്റ്, ശാരദ, ഷീല, ജയഭാരതി, ഉഷാകുമാരി തുടങ്ങിയ പഴയകാല നടീനടന്‍മാരെല്ലാം അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് ഭാഗ്യം ലഭിച്ചു. മലയാളത്തിലെ പ്രശസ്ത നടിയായിരുന്ന ഉഷാകുമാരിയുടെ ആദ്യ മലയാളം ചിത്രം, ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ടാമത്തെ തുടങ്ങിയവയില്‍ അദ്ദേഹമാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. കേരളത്തിലെ ആദ്യ സ്റ്റുഡിയോകളില്‍ ഒന്നായ ഉദയയില്‍ നിന്ന് തന്നെയാണ് കൃഷ്ണന്‍ കുട്ടിയുടെ തുടക്കം. കുഞ്ചാക്കോ സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍ക്കും ഹരിഹരന്‍ സംവിധാനം ചെയ്ത 14 ചിത്രങ്ങള്‍ക്കും എ ബി രാജിന്റെ ഒമ്പത് ചിത്രങ്ങള്‍ക്കും കൂടാതെ ശശി കുമാറിന്റേയും തിക്കുറിശിയുടേയും ശ്രീകുമാരന്‍ തമ്പിയുടേയും വേണുവിന്റേയും കെ നാരായണന്‍ കുട്ടിയുടേയും മറ്റനേകം സംവിധായകരുടെ ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞു. ഛായാഗ്രഹണ ജീവിതത്തിലേക്കുള്ള വരവിനെപ്പറ്റി കൃഷ്ണന്‍ കുട്ടിയുമായി രാജശേഖരന്‍ മുതുകുളം സംസാരിക്കുന്നു.

താങ്കള്‍ ഫോട്ടോഗ്രാഫി രംഗത്തേക്ക് എങ്ങനെയാണ് കടന്നുവന്നത്?

പഠിച്ച് കൊണ്ടിരിക്കുന്ന കാലം മുതല്‍ എനിക്ക് ഫോട്ടോഗ്രാഫിയില്‍ വളരെ താല്‍പര്യമുണ്ടായിരുന്നു. പലനല്ല ഫോട്ടോകളും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുമായിരുന്നു. എന്റെ സുഹൃത്ത് ആന്റണിക്ക് ഒരു 120 ക്യാമറ ഉണ്ടായിരുന്നു. എട്ട് ഫോട്ടോകളും 12 ഫോട്ടോകളും എടുക്കാവുന്ന 120 ക്യാമറകള്‍ അന്നുണ്ടായിരുന്നു.

എന്റെ സുഹൃത്ത് ആന്റണിയുടെ ക്യാമറയില്‍ എട്ട് ഫോട്ടോകള്‍ എടുക്കാവുന്നതാണ്. ഈ ക്യാമറയില്‍ പടമെടുത്താണ് ഞാന്‍ ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങിയത്. ആ ക്യാമറയില്‍ ലോഡ് ചെയ്യാവുന്ന ഫിലിം വാങ്ങി ഒരുപാട് പ്രവാശ്യം ആ ക്യാമറി ഉപയോഗിച്ചു. പടമെടുക്കുന്ന റോളുകള്‍ ആലപ്പുഴ പത്മനാഭന്‍ നായര്‍ സ്റ്റുഡിയോയില്‍ കൊടുത്ത് ഡവലപ്പ് ചെയ്യിക്കുമായിരുന്നു. അന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളേ ഉള്ളൂ. ഇന്നത്തെപ്പോലെ ഒരുപാട് സ്റ്റുഡിയോകളും അന്ന് ഇല്ലായിരുന്നു.

ഡവലപ്പ് ചെയ്ത് നെഗറ്റീവ് കണ്ടിട്ട് കൊള്ളാവുന്ന ഫോട്ടോകളുടെ എല്ലാം പ്രിന്റ് എടുപ്പിക്കുമായിരുന്നു. അന്ന് ആലപ്പുഴയില്‍ ക്ലബ് സ്റ്റോര്‍ ഉണ്ടായിരുന്നു. അവിടെ ഫിലിമും ഫോട്ടോഗ്രാഫിക് പേപ്പറും തുടങ്ങി ഫോട്ടോഗ്രാഫിക്കുവേണ്ട എല്ലാ സാധനങ്ങളും കിട്ടുമായിരുന്നു. ഒരു ദിവസം ക്ലബ് സ്‌റ്റോര്‍ കാണാന്‍ ഞാന്‍ പോയി. സ്റ്റോറില്‍ ചെന്നപ്പോള്‍ അവിടെ ഡവലപ്പര്‍ നിര്‍മ്മിക്കുന്നതിന് കെമിക്കല്‍ കൂട്ടുന്നതും ഓരോന്നിന്റേയും ഡവലപ്പിംഗ് ടൈമും പ്രിന്റ് എടുക്കുന്നതുമായ എല്ലാ വിവരങ്ങളും അടങ്ങിയ പുസ്തകം കണ്ടു. ഞാന്‍ ആ പുസ്തകം വിലയ്ക്കുവാങ്ങി. വീട്ടില്‍ വന്ന് വീട്ടിലെ ഒരു മുറി അടച്ച് വെളിച്ചം കയറുന്നിടത്ത് പേപ്പറുമൊക്കെ ഒട്ടിച്ച് ഡാര്‍ക്ക് റൂമാക്കിയെടുത്തു.

കെമിക്കല്‍ മിക്‌സ് ചെയ്ത് ഡവലപ്പര്‍ ഉണ്ടാക്കിയെടുത്തു. ഫിലിം ഡവലപ്പ് ചെയ്ത് നോക്കി ആദ്യം ഡവലപ്പ് ചെയ്ത ഫിലിം ഒന്നും ശരിയായില്ല. രണ്ട് മൂന്ന് പ്രാവശ്യം ചെയ്തപ്പോള്‍ ഡവലപ്പിംഗ് ശരിയായി. പിന്നീട് വീട്ടിലെ ഡാര്‍ക്ക് റൂമില്‍ തന്നെ ഡവലപ്പിംഗും പ്രിന്റിംഗും തുടങ്ങി. ബ്ലാക്ക് ആന്റ് വൈറ്റില്‍ നല്ല ഫോട്ടോകള്‍ എടുക്കാന്‍ പഠിച്ചു.

ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍

ചലച്ചിത്ര ഛായാഗ്രഹണത്തിലേക്ക് കടന്നത് എങ്ങനെയാണ്?

ഞാന്‍ ഫോട്ടോഗ്രാഫി പഠിച്ചെങ്കിലും ചലിക്കുന്ന ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആകാനായിരുന്നു കൂടുതല്‍ ആഗ്രഹിച്ചിരുന്നത്. എന്റെ ആഗ്രഹം എപ്പോഴും അച്ഛനോട് പറയുമായിരുന്നു. എന്റെ അച്ഛന്‍ കല്ലേലില്‍ നാരായണപിള്ള പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു.

ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോ വലിയ കയര്‍ ബിസിനസ്സുകാരന്‍ ആയിരുന്നു. അറിയപ്പെടുന്ന കള്ള് ബിസിനസ്സുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ബിസിനസ് സംബന്ധമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നു. കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോ തുടങ്ങാനുള്ള ഒരുക്കം തുടങ്ങിയപ്പോള്‍ അച്ഛന്‍ എന്നേയും കൂട്ടി കുഞ്ചാക്കായുടെ അടുത്തേക്ക് പോയി. എനിക്ക് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛന്‍ കുഞ്ചാക്കോയോട് പറഞ്ഞു. അതിനെന്താ ആയിക്കോട്ടെയെന്ന് ഉടന്‍ തന്നെ കുഞ്ചാക്കോ പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു ഏതിലാ താല്‍പര്യമെന്ന്. ഫോട്ടോഗ്രാഫി മാത്രം സ്വപ്‌നം കണ്ട് നടന്നിരുന്ന ഞാന്‍ ഉടന്‍ മറുപടി പറഞ്ഞു, ക്യാമറ വര്‍ക്ക്. കുഞ്ചാക്കോ സമ്മതിച്ചു.

പിറ്റേദിവസം മുതല്‍ ക്യാമറ വാര്‍ക്ക് പഠിക്കുന്നതിനായി ഞാന്‍ ഉദയാ സ്റ്റുഡിയോയില്‍ പോയി തുടങ്ങി. അവിടെ പോകാനായി അച്ഛന്‍ എനിക്ക് ഒരു സൈക്കിള്‍ വാങ്ങിത്തരികയും ചെയ്തു. ക്യാമറ അപ്രന്റീസായി ഉദയാ സ്റ്റുഡിയോയില്‍ ഞാന്‍ പോയി തുടങ്ങി. വെള്ളി നക്ഷത്രം എന്ന സിനിമയുടെ ചിത്രീകരണ ജോലി തുടങ്ങി. വിദേശിയായ ഫെലിക്‌സ് ജെ എച്ച് ബേയ്‌സ്‌ ആയിരുന്നു സംവിധായകന്‍. ക്യാമറാമാന്‍ ശിവറാം സിംഗ് ആയിരുന്നു. ഫസ്റ്റ് അസിസ്റ്റന്റ് രാമമൂര്‍ത്തിയും സെക്കന്റ് അസിസ്റ്റന്റ് മാധവന്‍ നായരുമായിരുന്നു. എന്റെ പരിശീലനത്തിന്റെ തുടക്കം അവരുടെ ഇടയിലായിരുന്നു.

ഡെബ്രി എന്ന ക്യാമറയാണ് അന്ന് ഉപയോഗിച്ചിരുന്നത്. ആ ക്യാമറ ഒന്ന് ഉയര്‍ത്തണമെങ്കില്‍ മൂന്ന് ആളുകള്‍ വേണമായിരുന്നു. ഷോട്ടുകള്‍ കഴിയുമ്പോള്‍ ആ ക്യാമറ ഉയര്‍ത്തിമാറ്റാന്‍ വളരെ പ്രയാസപ്പെടുമായിരുന്നു. ഔട്ട് ഡോര്‍ ഷൂട്ടിംഗിന് ഐമോ എന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയും ഉപയോഗിച്ചിരുന്നു. ക്യാമറയും ലൈറ്റും ഉപയോഗിക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങി. പല വലിപ്പത്തിലുള്ള ലൈറ്റുകള്‍ അവയുടെ ആവശ്യത്തിന് അനുസരിച്ച് എവിടെയെല്ലാം വയ്ക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നുമെല്ലാം ഞാന്‍ നന്നായി പഠിച്ചു.

ഷൂട്ടിംഗ് പഠിയ്ക്കുന്നതിനിടയില്‍ മറക്കാനാകാത്ത എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ?

പഠിച്ചു കൊണ്ടിരുന്ന വെള്ളിനക്ഷത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ഉദയാ സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം ഒരാഴ്ച ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടത്തും. വെള്ളിനക്ഷത്രത്തിന്റെ ഔട്ട്‌ഡോര്‍ ഷൂട്ടിംഗിനായി ശാസ്താംകോട്ട കായലിലാണ് പോയത്. ഔട്ട് ഡോറിന് പോയപ്പോഴും താങ്ങാന്‍ പ്രയാസമുള്ള ഡെബ്രി ക്യാമറയും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഐമോ ക്യാമറയും എടുത്തു. എല്ലാ ലൈറ്റുകളും ഞങ്ങള്‍ കൊണ്ടുപോയി. ശാസ്താംകോട്ട കായലില്‍ ചെന്ന് വള്ളങ്ങള്‍ ചേര്‍ത്ത് കെട്ടി, പലകകള്‍ വള്ളത്തിന് മുകളിലിട്ട് വരിഞ്ഞു കെട്ടി വള്ളത്തിന് മുകള്‍വശം ഒരു തട്ടാക്കിമാറ്റിയെടുത്തു. ലൈറ്റ് ഫിറ്റ് ചെയ്യാന്‍ മുളകളും മറ്റും വച്ചു കെട്ടി ക്യാമറകളും ലൈറ്റുകളും എല്ലാം വള്ളത്തിലേക്ക് കയറ്റി. വെയിറ്റുള്ള ക്യാമറ കയറ്റാന്‍ അല്‍പം പ്രയാസപ്പെട്ടു.

ലൈറ്റുകളും എല്ലാം ശരിയായി ഫിറ്റ് ചെയ്ത് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ പെട്ടെന്ന് ഒരു അറിയിപ്പ്. അല്‍പ സമയത്തിനുള്ളില്‍ കൊടുങ്കാറ്റ് വീശും വെള്ളം പൊങ്ങാനും സാധ്യതയുണ്ട്. എല്ലാവരും കരയ്ക്ക് കയറണമെന്ന്. ഞങ്ങള്‍ കായലിന് മധ്യത്തിലാണ്. എല്ലാവര്‍ക്കും വെപ്രാളമായി. ജീവനും പോകും വിലയേറിയ ഉപകരണങ്ങളും പോകും. പലര്‍ക്കും നീന്താന്‍ അറിയില്ല.

വലിയ എട്ട് വള്ളങ്ങള്‍ ചേര്‍ത്ത് കെട്ടിയത് കരയിലേക്ക് തുഴഞ്ഞെത്തിക്കാനും പ്രയാസമാണ്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ കായലില്‍ ചാടിയിറങ്ങി വന്ന് വള്ളം തള്ളാന്‍ തുടങ്ങി. കാറ്റ് അടിച്ചു തുടങ്ങി. ഞങ്ങള്‍ ലൈറ്റുകളും ക്യാമറയും ഓഫ് ചെയ്ത് പായ്ക്ക് ചെയ്തു.

വള്ളം അവര്‍ വേഗത്തില്‍ തള്ളിനീക്കുകയാണ്. രക്ഷപ്പെടുത്താന്‍ വന്ന ഒരാള്‍ വെള്ളത്തില്‍ കിടന്ന് മരിക്കുകയും ചെയ്തു. മറ്റുള്ളവര്‍ ശക്തമായി തള്ളി ഞങ്ങളേയും യൂണിറ്റിനേയും രക്ഷപ്പെടുത്തി. അന്ന് ഷൂട്ടിംഗിന് പോയവര്‍ ആരും ആ അപകടം മറക്കില്ല. വള്ളത്തില്‍ നിന്ന് ഞങ്ങള്‍ കരയ്ക്ക് ഇറങ്ങി സാധനങ്ങള്‍ പായ്ക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ കൊടുങ്കാറ്റ് വീശാന്‍ തുടങ്ങി. വെള്ളവും പൊങ്ങി. അത്രയും ആള്‍ക്കാര്‍ ഇറങ്ങി വള്ളം തള്ളിയില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ പലരുടേയും ജീവന്‍ പോയേനെ. അതെനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഏത് സിനിമയുടെ ക്യാമറയാണ് താങ്കള്‍ ചെയ്ത് തുടങ്ങിയത്?

ഫോട്ടോഗ്രാഫി പഠിക്കാന്‍ പോയ എന്നെക്കൊണ്ട് സിനിമ എടുപ്പിക്കാന്‍ പിന്നേയും താമസിച്ചു. വെള്ളിനക്ഷത്രത്തിനുശേഷം നല്ലതങ്ക, വിശപ്പിന്റെ വിളി എന്നീ സിനിമകളിലും ഞാന്‍ അപ്രന്റീസായി ജോലി നോക്കി. കുറെക്കാലം കഴിഞ്ഞപ്പോള്‍ എന്നെ ക്യാമറ അസിസ്റ്റന്റാക്കി. കിടപ്പാടം എന്ന സിനിമയില്‍ ഞാന്‍ ക്യാമറ അസിസ്റ്റന്റ് ആയിരുന്നു. ഇത്രയും നാളത്തെ വര്‍ക്കിനിടയില്‍ ഞാന്‍ ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പഠിച്ചു. കിടപ്പാടം എന്ന സിനിമ വന്‍പരാജയമായിരുന്നു. അതോടെ ഉദയാ സ്റ്റുഡിയോ തല്‍ക്കാലത്തേക്ക് വീണ്ടും പൂട്ടി.

ക്യാമറകളും ലൈറ്റുകളും വാടകയ്ക്ക് കൊടുക്കാനായി മദ്രാസിലേക്ക് കൊണ്ടുപോയി. ക്യാമറയുടെ കൂടെ കുഞ്ചാക്കോ ക്യാമറ അസിസ്റ്റന്റായ എന്നേയും വിട്ടു. മദിരാശിയില്‍ ചെന്ന് പല പടങ്ങളുടേയും അസിസ്റ്റന്റ് ക്യാമറാമാനായി ഞാന്‍ വര്‍ക്ക് ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കുഞ്ചാക്കോ എന്നെ തിരിച്ചുവിളിച്ചു. ഞാനും ക്യാമറയും തമ്മില്‍ അടുത്ത ബന്ധമായിരുന്നു.

മദ്രാസില്‍ നിന്നും ഇവിടെയെത്തിയപ്പോള്‍ കുഞ്ചാക്കോ എന്നോട് പറഞ്ഞു. അടുത്തതായി നമ്മള്‍ എടു്കകാന്‍ പോകുന്ന പടത്തിന്റെ പേര് ഉമ്മ എന്നാണ്. അതിന്റെ തിരക്കഥയും സംഭാഷണവും ശാരംഗപാണിയാണ്. അഭിനേതാക്കളെയെും തീരുമാനിച്ചു. ഇനി ക്യാമറ ചെയ്യാന്‍ ആരെ വേണമെന്നാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാര്‍ അനുവദിച്ചാല്‍ ക്യാമറ ഞാന്‍ ചെയ്തു കൊള്ളാം എന്ന് ഞാന്‍ ഉടന്‍ പറഞ്ഞു.

നിന്നെ തന്നെയാ ഉദ്ദേശിച്ചത്. നിന്റെ മനസ്സ് എങ്ങനെയാണെന്നറിയാനാ ഇത്രയും പറഞ്ഞതെന്ന് അദ്ദേഹവും മറുപടി പറഞ്ഞു. അങ്ങനെ ഉമ്മ എന്ന സിനിമയാണ് ഞാന്‍ ആദ്യമായി ഷൂട്ട് ചെയ്യുന്നത്. ഉമ്മ സാമ്പത്തികമായി വന്‍ വിജയം നേടി. 1960-ല്‍ ആണ് ഉമ്മ റിലീസ് ആയത്. അതിന് ശേഷം നീലി സാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണ കുചേല, പാലാട്ടു കോമന്‍, ഭാര്യ, റബേക്ക, പഴശിരാജ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു.

സത്യന്‍

സത്യനെ പരിചയമുണ്ടായിരുന്നോ?

സത്യന്‍ മാഷിനെ നേരത്തേ പരിചയമുണ്ടായിരുന്നു. അച്ഛന്‍ പൊലീസിലായിരുന്നതു കൊണ്ടാണ് സത്യന്‍ മാഷിനെ നേരത്തെ പരിചയപ്പെടാന്‍ പറ്റിയത്. അദ്ദേഹം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോഴേ അറിയാമായിരുന്നു. അന്നേ അദ്ദേഹത്തിന് അഭിനയത്തോട് വലിയ താല്‍പര്യമായിരുന്നു. സാറിന് നല്ല ജോലിയുണ്ടല്ലോ പിന്നെന്താണ് അഭിനയത്തോട് കൂടുതല്‍ ഞാന്‍ അന്നും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അഭിനയം കലയാണെന്നും അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഉദയായില്‍ ഷൂട്ടിംഗിന് വരുമ്പോള്‍ അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു.

ഉദയായില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ?

ഉണ്ട്. ഉദയാ സ്റ്റുഡിയോയില്‍ നിന്നാണ് ഞാന്‍ സിനിമാട്ടോഗ്രാഫിയും ലൈറ്റിംഗും എല്ലാം പഠിച്ചത്. ഞാന്‍ ഷൂട്ട് ചെയ്യുന്ന എട്ടാമത്തെ ചിത്രം പഴശിരാജയായിരുന്നു. പഴശിരാജയുടെ ഔട്ട് ഡോര്‍ ഷൂട്ടിംഗ് മലബാറിലായിരുന്നു. എന്റെ അസിസ്റ്റന്റായ വില്ല്യംസും ഷൂട്ടിംഗിന് വന്നിരുന്നു. ഒരാഴ്ചത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഉദയാ സ്റ്റുഡിയോയിലെത്തി ഫിലിം ഡവലപ്പ് ചെയ്ത് നെഗറ്റീവ് കണ്ടിട്ട് ഞാന്‍ വീട്ടില്‍ പോയി. പിറ്റേദിവസം സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ കുഞ്ചാക്കോ പറഞ്ഞു. ഇന്നലെ ഡവലപ്പ് ചെയ്തതിന്റെ പ്രിന്റ് എടുത്തിട്ടുണ്ട് അതൊന്ന് കാണണമെന്ന്. ഞാന്‍ പ്രിന്റ് കണ്ടു. ആളും. ബായ്ക്ക് ഗ്രൗണ്ടും എല്ലാം കൂടി ഒന്നിച്ചു കിടക്കുന്നു.

ഞാന്‍ നെഗറ്റീവ് എടുത്തു നോക്കി. നെഗറ്റീവിന് ഒരു കുഴപ്പവുമില്ല. ഞാന്‍ കുഞ്ചാക്കോയുടെ അടുത്തേക്ക് വീണ്ടും പോയി. നെഗറ്റീവില്‍ കുഴപ്പമൊന്നുമില്ല. പ്രിന്റ് എടുത്തതിന്റെ കുഴപ്പമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കുഞ്ചാക്കോ ആകെ കോപത്തിലായിരുന്നു.

കൃഷ്ണന്‍ കുട്ടി ഓരോ എസ്‌ക്യൂസ് പറയുകയാണ്. അന്ന് ഷൂട്ടിംഗിന്റെ സമയത്ത് കൃഷ്ണന്‍ കുട്ടിയുടെ അസിസ്റ്റന്റ് വില്ല്യംസിന്റെ കയ്യില്‍ നിന്ന് ഒരു ഷട്ടര്‍ ഫില്‍ട്ടര്‍ താഴെ വീണ് പൊട്ടിപ്പോയില്ലേ.

പൊട്ടിയ ഫില്‍ട്ടര്‍ ഉപയോഗിച്ചില്ലെന്നും പഴയ നല്ല ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് ക്യാമറ വര്‍ക്ക് ചെയ്തതെന്നും ഞാന്‍ മറുപടി പറഞ്ഞു.

ഓഫീസില്‍ ചെല്ല് അപ്പച്ചന്‍ നോക്കിയിരിക്കുകയാണെന്ന് കുഞ്ചാക്കോ പറഞ്ഞു. ഞാന്‍ ഓഫീസില്‍ ചെന്നു. അപ്പച്ചന്‍ പിരിച്ചുവിടല്‍ നോട്ടീസ് എടുത്ത് കൈയില്‍ തന്നിട്ട് പിരിച്ചു വിട്ടിരിക്കുന്നുവെന്ന് പറഞ്ഞു.

ഉദയായുടെ ഉമ്മ മുതല്‍ അതുവരെയുള്ള പടങ്ങള്‍ ചെയ്ത എന്നെ ഒരു കുഴപ്പവുമില്ലാതെ പറഞ്ഞുവിട്ടതില്‍ മാനസികമായി പ്രയാസം ഉണ്ടായി. എന്നെ നല്ലൊരു സിനിമാട്ടോഗ്രാഫര്‍ ആക്കിയതില്‍ എനിക്ക് അവരോട് എന്നും ബഹുമാനമുണ്ട്. അതുകൊണ്ട് ഞാനൊന്നും പറയാതെ വീട്ടിലേക്ക് പോയി. പിറ്റേദിവസം എന്നെ കലാനിലയം ഡ്രാമാസ്‌കോപ്പ് നടത്തുന്ന കൃഷ്ണന്‍ നായര്‍ എറണാകുളത്തേക്ക് വിളിച്ചു.

ഡ്രാമാസ്‌കോപ്പ് നടത്തിക്കൊണ്ടിരുന്ന ഇന്ദുലേഖ നാടകം സിനിമയാക്കാന്‍ പോകുകയാണെന്നും ഞാന്‍ ക്യാമറ വര്‍ക്ക് ചെയ്യണമെന്നും പറഞ്ഞു. ഞാന്‍ സമ്മതിച്ചു. നാടകം നടക്കുന്ന സ്റ്റേജില്‍ വച്ചുതന്നെയായിരുന്നു ഷൂട്ടിംഗ്. പകല്‍ 11.30 വരെ ഷൂട്ടിംഗ് കാണും. ഒരു മാസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. എഡിറ്റിംഗിന് മദ്രാസില്‍ ഡയറക്ടര്‍ കൃഷ്ണന്‍ നായരോടൊപ്പം ഞാനും ചെല്ലണമെന്ന് പറഞ്ഞു. ഞാനും അദ്ദേഹത്തിന്റെ കൂടെ പോയി. ഒരു മാസം കൊണ്ട് എഡിറ്റിംഗ് കഴിഞ്ഞു. ഈ സമയത്ത് മദ്രാസില്‍ എത്തിയ കുഞ്ചാക്കോ എന്നെ വിളിപ്പിച്ചു. ഞാന്‍ ഉടന്‍ ഉദയായില്‍ ചെല്ലണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സിനിമയ്ക്ക് ഞാന്‍ അഡ്വാന്‍സ് വാങ്ങി എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ തിരിച്ചു നല്‍കി. പിറ്റേദിവസം ഞാന്‍ ഉദയായിലേക്ക് വന്നു.

പഴശി രാജയുടെ ഞാനെടുത്ത നെഗറ്റീവ് മെരിലാന്റ് സ്റ്റുഡിയോയില്‍ കൊടുത്ത് പ്രിന്റ് അടിപ്പിച്ചപ്പോള്‍ നല്ല പ്രിന്റ് കിട്ടി. അതുകൊണ്ടാണ് എന്നെ തിരിച്ചു കൊണ്ട് വന്നതെന്ന് ഉദയായില്‍ എത്തിയപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.

ആദ്യമേ ഞാന്‍ വിവരം പറഞ്ഞിട്ട് അവര്‍ക്ക് മനസ്സിലായില്ല. അടുത്ത പടത്തിന്റെ ക്യാമറ വര്‍ക്ക് ഞാന്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞു. ഒരു തെറ്റും ചെയ്യാതെ ഉദയായില്‍നിന്ന് പിരിച്ചു വിട്ടത് എനിക്ക് മറക്കാനാകാത്ത അനുഭവമാണ്.

ഉഷാകുമാരി

അടുത്ത ചിത്രം ഏതായിരുന്നു?

അടുത്ത ചിത്രം കാട്ടുതുളസി ആയിരുന്നു. ഉഷാ കുമാരി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ഒരു തമിഴ് പടത്തില്‍ മാത്രം അഭിനയിച്ചിട്ടുള്ള ശാന്തി എന്ന നര്‍ത്തകിയായ നടിയെ കുഞ്ചാക്കോ വിളിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കുകയായിരുന്നു. ആണ്‍കുട്ടികളെ പോലെ നടന്ന ശാന്തിയെ പെണ്‍കുട്ടികളെ പോലെ നടക്കാന്‍ പഠിപ്പിച്ചതും മലയാള സിനിമയില്‍ ഉഷാ കുമാരിയെന്ന പേര് നല്‍കിയതും ഉദയയായിരുന്നു. ഉഷാകുമാരിയുടെ ആദ്യ പടം എടുക്കാന്‍ സാധിച്ചുവെന്നതും എന്റെ ഭാഗ്യമാണ്. ഉഷാ കുമാരി ഉദയായുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു.

മലയാളത്തിലെ പ്രശസ്തനായ ഒരു നടന്റെ സംഭാഷണമുള്ള ആദ്യ ചിത്രവും ഞാനാണ് ഷൂട്ട് ചെയ്തത്. പ്രേംനസീറും ജയഭാരതിയും അടൂര്‍ ഭാസിയുമെല്ലാം അഭിനയിച്ച കാലചക്രം എന്ന സിനിമയിലൂടെയാണ് ആ നടന്റെ വരവ്. ആ സിനിമയിലെ രവി (പ്രേംനസീര്‍) ഗായകനായിരുന്നു. നാട്ടിലെ പ്രമാണി ആദ്യം ഒരു കടത്തുവള്ളക്കാരനായിരുന്നു. ആ പ്രമാണി ഒരു കടത്തുവള്ളം കരാറിലെടുത്ത് രവിയെ കടത്തുവള്ളക്കാരനാക്കുന്നു. ഗായകനായി രവിയും തഹസീല്‍ദാരുടെ മകളും (ജയഭാരതി) പ്രേമത്തിലാകുന്നു. ഇതറിഞ്ഞപ്പോള്‍ പ്രമാണി വള്ളക്കാരനെ പറഞ്ഞുവിടുന്നു. രവി തഹസീല്‍ദാരുടെ മകളുമായി മദിരാശിക്ക് ഒളിച്ചോടുന്നു.

രവിക്ക് പകരം വള്ളക്കാരനായി എത്തുന്നത് ഇന്ന് മലയാള സിനിമയിലെ അതിപ്രശസ്ത നടനാണ്. കടത്തുകാരനായി അദ്ദേഹം ഇരിക്കുമ്പോള്‍ രവിയുടെ ഒരു സ്‌നേഹിതന്‍ (അടൂര്‍ ഭാസി) വന്നിട്ട് ചോദിക്കുന്നു, താനെന്തിനാ ഇവിടെ ഇരിക്കുന്നത്. രവി എവിടെ. ഉടന്‍ കടത്തുകാരനായിരിക്കുന്ന പുതിയ നടന്‍ ചോദിക്കും താനീ നാട്ടിലൊന്നും ഇല്ലായിരുന്നോ. ഉടന്‍ രവിയുടെ സുഹൃത്ത് പറയും, ഞാനേ പുതിയ കാവില്‍ പെരുന്നാളിന് കടുവ കളിക്കുപോയി. അഞ്ചു രൂപ കിട്ടി. കുലുക്കി കുത്തിന് വച്ച് അതുമുഴുവന്‍ പോയി. രവിയോട് കാശു ചോദിക്കാന്‍ വന്നതാ.

ഉടന്‍ കടത്തുകാരന്‍ പറയും, എന്നാലേ തന്റെ രവി ഒളിച്ചു പോയി. തഹസീല്‍ദാര്‍ അദ്ദേഹത്തിന്റെ മോളേം തട്ടിക്കൊണ്ടു പോയി. ഇത് കേട്ടയുടന്‍ ങേ എന്നും പറഞ്ഞ് അടൂര്‍ ഭാസി വെള്ളത്തിലേക്ക് വീഴുന്നു. സത്യമാണോ ഈ പറയുന്നത് എന്ന് ചോദിക്കുന്നു.

ഉടന്‍ കടത്തുകാരന്‍ പയ്യന്‍ ഇവന്‍ എവിടുത്തകാരനാടാ. ഈ നാട്ടില് മുഴുവന്‍ പാട്ടാ എന്ന് പറയുന്നു.

കടത്തുകാരനായി അഭിനയിച്ച നടന്‍ നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂട്ടിയാണ്.

മമ്മൂട്ടി

ഫോട്ടോഗ്രാഫി പഠിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയല്ലേ?

ഫിലിം കൊണ്ടുള്ള ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങുമ്പോള്‍ അല്‍പം ബുദ്ധിമുട്ടാണ്. ഞാന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഫിലിും കൊണ്ടുള്ള ഫോട്ടോഗ്രാഫി തന്നെയാണ്. നന്നായി കഷ്ടപ്പെട്ടു പഠിയ്ക്കുന്നതൊന്നും നമ്മുടെ മനസ്സില്‍ നിന്ന് മാറുകയില്ല. അന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിയാണ് ആദ്യം പഠിച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ ആരും വെള്ളഷര്‍ട്ട് ഇടുകയില്ല. ഇളം കാവി കളറിലെ ഷര്‍ട്ടാണ് വെള്ള ഷര്‍ട്ടായി ഉപയോഗിച്ചിരുന്നത്. ഭിത്തിയിലും വെള്ളനിറം പാടില്ലായിരുന്നു. പകരം ഭിത്തിയിലും ഇളം കാവികളര്‍ ഉപയോഗിക്കുമായിരുന്നു. വെള്ളനിറം ഉപയോഗിച്ചാല്‍ ലൈറ്റ് ഓവറാകുമായിരുന്നു.

മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂര്‍ ഡീലക്‌സ് എന്ന ചിത്രത്തിലും ഫോട്ടോഗ്രാഫിയില്‍ ഒരുപാട് ശ്രദ്ധിക്കണമായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പോകുന്ന ഒരു ബസില്‍ നടക്കുന്ന സംഭവ പരമ്പരയായിരുന്നു സിനിമ. ബസ് യാത്രയിലെ ജാലക ദൃശ്യങ്ങള്‍ ചിത്രീരിച്ച് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബസ്സിനുള്ളിലെ ഭാഗം സെറ്റിട്ട് സ്റ്റുഡിയോ ഫ്‌ളോറില്‍ ചിത്രീകരിക്കുയായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഓരോ ജില്ലയുടേയും ഏതെങ്കിലും ഭാഗങ്ങള്‍ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു.

ലളിതാംബിക അന്തര്‍ജനം തിരക്കഥ എഴുതിയ ശകുന്തള എന്ന ചിത്രം ഷൂട്ട് ചെയ്യാനുള്ള അവസരം കിട്ടിയതും മറക്കാനാകില്ല. ശകുന്തളയിലെ പാട്ടുകളും മറ്റും നന്നായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. ബ്ലാക് ആന്റ് വൈറ്റിലും കളറിലുമായി 69 ഓളം ചിത്രങ്ങള്‍ എടുത്തു. ഉദയായുടെ ഔട്ട് ഡോറിന് ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ഭാര്യയിലെ പെരിയാറേ എന്ന പാട്ട് പെരിയാറില്‍ വച്ചു തന്നെയാണ് ചിത്രീകരിച്ചത്. 19-ാം വയസ്സില്‍ ഉദയാ സ്റ്റുഡിയോയില്‍ കയറിയതാണ്. ഇപ്പോള്‍ ഷൂട്ടിംഗിന് പ്രയാസമൊന്നുമില്ല. ചെയ്യാനുള്ള സമയത്ത് നന്നായി ചെയ്തില്ലേ. ഇനി അല്‍പം വിശ്രമം എടുക്കാമെന്ന് വിചാരിച്ചു.

ഭാര്യ ലളിതമ്മ. മക്കള്‍ ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More